ചമ്പാരന്‍ സത്യാഗ്രഹം ആഘോഷിക്കുമ്പോള്‍
ഇര്‍ഫാന്‍ ഹബീബ് നമ്മുടെ ദേശീയ പ്രസ്ഥാനത്തിന്റെ ആദര്‍ശങ്ങളും സംഭവങ്ങളും പൊതു സമൂഹത്തിന്റെ ഓര്‍മ്മകളില്‍ നിന്നും മാഞ്ഞുപോയിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍, അന്നത്തിനും ഭൂമിക്കും വേണ്ടിയുള്ള ഇന്ത്യയിലെ കര്‍ഷകരുടെ മഹാസമരവുമായി ദേശീയ പ്രസ്ഥാനത്തെ ബന്ധിപ്പിച്ചതും ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ സംഭവങ്ങളില്‍ ഒന്നുമായ 1917 ലെ ചമ്പാരന്‍ സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷിക്കുന്നത് നമ്മുടെ കടമയാണ്. 1757 ലെ പ്ലാസ്സിയുദ്ധ വിജയത്തിനുശേഷം, ബ്രിട്ടീഷ് ഭരണമെന്നത് ഇന്ത്യയെ കടുത്ത ചൂഷണം ചെയ്യലായിരുന്നു. അതിന് മുഖ്യമായും ഇരകളായത് കര്‍ഷകരും കൈത്തൊഴിലാളികളുമടക്കമുള്ള സാധാരണ തൊഴിലാളികളായിരുന്നു. […]
നമ്മുടെ ദേശീയ പ്രസ്ഥാനത്തിന്റെ ആദര്‍ശങ്ങളും സംഭവങ്ങളും പൊതു സമൂഹത്തിന്റെ ഓര്‍മ്മകളില്‍ നിന്നും മാഞ്ഞുപോയിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍, അന്നത്തിനും ഭൂമിക്കും വേണ്ടിയുള്ള ഇന്ത്യയിലെ കര്‍ഷകരുടെ മഹാസമരവുമായി ദേശീയ പ്രസ്ഥാനത്തെ ബന്ധിപ്പിച്ചതും ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ സംഭവങ്ങളില്‍ ഒന്നുമായ 1917 ലെ ചമ്പാരന്‍ സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷിക്കുന്നത് നമ്മുടെ കടമയാണ്.
1757 ലെ പ്ലാസ്സിയുദ്ധ വിജയത്തിനുശേഷം, ബ്രിട്ടീഷ് ഭരണമെന്നത് ഇന്ത്യയെ കടുത്ത ചൂഷണം ചെയ്യലായിരുന്നു. അതിന് മുഖ്യമായും ഇരകളായത് കര്‍ഷകരും കൈത്തൊഴിലാളികളുമടക്കമുള്ള സാധാരണ തൊഴിലാളികളായിരുന്നു. സമ്പത്തിന്റെ കൊള്ളയും തദ്ദേശീയ വ്യവസായങ്ങളെ തകര്‍ക്കലും കൂടി ഇന്ത്യയെ നശിപ്പിക്കുകയാണെന്ന് ബോദ്ധ്യപ്പെടുത്തുവാന്‍ ആദ്യകാല ദേശീയ നേതാക്കളുടെ ബുദ്ധിപരമായ ഇടപെടലുകള്‍ക്ക് കഴിഞ്ഞു. ദാദാബായ് നവറോജി എഴുതിയ ‘Poverty and Un-British rule in India (1901), ഞ.ഇ. ദത്ത് 2 ഭാഗങ്ങളായി എഴുതിയ Economic History of India under British Rule (1901, 1903) എന്നീ പുസ്തകങ്ങള്‍ അതിന് തെളിവാണ്. പിന്നീട് 1909 ല്‍ ഗാന്ധിജി എഴുതിയ ഹിന്ദ് സ്വരാജിലും ഈ കണ്ടെത്തലുകള്‍ ക്രോഡീകരിച്ചിട്ടുണ്ട്. ചൂഷകരായി ഇംഗ്ലീഷുകാര്‍ നേരിട്ട് പ്രത്യക്ഷപ്പെടാത്ത രീതിയിലാണ് ഇന്ത്യയുടെ സമ്പത്ത് കൊള്ളയടിച്ചതെന്ന് ഈ പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. തദ്ദേശീയരായ ജമീന്ദാര്‍മാരിലൂടെയാണ് ഭൂസ്വത്ത് സമാഹരിച്ചത്. ഇന്ത്യന്‍ കച്ചവടക്കാരിലൂടെയും വില്പനക്കാരിലൂടെയുമാണ് ബ്രിട്ടീഷ് ഉല്പന്നങ്ങള്‍ വിറ്റഴിച്ചത്. തോട്ടങ്ങളിലും ഖനികളിലും മാത്രമാണ് ഇംഗ്ലീഷുകാര്‍ നേരിട്ട് അടിച്ചമര്‍ത്തുന്നവരായി എത്തിയത്. തോട്ടങ്ങളില്‍ തന്നെ ചൂഷണത്തിന്റെ ഏറ്റവും നീണ്ട ചരിത്രമുള്ളത് ‘നീലം’ തോട്ടങ്ങളിലാണ്. നൂറ്റാണ്ടുകളായി കര്‍ഷകര്‍ പ്രാദേശികമായി നട്ടുവളര്‍ത്തി, ഉല്പാദിപ്പിച്ചിരുന്ന ഇന്ത്യയുടെ പ്രശസ്തമായൊരു തനത് ഉല്പന്നമായിരുന്നു നീലം. പതിനേഴാം നൂറ്റാണ്ടോടെ വെസ്റ്റ് ഇന്‍ഡീസില്‍ യൂറോപ്യന്മാരുടെ ഉടമസ്ഥതയില്‍ അടിമകളെ ഉപയോഗിച്ച് നടത്തിയിരുന്ന തോട്ടങ്ങളിലും നീലം ഉല്പാദിപ്പിക്കുവാന്‍ തുടങ്ങി. ബോയിലറുകള്‍ ഉപയോഗിച്ച് നീലം വേര്‍തിരിക്കുന്ന അവരുടെ രീതി ഏറെ മെച്ചപ്പെട്ടതായിരുന്നു. ഇംഗ്ലീഷുകാര്‍ ബംഗാള്‍ കീഴടക്കിയതോടെ യൂറോപ്യന്മാരായ ‘നീലം’ തോട്ടക്കാര്‍ അവിടെയും എത്തി. തങ്ങളുടെ ഫാക്ടറികളില്‍ ഉപയോഗിക്കുവാനുള്ള ‘നീലം’ കൃഷി ചെയ്ത് നല്‍കുവാന്‍ അവര്‍ ജമീന്ദാര്‍മാരിലൂടെ കര്‍ഷകരെ നിര്‍ബ്ബന്ധിച്ചു. ബന്ധുമിത്രയുടെ ‘Neel Darpan'(1860) എന്ന പുസ്തകത്തില്‍ വിവരിക്കുന്നതുപോലെ, കൃഷി ചെയ്ത് ഉല്പന്നം ചുരുങ്ങിയ വിലയ്ക്ക് വില്‍ക്കുവാന്‍ കര്‍ഷകരെ നിര്‍ബ്ബന്ധിതരാക്കുന്ന ബ്രിട്ടീഷുകാരുടെ തന്ത്രങ്ങള്‍ ബംഗാളിലെ ‘നാദിയ’ യില്‍ 1859-60 കാലങ്ങളില്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് ഇടയാക്കി. എന്നാല്‍, ഭരണകൂടം അവയെ അടിച്ചമര്‍ത്തി.
‘നീലം’ തോട്ടങ്ങള്‍ നിലവിലുണ്ടായിരുന്ന ബീഹാറിലും ബ്രിട്ടീഷുകാര്‍ ജമീന്ദാരി സമ്പ്രദായത്തിന്റെ കരങ്ങളുപയോഗിച്ച് കര്‍ഷകരെ തങ്ങളുടെ മുമ്പില്‍ കുമ്പിടാന്‍ നിര്‍ബ്ബന്ധിച്ചു. ജമീന്ദാര്‍മാരെ വിലയ്‌ക്കെടുക്കുവാന്‍ കഴിയാത്തയിടങ്ങളില്‍ അവര്‍ പാട്ട ഉടമ്പടിയിലൂടെ ജമീന്ദാര്‍മാരുടെ അവകാശങ്ങളും അധികാരങ്ങളും കൈക്കലാക്കി. ബീഹാറിലെ ചമ്പാരന്‍ ജില്ലയില്‍, യൂറോപ്യന്‍ തോട്ടക്കാര്‍ ഗ്രാമങ്ങള്‍ മുഴുവനായിത്തന്നെ പാട്ടത്തിനെടുത്തു. തുണിത്തരങ്ങളുടെ ഇറക്കുമതി വര്‍ദ്ധനവിലൂടെ നീലത്തിനുള്ള ആവശ്യവും കൂടിയപ്പോള്‍, വാടകക്കു നല്‍കിയ ഭൂമിയുടെ ഏറ്റവും ഫലഭൂയിഷ്ഠമായ ഭാഗങ്ങളില്‍ത്തന്നെ ‘നീലം’ കൃഷി ചെയ്യാന്‍ തോട്ടമുടകള്‍ കര്‍ഷകരെ നിര്‍ബ്ബന്ധിച്ചു.
1880 ല്‍ ജര്‍മ്മനിയില്‍ ഒരു കൃത്രിമ ചായം വികസിപ്പിച്ചതോടെ പ്രതിസന്ധി ഉടലെടുത്തു. സ്വാഭാവിക നീലത്തിന് കൃത്രിമ ചായവുമായി മത്സരിക്കുവാന്‍ കഴിയാതായതോടെ ഇന്ത്യയില്‍ നിന്നുള്ള നീലത്തിന്റെ കയറ്റുമതി 1894-95 ല്‍ 4.75 കോടി രൂപയുടേതായിരുന്നത് 5 വര്‍ഷം കൊണ്ട് 2.96 കോടിയായി കുറഞ്ഞു. നീലത്തിന്റെ വിലയും അതില്‍ നിന്നുള്ള ലാഭവും ഇടിഞ്ഞതോടെ ബ്രിട്ടീഷുകാര്‍ ജമീന്ദാരി അധികാരങ്ങളുപയോഗിച്ച് കര്‍ഷകരുടെ മേലുള്ള ഭൂമിയുടെ വാടക വര്‍ദ്ധിപ്പിക്കുവാന്‍ തുടങ്ങി. രണ്ട് തരത്തിലാണ് അധിക സാമ്പത്തിക ബാധ്യത കര്‍ഷകരുടെ മേല്‍ അടിച്ചേല്‍പിച്ചത്. കര്‍ഷകര്‍ നേരത്തെ നല്‍കിയിരുന്ന വാടക 50-60% കണ്ട് വര്‍ദ്ധിപ്പിച്ചു. നീലത്തിന്റെ കച്ചവട സാധ്യത കുറഞ്ഞതോടെ കര്‍ഷകര്‍ക്ക് അത് കൃഷി ചെയ്യാനും ബ്രിട്ടീഷുകാര്‍ക്ക് വാങ്ങാനുമുള്ള താല്പര്യം കുറഞ്ഞുവന്നു. എന്നാല്‍ നീലത്തിന് പകരമായി മറ്റ് കൃഷികള്‍ ചെയ്യാന്‍ മുന്നോട്ടു വന്ന കര്‍ഷകരില്‍ നിന്നും വലിയൊരു തുക നഷ്ടപരിഹാരമെന്ന പേരില്‍ ഈടാക്കി. ഈ വലിയ തുകയുടെ പലിശ നല്‍കുവാന്‍ പോലും കര്‍ഷകര്‍ക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടി വന്നു. ബ്രിട്ടീഷുകാരുടെ നേരിട്ട് കൈവശമുണ്ടായിരുന്ന ഭൂമി വളരെ ഉയര്‍ന്ന വാടകക്ക്, ഭീഷണിപ്പെടുത്തി കര്‍ഷകരുടെ മേല്‍ അടിച്ചേല്‍പിക്കുകയും ചെയ്തു. തോട്ടക്കാര്‍ അന്യായമായ കുടിശ്ശികയും പിഴയും ഈടാക്കുകയും പതിവായിരുന്നു. ഇതിനെല്ലാം പുറമേ, അവര്‍ കര്‍ഷകരെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുകയും ചെയ്തു. ചുരുക്കത്തില്‍, നീല വിപണിയിലുണ്ടായ പ്രതിസന്ധിയുടെ മുഴുവന്‍ ഭാരവും കര്‍ഷകര്‍ക്ക് കൈമാറി തങ്ങളുടെ ലാഭം വര്‍ദ്ധിപ്പിക്കുവാനാണ് ബ്രിട്ടീഷുകാര്‍ ശ്രമിച്ചത്.
1914 ല്‍ ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ പ്രതിസന്ധിക്കൊരയവു വന്നു. ജര്‍മ്മനി യുദ്ധത്തില്‍ പെട്ടതോടെ കൃത്രിമ നീലത്തിന്റെ ഭീഷണി കുറയുകയും സ്വാഭാവിക നീലത്തിന്റെ ആവശ്യകത കൂടുകയും ചെയ്തു. കൂടുതല്‍ നീലം കൃഷി ചെയ്യാന്‍ കര്‍ഷകരുടെ മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ചു. എന്നാല്‍, യഥാര്‍ത്ഥ ഉല്പന്നത്തിന് പകരം കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീര്‍ണ്ണത്തിനനുസരിച്ച് പ്രതിഫലമെന്ന രീതിയില്‍ കര്‍ഷകരുടെ പ്രതിഫലം നിയന്ത്രിക്കുവാന്‍ തോട്ടക്കാര്‍ തുടങ്ങി. നേരത്തെ തന്നെ സാമ്പത്തികാടിമത്തത്തിന്‍ കീഴിലായിരുന്ന കര്‍ഷകര്‍ക്ക് ഇത് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കി. യുദ്ധം മൂലം നീലത്തിന്റെ വില വര്‍ദ്ധിക്കുമ്പോഴും ഫലഭൂയിഷ്ഠമായ ഭൂമിയില്‍ കൃഷി ചെയ്യുന്ന നീലത്തില്‍ നിന്നും കര്‍ഷകനു കിട്ടുന്ന പ്രതിഫലം കൃത്രിമമായി കുറഞ്ഞതായി. മര്‍ദ്ദനം, കൈക്കൂലി തുടങ്ങി മറ്റ് തരത്തിലുള്ള പീഢനങ്ങളും തോട്ടക്കാരില്‍ നിന്നും അവരുടെ പണിയാളുകളില്‍ നിന്നും കര്‍ഷകര്‍ക്ക് നേരിടേണ്ടതായി വന്നു. അന്നത്തെ നിയമമനുസരിച്ച് തോട്ടക്കാരുടെ അധികാരം പൂര്‍ണ്ണമായിരുന്നു. കര്‍ഷകര്‍ക്ക് യാതൊരു ആശ്വാസത്തിനും വകയില്ലായിരുന്നു. 1916 ഡിസംബറില്‍ ലക്‌നൗവില്‍ വെച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സമ്മേളനം നടക്കുന്നതറിഞ്ഞ ചമ്പാരനിലെ കര്‍ഷകര്‍ ഒരു പ്രതിനിധി സംഘത്തെ അയക്കുകയും തങ്ങളുടെ ദുരവസ്ഥ അവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് 1917 ഏപ്രിലില്‍ രാജ്കുമാര്‍ ശുക്ല ഗാന്ധിജിയെ കല്‍ക്കത്തയില്‍ നിന്നും പാട്‌നയിലെത്തിക്കുകയും വിഷയത്തില്‍ ഇടപെടുവിക്കുകയും ചെയ്തു.
ഗാന്ധിജി ചമ്പാരന്‍ പ്രക്ഷോഭം കൈകാര്യം ചെയ്ത രീതി ഗൗരവപരമായ നേതൃത്വത്തിന്റെ ഉത്തമ മാതൃകയാണ്. കര്‍ഷകരെ ഏറെക്കാലമായി അടിച്ചമര്‍ത്തി വെച്ചിരുന്നതിനാല്‍, ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ നേതൃത്വം നല്‍കിയ രീതിയിലുള്ള സത്യാഗ്രഹം ഇവിടെ അസാധ്യമായിരുന്നു. അതിനാല്‍, വിവരങ്ങള്‍ വിശദമായി മനസ്സിലാക്കുവാനും പരാതികള്‍ ശേഖരിക്കുവാനുമാണ് താനെത്തിയതെന്ന് ഗാന്ധിജി പ്രഖ്യാപിച്ചു. ബ്രജ്കിഷോര്‍ പ്രസാദ്, രാജേന്ദ്രപ്രസാദ്, ആചാര്യ കൃപലാനി തുടങ്ങി ഒരു കൂട്ടം ആളുകളുടെ സഹായവും അദ്ദേഹം തേടി. അദ്ദേഹവും സംഘവും കര്‍ഷകരുടെ ഇടയില്‍ പ്രവര്‍ത്തിക്കുകയും അവരുടെ പരാതികള്‍ രേഖപ്പെടുത്തുകയും ചെയ്തു. അവസാനം വരെ ഇതായിരുന്നു ചമ്പാരന്‍ സത്യാഗ്രഹത്തിന്റെ രീതിയും ആത്മാവും.
മനോവീര്യം നഷ്ടപ്പെട്ടിരുന്ന ആ ദരിദ്രരുടെ ഇടയില്‍ നിന്നും ഒരു കര്‍ഷകന്‍ തന്റെ പരാതിയും പരിവേദനവും രേഖപ്പെടുത്തി നല്‍കിക്കഴിഞ്ഞാല്‍ മറ്റുള്ളവരും അയാളെ പിന്തുടരുമെന്ന് ഉറപ്പായിരുന്നു. ഏപ്രില്‍ ആറിന് ഇംഗ്ലീഷുകാരനായ ജില്ലാ ജഡ്ജി ഗാന്ധിജിയോട് ജില്ല വിട്ട് പോകുവാന്‍ ആവശ്യപ്പെടുന്ന ഉത്തരവിറക്കി. ഏപ്രില്‍ 18 ന് മോത്തിഹാരിയില്‍ കോടതിയില്‍ ഹാജരായ ഗാന്ധി ‘കുറ്റം’ സമ്മതിക്കുകയും മനഃസാക്ഷിക്കനുസരിച്ച് പ്രവര്‍ത്തിച്ചതിന്റെ പേരില്‍ താന്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്നറിയിക്കുകയും ചെയ്തു. സൗമ്യതയും ദൃഢനിശ്ചയവും ചേര്‍ന്ന ഈ നടപടിയായിരുന്നു വിജയ തന്ത്രം. കുറ്റസമ്മതം നടത്തിയപ്പോള്‍, ദീര്‍ഘകാലം ഗാന്ധിജിയെ നിയമനടപടികളിലൂടെ വലിച്ചിഴക്കാമെന്ന് കരുതിയ ഭരണകൂട തന്ത്രം പാളിപ്പോയി. അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും പുറമേ ധാരാളം കര്‍ഷകരും കോടതിയില്‍ തടിച്ചുകൂടി. ചമ്പാരനിലെ കര്‍ഷകരുടെ ആദ്യത്തെ പ്രതിഷേധം അവിടെ രൂപമെടുക്കുകയായിരുന്നു. വിരണ്ടുപോയ ബ്രിട്ടീഷുകാരനായ ന്യായാധിപന്‍ ഗാന്ധിയെ സ്വന്തം ഉറപ്പിന്മേല്‍ മോചിപ്പിക്കുകയും കോടതി പിരിച്ചുവിടുകയും ചെയ്തു. വിഷയത്തിന്റെ ഗൗരവം സര്‍ക്കാര്‍ തിരിച്ചറിയുകയും ഗാന്ധിജിക്കെതിരായ നടപടികളെല്ലാം പിന്‍വലിക്കുന്നതായും കാണിച്ചുകൊണ്ട് ബീഹാറിന്റേയും ഒറീസ്സയുടേയും ലെഫ്റ്റനന്റ് ഗവര്‍ണ്ണര്‍ തന്നെ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തതാണ് പിന്നീടുണ്ടായത്.
ഈ വിജയത്തോടെ കര്‍ഷകര്‍ കൂട്ടത്തോടെ പരാതികള്‍ രേഖപ്പെടുത്തുവാന്‍ എത്തിത്തുടങ്ങി. പ്രാദേശിക വക്കീലന്മാര്‍ ഗാന്ധിജിയുടെ കൂടെ സന്നദ്ധ പ്രവര്‍ത്തകരായി ചേര്‍ന്നു. ചെറുതായി ആരംഭിച്ച ആ പദ്ധതി വലിയൊരു ജനകീയ മുന്നേറ്റമായി മാറി. തോട്ടക്കാരുടേയും അവരുടെ പിണിയാളുകളുടേയും അധികാരത്തേയും ഭീഷണിയേയും മറി കടന്ന് എണ്ണായിരത്തിലധികം കര്‍ഷകര്‍ പരാതികള്‍ രേഖപ്പെടുത്തി. ഉയര്‍ന്ന വാടക നല്‍കണമെന്ന ഉത്തരവുകള്‍ പരസ്യമായി എതിര്‍ക്കാനും കര്‍ഷകര്‍ ധൈര്യം കാട്ടിത്തുടങ്ങി.
കര്‍ഷകരില്‍ നിന്നും നേരിട്ട് പരാതികള്‍ സ്വീകരിക്കുന്ന ഈ പരിപാടി ഗാന്ധിയേയും സംഘത്തേയും ദാരിദ്ര്യം നടമാടുന്ന ഗ്രാമങ്ങളിലേക്ക് എത്തിച്ചു. സ്ഥിതിഗതികള്‍ക്ക് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷ കര്‍ഷകരില്‍ വളരുവാന്‍ അത് കാരണമായി. അധികം കഴിയുംമുമ്പ്, സര്‍ക്കാരിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനെ കാണുവാനുള്ള ക്ഷണം ഗാന്ധിക്ക് ലഭിച്ചു. നിശ്ചയിച്ചതനുസരിച്ച് ഗാന്ധിജി പ്രസ്തുത ഉദ്യോഗസ്ഥനുമായി റാഞ്ചിയില്‍ കൂടിക്കാഴ്ച നടത്തുകയും തന്റെ കണ്ടെത്തലുകളുടെ ഒരു പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാമെന്നറിയിക്കുകയും ചെയ്തു. എന്നാല്‍, തന്റെ സംഘത്തെ പിരിച്ചുവിടുകയും കര്‍ഷകരുടെ സങ്കടങ്ങളെക്കുറിച്ചുള്ള അന്വേഷണം ഉപേക്ഷിക്കുകയും വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഗാന്ധിജി തള്ളിക്കളഞ്ഞു.
ഇതിനിടയില്‍ ഭീഷണി, സമ്മര്‍ദ്ദം, ആസൂത്രിത അക്രമങ്ങള്‍ തുടങ്ങി എല്ലാ ആയുധങ്ങളും തോട്ടക്കാരും അവരുടെ സംഘടനയും പയറ്റി നോക്കി. എന്നാല്‍, തോട്ടമുടമകളെ എപ്പോള്‍ വേണമെങ്കിലും കാണാനും അവരോട് മാന്യമായി ഇടപെടാനും തയ്യാറായിരുന്നതിലൂടെ ഗാന്ധിജി മാനസിക മേല്‍ക്കൈ ഉറപ്പാക്കി. അദ്ദേഹം എല്ലാപ്പോഴും കര്‍ഷകരുടെ ഭാഗത്ത് നിലയുറപ്പിച്ചിരുന്നുവെന്ന് മാത്രം.
അവസാനം സര്‍ക്കാരിന് കീഴടങ്ങേണ്ടി വന്നു. ബീഹാറിന്റേയും ഒറീസ്സയുടേയും ലെഫ്റ്റനന്റ് ഗവര്‍ണ്ണറും ചീഫ് സെക്രട്ടറിയും ചേര്‍ന്ന് റാഞ്ചിയില്‍ ഗാന്ധിയുമായി ദീര്‍ഘ ചര്‍ച്ചകള്‍ നടത്തുകയും ഒത്തുതീര്‍പ്പിലെത്തുകയും ചെയ്തു. കര്‍ഷകരുന്നയിച്ച പ്രശ്‌നങ്ങളുടെ എല്ലാ വശങ്ങളും പരിശോധിക്കുന്നതിനായി ഗാന്ധിജിയും തോട്ടക്കാരുടേയും ജമീന്ദാര്‍മാരുടേയും പ്രതിനിധികളും മൂന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥരും അംഗങ്ങളായി ഒരു അന്വേഷണ സമിതി രൂപീകരിക്കുമെന്നതാണ് അതില്‍ പ്രധാനം. ഗാന്ധിജി ഇതിനിടയില്‍ സമാഹരിച്ച പരാതികളും തെളിവുകളുമെല്ലാം ഈ സമിതിക്കു മുമ്പില്‍ സമര്‍പ്പിക്കാം. സമിതിയുടെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിക്കും. ഇതിന് പകരമായി, തെളിവെടുപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കാമെന്ന് ഗാന്ധിയും ഉറപ്പ് നല്‍കി.
പരാതി ശേഖരണവുമായി ബന്ധപ്പെട്ട ബഹുജന പ്രസ്ഥാനം അങ്ങനെ അവസാനിച്ചു. എന്നാല്‍, പ്രസ്തുത പരാതികള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ ഏറ്റെടുക്കേണ്ടതുണ്ടായിരുന്നു. തികഞ്ഞ ശ്രദ്ധയോടെയും ആത്മാര്‍ത്ഥതയോടെയും ഈ സമിതിയിലെ പ്രവര്‍ത്തനം ഏറ്റെടുത്തുവെന്നത് ഗാന്ധിയുടെ പക്വമായ നേതൃപാടവത്തിന്റെ ലക്ഷണമാണ്. അദ്ദേഹം എല്ലാ യോഗങ്ങളിലും പങ്കെടുക്കുകയും, തെളിവുകള്‍ മുഴുവനും നിരത്തുകയും, പരിഹാര നിര്‍ദ്ദേശങ്ങളെ വിശദമായി ഇഴ കീറി പരിശോധിക്കുകയും ചെയ്തു.
യൂറോപ്യന്മാരായ തോട്ടക്കാരുടെ അതിക്രമങ്ങള്‍ മാത്രമായിരുന്നു ഗാന്ധിജിയുടെ ആക്രമണ ലക്ഷ്യം. വാടകയില്‍ 40% ഇളവ് ആവശ്യപ്പെട്ടപ്പോള്‍ 25% കുറവാണ് തോട്ടക്കാര്‍ നല്‍കുവാന്‍ തയ്യാറായത്. ബാക്കി 15% ജമീന്ദാര്‍മാരുടെ വരുമാനത്തില്‍ നിന്നും കണ്ടെത്താമെന്ന സര്‍ക്കാര്‍ പ്രതിനിധികളുടെ നിര്‍ദ്ദേശത്തെ ഗാന്ധി കയ്യോടെ എതിര്‍ത്തു. ചര്‍ച്ചകള്‍ക്കൊടുവില്‍, വിദേശികളായ തോട്ടക്കാരുടെ പൂര്‍ണ്ണ ചെലവില്‍ 26% വാടക ഇളവ് അദ്ദേഹം അംഗീകരിച്ചു.
സ്ഥിതിവിവര കണക്കുകള്‍ നിറഞ്ഞ നല്ലൊരു റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കുവാന്‍ കഴിഞ്ഞുവെന്നത് ഗണ്യമായൊരു നേട്ടമായി. ഗാന്ധിജിയുടെ സ്വന്തം അന്വേഷണത്തിലൂടെ കണ്ടെത്തിയ എല്ലാ പരാതികളുടേയും നിജസ്ഥിതി പ്രസ്തുത റിപ്പോര്‍ട്ടിലൂടെ വെളിച്ചത്ത് വന്നു. നിര്‍ബ്ബന്ധിത വിളകൃഷി സമ്പ്രദായം ഇല്ലാതാക്കുവാനും ഇഷ്ടമുള്ള വിള കൃഷി ചെയ്യാനുള്ള അവകാശം കര്‍ഷകര്‍ക്ക് നല്‍കുവാനും സമിതി ശുപാര്‍ശ ചെയ്തു. നീലത്തിന് ഉല്പന്നത്തിന്റെ അളവിലല്ലാതെ, കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തീര്‍ണ്ണമനുസരിച്ച് വില നല്‍കുന്ന രീതി റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞു. ഗാന്ധിജിയും തോട്ടമുടമകളും സമ്മതിച്ച 26% വാടക ഇളവ് സമിതിയും അംഗീകരിച്ചു. മറ്റ് വിളകള്‍ കൃഷി ചെയ്യുന്നതിന് നഷ്ടപരിഹാരം ചുമത്തുന്ന നടപടി അവസാനിപ്പിക്കുകയും അതിന്റെ പേരിലുണ്ടായിരുന്ന മുഴുവന്‍ കുടിശ്ശികയും എഴുതിത്തള്ളുകയും ചെയ്തു. കൂടുതല്‍ നികുതികളും പിഴകളും ചുമത്തുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. ഇക്കാര്യങ്ങളെല്ലാം വിശദമാക്കി ഒരു പ്രഖ്യാപനം പുറത്തിറക്കുവാന്‍ സമിതി നിര്‍ദ്ദേശിച്ചു. കര്‍ഷകരുടെ മേല്‍ ജമീന്ദര്‍മാരുടെ അധികാര-അവകാശങ്ങള്‍ തോട്ടക്കാര്‍ പാട്ടത്തിനെടുക്കുന്ന സമ്പ്രദായം ഇല്ലാതാക്കുവാനും തീരുമാനിച്ചു. മൃഗങ്ങളുടെ അവകാശം കര്‍ഷകര്‍ക്കായിരിക്കും, തോട്ടക്കാര്‍ക്കല്ല. കര്‍ഷകരുടെ ഓരോ പരാതികളും ഗാന്ധിജി എത്ര ആത്മാര്‍ത്ഥമായാണ് അവതരിപ്പിച്ച് പരിഹാരം കണ്ടെത്തിയതെന്ന് സമിതിയുടെ യോഗ നടപടിരേഖകള്‍ വ്യക്തമാക്കുന്നു.
സമിതിയുടെ പ്രധാന നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിന് നിലവിലുള്ള നിയമങ്ങളില്‍ മാറ്റങ്ങള്‍ ആവശ്യമായിരുന്നു. ഇക്കാരണത്താല്‍ 1917 ഒക്‌ടോബറില്‍ തന്നെ ആവശ്യമായ നിയമ ഭേദഗതികളും പുതിയ നിയമങ്ങളും തയ്യാറാക്കുവാന്‍ സര്‍ക്കാര്‍ ഉത്തരവായി. ഇതാണ് 1918 ലെ ചമ്പാരന്‍ കാര്‍ഷിക ചട്ടം. നിയമത്തിന്റെ കരട് ഗാന്ധിജി നേരിട്ട് പരിശോധിക്കുകയും കുടിയാന്മാരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള തിരുത്തുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്കാരുടെ അവകാശ സംരക്ഷണത്തിനു വേണ്ടി നടത്തിയ, രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന പോരാട്ടത്തിനു ശേഷം ജന്മനാട്ടില്‍ തിരിച്ചെത്തിയ ഗാന്ധിജി ഇന്ത്യന്‍ മണ്ണില്‍ ഏറ്റെടുത്ത ആദ്യ സമരമായിരുന്നു ചമ്പാരനിലേത്. 1918 ല്‍ തദ്ദേശീയരായ മില്‍ ഉടമകളോട് അഹമ്മദാബാദിലെ തൊഴിലാളികള്‍ നടത്തിയ സമരം, നികുതി വര്‍ദ്ധനവിനെതിരെയുള്ള ഖേഡ സത്യാഗ്രഹം, 1919 ഏപ്രിലില്‍ റൗലത്ത് നിയമത്തിനെതിരെ രാജ്യവ്യാപകമായി സംഘടിപ്പിച്ച ഏപ്രില്‍ സത്യാഗ്രഹം തുടങ്ങി 1920-22 കളിലെ നിസ്സഹകരണ പ്രസ്ഥാനം, ഖിലാഫത്ത് സമരം തുടങ്ങി നിരവധി പ്രക്ഷോഭങ്ങള്‍ തുടര്‍ന്ന് നടന്നു. എന്നാല്‍, കര്‍ഷക പ്രക്ഷോഭങ്ങളെ ദേശീയ മുന്നേറ്റവുമായി കൂട്ടിയിണക്കിയ ആദ്യ സമരമെന്ന നിലയില്‍ ചമ്പാരന്‍ സത്യാഗ്രഹം പ്രധാനപ്പെട്ടൊരു തുടക്കമായിരുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ അന്തിമ വിജയം ഉറപ്പാക്കുന്നതില്‍ ഈ തുടക്കം ഏറെ നിര്‍ണ്ണായകമായി. ആ മഹാ സംഭവത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന ഈ അവസരത്തില്‍, മഹാത്മാഗാന്ധി പ്രകടിപ്പിച്ച സ്ഥൈര്യത്തേയും നിശ്ചയദാര്‍ഢ്യത്തേയും, അടിച്ചമര്‍ത്തപ്പെട്ട് കഴിഞ്ഞിരുന്ന ചമ്പാരനിലെ കര്‍ഷകര്‍ അദ്ദേഹത്തിന്റെ ആഹ്വാനപ്രകാരം ഏറ്റെടുത്ത സന്ധിയില്ലാത്ത പ്രക്ഷോഭത്തേയും ആദരിക്കുവാന്‍ വാക്കുകള്‍ തികയാതെ വരുന്നു.
(പാഠഭേദം – വിവ: പി.കൃഷ്ണകുമാര്‍)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in