ഖാസി പെണ്ണുങ്ങളുടെ നാട്ടില്‍…..
പ്രസാദ് അമോര്‍ അരുണാചല്‍ പ്രദേശിലെ മലകള്‍ കയറിയിറങ്ങി സന്ധികളയഞ്ഞ ശരീരവുമായി മേഘാലയയിലേയ്ക്ക് യാത്ര തിരിച്ചു. വിശ്രമരഹിതമായ കഴിഞ്ഞ ദിനങ്ങള്‍ ശരീരത്തെ പരിക്ഷീണിതമാക്കിയിരുന്നു.ഗുവാഹത്തിയില്‍ നിന്ന് ഷില്ലോങിലേയ്ക്കുള്ള ഷെയര്‍ ടാക്‌സിയില്‍ ഒരു ഖാസി യുവതി എന്റെ അരികില്‍ ഇരുന്നിരുന്നു. എന്റെ ഷീണിച്ച,മുഷിഞ്ഞ ശാരീരിക സാന്നിധ്യത്തെക്കുറിച്ചു് എനിയ്ക്ക് ആശങ്കയുണ്ടായിരുന്നു.ഉയരങ്ങള്‍ കയറും തോറും ക്ഷീണം ഒരു ശാരീരിക പ്രയാസമായി ആക്രമിച്ചുകൊണ്ടിരുന്നു .ഷിലോങ്ങിലെത്തി കാറില്‍ നിന്ന് ഇറങ്ങുന്നതിനിടയില്‍ ആ ഖാസി യുവതി അലീന എന്ന് പേര് പറഞ്ഞു പരിചയപ്പെടുത്തി .അവള്‍ ക്ഷണിച്ചു :’ഷിലോങില്‍ എനിയ്ക്കു […]
പ്രസാദ് അമോര്‍
അരുണാചല്‍ പ്രദേശിലെ മലകള്‍ കയറിയിറങ്ങി സന്ധികളയഞ്ഞ ശരീരവുമായി മേഘാലയയിലേയ്ക്ക് യാത്ര തിരിച്ചു. വിശ്രമരഹിതമായ കഴിഞ്ഞ ദിനങ്ങള്‍ ശരീരത്തെ പരിക്ഷീണിതമാക്കിയിരുന്നു.ഗുവാഹത്തിയില്‍ നിന്ന് ഷില്ലോങിലേയ്ക്കുള്ള ഷെയര്‍ ടാക്‌സിയില്‍ ഒരു ഖാസി യുവതി എന്റെ അരികില്‍ ഇരുന്നിരുന്നു. എന്റെ ഷീണിച്ച,മുഷിഞ്ഞ ശാരീരിക സാന്നിധ്യത്തെക്കുറിച്ചു് എനിയ്ക്ക് ആശങ്കയുണ്ടായിരുന്നു.ഉയരങ്ങള്‍ കയറും തോറും ക്ഷീണം ഒരു ശാരീരിക പ്രയാസമായി ആക്രമിച്ചുകൊണ്ടിരുന്നു .ഷിലോങ്ങിലെത്തി കാറില്‍ നിന്ന് ഇറങ്ങുന്നതിനിടയില്‍ ആ ഖാസി യുവതി അലീന എന്ന് പേര് പറഞ്ഞു പരിചയപ്പെടുത്തി .അവള്‍ ക്ഷണിച്ചു :’ഷിലോങില്‍ എനിയ്ക്കു ഫ്‌ളാറ്റുണ്ട് .കുറെ നേരം അവിടെ വിശ്രമിച്ചു് പോയാല്‍മതി .ക്ഷീണം മാറട്ടെ ‘.ആ സന്നിഗ്ദ്ധവസ്ഥയില്‍ വിശ്രമിക്കാന്‍ ഒരിടം എനിയ്ക്ക് മോഹനമായ ഒരു ആശ്വാസമായിരുന്നു. ഞാന്‍ അവളെ അനുഗമിച്ചു .ഒരു ഒറ്റ ബെഡ്റൂം അപ്പാര്‍ട്‌മെന്റായിരുന്നു അത് .ദീര്‍ഘമായ ഒരു ഉറക്കത്തില്‍ അവിടെ ഏറെ നേരം നിശ്ചേഷ്ടനായി കിടന്നു .സ്വസ്ഥത വീണ്ടെടുത്തു .കണ്ണുകള്‍ തുറന്ന് കിടക്കുകയാണ് .ആ റൂമിലെ ചുവരില്‍ സ്ഥാപിച്ചിട്ടുള്ള ഒരു പ്രകൃതി പ്രശാന്തളയുള്ള ചിത്രത്തില്‍ നോക്കി നിര്‍നിമിഷാലോചനനായി. അലീനയുടെ ഉദ്ദേശം എന്താണ് ?അടുത്ത മാത്രയില്‍ ഞാന്‍ ചകിതനായി.മനുഷ്യരുടെ നന്മകളിലും സഹോദര്യത്തിലും വിശ്വസിക്കുബോള്‍ തന്നെ ചതിയും വഞ്ചനയും പലപ്പോഴും പലവിധ ബന്ധങ്ങളെ നിര്‍വ്വചിക്കുന്നു. ഇന്ത്യയിലെ ലൈംഗീക വിപണി ചതി നിറഞ്ഞതാണ് .ഷിലോങില്‍ നിരവധി അഭിസാരികകളുണ്ട് .അവരുടെ നീക്കങ്ങള്‍ വളരെ ഗോപ്യവും ആസൂത്രിതവുമാണ് .അലീനയുടെ നിമ്‌നോന്നതകളുമായി ഉഴറുന്നത് മനോമുകുരത്തില്‍ ദൃശ്യമാവാന്‍ തുടങ്ങി .എന്തായിരിക്കും അവളുടെ അടുത്ത പ്രതികരണം? ഈ റൂമില്‍ നിന്ന് എങ്ങനെ പുറത്തുകടക്കും ? വ്യഗ്രതയിലെടുത്ത ഷിലോങ് യാത്രയില്‍ ഖേദിച്ചു. സാവധാനം കിടക്കയില്‍ നിന്ന് എഴുന്നേറ്റ് പരിഭ്രമത്തോടെ അവളെ നോക്കി. അവള്‍ ചിരിച്ചു.പ്രശാന്തമായിരുന്നു അവളുടെ മുഖം .അവള്‍ പറഞ്ഞു :’യു ആര്‍ പെര്‍ഫക്റ്റീലി ഓള്‍ റൈറ്റ് നൗ .യു മെ സ്റ്റാര്‍ട്ട് യുവര്‍ ജേര്‍ണി’ അവളുടെ വശ്യവും സൗമ്യഭാവവുമുള്ള നോട്ടത്തില്‍ അശക്തനായി ഞാന്‍ മുഖം താഴ്ത്തി .
തീര്‍ച്ചയായും അസാമാന്യമായ അനുതാപവും സാഹോദര്യവും ലാളിത്യവുമുള്ള മനുഷ്യരുടെ ഇടയില്‍ ജനിച്ചു വളര്‍ന്ന ഒരു സ്ത്രീയ്ക്ക് മാത്രമേ അപരിചിതനായ ഒരു പുരുഷനോട് ഇത്രയും ദയാവായ്പോടെ പെരുമാറാന്‍ കഴിയുകയുള്ളു. അവളെ വളര്‍ത്തിയ സമൂഹത്തിനോട് ,അവളുടെ ഉപാധിരഹിതമായ കരുതലിനോട് എനിയ്ക്ക് മതിപ്പ് തോന്നി.പെണ്ണിന്നെ കാണുബോള്‍ കാമവും പരിഭ്രമവും മാത്രം വഴിയുന്ന കാഴ്ചകളെ പുണരുന്ന ഞാന്‍ വളര്‍ന്ന സാമൂഹ്യ പശ്ചാത്തലത്തെക്കുറിച്ചോര്‍ത്തു് -ലഞ്ജിച്ചു. എന്റെ വൃഥാമനോരഞ്ജനങ്ങളെക്കുറിച്ചോര്‍ത്തു് സ്വയം നിന്ദിച്ചു.
ഈസ്റ്റ് ഖാസി കുന്നില്‍ ജനിച്ചു വളര്‍ന്ന ഒരു ഖാസി കൂട്ടുകാരി എനിയ്ക്കുണ്ടായിരുന്നു . വൃത്തിയായി ഇംഗ്ലീഷ് സംസാരിക്കുന്ന അവള്‍ മധുരമായ ശബ്ദത്തില്‍ പാടുമായിരുന്നു .ചിത്രകലയിലും അവള്‍ മഹാവിദുഷികയായിരുന്നു.അവളുടെ ക്യാന്‍വാസില്‍ ജീവിച്ച ചിത്രങ്ങള്‍ പ്രസാദാത്മകമായ ജീവിത പ്രതീക്ഷകളുടേതായിരുന്നു .ഗുവാഹത്തിയിലെ ഒട്ടുമിക്ക റെസ്റ്റോറന്റുകളിലും അവളുടെ ചിത്രങ്ങള്‍ കാണാം .സോഷ്യല്‍ വര്‍ക്കില്‍ ഗവേഷണം ചെയ്യാനെത്തിയ ഒരു മലയാളിയുമായുണ്ടായ അവളുടെ അനുരാഗം വിവാഹത്തില്‍ കലാശിച്ചു .അത് ഏറെ നാള്‍ നീണ്ടുനിന്നില്ല .കേരളീയ ജീവിത പരിസരം പരുപവപ്പെടുത്തിയെടുക്കാന്‍ അവള്‍ക്ക് അസാധ്യമായിരുന്നു .കേരളത്തിലെ കെട്ടുപാടുകള്‍ അവസാനിക്കുന്നതിനു മുന്പ് അവള്‍ എന്നോട് സംസാരിച്ചിരുന്നു:’തീര്‍ച്ചയായും ഞാന്‍ ഹതാശയാണ് കേരളത്തില്‍ .ജയിലില്‍ കിടക്കുന്നതുപോലെ ജീവിക്കണം. കാലഹരണപ്പെട്ട കുറെ മുല്യങ്ങളുമായുള്ള കുറെ ജീവിതങ്ങള്‍ .നിരവധി ചോദ്യങ്ങള്‍. പരിഹാസങ്ങള്‍ .ഞാന്‍ കേരളം ഉപേക്ഷിക്കുകയാണ് എന്നോട് ക്ഷമിക്കുക’. അവള്‍ ഗദ്ഗദത്തോടെ പറഞ്ഞു. കേരളത്തിലെ അവളുടെ പ്രതികൂല സാഹചര്യങ്ങളോട് എനിയ്ക്ക് മറുപടി ഉണ്ടായിരുന്നില്ല .അവളുടെ പ്രതിസന്ധി അപരിഹാര്യമാണെന്ന് അറിയാമായിരുന്നു. സ്ത്രീപുരുഷ വൈജാത്യങ്ങള്‍ ഭേദിച്ച് ജീവിക്കുന്ന സ്വാതന്ത്ര്യബോധമുള്ള വടക്കു കിഴക്കന്‍ ഇന്ത്യയിലെ ഒരു പെണ്‍കുട്ടിയുടെ പ്രതീക്ഷകള്‍ വിശാലവും ഉദാത്തവുമായിരുന്നു .
മണിക്കൂറുകളോളം മലകള്‍ കയറിയിറങ്ങി ചെന്നെത്തുന്ന ഈസ്റ്റ് ഖാസി കുന്നിലെ അവളുടെ വീട്ടില്‍ പാര്‍ക്കാന്‍ അവള്‍ക്ക് കഴിയുമെന്ന പ്രതീക്ഷ എനിക്കില്ലായിരുന്നു .ഗുവഹാത്തിയിലോ ഷിലോങ്ങിലോ ജോലിയെടുത്തു് പുലരാനുള്ള സാഹചര്യം അവള്‍ക്കുണ്ട് .ഷിലോങില്‍ നിന്ന് മടങ്ങുന്നതിന് മുന്‍പ് അവളെ കാണുമെന്ന് പ്രതീക്ഷിച്ചിരുന്നു.എന്തുകൊണ്ടോ കഴിഞ്ഞില്ല.
കിഴക്കിന്റെ സ്‌കോട്‌ലന്‍ഡ് ലാന്‍ഡ് എന്ന് ബ്രിട്ടീഷ്‌കാര്‍ വിശേഷിപ്പിച്ച മേഘാലയ എപ്പോഴും മഴ നനഞ്ഞു കുതിര്‍ന്നു കിടക്കുന്ന നിരവധി താഴ്വരകളും വൈവിദ്ധ്യമുള്ള സസ്യമൃഗ പ്രകൃതിയുമുള്ള ഒരു ഹിമാലയന്‍ ഭൂവിഭാഗമാണ്.നിരവധി ശുദ്ധജല പ്രവാഹങ്ങള്‍, നദികളും ഉള്ള ഏഷ്യയിലെത്തന്നെ നല്ല വൃത്തിയുള്ള പ്രദേശം എപ്പോഴും മഴ അനുഭവിച്ചു മാത്രം എത്താനാവുന്ന ചിറാപുഞ്ചി പിന്നെ മേഘങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന പര്‍വ്വതങ്ങള്‍ സമ്പന്നമായ കുന്നുകള്‍ .തീര്‍ച്ചയായും ഒരു പുതുമ അനുഭവിക്കാന്‍ ആഗ്രഹിക്കുന്ന യാത്രികരെ ഹരംകൊള്ളിക്കുന്ന വാങ്മയ ചിത്രങ്ങള്‍ പകര്‍ത്തിവെച്ച സൗമ്യശീതളപ്രകൃതി.മലകള്‍ക്കും താഴ്വാരങ്ങള്‍ക്കും ഇടയിലെ ചെരുവുകളില്‍ ജീവിക്കുന്ന ആദിമവാസികളുടെ ജീവിതങ്ങള്‍ ഇന്നും അനന്യമായ ജീവിതപ്രകാരങ്ങളാണ്.സ്ത്രീകള്‍ മഹനീയ സ്ഥാനം അലങ്കരിക്കുന്ന ഇവിടത്തെ സാമൂഹ്യവ്യവസ്ഥിതി മാതൃദായ മാതൃകയുടെ പുരാതന രൂപകങ്ങളാണ്.ഖാസി ,ഗാരോ, ജൈന്ത്യ വര്‍ഗ്ഗങ്ങള്‍ അധിവസിക്കുന്ന ഈ മേഖല അവരുടെ സ്വാതന്ത്ര്യവും അസങ്കുചിതവുമായ വിശ്വാസങ്ങളും കൊണ്ട് ഇതര സമൂഹങ്ങളില്‍ നിന്നൊക്കെ വ്യതിരിക്തമാണ്.അതില്‍ ഖാസി ഗോത്രത്തിന് വളരെ പ്രാമുഖ്യമുള്ള ഒരു പ്രദേശമാണിത്.ഖാസി ഗോത്രം അറിയപ്പെടുന്നത് അമ്മയുടെ പേരിലാണ്. അവരുടെ കുടുംബവ്യവസ്ഥയില്‍ ആധിപത്യം സ്ത്രീകള്‍ക്കാണ്.സ്വത്തവകാശം ലഭിക്കുന്നത് അമ്മയില്‍ നിന്നാണ്.മാത്രമല്ല സ്ത്രീകള്‍ക്ക് സ്വച്ഛന്ദ ലൈംഗീകത ഉള്ള സമൂഹമാണിത്.ഈ പെണ്‍കോയ്മ സമൂഹത്തില്‍ പുരുഷന്മാര്‍ക്ക് വലിയ പ്രാധാന്യമൊന്നുമില്ല .അമ്മയും മക്കളും പിന്തുടര്‍ച്ചയുമാണ് ഖാസിയുടെ സാമൂഹ്യവ്യവസ്ഥിതിയെ നിയന്ത്രിക്കുന്നത്.വിവാഹം കഴിച്ചാലെ ജീവിതം ധന്യമാവുകയുള്ളു ഏന്ന വിചാരം ഖാസി പെണ്ണുങ്ങള്‍ക്ക് ഉണ്ടെന്ന് തോന്നുന്നില്ല. മാത്രമല്ല ഭര്‍ത്താവിന് വേണ്ടി നിലനില്‍ക്കുകയും മക്കളെ പ്രസവിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന ത്യാഗ സമ്പന്നയും സഹനശീലയും ഒക്കെ ആയിട്ടുള്ള ഒരു ഭാര്യയാവാന്‍ ഖാസി പെണ്ണുങ്ങള്‍ക്ക് കഴിയുകയില്ല. അവര്‍ തങ്ങളുടെ അതൃപ്തികള്‍ തുറന്ന് പറയും ചോദ്യം ചെയ്യും ആവശ്യങ്ങള്‍ ഉന്നയിക്കും.ഷിലോങ്ങില്‍ ഉല്ലസിച്ചു നടക്കുന്ന ഖാസി പെണ്ണുങ്ങളോട് നമുക്ക് അസൂയ തോന്നും.അവരുടെ സ്വതന്ത്രലൈംഗീകതയോട് തോന്നുന്ന അസൂയ കലര്‍ന്ന അമര്‍ഷം പ്രകടിപ്പിക്കാന്‍ പുരുഷന്മാര്‍ ഇവിടെ അശക്തരാണ്. പുരുഷന്റെ വ്യക്തിത്വത്തിന്റെമേല്‍ സ്ത്രീകള്‍ നിയന്ത്രണം സ്ഥാപിച്ചിരിക്കുന്നു.സമ്പത്തിന്റെയും സാമൂഹ്യ പദവിയുടെയും മേഖലയിലെല്ലാം പുരുഷനെ അടിച്ചമര്‍ത്തുകയും പിന്തള്ളുകയും ചെയ്യുന്നു.ഇതില്‍നിന്നെല്ലാം രക്ഷപ്പെടാന്‍ കഴിയാത്തതിനാല്‍ പുരുഷന്മാര്‍ വല്ലാതെ ഖിന്നരാണ്.ഷിലോങ്ങില്‍ വെച്ച് പരിചയപ്പെട്ട കൈത പര്യാത് എന്ന ഖാസി യുവാവ് തെല്ല് സങ്കടത്തോടെ പറഞ്ഞു : ‘വിവാഹത്തോടുകൂടി ജനിച്ച കുടുംബം ഉപേക്ഷിക്കേണ്ടിവരിക. അമ്മായിയമ്മയുടെ ശാസനകള്‍ക്കനുസരിച്ചു് ജീവിക്കേണ്ടിവരിക.അത്യാവശ്യചിലവിനായി അവര്‍ക്കു മുന്പാകെ കൈനീട്ടേണ്ടിവരിക. ഒരുതരം അപമാനീകരണമാണത് .നിങ്ങള്‍ക്കത് പറഞ്ഞാല്‍ മനസ്സിലാവുകയില്ല’.മേഘാലയയിലെ ഏതാനും ചെറുപ്പക്കാര്‍ ചേര്‍ന്ന് രൂപീകരിച്ച Syngkhong Rympei Thymai (SRT) എന്ന സംഘടനയുടെ അമരക്കാരനാണ് അദ്ദേഹം.പെണ്‍കോയ്മ അവസാനിപ്പിക്കാനും പുരുഷ -സ്ത്രീ തുല്യതയുള്ള സാമൂഹ്യാവസ്ഥയ്ക്കും വേണ്ടി രൂപീകരിച്ച ഈ സംഘടന ഈ സമൂഹത്തിന്റെ ഒരു അപനിര്‍മ്മാണമാണ് ലഷ്യമിടുന്നത്.ഖാസി സമൂഹത്തിന്റെ ഭാഷയില്‍ ലിംഗപരമായ അസമത്വത്തിന്റെ സ്വാധീനം നിലനില്‍ക്കുന്നുണ്ട്. ഉര്‍വ്വരത സൂചിപ്പിക്കുന്ന എല്ലാ പദപ്രയോഗങ്ങളും മാതൃദായകമാണ്. ഭാഷ സ്ത്രീ കേന്ദ്രീകൃതവും സ്ത്രീസ്വാധീനത്തിന്റെ കീഴിലുമാണ് .പുരുഷന് അതില്‍ ഒരിടം കണ്ടെത്തുക എന്നത് ശ്രമകരമാണ്. അറിവും സാമ്പത്തിക നിലനില്‍പ്പും ആത്മവിശ്വാസവും നേടിയെടുത്തു് പുരുഷന്മാര്‍ തന്നെ അവര്‍ അനുഭവിക്കുന്ന വിവേചനങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്താന്‍വേണ്ടി അവരെ അതിന് പ്രേരിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് SRT നടത്തുന്നത്.നാലായിരം ഖാസി പുരുഷന്മാര്‍ അതില്‍ അംഗങ്ങളാണ്.
ഖാസി സമൂഹത്തെക്കുറിച്ചും പെണ്ണുങ്ങളെക്കുറിച്ചുമുള്ള വിചാരങ്ങളും കൗതുകങ്ങളുമായി ഞാന്‍ ചില ദിവസങ്ങളില്‍ പുരാതന ജീവിതരീതി തുടരുന്ന വിദൂരവും എത്തിപ്പെടാന്‍ ദുസ്സഹവുമായ ചില ഗ്രാമങ്ങളില്‍ പോയിതാമസിച്ചു .ഈസ്റ്റ് ഖാസി ഹില്‍സ് ,ഗാരോ ഹില്‍സ് ,ജൈന്ത്യ ഹില്‍സ് എന്നി ഭൂവിഭാഗങ്ങളിലെ വിവിധ ഗോത്രവര്‍ഗ്ഗ ജീവിതം അറിയാന്‍ ശ്രമിച്ചു. കുന്നുകളില്‍ നിന്ന് താഴേക്കിറങ്ങി ചെന്നെത്തുന്ന ഗ്രാമങ്ങള്‍ അന്യപ്പെട്ടുകിടക്കുന്നു.അവിടത്തെ ജീവിത സാഹചര്യങ്ങള്‍ ഇപ്പോഴും അതിജീവനത്തിന്റെ പുരാതന മാതൃകകളാണ് .ഫലഫുഷ്ടിയുള്ള വിശാലമായ ഭൂതലം അവര്‍ക്കില്ല.അപ്രാപ്യമായ ശുഷ്‌ക വന വിസ്തൃതി. കുന്നുകള്‍ക്കിടയിലെ ചെരുവു കളില്‍ സമരം ചെയ്തുകൊണ്ടുള്ള അതിജീവന വ്യയമാണ് അവരുടേത്.നാഗരികതയുടെ നാട്യങ്ങളില്ലാത്ത താളഗതിയുള്ള ജീവിതങ്ങള്‍.ആ ജനപഥങ്ങള്‍ ആരുടെയും ശ്രദ്ധയാകര്‍ഷിക്കും നല്ല വൃത്തിയും വെടിപ്പുമുണ്ട്.ശാരീരിക ശുചിത്വത്തിലും അവര്‍ നിഷ്‌കര്ഷയുള്ളവരാണ്.എന്നാല്‍ താംബൂലം മുറുക്കിത്തുപ്പുന്ന അവരുടെ ശീലം നമ്മുടെ സ്ത്രീ സൗന്ദര്യസങ്കല്പങ്ങളെ സംബന്ധിച്ച നീരീക്ഷണങ്ങളെ നിരാശപെടുത്തിയെന്ന് വരാം.ആണുങ്ങളുടെ മാത്രമല്ല പെണ്ണുങ്ങളുടെ പല്ലുകളിലും മുറുക്കാന്റെ കറയുണ്ട്.കുറിയ മനുഷ്യരായ അവരുടെ ചൊടിയും ആഹ്‌ളാദവും സൗഹൃദവും നിസങ്കോചമായ പെരുമാറ്റവുമെല്ലാം പുരാതനമായ സ്ത്രീസ്വാതന്ത്ര്യത്തിന്റെ ഉദാത്തമായ അനുഭവമാണ്.ഖാസി ഗാരോ പിന്നെ ചില ഉപവിഭാഗങ്ങളും ഉണ്ട് .അവരുടെ മാതൃദായകസമൂഹത്തിന്റെ ഉത്പത്തിയെക്കുറിച്ചു് നിരവധി കഥകളുണ്ട് .അതിലെ ഒരു കഥ, ഖാസി പുരുഷന്മാര്‍ക്ക് ശത്രുക്കളുമായി നീണ്ടുനിന്ന യുദ്ധം ചെയ്തണ്ടിവന്നപ്പോള്‍ വീട്ടിലെ ദൈനംദിന കാര്യങ്ങള്‍ സാമ്പത്തിക ക്രയവിക്രയങ്ങള്‍ എല്ലാം സ്ത്രീകളുടെ ചുമതലയായി.യുദ്ധം കഴിഞ്ഞു തിരിച്ചുവന്നപ്പോഴേയ്ക്കും പുരുഷന്മാരുടെ പദവി നഷ്ടപെട്ടു കഴിഞ്ഞിരുന്നു. എന്നാല്‍ നരവംശപരമായ പഠനങ്ങളില്‍ പറയുന്നത് പുരാതന ഗോത്രങ്ങളില്‍ സ്ത്രീകള്‍ക്ക് ഉയര്‍ന്ന സ്ഥാനം ഉണ്ടായിരുന്നു എന്നാണ്.അക്കാലത്തു് ഗോത്രങ്ങളില്‍ ലൈംഗിക സ്ഥിതി സമത്വം ഉണ്ടായിരുന്നു.ആരും ഇണയെ പ്രത്യേകമായി തേടിപോയിരുന്നില്ല. അതുകൊണ്ട് തന്നെ ഒരു വ്യക്തി ജനിച്ചത് ഏത് അച്ഛനില്‍ നിന്നാണെന്ന് പറയാന്‍ കഴിഞ്ഞിരുന്നില്ല. മാത്രമല്ല സ്ത്രീയുടെ മാതൃത്വം എന്ന ഗുണം അവരുടെ ശ്രേഷ്ഠ സ്ഥാനത്തിന് നിദാനവുമായിരുന്നു. സ്വത്തവകാശം ലഭിച്ചിരുന്നത് അമ്മയില്‍ നിന്നായിരുന്നു .അന്യപ്പെട്ടുപോയ ഈ പുരാതന സമ്പ്രദായം സോഷ്യല്‍ കോഗ്‌നിറ്റീവ് പ്രക്രിയയിലൂടെ -അനുകൂലമായ സാഹചര്യത്തിലൂടെ ഇന്നും നിലനില്‍ക്കുന്ന ലോകത്തിലെ തന്നെ അപൂര്‍വ്വം സമൂഹങ്ങളില്‍ ഒന്നാണ് ഖാസികളുടേത് .
കുടുംബനാഥയായ സ്ത്രീയുടെ നിയന്ത്രണം എങ്ങുമുണ്ട് .മുതിര്‍ന്ന സ്ത്രീകളുടെ തോളില്‍ ഒരു സഞ്ചി കാണാം.താംബൂലം മാത്രമല്ല അത്യാവശ്യങ്ങള്‍ക്ക് വേണ്ട പണവും അതില്‍ കാണും.ആവശ്യങ്ങള്‍ക്ക് കുടുംബാംഗങ്ങള്‍ അവരെ സമീപിക്കണം.പെണ്‍കുട്ടി ജനിക്കുന്നത് ആഘോഷിക്കുന്ന ഈ സമൂഹത്തില്‍ വിവാഹമോചിതയായ സ്ത്രീയ്ക്ക് സാമൂഹ്യ തിരസ്‌ക്കാരമോ പഴികളോ നുഭവിക്കേണ്ടിവരുന്നില്ല.സാമ്പത്തികമായ അവരുടെ മേല്‍ക്കോയ്മ പുരുഷന്മാരുടെ നിയന്ത്രണങ്ങളെ ഉല്ലംഘിക്കുകയാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in