പാര്‍ട്ടികളോടൊരു ചോദ്യം : സ്ത്രീകളെ മൂന്നിലൊന്നു സീറ്റുകളില്‍ മത്സരിപ്പിക്കുമോ?

ഒരു നിയമസഭാ തെരഞ്ഞെടുപ്പു കൂടി വരുമ്പോള്‍ നമ്മുടെ പ്രധാന രാഷ്ട്രീയ പ്രസ്ഥാനങ്ങളൊക്കെ തന്ത്രപരമായ മൗനം പാലിക്കുന്ന ഒരു വിഷയമുണ്ട്. അത് മറ്റൊന്നുമല്ല, നിയമസഭയിലെ വനിതാപ്രാതിനിധ്യത്തെ കുറിച്ചുതന്നെ. ജനപ്രതിനിധി സഭകളില്‍ വനിതാപ്രാതിനിധ്യം വര്‍ദ്ധിപ്പിക്കണമെന്നും മൂന്നിലൊന്ന് സീറ്റുകള്‍ സ്ത്രീകള്‍ക്കു മാറ്റിവെക്കുന്ന വനിതാസംവരണ ബില്‍ പാസ്സാക്കണമെന്നും കോലാഹലം കൂട്ടിയവരൊക്കെ ഇ്‌പ്പോള്‍ നിശബ്ദരാണ്. മൂന്നിലൊന്നല്ല, എത്ര സീറ്റുകള്‍ വേണമെങ്കിലും സ്ത്രീകള്‍ക്കു നല്‍കാന്‍ ഒരു തടസ്സവും നിലനില്‍ക്കുന്നില്ല. അവരെ മത്സരിപ്പിക്കാന്‍ തയ്യാറായാല്‍ മതി. മൂന്നിലൊന്നു സംവരണത്തിനു വേണ്ടി മറ്റെല്ലാ അഭിപ്രായഭിന്നതകളും മാറ്റിവെച്ച് കൈകോര്‍ത്ത സോണിയാഗാന്ധിയുടേയും […]

stree

ഒരു നിയമസഭാ തെരഞ്ഞെടുപ്പു കൂടി വരുമ്പോള്‍ നമ്മുടെ പ്രധാന രാഷ്ട്രീയ പ്രസ്ഥാനങ്ങളൊക്കെ തന്ത്രപരമായ മൗനം പാലിക്കുന്ന ഒരു വിഷയമുണ്ട്. അത് മറ്റൊന്നുമല്ല, നിയമസഭയിലെ വനിതാപ്രാതിനിധ്യത്തെ കുറിച്ചുതന്നെ. ജനപ്രതിനിധി സഭകളില്‍ വനിതാപ്രാതിനിധ്യം വര്‍ദ്ധിപ്പിക്കണമെന്നും മൂന്നിലൊന്ന് സീറ്റുകള്‍ സ്ത്രീകള്‍ക്കു മാറ്റിവെക്കുന്ന വനിതാസംവരണ ബില്‍ പാസ്സാക്കണമെന്നും കോലാഹലം കൂട്ടിയവരൊക്കെ ഇ്‌പ്പോള്‍ നിശബ്ദരാണ്. മൂന്നിലൊന്നല്ല, എത്ര സീറ്റുകള്‍ വേണമെങ്കിലും സ്ത്രീകള്‍ക്കു നല്‍കാന്‍ ഒരു തടസ്സവും നിലനില്‍ക്കുന്നില്ല. അവരെ മത്സരിപ്പിക്കാന്‍ തയ്യാറായാല്‍ മതി. മൂന്നിലൊന്നു സംവരണത്തിനു വേണ്ടി മറ്റെല്ലാ അഭിപ്രായഭിന്നതകളും മാറ്റിവെച്ച് കൈകോര്‍ത്ത സോണിയാഗാന്ധിയുടേയും വൃന്ദാകാരാട്ടിന്റേയും സുഷ്മാ സ്വരാജിന്റേയും പാര്‍ട്ടികള്‍ തങ്ങള്‍ മത്സരിക്കുന്ന സീറ്റുകളില്‍ മൂന്നിലൊന്ന് വനിതകളെ നിര്‍ത്തിയാല്‍ മാത്രം മതി. അപ്പോള്‍ മറ്റു പാര്‍ട്ടികള്‍ക്കും അങ്ങനെ ചെയ്യേണ്ടിവരും. സംവരണമില്ലാതെതന്നെ നിയമസഭയില്‍ മൂന്നിലൊന്നല്ല, ചിലപ്പോള്‍ അതിനേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ കടന്നു വരും. എന്നാല്‍ അതൊഴിവാക്കാനാണ് തന്ത്രപൂവ്വമായ ഈ മൗനം. കഴിഞ്ഞ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ മത്സരിച്ചത് എട്ടുശതമാനം സീറ്റുകളിലാണ്. അധികാരത്തിലെ സ്ത്രീപ്രാതിനിധ്യത്തില്‍ മുസ്ലിം രാഷ്ട്രമായ പാക്കിസ്ഥാനും മുതലാളിത്ത രാഷ്ട്രമായ അമേരിക്കയും കമ്യൂണിസ്റ്റ് രാഷ്ട്രമായ ചൈനയും നമ്മേക്കാള്‍ മുന്നിലാണെന്നു കൂടി ഓര്‍ക്കുക.
ചരിത്രം പരിശോധിച്ചാല്‍ ഇതില്‍ വലിയ അത്ഭുതമൊന്നുമില്ലെന്നു വാദിക്കാം. വനിതാ പ്രാതിനിധ്യത്തിന്റെ അവസ്ഥ എക്കാലത്തും ഇതുതന്നെയായിരുന്നു. 1957 മുതല്‍ കേരളത്തില്‍ നിന്ന് ഇതുവരേയും 272 പേര്‍ ലോകസഭയിലെത്തിയപ്പോള്‍ അതില്‍ സ്ത്രീകള്‍ 10 പേര്‍ മാത്രം. 1967ല്‍ അമ്പലപ്പുഴയില്‍നിന്നും 1980ല്‍ ആലപ്പുഴനിന്നും 1991ല്‍ ചിറയിന്‍കീഴ് നിന്നും സി പി എമ്മിലെ സുശീലാ ഗോപാലന്‍ ലോകസഭയിലെത്തി. 12, 13 ലോകസഭകളില്‍ വടകരയില്‍നിന്ന് സിപിഎമ്മിലെ തന്നെ എം കെ പ്രേമജവും 14ാം ലോകസഭയിലിലേക്ക് മാവേലിക്കരനിന്നും സിപിഎമ്മിലെ തന്നെ സി എസ് സുജാതയും വടകരനിന്ന് പി സതീദേവിയും തിരഞ്ഞെടുക്കപ്പെട്ടു. 1971ലാണ് സിപിഐ ഒരു വനിതയെ ലോകസഭയില്‍ എത്തിച്ചത്. അടൂരില്‍നിന്ന് കെ ഭാര്‍ഗ്ഗവി. അതോടെ കഴിഞ്ഞു അവരുടെ വനിതാ പ്രാതിനിധ്യം. കോണ്‍ഗ്രസ്സിന്റെ അവസ്ഥ അതിനേക്കാള്‍ കഷ്ടമാണ്. 9, 10 ലോകസഭകളിലേക്ക് മുകുന്ദപുരത്തുനിന്ന് സാവിത്രി ലക്ഷ്മണന്‍ ജയിച്ചത് മാത്രമാണ് അവരുടെ വനിതാപ്രാതിനിധ്യത്തിന്റെ ചരിത്രം. ശതമാനകണക്കില്‍ ഇന്നോളം ലോകസഭയില്‍ കേരളത്തിന്റെ വനിതാ പ്രാതിനിധ്യം 3.67 ശതമാനത്തില്‍ ഒതുങ്ങുന്നു. വ്യക്തികളുടെ എണ്ണമെടുത്താല്‍ ആറുമാത്രം.
