ജനങ്ങളുടെ പ്രശ്‌നം ആരുടെ താല്‍പ്പര്യമാണ് സംരക്ഷിക്കപ്പെടുന്നത് എന്നതാണ്

ഡോ ആസാദ് കമ്യൂണിസ്റ്റുകാര്‍ അഴിമതിക്കു കൂട്ടു നില്‍ക്കുകയില്ല എന്നുറപ്പിക്കുന്ന വിധി ആഹ്ലാദകരമാണ്. ലാവ്‌ലിന്‍കേസില്‍ പിണറായി വിജയന്റെ പേരിലുള്ള കുറ്റാരോപണം അസാധുവാക്കിയ ജസ്റ്റിസ് ഉബൈദിന്റെ ഉത്തരവ് ഇടതുപക്ഷ രാഷ്ട്രീയത്തിന് വലിയ ഊര്‍ജ്ജമാണ് പകര്‍ന്നിരിക്കുന്നത്. ഇതിനര്‍ത്ഥം ഈ കേസ് ഉയര്‍ന്നുവന്നതും ഇനി അടുത്ത നിയമ നടപടികളിലേക്കു നീങ്ങുന്നതും അസ്വാഭാവിക നടപടികളായി കാണണമെന്നല്ല. സംസ്ഥാനത്തിനോ രാജ്യത്തിനോ നഷ്ടത്തിനിടയാക്കുന്ന കരാറുകളും ഇടപാടുകളും എക്കാലത്തും ഒച്ചപ്പാടുണ്ടാക്കിയിട്ടുണ്ട്. ഇവയില്‍ മിക്കതും കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടുകളിലൂടെയാണ് പുറത്തു വന്നിട്ടുള്ളത്. അവയുടെ അന്വേഷണം സ്വാഭാവികമായും അതതുകാലത്തെ […]

