കുമ്പളങ്ങി നൈറ്റ്‌സ്: അപാരമ്പര്യത്തിന്റെ പാര്‍പ്പിടങ്ങള്‍

മഹമൂദ് മൂടാടി ജാതി, തൊഴില്‍, തറവാട്, ഉദ്യോഗം,കുടുംബം, ഗൃഹനാഥന്‍, സംസ്‌കാരം, സദാചാരം,പാരമ്പര്യം തുടങ്ങിയ ഇനിയും കാലഹരണപ്പെടാത്ത സോ- കോള്‍ഡ് പെഡിഗ്രിയും, മെയില്‍ ഷോവനിസവും കുലചിഹ്നമാക്കിയ കേരളീയ ജീവിതത്തെ അതിനഗ്‌നമായി അപനിര്‍മ്മിക്കുന്ന കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമ അക്ഷരാര്‍ത്ഥത്തില്‍ മെയിംസ്ട്രീം സിനിമയുടെ വാല്യു – സ്സ്‌ട്രെക്ചറിനെതിരെയുള്ള ഒരു ‘എന്‍കൗണ്ടര്‍ മൂവി ‘ കൂടിയാണെന്ന് പറയാം. നമ്മുടെ മുഖ്യധാര ചലച്ചിത്രങ്ങള്‍ നാളിതുവരെ മോണോലോഗായും, പോളിഫോണിക്കായും ഉല്പാദിച്ചുക്കൊണ്ടിരിക്കുന്ന മാസ്‌കുലിനിറ്റി ഭരിതമായ ജനപ്രിയ മൂല്യങ്ങളേയും വ്യവസ്ഥിതിയേയും പ്രതിബോധത്തിന്റെ അപാരമായ ഇന്നര്‍ ഡൈനാമിക്കിലൂടെ വിചാരണപ്പെടുത്തുകയും, […]

kമഹമൂദ് മൂടാടി

ജാതി, തൊഴില്‍, തറവാട്, ഉദ്യോഗം,കുടുംബം, ഗൃഹനാഥന്‍, സംസ്‌കാരം, സദാചാരം,പാരമ്പര്യം തുടങ്ങിയ ഇനിയും കാലഹരണപ്പെടാത്ത സോ- കോള്‍ഡ് പെഡിഗ്രിയും, മെയില്‍ ഷോവനിസവും കുലചിഹ്നമാക്കിയ കേരളീയ ജീവിതത്തെ അതിനഗ്‌നമായി അപനിര്‍മ്മിക്കുന്ന കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമ അക്ഷരാര്‍ത്ഥത്തില്‍ മെയിംസ്ട്രീം സിനിമയുടെ വാല്യു – സ്സ്‌ട്രെക്ചറിനെതിരെയുള്ള ഒരു ‘എന്‍കൗണ്ടര്‍ മൂവി ‘ കൂടിയാണെന്ന് പറയാം. നമ്മുടെ മുഖ്യധാര ചലച്ചിത്രങ്ങള്‍ നാളിതുവരെ മോണോലോഗായും, പോളിഫോണിക്കായും ഉല്പാദിച്ചുക്കൊണ്ടിരിക്കുന്ന മാസ്‌കുലിനിറ്റി ഭരിതമായ ജനപ്രിയ മൂല്യങ്ങളേയും വ്യവസ്ഥിതിയേയും പ്രതിബോധത്തിന്റെ അപാരമായ ഇന്നര്‍ ഡൈനാമിക്കിലൂടെ വിചാരണപ്പെടുത്തുകയും, തലകീഴ്മറിക്കുകയും ചെയ്യുന്ന പ്രമേയപരമായ ഉള്ളടക്കവും ദൃശ്യപരിചരണ രീതിയുമാണ് കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തെ മെയിന്‍ സ്ട്രീം സിനിമയ്ക്കകത്തെ ഒരു ‘എന്‍കൗണ്ടര്‍ മൂവി’യാണെന്ന് വിശേഷിപ്പിക്കാന്‍ എന്നെ പ്രചോദിപ്പിക്കുന്നത്. ഉമ്മറക്കോലായിലെ ചാരുകസേരയില്‍ അധികാര ഭാവമായ ഗൃഹനാഥനും, പൂമുഖവാതിലില്‍ പൂന്തിങ്കളാകുന്ന വിനീതവിധേയ വീട്ടമ്മയും,
ഉദ്യോഗസ്ഥന്മാരായ മക്കളും ഉത്തമപുരുഷന്റെ ചൊല്‍പടിയ്ക്കു കീഴെ അനുസരണപ്പെടുന്ന മരുമക്കളും ,വേലക്കാരും, വാച്ച് ഡോഗും, കാറും, സീരിയലുകളുമെല്ലാം തികഞ്ഞ മാന്യതയുടെ പൂര്‍ണാകാരമായ നമ്മുടെ വീടിനെയും, ജീവിതത്തേയും തന്നെയാണ് ന്യൂജെന്‍ സ്‌കൂള്‍ ഓഫ് തോട്ട് സിനിമാക്കാരായ ശ്യാം പുഷ്‌ക്കറും മധു സി നാരായണനും ചേര്‍ന്ന് ‘പ്രതിക്കൂട്ടി’ലാക്കുന്നത് അല്ലെങ്കില്‍ വിപ്‌ളവകരമായി പൊളിച്ചടുക്കുന്നതെന്നു പറയാം.
കൊച്ചി നഗരത്തിനു സമാന്തരമായ കുമ്പളങ്ങി എന്ന കായലോര ഗ്രാമത്തിലെ നെപ്പോളിയന്റെ വീട്ടിലെ നാലു സഹോദരന്മാരില്‍ ഇളയവനായ ഫ്രാങ്കിയുടെ ഒരു ഡയലോഗ് കടമെടുത്ത് പറയുകയാണെങ്കില്‍ ആ പഞ്ചായത്തിലെ ഏറ്റവും മോശം വീടാണ് അവര്‍ക്ക് പിതൃസ്വത്തായി കിട്ടിയ കൂരയോളം ചെറുതായ ആ വീടും ജീവിതവും ആഖ്യാനപ്പെടുത്തുന്നത് ഒരുവേള നമ്മുടെ മുഖ്യധാര സിനിമയിലെ തന്നെ ഭാവുകത്വപരമായ ഒരു പുതുവഴിയാണെന്നതാണ് നേര്.
കുലപുരുഷന്മാരുടെ വീരേതിഹാസം കൊണ്ടു നിറഞ്ഞു തുളുമ്പിയ മംഗലശ്ശേരി മനയ്ക്കും, തേവള്ളിപ്പറമ്പിനുമപ്പുറം വീടും ജീവിതവുമില്ലെന്ന് നാട്യപ്പെട്ട ജനപ്രിയ സിനിമയുടെ ഫ്രെയിമിനുള്ളിലേക്ക് പുറമ്പോക്കിലെ ഒരു തീട്ടപ്പറമ്പിലെ അഥവാ വേഴ്സ്റ്റ് ലാന്‍ഡിലെ നെപ്പോളിയന്റെ വീടും ‘മാന്വത തൊട്ടു തീണ്ടാത്ത ‘തീരെ ചെറിയ മനുഷ്യരും കാഴ്ചയാകുന്നത് നടപ്പു ശീലങ്ങളില്‍ നിന്നുള്ള കട്ട് ഓഫ് തന്നെയാണ്.
കുമ്പളങ്ങി എന്ന സുന്ദരമായ ഒരു കായല്‍ തീരത്ത് സാരികൊണ്ടും തുണികൊണ്ടും മാത്രം വാതിലും ജനാലയും മറയ്ക്കുന്ന ഒരു കുഞ്ഞു വീട്ടിലെ, സ്വന്തം ജീവിതത്തോട് ഒരു മമതയും ,ഭാവിയെ കുറിച്ച് ഒരു ചിന്തയുമില്ലെന്ന് ആര്‍ക്കും തോന്നിപ്പിക്കുന്ന നാലു സഹോദരന്മാര്‍, നെപ്പോളിയന്റെ മക്കളായ സജിയും ബോണിയും ബോബിയും ഫ്രാങ്കിയും അടികൂടിയും സ്‌നേഹിച്ചും പരസ്പരം ഇഷ്ടാനിഷ്ടങ്ങളോടെ അലമ്പായി ജീവിക്കുന്ന വീടും പരിസരവുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ബോഡി വേസ്റ്റ് മുതല്‍ പൂച്ചക്കുഞ്ഞിനെ വരെ ഉപേക്ഷിക്കാവുന്ന ആ തുരുത്തിലേക്കും, ഏത് പാതിരാനേരത്തും ക്ഷണിക്കാതെ ആര്‍ക്കും പ്രവേശിക്കാവുന്ന ആ കുഞ്ഞു വീട്ടിലേക്കും, സ്ഥാവരജംഗമങ്ങള്‍ പോലെ തന്നെ അടുക്കും ചിട്ടയുമില്ലാത്ത നാലു പേരുടെ ജീവിതത്തിലേക്കും പ്രണയമായും വേദനയായും ബാധ്യതയായും കയറി വരുന്ന ചില പാവം മനുഷ്യരും അവരുടെ സംത്രാസങ്ങളും കൂടിക്കലര്‍ന്ന കഥയുടെ പശ്ചാത്തലം നമ്മുടെ സിനിമകളില്‍ തീരെ പരിചിതമല്ലാത്തതാണ്. ഒരുപക്ഷേ,അന്നയും റസൂലിലും കമ്മട്ടിപ്പാടത്തിലും മാത്രം നാം അനുഭവിച്ചറിഞ്ഞ സാധു മനുഷ്യരുടെ അടിത്തട്ട് തല ജീവിതം ഫുള്‍ ഡാര്‍ക്ക് സീനായി വ്യത്യസ്തമായ ആംഗിളിലൂടെ വികസിപ്പിക്കുന്നു.
സജിയും,ബോബിയും, ബോണിയും, ഫ്രാങ്കി യും കടിഞ്ഞാണില്ലാത്ത കുതിരകളായി പരസ്പരം കലഹിച്ചും, സ്‌നേഹിച്ചും, കുടിച്ചും, ആടിയും തള്ളി നീക്കുന്ന ജീവിതത്തിനും ആ കൊച്ചു കൂരയ്ക്കും സമാന്തരമായി
ഒരുത്തമ കുലപുരുഷന്റെ മാന്യമായ ജീവിതവും,വീടും നമ്മുടെ കാലത്തെ അലക്കിത്തേച്ച മാന്യതയുടെ പ്രതീകമായി സിനിമ വിശദാംശപ്പെടുത്തുന്നുണ്ട്.
ആണഹങ്കാരത്തിന്റെ മീശ മുനയില്‍ അഭിപ്രായ സ്വാതന്ത്ര്യവും സ്വന്തം ഇഷ്ടാനിഷ്ടങ്ങളും അടിയറ വെച്ചു ജീവിക്കുന്ന സ്ത്രീകളുടെ വിധേയത്വവും നരകയാതനയും ഷമ്മിയുടെ ഭാര്യാവീടിനെ സാക്ഷിനിര്‍ത്തി കുമ്പളങ്ങി നൈറ്റ്‌സ് ഒട്ടും ‘മാന്യത’യില്ലാതെ തുറന്നു കാണിക്കുന്നുണ്ട്.
നായകന്റെ കൈ കരുത്തില്‍ നിശബ്ദമാക്കപ്പെടുകയും കാല്‍ക്കീഴിലമരുകയും ചെയ്യുന്ന നീലകണ്ഠന്റെയും ഭരത്ചന്ദ്രന്റെയും കാലത്തെ നാം കണ്ടു ശീലിച്ച കുലസ്ത്രീകളുടെ കാലം കഴിഞ്ഞെന്ന് പക്ഷേ ഈ സിനിമയിലെ പെണ്ണുങ്ങള്‍ ഷമ്മിയോടു മാത്രമല്ല കേരളത്തിലെ മീശമാധവന്മാരായ മുഴുവന്‍ ആങ്ങളത്തമ്പുരാക്കന്മാരോടും,മെയില്‍ ഷോവനിസ്റ്റ് പിഗ്ഗുകളോടും ഒച്ചയെടുത്ത് തന്നെ പറയുന്നുണ്ട്.
‘ഏത് ടൈപ്പ് ഏട്ടനായാലും മാന്യമായി സംസാരിക്കണമെന്ന് ‘ ഭര്‍ത്താവെന്ന സര്‍വ്വാധികാരിയുമായ ഷമ്മിയോട് ഭാര്യ സിമി തന്നെ ലൗഡായി കയര്‍ക്കുന്നത് നമ്മുടെ സിനിമയില്‍ ഒരു പുത്തരി തന്നെയാണ്.
സ്വന്തം കാമുകനെ പലതന്തയ്ക് പിറന്ന വനെന്ന് ആക്ഷേപിക്കുമ്പോള്‍ ആ പ്രയോഗം ടെക്‌നിക്കലി ഒട്ടും പോസ്സിബിളല്ലായെന്ന് മുഖമടച്ച് മറുപടി നല്‍കുന്ന ബേബി എന്ന കാമുകിയും ഇതിനു മുമ്പ് നാം ഒരു സിനിമയിലും കാണാത്ത വേറിട്ട വ്യക്തിത്വവും തന്റേടവുമാണ്. മീന്‍ പണി സ്റ്റാറ്റസിനു പറ്റിയ പണിയല്ല എന്ന ബോബിയുടെ, കാമുകന്റെ ‘പൊതുബോധ്യ’ത്തെ രാവിലെ തന്നെ മീന്‍ കൂട്ടി ഭക്ഷണം കഴിച്ചയെന്നോടാണോ നീ ഇങ്ങനെ പറയുന്നതെന്ന മട്ടിലുള്ള ബേബിയുടെ മറുപടിയും നമ്മുടെ മാന്യതയുടെ പുറന്തോടിനെ കുത്തിപ്പൊട്ടിക്കുന്നതാണ്.
തീരെ ഒഴുക്കില്ലാത്ത വിധം മാറ്റങ്ങളോടു മുഖം തിരിച്ചു നില്‍ക്കുന്ന കേരളീയ ജീവിതവും, നമ്മുടെ മുഖ്യധാര ചലച്ചിത്രങ്ങളും കാലങ്ങളായി കാത്തു സൂക്ഷിക്കുന്ന പരമ്പരാഗത നന്മ-തിന്മ ധാരണകളും കാഴ്ചപ്പാടുകളും കുമ്പളങ്ങി നൈറ്റ്‌സ് നഖശിഖാന്തം പൊളിച്ചടുക്കുന്നുണ്ട്. ഭാവുകത്വപരമായി മാത്രമല്ല ജീവിതബദ്ധമായ മൂല്യങ്ങളെ കുറിച്ചുള്ള നിശിത വിചാരണയും നവീകരണവും സാധ്യമാക്കുന്ന ഒരു പുതിയ ആകാശവും ഭൂമിയും യാഥാര്‍ത്ഥ്യപ്പെടുത്തും വിധം കാഴ്ചയുടെയും കാഴ്ചപ്പാടിന്റേയും മഴവില്ലഴകായ് ഈ ചിത്രം മലയാള സിനിമയുടെ തന്നെ ചരിത്രത്തില്‍ ഇടം നേടുമെന്ന് തീര്‍ച്ച.
സ്വന്തം മീശയെ നിത്യവും പരിചരിക്കുന്ന, കണ്ണാടിക്കു മുമ്പില്‍ തന്റെ പൗരുഷത്തെ പ്രതി ആത്മരതിയിലേര്‍പ്പടുന്ന, മററുള്ളവരുടെ സ്വകാര്യതയില്‍ വരെ ഒളികണ്ണിടുന്ന വോയറിസ്റ്റായി, പരമമാന്യനായ ഗൃഹനാഥനായി, അധികാര ഭാവമുള്ള ഭര്‍ത്താവായി, ആണഹങ്കാരത്തിന്റെ മൂര്‍ത്തിമത്ഭാവമായി മീശ മൂര്‍ച്ചപ്പെടുന്ന ഷമ്മി എന്ന കഥാപാത്രത്തിലൂടെയുള്ള ഫഹദ് ഫാസിലിന്റെ പകര്‍ന്നാട്ടം ഞെട്ടിപ്പിക്കുന്നതാണ്. കണ്ണിലൂറുന്ന വാത്സല്യ നനവ് പൊടുന്നനെ ദയാരഹിതമാ ക്രൗര്യ ഭാവത്തിലേക്കും ചിരി പൊട്ടിച്ചിരിയിലേക്കും പൊടുന്നനെ പൊട്ടിത്തെറിയിലേക്കും നിമിഷ വേഗം മാറും വിധം നടനെന്ന നിലയില്‍ തൊണ്ടിമുതലിലും, മഹേഷിന്റെ പ്രതികാരത്തിലും, കാര്‍ബണിലും ,ഞാന്‍ പ്രകാശനിലും കണ്ട വിഭിന്നമായ മാനറിസങ്ങളെ പോലും പാടെ മറികടന്ന മറ്റൊരു സ്‌റ്റൈല്‍ ഓഫ് ആക്ടിങ്ങാണ് ഷമ്മിയിലൂടെ ഫഹദ് ഫാസില്‍ അടയാളപ്പെടുത്തുന്നത്. സജി എന്ന കഥാപാത്രത്തിലൂടെ സൗബിനും സ്വാഭാവികാഭിനയത്തിന്റെ അകൃത്രിമത്വത്തെ ഹൃദയഭരിതമായി സാക്ഷ്യപ്പെടുത്തുന്നു. ‘ഡാ, എന്റെ പിടി വിട്ടു പോകുന്നു, എനിക്ക് കരയാന്‍ പറ്റുന്നില്ല എന്നെ ഒന്ന് ഡോക്ടറെടുത്ത് എത്തിക്കുമോ’യെന്ന് സ്വന്തം അനിയനോട് തേങ്ങിപ്പറയുന്ന, കണ്‍സള്‍ട്ടിംഗ് റൂമില്‍ ഡോക്ടറുടെ മാറില്‍ മുഖം ചേര്‍ത്ത് കണ്ണീരായി അലിയുന്ന സജി എന്ന കഥാപാത്രത്തിലൂടെ സൗബിന്‍ അഭിനയത്തിന്റെ വേറെയൊരു ലെവലാണെന്ന് ഉറപ്പിച്ചു പറയിപ്പിക്കുന്നുണ്ട്…..
ബോബിയായി ഷെയ്ന്‍ നിഗവും, കാമുകി ബേബിയായി അന്നയും, ബോണിയായി ശ്രീനാഥ് ഭാസിയും ഫ്രാങ്കി എന്ന കൊച്ചനിയനായി മാത്യു തോമസും സിമിയായി ഗ്രേസ് ആന്റണിയും, മുരുകനായി വേഷമിട്ട തിലക് രമേശും, സാലി പി.എം,ബൈജു എഴുപുന്ന ഉള്‍പ്പെടെയുള്ള നടീനടന്‍മാരെല്ലാം കുറ്റമറ്റ രീതിയിലും കഥാപാത്രങ്ങളെ വ്യക്തിമുദ്ര പതിപ്പിക്കും വിധം അഭിനയിച്ച് ഫലിപ്പിക്കുന്നതിലും വിജയിച്ചുവെന്നതും എടുത്തു പറയേണ്ടതുണ്ട്.
ശ്യാം പുഷ്‌കരന്‍ / മധു.സി.നാരായണന്‍/ഷൈജു ഖാലിദ് / സുഷിന്‍ ശ്യാം /സൈജു ശ്രീധര്‍, ദിലീഷ് പോത്തന്‍ ഉള്‍പ്പെടെയുള്ള കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിന്റെ അണിയറ ശില്പികള്‍ക്ക് അകം നിറഞ്ഞ അഭിനന്ദനങ്ങള്‍….????

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply