കുതിരാനിലെ വികസനത്തിന്റെ ഇരകള്‍
ഷൈനിജോണ്‍ ദേശീയപാത 544 ലെ വികസനകുതിപ്പിന്റെ ഇരകളായി മുന്നൂറോളം കുടുംബങ്ങള്‍. വികസനത്തിന്റെ കുതിച്ചുചാട്ടമെന്ന് വിശേഷിപ്പിക്കുന്ന കുതിരാനിലെ തുരങ്കനിര്‍മാണമാണ് ഇവരെ പെരുവഴിയിലാക്കിയത്. തുരങ്ക നിര്‍മാണത്തിന്റെ പേരില്‍ പാരിസ്ഥിതിക അനുമതി ലംഘിച്ച് നടത്തിയ സ്ഫോടനങ്ങള്‍ ഇവരെ വീടില്ലാത്തവരാക്കി. കഴിയുന്നത്ര വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കി കോടികള്‍ കൊള്ളലാഭം നേടാനായിരുന്നു കരാര്‍ കമ്പനിയുടെ നീക്കം. ഇതിനിരയായ പലരും വിള്ളല്‍ വീണ വീടിനുള്ളില്‍ ജീവന്‍ പണയംവച്ച് കഴിയുകയാണ്. ചിലര്‍ വാടക വീടുകളിലേക്ക് പലായനം ചെയ്തു. ഇതിലൊരാളാണ് അറുപത്തിയഞ്ചുകാരിയായ ഏലിയാമ്മ ഇട്ടിച്ചന്‍ എന്ന വിധവ. ഏലിയാമ്മയുടെ […]
ഷൈനിജോണ്‍
ദേശീയപാത 544 ലെ വികസനകുതിപ്പിന്റെ ഇരകളായി മുന്നൂറോളം കുടുംബങ്ങള്‍. വികസനത്തിന്റെ കുതിച്ചുചാട്ടമെന്ന് വിശേഷിപ്പിക്കുന്ന കുതിരാനിലെ തുരങ്കനിര്‍മാണമാണ് ഇവരെ പെരുവഴിയിലാക്കിയത്. തുരങ്ക നിര്‍മാണത്തിന്റെ പേരില്‍ പാരിസ്ഥിതിക അനുമതി ലംഘിച്ച് നടത്തിയ സ്ഫോടനങ്ങള്‍ ഇവരെ വീടില്ലാത്തവരാക്കി. കഴിയുന്നത്ര വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കി കോടികള്‍ കൊള്ളലാഭം നേടാനായിരുന്നു കരാര്‍ കമ്പനിയുടെ നീക്കം. ഇതിനിരയായ പലരും വിള്ളല്‍ വീണ വീടിനുള്ളില്‍ ജീവന്‍ പണയംവച്ച് കഴിയുകയാണ്. ചിലര്‍ വാടക വീടുകളിലേക്ക് പലായനം ചെയ്തു. ഇതിലൊരാളാണ് അറുപത്തിയഞ്ചുകാരിയായ ഏലിയാമ്മ ഇട്ടിച്ചന്‍ എന്ന വിധവ. ഏലിയാമ്മയുടെ വീട് പഴയ വീട് സ്ഫോടനത്തില്‍ ഉപയോഗശൂന്യമായ വിധം തകര്‍ന്നു. തുരങ്കം പണി കഴിഞ്ഞാല്‍ സ്വന്തം വീട്ടിലേക്ക് മടങ്ങാനും വാടക കൊടുക്കാനും കഴിയാത്ത താന്‍ എങ്ങനെ ജീവിക്കുമെന്ന് ഏലിയാമ്മ ചോദിക്കുന്നു. ഇതേ ദുരവസ്ഥയാണ് തുരങ്കത്തിന് തൊട്ടടുത്ത് വീടുള്ള കണികുളത്ത് സാംജനും അനുഭവിക്കേണ്ടി വരുന്നത്. സ്ഫോടനത്തില്‍ വലിയ പാറക്കല്ലുകള്‍ തെറിച്ചുവീണ് വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. വികലാംഗയായ മകളുള്ള ബ്രിജിത്തയുടെ വീട് മണ്ണിടിഞ്ഞു വീണ് പൂര്‍ണമായും തകര്‍ന്നു. അന്ധനായ പറന്തുണ്ടിയില്‍ ശ്രീധരന്‍ കുഞ്ഞുകുട്ടി, ജോണി കുഞ്ഞുകുട്ടി, ചോക്കോ അബ്രഹാം തുടങ്ങിയവരും വാടക വീട്ടില്‍ അഭയം തേടി. സമീപവാസികളായ ജോണിയും അജിതാബിയും നിബു ചിറനാട്ടുമെല്ലാം ഇവരില്‍ ഉള്‍പ്പെടുന്നു.
കെ.എം.സിയുടെ മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ക്ക് ഉദാഹരണമാണ് കുന്നപ്പിള്ളി ചാക്കോ കുര്യന്റെ കുടുംബം. ആറുവരിപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് വീടിന്റെ വരാന്തയോട് ചേര്‍ത്ത് പതിനഞ്ചടി താഴ്ചയില്‍ നിലം നികത്തി. എപ്പോള്‍ വേണമെങ്കിലും മൂക്കുകുത്തി വീഴുന്ന അവസ്ഥയാണ് വീടിന്റേത്. മുറ്റത്തിറങ്ങാനോ റോഡിലേക്കിറങ്ങാനോ മാര്‍ഗമില്ല. സംഭവം വിവാദമായതോടെ കെ.എം.സി. ചാക്കോച്ചന്റെ കുടുംബത്തെ വാടകയ്ക്ക് താമസിപ്പിച്ചിരിക്കുകയാണ്. പുതിയ വീട് നിര്‍മിച്ചു കൊടുക്കാമെന്നാണ് ധാരണ. എന്നാല്‍ കുന്ന് നികത്തരുതെന്ന് ജില്ലാഭരണകൂടം നിര്‍ദേശിച്ചതോടെ അക്കാര്യവും അനിശ്ചിതത്വത്തിലായി. തുരങ്കത്തിന് രണ്ടു കിലോമീറ്റര്‍ ചുറ്റളവിലെ താമസക്കാരെ ആറുവരിപ്പാത നിര്‍മാണം കരാറെടുത്ത കെ.എം.സിയുടെ ചെലവില്‍ ദൂരെ സ്ഥങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. വികസനത്തിന്റെ പേരില്‍ സ്വന്തം വീട്ടില്‍നിന്നും ഇവര്‍ കുടിയിറക്കപ്പെട്ടിട്ട്് ഒന്നരവര്‍ഷമാകുന്നു. തുരങ്കങ്ങള്‍ ഗതാഗതയോഗ്യമാക്കി സര്‍ക്കാരിന് വിട്ടു നല്‍കുന്നത് ഇവര്‍ക്കു പേടി സ്വപ്നം. അതോടെ വീടുകള്‍ക്ക് വാടക നല്‍കുന്നത് നിര്‍ത്തി കെ.എം.സി. തടിയൂരും.
കുതിരാനില്‍ ഭൂചലനത്തിന് സമാനമായ രീതിയിലാണ് സ്ഫോടനങ്ങള്‍ നടത്തിയതെന്ന് പരിസരവാസികള്‍ പറയുന്നു. പീച്ചി വന്യമൃഗസംരക്ഷണകേന്ദ്രത്തില്‍പ്പെട്ട വനപ്രദേശമായതിനാല്‍ ഇവിടെ ഇത്രയും ശക്തമായ പാറപൊട്ടിക്കലിന് അനുമതിയില്ലെന്നും പാറ തുരന്നു പൊടിയാക്കി എടുക്കണമെന്നുമാണു കരാര്‍ വ്യവസ്ഥയെന്നും പ്രദേശവാസികള്‍ പറയുന്നു. ഇത് പാലിക്കാനായി തുരങ്കങ്ങള്‍ കുഴല്‍ കിണര്‍ കുഴിക്കുന്നതു പോലെ പാറ തുരന്ന്് നിര്‍മിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നുണ്ടോയെന്ന പരിശോധനകളും നടന്നില്ല. കരാര്‍ കമ്പനിയുടെ ലാഭേച്ഛയ്ക്കും ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കും ഇടയില്‍ ഇത്രയും കുടുംബങ്ങള്‍ ഇതിന് ഇരയാകേണ്ടി വന്നു. പലരുടെയും ജീവിതകാലം മുഴുവനുമുള്ള അധ്വാന ഫലമായിരുന്നു സ്വന്തം വീട്.
ലോണെടുത്താണ് മിക്കവരും വീടുപണി നടത്തിയത്. ഇപ്പോള്‍ വീടില്ല. ബാങ്കിലെ കടം അവശേഷിക്കുകയും ചെയ്യുന്നു. വീടുകള്‍ക്ക് സംഭവിച്ച നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയെന്നാണ് കെ.എം.സിയുടെ വാദം. തൃശൂര്‍ കലക്ടറുടെ ചുമതലയില്‍ ഇതിനായി ഒരു അക്കൗണ്ടും തുറന്നിരുന്നു. ഇതിലേക്ക് മൂന്നുകോടി രൂപയാണ് കെ.എം.സി. നിക്ഷേപിച്ചത്. തുക വീതിച്ചപ്പോള്‍ ഓരോരുത്തര്‍ക്കും കിട്ടിയത് 50,000 മുതല്‍ ഒന്നരലക്ഷം രൂപ വരെ. ഈ തുക കൊണ്ട് വീടുണ്ടാക്കാന്‍ സാധിക്കുമോ എന്ന് നാട്ടുകാര്‍ ചോദിക്കുന്നു. വേറെ മാര്‍ഗമില്ലാതെ പലരും അത് ലോണില്‍ അടയ്ക്കുകയാണ് ചെയ്തത്.
നഷ്ടപരിഹാരമായി ഒരു രൂപ പോലും ലഭിക്കാത്ത പതിനേഴ് പേര്‍ ഇനിയും അവശേഷിക്കുന്നു. ഇവര്‍ ഇപ്പോഴും ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. ഇതിനിടെ ജില്ലാ കലക്ടര്‍ എ. കൗശിഗന്റെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ അപേക്ഷ പരാതിക്കാരന്റെ മുഖത്ത് വലിച്ചെറിഞ്ഞ സംഭവവും ഉണ്ടായി. അര്‍ഹമായ നീതി തേടി എഴുപതുപേര്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
കഴിഞ്ഞവര്‍ഷം ജൂണിലാണ് തുരങ്കനിര്‍മാണം തുടങ്ങിവച്ചത്. കുതിരാന്‍ വളവുകളും കുതിരാനിലെ അപകടക്കുരുക്ക് ഒഴിവാകുന്നതും കുതിരാനിലെ മൂന്നുകിലോമീറ്റര്‍ യാത്ര ഒരു കിലോമീറ്ററായി കുറയുന്നതും അന്ന് നേട്ടമായി ഉയര്‍ത്തി കാട്ടിയിരുന്നു. കൂടാതെ കേരളത്തിലെ ആദ്യത്തെ ഇരട്ടക്കുഴല്‍ തുരങ്കപ്പാത എന്ന നേട്ടവും.
ജൂണ്‍ പത്തു മുതലാണ് പരിസരവാസികള്‍ നിവൃത്തികേടിനൊടുവില്‍ സമരം തുടങ്ങിയത്. നാട്ടുകാരുടെ ആവശ്യം ന്യായമാണെന്ന് കണ്ടെത്തി ഹൈക്കോടതി തുരങ്കനിര്‍മാണം തന്നെ നിര്‍ത്തി വയ്പിക്കുമെന്ന ഘട്ടവുമെത്തി. എന്നാല്‍ ദേശീയ താത്പര്യം മുന്‍നിര്‍ത്തി നല്‍കണമെന്ന അപേക്ഷയ്ക്ക്് ഉപാധികളോടെ കോടതി അനുവാദം നല്‍കുകയായിരുന്നു. ജില്ലാഭരണകൂടം നാശനഷ്ടമുണ്ടായ വീടുകള്‍ പരിശോധിച്ച് നഷ്ടത്തിന് ആനുപാതികമായ തുക നല്‍കണമെന്നും വീട് പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ക്ക് പുതിയ വീടു വെച്ചു കൊടുക്കണമെന്നുമായിരുന്നു നിര്‍ദേശം.
എന്നാല്‍ കണക്കെടുപ്പിന് ശേഷം നടത്തിയ സ്ഫോടനങ്ങളില്‍ സംഭവിച്ച നഷ്ടം വിലയിരുത്തിയിട്ടില്ല. ഇടക്കാല ആശ്വാസമെന്ന രീതിയില്‍ നല്‍കിയ തുക നഷ്ടപരിഹാരമായി കെ.എം.സി. വ്യാഖ്യാനിക്കുകയാണെന്നാണ് ഇവര്‍ പറയുന്നത്.
ഉപയോഗശൂന്യമായ വീടുകള്‍ക്ക് പകരം പുതിയത് നിര്‍മിക്കാനുള്ള സഹായം, നഷ്ടപരിഹാരം നല്‍കുന്നതിന് കൃത്യമായ തീയതി നിശ്ചയിക്കുക തുടങ്ങിയ ന്യായമായ ആവശ്യങ്ങളാണ് ഇവര്‍ക്കുള്ളത്.
മംഗളം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in