കാശ്മീര്‍ പുകയുക തന്നെയാണ്

ഹരികുമാര്‍ കാശ്മീര്‍ പുകയുക തന്നെയാണ്. പട്ടാളം പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന വാര്‍ത്തയാണ് ഇത്തവണ പ്രശ്ങ്ങളെ രൂക്ഷമാക്കിയത്. സംഭവം പട്ടാളം നിഷേധിക്കുന്നു. പീഡനവാര്‍ത്ത നിഷേധിച്ച പെണ്‍കുട്ടിയുടെ വീഡിയോയും പട്ടാളം പ്രദര്‍ശിപ്പിക്കുന്നു. എന്നാല്‍ അത് വ്യാജമാണെന്ന പരാതിയുണ്ട്. പെണ്‍കുട്ടിയും അച്ഛനും അകാരണമായി പോലീസ് കസ്റ്റഡിയിലാണത്രെ. അവരുടെ സുരക്ഷക്കാണെന്നാണ് സര്‍ക്കാര്‍ വാദം. പട്ടാളത്തില്‍ നിന്ന് പോലീസിന്റെ സുരക്ഷ !. പെണ്‍കുട്ടിയുടെ മാതാവ് മാധ്യമങ്ങളെ കാണുന്നതും തടഞ്ഞു. സംഭവത്തിനു ശേഷം കാശ്മീര്‍ പുകയുകയാണ്. പലര്‍ക്കും ജീവന്‍ ന്ഷ്ടപ്പെട്ടു. ലോകത്തെ ഏതുഭാഗത്തും പട്ടാളത്തിന്റെ ചരിത്രമറിയുന്നവര്‍ […]

kkk

ഹരികുമാര്‍

കാശ്മീര്‍ പുകയുക തന്നെയാണ്. പട്ടാളം പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന വാര്‍ത്തയാണ് ഇത്തവണ പ്രശ്ങ്ങളെ രൂക്ഷമാക്കിയത്. സംഭവം പട്ടാളം നിഷേധിക്കുന്നു. പീഡനവാര്‍ത്ത നിഷേധിച്ച പെണ്‍കുട്ടിയുടെ വീഡിയോയും പട്ടാളം പ്രദര്‍ശിപ്പിക്കുന്നു. എന്നാല്‍ അത് വ്യാജമാണെന്ന പരാതിയുണ്ട്. പെണ്‍കുട്ടിയും അച്ഛനും അകാരണമായി പോലീസ് കസ്റ്റഡിയിലാണത്രെ. അവരുടെ സുരക്ഷക്കാണെന്നാണ് സര്‍ക്കാര്‍ വാദം. പട്ടാളത്തില്‍ നിന്ന് പോലീസിന്റെ സുരക്ഷ !. പെണ്‍കുട്ടിയുടെ മാതാവ് മാധ്യമങ്ങളെ കാണുന്നതും തടഞ്ഞു. സംഭവത്തിനു ശേഷം കാശ്മീര്‍ പുകയുകയാണ്. പലര്‍ക്കും ജീവന്‍ ന്ഷ്ടപ്പെട്ടു.

ലോകത്തെ ഏതുഭാഗത്തും പട്ടാളത്തിന്റെ ചരിത്രമറിയുന്നവര്‍ കാശ്മീരിലെ സംഭവം കള്ളമാണെന്ന് വിശ്വസിക്കാനിടയില്ല. ഏതു പട്ടാളനടപടിയുടേയും യുദ്ധത്തിന്റേയും യഥാര്‍ത്ഥ ഇരകള്‍ സ്ത്രീകള്‍ തന്നെ. പട്ടാളത്തിന് അമിതാധികാരം നല്‍കുന്ന നിയമം നിലനില്‍ക്കുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നല്ലാം ഇത്തരം വാര്‍ത്തകള്‍ പുറത്തു വന്നിട്ടുണ്ട്. മണിപ്പൂരിലെ മനോരമയുടെ അനുഭവം അതിനെതിരെ നടന്ന സത്രീകളുടെ ചരിത്രം രചിച്ച പ്രക്ഷോഭവും മറക്കാറായിട്ടില്ലല്ലോ. ശ്രീലങ്കയില്‍ ഇന്ത്യന്‍ സമാധാന സേന നടത്തിയ പീഡനങ്ങളും അന്നേ പുറത്തുവന്നിരുന്നു.
ഏതാനും മാസം മുമ്പ് രണ്ടു നിരപരാധികളെ. പട്ടാളം വെടിവെച്ചു കൊന്നിരുന്നു. അതേതുടര്‍ന്ന് അന്ന് സംസ്ഥാനത്ത് ആചരിച്ച ബന്ദ് അക്രമാസക്തമായി. ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. പിന്നീട് സൈന്യം ജനങ്ങളോട് മാപ്പു ചോദിച്ചു. സംസ്ഥാനത്തെ മുഴുവന്‍ രാഷ്ട്രീയപ്രസ്ഥാനങ്ങളും സംഭവത്തെ അപലപിക്കുകയും സൈന്യത്തിന്റെ നടപടിയെ കുറ്റപ്പെടുത്തുകയും ചെയ്തു. നിരപരാധികള്‍ കൊല ചെയ്യപ്പെടുന്നത് കാശ്മീരില്‍ പുതിയ സംഭവമല്ല. എത്രയോ തവണ ആംനസ്റ്റി ഇന്റര്‍ നാഷണല്‍ പോലും ഇക്കാര്യം ചൂണ്ടികാട്ടിയിട്ടുണ്ട്. കേന്ദ്രഗവണ്മന്റിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുള്ളതും അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനായ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള പബ്ലിക് സര്‍വ്വീസിംഗ് ബ്രോഡ്കാസ്റ്റിംഗ് ട്രസ്റ്റ് നിര്‍മ്മിച്ചതുമായ ഓഷന്‍ ഓഫ് ടിയേഴ്‌സ് എന്ന സിനിമയുടെ പ്രമേയം തന്നെ പട്ടാളത്തിന്റെ ഭാഗത്തുനിന്ന് നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളുടെ ഇരകളായ സ്ത്രീകളുടെ നൊമ്പരങ്ങളാണ്.
കശ്മീര്‍ തര്‍ക്കം ഇന്ത്യാ-പാകിസ്താന്‍ വിഭജന കാലത്തോളം പഴക്കമുള്ളതാണെന്നു മറന്നാണ് പലപ്പോഴും നാം പ്രതികരിക്കാറുള്ളതാണ്. അതാണ് വിഷയത്തെ കേവലം വൈകാരികമായി കാണാനുള്ള പ്രധാന കാരണം. ഭരണഘടനയുടെ 370ാം അനുച്ഛേദമമനസരിച്ച് പ്രതിരോധം, വിദേശയനം, വാര്‍ത്താവിനിമയം എന്നീ മൂന്നുമേഖലകളിലൊഴിച്ച് മറ്റൊരു മേഖലയിലും ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാകുന്ന നിയമം ജമ്മുകാശ്മീരിന് ബാധകമല്ല. സ്വന്തം ഭരണഘടനയും സ്വന്തം കൊടിയുമുള്ള ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലുള്ള ഒരേ ഒരു സംസ്ഥാനമാണ് ജമ്മു കാശ്മീര്‍. ഇന്ത്യന്‍ പ്രസിഡന്റിനു പോലും ജമ്മു കാശ്മീരില്‍ ഭൂമി വാങ്ങാന്‍ അനുവാദമില്ല.
ഈ പ്രത്യേക പദവി ടെുത്തു കളയണമെന്നാണ് പലരുടേയും വാദം. അവര്‍ മനസ്സിലാക്കേണ്ടത് ഇന്ത്യാ ഗവണ്‍മെന്റ് ആ സംസ്ഥാനത്തിനു നല്‍കിയ ഔദാര്യമോ പ്രത്യേക പരിഗണനയോ അല്ല ഇതെന്നാണ്. മറിച്ച്, ജമ്മു കാശ്മീരിന്റെ സ്വതന്ത്രമായ അവകാശത്തെ അംഗീകരിക്കുക മാത്രമാണ്. ഭരണഘടനയുടെ 370ാം വകുപ്പ് ചെയ്യുന്നത്.
1947 ആഗസ്റ്റ് 15 ന് ഇന്ത്യയും പാകിസ്ഥാനും എന്ന രണ്ടു രാജ്യങ്ങള്‍ ഉണ്ടായതോടെ തന്നെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. നാട്ടുരാജ്യങ്ങള്‍ക്ക് ഇന്ത്യയോടൊപ്പമോ പാകിസ്ഥാനോടൊപ്പമോ ചേരാമെന്നായിരുന്നു വ്യവസ്ഥ. അന്ന് 552 നാട്ടുരാജ്യങ്ങള്‍ ഉണ്ടായിരുന്നു. ചിലത് പാകിസ്ഥാനോട് ചേര്‍ന്നു; ചിലത് ഇന്ത്യയോട് ചേര്‍ന്നു. എന്നാല്‍ രണ്ടുരാജ്യത്തോടും ചേരാതെ നിന്ന നാട്ടുരാജ്യങ്ങളും ഉണ്ടായിരുന്നു. ഹൈദരാബാദ്, തിരുകൊച്ചി, ജമ്മു കാശ്മീര്‍, ജുനാഗദ് തുടങ്ങിയ ചില നാട്ടുരാജ്യങ്ങളാണ് ഇങ്ങനെ തീരുമാനമെടുത്തത്.
ജമ്മുകാശ്മീരിലെ ഭൂരിപക്ഷം ജനവിഭാഗം മുസ്ലീങ്ങളായിരുന്നു; രാജാവ് ഹിന്ദുവും. നേരെ വിപരീതമായിരുന്നു ഗുജറാത്തിലെ ജുനാഗദ്. ജനസംഖ്യയില്‍ ഭൂരിഭാഗവും ഹിന്ദുക്കള്‍; ഭരണാധികാരിയായിരുന്ന മുഹമ്മദ് മഹാഭട് ഖാന്‍ജി മൂന്നാമന്‍ മുസ്ലീം. 1947 സെപ്തംബര്‍ 15 ന് പാകിസ്ഥാനുമായി ചേരാനുള്ള Instrument of Accession (IoA) യില്‍ രാജാവ് ഒപ്പുവച്ചു. എന്നാല്‍, ഇത് അംഗീകരിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് തയ്യാറായില്ല. കരാറില്‍ നിന്ന് പിന്‍മാറാന്‍ ഇന്ത്യയുടെ ആഭ്യന്തരമന്ത്രിയായിരുന്ന വല്ലഭായ് പട്ടേല്‍ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. മാത്രമല്ല, രാജാവിന്റെ സമ്മതപത്രത്തിനു പകരം ജനങ്ങളുടെ ഇടയില്‍ ഹിതപരിശോധന നടത്താനും ആവശ്യപ്പെട്ടു. പാകിസ്ഥാന്‍ ഇതു തള്ളിക്കളഞ്ഞു. സൈനികനീക്കത്തിലൂടെ ഇന്ത്യ ജുനാഗദിനെ ഇന്ത്യയുടെ ഭാഗമാക്കി. ഡിസംബര്‍ മാസത്തില്‍ ഹിതപരിശോധന നടത്തിയപ്പോള്‍ 99.95 ശതമാനം ജനങ്ങളും തങ്ങള്‍ക്ക് ഇന്ത്യയോടൊപ്പം നില്‍ക്കണമെന്ന് അഭിപ്രായപ്പെട്ടു. ജനാധിപത്യപരമായ തീരുമാനം.
എന്നാല്‍ ഇതിനു വിപരീതമായിട്ടായിരുന്നു കാശ്മീര്‍ പ്രശ്‌നം കൈകാര്യം ചെയ്യപ്പെട്ടത്. പാകിസ്ഥാനോടൊപ്പം ചേരണമെന്ന് പറഞ്ഞ് പ്രക്ഷോഭം നടത്തിയവര്‍ക്കുനേരെ സര്‍ക്കാര്‍ വെടിവെക്കുകയായിരുന്നു. ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടു. പ്രക്ഷോഭം ശക്തമായി. പതിനായിരക്കണക്കിന് മുസ്ലീംങ്ങള്‍ ജമ്മുവില്‍ നിന്ന് പലായനം ചെയ്തു. ജമ്മുവിലെ മുസ്ലീംങ്ങളെ കൂട്ടക്കൊല ചെയ്യുന്നു എന്ന് കാണിച്ച് 1947 ഒക്‌ടോബര്‍ 12ാം തീയതി പാകിസ്ഥാന്‍ കാശ്മീര്‍ രാജാവിന് ടെലിഗ്രാം അയച്ചു. പാക് സഹായത്തോടെ കാശ്മീരിനെതിരെ അക്രമണവും നടന്നു. അക്രമണത്തെ തടയാന്‍ ജമ്മുകാശ്മീര്‍ രാജാവ് ഇന്ത്യാ ഗവണ്‍മെന്റിന്റെ സഹായം തേടി. എന്നാല്‍, ഇന്ത്യയുടെ ഭാഗമല്ലാത്തതുകൊണ്ട് പട്ടാളത്തെ അയയ്ക്കാന്‍ നിര്‍വ്വാഹമില്ലെന്ന് ഇന്ത്യാ ഗവണ്‍മെന്റ് ഹരിസിംഗിനെ അറിയിച്ചു. ഇതിനെത്തുടര്‍ന്ന്, 1947 ഒക്‌ടോബര്‍ 26 ന്, 75 ശതമാനം മുസ്ലീം ജനതയുള്ള ജമ്മു കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായി മാറാനുള്ള Instrument of Accession (IOA) ഹരിസിംഗും ഇന്ത്യാ ഗവണ്‍മെന്റിനെ പ്രതിനിധീകരിച്ച് ലോഡ് മൗണ്ട് ബാറ്റണും ഒപ്പുവച്ചു. IOA യോടൊപ്പമുള്ള ധവളപത്രത്തില്‍ വ്യക്തമാക്കിയ കാര്യങ്ങള്‍ ഇവയാണ്: ഇത് താല്‍ക്കാലിക ഏര്‍പ്പാടാണ്; ഇതനുസരിച്ച് പ്രതിരോധം, വാര്‍ത്താവിനിമയം, വിദേശം എന്നീ മേഖലകളില്‍ മാത്രമാണ് ഇന്ത്യയ്ക്ക് അധികാരം കൈമാറിയത്; കശ്മീര്‍ ഒരു തര്‍ക്ക പ്രദേശമാണ്. അവിടുത്തെ ജനങ്ങളുടെ ഇടയില്‍ ഹിതപരിശോധന നടത്തിയശേഷം മാത്രമേ തീരുമാനം അന്തിമമാകുകയുള്ളു. ഹിതപരിശോധന ഏതെങ്കിലും അന്താരാഷ്ട്ര ഏജന്‍സിയുടെ മേല്‍നോട്ടത്തിലാണ് നടത്തേണ്ടതെന്ന് പാകിസ്ഥാന്‍ നിര്‍ദ്ദേശിച്ചു. ഇത് ഇന്ത്യ തള്ളി. അതിന്നോളം നടന്നില്ല. ഐക്യരാഷ്ട്രസഭ പോലും ഇക്കാര്യം പലപ്പോഴായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കാശ്മീരിനെ ഫലത്തില്‍ പട്ടാളഭരണത്തില്‍ കൊണ്ടുവരികയാണ് ചെയ്തത്,
മുകളില്‍ നിന്നു ഉത്തരവില്ലാതെ സംശയത്തിന്റെ പേരില്‍ ആരേയും വെടിവെക്കാന്‍ പട്ടാളത്തിനു അധികാരം നല്‍കുന്ന Armed forces special Powers act ആണ് കാശ്മീരില്‍ ഇത്തരം അതിക്രമങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമായിട്ടുള്ളത്. 1958ല്‍ വടക്കു കിഴക്കന്‍ മേഖലയില്‍ നടപ്പാക്കിയ ഈ നിയമം 1990ലാണ് കാശ്മീരില്‍ നടപ്പാക്കിയത്. കാശ്മീര്‍ ഗവണ്മന്റടക്കം നിരവധി പാര്‍ട്ടികളും മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെട്ടിട്ടും നിയമം പിന്‍വലിക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. ഭീകരാക്രമണങ്ങളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ ബാധ്യസ്ഥമായ സൈന്യം അതിന്റെ പേരില്‍ നിരപരാധികളെ വെടിവെച്ചു കൊല്ലുന്ന സംഭവങ്ങള്‍ പലവട്ടം ആവര്‍ത്തിച്ചിട്ടും നിയമം പിന്‍വലിക്കാന്‍ കേന്ദ്രം തയ്യാറല്ല. കുറച്ചുകാലമായി താരതമ്യേന ശാന്തമായ കാശ്മീരില്‍ കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാനേ ഈ നിയമം ഉപകരിക്കൂ. പട്ടാളത്തിനു അമിതാധികാരം നല്‍കുന്നത് ഒരു ജനാധിപത്യ വ്യവസ്ഥയില്‍ ഒട്ടും ഭൂഷണമല്ല. ഏറ്റവംു കൗതുകകരം ഇപ്പോഴവിടെ ഭരിക്കുന്നത് ബിജെപിയും പിഡിപിയും ചേര്‍ന്ന അസാധാരണസംഖ്യമാമെന്നതാണ്.
സത്യത്തില്‍ ഭീകരരെ നേരിടാന്‍ ഇപ്പോള്‍തന്നെ നിരവധി നിയമങ്ങള്‍ ഇവിടെയുണ്ട്. അതുകൊണ്ടുതന്നെ എത്രയും വേഗം ഈ കരിനിയമം പിന്‍വലിച്ച് കാശ്മീരിലും വടക്കു കിഴക്കന്‍ മേഖലകളിലും സമാധാനശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ് കേന്ദ്രം ചെയ്യേണ്ടത്. കൂടാതെ കാശ്മീര്‍ ജനതയുടെ ഹിതമറിയാന്‍ ഇനിയെങ്കിലും ശ്രമിക്കണം. രാജ്യങ്ങള്‍ യോജിക്കുന്നതും വിഘടിക്കുന്നതുമെല്ലാം ലോകചരിത്രത്തില്‍ പുതുമയുള്ളതല്ല. സോവിയറ്റ് യൂണിയന്‍ ചിന്നിചിതറിയതും ബര്‍ലിന്‍ മതില്‍ തകര്‍ത്ത് ജര്‍മ്മനികള്‍ ഒന്നായതുമെല്ലാം നാം കണ്ടതാണ്. ജനഹിതമാണ് ജനാധിപത്യത്തിന്റെ അടിത്തറ എന്നംഗീകരിക്കാന്‍ ഇനിയെങ്കിലും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം തയ്യാറാകേണ്ടിയിരിക്കുന്നു…

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply