നഗരത്തില്‍ വരുന്നു റോഡ് വിപ്ലവം

ബാലകൃഷ്ണന്‍ കുന്നമ്പത്ത് നഗരം വന്‍ റോഡ് നവീകരണം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ്. നഗരത്തിലെ രണ്ട് റിങ്ങ് റോഡുകളും അഞ്ച് റേഡിയല്‍ റോഡുകളും യാഥാര്‍ത്ഥ്യമാക്കാന്‍ കേരള റോഡ് ഫണ്ട് ബോര്‍ഡ് തയ്യാറാക്കിയതാണ് ഏറ്റവും പുതിയ വികസനപദ്ധതി. കണ്‍സള്‍ട്ടന്‍സിയായ ഹൈദ്രാബാദിലെ ഏജീസ് ഇന്ത്യ തയ്യാറാക്കിയതാണ് 49 കിലോമീറ്റര്‍ ദൂരം റോഡ് വികസിപ്പിക്കാനുള്ള പദ്ധതി. നാലഞ്ച് വര്‍ഷംകൊണ്ട് സ്ഥലമെടുപ്പ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കി റോഡ് വികസനം സാധ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം. നഗരത്തില്‍ സമഗ്രമായ ഗതാഗതപരിഷ്‌കാരവും സുഗമമായ ഗതാഗതവും സാധ്യമാക്കുംവിധം പുതിയ റോഡ് വികസനനിര്‍ദ്ദേശങ്ങളാണ് […]

thrissur road

ബാലകൃഷ്ണന്‍ കുന്നമ്പത്ത്
നഗരം വന്‍ റോഡ് നവീകരണം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ്. നഗരത്തിലെ രണ്ട് റിങ്ങ് റോഡുകളും അഞ്ച് റേഡിയല്‍ റോഡുകളും യാഥാര്‍ത്ഥ്യമാക്കാന്‍ കേരള റോഡ് ഫണ്ട് ബോര്‍ഡ് തയ്യാറാക്കിയതാണ് ഏറ്റവും പുതിയ വികസനപദ്ധതി. കണ്‍സള്‍ട്ടന്‍സിയായ ഹൈദ്രാബാദിലെ ഏജീസ് ഇന്ത്യ തയ്യാറാക്കിയതാണ് 49 കിലോമീറ്റര്‍ ദൂരം റോഡ് വികസിപ്പിക്കാനുള്ള പദ്ധതി. നാലഞ്ച് വര്‍ഷംകൊണ്ട് സ്ഥലമെടുപ്പ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കി റോഡ് വികസനം സാധ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം.
നഗരത്തില്‍ സമഗ്രമായ ഗതാഗതപരിഷ്‌കാരവും സുഗമമായ ഗതാഗതവും സാധ്യമാക്കുംവിധം പുതിയ റോഡ് വികസനനിര്‍ദ്ദേശങ്ങളാണ് കേരള റോഡ് ഫണ്ട് ബോര്‍ഡ് നടപ്പാക്കുന്ന പുതിയ പദ്ധതിയെ വ്യത്യസ്തമാക്കുന്നത്. 72ല്‍ അംഗീകരിച്ച് നിലവിലുള്ള മാസ്റ്റര്‍ പ്ലാനിലും പുതിയ മാസ്റ്റര്‍ പ്ലാനിലും വിഭാവനം ചെയ്യുന്ന റിങ്ങ് റോഡ് പദ്ധതിയും ഔട്ടര്‍ റിങ്ങ് റോഡ് പദ്ധതിയും സ്വരാജ് റൗണ്ടില്‍നിന്നു തുടങ്ങി ഇരുറിങ്ങ്‌റോഡുകളേയും ബന്ധിപ്പിച്ച എം.ജി.റോഡ്, കുറുപ്പം റോഡ്, കോളേജ് റോഡ്, കുട്ടനെല്ലൂര്‍ റോഡ്, ഹൈ റോഡ് എന്നീ റേഡിയല്‍ റോഡുകളും ആണ് പുതിയ പ്രോജക്ടിലെ നിര്‍ദ്ദേശം.
ഏജീസ് ഇന്ത്യ  പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ട് രണ്ടു മാസം പിന്നിട്ടു. ഇനി പദ്ധതി വിശദമായ ചര്‍ച്ചയ്ക്ക് വിധേയമാക്കണം. പക്ഷേ, ഇതുവരെ പദ്ധതി സംബന്ധിച്ച് ഒരുതലത്തിലും ചര്‍ച്ചകള്‍ നടന്നിട്ടില്ല. നമ്മുടെ രാഷ്ട്രീയനേതാക്കളോ ജനപ്രതിനിധികളോ ഇടപെട്ട് ചര്‍ച്ച സാധ്യമാക്കാത്തത് ദുഃഖകരമാണ്. വിശദമായ ചര്‍ച്ചയ്ക്കുശേഷമല്ലാതെ പ്രോജക്ട് നടപ്പാക്കുന്ന സാഹചര്യം ഉണ്ടായിക്കൂടാ.
നഗരത്തില്‍ ഗതാഗതം സുഗമമാക്കാവുന്ന വിധം സര്‍ക്കാര്‍ ചിലവില്‍ ഒരു വന്‍ റോഡ് വികസനപദ്ധതി വരുന്നുവെന്നത് ഏറ്റവും സ്വാഗതാര്‍ഹമാണെങ്കിലും കണ്‍സള്‍ട്ടന്‍സിയുടെ നിര്‍ദ്ദേശങ്ങളോട് പൂര്‍ണമായും യോജിക്കാനാകില്ല. കുറെക്കൂടി പ്രായോഗികമായ സമീപനം സ്വീകരിക്കപ്പെടേണ്ടതുണ്ട്. റിങ്ങ്‌റോഡ് 20 മീറ്റര്‍ വീതിയില്‍ നാലുവരിപ്പാതയായും ഔട്ടര്‍ റിങ്ങ് റോഡ് കാല്‍ഭാഗം 20 മീറ്ററിലും മുക്കാല്‍ഭാഗം 12 മീറ്റര്‍ വീതിയില്‍ രണ്ടുവരിപ്പാതയായും നിര്‍മ്മിക്കാനാണ് പദ്ധതി നിര്‍ദ്ദേശം. നഗരത്തിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയാല്‍ ഇത് ഒട്ടും യുക്തിസഹമല്ല.
72ല്‍ പ്രഖ്യാപിച്ച മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് റിങ്ങ് റോഡ് 25 മീറ്ററിലാണ്. ഔട്ടര്‍ റിങ്ങ് റോഡ് 21 മീറ്ററിലും റേഡിയല്‍ റോഡുകളെല്ലാം 21 മീറ്ററായാണ് വീതി നിശ്ചയിച്ചിട്ടുള്ളത്. റിങ്ങ് റോഡിനും റേഡിയല്‍ റോഡുകള്‍ക്കും വിശദനഗരാസൂത്രണപദ്ധതിയും (ഡി.ടി.പി. സ്‌കീം) തയ്യാറാക്കിയതാണ്.  ജനാഭിപ്രായം സ്വീകരിച്ച് പ്രഖ്യാപിച്ച പദ്ധതി പ്രദേശത്ത് 40 വര്‍ഷമായി പുതിയൊരു നിര്‍മ്മാണപ്രവര്‍ത്തനങ്ങളും അനുവദിച്ചിട്ടുമില്ല. അതായത് 40 വര്‍ഷമായി ജനങ്ങള്‍ കാത്തിരിക്കുന്ന റോഡ് വികസനപദ്ധതി 20 മീറ്ററും 12 മീറ്ററുമായി വെട്ടിക്കുറക്കുന്നത് കഥയറിയാതെയാണ്. അതായത് റിങ്ങ് റോഡുകളും റേഡിയല്‍ റോഡുകളും പഴയ മാസ്റ്റര്‍ പ്ലാനിന് വിധേയമായി 25 മീറ്ററിലും 21 മീറ്ററിലും തന്നെയാകണം നടപ്പാക്കേണ്ടത്. ഇക്കാര്യത്തിലൊരു കടുത്ത നിലപാട് തൃശൂരിലെ ജനപ്രതിനിധികളും കോര്‍പ്പറേഷനും വികസന അതോറിറ്റിയും സ്വീകരിക്കേണ്ടതുണ്ട്.
മറ്റൊരു നിലയിലും പഴയ മാസ്റ്റര്‍ പ്ലാന്‍ സ്ഥലം ഉടമകള്‍ക്കും സ്വീകാര്യവും പ്രായോഗികവുമാകും. അതായത് പുതുക്കിയ മാസ്റ്റര്‍ പ്ലാനില്‍ റിങ്ങ് റോഡിന് 32 മീറ്ററാണ് വീതി. ഔട്ടര്‍ റിങ്ങ് റോഡിന് 36 മീറ്ററാണ്. റേഡിയല്‍ റോഡുകള്‍ക്കും 36 മീറ്ററാണ്. വലിയ ജനരോഷമാണീ നിര്‍ദ്ദേശം മാസ്റ്റര്‍ പ്ലാനിനെതിരെ ക്ഷണിച്ചുവരുത്തിയിട്ടുള്ളത്. 25, 21 മീറ്റര്‍ വീതിയില്‍ റോഡ് വികസനം പ്രഖ്യാപിച്ച്, ബില്‍ഡിംഗ് പെര്‍മിറ്റുകള്‍ നാല്പതുവര്‍ഷമായി നല്കിയശേഷം ഇനി 32ഉം 36ഉം മീറ്ററാണ് വീതിയെന്ന് പറയുന്നത് തികച്ചും അന്യായവും അസംബന്ധവുമാണ്. അതുകൊണ്ടുതന്നെ പഴയ മാസ്റ്റര്‍ പ്ലാനിലെ നിര്‍ദ്ദേശം ജനങ്ങള്‍ക്ക് കുറെകൂടി സ്വീകാര്യമാകും. പുതിയ മാസ്റ്റര്‍ പ്ലാനിനെതിരായ പരാതി പരിഹാരത്തിനും ഇത് സാധ്യമാകും.
49 കിലോമീറ്റര്‍ റോഡ് വികസനമെന്നാല്‍ കോടികളുടെ ചെലവ് വരുന്ന പദ്ധതിയാണ്. ആദ്യഘട്ടം വീതികുറച്ച് ചെയ്താല്‍ സാമ്പത്തികമായി ചിലവ് കുറയ്ക്കാം എന്നാണ് സങ്കല്പമെങ്കില്‍ അതില്‍ യുക്തിയുണ്ടെങ്കിലും പ്രായോഗികചിന്തയില്ല. രണ്ടാമതൊരു റോഡ് വികസനം അസാധ്യമാകും. ഇനി അഥവാ ചിലവ് കുറയ്ക്കണമെങ്കില്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ സ്വീകാര്യമാക്കാം.
നഗരത്തില്‍ വിവിധ ഏജന്‍സികള്‍ വഴിയുള്ള വികസനപദ്ധതികള്‍ നടപ്പാക്കിവരികയോ നടപ്പാക്കാന്‍ നടപടികളിലോ ആണ്. ഇവയെല്ലാംകൂടി ഏകീകരിക്കാനായാല്‍ എളുപ്പം പ്രശ്‌നം പരിഹരിക്കാം. ഉദാഹരണമായി ചൂണ്ടല്‍-തൃശൂര്‍ നാലുവരിപ്പാതയുടെ ഭാഗമായി പൂങ്കുന്നം മുതല്‍ ചെമ്പൂക്കാവ് ജംഗ്ഷന്‍വരെയുള്ള ഭാഗം ആ പദ്ധതിയിലൊതുക്കാം. പൂങ്കുന്നം മുതല്‍ പടിഞ്ഞാറെകോട്ട-അരണാട്ടുകരവരെ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നാലുവരിപ്പാതയാക്കാന്‍ പദ്ധതി തയ്യാറായിവരുന്നുണ്ട്. ആറ് കിലോമീറ്റര്‍ റിങ്ങ് റോഡ് പുതിയ റോഡ് ഫണ്ട് ബോര്‍ഡ് പദ്ധതി നിര്‍ദ്ദേശത്തില്‍ നിന്നൊഴിവാക്കാം.
എം.ജി.റോഡിനായി മോഡല്‍ റോഡ് വികസനപദ്ധതിയുണ്ട്. പടിഞ്ഞാറെകോട്ട മുതല്‍ ഔട്ട് പോസ്റ്റ് വരെ കാഞ്ഞാണി റോഡ് വികസനപദ്ധതിയും നിലവിലുണ്ട്. എം.എല്‍.എ. അഡ്വ.തേറമ്പില്‍ രാമകൃഷ്ണന്റെ മുന്‍കൈയില്‍ അമലനഗര്‍-മണ്ണുത്തി റോഡും പരിഗണനയിലാണ്. മണ്ണുത്തി കോളേജ് റോഡ് നാലുവരിപ്പാതയാക്കാന്‍ പുതിയൊരു ഏജന്‍സി പദ്ധതി തയ്യാറാക്കിവരുന്നുണ്ട്. ഹൈറോഡ്-പാലിയേക്കര വരെ നാലുവരിപ്പാതയാക്കാന്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി എന്ന പൊതുമരാമത്ത് വകുപ്പ് പദ്ധതി നടപ്പാക്കുന്നതായി മന്ത്രിയുടെ പ്രഖ്യാപനം വന്നുകഴിഞ്ഞു. ഇത്രയും ഭാഗങ്ങള്‍ റോഡ് ഫണ്ട് ബോര്‍ഡ് പദ്ധതിയില്‍നിന്ന് ഒഴിവാക്കാനായില്‍തന്നെ റോഡ് ഫണ്ട് ബോര്‍ഡ് പദ്ധതിയില്‍ റിങ്ങ് റോഡുകള്‍ 25 മീറ്ററിലും ഔട്ടര്‍ റിങ്ങ് റോഡും റേഡിയല്‍ റോഡുകളും 21 മീറ്ററിലുംതന്നെ സാധ്യമാക്കാനുള്ള ഫണ്ട് ലഭ്യമാക്കാനാകുന്നതാണ്. കണ്ണംകുളങ്ങര-ചിയ്യാരം റോഡ് കൂടി പദ്ധതിയില്‍പെടുത്താനാകുമോ എന്ന് പരിഗണിക്കേണ്ടതാണ്.
ചൂണ്ടല്‍-തൃശൂര്‍ നാലുവരിപ്പാത പദ്ധതിയില്‍ മറ്റൊരു വീഴ്ച കൂടിയുണ്ട്. 22 മീറ്ററിലാണ് പദ്ധതി നടപ്പാക്കുന്നത്. മാസ്റ്റര്‍ പ്ലാനില്‍ 25 മീറ്റര്‍ നിശ്ചയിച്ചശേഷം ഓരോ പദ്ധതികള്‍ നടപ്പാക്കുന്നവര്‍ അവര്‍ക്കിഷ്ടംപോലെ പദ്ധതി നടപ്പാക്കുന്നത് ആശാസ്യമല്ല. മാസ്റ്റര്‍ പ്ലാന്‍ ഡി.ടി.പി. സ്‌കീം നിലവിലുള്ള സ്ഥലത്തെങ്കിലും പ്ലാനിന് വിധേയമായിതന്നെ റോഡ്-ജംഗ്ഷന്‍ വികസന പദ്ധതികള്‍ നടപ്പാക്കാനാകണം.
റോഡ് വികസനത്തിനായി മാസ്റ്റര്‍ പ്ലാനോ ഡി.ടി.പി. സ്‌കീമോ നിലവിലുള്ള സ്ഥലങ്ങളില്‍ സൗജന്യമായി ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് കെട്ടിടനിര്‍മ്മാണ ചട്ടങ്ങളില്‍ ഇളവ് നല്കാന്‍ വ്യവസ്ഥയുണ്ട്. തൃശൂരിന്റെ പ്രത്യേക സാഹചര്യത്തില്‍ പദ്ധതി നടപ്പാക്കാന്‍ ഒരു പ്രത്യേക പാക്കേജിന് സര്‍ക്കാര്‍ തലത്തില്‍ അനുമതി വാങ്ങാനായാല്‍ ഒരുപാട് ഉടമകള്‍ സ്ഥലം സറണ്ടര്‍ ചെയ്യാന്‍ തയ്യാറായേക്കും. അവശേഷിക്കുന്ന സ്ഥലങ്ങളില്‍ മാത്രമേ അക്വിസിഷന്റെ ആവശ്യം വരുന്നുള്ളൂ. അതായത് പുതിയ പദ്ധതി പ്രായോഗികമായി നടപ്പാക്കാന്‍ അങ്ങനേയും ചിലവ് ചുരുക്കാന്‍ വകുപ്പുണ്ട്.
പക്ഷേ, ഇതിനൊക്കെ ഏകോപിത പ്രവര്‍ത്തനത്തിന് ജനപ്രതിനിധികളും കോര്‍പ്പറേഷനും നഗരവികസന അതോറിറ്റിയും ജില്ലാ ഭരണകൂടവും തയ്യാറാകണം. കൂട്ടായ്മ പ്രവര്‍ത്തനം സാധ്യമായാല്‍ ഇതൊരു നല്ല തുടക്കമാക്കാം. അത്ഭുതങ്ങള്‍ താനെ സംഭവിച്ചുകൊള്ളും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Thrissur Desk | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply