ഗോ(ള്‍)ഡ്‌സ് ഓണ്‍ കണ്‍ട്രി അഥവാ സ്വര്‍ണ്ണത്തില്‍ തിളക്കം കെടുന്ന ഇന്‍ഡ്യ
വി.എച്ച് . ദിരാര്‍ സ്വര്‍ണ്ണതിളക്കം ഇന്ത്യയുടെ തിളക്കം കെടുത്തിയെന്ന് ചിദബരം പരിതപിക്കുന്നു. രൂപയുടെ മൂല്യം പ്രകാശവേഗത്തില്‍ ഇടിയുന്നത് കണ്ടപ്പോഴാണ് ധനതത്വശാസ്ത്രത്തില്‍ മഹാജ്ഞാനിയായ ചിദംബരത്തിന്റ മനസ്സില്‍ ഒരു ശ്ലോകം ജനിച്ചത്. ‘ ആളുകള്‍ വിചാരിക്കുന്നത് അവര്‍ സ്വര്‍ണ്ണം വാങ്ങുന്നത് രൂപ നല്‍കിയാണ്, വാസ്തവത്തില്‍ അവര്‍ നല്‍കുന്നത് ഡോളറാണ്.’ ചിദംബരന്‍ എന്നാല്‍ ജ്ഞാനം ധരിച്ചവന്‍ എന്നാണ് അര്‍ത്ഥം. ആ പേരിന്റെ മഹത്വത്തിന് ചേര്‍ന്ന മൊഴിമുത്തുകള്‍. ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് ചോദിക്കുന്നവര്‍ക്ക് ചിദംബരം തന്നെ മറുപടി. ഇണക്കിളികളില്‍ ഒന്ന് അമ്പേറ്റ് […]
വി.എച്ച് . ദിരാര്‍
സ്വര്‍ണ്ണതിളക്കം ഇന്ത്യയുടെ തിളക്കം കെടുത്തിയെന്ന് ചിദബരം പരിതപിക്കുന്നു. രൂപയുടെ മൂല്യം പ്രകാശവേഗത്തില്‍ ഇടിയുന്നത് കണ്ടപ്പോഴാണ് ധനതത്വശാസ്ത്രത്തില്‍ മഹാജ്ഞാനിയായ ചിദംബരത്തിന്റ മനസ്സില്‍ ഒരു ശ്ലോകം ജനിച്ചത്. ‘ ആളുകള്‍ വിചാരിക്കുന്നത് അവര്‍ സ്വര്‍ണ്ണം വാങ്ങുന്നത് രൂപ നല്‍കിയാണ്, വാസ്തവത്തില്‍ അവര്‍ നല്‍കുന്നത് ഡോളറാണ്.’
ചിദംബരന്‍ എന്നാല്‍ ജ്ഞാനം ധരിച്ചവന്‍ എന്നാണ് അര്‍ത്ഥം. ആ പേരിന്റെ മഹത്വത്തിന് ചേര്‍ന്ന മൊഴിമുത്തുകള്‍. ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് ചോദിക്കുന്നവര്‍ക്ക് ചിദംബരം തന്നെ മറുപടി. ഇണക്കിളികളില്‍ ഒന്ന് അമ്പേറ്റ് പിടയുന്നത് കണ്ടപ്പോഴാണ് വാത്മീകിയുടെ ഹൃദയത്തില്‍ മാനിഷാദ ( അരുതെ കാട്ടാളാ) എന്ന് തുടങ്ങുന്ന നിത്യസുരഭിലമായ ശ്ലോകം രൂപപ്പെട്ടത്. അത് രാമായണം എന്ന അനശ്വരമായ ഇതിഹാസകൃതിയുടെ രചനക്ക് പ്രചോദനമായി തീരുകയും ചെയ്തു. ശോകത്തില്‍ നിന്നാണ് ശ്ലോകമുണ്ടാകുന്നത്. ത്രേതായുഗത്തില്‍ മാത്രമല്ല, കലിയുഗത്തിലും അത് മഹാസത്യമാണെന്ന് ചിദംബരം തെളിയിച്ചിരിക്കുന്നു. അല്ലെങ്കില്‍ ഇത്രയും ഛന്ദോനിബദ്ധമായ വാക്കുകള്‍ ചിദംബര ഹൃദയത്തില്‍ നാമ്പെടുക്കുകയില്ലല്ലൊ. ഇനി ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെപ്പറ്റി ഒരു പുസ്തകം കൂടി രചിച്ചാല്‍ എല്ലാം മംഗളമാവും. ഭരണ വിരോധം, കോണ്‍ഗ്രസ്സ് ഭീതി, അശുഭചിന്ത, പ്രതിഷേധ ത്വര തുടങ്ങിയ മാനസിക പിരിമുറുക്കങ്ങള്‍ക്കും മോക്ഷം കൊതിക്കുന്നവര്‍ക്കും ഈ വിശിഷ്ട ഗ്രന്ഥം പാരായണം ചെയ്താല്‍ ഫലം കിട്ടും എന്ന് ഒരു സര്‍ക്കാര്‍ ഉത്തരവും ഇറക്കാവുന്നതാണ്.
ഇന്ത്യയില്‍ കോലാറില്‍ മാത്രമാണ് ഒരു സ്വര്‍ണ്ണ ഖനിയുണ്ടായിരുന്നത്. അത് അടച്ച് പൂട്ടിയിട്ട് വര്‍ഷങ്ങള്‍ പലത് കഴിഞ്ഞു. പിന്നെ സ്വര്‍ണ്ണമുള്ളത് ഇങ്ങ് കേരളത്തിലാണ്. നിലമ്പൂരിലെ മരുത, കാപ്പല്‍ എന്നി മലനിരകളിലും ചാലിയാര്‍ പുഴയിലും.. നൂറ്റാണ്ടുകളായി തുടരുന്ന അനധികൃത ഖനനമാണ് അത്. ടണ്‍ക്കണക്കിന് മണ്ണരിച്ചാല്‍പ്പോലും അവിടെ നിന്ന് ഒരു ഗ്രാം കിട്ടില്ല. ഇന്‍ഡ്യയുടെ പല ഭാഗത്തും വമ്പിച്ച സ്വര്‍ണ്ണനിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ജിയോളജി ഡിപ്പാര്‍ട്ട്‌മെന്റ് വീരവാദം മുഴക്കാറുണ്ട്. എന്നാല്‍ ഒരു കഴഞ്ച് പോലും കുഴിച്ചെടുത്തിട്ടില്ല. അതായത് ഇന്ത്യക്കാരന്റെ സ്വര്‍ണ്ണമോഹങ്ങള്‍ക്ക് ഒരു കൈ സഹായിക്കാന്‍ ഇന്ത്യന്‍ മണ്ണില്‍ സ്വര്‍ണ്ണമേയില്ല. വിദേശരാജ്യങ്ങളാണ് ഇന്‍ഡ്യയുടെ സ്വര്‍ണ്ണകമ്പം നിറവ്വേറ്റുന്നത് എന്ന് ചുരുക്കം. വിദേശത്ത് നിന്ന് സ്വര്‍ണ്ണം പോയിട്ട് ചെമ്പ് പോലും കിട്ടില്ല ഇന്‍ഡ്യന്‍ കറന്‍സി കൊടുത്താല്‍ എന്ന് അിറയാത്തവരായി ആരെങ്കിലും ഈ മഹാരാജ്യത്ത് ഉണ്ടാവുമോ? എല്ലാവര്‍ക്കും അറിയാവുന്ന ഒരു സത്യം വിളിച്ചു പറയുക മാത്രമല്ല അദ്ദേഹം ചെയ്തത്, സാമ്പത്തികമാന്ദ്യത്തിലേക്ക് നയിച്ച നയവൈകല്ല്യങ്ങളെ മൂടിവെക്കാന്‍ ജനങ്ങളെ പഴിക്കുക കൂടിയാണ്. ഓഹരി വിപണിയിലും മ്യൂച്ചല്‍ ഫണ്ടുകളിലും ലക്ഷക്കണക്കിന് കോടികള്‍ നഷ്ടപ്പെട്ട ഇന്‍ഡ്യക്കാരന്‍ സ്വര്‍ണ്ണം കൂടുതല്‍ സുരക്ഷിതമായ നിക്ഷേപമായി ധരിച്ചതില്‍ എന്താണ് തെറ്റ്.സര്‍ക്കാരിന് അന്ന് അതിന്റെ പൗരന്മാര്‍ക്ക് വേണ്ടി ഒരു സാന്ത്വനവാക്ക് പോലും പറയാന്‍ പറ്റിയില്ലല്ലൊ. മാത്രമല്ല, സര്‍ക്കാര്‍ തന്നെ സുരക്ഷിതമായ നിക്ഷേപം സ്വര്‍ണ്ണമാണെന്ന സന്ദേശം പണ്ടേ ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടല്ലോ.
1991 ല്‍ സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് 40 ടണ്‍ സ്വര്‍ണ്ണമാണ് ഇന്‍ഡ്യ ലണ്ടന്‍ ബാങ്കില്‍ പണയം വെച്ചത്. ഇന്ത്യന്‍ കറന്‍സി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യതകര്‍ച്ചയിലൂടെയാണ് കടന്നുപോകുന്നത്. ആഗസ്റ്റ് 28 ന് ഇന്‍ഡ്യന്‍ രൂപയുടെ ഡോളര്‍ മൂല്യം 68.80 പൈസയിലേക്ക് കൂപ്പുകുത്തി. ആരൊ പറഞ്ഞതുപ്പോലെ കറന്‍സിക്ക് ജീവനുണ്ടായിരുന്നുവെങ്കില്‍ അന്ന് അത് ഹൃദയം പൊട്ടി മരിച്ചേനെ. റിസര്‍വ്വ് ബാങ്കിന്റേയും പ്രധാനമന്ത്രിയുടേയും ഇടപ്പെടല്‍കൊണ്ട് പരിക്കിന്റെ ഗുരുതരാവസ്ഥ പിന്നീട് അലിപം കുറക്കാന്‍ സാധിച്ചു. ആഗസ്റ്റ് 30 ഓടെ 3.10 രൂപ കുറയുകയുണ്ടായി. എന്നാല്‍ 2008 ലെ അതേ ദിവസം 44 രൂപയായിരുന്നു കറന്‍സിയുടെ ഡോളര്‍ മൂല്യം. 2011 ല്‍ 46 ഉം 2012ല്‍ 55.80 ഉം. ഇപ്പോള്‍ സാമ്പത്തിക വളര്‍ച്ചാനിരക്കും പടവലങ്ങപ്പോലെ കീഴോട്ടായി തീര്‍ന്നു. 2012-13 ലെ ആദ്യ പാദത്തില്‍ 5.4 ശതമാനമായിരുന്നു. എന്നാല്‍ നടപ്പ് വര്‍ഷത്തിലെ ആദ്യപാദത്തില്‍ അത് 4.8 ശതമാനമായി ചുരുങ്ങി. കഴിഞ്ഞ നാലു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കാണിത്. എന്തുക്കൊണ്ട് ഇത്തരം കാര്യങ്ങള്‍ സര്‍ക്കാരിന് കാലെകൂട്ടി കാണാന്‍ സാധിക്കുന്നില്ല. രോഗം മൂര്‍ച്ചിച്ചപ്പോഴാണ് ചിദംബരം അതിന്റെ കാരണം കണ്ടെത്തുന്നത്. അമേരിക്കന്‍ സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടതോടെ വിദേശനിക്ഷേപകര്‍ അവരുടെ നിക്ഷേപം ഇന്‍ഡ്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ തുടങ്ങിയതാണത്രെ ഒരു കാരണം. പെട്രോളിയം ഉല്പന്നങ്ങള്‍, സ്വര്‍ണ്ണം, കല്‍ക്കരി, ഇരുമ്പയിര്‍ എന്നിവയുടെ ഇറക്കമതിയിലുണ്ടായ ക്രമാതീതമായ വര്‍ദ്ധനയാണ് അടുത്ത കാരണം. കയറ്റുമതിയിലെ കുറവുമൂലം ഉണ്ടായ വ്യാപാരകമ്മിയാണ് മൂന്നാമത്തെ കാരണം. ലോകം മുഴുവന്‍ തന്നിഷ്ട പ്രകാരം സഞ്ചരിക്കുന്ന കോര്‍പ്പറേറ്റ് മൂലധനത്തില്‍ നിന്ന് ഇത്തരത്തില്‍ ഒരു പെരുമാറ്റം എപ്പോഴും പ്രതീക്ഷിക്കണം. കല്‍ക്കരിയും ഇരുമ്പയിരും ഇന്‍ഡ്യയില്‍ സുലഭമായിട്ടുണ്ട്. എന്നിട്ടും അവ ഇറക്കുമതി ചെയ്യുക എന്നതിന് അര്‍ത്ഥം പിടിപ്പുകേടും അഴിമതിയും എന്നാണ്. കല്‍ക്കരിപാടങ്ങള്‍ പണ്ടേ അഴിമതിപാടങ്ങളായിരുന്നു. സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുപ്പോലും ബന്ധപ്പെട്ട ഫയലുകള്‍ സര്‍ക്കാര്‍ സി.ബി.ഐ യെ ഏല്‍പ്പിച്ചിട്ടില്ല. കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട 14 ഫയലുകള്‍, 1993 മുതല്‍ 2005 വരെ കല്‍ക്കരി പാടം അനുവദിച്ചു കിട്ടുന്നതിന് വേണ്ടി 157 സ്വകാര്യ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച അപേക്ഷകള്‍, കല്‍ക്കരിപാടം അനുവദിച്ചത് സംബന്ധിച്ച് 2007ല്‍ കോള്‍ ഇന്‍ഡ്യ ലിമിറ്റഡ് നടത്തിയ പഠന റിപ്പോര്‍ട്ട് എന്നിവയെല്ലാം അപ്രത്യക്ഷമായിരിക്കുന്നു. കൊല്ലുന്ന രാജാവും തിന്നുന്ന മന്ത്രിമാരുമാണ് ഇപ്പോള്‍ ദല്‍ഹിയിലുള്ളത് എന്നതിന് ഇതില്‍പരം തെളിവ് ആവശ്യമില്ലല്ലോ. എന്തായിലും ഈ ഫയലുകള്‍ കിട്ടാതെ കല്‍ക്കരി കുംഭക്കോണവുമായി ബന്ധപ്പെട്ട അന്വേഷണം മുന്നോട്ട്‌പോകില്ലെന്ന് സി.ബി.ഐ ഡയറക്ടര്‍ സുപ്രീംകോടതിയെ അിറയിച്ചുകഴിഞ്ഞു.
സ്വര്‍ണ്ണത്തിലുള്ള ഇന്‍ഡ്യക്കാരന്റെ കമ്പത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. മലയാളികള്‍ക്കാകട്ടെ മഞ്ഞലോഹത്തോടുള്ള അഭിനിവേശത്തിന് അതിരുകളില്ല. യഥാര്‍ത്ഥത്തില്‍ കേരളത്തെ ഗോഡ്‌സ് ഓന്‍ കന്‍ട്രിയെന്നല്ല വിളിക്കേണ്ടത്, ഗോള്‍ഡ്‌സ് ഓന്‍ കന്‍ട്രിയെന്നാണ്. ഇന്‍ഡ്യയെ മൊത്തത്തില്‍ ഈ പേര് ചൊല്ലിവിളിക്കുന്നതും അര്‍ത്ഥപൂര്‍ണ്ണമാണ്. പുരാതനകാലം മുതല്‍ വിദേശികളെ ഇന്‍ഡ്യയിലേക്ക് ആകര്‍ഷിച്ചതിന് പിറകില്‍ സ്വര്‍ണ്ണത്തിനും ഒരു പങ്കുണ്ട്. ഈ സ്വര്‍ണ്ണകിലുക്കമായിരുന്നു ഒരു കാലത്ത് കൊളംമ്പസ്സിന്റെയും പ്രലോഭനം. പക്ഷെ ഇന്‍ഡ്യയിലേക്ക് പുറപ്പെട്ട അദ്ദേഹം എത്തിച്ചേര്‍ന്നത് അമേരിക്കയിലായിപോയെന്ന് മാത്രം. ശീലങ്ങളിലെ ആ സ്വര്‍ണ്ണസ്പര്‍ശം ഇന്‍ഡ്യ ഇപ്പോഴും കൈവെടിഞ്ഞിട്ടില്ല. 2013 ആദ്യപാദത്തില്‍ ( ഏപ്രില്‍- ജൂണ്‍) മാത്രം 338 ടണ്‍ സ്വര്‍ണ്ണം ഇന്‍ഡ്യ ഇറക്കുമതി ചെയ്തുകഴിഞ്ഞു. 2012 ലെ അതേ കാലയളവില്‍ ഇന്‍ഡ്യ വാങ്ങിയത് 153 ടണ്‍ ആണ്. അതായത് നടപ്പ് വര്‍ഷത്തെ വര്‍ദ്ധനവ് ഏകദേശം ഇരട്ടിയോളമാണ്. ഈ പ്രവണത തുടരുന്ന പക്ഷം സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി 900- 1000 ടണ്‍ ആവുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞവര്‍ഷം അത് 845 ടണ്ണായിരുന്നു. അതായത് ലോകത്തിലെ ആകെ ഉപഭോഗത്തിന്റെ 20%. ഈ വര്‍ഷം അത് 850 ടണ്ണില്‍ പിടിച്ചു നിര്‍ത്താനുള്ള ശ്രമമാണ് ചിദംബരം നടത്തുന്നത്. ഉപഭോഗത്തിലെ ഈ കുതിച്ചുചാട്ടം സമ്പദ്സ്ഥിതിയെ പാപ്പരാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഉപഭോഗത്തിന്റെ കാര്യത്തില്‍ രണ്ടും മൂന്നും സ്ഥാനത്ത് നില്‍ക്കുന്നത് ചൈനയും അമേരിക്കയുമാണ്. 2012ല്‍ ചൈനയുടെ ആഭ്യന്തരഉപഭോഗം 817.5 ടണ്ണും അമേരിക്കയുടേത് 161 ടണ്ണുമായിരുന്നു. എന്നാല്‍ ഈ രാജ്യങ്ങള്‍ ഉപഭോഗം മാത്രമല്ല ചെയ്യുന്നത് ഉല്പാദിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇന്‍ഡ്യയാകട്ടെ മരുന്നിന് പോലും ഒരു തരി ഉണ്ടാക്കുന്നില്ല( കര്‍ണ്ണാടകയിലും ജാര്‍ഖണ്ഡിലുമായി മൂന്ന് കുഞ്ഞു ഖനികള്‍ ഉണ്ടെന്ന് പറയുന്നു. അവിടത്തെ സ്ഥിതി വിവരങ്ങള്‍ ലഭ്യമല്ല.) 2012 ല്‍ ലോകത്തില്‍ ആകെ ഉല്പാദിപ്പിച്ച സ്വര്‍ണ്ണം 2700 ടണ്ണാണ്. അതില്‍ 90% വും ഉല്പാദിപ്പിക്കുന്നത് ചൈന, ആസേ്ട്രലിയ, അമേരിക്ക, സൗത്ത് ആഫ്രിക്ക തുടങ്ങിയ 10 രാജ്യങ്ങളാണ്. അതില്‍ ഒന്നാം സ്ഥാനത്ത് ചൈനയാണ്. 2012 ല്‍ ചൈനയുടെ ആഭ്യന്തരോല്പാദനം 403 ടണ്ണാണ്. ചൈനയില്‍ സ്വര്‍ണ്ണഖനനം തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല. 1995ല്‍ മാത്രമാണ് ഉല്പാദകരാജ്യങ്ങളുടെ പട്ടികയ#ില്‍ കാണാവുന്ന ഒരു സ്ഥാനത്ത് ചൈന എത്തിപ്പെടുന്നത്. എന്നാല്‍ പിന്നീട് എല്ലാ കാര്യത്തിലുമെന്നപ്പോലെ, ഇക്കാര്യത്തിലും ചൈന വലിയ കുതിച്ചു ചാട്ടം നടത്തി. 2012 ല്‍ ആസ്‌ട്രേലിയയില്‍ ഉല്പാദിപ്പിച്ചത് 250 ടണ്ണും അമേരിക്കയില്‍ 230 ടണ്ണുമാണ്. നേരത്തെ സൂചിപ്പിച്ച 10 രാജ്യങ്ങളില്‍ ഏറ്റവും പിറകില്‍ നില്‍ക്കുന്ന ഘാന പോലും 89 ടണ്‍ ഉല്പാദിപ്പിച്ചു.
ഇന്‍ഡ്യക്കാരുടെ കൈവശം ഏകദേശം 18.000- 30.000 ടണ്‍ സ്വര്‍ണ്ണമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ശേഖരമാണ് അത്. ഇവയില്‍ ഏറെയും ജനങ്ങളുടെ കൈകളിലാണ്. ആഭരണങ്ങളുടെ രൂപത്തില്‍ കുറച്ച് ഭാഗം അലങ്കാരങ്ങള്‍ക്ക് ഉപയോഗിക്കുന്നു. ബാക്കി ബാങ്ക് ലോക്കറുകളിലാണ്. അതിന്റെ ഗുണം ബാങ്കുകള്‍ക്ക് മാത്രം. ജനം വെറും നിധി കാക്കുന്ന ഭൂതങ്ങള്‍. കൂടാതെ, തിരുപ്പതി ക്ഷേത്രം, ഷിര്‍ദ്ധി സായ്ബാബക്ഷേത്രം, സിദ്ധിവിനായക ക്ഷേത്രം, പത്മനാഭസ്വാമി ക്ഷേത്രം തുടങ്ങിയ നിരവധി ക്ഷേത്രങ്ങള്‍ക്ക് അസൂയാര്‍ഹമായ നിലയില്‍ സ്വര്‍ണ്ണസമ്പത്തുണ്ട്. തഞ്ചാവൂരിലെ ചിദംബരംപ്പോലെ എത്രയോ ക്ഷേത്രങ്ങളുടെ മേല്‍കൂരകള്‍ സ്വര്‍ണ്ണനിര്‍മ്മിതമാണ്. പത്മനാഭസ്വാമിക്ഷേത്രത്തിലെ കണക്കെടുപ്പു പോലും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. വെറും കഥകളായി കരുതിയിരുന്ന കാര്യങ്ങളാണ് അവിശ്വസനീയ സത്യങ്ങളാവുന്നത്. തിരുപ്പതിക്ഷേത്രത്തില്‍ 1000 ടണ്‍ സ്വര്‍ണ്ണം ഉള്ളതായി കണക്കാക്കുന്നു. അവയില്‍ ഒരു പങ്ക് വിപണിയില്‍ എത്തിക്കുക. ചിദംബരത്തെ കേള്‍ക്കാന്‍ ഈ ക്ഷേത്രങ്ങള്‍ തയ്യാറായാല്‍ സ്വര്‍ണ്ണത്തിന്റെ ഇറക്കുമതിയില്‍ വലിയ കുറവ് വരുത്താനാവും. അത് വഴി വ്യാപാരകമ്മി നല്ലൊരളവില്‍ കുറക്കാന്‍ സാധിക്കും. ഇന്‍ഡ്യയിലെ സ്വര്‍ണ്ണം ഇന്‍ഡ്യയില്‍ വില്‍ക്കുമ്പോള്‍ വാങ്ങാന്‍ ഇന്‍ഡ്യന്‍ കറന്‍സി മതിയല്ലൊ. സര്‍ക്കാരിന്റെ നയവൈകല്ല്യ
ങ്ങളുടേയും പിടിപ്പ്‌കേടിന്റേയും ഫലമാണ് ഈ സാമ്പത്തിക പ്രതിസന്ധിയെങ്കിലും അനുഭവിക്കേണ്ടത് പാവം ജനമാണല്ലോ.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in