നിയമസഭയുടെ അവസ്ഥയും വ്യത്യസ്ഥമല്ല. 1957 ലെ ആദ്യ നിയമസഭയില്‍ 6 വനിതകളാണ് ഉണ്ടായിരുന്നത്. 60ല്‍ 7, 65ല്‍ 3, 67ല്‍ 1, 70ല്‍ 2, 77ല്‍ 1, 80ല്‍ 6, 82ല്‍ 4, 87ല്‍ 8, 91ല്‍ 8, 96ല്‍ 13, 2001ല്‍ 8, 2006ല്‍ 7, 2011ല്‍ 7 എന്നിങ്ങനെയാണ് നിയമസഭയില്‍ വനിതാപ്രാതിനിധ്യം. 1996ലാണ് പരമാവധി വനിതകള്‍ നിയമസഭയിലെത്തിയത്. 13. എന്നാല്‍ വനിതാശാക്തീകറണം ഏറ്റവും ചര്‍ച്ച ചെയ്യുന്ന ഇക്കാലത്ത് അത് ഏഴായി ചുരുങ്ങി. ഇതിനേക്കാള്‍ വലിയ കാപട്യമെന്താണുള്ളത്?
സത്യത്തില്‍ വനിതാ സംവരണ ബില്‍ പാസ്സാക്കാന്‍ കഴിയാത്തതിനു പറയപ്പെടുന്ന കാരണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നു കാണാം. ശക്തമായ തീരുമാനമെടുത്താല്‍ എന്തുവില കൊടുത്തും ബലം പ്രയോഗിച്ചും ബില്ലുകള്‍ പാസ്സാക്കിയ ചരിത്രമാണ് നമ്മുടെ ജനപ്രതിനിധി സഭകള്‍ക്കുള്ളത്. എന്നിട്ടാണ് കോണ്‍ഗ്രസ്സും ബിജെപിയുമടക്കം മിക്കവാറും പാര്‍ട്ടികളെല്ലാം പിന്തുണക്കുന്ന ബില്‍ പാസ്സാക്കാന്‍ കഴിയുന്നില്ല എന്നു പറയുന്നത്. യാഥാര്‍ത്ഥ്യം അതല്ല. ബില്‍ പാസ്സാക്കണമെന്നു പറയുന്നവര്‍ക്കും അതില്‍ ആത്മാര്‍ത്ഥതയില്ല എന്നതാണ് യഥാര്‍ത്ഥ കാരണം. അതിന്റെ തെളിവാണല്ലോ മേല്‍ സൂചിപ്പിച്ച കണക്കുകള്‍. ഇപ്പറയുന്നത് തെറ്റാണെങ്കില്‍ ഇത്തവണയെങ്കിലും തെളിയിക്കാമ്ലലോ. എന്നാല്‍ അത്തരമൊരു ചര്‍ച്ചപോലും നടക്കുന്നില്ല. അതുമറിച്ചുവെക്കാനാണ് ബില്‍ പാസ്സാവാത്തതിന്റെ കാരണം മുലായത്തിന്റേയും മറ്റും തലയില്‍ കെട്ടിവെക്കുന്നത്. മറ്റുള്ളവരെപോലെ മുലായത്തിനും കൂട്ടര്‍ക്കും ബില്ലിനോട് താല്‍പ്പര്യമില്ല എന്നതു സത്യം. എന്നാല്‍ തങ്ങളുടെ എതിര്‍പ്പിനു കാരണമായി അവരുന്നയിക്കുന്ന വിഷയം ഇന്ത്യനവസ്ഥയില്‍ വളരെ പ്രസക്തമാണ്. സംവരണത്തിനുള്ളിലെ സംവരണം എന്ന അവരുടെ ആവശ്യത്തോട് എന്തുകൊണ്ട് നാം മുഖം തിരിക്കുന്നു? ഇക്കാര്യം കൂടി ബില്ലില്‍ എഴുതി ചേര്‍ത്താല്‍ വനിതാ സംവരണ സീറ്റുകളുടെ എണ്ണം കുറയില്ല. മറിച്ച് അങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവരില്‍ പട്ടിക ജാതി പട്ടികവര്‍ഗ പിന്നോക്ക വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായ പങ്കാളിത്തം ലഭിക്കും. ഇന്നത്തെ അവസ്ഥയില്‍ ബില്‍ പാസ്സായാല്‍ പാര്‍ലിമെന്റിലെത്തുന്ന സ്ത്രീകളില്‍ മഹാഭൂരിപക്ഷവും സവര്‍ണ്ണ വിഭാഗങ്ങളാകും എന്ന ഭയം അസ്ഥാനത്തല്ലല്ലോ. ലിംഗവിവേചനത്തിനുള്ളിലും ജാതിവിവേചനം ശക്തമാണല്ലോ. ജാതിസംവരണമുള്‍പ്പെടുത്തി വനിതാസംവരണ ബില്‍ പാസ്സാക്കുകയാണ് വേണ്ടത്.
വനിതാസംവരണ സീറ്റുകള്‍ നിശ്ചയിക്കുമ്പോള്‍ അതില്‍ പട്ടികജാതി വര്‍ഗ്ഗ സംവരണ സീറ്റുകളും ഉണ്ടാകാമെന്നാണ് ഇതിനു ബില്ലിനെ പിന്തുണക്കുന്നവര്‍ പറയുന്ന മറുപടി. ഉണ്ടാകാം, ഉണ്ടാകാതിരിക്കാം. അങ്ങനെ വരുന്നത് പക്ഷെ അവകാശമാകില്ലല്ലോ. അവകാശമായാണ് ഇക്കാര്യം അംഗീകരിക്കപ്പെടേണ്ടത്. ജനറല്‍ സീറ്റുകളില്‍ ദളിതരെ മത്സരിപ്പിക്കാത്തപോലെ, സ്ത്രീസംവരണ സീറ്റില്‍ ഒരു പാര്‍ട്ടിയും ദളിത് സ്ത്രീയെ മത്സരിപ്പിക്കുമെന്ന് പ്രതീക്ഷിക്കവയ്യ. കേരളത്തിലെ സിപിഎമ്മിന്റെ ഉയര്‍ന്ന നേതാവായിട്ടും ഇപ്പോഴും കെ രാധാകൃഷ്ണനെ ജനറല്‍ സീറ്റില്‍ മത്സരിച്ച് സംവരണ മണ്ഡലമായ ചേലക്കരയില്‍ പുതിയ ഒരാളെ ഉയര്‍ത്തികൊണ്ടുവരാന്‍ സിപിഎം പോലും തയ്യാറാകുന്നില്ല എന്നോര്‍ക്കുന്നത് നന്ന്. കോണ്‍ഗ്രസ്സിന്റ അവസ്ഥയും വ്യത്യസ്ഥമല്ലല്ലോ. തീര്‍ച്ചയായും വനിതാസംവരണമില്ലാതെ ഇന്ദിരാഗാന്ധിയും ജയലളിതയും മായാവതിയും മമതയുമൊക്കെ ഇവിടെ അധികാരത്തിലെത്തിയിട്ടുണ്ട്. അതുചൂണ്ടി സംവരണത്തെ എതിര്‍ക്കുന്നവരുണ്ട്. എന്നാല്‍ അതെല്ലാം ചില പ്രത്യേക സാഹചര്യങ്ങളുടെ യാദൃച്ഛികതകളുടെ ചേരുവവകളില്‍ സംഭവിച്ചതാണ്. ഇന്ദിരാഗാന്ധി നെഹ്‌റു കുടുംബാംഗമായിരുന്നു. ജയലളിത എംജിആറിന്റെ നോമിനിയായിരുന്നു. മണ്ഡല്‍ കമ്മീഷന്‍ സൃഷ്ടിച്ച രാഷ്ട്രീയാന്തരീക്ഷമാണ് മായാവതിക്കു ഗുണകരമായത്. ഇക്കൂട്ടത്തില്‍ മമതയാണ് വ്യത്യസ്ഥയായിരിക്കുന്നത്.
തീര്‍ച്ചയായും സമാനമാണ് ദളിതരുടെ വിഷയവും. സംവരണം നിലവിലുള്ളതിനാല്‍ ഇരു മുന്നണികളും രണ്ടു സീറ്റില്‍വീതം ദളിതരെ മത്സരിപ്പിക്കുന്നു. അതിനാല്‍ 10 ശതമാനം ഉറപ്പാണ്. അതേസമയം ജനറല്‍ സീറ്റില്‍ അവരെ മത്സരിപ്പിക്കാന്‍ എന്തേ നമുക്ക് കഴിയുന്നില്ല? നമ്മുടെ ജനാധിപത്യം താഴേക്കിറങ്ങിവരാന്‍ മടിക്കുന്നു എന്നുതന്നെയാണിത് സ്ത്രീളോടും ദളിതരോടുമുള്ള ഈ സമീപനം വ്യക്തമാക്കുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply