നില്‍ക്കുക, കാശ്മീര്‍ ജനതക്കൊപ്പം
കാശ്മീര്‍ ഒരിക്കല്‍ കൂടി വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്നു. പതിവുപോലെ ഭീകരാക്രമണം തന്നെ. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ കുറെ വ്യത്യസ്ഥമാണ്. ഇന്റലിജന്‍സ് മുന്നറിയിപ്പു നല്‍കിയിട്ടും സുരക്ഷാവീവ്ചയുണ്ടായതില്‍ ഗവര്‍ണ്ണര്‍ മാത്രമല്ല, പലരും ആശങ്കാകുലരാണ്. വരും ദിനങ്ങളില്‍ പലരുമത് തുറന്നു പറയുമെന്നുറപ്പ്. ഇപ്പോള്‍ പറഞ്ഞാല്‍ അതെങ്ങിനെ ബാധിക്കുമെന്ന സംശയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും നിശബ്ദരാണ്. തെരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ ഇതുമായി ബന്ധപ്പെട്ട ഏതു വിഷയവും ബിജെപിയേയും മോദിയേയും സഹായിക്കുമെന്നതിനാല്‍ നിശബ്ദരായിരിക്കുന്നവര്‍ നിരവധിയാണ്. എന്തായാലും ആക്രമണത്തിനു പുറകിലെ യാഥാര്‍ത്ഥ്യങ്ങള്‍ അധികം വൈകാതെ പുറത്തുവരുമെന്നു […]
കാശ്മീര്‍ ഒരിക്കല്‍ കൂടി വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്നു. പതിവുപോലെ ഭീകരാക്രമണം തന്നെ. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ കുറെ വ്യത്യസ്ഥമാണ്. ഇന്റലിജന്‍സ് മുന്നറിയിപ്പു നല്‍കിയിട്ടും സുരക്ഷാവീവ്ചയുണ്ടായതില്‍ ഗവര്‍ണ്ണര്‍ മാത്രമല്ല, പലരും ആശങ്കാകുലരാണ്. വരും ദിനങ്ങളില്‍ പലരുമത് തുറന്നു പറയുമെന്നുറപ്പ്. ഇപ്പോള്‍ പറഞ്ഞാല്‍ അതെങ്ങിനെ ബാധിക്കുമെന്ന സംശയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും നിശബ്ദരാണ്. തെരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ ഇതുമായി ബന്ധപ്പെട്ട ഏതു വിഷയവും ബിജെപിയേയും മോദിയേയും സഹായിക്കുമെന്നതിനാല്‍ നിശബ്ദരായിരിക്കുന്നവര്‍ നിരവധിയാണ്. എന്തായാലും ആക്രമണത്തിനു പുറകിലെ യാഥാര്‍ത്ഥ്യങ്ങള്‍ അധികം വൈകാതെ പുറത്തുവരുമെന്നു പ്രതീക്ഷിക്കാം.
ബ്രിട്ടീഷ് ഭരണത്തിന്റെ ബാക്കിപത്രമായ കാശ്മീര്‍ പ്രശ്‌നം എത്രയോ കാലമായി ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും സമാധാനത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഭീഷണിയായിരിക്കുന്നു. ഇരുരാജ്യങ്ങളിലേയും പട്ടിണി പൂര്‍ണ്ണമായും മാറ്റാവുന്നതിനേക്കാള്‍ എത്രയോ കൂടുതല്‍ തുകയാണ് പ്രതിരോധത്തിനായ ചിലവാക്കുന്നത്. യുദ്ധത്തിന്റേയും ഭീകരാക്രമണത്തിന്റേയും പേരില്‍ എത്രയോ ജീവനുകള്‍ ഇരുഭാഗത്തും അസ്തമിച്ചു. ഇരുരാജ്യത്തേയും നേതാക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാവുന്ന ഒന്ന്. എന്നിട്ട് കാശ്മീര്‍ ജനതയുടെ അവസ്ഥയോ? എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാവുന്ന ഒരു സമൂഹമായി അവര്‍ മാറിയിരിക്കുന്നു. മനുഷ്യജീവനേക്കാള്‍ പ്രാധാന്യം മഞ്ഞുമൂടിയ മലകള്‍ക്ക് നല്‍കുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകുന്ന ദുരന്തം. ചരിത്രപരമായി ലഭിച്ച പ്രത്യേക പദിവി പോലും അവര്‍ക്കിന്ന് ശാപമാണ്.
കാശ്മീരിനു പ്രതേക പദവി ലഭിച്ചതിനൊരു ചരിത്രമുണ്ടെന്ന വസ്തുതപോലും മറന്നാണ് ഇന്നവര്‍ അപമാനിക്കപ്പെടുന്നതും എല്ലാ ഭാഗത്തുനിന്നും അപഹസിക്കപ്പെടുന്നതും. എത്ര ഓര്‍മ്മിപ്പിച്ചാലും അന്ധമായ രാജ്യസ്‌നേഹത്തിന്റെ പേരില്‍ നമ്മള്‍ മറക്കുന്നത് ആ ചരിത്രമാണ്. 1947 ആഗസ്റ്റ് 15 ന് ഇന്ത്യയും പാകിസ്ഥാനും എന്ന രണ്ടു രാജ്യങ്ങള്‍ ഉണ്ടായപ്പോള്‍ നാട്ടുരാജ്യങ്ങള്‍ക്ക് ഇന്ത്യയോടൊപ്പമോ പാകിസ്ഥാനോടൊപ്പമോ ചേരാമെന്നായിരുന്നു വ്യവസ്ഥ. ഹൈദരാബാദ്, തിരു-കൊച്ചി, ജമ്മു കാശ്മീര്‍, ജുനാഗദ് തുടങ്ങിയ നാട്ടുരാജ്യങ്ങള്‍ 2 രാജ്യത്തോടും ചേരാതെ നിന്നു. ജമ്മുകാശ്മീരിലെ ഭൂരിപക്ഷം ജനവിഭാഗം മുസ്ലീങ്ങളായിരുന്നു. രാജാവ് ഹിന്ദുവും. നേരെ വിപരീതമായിരുന്നു ഗുജറാത്തിലെ ജുനാഗദ്. ജനസംഖ്യയില്‍ ഭൂരിഭാഗവും ഹിന്ദുക്കള്‍. ഭരണാധികാരിയായിരുന്ന മുഹമ്മദ് മഹാഭട് ഖാന്‍ജി മുസ്ലീം. 1947 സെപ്തംബര്‍ 15 ന് പാകിസ്ഥാനുമായി ചേരാനുള്ള Instrument of Accession (IoA) യില്‍ അദ്ദേഹം ഒപ്പുവച്ചു. എന്നാല്‍, ഇത് അംഗീകരിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് തയ്യാറായില്ല. രാജാവിന്റെ സമ്മതപത്രത്തിനു പകരം ജനങ്ങളുടെ ഇടയില്‍ ഹിതപരിശോധന നടത്താനായിരുന്നു ഇന്ത്യയുടെ ആവശ്യം. പാകിസ്ഥാന്‍ ഇതു തള്ളിക്കളഞ്ഞു. സൈനികനീക്കത്തിലൂടെ ഇന്ത്യ ജുനാഗദിനെ സ്വന്തമാക്കി. ജനഹിതപരിശോധനയും അതിനനുകൂലമായിരുന്നു.
സ്വാഭാവികമായും ഇതേ മാതൃകയില്‍ കാശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമാക്കാന്‍ ശ്രമം നടന്നു. നൂറുകണക്കിനുപേരുടെ ചോരയൊഴുകി. അങ്ങോട്ടുമിങ്ങോട്ടും വന്‍പാലായനങ്ങള്‍ നടന്നു. പുഞ്ചില്‍ ‘ആസാദ് കാശ്മീര്‍’ എന്ന പേരില്‍ സ്വതന്ത്രരാജ്യം പ്രഖ്യാപിച്ചു. തുടര്‍ന്ന് ആയുധധാരികളായ ആയിരക്കണക്കിന് പഠാന്‍ ഗോത്രവര്‍ക്കാര്‍ കാശ്മീരിനെ ആക്രമിച്ചു. ആക്രമണത്തെ തടയാന്‍ ജമ്മു-കാശ്മീര്‍ രാജാവ് ഇന്ത്യാ ഗവണ്‍മെന്റിന്റെ സഹായം തേടുകയായിരുന്നു. എന്നാല്‍, ഇന്ത്യയുടെ ഭാഗമല്ലാത്തതുകൊണ്ട് പട്ടാളത്തെ അയയ്ക്കാന്‍ നിര്‍വ്വാഹമില്ലെന്ന് ഇന്ത്യാ ഗവണ്‍മെന്റ് അറിയിച്ചു. ഇതിനെത്തുടര്‍ന്ന്, 1947 ഒക്ടോബര്‍ 26 ന്, 75 ശതമാനം മുസ്ലീം ജനതയുള്ള ജമ്മു -കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായി മാറാനുള്ള Instrument of Accession (IOA) ഹരിസിംഗും ഇന്ത്യാ ഗവണ്‍മെന്റിനെ പ്രതിനിധീകരിച്ച് ലോഡ് മൗണ്ട് ബാറ്റണും ഒപ്പുവക്കുകയായിരുന്നു. അത് താല്‍ക്കാലിക ഏര്‍പ്പാടായിരുന്നു. അതനുസരിച്ച് പ്രതിരോധം, വാര്‍ത്താവിനിമയം, വിദേശം എന്നീ മേഖലകളില്‍ മാത്രമാണ് ഇന്ത്യയ്ക്ക് അധികാരം കൈമാറിയത്. കാശ്മീര്‍ ഒരു തര്‍ക്ക പ്രദേശമാണ്. അവിടുത്തെ ജനങ്ങളുടെ ഇടയില്‍ ഹിതപരിശോധന നടത്തിയശേഷം മാത്രമേ തീരുമാനം അന്തിമമാകുകയുള്ളു – ഇതൊക്കെയായിരുന്നു നിബന്ധനകള്‍. എന്നാലതൊന്നുമല്ല നടന്നത്. പകരം കാശ്മീരിനു പ്രതേക പദവി ല്‍കുകയായിരുന്നു. അന്നുമുതലെ കാശ്മീര്‍ മേഖല സംഘര്‍ഷഭരിതമായി. ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലെ ഉണങ്ങാത്ത മുറിവായി. ഈ മുറിവ് ഉണക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു 35 എ അനുച്ഛേദവും രൂപം കൊണ്ടത്. ഇന്നും ഈ മേഖല സംഘര്‍ഭരിതമായി തുടരുന്ന സാഹചര്യത്തില്‍ നിലവിലെ ഇത്തരം പദവികള്‍ പോലും എടുത്തു കളയുന്നത് പ്രശ്നങ്ങളെ കൂടുതല്‍ രൂക്ഷമാക്കാനേ സഹായിക്കൂ എന്ന് യാഥാര്‍ത്ഥ്യബോധമുള്ള ആര്‍ക്കും എളുപ്പം മനസ്സിലാക്കും.
പാക്കിസ്ഥാനുമായുള്ള ബന്ധം സമാധാനപരമാക്കുമെന്ന ഉറപ്പായിരുന്നു 2014ല്‍ മോദി ഇന്ത്യന്‍ ജനതക്കു നല്‍കിയത്. 2015 ല്‍ ബി ജെ പി, പി ഡി പിയുമായി സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചത് ദേശീയ താല്പര്യാര്‍ത്ഥവും ജമ്മു കാശ്മീരിന്റെ സമാധാനത്തിനു വേണ്ടിയുമാണെന്നാണ് ബി ജെ പി – സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ പത്തു പതിനഞ്ചു വര്‍ഷത്തെക്കാള്‍ കൊലപാതകങ്ങളും അക്രമങ്ങളും കലാപങ്ങളും ബി ജെ പി – പി ഡി പി സര്‍ക്കാര്‍ ബാന്ധവകാലത്ത് നടന്നിട്ടുണ്ട്. അവയില്‍ പലതും ദുരൂഹവുമാണ്. അതീവ സുരക്ഷാമേഖലയായ സി ആര്‍ പി എഫ് ക്യാമ്പും സൈനിക ക്യാമ്പ് ആക്രമണവും ‘പാര്ലമെന്റ് ആക്രമണം’ പോലെ ദുരൂഹമായി ഇന്നും നിലനില്‍ക്കുന്നു. പെല്ലെറ്റ് ഗണ്‍ പ്രയോഗം മുതല്‍ ഫാറൂഖ് അഹമ്മദ് ദാര്‍ എന്ന യുവാവിനെ പട്ടാള ജീപ്പിന്റെ മുന്നില്‍ കെട്ടിവെച്ചു സാധാരണ ജനതയെ അടിച്ചൊതുക്കുന്ന സൈനിക നടപടിക്കുവരെ കാശ്മീര്‍ സാക്ഷിയായി. കത്വയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും റൈസിങ് കശ്മീര്‍ എഡിറ്ററുമായ ശുജാത് ബുഖാരി ജേര്‍ണലിസ്റ്റിന്റെ കൊലപാതകവും ഇത്തരം ആക്രമണങ്ങളുടെ ഏറ്റവും അവസാനത്തേതുമാണ്. കാശ്മീരില്‍ ഭാഗികമായി നിലനിന്നുരുന്ന സമാധാനവും ഈക്കാലയലവില്‍ ഇല്ലാതാക്കപ്പെട്ടു.
SATP ( South Asia Terrorism Portal ) റിപ്പോര്‍ട്ട് പ്രകാരം തീവ്രവാദ അനുബന്ധമായ മരണത്തില്‍ 42 ശതമാനം വര്‍ദ്ധനവാണ് ഈ ഭരണകാലത്ത് സംഭവിച്ചിരിക്കുന്നത്. തീവ്രവാദികളുടെ മരണത്തില്‍ 32 ശതമാനത്തിന്റെ വര്‍ദ്ധനവും സാധാരണ ജനങ്ങളുടെ കൊലപാതകത്തില്‍ 37 ശതമാനവും വര്‍ദ്ധനവും ഉണ്ടായപ്പോള്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ മരണത്തില്‍ 72 ശതമാനം മരണമാണ് ഉണ്ടായത് എന്നു പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതിന്റെ അവസാന ഇരകളാണ് ഈ 44 പട്ടാളക്കാര്‍. വാജ്പെയ് സര്‍ക്കാര്‍ കാലാവധി തീരുന്ന സമയത്ത് കാര്‍ഗില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത് നമ്മള്‍ കണ്ടതാണ്. ഇപ്പോളിതാ മറ്റൊരു യുദ്ധത്തിന്റെ തയ്യാറെടുപ്പ്. ഒരു പ്രദേശത്ത് ജനിച്ചു എന്നതിനാല്‍ ജീവിതം മരണത്തിനു തുല്ല്യമായ കാശ്മീര്‍ ജനതക്കൊപ്പം നില്‍ക്കുക എന്നതാണ് ഇന്ന് ജനാധിപത്യവാദികള്‍ ചെയ്യേണ്ടത്. പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ പലയിടത്തും കാശ്മീരികള്‍ക്കെതിരെ ആക്രമണങ്ങള്‍ നടക്കുന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍…
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in