ppഡോ ആസാദ്

കമ്യൂണിസ്റ്റുകാര്‍ അഴിമതിക്കു കൂട്ടു നില്‍ക്കുകയില്ല എന്നുറപ്പിക്കുന്ന വിധി ആഹ്ലാദകരമാണ്. ലാവ്‌ലിന്‍കേസില്‍ പിണറായി വിജയന്റെ പേരിലുള്ള കുറ്റാരോപണം അസാധുവാക്കിയ ജസ്റ്റിസ് ഉബൈദിന്റെ ഉത്തരവ് ഇടതുപക്ഷ രാഷ്ട്രീയത്തിന് വലിയ ഊര്‍ജ്ജമാണ് പകര്‍ന്നിരിക്കുന്നത്.
ഇതിനര്‍ത്ഥം ഈ കേസ് ഉയര്‍ന്നുവന്നതും ഇനി അടുത്ത നിയമ നടപടികളിലേക്കു നീങ്ങുന്നതും അസ്വാഭാവിക നടപടികളായി കാണണമെന്നല്ല. സംസ്ഥാനത്തിനോ രാജ്യത്തിനോ നഷ്ടത്തിനിടയാക്കുന്ന കരാറുകളും ഇടപാടുകളും എക്കാലത്തും ഒച്ചപ്പാടുണ്ടാക്കിയിട്ടുണ്ട്. ഇവയില്‍ മിക്കതും കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടുകളിലൂടെയാണ് പുറത്തു വന്നിട്ടുള്ളത്. അവയുടെ അന്വേഷണം സ്വാഭാവികമായും അതതുകാലത്തെ വകുപ്പു തലവന്മാരിലേക്കും മന്ത്രിമാരിലേക്കും നീങ്ങിയിട്ടുണ്ട്. ബോഫോഴ്‌സ് ഇടപാടില്‍ രാജീവ് ഗാന്ധിയും പാമോലിന്‍ കേസില്‍ കെ കരുണാകരനും ഉള്‍പ്പെട്ടത് ഇങ്ങനെയാണ്. ഉദ്യോഗസ്ഥര്‍ക്കല്ല, മന്ത്രിമാര്‍ക്കാണ് കരാറുകളും നടപടിക്രമങ്ങളും അംഗീകരിക്കാന്‍ അധികാരമുള്ളത്. ജനാധിപത്യ ഗവണ്‍മെന്റുകളുടെ രീതിയതാണ്.
ലാവ്‌ലിന്‍ കേസില്‍ ധാരണാപത്രം ഒപ്പുവെച്ചത്, കാര്‍ത്തികേയന്‍ വൈദ്യുതി മന്ത്രിയായിരിക്കുമ്പോഴാണ്. വ്യാപാരക്കരാറാക്കുന്നത് പിണറായിയുടെ കാലത്താണ്. നടത്തിപ്പു പ്രധാനമായും ശര്‍മ്മയുടെയും പില്‍ക്കാല മന്ത്രിമാരുടെയും കാലത്താണ്. ഇതില്‍ പിണറായിയെ മാത്രം ഉള്‍പ്പെടുത്തിയുള്ള അന്വേഷണം മതിയാവില്ലെന്ന അഭിപ്രായം തള്ളിക്കളയാനാവില്ല. പക്ഷെ, കാര്‍ത്തികേയനെയും ശര്‍മ്മയെയും ഉള്‍പ്പെടെ കേസിന്റെ ഭാഗമാക്കാനല്ല, മറ്റുള്ളവരെ ചേര്‍ക്കാത്തതിന്റെ മറവില്‍ കേസുതന്നെ ദുരുപദിഷ്ടമാണെന്നു വാദിക്കാനായിരുന്നു വെമ്പല്‍.അത് സംസ്ഥാന താല്‍പ്പര്യത്തിനു ചേര്‍ന്നതായില്ല.
പിണറായിയ്‌ക്കെതിരായ ആരോപണത്തിന്റെ കാതല്‍, റദ്ദാക്കാമായിരുന്ന യു ഡി എഫ് സര്‍ക്കാറിന്റെ ധാരണാപത്രം ഉറപ്പിച്ചു എന്നതാണ്. വൈദ്യുതി രംഗത്ത് ദുരൂഹമായ താല്‍പ്പര്യങ്ങളോടെയും ലോകബാങ്ക് നിര്‍ദ്ദേശാനുസരണമായും പ്രവര്‍ത്തിച്ചുപോന്ന കമ്പനിയാണ് ലാവലിന്‍. അത്തരം അന്താരാഷ്ട്ര കമ്പനികളുമായി കരാറുണ്ടാക്കുന്നതിന് എതിരായ നയമായിരുന്നു അന്നൊക്കെ ഇടതുപക്ഷത്തിന്റേത്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ ആശ്രയിക്കണമെന്നും ശക്തിപ്പെടുത്തണമെന്നുമുള്ള നിശ്ചയം സി പി എമ്മിനുമുണ്ടായിരുന്നു. അതാണ്, നായനാര്‍ സര്‍ക്കാര്‍ 1996ല്‍ നിയോഗിച്ച ബാലാനന്ദന്‍ കമ്മറ്റിയും റിപ്പോര്‍ട്ട് ചെയ്തത്. ആ റിപ്പോര്‍ട്ട് സ്വീകരിച്ചശേഷമാണ് പിണറായി കാനഡയിലേക്കു വിമാനം കയറിയത്. റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ പാര്‍ട്ടിയോ സര്‍ക്കാറോ ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്തില്ല.
ഇന്നു വിഴിഞ്ഞം പദ്ധതിയിലെന്നപോലെ, അന്നും പാര്‍ട്ടിയുടെയും ഇടതുപക്ഷത്തിന്റെയും നയങ്ങളെ പിന്തുടരാനല്ല, യുഡിഎഫ് നയനടത്തിപ്പുകളുടെ തുടര്‍ച്ച സൃഷ്ടിക്കാനാണ് പിണറായി മുതിര്‍ന്നത്. അതിനാല്‍ വലതുപക്ഷ രാഷ്ട്രീയം വഴുതിവീഴാറുള്ള ജീര്‍ണനിലങ്ങളെ അദ്ദേഹത്തിനും ഒഴിവാക്കാനായില്ല. എന്തെങ്കിലും വ്യക്തിപരമായ നേട്ടമുണ്ടാക്കിയോ എന്നതാവില്ല, പൊതുസമൂഹത്തിന് ക്ഷീണമുണ്ടാക്കിയോ എന്നതാവും നയത്തിന്റെയും നടത്തിപ്പിന്റെയും ഉരകല്ല്. ലോകബാങ്കുതന്നെ പിന്നീട് കരിമ്പട്ടികയില്‍ പെടുത്തിയ അവരുടെ ഒരു കൈയാള്‍ കമ്പനിയെ ഒരു സിപിഎം നേതാവ് ആശങ്കയേതുമില്ലാതെ പുണര്‍ന്നതാണ് വിചിത്രമായ കാര്യം. വൈദ്യുതി മേഖല മൂന്നായി വെട്ടിമുറിക്കാനും സ്വകാര്യ പങ്കാളിത്തത്തിലേയ്ക്കു നയിക്കാനും മുന്‍കയ്യെടുത്തു വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചുപോന്ന ഒരു ഏജന്‍സിയെ സ്വീകരിച്ചാനയിക്കാന്‍ അദ്ദേഹത്തിന് എങ്ങനെ സാധിച്ചു? സ്വന്തം രാഷ്ട്രീയത്തെ മറക്കാനുള്ള ശക്തമായ പ്രേരണയില്ലാതെ അതു സാധ്യമാവില്ല.
ഈ വിമര്‍ശനം ഇടതുപക്ഷത്തുനിന്നേ ഉയരുകയുള്ളു. കോണ്‍ഗ്രസ്സും ബി ജെ പിയും ഉള്‍പ്പെടെയുള്ള വലതുപക്ഷം ആഗ്രഹിച്ചതേ വിജയനും ചെയ്തിട്ടുള്ളു. സിപിഎം ആരോപിക്കുന്നതുപോലെ, സിപിഎമ്മിനെ അടിക്കാനുള്ള വടി എന്നതിലപ്പുറം അവര്‍ക്ക് താല്‍പ്പര്യങ്ങളൊന്നുമില്ല. ബോഫോഴ്‌സ്, ലോട്ടറി, ആദര്‍ശ്, സിമെന്റ്, വ്യാപം, ശാരദാ ചിട്ടി, സോളാര്‍ എന്നിങ്ങനെ എണ്ണമില്ലാത്ത അഴിമതികളെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ തടയാന്‍ ഒരു പരിചയേ അവര്‍ക്കു വേണ്ടൂ. വലതുപക്ഷ രാഷ്ട്രീയ സമീപനങ്ങള്‍ രാജ്യത്തെ എത്തിച്ചിരിക്കുന്നത് അഴിമതിയുടെ സമുദ്രത്തിലാണ്. അവിടെ വേറിട്ടൊരു നയവും സമീപനവുമാണ് ഇടതുപ്ഷത്തുനിന്ന് പ്രതീക്ഷിക്കുന്നത്.
സി എ ജി കണ്ടെത്തലുകളെ അവഗണിച്ചു വിഴിഞ്ഞം അദാനിക്കു തീറെഴുതുന്നതും മൂന്നാറില്‍ കയ്യേറ്റക്കാരെ സംരക്ഷിക്കുന്നതും ദേശീയപാത ഏറ്റവും വലിയ സ്വകാര്യവല്‍ക്കരണത്തിന് വിട്ടു നല്‍കുന്നതും നാട്ടുപണക്കാരുടെ അതിക്രമങ്ങള്‍ക്കു മുന്നില്‍ മൗനം പാലിക്കുന്നതും ലാവ്‌ലിനെക്കാള്‍ വലിയ വലതുപക്ഷ പാതകങ്ങളാണ്. ഇതിലൊന്നും മുഖ്യമന്ത്രിക്കു പങ്കില്ലെന്നു നാം വിശ്വസിക്കുന്നതെങ്ങനെ? നയത്തിന്റെ കാര്യത്തില്‍ പറയുന്നതില്‍നിന്നു വേറിട്ടൊരു രീതിയാണ് പ്രകടമാവുന്നത്. അതാണ് ജനങ്ങളുടെ മുന്നില്‍ വിശദീകരിക്കേണ്ടിവരിക. ഇത്തരമൊരു വിചാരണയിലൂടെയാണ് ബുദ്ധദേവ് കടന്നുപോയതെന്ന് മറന്നുകൂടാ.
ലാവ്‌ലിനുമായി ബന്ധപ്പെട്ട വിചാരണയിലേക്കു കോടതികള്‍ നീങ്ങിയിട്ടില്ല. അതുണ്ടാവുകയാണെങ്കില്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തുവരട്ടെ. രാജ്യത്തെ അഴിമതിക്കേസുകളില്‍ വളരെക്കുറച്ചു മാത്രമേ വേഗത്തിലുള്ള വിചാരണയിലൂടെ തീര്‍പ്പിലെത്തിയിട്ടുള്ളു. ജസ്റ്റിസ് ഉബൈദിന്റെ വിധി ആശ്വാസകരമാണെങ്കിലും അവസാനത്തേതെന്നു കരുതാനാവില്ല. ബാര്‍കോഴ – സോളാര്‍ കേസുകളില്‍ തൃശൂര്‍ വിജിലന്‍സ് കോടതി കേസെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കെ ബാബുവിനും ഉമ്മന്‍ചാണ്ടിക്കും ആര്യാടന്‍ മുഹമ്മദിനും തുണയായ വിധിയും ഉബൈദിന്റെതായിരുന്നു. അവരൊക്കെ അതതുകേസുകളില്‍ ഒരു പങ്കുമില്ലാത്തവരാണെന്ന് സിപിഎമ്മെങ്കിലും സമ്മതിച്ചുകൊടുത്തിട്ടുണ്ടോ? നിയമത്തിന് അതിന്റെ വഴികളോ രീതികളോ പഴുതുകളോ ഒക്കെയുണ്ടെന്നേ ധരിയ്‌ക്കേണ്ടൂ. ജനങ്ങളുടെ പ്രശ്‌നം ആരുടെ താല്‍പ്പര്യമാണ് സംരക്ഷിക്കപ്പെടുന്നത് എന്നതു മാത്രമാണ്.

ഫേസ് ബുക്ക് പോസ്റ്റ്

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply