കാര്‍ രഹിത ദിനം : ഗുഡ്ഗാവ് മാതൃക പിന്തുടരുക

ഗുഡ്ഗാവിലെ നിരത്തുകളില്‍ ഇനിമുതല്‍ ചൊവ്വാഴ്ചകളില്‍ കാറുകളുണ്ടാകില്ല. നഗരത്തിലെ റോഡുകളിലെ തിരക്ക് കുറക്കുന്നതിനും യാത്രക്കായി ബദല്‍ മാര്‍ഗങ്ങള്‍ തേടാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതിനും ഗുഡ്ഗാവ് ട്രാഫിക് പൊലിസ് ആണ് കാര്‍രഹിത ദിനം ആചരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ലോകത്താകമാനം കാര്‍രഹിതദിനമായി ആചരിക്കുന്ന സെപ്തംബര്‍ 22 മുതല്‍ തീരുമാനം നടപ്പാക്കും. ഗുഡ്ഗാവ് മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതരും ട്രാഫിക് പൊലീസും ചേര്‍ന്ന് നടത്തുന്ന സംരംഭത്തിന് പിന്തുണയുമായി റാപ്പിഡ് മെട്രോ, എംബാര്‍ക്ക് ഇന്ത്യ, നാസ്‌കോം തുടങ്ങിയ സംഘടനകളും മുന്നോട്ട് വന്നിട്ടുണ്ട്. കാര്‍രഹിതദിനത്തില്‍ രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെയാണ് […]

gurഗുഡ്ഗാവിലെ നിരത്തുകളില്‍ ഇനിമുതല്‍ ചൊവ്വാഴ്ചകളില്‍ കാറുകളുണ്ടാകില്ല. നഗരത്തിലെ റോഡുകളിലെ തിരക്ക് കുറക്കുന്നതിനും യാത്രക്കായി ബദല്‍ മാര്‍ഗങ്ങള്‍ തേടാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതിനും ഗുഡ്ഗാവ് ട്രാഫിക് പൊലിസ് ആണ് കാര്‍രഹിത ദിനം ആചരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ലോകത്താകമാനം കാര്‍രഹിതദിനമായി ആചരിക്കുന്ന സെപ്തംബര്‍ 22 മുതല്‍ തീരുമാനം നടപ്പാക്കും. ഗുഡ്ഗാവ് മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതരും ട്രാഫിക് പൊലീസും ചേര്‍ന്ന് നടത്തുന്ന സംരംഭത്തിന് പിന്തുണയുമായി റാപ്പിഡ് മെട്രോ, എംബാര്‍ക്ക് ഇന്ത്യ, നാസ്‌കോം തുടങ്ങിയ സംഘടനകളും മുന്നോട്ട് വന്നിട്ടുണ്ട്.

കാര്‍രഹിതദിനത്തില്‍ രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെയാണ് നിരത്തില്‍ വാഹനങ്ങള്‍ ഇറക്കാതിരിക്കേണ്ടത്. ഡി.എല്‍.എഫ് സൈബര്‍ സിറ്റി, സൈബര്‍ പാര്‍ക്ക് ഏരിയ, ഗോള്‍ഫ് കോഴ്‌സ് റോഡ്, ഇലക്ട്രോണിക് സിറ്റി എന്നിവ കേന്ദ്രീകരിച്ചായിരിക്കും പ്രചാരണം നടത്തുക. ഈ നാല് പ്രമുഖ ഐ.ടി കോറിഡോറുകളിലാണ് നഗരത്തില്‍ ഏറ്റവും കൂടുതല്‍ വാഹനത്തിരക്ക് അനുഭവപ്പെടുന്നത്. ഈ ദിനങ്ങളില്‍ പാതയോരത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ എടുത്തുമാറ്റാനായി 20 ഗ്ല്രകയിനുകളും ഗുഡ്ഗാവ് പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. അതോടൊപ്പം മൂന്ന് മുതല്‍ മൂന്നര വരെ മിനിറ്റുകള്‍ക്കുള്ളില്‍ ഓരോ ട്രെയിന്‍ വീതം ഏര്‍പ്പെടുത്തിക്കൊണ്ട് ട്രെയിന്‍ സര്‍വീസുകള്‍ പുന:ക്രമീകരിക്കാനാണ് റാപ്പിഡ് മെട്രോയുടെ തീരുമാനം. യാത്രക്കാര്‍ക്ക് കാത്തുനില്‍ക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണിത്. വര്‍ഷം തോറും ഏകദേശം ഒരുലക്ഷം പുതിയ കാറുകള്‍ ഹരിയാനയിലെ ഗുഡ്ഗാവില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ട് എന്നാണ് കണക്കുകള്‍.
കാറുകളുടെ അമിതമായ ഉപയോഗത്തിനു കടിഞ്ഞാണിടുക എന്ന ലക്ഷ്യത്തോടെയാണ് സെപ്തംബര്‍ 22ന് ലോകം കാര്‍ രഹിത ദിനമായി ആചരിക്കാന്‍ തുടങ്ങിയത്.. സ്വകാര്യകാറുകളുടെ ഉപയോഗം കുറച്ച് അന്തരീക്ഷ മലിനീകരണത്തിന്റെയും ആഗോളതാപനത്തിന്റേയും അളവു കുറക്കുക എന്നതു തന്നെയാണ് ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം.
ആഗോളതാപനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനുമുമ്പ്, 1960കള്‍ മുതല്‍ തന്നെ പല രാഷ്ട്രങ്ങളിലും കാര്‍ രഹിത ദിനമാചരിച്ചിരുന്നു. എന്നാല്‍ സംഘടിതമായ രീതിയില്‍ ലോകത്തെങ്ങും ഈ ദിനമാചരിച്ചുതുടങ്ങിയത് 2000 മുതലാണ്. ഇന്ന് നൂറുകണക്കിനു നഗരങ്ങളില്‍ ഈ ദിവസം ജനങ്ങള്‍ കാറുപേക്ഷിച്ച് നിരത്തിലിറങ്ങുന്നു. എന്നാല്‍ ഇന്ത്യയിലോ കേരളത്തിലോ ഈ ആശയത്തിനു കാര്യമായ ചലനമുണ്ടാക്കാന്‍ ഇതുവരേയും കഴിഞ്ഞിട്ടില്ല. ലോകത്തുതന്നെ കാര്‍ വിപണി ഏറ്റവുമധികം വികസിക്കുന്ന രാജ്യമാണല്ലോ നമ്മുടേത്. അതിനാല്‍തന്നെ ഈ ആശയം പ്രചരിക്കുന്നത് പലര്‍ക്കും താല്‍പ്പര്യം കാണില്ല.
ആഗോളതാപനം സൃഷ്ടിക്കുന്ന ദുരന്തങ്ങളാണ് കാര്‍ രഹിത ദിനത്തെ ഏറ്റവും ശ്രദ്ധേയമാക്കുന്നത്. ആഗോളതാപനത്തിനു ഏറ്റവുമധികം സംഭാവന ചെയ്യുന്നത് വാഹനങ്ങളാണല്ലോ. അതുകൊണ്ടുതന്നെ തെരുവിലെ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കേണ്ടതുണ്ട്. പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് അതിനുള്ള ഏകമാര്‍ഗ്ഗം. തീവണ്ടിയാത്രയും ബസ് യാത്രയും തന്നെ പ്രധാനം. കൂടാതെ ചെറിയ ദൂരങ്ങള്‍ കാല്‍നടയായോ സൈക്കിളിലോ യാത്ര ചെയ്യാനുള്ള സന്ദേശവും ഈ ദിനാചരണം നല്‍കുന്നു. അതുവഴി ശാരീരികാരോഗ്യവും ഇന്ന് മനുഷ്യനു ഭീഷണിയായിരിക്കുന്ന ജീവിതചര്യ രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവും നേടാനാകുന്നു എന്നതും ഈ ദിനത്തിന്റെ സന്ദേശമാണ്. നഗരങ്ങളിലെ വന്‍തോതിലുള്ള ഗതാഗത സ്തംഭനം, അനുദിനം വര്‍ദ്ധിക്കുന്ന ഇന്ധനചിലവ്, ഇന്ധനക്ഷാമം തുടങ്ങിയവക്കുള്ള മറുപടി കൂടിയാണ് പൊതുഗതാഗതം പ്രോത്സാഹിപ്പിക്കല്‍.
നിര്‍ഭാഗ്യകരമെന്നു പറയട്ടെ നമ്മുടെ നാട്ടിലെ ഗതാഗത പരിഷ്‌കാരങ്ങളെല്ലാം സ്വകാര്യകാറുകള്‍ക്കുവേണ്ടി സൃഷ്ടിക്കുന്നവയാണെന്നേ തോന്നൂ. ഇതുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചകളിലും പരിഗണിക്കപ്പെടാതെ പോകുന്ന വിഭാഗങ്ങളാണ് സൈക്കിള്‍ യാത്രക്കാരും കാല്‍ നടക്കാരും ബസ് യാത്രക്കാരും. കാല്‍നടക്കാര്‍ക്കു പൊതുവഴിയില്‍ യാതൊരവകാശവുമില്ല എന്നു ധരിച്ചു വെച്ചിരിക്കുന്നവരില്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ മാത്രമല്ല, പോലീസും ഗതാഗതവകുപ്പ് അധികൃതരും ഉള്‍പ്പെടും. അവര്‍ക്കു നടക്കാനെന്നപേരില്‍ നിര്‍മ്മിച്ച ഫുട്പാത്തുകള്‍ പോലും വാഹനങ്ങള്‍ കൈയ്യേറുന്നു. കേരളത്തിലെ നഗരങ്ങളിലെല്ലാം മാലിന്യങ്ങള്‍ പലയിടത്തായി ഫുട്പാത്തുകളില്‍ കൂട്ടിയിട്ടിരിക്കുകയാണ്. പൊട്ടിപൊളിഞ്ഞ നഗരവീഥികളില്‍ കൂടി വാഹനങ്ങളോടുമ്പോള്‍ ചെളി തെറിക്കുന്നത് കാല്‍നടക്കാരുടെ മേല്‍. ചെളിയില്‍ നിന്നു രക്ഷപ്പെടാനുള്ള വെപ്രാളം കണ്ട് വാഹനങ്ങളില്‍ ചില്ലുകയറ്റിയിരിക്കുന്നവര്‍ ചിരിക്കും. ഇതിനെല്ലാം പുറമെയാണ് ഫുട്പാത്തുകളെല്ലാം കച്ചവടക്കാര്‍ കയ്യേറിയിരിക്കുന്നത്. കാല്‍നടക്കാരുടെ അവകാശമായ സീബ്രാലൈനില്‍പോലും സ്വസ്ഥമായി നടക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് ലഭിക്കുന്നില്ല. ഹോണടിച്ചു അഹങ്കാരത്തോടെ പാഞ്ഞുവരുന്ന വാഹനങ്ങള്‍ കാണുമ്പോള്‍ ജീവനാണു വലുതെന്നു കരുതി അവര്‍ മാറിനില്ക്കുന്നു.
സൈക്കിള്‍ യാത്രക്കാരുടെ പ്രശ്‌നങ്ങളും സമാനമാണ്. അടുത്ത കാലം വരെ സാധാരണക്കാരന്റെ വാഹനമായിരുന്ന സൈക്കിളിനും സൈക്കിള്‍ യാത്രക്കാരനും ഇന്നു പൊതുവഴിയില്‍ ലഭിക്കുന്നത് അവഗണനയും പുച്ഛവും മാത്രം. സൈക്കിള്‍ യാത്രക്കാരന്‍ നമുക്ക് പ്രാകൃതനാണ്. . ചൈനയെപോലുള്ള രാജ്യങ്ങളിലെ തെരുവുകളില്‍ സൈക്കിളുകളുടെ പ്രവാഹമാണ്. പല യൂറോപ്യന്‍ നഗരങ്ങളിലും മൊബിലിറ്റി ഹബ്ബുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് അവിടെനിന്ന് ഓഫീസുകളിലേക്ക് സൈക്കിളില്‍ പോകുന്ന രീതിയുണ്ടായിട്ടുണ്ട്. വലിയ റോഡുകളില്‍ സൈക്കിളുകള്‍ക്കും കാല്‍നടക്കാര്‍ക്കും പ്രത്യേക ട്രാക്കുകള്‍ വെണമെന്ന നിയമം ഇവിടേയുമുണ്ട്. എന്നാല്‍ നടപ്പാക്കപ്പെടുന്നില്ല എന്നു മാത്രം.
റോഡിലൂടെ ഓടുന്ന വാഹനങ്ങളില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരെ കൊണ്ടുപോകുന്ന പൊതുവാഹനമാണ് ബസ്. അതുകൊണ്ടുതന്നെ പൊതുവഴികളില്‍ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത് ബസിനാണ്. എന്നാല്‍ സംഭവിക്കുന്നത് തിരിച്ചാണ്. നഗരങ്ങളില്‍ എന്തെങ്കിലും ഗതാഗതതടസ്സമുണ്ടായാല്‍ ആദ്യം വഴി തിരിച്ചുവിടുക ബസാണ്. കാറുകള്‍ക്കും ബൈക്കുകള്‍ക്കും പരമാവധി അവസരം നല്‍കും. ബസുകളാകട്ടെ യാത്രക്കാരെ എവിടെയെങ്കിലും ഇറക്കിവിടും. പിന്നീട് എല്ലാവരും ഓട്ടോ വിളിക്കാനും മറ്റും നിര്‍ബന്ധിതരാകും. ഗതാഗതകുരുക്ക് കൂടുകയാണ് ഫലം. ചുരുങ്ങിയപക്ഷം ഗതാഗതതടസ്സമുള്ള സമയങ്ങളിലെങ്കിലും കാറുകള്‍ നഗരത്തിനു പുറത്തു പാര്‍ക്കുചെയ്ത് ബസുകളില്‍ യാത്രചെയ്യാന്‍ തയ്യാറാകുകയാണ് വേണ്ടത്. ആധുനിക സമൂഹങ്ങളില്‍ പലയിടത്തും റെയില്‍സ്‌റ്റേഷനുകളിലേക്കും എയര്‍പോര്‍ട്ടിലേക്കും മറ്റും ബസുകള്‍ കടത്തിവിടും. സ്വകാര്യവാഹനങ്ങളാണ് നിയന്ത്രിക്കുക. നമ്മുടെ നാട്ടില്‍ തിരിച്ചാണ്. ബസുകള്‍ക്ക് അവയുടെ നാലയലത്തുപോലും പ്രവേശനമില്ല. വികസിത രാഷ്ട്രങ്ങളില്‍ പലയിടത്തും ഒന്നോ രണ്ടോ പേര്‍ മാത്രമായി കാറില്‍ പോകുന്നത് ദേശീയനഷ്ടമായാണ് കണക്കാക്കുന്നത്. അത് കുറ്റകരവുമാണ്. വഴിയില്‍ ബസുകാത്തുനില്ക്കുന്നവരെ കയറ്റിവേണം പോകാന്‍. അതുപോലെ വന്‍നഗരങ്ങളിലേക്ക് സ്വകാര്യവാഹനങ്ങള്‍ പോകുന്നതില്‍ നിരവധി നിയന്ത്രണങ്ങളുമുണ്ട്. നമ്മുടെ നാട്ടില്‍ അത്തരം ചിന്തകള്‍ പോലുമില്ല. ഇക്കഴിഞ്ഞ ഓണക്കാലത്ത് കോഴിക്കോട് പോലീസ് ഇത്തരമൊരു സന്ദേശം നല്‍കിയിരുന്നു. ഈ നിലയില്‍ മുന്നോട്ടു പോയാല്‍ 2020ല്‍ ആള്‍ക്ക് ഓരോ വാഹനം എന്ന നിലയിലേക്ക് കേരളം എത്തിച്ചേരും.. ദിവസേന 2000ത്തോളം വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്യുന്നത്. വര്‍ഷംതോറും 10 ലക്ഷം വാഹനങ്ങളുടെ വര്‍ധനയാണ് ഉണ്ടാകുന്നത്. ഇതുണ്ടാക്കാന്‍ പോകുന്ന പ്രശ്‌നങ്ങള്‍ അതീവഗുരുതരമായിരിക്കും.
പൊതുവഴിയിലൂടെ സ്വകാര്യവാഹനങ്ങള്‍ ഓടിച്ചുപോകുമ്പോള്‍ നാം മറക്കുന്ന പ്രധാനപ്പെട്ട ഒന്ന്. എത്രയോ കാലത്തെ കഠിനാധ്വാനത്തിന്റെ ഫലമായി ജീവിതം പച്ചപിടിപ്പിക്കാന്‍ ശ്രമിക്കുന്ന വലിയൊരു വിഭാഗത്തിന്റെ ഭൂമിയും സ്വപ്‌നവും ചവിട്ടി മെതിച്ചാണ് നാം മുന്നോട്ടുപോകുന്നതെന്നാണ്. വാഹനങ്ങളുടെ എണ്ണം കൂടുമ്പോള്‍ കൂടുതല്‍ റോഡുവേണം. റോഡുകള്‍ക്ക് വീതി വേണം. വികസനത്തിന് അത് അനിവാര്യം. ശരിയായിരിക്കാം. എന്നാല്‍ അത് മുഖ്യമായും ആര്‍ക്കുവേണ്ടിയാണ്? കണക്കുകള്‍ പറയുന്നത് സ്വകാര്യവാഹനങ്ങള്‍ക്കുവേണ്ടിയാണെന്നാണ്. ഇനി വരുന്ന ദിവസങ്ങള്‍ റോഡുവികസനത്തിനായി സ്ഥലമേറ്റെടുക്കുന്ന നടപടികള്‍ കൂടുതല്‍ ശക്തമാകുമെന്നതില്‍ സംശയമില്ല. സ്വകാര്യവാഹനം വാങ്ങാന്‍ എല്ലാ സഹായങ്ങളുമായി കമ്പനികളും ഫിനാന്‍സുകളും രംഗത്തുള്ളപ്പോള്‍ നാമവ വാങ്ങിക്കൂട്ടുമെന്ന് ഉറപ്പ്. ഒരു വീട്ടില്‍ തന്നെ ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍. ഇവക്ക് കടന്നുപോകാന്‍ റോഡുവേണ്ടേ? അതിനായി സ്ഥലം വിട്ടുകൊടുക്കാനുള്ള സന്ദേശവുമായി സിനിമകള്‍ പോലും വരുന്നു. കുടിയിറക്കപ്പെടുന്നവര്‍ക്ക് മാന്യമായ നഷ്ടപരിഹാരം ഒരിക്കലും ലഭിക്കാറുമില്ല.
ഈ സാഹചര്യത്തില്‍ കാര്‍ രഹിത ദിനാചരണം ഇവിടെ ഏറെ പ്രസക്തമാണ്. കാറുകളുടെ എണ്ണം കുറച്ചു കൊണ്ടുവരിക എന്നതു തന്നെയാകണം അതിന്റെ ലക്ഷ്യം. തീര്‍ച്ചയായും പൊതുയാത്രയുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. അതിനായും ശബ്ദമുയര്‍ത്തണം. ഒന്നുമല്ലെങ്കില്‍ നമുക്കു നഷ്ടമാകുന്ന പൊതുജീവിതത്തിന്റെ ഒരു ചെറിയ മാതൃകയെങ്കിലും പൊതുവാഹനങ്ങളിലുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply