തസ്രാക്കില്‍ നിന്ന് മെക്കൊണ്ടയില്‍ വണ്ടിയിറങ്ങിയ റസാക്ക്

വി.എച്ച്. ദിരാര്‍ റസാക്ക് കോട്ടയ്ക്കല്‍ ഓര്‍മ്മയായിട്ട് ഒരു വര്‍ഷം തികഞ്ഞു.ഒരു വര്‍ഷംക്കൊണ്ട് ഓര്‍മ്മപ്പോലുമില്ലാതായിയെന്ന് വേദനയോടെ അറിയുകയാണ്.  റസാക്കിനെ ഭൂമി കൈവിട്ടതിനേക്കാള്‍ വേഗത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകളെ ഹൃദയം കൈവെടിഞ്ഞിരിക്കുന്നു.ഓര്‍മ്മകള്‍ക്ക് വാസയോഗ്യമല്ലാത്ത ഒരിടമായി ഹൃദയം മാറിക്കഴിഞ്ഞുവല്ലോ. ഓര്‍മ്മകളാണ് മരണത്തെ എപ്പോഴും തോല്‍പ്പിച്ചുക്കൊണ്ടിരുന്നത്. മരിച്ചവര്‍ അങ്ങനെയാണ് ജീവിച്ചുക്കൊണ്ടിരുന്നത്. എന്നാല്‍ സംഭവങ്ങളാലും ആസക്തികളാലും നിബിഡമായ കോര്‍പ്പറേറ്റ് നാഗരികകാലത്ത് ഒരാള്‍ ജീവിച്ചിരിക്കുന്നുവെന്നതിന് തെളിവ്  സോഷ്യല്‍മീഡിയയിലെ ലൈക്കുകളും കമന്റുകളുമാണ്. അതായത് ലൈക്കുകളും കമന്റുകളും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ്‌ചെയ്യാത്ത ഒരാള്‍ ജീവിച്ചിരിക്കുന്നില്ല എന്നര്‍ത്ഥം. ഈ കാലത്താണ് ഭൂമിയുടെ അസാധാരണകാഴ്ചകള്‍ […]

rrrവി.എച്ച്. ദിരാര്‍

റസാക്ക് കോട്ടയ്ക്കല്‍ ഓര്‍മ്മയായിട്ട് ഒരു വര്‍ഷം തികഞ്ഞു.ഒരു വര്‍ഷംക്കൊണ്ട് ഓര്‍മ്മപ്പോലുമില്ലാതായിയെന്ന് വേദനയോടെ അറിയുകയാണ്.  റസാക്കിനെ ഭൂമി കൈവിട്ടതിനേക്കാള്‍ വേഗത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകളെ ഹൃദയം കൈവെടിഞ്ഞിരിക്കുന്നു.ഓര്‍മ്മകള്‍ക്ക് വാസയോഗ്യമല്ലാത്ത ഒരിടമായി ഹൃദയം മാറിക്കഴിഞ്ഞുവല്ലോ. ഓര്‍മ്മകളാണ് മരണത്തെ എപ്പോഴും തോല്‍പ്പിച്ചുക്കൊണ്ടിരുന്നത്. മരിച്ചവര്‍ അങ്ങനെയാണ് ജീവിച്ചുക്കൊണ്ടിരുന്നത്. എന്നാല്‍ സംഭവങ്ങളാലും ആസക്തികളാലും നിബിഡമായ കോര്‍പ്പറേറ്റ് നാഗരികകാലത്ത് ഒരാള്‍ ജീവിച്ചിരിക്കുന്നുവെന്നതിന് തെളിവ്  സോഷ്യല്‍മീഡിയയിലെ ലൈക്കുകളും കമന്റുകളുമാണ്. അതായത് ലൈക്കുകളും കമന്റുകളും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ്‌ചെയ്യാത്ത ഒരാള്‍ ജീവിച്ചിരിക്കുന്നില്ല എന്നര്‍ത്ഥം. ഈ കാലത്താണ് ഭൂമിയുടെ അസാധാരണകാഴ്ചകള്‍ തന്റെ ക്യമറയില്‍ പകര്‍ത്തിയ റസാക്ക് മരിച്ചത്.
സാങ്കേതികാര്‍ത്ഥത്തില്‍   റസാക്ക് കോട്ടയ്ക്കല്‍ എന്ന പ്രതിഭയുടെ മരണം സ്വാഭാവികമായിരുന്നു. എന്നാല്‍ സര്‍ഗ്ഗാത്മകതയുടെ അര്‍ത്ഥത്തില്‍ അത് അസ്വാഭാവികമായിരുന്നു.  പ്രതിഭയുടെ സ്തംഭനാവസ്ഥക്കൊണ്ട്, നാശംക്കൊണ്ടല്ല, അയാള്‍ വളരെ മുമ്പ് തന്നെ മരിച്ചിരുന്നു. അശാന്തിയും യാതനകളും നിറഞ്ഞ ഒരു മുള്‍ക്കാടാണ് പ്രതിഭയുള്ള ഒരുവന്റെ ആത്മലോകം. ജീവിതത്തിന്റെ നിമിഷങ്ങള്‍ അയാള്‍ക്ക് സ്വര്‍ഗ്ഗീയമായ അനുഭൂതിയല്ല. ഒരു മുത്തുച്ചിപ്പിയുടെ ഉള്ളില്‍ വീഴുന്ന മണല്‍ത്തരിയാണത്. അതുണ്ടാക്കുന്ന വേദനയെ ചിപ്പി പ്രതിരോധിക്കുമ്പോഴാണ്/ അതിജീവിക്കുമ്പോഴാണ്് മണല്‍ത്തരി മുത്തായി മാറുന്നത്. അങ്ങനെ സാധിക്കാതെപ്പോയ ഒരു വലിയ പ്രതിഭയായിരുന്നു റസാക്ക് . എന്നാല്‍ മലയാളിക്ക് /ലോകത്തിന് ഇനിയും അയാളെ ആവശ്യമുണ്ടായിരുന്നു.  അയാള്‍ ആവിഷ്‌ക്കരിച്ചതിനേക്കാള്‍ കൂടുതല്‍ ആവിഷ്‌ക്കരിക്കപ്പെടാതെപ്പോയി.  ലോകം അതിനുവേണ്ടി കാത്തിരിക്കുകയൊ സഹിക്കുകയൊ ചെയ്യ്തിരുന്നില്ലെങ്കില്‍പ്പോലും. സര്‍ഗ്ഗാത്മകജീവിതത്തില്‍ നിന്നുള്ള റസാക്കിന്റെ അര്‍ദ്ധവിരാമം വളരെമുമ്പ് തന്നെ സംഭവിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം പൂര്‍ണ്ണവിരാമവുമായി.  2014 ഏപ്രില്‍മാസം 9 ന് ,തന്റെ 54ാംമത്തെ വയസ്സില്‍, റസാക്ക് കോട്ടയ്ക്കല്‍ ഓര്‍മ്മയായി.
വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ റസാക്കിനെ കാണുന്നത് ഡോക്ടര്‍ പ്രസാദിന്റെ സുനേത്രി ആശുപത്രിയില്‍ വെച്ചായിരുന്നു. മദ്യത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ചികില്‍ത്സയിലായിരുന്നു അദ്ദേഹം. 2011 ലെ അവസാനമാസങ്ങളിലാണ് എന്നാണ് എന്റെ ഓര്‍മ്മ. തൃശ്ശൂരിലെ പുത്തൂരിനടുത്തുള്ള മതിക്കുന്നില്‍ സ്ഥിതിചെയ്യുന്ന ആയുര്‍വ്വേദ ആശുപത്രിയാണത്. റസാക്ക് വളരെ ക്ഷീണിതനായിരുന്നുവെങ്കിലും സംസാരിക്കാനുള്ള ആവേശത്തില്‍ ഒട്ടും കുറവില്ലായിരുന്നു. എന്നാല്‍ സംസാരത്തിന് ഒരു ഫോക്കസ്സ് ഇല്ലായിരുന്നു. മീഡിയ വണ്‍ചാനലില്‍ ഒരു സ്ഥിരം പ്രോഗ്രാം ചെയ്യാന്‍ പോകുന്നുവെന്ന് പറഞ്ഞു. രാജഗോപാലുമായി(കെ.രാജഗോപാല്‍, മീഡിയവണ്‍ ചാനലിന്റെ ആദ്യത്തെ എഡിറ്റര്‍- കേരളത്തിലെ പല ന്യൂസ് ചാനലുകളുടേയും വാസ്തുശില്പികളിലൊരാള്‍) കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ട്. റസാക്കിന്റെ ക്യാമറയില്‍ പതിഞ്ഞ മലബാറിന്റെ ദൃശ്യലോകത്തിലൂടെ ഒരു അഭിനവയാത്ര.. അതായത് മലബാറിലെ രണ്ട് കാലങ്ങളെ റസാക്ക് ക്യാമറക്കണ്ണിലൂടെ കാണുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍. അതോടൊപ്പം പാരമ്പര്യവൈദ്യന്മാരുമായുള്ള കൂടിക്കാഴ്ചകളും.. അപ്പോള്‍ ഞാന്‍ ഒരു നിര്‍ദ്ദേശം വെച്ചു. അങ്ങനെയെങ്കില്‍ നാട്ടുശാസ്ത്രവുമായി ബന്ധപ്പെട്ടമേഖലകള്‍ കൂടി ഉള്‍പ്പെടുത്തികൂടേ. അത് റസാക്ക് സന്തോഷപൂര്‍വും സ്വീകരിക്കുകയും ഒരു കരട് പ്രോജക്ടുണ്ടാക്കാന്‍ എന്നോട് പറയുകയും ചെയ്തു. ഞാന്‍ അങ്ങനെ ഒരു പ്രൊജക്ടുണ്ടാക്കി രാജഗോപാലന് അയച്ചുക്കൊടുത്തു.  അങ്ങനെ ഞങ്ങള്‍ ആ പ്രൊജക്ട് ഒരുമിച്ചു ചെയ്യാമെന്ന് തീരുമാനിച്ചു. പ്രൊജക്ടിന് പറ്റിയ ചിലരെകൂടി ഉള്‍പ്പെടുത്താന്‍ ഞങ്ങള്‍ ആലോചിക്കുകയും അവരുമായി സംസാരിക്കുകയും ചെയ്തിരുന്നു. പക്ഷെ ആ പ്രൊജക്ട് എന്തുക്കൊണ്ടോ പാതിവഴിയില്‍ നിന്നുപോയി. അതിന് പല കാരണങ്ങളുണ്ടായിരുന്നു. ഒന്നാമതായി റസാക്ക് ആവശ്യപ്പെട്ടരീതിയിലുള്ള ബജറ്റ് അംഗീകരിക്കപ്പെട്ടില്ല.രണ്ടാമതായി കച്ചവടമൂല്യത്തിന് പറ്റിയ രീതിയില്‍ ചാനല്‍ അതിന് ഭേദഗതികള്‍ മുന്നോട്ടുവെച്ചു. മൂന്നാമതായി സംസാരിക്കുന്ന അളവില്‍  റസാക്കിന് അത് ചെയ്യാനാവുമെന്ന ആത്മവിശ്വാസം ഇല്ലായിരുന്നു. നാലാമതായി ആസൂത്രണത്തിന്റെ ഏതോ ഘട്ടത്തില്‍ രാജഗോപാല്‍ മീഡിയവണ്ണില്‍ നിന്നും പുറത്തുപോയി.
യഥാര്‍ത്ഥത്തില്‍  ആ പ്രൊജക്ട് വഴി റസാക്ക് ആഗ്രഹിച്ചത് ഒരു റീവിസിറ്റായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലച്ചുപ്പോയ സര്‍ഗ്ഗാത്മകജീവിതത്തിന്റെ വീണ്ടെടുപ്പായിരുന്നു. ഒരു കാലത്ത് ഭൂമിയുടെ കമ്പനങ്ങള്‍ക്ക് നേരെ സദാ തുറന്നുവെച്ച ഒരു ആന്റിനയായിരുന്നു അയാള്‍. അതുക്കൊണ്ടാണല്ലൊ അദ്ദേഹത്തിന് നീണ്ടക്കരയിലേയും ചവറയിലേയും സ്വാഭാവിക റേഡിയേഷന് വിധേയരായ മനുഷ്യരെ ക്യാമറയില്‍ പകര്‍ത്താനായത്, എന്‍പതുകളിലെ ദാര്‍ശനികമായ ഒരു സ്തംഭനാവസ്ഥയില്‍ സിവിക്ചന്ദ്രനും എ.മോഹന്‍കുമാറും, സി.പി.ഗംഗാധരന്‍മാഷും കെ. അരവിന്ദാക്ഷനും അങ്ങനെ പലരും നയിച്ച ധിഷണാപരമായ അന്വേഷണങ്ങളോടൊപ്പം നില്‍ക്കാന്‍ കഴിഞ്ഞത്. വസന്തത്തിന്റെ ഇടിമുഴക്കത്തിനുശേഷമുണ്ടായ ഹിമപാതത്തില്‍ ഷുമേക്കര്‍, ഇവാന്‍ഇല്ലിച്ച്, പൗലേസ് ഫ്രേയര്‍, ഫുക്കുവോക്ക.എറിക്ക്‌ഫ്രോം തുടങ്ങിയവരുടെ ചിന്തകളോട് സഹവസിക്കുന്നത്.പരിസ്ഥിതിയുടെ, ആത്മീയതയുടെ, മാര്‍ക്‌സിസത്തിന്റെ, ഗാന്ധിയുടെ പുതുവായനകള്‍ക്ക് കാതോര്‍ക്കുന്നത്. ഒന്നാം ഗള്‍ഫുയുദ്ധകാലത്ത് സമാധാനദൗത്യത്തിന്റെ ഭാഗമായി ടോമിമാത്യുവിനോടൊപ്പം  ഇറാക്ക് സന്ദര്‍ശിക്കുന്നത്.  അങ്ങനെ കാലത്തോട് സക്രിയമായി പ്രതികരിച്ചിരിന്നപ്പോള്‍ തന്നെ അദ്ദേഹം ക്യാമറയെ തന്റെ സര്‍ഗ്ഗപ്രക്രിയക്കുള്ള പണിയായുധമാക്കിതീര്‍ക്കുകയും ചെയ്തു. അതുക്കൊണ്ടാണല്ലൊ ക്യമറക്കൊണ്ടെഴുതിയ കവിതയാണ് റസാക്കിന്റെ ഫോട്ടോഗ്രാഫുകളെന്ന് പലരും വിശേഷിപ്പിച്ചത്. ഇടക്കാലത്ത് അയാളുടെ ഭൂഖണ്ഡം ഇരുട്ടിലാവുകയും ജീവിതം പലരൂപത്തില്‍ അതിന് മീതെ മുന്നേറുകയും ചെയ്തു. ഈ മാറ്റങ്ങളോട് സര്‍ഗ്ഗാത്മകമായി പ്രതികരിക്കാന്‍ റസാക്കിന് സാധിച്ചില്ല.   അതായത് ആ പ്രൊജക്ട്‌ക്കൊണ്ട് മലബാറിലെ/ഭൂമിയിലെ രണ്ടു ജീവിതകാലങ്ങളെ ചിത്രീകരിക്കുക എന്നതിലുപരി റസാക്കിന്റെ പ്രതിഭക്കുചുറ്റും കട്ടിപിടിച്ച അന്ധകാരത്തെ വെളിച്ചം ക്കൊണ്ട് ശുശ്രൂഷിക്കാമെന്നുള്ള പ്രതീക്ഷയായിരുന്നു. കാലത്തിന് സമശീര്‍ഷനാവുക എന്നതായിരുന്നു.
മതിക്കുന്നിലെ ആശുപത്രിയുടെ മുന്നിലുള്ള ചെറിയ വയലിലൂടെ  സന്ധ്യകളില്‍ പലപ്പോഴും ഞാന്‍ റസാക്കിനോടൊപ്പം നടക്കാനിറങ്ങുമായിരുന്നു. അവിടെ അയാള്‍ ഞാന്‍ കാണാത്ത കാഴ്ചകള്‍ കണ്ടു. പകര്‍ത്തി. റസാക്കിന്റെ കണ്ണുകള്‍ക്ക് ദിവൃദൃഷ്ടിയുണ്ടെന്ന് ഞാന്‍ വിചാരിച്ചു.  ബഷിറിന്റേയും മാധവിക്കുട്ടിയുടേയും ഒ.വി.വിജയന്റേയും എം.ടി യുടേയും യതിയുടേയും അപൂര്‍വ്വദൃശ്യങ്ങള്‍ പതിഞ്ഞ ആ റെറ്റിനയെ അങ്ങനെയല്ലേ മനസ്സിലാക്കാന്‍ പറ്റൂ. ആ ലഘുയാത്രകളിലും പിന്നീട് പ്രൊജക്ടിനെക്കുറിച്ച് സംസാരിക്കാനായി നടത്തിയ മണിക്കൂറുകള്‍ നീണ്ട സംഭാഷണത്തിലും അദ്ദേഹം പരസ്പരബന്ധമില്ലാതെ, ആന്തരികമായ മറ്റേതൊ ബന്ധത്താല്‍,  ആവര്‍ത്തിച്ചുക്കൊണ്ടിരുന്നത് രണ്ട് ഇതിഹാസങ്ങളെക്കുറിച്ചാണ്. ഏകാന്തതയുടെ ന്തൂറുവര്‍ഷങ്ങളും ഖസാക്കിന്റെ ഇതിഹാസവും. 1995ലാണെന്ന് തോന്നുന്നു ഇന്‍ഡ്യറിവ്യുവിനുവേണ്ടി മലപ്പുറത്ത് പുഴയില്‍ പൈപ്പുബോംബ് കണ്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ദിവസം ഒരു രാത്രി മുഴുവന്‍ ഞങ്ങള്‍ ഇസ്ലാം രാഷ്ട്രീയത്തെപ്പറ്റി സംസാരിച്ചുക്കൊണ്ടിരുന്നു. അന്നും പലപ്പോഴും റസാക്ക് ആ നോവലുകള്‍  ഉദ്ധരിച്ചുക്കൊണ്ടിരുന്നു.  15 വര്‍ഷത്തിനുശേഷവും അതേ ആവേശത്തോടെയാണ് അദ്ദേഹം സംസാരിച്ചത്. റസാക്കിന് അവ വെറും സാഹിത്യകൃതികളല്ലെന്ന് എനിക്ക് മനസ്സിലായി. അവ റസാക്കിന്റെ ദര്‍ശനവും സംഘര്‍ഷങ്ങളും ജീവിതവുമായി കൂടികുഴഞ്ഞ് കിടക്കുന്നു. ഉന്മാദവും ലഹരിയും ചേര്‍ന്ന് ജീവിതത്തിലെ സാഹിത്യത്തിനും സാഹിത്യത്തിലെ ജീവിതത്തിനുമിടയിലെ അതിരുകള്‍ കിള്ളിക്കളഞ്ഞു. ഖസാക്കിലെ രവി പാമ്പുകടിയേറ്റ് മരിച്ചപ്പോള്‍ റസാക്ക് അവിടെ നിന്ന് വണ്ടി കയറി തലമുറകളുടേയും ഒരു ന്തൂറ്റാണ്ടിന്റേയും കഥ പറയുന്ന മെക്കൊണ്ടയിലിറങ്ങി എന്തിനോ വേണ്ടി കാത്ത് നില്‍ക്കുകയായിരുന്നു. അയ്യപ്പപണിക്കരെപ്പറ്റി കെ. രാജഗോപാലിന്റേയും ആശയുടേയും മുന്‍കൈയ്യില്‍ ഡോക്യുമെന്ററി ചെയ്യുന്ന കാലത്ത് അയ്യപ്പപണിക്കര്‍ റസാക്കിന്റെ ചിത്രീകരണത്തെ (റസാക്കായിരുന്നു സിനിമോട്ടോഗ്രാഫര്‍) റസാക്കിന്റെ ഇതിഹാസം എന്നു വിശേഷിപ്പിച്ചതും റസാക്കിന് പിറകെ മാര്‍കേസ്സ്  മരിച്ചതും  യാദൃശ്ചികതക്കുള്ളിലെ യാദൃശ്ചികതകളാണ്. റസാക്ക് 2014 ഏപ്രില്‍ 9 നും മാര്‍കേസ്സ് ഏപ്രില്‍ 17 നും മരിച്ചു.
ഈ രണ്ട് കൃതികളും അറുപതുകളുടെ സൃഷ്ടിയാണെന്നത് മറ്റൊരു യാദൃശ്ചികത. ഏകാന്തതയുടെ ന്തൂറുവര്‍ഷങ്ങള്‍ പ്രസിദ്ധീകരിച്ചത് 1967 ലാണ്. ഖസാക്കിന്റെ ഇതിഹാസം 1969ലും. ഈ കൃതികള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ റസാക്ക് വെറും സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു. 1960 ലാണ് റസാക്ക് ജനിച്ചത്.  റസാക്കിനെ ഇരിയ്ക്കപൊറുതില്ലാതാക്കിയതെന്താണ്. എപ്പോഴാണ് അയാള്‍ അയാളുടെ കൈയ്യില്‍ നിന്ന് വഴുതിപ്പോയത്. നമ്മളെല്ലാം പ്രായോഗികജീവിതവുമായി ബന്ധപ്പെട്ട് പൊരുത്തപ്പെടലുകളിലൂടെ ജീവിതം നിലനിര്‍ത്തുമ്പോള്‍..
റസാക്കിനുള്ളില്‍ പരസ്യപ്പെടാത്ത ഒരു സംഘര്‍ഷകേന്ദ്രം ഉണ്ടായിരുന്നുവെന്ന്  തോന്നുന്നു. കുടുംബജീവിതത്തിലെ സംഘര്‍ഷങ്ങള്‍ എല്ലാവര്‍ക്കുമറിയാവുന്നതാണ്. എന്നാല്‍ മതാത്മകമായ ചില ആശങ്കകള്‍ റസാക്കിനെ അലട്ടിയിരുന്നു. ഇസ്ലാമിന്റെ ഒരു ഉള്‍വിളി അയാളിലുണ്ടായിരുന്നു. കുടയുന്തോറും പിടിമുറുക്കുന്ന ഒന്ന്. മതജീവിതത്തില്‍ നിന്ന് ബഹുകാതം ദൂരെയായിരുന്നു അദ്ദേഹമെങ്കിലും. പതിറ്റാണ്ടുകള്‍ക്കുമുമ്പ് അയാള്‍ വിട്ടുപ്പോന്ന ഒരാത്മീയദേശത്തിന്റെ തിരിച്ചുവിളി അയാള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. സര്‍ഗ്ഗാത്മകതയുടേയും ഉന്മാദത്തിന്റേയും ലോകത്തിലൂടെ അയാള്‍ക്ക് നടക്കാനായത് ആ മതവ്യക്തിത്വം അഴിച്ചുവെച്ചതുക്കൊണ്ടാണ്. പുരോഹിതഇസ്ലാം കൈവെടിഞ്ഞ ആത്മീയതയുടെ പൂര്‍വ്വദേശങ്ങളോടായിരുന്നു, മിസ്റ്റിസസത്തോടായിരുന്നു അയാള്‍ക്ക് അനുരാഗം. അവിടെ നിന്ന  റസാക്കല്ല ജീവിതത്തിന്റെ സായഹ്നത്തില്‍ പെരുവഴിയില്‍ നിന്നത്. വിവാഹം കൊണ്ട്, മദ്യം കൊണ്ട്, അരാജകത്വം കൊണ്ട് മതത്തിന്റെ വാസ്തുവിദ്യക്ക് ഒരിക്കലും ചേരാത്ത ഒരു ഉടല്‍.
മറ്റൊന്ന് സര്‍ഗ്ഗാത്മക ജീവിതം നയിച്ച, ഇനിയും അതിനുവേണ്ട ഇന്ധനം നെഞ്ചിലുള്ള ഒരാള്‍ക്കുണ്ടാവുന്ന  ഇച്ഛാഭംഗങ്ങളും ആത്മനിന്ദയുമാണ്. മനസ്സില്‍ പ്ലാനുകളുടെ ഒരു വസന്തമുണ്ടാവുകയും അവ ആവിഷ്‌ക്കരിക്കാനാവാതെ ഒരു ശിശിരത്തിലെന്നപ്പോലെ മഞ്ഞുമൂടിപ്പോവുകയും ചെയ്യുമ്പോഴുണ്ടാവുന്ന മനസ്സിന്റെ തകര്‍ച്ച . അയാളുടെ ഉള്ളില്‍ വിരിയുന്ന ഓരോ പദ്ധതിക്കും അതിന്റേതായ കാവ്യഭംഗിയുണ്ടായിരുന്നു. എന്നാല്‍ അടുത്തതിര കൂട്ടിക്കൊണ്ടുപോവുന്ന മണല്‍ക്കൊട്ടാരങ്ങളായിരുന്നു അവയെല്ലാം.
ഇതുവരെ ലോകം കണ്ടതിനേക്കാള്‍ വലിപ്പമുണ്ട് വാസ്തവത്തില്‍ റസാക്കിന്. അയാളുടെ ഭാവനകള്‍ക്ക് അത്രമാത്രം ഔന്നത്യമുണ്ട്. എന്നാല്‍ ലോകം അയാളെ വിലയിരുത്തുന്നത് എത്രത്തോളം അയാള്‍ ആവിഷ്‌ക്കരിക്കപ്പെട്ടു എന്നതിന്റെ അടിസ്ഥാനത്തിലാണ്. റസാക്ക് അയാളെ കണ്ടിരുന്നതാകട്ടേ ഇനിയും ആവിഷ്‌ക്കരിക്കപ്പെടാനുള്ള സാമഗ്രികളും കൂട്ടിച്ചേര്‍ത്താണ്. ഇറക്കാനും തുപ്പാനും പറ്റാത്ത രീതിയില്‍ കണ്ഠത്തില്‍ കുടുങ്ങിപ്പോയ വിഷമായിതീര്‍ന്നു അയാള്‍ക്ക് തന്റെ സര്‍ഗ്ഗാത്മകജീവിതം. ഈ സംഘര്‍ഷങ്ങളില്‍ നിന്ന് അദ്ദേഹം താല്ക്കാലികമായി രക്ഷപ്പെട്ടിരുന്നത് വാങ്മയചിത്രങ്ങളുണ്ടാക്കിയാണ്. അതുക്കൊണ്ടാണ് എപ്പോഴും തനിക്ക് ചെയ്യാനുള്ള  ആയിരം കാര്യങ്ങളെപ്പറ്റി അയാള്‍ വാചാലനായത്. ഒടുവിലൊടുവില്‍ കേള്‍ക്കാനുള്ള ക്ഷമപ്പോലും അയാള്‍ക്ക് ഇല്ലാതായിരുന്നു. ഒരു കാലത്ത് തന്റെ സര്‍ഗ്ഗാത്മകതയെ പൊലിപ്പിച്ച, ഉന്മാദത്തെ ജ്വലിപ്പിച്ച, മദ്യം എതിര്‍ദിശയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ കൂടി ഫലമാണത്. ജീവിതത്തിന്റെ ലഹരിയെ/ സര്‍ഗ്ഗാത്മകതയെ മദ്യത്തിന്റെ അധികഡോസ് നിര്‍വീര്യമാക്കുന്നു.  മദ്യം ജീവിതം ചേര്‍ത്ത് കഴിക്കാന്‍ റസാക്ക് മറന്നുപോയെന്ന് ഒരു സ്വകാര്യസംഭാഷണത്തില്‍ സംഗീതസംവിധായകന്‍ ഷഹബാസ് പറഞ്ഞത് വളരെ അര്‍ത്ഥവത്താണ്. ഉന്മാദം അങ്ങനെ മരണോന്മുഖമാവുന്നു. ഉന്മാദത്തിന് രണ്ടുതലങ്ങളുണ്ടെന്ന് ഞാന്‍ വിചാരിക്കുന്നു. —ജീവിതോന്മുഖവും മരണോന്മുഖവും. സര്‍ഗ്ഗാത്മകതയുടെ ലഹരിയാണ് ഉന്മാദത്തെ ജീവിതോന്മുഖമായി നിലനിര്‍ത്തുന്നത്. തീഷ്ണമായ ആന്തരികസംഘര്‍ഷങ്ങളാണ് ആ ലഹരിയെ ചൂടുപിടിപ്പിക്കുന്നത്. അങ്ങനെ ഹൃദയത്തിന്റെ ചൂടേറ്റാണ് ഓരോ സൃഷ്ടിയും വിരിഞ്ഞിറങ്ങുന്നത്. അത് വെളിച്ചമുണ്ടാക്കുന്നത് മെഴുകുതിരിപ്പോലെ സ്വയം എരിഞ്ഞുക്കൊണ്ടാണ്. എത്ര കോപ്പമദ്യത്തിലാണ് ആ ലഹരി പൊലിപ്പിക്കപ്പെടുന്നത്?. എത്ര കോപ്പ മദ്യത്തിലാണ് അത് പൊലിഞ്ഞുപോകുന്നത്? റസാക്കിന് അറിയാതെപോയത് അതാണ്.
ഒരിക്കല്‍ ,2012 മാര്‍ച്ച് മാസത്തിലെന്നു തോന്നുന്നു, റസാക്ക് എന്നോട് കോട്ടക്കലിലേക്ക് വരാന്‍ പറഞ്ഞു. ഞാന്‍ രാത്രി 8 മണിയോടുകൂടി അവിടെ എത്തി. ഉമ്മ അവിടെ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് അനുജനും ഫോട്ടോഗ്രാഫറുമായ റഷീദാണ്. റഷീദ് മറ്റെന്തൊ ആവശ്യവുമായി ബന്ധപ്പെട്ട് പുറത്തുപ്പോയി. പിന്നെ ഞങ്ങള്‍ മാത്രമായി. അന്ന് രാത്രി മൂന്നു മണിവരെ റസാക്ക് സംസാരിച്ചു. റസാക്ക് ഉ•ാദത്തിന്റെ വേലിയേറ്റത്തിലായിരുന്നു.  ഞാന്‍ അത്രയും നേരം വെറും കേള്‍വിക്കാരനായിരുന്നു. അന്ന് എനിക്ക് ഈ കാര്യങ്ങളെല്ലാം കുറച്ചുകൂടി വ്യക്തമായി.
ഉന്മാദത്തെ കേരളം എല്ലാ കാലത്തും ആഘോഷിച്ചിട്ടുണ്ട്. ഉന്മാദം ദിവ്യമായ ഒരു വട്ടാണ്. അതില്‍ പ്രതിഭയുടെ മിന്നലാട്ടമുണ്ടാവും. ഹൃദയഹാരിയായ ദര്‍ശനങ്ങളുണ്ടാവും. അവര്‍ ഒരു ഘടനയിലും കൊള്ളില്ല. അവര്‍ എപ്പോഴും വിമതരും അരാജകവാദികളുമായിരിക്കും. അവര്‍ അരിക് സത്യങ്ങള്‍ വിളിച്ചു പറയും. അപസ്വരങ്ങളുണ്ടാക്കും.  പക്ഷെ അവക്ക് സംഘടിതരൂപം നല്‍കുന്നതിനൊ പ്രസ്ഥാനങ്ങല്‍ ഉണ്ടാക്കുന്നതിനൊ അവര്‍ക്ക് കഴിയില്ല.  അവരെ ഒരിക്കലും അനുകരിക്കാനാവില്ല. അവര്‍ അനുകരണീയരുമല്ല. കേരളത്തിലെ ഉന്മാദികളുടെ മഹാഗുരു നാറാണത്ത് ഭ്രാന്തനാണ്. കേരളത്തിന്റെ വംശോല്പത്തിയുടെ കഥ മാത്രമല്ല അത്, ഉന്മാദികളുടെ വംശോല്പത്തികഥകൂടിയാണ്. ജീവിതത്തിന്റെ കാണാകാഴ്ചകളിലേക്കുള്ള എത്തിനോട്ടമാണ് ആ ഭ്രാന്തിന്റെ അടയാളം. അയാള്‍ സ്വയം ഒരു ദര്‍ശനവും ലോകബോധവുമാണ്. 12 മക്കളില്‍ അയാള്‍ക്ക് മാത്രം ജാതിയില്ല, മതമില്ല, അതായത് ഭ്രാന്തിന് / ഉന്മാദത്തിന് ജാതിയില്ലെന്നര്‍ത്ഥം. അല്ലെങ്കില്‍ ഉന്മാദം സ്വയം ഒരു ജാതിയെന്നര്‍ത്ഥം.ഉന്മാദികള്‍ തന്റെ പ്രതിഭക്കൊണ്ട് ഉള്‍ക്കാഴ്ചക്കൊണ്ട്  ഉച്ചനീചത്വങ്ങളെ റദ്ദ് ചെയ്യുന്നു. അവര്‍ ഒരു വ്യവസ്ഥക്കും വഴങ്ങാതാവുന്നു. ആധൂനികകേരളത്തിന് ആ പരമ്പരയില്‍ ചേര്‍ക്കാന്‍ പല പേരുകളുമുണ്ട്. വൈക്കം മുഹമ്മദ് ബഷീര്‍, ജോണ്‍ എബ്രഹാം, സുരാസു, എ. അയ്യപ്പന്‍ തുടങ്ങി റസാക്ക് വരെ. ഇത്തരം ഉന്മാദത്തിന് ചികിത്സയില്ല. എപ്പോഴും സര്‍ഗ്ഗാത്മകമായിരിക്കുക എന്ന കയ്പുനീരാണ് അതിന്റെ ഔഷധം.  മദ്യത്തിന്റെ ലഹരിയെ അതിര് വിട്ട്  പുണര്‍ന്നാല്‍ ഉന്മാദം മാത്രം ബാക്കിയാവുകയും പ്രതിഭ ഒളിച്ചോടുകയും ചെയ്യും. റസാക്കിന് പിഴച്ചത് അവിടെയാണെന്ന് തോന്നുന്നു. റസാക്ക് ശരിക്കും ലഹരിവെട്ടിക്കളഞ്ഞ പ്രതിഭയാണ്. പ്രതിഭയുടെ നാശം മരണം തന്നെയാണ്. പിന്നീടുള്ള റസാക്കിന്റെ ജീവിതം റസാക്കിന്റേതല്ല റസാക്കിന്റെ സ്മാരകത്തിന്റേതാണ്.
ഈ ഭൂമിയില്‍ ഒരാള്‍ നടക്കുന്നത് അയാളുടെ കാലുകള്‍ക്കൊണ്ട് മാത്രമല്ല. സംസ്‌ക്കാരംകൊണ്ടും സര്‍ഗ്ഗാത്മകതകൊണ്ടുമാണ്. എന്ത് കാണണം,എന്ത് കാണരുത് എന്ത് കഴിക്കണം/എന്ത് കഴിക്കരുത്. എന്ത് പഠിക്കണം/ എന്ത് പഠിക്കരുത്…. എന്നെല്ലാം നാം അിറയാതെ തന്നെ നാം അിറയുന്നുണ്ട്. വീടും സ്‌ക്കൂളും നാടും സുഹൃത്തുക്കളും പണിശാലകളും ഒരുവനെ അങ്ങനെ സംസ്‌ക്കരിക്കുന്നു. സംസ്‌ക്കാരത്തിന്റെ ചെരിപ്പിനനുസരിച്ച് കാല്‍ ഷെയ്പ്പ് ചെയ്യുന്നു. അതായത് സമൂഹം പല തച്ച് പണിതാണ് ഒരുവനെ സംസ്‌ക്കരിക്കുന്നത്. വ്യവസ്ഥാപിതമായ ശീലത്തിന്റേയും വഴക്കങ്ങളുടെയും ചതുരക്കള്ളിയില്‍ തളക്കപ്പെുടുന്നത്.  അതോടെ ഒരുവന്‍ ഭരണകൂടത്തിനും സമൂഹത്തിനും ഒരുപോലെ സ്വീകാര്യനാവുന്നു. മാത്രമല്ല , വ്യക്തിയെ സംബന്ധിച്ചിടത്തോളം അത് സുഖകരമായ അതിജീവനതന്ത്രമായി അനുഭവപ്പെടുകയും ചെയ്യുന്നു. ഈ പൊരുത്തപ്പെടല്‍ ചിലര്‍ക്ക് സാധ്യമല്ല, അങ്ങനെയാണ് ഒരു അരാജകവാദിയുണ്ടാവുന്നത്. അവര്‍ വിലക്കപ്പെട്ട ഭക്ഷണം കഴിക്കുന്നു. അപ്രിയസത്യങ്ങള്‍  കാണുകയും  കേള്‍ക്കുകയും ചെയ്യുന്നു. ഒരാള്‍  അങ്ങനെ സംസ്‌ക്കാരത്തിന് അണ്‍ഫിറ്റാവുന്നു. ഒരാള്‍  അങ്ങനെ അനഭിമതനാവുന്നു. അങ്ങനെ വ്യവസ്ഥാപിതസംസ്‌ക്കാരത്തില്‍ അണ്‍ഫിറ്റായി പോയവരിലൊരാളാണ് റസാക്ക്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply