ഇനിയെങ്കിലും കുത്തിപ്പൊക്കണം അഭയകേസ്

ഇനിയും തെളിയിക്കപ്പെടാത്ത അഭയ കൊലകേസിന് 27 വര്‍ഷം തികഞ്ഞിരിക്കുന്നു. കേരളത്തില്‍ അടുത്തു നടന്ന ഐതിഹാസികമായ കന്യാസ്ത്രീ സമരത്തിനുശേഷം ഈ സംഭവം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതായിരുന്നു. എന്നാലതുണ്ടായില്ല. ഇപ്പോളിതാ തെരഞ്ഞെടുപ്പുവേളയില്‍ പോലും മത്സരിക്കുന്ന മൂന്നു വിഭാഗങ്ങളും ഈ ദിനം മറന്നിരിക്കുന്നു, അഥവാ ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. തീര്‍ച്ചയായും തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ അതു ഗുണം ചെയ്യില്ല എന്നവര്‍ കരുതിയിരിക്കും. എന്നാല്‍ ഈ വേളയിലെങ്കിലും ഈ വിഷയം ഉന്നയിക്കാന്‍ യഥാര്‍ത്ഥ ജനാധിപത്യവിശ്വാസികള്‍ തയ്യാറാകേണ്ട സമയമാണിത്. കൃസ്ത്യന്‍ സഭയും പുരോഹിതന്മാരുമാണ് പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് എന്നതുതന്നെയാണ് […]

ABAYA

ഇനിയും തെളിയിക്കപ്പെടാത്ത അഭയ കൊലകേസിന് 27 വര്‍ഷം തികഞ്ഞിരിക്കുന്നു. കേരളത്തില്‍ അടുത്തു നടന്ന ഐതിഹാസികമായ കന്യാസ്ത്രീ സമരത്തിനുശേഷം ഈ സംഭവം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതായിരുന്നു. എന്നാലതുണ്ടായില്ല. ഇപ്പോളിതാ തെരഞ്ഞെടുപ്പുവേളയില്‍ പോലും മത്സരിക്കുന്ന മൂന്നു വിഭാഗങ്ങളും ഈ ദിനം മറന്നിരിക്കുന്നു, അഥവാ ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. തീര്‍ച്ചയായും തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ അതു ഗുണം ചെയ്യില്ല എന്നവര്‍ കരുതിയിരിക്കും. എന്നാല്‍ ഈ വേളയിലെങ്കിലും ഈ വിഷയം ഉന്നയിക്കാന്‍ യഥാര്‍ത്ഥ ജനാധിപത്യവിശ്വാസികള്‍ തയ്യാറാകേണ്ട സമയമാണിത്.
കൃസ്ത്യന്‍ സഭയും പുരോഹിതന്മാരുമാണ് പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് എന്നതുതന്നെയാണ് ഈ അവഗണനക്കു കാരണം എന്നതുവ്യക്തം. അക്കാരണം കൊണ്ടുതന്നെ അഭയക്കുനീതിക്കായി രംഗത്തിറങ്ങാന്‍ കാര്യമായാരും ഒരുകാലത്തും ഉണ്ടായിരുന്നില്ല. ജോമോന്‍ പുത്തന്‍ പുരക്കല്‍ എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്റെ ഒറ്റയാള്‍ പോരാട്ടമാണ് കേസിനെ ഇപ്പോളും സജീവമാക്കി നിലനിര്‍ത്തുന്നത്.
കോട്ടയം പയസ് മൗണ്ട് കോണ്‍വെന്റിലെ അന്തേവാസിയായിരുന്നു സിസ്റ്റര്‍ അഭയ. കോട്ടയത്തു അയീക്കരയില്‍ അയക്കരക്കുന്നേല്‍ തോമസിന്റെയും ലീലാമ്മയുടേയും മകളായിരുന്നു. കൊല്ലപ്പെടുമ്പോള്‍ 19 വയസു മാത്രമാണ് ഉണ്ടായിരുന്നത്. അഭയയെ 1992 മാര്‍ച്ച് 27 നാണു കോണ്‍വെന്റിലെ കിണറ്റില്‍ മരണപ്പെട്ട നിലയില്‍ കണ്ടത്്. അന്ന് വെളുപ്പിന് നാലുമണിയോടടുത്തു അഭയ വെള്ളം കുടിക്കാനായി അടുക്കളയിലേക്ക് പോകുന്നത് കണ്ടവരുണ്ട്. മൃതദേഹത്തില്‍ തലക്ക് പിന്നില്‍ മുറിവുകളുണ്ടായിരുന്നു. എന്നാല്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല.
അതേ കോണ്‍വെന്റിലെ തന്നെ സെഫി എന്ന സിസ്റ്ററും വൈദികനും രൂപതയുടെ ചാന്‍സലറും ആയിരുന്ന ഫാ. തോമസ് കോട്ടൂരും ഫാ. തോമസ് പൂതൃക്കയിലും ആണ് കേസിലെ പ്രതികള്‍. വെള്ളം കുടിക്കാന്‍ വന്നപ്പോള്‍ വൈദികനും സിസ്റ്ററും തമ്മിലുള്ള അവിഹിത ബന്ധം അഭയ കാണാനിടയായെന്നും അത് പുറത്തറിയാതിരിക്കാന്‍ അവരെ കൊന്ന് കിണറ്റിലിട്ടു എന്നുമാണ് കേസ്. പതിനാറു വര്‍ഷങ്ങള്‍ക്ക് ശേഷം 2008 ലാണ് ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂര്‍, രണ്ടാം പ്രതി ഫാ. തോമസ് പൂതൃക്കയില്‍, മൂന്നാം പ്രതി സിസ്റ്റര്‍ സെഫി എന്നിവരെ പോലീസ് അറസ്‌റ് ചെയ്യുന്നത്. പ്രതികളായി കൂടുതല്‍ പേരുണ്ടെങ്കിലും തെളിവുകളോടെ ഇവര്‍ മൂന്ന് പേരെയും മാത്രമേ ബന്ധപ്പെടുത്താന്‍ സാധിക്കുന്നുള്ളൂ എന്ന് അക്കാലത്തു അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു. ഇവരെ തെളിവുകളുടെ അഭാവത്തില്‍ പിന്നീട് നാര്‍ക്കോട്ടിക് ടെസ്റ്റിന് വിധേയരാക്കി.
27 വര്‍ഷക്കാലമായി അന്വേഷണപരമായും കോടതി നടപടികളാലും ഒരു കേസില്‍ തീര്‍പ്പാകാതെ പോകുക. അതും തീര്‍ത്തും അസ്വാഭാവികമായി സംഭവിക്കുന്ന ഒരുപാടൊരുപാട് കാരണങ്ങള്‍ കൊണ്ട് ഇടക്കിടക്ക് തടസങ്ങള്‍ ഉണ്ടാകുക എന്നതൊന്നും മറ്റൊരു കേസിലും ഇത്രമാത്രം കേരളം കണ്ടിട്ടുണ്ടാകില്ല. തെളിവുകള്‍ നശിപ്പിക്കല്‍ ഔദ്യോഗിക റിപ്പോര്‍ട്ടുകളില്‍ ക്രമക്കേട് സംഭവിക്കല്‍ കോടതി നടപടികള്‍ ഇഴഞ്ഞു നീങ്ങല്‍ എന്നിവയൊക്കെ കേസില്‍ തുടര്‍ച്ചയായി നടന്നു കൊണ്ടിരുന്നു. സഭക്കുളില്‍ നിലനില്‍ക്കുന്ന അസന്മാര്‍ഗിക പ്രശനങ്ങള്‍ പുറത്തു വരുന്നു എന്നുള്ളതാണ് സഭ ഈ കേസ് ഒതുക്കി തീര്‍ക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതിന്റെ പ്രധാനകാരണം.
ലോക്കല്‍ പോലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യ എന്ന് എഴുതി തള്ളാന്‍ ശ്രമിച്ച കേസ് ആണ് സിബിഐ അന്വേഷണം തുടങ്ങിയിട്ടും തടസങ്ങളിലും പ്രശ്‌നങ്ങളിലും കുടുങ്ങി കിടക്കുന്നത്യ സംഭവം ഒരു ഘട്ടത്തില്‍ സംസ്ഥാനത്തിന്റെ ഭരണ സംവിധാനത്തെയും നീതിന്യായവ്യവസ്ഥയെയും നീതിനിര്വഹണ സംവിധാനത്തെയും ഒക്കെത്തന്നെ പിടിച്ചു കുലുക്കാന്‍ ശേഷിയുള്ള ഒന്നായി മാറിയിരുന്നു. 1992 ല്‍ തന്നെ ജോമോന്‍ പുത്തന്‍ പുരക്കലിന്റെ നേതൃത്വത്തില്‍ ഒരു ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു, അന്വേഷണത്തിലെ അപാകതകള്‍ ചൂണ്ടി കാണിച്ചു മുന്നോട്ട് വന്ന ഈ കമ്മിറ്റിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു ഒരുപാട് സാമൂഹ്യ പ്രവര്‍ത്തകര്‍ അക്കാലത്തു മുന്നോട്ട് വരികയുണ്ടായി. തുടക്കത്തില്‍ ടി കെ രാമകൃഷ്ണന്‍ എം എല്‍ എയും രമേശ് ചെന്നിത്തല എംപിയും ലോനപ്പന്‍ നമ്പാടനും ബിഷപ്പ് പൗലോസ് മാര്‍ പൗലോസും ജോസഫ് പുലിക്കുന്നേലുമൊക്കെ കമ്മിറ്റിയുമായി സഹകരിച്ചിരുന്നു. സിബിഐ ഈ കേസ് അന്വേഷിക്കണമെന്ന് 67 കന്യാസ്ത്രീകള്‍ ഒപ്പിട്ട പെറ്റീഷന്‍ മുഖ്യമന്ത്രിക്കു അയച്ചു. 1992 ഏപ്രില്‍ 14 നു തന്നെ കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. എന്നാല്‍ അവര്‍ കേസ് ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കുകയാണുണ്ടായത്. ഇതിനെത്തുടര്‍ന്ന് അഭയ ആക്ഷന്‍ കൌണ്‍സില്‍ ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചു. ശക്തമായ ബഹുജനപ്രക്ഷോഭങ്ങളും നടന്നു. 1993 മാര്‍ച്ചില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐ അഭയ കേസ് ഏറ്റെടുത്തു. അഭയ ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന വാദം ശരിയല്ലെന്ന് ആ വര്‍ഷം തന്നെ സിബിഐ കണ്ടെത്തി. എന്നാല്‍ പിന്നീട് 1994 ല്‍ പൊതുസമൂഹത്തെ ഞെട്ടിച്ചുകൊണ്ട് സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ വര്‍ഗീസ് പി തോമസ് ഒരു പത്രസമ്മേളനം വിളിച്ചു. ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തതിനു അനുകൂലമായി അഭയ ആത്മഹത്യ ചെയ്യുകയായിരുന്നു വരുത്തി തീര്‍ക്കാന്‍ ഉന്നത ഉദ്യോഗസ്ഥനായ എസ് പി ത്യാഗരാജന്‍ സമ്മര്‍ദം ചെലുത്തുന്നതായിട്ടാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഒദ്യോഗിക ജീവിതത്തില്‍ ഏഴു വര്‍ഷം ബാക്കി നില്‍ക്കെ അന്ന് അദ്ദേഹം രാജി വെക്കുകയും ചെയ്തു. ക്രൈംബ്രാഞ്ച് അവരുടെ പക്കലുണ്ടായിരുന്ന എല്ലാ തെളിവുകളും സിബിഐ യെ ഏല്‍പ്പിച്ചില്ല. തുടര്‍ന്നു അന്വേഷണം ജോയിന്റ് ഡയറക്ടര്‍ എം എല്‍ ശര്‍മയുടെ നേതൃത്വത്തിലായി. കൂടുതല്‍ ഫോറന്‍സിക് പരിശോധനകളും ഡമ്മി പരീക്ഷണങ്ങളും നടന്നു.
അതിനിടെ സമരത്തിന്റെ ശക്തമായ മുഖം സെക്രട്ടറിയേറ്റനു മുന്നില്‍ തുറന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന ഇ കെ നായനാര്‍ വിവിധ പാര്‍ട്ടി നേതാക്കളായിരുന്ന ചെറിയാന്‍ ഫിലിപ്പ്, ടി കെ രാമകൃഷ്ണന്‍, എ സി ഷണ്‍മുഖദാസ്, വി സി കമ്പീര്‍, ലോനപ്പന്‍ നമ്പാടന്‍ തുടങ്ങിയവരൊക്കെ പങ്കെടുത്തു. അന്വേഷണം ഊര്‍ജ്ജിതമാക്കാനാവശ്യപ്പെട്ട് സംസ്ഥാനത്തെ 28 എം പിമാര്‍ പ്രസ്താവനയിറക്കി. എന്നാല്‍ 1996 ല്‍ സിബിഐയും കേസ് എഴുതി തള്ളണം എന്ന് എറണാകുളം ചീഫ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. പക്ഷെ കോടതി സിബിഐ യെ വിമര്‍ശിക്കുകയായിരുന്നു. 1997 ല്‍ കേസ് സത്യസന്ധമായി അന്വേഷിക്കാന്‍ കോടതി നിര്‍ദേശിച്ചു. 1999 ല്‍ അഭയയുടേത് കൊലപാതകം തന്നെയാണ് എന്നാല്‍ തെളിവുകള്‍ ക്രൈംബ്രാഞ്ച് നശിപ്പിച്ചുകളഞ്ഞതിനാല്‍ പ്രതികളെ അറസ്‌റ് ചെയ്യാന്‍ കഴിയില്ലെന്ന് സിബിഐ സി ജെ എം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. 2000 ആകുന്നതോടെ സിബിഐ യുടെ പുതിയ ടീമിനെ അന്വേഷണച്ചുമതല ഏല്പിച്ചുകൊണ്ട് കോടതി ഇടപെടല്‍ ഉണ്ടായി. എന്നാല്‍ 2005 ആഗസ്റ്റില്‍ കേസന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി മൂന്നാമതും സിബിഐ കോടതിയെ സമീപിക്കുകയായിരുന്നു. ഇത്രയധികം തവണ കേസ് അവസാനിപ്പിക്കാന്‍ സിബിഐ കോടതിയെ സമീപിക്കുന്നത് ചരിത്രത്തില്‍ കേട്ടു കേള്‍വി ഇല്ലത്തതാണ്. എന്നാല്‍ സി ജെ എം കോടതി 2006 ല്‍ വീണ്ടും അനുമതി നിഷേധിച്ചു. 2007 ഏപ്രിലില്‍ അഭയ കേസിലെ ആന്തരികാവയവ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ നടന്നു എന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും അഭയയുടെ ഫയല്‍ തന്നെ കാണാതായെന്നും പോലീസ് സര്‍ജന്‍ റിപ്പോര്‍ട് നല്‍കി.
2008 നവംബറില്‍ പതിനാറു വര്‍ഷങ്ങള്‍ക്ക് ശേഷം കേസിലെ പ്രധാന സാക്ഷി സഞ്ജു മാത്യു വിശദമായ മൊഴി നല്‍കിയതിനെത്തുടര്‍ന്നാണ് ഫാ. തോമസ് കോട്ടൂരും ഫാ. തോമസ് പൂതൃക്കയിലും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും അറസ്റ്റിലായത്. കോട്ടൂരും പൂതൃക്കയിലും കോണ്‍വെന്റിന്റെ മതില്‍ ചാടുന്നത് പലപ്പോളും കണ്ടിട്ടുണ്ടെന്ന് സാക്ഷിമൊിയുണ്ടായിരുന്നു. അതേ മാസം തന്നെ കേസ് ആദ്യം അന്വേഷിച്ച എ എസ് ഐ വി വി അഗസ്റ്റിന്‍ ആത്മഹത്യ ചെയ്തു. വീണ്ടും രേഖകളില്‍ തിരിമറി നടത്തിയതായി ജസ്റ്റിസ് ഹേമ കണ്ടെത്തി. സിബിഐ ക്ക് നല്കപ്പെട്ട സിഡി കളില്‍ ഒന്ന് കുറവായിരുന്നുവെന്നും ഇതെല്ലം പ്രതികളെ സംരക്ഷിക്കാനായിരുന്നു എന്നും സിബിഐ വാദിച്ചു. തുടര്‍ന്ന് ജസ്റ്റിസ് ഹേമയും കേസിന്റെ മേല്‍നോട്ട ചുമതലയുണ്ടായിരുന്ന ജസ്റ്റിസ് ബസന്തും അവര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തത്് മാധ്യമങ്ങളില്‍ വന്‍ ശ്രദ്ധ നേടി.തുടര്‍ന്ന് ജസ്റ്റിസ് ബസന്ത് കേസിന്റെ മേല്‍നോട്ടത്തില്‍ നിന്നും ഒഴിഞ്ഞു. ഫോറന്‍സിക് റിപ്പോര്‍ട്ട് തയ്യാറാക്കിയ ഫോറന്‍സിക് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ മാലിനിയെ ജനന സര്‍ട്ടിഫിക്കറ്റ് തിരുത്തിയ കേസില്‍ പുറത്താക്കിയതും വീണ്ടും കേസിനെ വൈകിപ്പിക്കുന്നതില്‍ കലാശിച്ചു.
അതിനിടെ സിസ്റ്റര്‍ സെഫിയുടെ നര്‍ക്കിക്കോ അനാലിസിസ് ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ ചോര്‍ത്തി. സിസ്റ്റര്‍ സെഫിയും മറ്റു പ്രതികളായ ഫാ. തോമസ് കോട്ടൂരും ഫാ. തോമസ് പൂതൃക്കയിലും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അഭയയെ തലക്ക് അടിച്ചതായും കൊലപ്പെടുത്തിയതായും സിസ്റ്റര്‍ സെഫി സമ്മതിക്കുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഫാ. തോമസ് കോട്ടൂരും ഫാ. തോമസ് പൂതൃക്കയിലും തമ്മിലുള്ള ലൈംഗിക ബന്ധം സ്ഥാപിക്കുന്നതിനായി സിസ്റ്റര്‍ സെഫിയുടെ കന്യകാത്വ പരിശോധന നടത്താനുള്ള സിബിഐ യുടെ ശ്രമത്തിനെതിരെ സെഫി തന്നെ കോടതിയെ സമീപിച്ചു. 2018 ല്‍ ഫാദര്‍ ജോസ് പിതൃക്കയിലിനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയതാണ് കേസുമായി ബന്ധപ്പെട്ടു അവസാനം വന്ന പ്രധാന സംഭവങ്ങളില്‍ ഒന്ന്.
അതേസമയം മാര്‍്പ്പാപ്പ തന്നെ പുരോഹിതരുടെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ രംഗത്തുവന്ന കാലമാണിത്. ഒപ്പം ലൈംഗികപീഡനങ്ങള്‍ക്കെതിരെ കന്യാസ്ത്രീകള്‍ പോലും തെരുവിലിറങ്ങിയ കാലം. അതിനാല്‍ തന്നെ അഭയ കേസ് വീണ്ടും കുത്തിപ്പൊക്കാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും സ്ത്രീപ്രവര്‍ത്തകരും മുന്‍കൈ എടുക്കേണ്ടതാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply