ഖുറാന്റെ ഹരിതവായന : മൃഗഹത്യ അനിവാര്യമോ?

ഡേവിസ് വളര്‍ക്കാവ് ഒരു വിശുദ്ധഗ്രന്ഥം പല രീതിയിലും വായിക്കാവുന്നതാണ്. ഖുറാന്‍ അറബിഗോത്രകാലത്തെ ചരിത്രം മനസ്സിലാക്കാന്‍ വേണ്ടി വായിക്കാം. അതുപോലെ സാഹിത്യം ആസ്വദിക്കാനും വായിക്കാം. ഭക്തിനിര്‍ഭരമായി വായിക്കുന്നവരാണ് അധികവും. എന്നാല്‍ സമീപകാലത്ത് മറ്റൊരു തലത്തില്‍ വായന സജീവമാകുന്നുണ്ട്. അത് സ്ത്രീപക്ഷചിന്തകളുമായി ബന്ധപ്പെട്ടതാണ്. ഖുറാന്റെ സ്‌ത്രൈണവായന എന്ന് അതിനെ വിളിക്കുന്നു. ഇങ്ങനെ നാനാവിധത്തില്‍ വായിക്കുന്നവരുടെ ഹൃദയത്തിലും ആത്മാവിലും നൂതനാശയങ്ങളും വ്യാഖ്യാനങ്ങളും കടന്നുവരുന്നത് സ്വാഭാവികമാണ്. അത് അനുഗ്രഹമാണ്. മനുഷ്യരാശി അറിവിലും അന്വേഷണത്തിലും മുന്‍പന്തിയിലാണ്. ഒരു ജീവിയെന്ന നിലയില്‍ ഇത് മനുഷ്യരെ ഏറെ […]

images
ഡേവിസ് വളര്‍ക്കാവ്
ഒരു വിശുദ്ധഗ്രന്ഥം പല രീതിയിലും വായിക്കാവുന്നതാണ്. ഖുറാന്‍ അറബിഗോത്രകാലത്തെ ചരിത്രം മനസ്സിലാക്കാന്‍ വേണ്ടി വായിക്കാം. അതുപോലെ സാഹിത്യം ആസ്വദിക്കാനും വായിക്കാം. ഭക്തിനിര്‍ഭരമായി വായിക്കുന്നവരാണ് അധികവും. എന്നാല്‍ സമീപകാലത്ത് മറ്റൊരു തലത്തില്‍ വായന സജീവമാകുന്നുണ്ട്. അത് സ്ത്രീപക്ഷചിന്തകളുമായി ബന്ധപ്പെട്ടതാണ്. ഖുറാന്റെ സ്‌ത്രൈണവായന എന്ന് അതിനെ വിളിക്കുന്നു. ഇങ്ങനെ നാനാവിധത്തില്‍ വായിക്കുന്നവരുടെ ഹൃദയത്തിലും ആത്മാവിലും നൂതനാശയങ്ങളും വ്യാഖ്യാനങ്ങളും കടന്നുവരുന്നത് സ്വാഭാവികമാണ്. അത് അനുഗ്രഹമാണ്.
മനുഷ്യരാശി അറിവിലും അന്വേഷണത്തിലും മുന്‍പന്തിയിലാണ്. ഒരു ജീവിയെന്ന നിലയില്‍ ഇത് മനുഷ്യരെ ഏറെ ശ്രേഷ്ഠരാക്കുന്നു. ഇതര ജീവജാതികള്‍ക്കില്ലാത്ത ഒരു ശ്രേഷ്ഠതയാണിത്. ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പ് അപശ്രുതിയിലായിരിക്കെ പച്ചയുടെ നിലനില്‍പ് അനിവാര്യമാക്കാന്‍ ഹരിതസൗഹൃദ ജീവിതവീക്ഷണം എല്ലാ രംഗത്തും ഉണ്ടാകേണ്ടിവരും. ആയതിനാല്‍ വിശുദ്ധഗ്രന്ഥങ്ങളിലും സത്യവിശ്വാസത്തിലുമുള്ള ഹരിതകഞ്ചുകങ്ങള്‍ കണ്ടെത്തേണ്ടതും സഹോദരങ്ങളെ ഈ അറിവിലേക്ക് ഉണര്‍ത്തേണ്ടതും ഓരോരുത്തരുടെയും ഇക്കാലഘട്ടത്തിലെ കടമകളില്‍ ഒന്നാണ്. ഇത്തരത്തില്‍ ചിന്തിക്കുമ്പോള്‍ ഖുറാന്റെ ഒരു ‘ഹരിതവായന’യ്ക്ക് സമയമേറിപ്പോയി എന്ന് പറയേണ്ടിവരും.
കോപ്പണ്‍ ഹേഗന്‍ ഉച്ചകോടിക്ക് ശേഷമെങ്കിലും പരിസ്ഥിതി സംരക്ഷണപ്രാധാന്യം നാം അറിഞ്ഞു. ഈ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമാണ് മിണ്ടാപ്രാണികളുടെ ജീവിക്കാനുള്ള അവകാശത്തെ ഇല്ലായ്മ ചെയ്യാതിരിക്കുക എന്നതും സംരക്ഷിക്കുക എന്നതും. ഒരു മരം മുറിക്കുന്നത് എത്രമാത്രം പ്രകൃതിദ്രോഹമാകുന്നുവോ അതുപോലെ ഒരു വളര്‍ത്തുമൃഗം, വന്യമൃഗം നമ്മുടെ രുചികള്‍ക്ക് വേണ്ടി കൊല്ലപ്പെടുന്നത് ഒഴിവാക്കാനാകും വിധം നാം പ്രകൃതി സംരക്ഷണത്തിന്റെ പാതയിലേക്ക് പ്രവേശിക്കണം.
പൂര്‍വ്വപ്രവാചകന്മാരെ ആദരിക്കുന്ന ഇസ്ലാംമതത്തിന് ഇതില്‍ വിമ്മിഷ്ടത്തിന്റെ പ്രശ്‌നം വരുന്നില്ല. കൈത്തണ്ടില്‍ കുഞ്ഞാടുമായി നില്‍ക്കുന്ന ക്രിസ്തുദേവനും മാനിനെ ലാളിക്കുന്ന ബുദ്ധഭഗവാനും ഗോക്കളോടൊപ്പം കഴിയുന്ന കൃഷ്ണനും നമുക്ക് മാതൃകകളാകാം. ”നിര്‍ത്ത് നിങ്ങളുടെ ഈ മുട്ടനാടുകളെ കൊണ്ടുള്ള യാഗം” എന്ന് ശാസിച്ച യെശയ്യാ പ്രവാചകനും പൂര്‍വ്വപരമ്പരയിലെ പ്രവാചകന്മാരായ വഴികാട്ടികളാണ്.
നബിതിരുമേനിയുടെ ജീവിതത്തില്‍ ഒട്ടേറെ സന്ദര്‍ഭങ്ങളില്‍ മൃഗങ്ങളോടും പക്ഷികളോടും മനുഷ്യേതരജീവികളോടും കരുണാദ്രമായ പെരുമാറ്റങ്ങള്‍ നാം കാണുന്നുണ്ട്. ഇത് പകര്‍ത്തുന്ന കാര്യത്തില്‍ നാം അത്ര ശ്രദ്ധകാട്ടുന്നുണ്ടോ? നാളെ ലോകം തന്നെ അവസാനിക്കുന്ന അറിയിപ്പ് വന്നാലും വൃക്ഷം നടുമ്പോള്‍ അത് നിര്‍ത്തിവയ്ക്കരുതെന്ന സന്ദേശം ഏതൊരു ഹരിതവായനയുടെയും പ്രചോദനമാകേണ്ടതാണ്.
പ്രവാചകന്മാര്‍, സംബോധന ചെയ്ത ജനവിഭാഗങ്ങള്‍ക്കുവേണ്ടി ചില വിട്ടുവീഴ്ചകള്‍ ചെയ്തവരാണ്. ജീസസ് തന്റെ മുക്കുവരായ ശിഷ്യന്മാര്‍ക്കും കേള്‍വിക്കാര്‍ക്കും മത്സ്യാഹാരം വിതരണം ചെയ്തു. മുഹമ്മദ് മാംസാഹാരം അനുവദിച്ചു. എന്നാല്‍ പെണ്‍മൃഗം, കുട്ടി, ഗര്‍ഭിണി, അള്ളാഹുവിന് സമര്‍പ്പിക്കപ്പെടാത്ത മൃഗഹത്യ, വേട്ടയാടല്‍ തുടങ്ങിയ എത്രയെത്ര നിരോധനങ്ങള്‍ക്ക് ശേഷമാണ് അനുവാദം നല്‍കുന്നതെന്ന് ചിന്തനീയമാണ്. മരുഭൂമിയിലെ ഈ നിയന്ത്രണം സമതലത്തിലെ നിരോധനമായി വിവേകികള്‍ സ്വീകരിക്കേണ്ടതാണ്. രോഗശാന്തിക്ക് ഒട്ടേറെ പഥ്യങ്ങള്‍ നിര്‍ദ്ദേശിച്ച്. ശീലിച്ച് ആഹാരരീതിയുടെ ദൂഷ്യത്തെ അകറ്റാന്‍ പരിശ്രമിക്കുന്ന ഒരു മഹാവൈദ്യന്റെ ചെയ്തികളാണവ. ഖുറാന്‍ അനുവദിക്കുന്ന മാംസാഹാര സമ്മതിയെ ഇത്തരത്തില്‍ വായിക്കേണ്ടതാണെന്ന് അഭിപ്രായപ്പെടട്ടെ.
”മുഹമ്മദ് നബി ജനിച്ചത് ഭാരതത്തിലായിരുന്നെങ്കില്‍ അദ്ദേഹം സസ്യാഹാരശീലം പ്രചരിപ്പിക്കുമായിരുന്നു” എന്ന് ഹോളിസ്റ്റിക് സ്പിരിച്വാലിറ്റിയുമായി ബന്ധപ്പെട്ട ഒരു മുസ്ലിം പണ്ഡിതന്‍ പറഞ്ഞത് ഇവിടെ സ്മരിക്കുകയാണ്.
അതുപോലെ എല്ലാ വേദങ്ങളെയും ആദരിക്കാനുള്ള ആഹ്വാനത്തില്‍ നാം വെള്ളം ചേര്‍ത്തു എന്ന് പറയാതിരിക്കാനാവില്ല. ലോകത്തിന്റെ വെളിച്ചം അതിനാല്‍ ഭാഗികമായേ അനുഭവിക്കാനും ആസ്വദിക്കാനുമായുള്ളൂ. നാലാം വേദക്കാരെന്ന നാമം പതിഞ്ഞുപോയി. ബൈബിള്‍. ഇഞ്ചില്‍ തൗറത്ത്, സബൂര്‍ എന്നിവയെ ആദരവോടെ സമീപിക്കുമ്പോള്‍ ഋക്, യജുര്‍, സാമം, അഥര്‍വ്വം എന്നിവയെ അവഗണിക്കുകയായിരുന്നു. പ്രകൃതിസ്‌നേഹത്തിന്റെ ഉജ്ജ്വലവാഗ്മയങ്ങള്‍ കുറിച്ച ഋഗ്വേദവും അഥര്‍വ്വവേദവും മാറ്റിവച്ചപ്പോള്‍ മുസ്ലീംങ്ങള്‍ക്ക് നഷ്ടമായത് അത്രയ്ക്ക് വെളിച്ചവും ആത്മീയശാന്തിയുമായിരുന്നു. ജീവനുള്ളവയ്ക്കും ഇല്ലാത്തതിനും പുല്‍ക്കൊടിക്കുപോലും മംഗളം നേരുന്ന സംസ്‌കാരം പൂര്‍വ്വവേദങ്ങളില്‍ സമൃദ്ധമായിരുന്നു. ഇത് ഖുറാന്റെ ഹരിതവായനയുടെ സഹായിയായി സ്വീകരിക്കാവുന്നതാണ്.
പുതിയ കാലത്തിന്റെ മതം പ്രകൃതിയുടെ ആത്മീയതയില്‍ ഊന്നുന്നതാകണമെന്ന നിരീക്ഷണം ഓര്‍മ്മിപ്പിച്ചുകൊണ്ട്, റംസാന്റെ ഈ വേളയില്‍, നോമ്പുകാലത്ത് മനഃശുദ്ധിവരുന്ന വേളകളില്‍, ഖുറാന്‍ കയ്യിലെടുക്കുമ്പോള്‍ അതിന്റെ പച്ചപ്പ് ഏറ്റുവാങ്ങാന്‍ മുസ്ലിം സുഹൃത്തുക്കള്‍ക്കാകട്ടെയെന്ന് ആശംസിക്കുന്നു.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply