കല്ലറ സുകുമാരന്‍, പാവങ്ങളുടെ പടത്തലവന്‍

എം ബി മനോജ് വേദിയിലും സദസ്സിലുമുള്ള എല്ലാ വിശിഷ്ട വ്യക്തികള്‍ക്കും നമസ്‌കാരം. കല്ലറ സുകുമാരന്‍ സാറിന്റെ ഇരുപതാം അനുസ്മരണ സമ്മേളനം ഏറെ പ്രസക്തിയുള്ളതാണ്. പ്രത്യേകിച്ചും വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യത്തില്‍. സ്ത്രീകളും യുവാക്കളും വിദ്യാര്‍ത്ഥികളും വളരെ സജീവമായി പങ്കെടുത്ത ഈ സമ്മേളനം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. ഞാന്‍ ഒരു ഇടതു തീവ്രവാദ രാഷ്ട്രീയ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടാണ് സാമൂഹ്യ പ്രവര്‍ത്തനം ആരംഭിച്ചത്. സി.ആര്‍. സി. സി. പി.ഐ (എം. എല്‍) എന്ന ആ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തനഘട്ടത്തിലാണ് ‘അധഃസ്ഥിത […]

kkkഎം ബി മനോജ്

വേദിയിലും സദസ്സിലുമുള്ള എല്ലാ വിശിഷ്ട വ്യക്തികള്‍ക്കും നമസ്‌കാരം. കല്ലറ സുകുമാരന്‍ സാറിന്റെ ഇരുപതാം അനുസ്മരണ സമ്മേളനം ഏറെ പ്രസക്തിയുള്ളതാണ്. പ്രത്യേകിച്ചും വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യത്തില്‍. സ്ത്രീകളും യുവാക്കളും വിദ്യാര്‍ത്ഥികളും വളരെ സജീവമായി പങ്കെടുത്ത ഈ സമ്മേളനം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. ഞാന്‍ ഒരു ഇടതു തീവ്രവാദ രാഷ്ട്രീയ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടാണ് സാമൂഹ്യ പ്രവര്‍ത്തനം ആരംഭിച്ചത്. സി.ആര്‍. സി. സി. പി.ഐ (എം. എല്‍) എന്ന ആ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തനഘട്ടത്തിലാണ് ‘അധഃസ്ഥിത നവോത്ഥാന മുന്നണി’ എന്ന സംഘടന പ്രസ്തുത പാര്‍ട്ടിയുടെ ഭാഗമായി രൂപം കൊള്ളുന്നത്. ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ഇത്തരത്തില്‍ ഒരു സംഘടന ആവശ്യമുണ്ടോ എന്ന ചോദ്യം ഞാന്‍ പാര്‍ട്ടിയില്‍ ചോദിച്ചിരുന്നു. ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളായ ജാതിവ്യവസ്ഥയും അതുപോലെ മുതലാളിത്തവും ഇവ രണ്ടിനെയും അഭിസംബോധന ചെയ്യുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം എന്നായിരുന്നു സംശയങ്ങള്‍ക്കു ലഭിച്ച പ്രധാനമായ മറുപടി. ഈ കാഴ്ചപ്പാട് പ്രധാനപ്പെട്ട ഒന്നായിരുന്നു. എന്തെന്നാല്‍ ജാതി എന്ന യാഥാര്‍ത്ഥ്യത്തെ മൂടിവയ്ക്കുന്ന കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടികളായിരുന്നു അതുവരെ ഇന്ത്യയിലും കേരളത്തിലും പ്രവര്‍ത്തിച്ചു വന്നിരുന്നത് (8990 ലെ അധഃസ്ഥിത നവോത്ഥാന മുന്നണിയുടെയും മറ്റും വികൃതമായ അനുകരണം ചില കമ്മ്യൂണിസ്റ്റ്മാര്‍ക്‌സിസ്റ്റു പാര്‍ട്ടികള്‍ പില്‍ക്കാലത്ത് സ്വീകരിക്കുന്നതും കാണുവാന്‍ കഴിയും).
എന്നാല്‍ തൊണ്ണൂകളിലെ ഈ പുതിയ അറിവ് അതുവരെയുണ്ടായിരുന്ന എന്റെ കാഴ്ചപ്പാടിനെ മാറ്റിത്തീര്‍ക്കുകയാണുണ്ടായത്. എന്റെ നാട്ടില്‍ത്തന്നെ (പൈനാവ്) അതുവരെ ശ്രദ്ധിയ്ക്കാതെ പോയിരുന്ന ചില കയ്യെഴുത്തു പോസ്റ്ററുകളും ചുമരെഴുത്തുകളും എന്റെ ശ്രദ്ധയില്‍പ്പെട്ടു. ‘കറുത്തമുത്ത് കല്ലറ സുകുമാരന്‍, പാവങ്ങളുടെ പടത്തലവന്‍’,
ചവിട്ടിനില്‍ക്കാന്‍ അരയടിമണ്ണും
മരിച്ചടക്കാന്‍ ആറടിമണ്ണും ഇല്ലാത്തവരുടെ
ഭൂമിക്കിവേണ്ടിയുള്ള സമരം വിജയിപ്പിക്കുക’
തുടങ്ങിയ ചുമരെഴുത്തുകള്‍, വര്‍ഗ വിശകലനത്തിലൂടെ സമൂഹത്തെ കാണാന്‍ ശ്രമിച്ചിരുന്ന എന്റെ കാഴ്ചപ്പാടുകളെ പുനര്‍പരിശോധക്കുന്നതിനു കാരണമാക്കുകയായിരുന്നു. കറുത്ത നിറത്തോടുകൂടിയ നൂറുകണക്കിനു മനുഷ്യര്‍ ചെറുതോണിയില്‍ നിന്നും പൈനാവ് സിവില്‍ സ്റ്റേഷനിലേയ്ക്ക് ഭൂമിയ്ക്കായി നടത്തിയിരുന്ന സമരങ്ങളായിരുന്നു ആകര്‍ഷിച്ച ഒന്നമാത്തെ ഘടകം. ഇന്ത്യന്‍ ദളിത് ഫെഡറേഷന്റെ (IDF) മുന്‍കയ്യിലായിരുന്നു ഈ സമരങ്ങള്‍ നടന്നുവന്നിരുന്നത്. ആ കാലഘട്ടത്തിലാണ് ശ്രീ. കല്ലറ സുകുമാരന്‍ സാറിന്റെ ചില പ്രസംഗങ്ങളും കേള്‍ക്കുവാന്‍ അവസരം ലഭിച്ചത്. ഇന്ത്യയിലെ സിവില്‍ സര്‍വ്വീസിലടക്കം ഉന്നതമേഖലകളൊക്കെയും കയ്യടക്കിവച്ചിരിക്കുന്നത് ‘ക്രോസ്‌ബെല്‍റ്റിട്ട പൂണൂല്‍ ധാരികളാണെന്ന’ അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ത്യന്‍ വരേണ്യതയോടുള്ള കടുത്ത വിമര്‍ശനമായിരുന്നു. എന്നാല്‍ കേരളത്തിലെയടക്കം സോഷ്യലിസ്റ്റുകളും മാര്‍ക്‌സിസ്റ്റുകളും അതു കേള്‍ക്കാതെ പോയി എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം (ഇന്ന് ഫാസിസം എന്നൊക്കെപ്പറഞ്ഞ് ഇറങ്ങിത്തിരിക്കുന്നവരുടെ കപടനാട്യത്തിന്റെ പൊള്ളയായ ചരിത്രം ഇത്തരണുത്തില്‍ ഓര്‍ക്കപ്പെടേണ്ടതാണ്).
തൊണ്ണൂറുകളുടെ മാറുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കാന്‍ കല്ലറ സുകുമാരന്‍സാറിനു കഴിഞ്ഞു എന്നാണ് നമുക്ക് ഇതില്‍ നിന്നും മനസ്സിലാകുന്നത്. 1995ലാണ് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വച്ച് അദ്ദേഹത്തെ നേരിട്ടുകണ്ട് സംസാരിക്കുന്നതിന് എനിക്ക് അവസരം ലഭിച്ചത്. ഞങ്ങള്‍ അന്ന് മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികളായിരുന്നു. കൊട്ടാരക്കര സ്വദേശി വിജയന്‍ മുടവന്‍ തോട്ടവും (ആദ്യകാല DSM, BSP പ്രവര്‍ത്തകന്‍) കൂടെയുണ്ടായിരുന്നു. ദളിതര്‍ക്കിടയിലെ സാമൂഹിക ഐക്യത്തിനായുള്ള ശ്രമങ്ങളും അതിനായിവിളിച്ചു ചേര്‍ത്ത സമ്മേളനങ്ങളും അതിന്റെ തുടര്‍ച്ചകളും അദ്ദേഹം ലക്ഷ്യംവയ്ക്കുന്നതായി പറയുകയുണ്ടായി. നമുക്കു ദേശീയമായ ഒരു ഐക്യം ആവശ്യമാണ്. അതുകൊണ്ടുതന്നെയും കാന്‍ഷിറാമിന്റെ മുന്‍കയ്യിലുള്ള പ്രസ്ഥാനവുമായുള്ള ഐക്യം കൂടുതല്‍ പ്രസക്തമാണെന്നും അത് ഇതര പിന്നോക്കന്യൂനപക്ഷ പ്രസ്ഥാനങ്ങളുമായി ബന്ധിപ്പിച്ച് വിപുലപ്പെടുത്തുന്നതിനെ സംബന്ധിച്ചും അദ്ദേഹം സാംസ്‌കാരിക്കുകയുണ്ടായി.
ഇന്നത്തെ ഈ സമ്മേളനത്തില്‍ത്തന്നെയും കോഴിക്കോട് ആട്‌സ് കോളേജിലെ അധ്യാപകന്‍ ശ്രീ. കെ. പി. രവിയും, ശ്രീ. കണ്ണന്‍മാഷും പങ്കെടുക്കുന്നുണ്ടല്ലൊ. മലബാര്‍ പ്രദേശങ്ങളില്‍ കല്ലറസാര്‍ നടത്തിയിരുന്ന പ്രവര്‍ത്തനങ്ങളുടെ അനുഭവങ്ങള്‍ രവിമാഷില്‍നിന്നും കൂടാതെ ആനന്ദന്‍ മാഷില്‍നിന്നും ശശിധരന്‍ മാഷില്‍ നിന്നും അറിയുവാന്‍ കഴിഞ്ഞിട്ടുണ്ട്. കല്ലറസാറിന്റെ നിര്യാണത്തിനുശേഷം അദ്ദേഹത്തെക്കുറിച്ച് ഒരു പഠനം തയ്യാറാക്കാനുള്ള ഒരു ശ്രമം ഞാന്‍ നടത്തുകയുണ്ടായി. അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ശ്രീമതി. തങ്കമ്മ സുകുമാരന്‍ അടക്കം നിരവധി പ്രധാന വ്യക്തികളെ കണ്ടുവെങ്കിലും അതു പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചില്ല. തങ്കമ്മ സുകുമാരനുമായുള്ള അഭിമുഖം മുമ്പ് പ്രസിദ്ധപ്പെടുത്തിയട്ടുണ്ട്. എന്നാല്‍ ആ അന്വേഷണം ചില കാര്യങ്ങളില്‍ വ്യക്തത നല്‍കുകയുണ്ടായി. ദളിത് ആശയങ്ങളുടെ വിശാലമായ ഒരു അടിത്തറ സാധാരണ ജനങ്ങള്‍ക്കിടയില്‍ കേരളത്തില്‍ ഉടനീളം നിര്‍മ്മിക്കുന്നതിന് അദ്ദേഹം വഹിച്ച പങ്ക് ഇനിയും വേണ്ടത്രവിധത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ല. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മേഖലയില്‍ മാത്രമായിരുന്നില്ല. അതോടൊപ്പം സാംസ്‌കാരിക മേഖലയിലും ട്രേഡ് യൂണിയന്‍ മേഖലയിലും സാഹിത്യത്തിന്റെയും എഴുത്തിന്റെയും രംഗത്തും ബദല്‍സംസ്‌കാര നിര്‍മ്മിതിയിലും സൗന്ദര്യനിരീക്ഷണത്തിലും ഒക്കെ അദ്ദേഹത്തിന്റെ മുന്‍കയ്യില്‍ വലിയ ശ്രമങ്ങള്‍ ഉയര്‍ന്നു വരികയുണ്ടായി. 9596ല്‍ കൊട്ടാരക്കരയില്‍ വച്ചുനടന്ന ഒരു പ്രവര്‍ത്തകക്യാമ്പിന്റെ ഓഡിയോ കാസറ്റ് കേട്ടത് ഇന്നും ഓര്‍ക്കുന്നു. അതില്‍ കല്ലറസാറിന്റെ പ്രസംഗത്തില്‍ അടിസ്ഥാനജനതയുടെ സൗന്ദര്യദര്‍ശനം എങ്ങനെ രൂപപ്പെടുത്തണം എന്നു സംസാരിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: എന്നെപ്പോലെ കവിളൊട്ടി സോഡാകുപ്പിപോലെയിരിക്കുന്ന കറുത്തമനുഷ്യര്‍ക്ക് ഏതു വിധത്തിലാണ് സൗന്ദര്യസങ്കല്പത്തില്‍ അംഗീകാരമുണ്ടാവുക. സിനിമയും പത്രമാസികകളും നല്‍കുന്ന സൗന്ദര്യസങ്കല്പം ഇതിനു നേര്‍വിപരീതമായതാണല്ലോ. സൗന്ദര്യസങ്കല്പം എന്നത് ബാഹ്യസങ്കല്പമല്ല. സൗന്ദര്യ സങ്കല്പത്തിനുള്ളില്‍ ഒരു രാഷ്ട്രീയം പ്രവര്‍ത്തിക്കുന്നുണ്ട്. എന്നദ്ദേഹം പറഞ്ഞു. സൗന്ദര്യസങ്കല്പത്തെ സംബന്ധിച്ച അടിസ്ഥാനജനതയുടെ വീക്ഷണം ഈ നിരീക്ഷണത്തില്‍ ഉള്ളടങ്ങുന്നു. അത് രാഷ്ട്രീയ ബോധത്തിന്റേതാണ്. അതിന്റെ നിര്‍മ്മിച്ചെടുക്കല്‍ രാഷ്ട്രീയ പ്രക്രിയകളുടെ ഭാഗവുമാണ്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ തൊഴിലാളി വര്‍ഗ സങ്കല്പങ്ങള്‍ക്കുപോലും ആ അര്‍ത്ഥത്തില്‍ ഒരു സൗന്ദര്യസങ്കല്പം നിര്‍മ്മിച്ചെടുക്കുവാന്‍ സാധിക്കാതെ പോയി.
ഈയടുത്ത് ടെലിവിഷന്‍ ചാനലില്‍ ഒരു ചര്‍ച്ചയില്‍ ഞാന്‍ പങ്കെടുക്കുകയുണ്ടായി. കണ്ണൂരില്‍ വെച്ച് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ പോഷകസംഘടന നടത്താന്‍ തീരുമാനിച്ചിരുന്ന സമ്മേളനത്തില്‍ ജിഗ്‌നേഷ് മേവാനി എന്ന ദളിത് നേതാവ് പങ്കെടുക്കാതിരുന്നതിനെ സംബന്ധിച്ചുള്ളതായിരുന്നു ആ ചര്‍ച്ച. ആ പോഷക സംഘടനയുടെ നേതാവും ലോകസഭാംഗവും ആയ ഒരു ഉന്നത വ്യക്തിയും ആ ചര്‍ച്ചയില്‍ പങ്കെടുക്കുകയുണ്ടായി. ഗുജറാത്തിലെ ‘ഉന’ സംഭവത്തിനു ശേഷം കണ്ണൂരില്‍ നടക്കുന്ന സ്വാ’ിമാന സമ്മേളനത്തിലേയ്ക്കാണ് ജിഗ്‌നേഷ് മേവാനിയെ ക്ഷണിച്ചത് എന്ന് ആ നേതാവ് പറയുകയുണ്ടായി. കേരളത്തിലെ ദളിതര്‍ ഈ വിഷയത്തെ എങ്ങനെ കാണുന്നു എന്നതായിരുന്നു എന്റെ പ്രധാന ചോദ്യം. ഞാന്‍ മുന്നോട്ടുവച്ച പ്രധാന കാര്യം കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തിരസ്‌കരിച്ച ഇടങ്ങളില്‍ നിന്നും ദളിത് സമൂഹങ്ങളെ കണ്ടെടുത്ത് അത്‌കേരളത്തിന്റെ സാമൂഹികരാഷ്ട്രീയ മണ്ഡലത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു യാഥാര്‍ത്ഥ്യമായി വികസിപ്പിച്ചെടുക്കുന്നതില്‍ കല്ലറ സുകുമാരന്‍ തുടങ്ങിയ വ്യക്തിത്വങ്ങള്‍ പുലര്‍ത്തിയ ദീര്‍ഘവീക്ഷണത്തെക്കുറിച്ചായിരുന്നു. മാത്രവുമല്ല കേരളത്തില്‍ അങ്ങോളം ലക്ഷക്കണക്കിനു മനുഷ്യരെ അണിനിരത്താന്‍ സാധിച്ചിട്ടും കേരളത്തിലെ മുന്നണികള്‍ക്ക് എന്തുകൊണ്ട് ദളിതരുടെ ഈ പ്രസ്ഥാനത്തിന് മുന്നണി പ്രേവശനം നല്‍കുവാന്‍ കഴിയാതെ ഒഴിവാക്കി നിര്‍ത്തി എന്നത് ആയിരുന്നു. ഇതില്‍ത്തന്നെയും തൊഴിലാളിവര്‍ഗത്തെക്കുറിച്ചു സംസാരിക്കുന്നവര്‍ ദളിത് സംഘടനകളെ ഏറ്റവും കൂടുതല്‍ വെറുപ്പോടെ വീക്ഷിക്കുവാന്‍ കാരണമെന്ത് എന്നതും പ്രധാനപ്പെട്ട ചോദ്യമാകുന്നു. കേരളത്തിന്റെ പാര്‍ലമെന്ററി രാഷ്ട്രീയചരിത്രത്തില്‍ ഒരംഗനേതൃത്വങ്ങള്‍ക്കുപോലും മുന്നണി പ്രവേശനം സാധ്യമാക്കുന്ന ദേശത്ത് കല്ലറസുകുമാരന്‍ ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ടായിരുന്നു. കേരളത്തിന്റെ മുഖ്യധാരാ രാഷ്ട്രീയ മനസ്സിനുള്ളിലെ ജാതി വരേണ്യതയാണ് അവര്‍ക്ക് ദളിതരുടെ സംഘടിത ശക്തിയോടുള്ള അയിത്തം എന്നത് ഏതൊരു രാഷ്ട്രീയ വിദ്യാര്‍ത്ഥിയ്ക്കും വളരെപ്പെട്ടെന്ന് വായിച്ചെടുക്കാവുന്നതേയുള്ളൂ. കല്ലറസുകുമാരന്‍ പ്രസ്ഥാനത്തിന് അന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും സജീവമായ സാന്നിധ്യമുണ്ടായിരുന്നു എന്ന കാര്യം നാം മറന്നുപോകരുത്. ബ്രാഹ്മണ്യത്തിന്റെ ഒരു തന്ത്രമായിരുന്നു, അവഗണിച്ച് നിശബ്ദമാക്കി ഒഴിവാക്കുക എന്ന തന്ത്രം. ഈ തന്ത്രം ആയിരുന്നു ദളിത് പ്രസ്ഥാനത്തോടും പുലര്‍ത്തിവന്നിരുന്നത്. നമ്മുടെ പാര്‍ലമെന്ററി ജനാധിപത്യ കക്ഷിരാഷ്ട്രീയ സംവിധാനം ആവട്ടെ കല്ലറസുകുമാരന്റെ മുന്‍കയ്യില്‍ വികസിച്ചുവന്ന അടിത്തട്ടിന്റെ സംഘടിത ശേഷിയെ അവഗണിച്ച് ഒഴിവാക്കുകയായിരുന്നു. ദളിതര്‍ക്കുമാത്രമാണ് ഈ യര്‍ത്ഥത്തില്‍ അദൃശ്യരും നിശബ്ദരുമാകേണ്ടി വന്നത് എന്ന കാര്യം കാണാതിരുന്നുകൂടാ.
കല്ലറസുകുമാരന്‍ സാറിന്റെ നിര്യാണത്തിനുശേഷം ഒരു പുതിയ ഉണര്‍വ്വ് വികസിച്ചുവന്നത് സി. കെ. ജാനുവിന്റെയും ഗീതാനന്ദന്റെയും മുന്‍കയ്യില്‍ വികസിതമായ ആദിവാസിദളിത് സമരസമിതിയുടെ പ്രവര്‍ത്തനങ്ങളുടെ ഘട്ടത്തിലായിരുന്നു. സണ്ണി എം. കപിക്കാട്, എം. ഡി. തോമസ്, ശ്രീരാമന്‍ കൊയ്യോന്‍, സെപ്ന്‍സര്‍ മാര്‍ക്കസ്, ബോബന്‍ദ്രാവിഡ, സൂര്യന്‍ അടിമാലി, ഷൈന്‍ കൈതാരം, എം. കെ. നാരായണന്‍ പൂച്ചപ്ര ഉത്തമന്‍ പത്തനംതിട്ട അടക്കം ഞാനുള്‍പ്പെടുന്നവര്‍ അതില്‍ നേതൃത്വപരമായ പങ്കുവഹിക്കുകയുണ്ടായി. അതില്‍ ഞാന്‍ പ്രതിപാദിക്കാനാഗ്രഹിക്കുന്നത് രണ്ടായിരത്തിലെ തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിലെ കുടില്‍ കെട്ടുസമരമാണ്. കുടില്‍കെട്ടു സമരത്തിന്റെ എത്രയോ മുമ്പു മുതല്‍ ഞങ്ങള്‍ നിരവധി സമരങ്ങള്‍ക്ക് ഐക്യപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു. കുടില്‍കെട്ടു സമരം തീരുമാനിക്കുന്നതു തന്നെയും ഒരു ദളിത് പഠനക്യാമ്പില്‍ വച്ചായിരുന്നു. ആ സമരം തുടങ്ങിയ അന്നുമുതല്‍ ഞാന്‍ പങ്കെടുക്കുകയുണ്ടായി. പ്രസ്തുത സമരം ഉദ്ഘാടനം ചെയ്തത് BSP നേതാവ് പി. കെ. രാജന്‍ ആയിരുന്നു. സമരത്തിന്റെ സ്വഭാവത്തെക്കുറിച്ച് ആന്റണി ഗവണ്‍മെന്റിന് വ്യക്തമായ ഒരു ചിത്രം ലഭിച്ചിരുന്നില്ല. ക്ലിഫ് ഹൗസിനു സമീപം ആയിരുന്നു ആദ്യത്തെ കുടില്‍ കെട്ടിയിരുന്നത്. പിന്നീടാണ് സെക്രട്ടറിയേറ്റിനു മുന്നിലേയ്ക്ക് കുടിലുകള്‍ വ്യാപകമാക്കുന്നത്. സമരത്തിന്റെ നോട്ടീസ് മുഖ്യമന്ത്രിയ്ക്ക് നല്‍കുന്നതിന്റെ മുന്നോടിയായി ക്ലിഫ്ഹൗസില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച് സംസാരിക്കുവാന്‍ നിയോഗിക്കപ്പെട്ടത് എന്നെയും ഒരു എല്‍.ഐ. സി. ഉദ്യോഗസ്ഥനേയും ആയിരുന്നു. പ്രസ്തുത സമരത്തിന്റെ ചരിത്രപ്രാധാന്യം അന്നത്തെ മുഖ്യമന്ത്രിയെ ധരിപ്പിക്കാന്‍ എനിക്കു സാധിച്ചു. കേരളത്തില്‍ വിതരണസാധ്യതയുള്ള ഭൂമിയുടെ ഏകദേശ കണക്കുകള്‍ അദ്ദേഹത്തോടു സംസാരിച്ചു. തീവ്രസ്വഭാവുമുള്ള ഒരു സമരമല്ലെന്നും തികച്ചും ജനാധിപത്യപരമായി പ്രസ്തുത സമരത്തെ കാണണമെന്നും അഭ്യര്‍ത്ഥിച്ചു. ആദിവാസി ഭൂമിപ്രശ്‌നത്തിന്റെ പരിഹാരങ്ങള്‍ക്കുള്ള ഒരു നല്ല തുടര്‍ച്ചയായി ഇതിനെ കാണണം എന്നും പറഞ്ഞു. പ്രസ്തുത സമരത്തിന്റെ മുന്നോട്ടുള്ള വികാസത്തിനു ആ ആമുഖ ചര്‍ച്ച പ്രയോജനകരമായി എന്നു തന്നെയാണ് സമരത്തിന് തുടര്‍ന്നുണ്ടായ ഭരണകൂട സമീപനത്തില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത്. മാത്രവുമല്ല ഗൗരി അമ്മയ്ക്കും കുഞ്ഞാലിക്കുട്ടിയ്ക്കും സമരം ആദിവാസികള്‍ക്ക് അനുകൂലമായി അവസാനിപ്പിക്കണം എന്ന് പ്രത്യേക താല്പര്യവും ഉണ്ടായിരുന്നു. പി.ഡി ജോസിന്റെ ബന്ധങ്ങളും പി.ടി. തോമസ് എം. എല്‍.എ അടക്കമുള്ളവരുടെയും സാംസ്‌കാര കേരളത്തിന്റെയും അനുകൂല അഭിപ്രായങ്ങളും ഈ സമരത്തിന് സഹായകമായതായി ഞാന്‍ കരുതുന്നു.
കുടില്‍ കെട്ടു സമരത്തിന്റെ വിജയം അതിന്റെ ഭാവിയെ ഏതു തരത്തില്‍ മുന്നോട്ടുകൊണ്ടുപോകണം എന്നതിനെ സംബന്ധിച്ചുള്ളതായിരുന്നു തുടര്‍ന്ന് വന്നത്. തിരുവനന്തപുരത്തുവച്ചു കൂട്ടിയ പ്രധാനനേതാക്കളുടെ കമ്മറ്റിയില്‍ സണ്ണി എം. കപിക്കാടും ഞാനും രണ്ടു നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുകയുണ്ടായി. കല്ലറസുകുമാരനു ശേഷം കേരളത്തിന്റെ അടിത്തട്ടില്‍ ഒരു ചലനം നിര്‍മ്മിയ്ക്കാന്‍ നമുക്കു കഴിഞ്ഞിരിക്കുന്നു. അതിനെ കൂടുതല്‍ വിപുലപ്പെടുത്തേണ്ടതുണ്ട്. സി. കെ. ജാനുവിനെ കേരള നിയമസഭയില്‍ കൊണ്ടുവരിക എന്ന ശ്രമത്തിലേയ്ക്കാണ് നമുക്ക് ഈ മാറ്റത്തെ വളര്‍ത്തേണ്ടത് എന്നതായിരുന്നു സണ്ണി എം. കപിക്കാടിന്റെ അഭിപ്രായം. ബഹുജന്‍ രാഷ്ട്രീയത്തോട് കാര്യമായ യോജിപ്പില്ലാതിരുന്ന ഒരു കമ്മറ്റിയായിരുന്നു അത് എങ്കിലും ഞാന്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശം സണ്ണി എം. കപിക്കാടിന്റെ അഭിപ്രായത്തിനോട് അനുബന്ധപ്പെട്ടതായിരുന്നു. കാന്‍ഷിറാമിനെ പങ്കെടുപ്പിക്കുന്ന ഒരു വലിയ കൂട്ടായ്മയായി ഇതിനെ മാറ്റിത്തീര്‍ക്കേണ്ടതുണ്ട് എന്നും അത്തരത്തില്‍ ദേശീയമായ ഒരു യൂണിറ്റിയിലേയ്ക്ക് ആദിവാസി ദളിത് ഐക്യത്തെ വികസിപ്പിക്കണമെന്നും ഞാന്‍ അഭിപ്രായപ്പെട്ടു. എന്തായാലും ഈ രണ്ടു നിര്‍ദ്ദേശങ്ങളും സ്വീകരിക്കപ്പെട്ടില്ല എന്നുമാത്രമല്ല ‘മുത്തങ്ങ’സംഭവത്തോടുകൂടി മറ്റൊരു അന്തരീക്ഷം കേരളത്തില്‍ രൂപം കൊള്ളുകയും ചെയ്തു. അയ്യന്‍കാളി, പൊയ്കയില്‍ അപ്പച്ചന്‍, ജോണ്‍ ജോസഫ് പാമ്പാടി തുടങ്ങിയവര്‍ക്കു ശേഷം സ്വാതന്ത്ര്യാനന്തര കേരളത്തിലെ ദളിത് സാമൂഹിക രൂപീകരണങ്ങളുടെ മൂന്നുമുഹൂര്‍ത്തങ്ങളും പാര്‍ലമെന്ററി അധികാര പ്രവേശനമായി വിജയിപ്പിക്കുവാന്‍ സാധിച്ചില്ല എന്നതാണ് നമ്മള്‍ മനസ്സിലാക്കേണ്ടുന്നവസ്തുത. വി.ഡി. ജോണിന്റെ മുന്‍കയ്യില്‍ വികാസംനേടിയ പ്രസ്ഥാനത്തിനും (BCCF) മുന്നണി പ്രവേശം ലഭ്യമായിട്ടും നിയമസഭയില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല. കല്ലറസുകുമാരന്‍ സാറിന്റെയും പോള്‍ ചിറക്കരോടിന്റെയും മുന്‍കൈപ്രവര്‍ത്തനങ്ങളെ കേരളരാഷ്ട്രീയം തിരസ്‌കരിച്ച് നിശബ്ദമാക്കുകയായിരുന്നു. എന്നാല്‍ ആദിവാസിദളിത് സമരസമിതിയും ഗോത്രമഹാസഭയും വിശാലമായ ഒരു അടിത്തറ നിര്‍മ്മിച്ചുവെങ്കിലും വലിയ പിന്തുണ ലഭിച്ചുവെങ്കിലും കേരളത്തിലെ വോട്ടിംഗ് രാഷ്ട്രീയത്തെ സ്വാധീനിക്കും വിധം വിപുലപ്പെടുന്നതില്‍ നിന്ന് അത് സ്വയം നിരസിച്ച പാതകളിലൂടെ സഞ്ചരിക്കുക മൂലം കേവല സമരപ്രസ്ഥാനമായി അത് അധഃപതിക്കുകയായിരുന്നു.
ആദിവാസികള്‍ക്കും ദളിതര്‍ക്കും നേരെ നിറയൊഴിയ്ക്കാം എന്ന വിധത്തില്‍ ഭരണകൂടത്തിന് അവസരം കൊടുക്കുന്ന സമീപനം മുത്തങ്ങയോടെ സംഭവിച്ചു. അതിനിടയില്‍ മാധ്യമങ്ങള്‍ക്ക് വീണുകിട്ടിയ ഒരവസരമായിരുന്നു ഡി.എച്ച്.ആര്‍.എം. ന്റെ വര്‍ക്കല സംഭവം. ദളിത് ഭീകരവാദം എന്ന വാക്ക് മലയാള പത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിന് പ്രത്യേകം താല്പര്യമെടുത്തത് ഈ ഘട്ടത്തിലാണ്. എങ്കിലും അത് തുടരുന്നതിന് അസാധ്യമാകും വിധത്തില്‍ ദളിത് വിഷയങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ടുതന്നെ ശക്തമായ പ്രതികരണം നടത്തുവാന്‍ ദളിത് എഴുത്തുകാര്‍ക്കും മനുഷ്യാവകാശ സമൂഹത്തിനും സാധിച്ചു. അതേസമയം വിപുലവും കേന്ദ്രീകൃതവുമായ സാമൂഹിക രൂപീകരണങ്ങളില്‍ നിന്നും പിന്നോട്ടുപോക്കു സംഭവിക്കുകയും ചെയ്യുന്ന കേരളമായിരുന്നു തുടര്‍ന്നു സംഭവിച്ചത്. ഇതിന് പ്രധാനമായും നാലുകാരണങ്ങള്‍ എങ്കിലും കണ്ടെത്താന്‍ കഴിയും മുത്തങ്ങാ വെടിവയ്പ്പും ഡി. എച്ച് ആര്‍. എം.ന് എതിരെയുമുള്ള ഭരണകൂട ആക്രമങ്ങളും ദളിത് പ്രവര്‍ത്തനങ്ങള്‍ക്കുമേല്‍ ഭരണകൂട ഭീതിസൃഷ്ടിയ്ക്കുകയുണ്ടായി. ചെങ്ങറഭൂമി സമരം അടക്കുമുള്ളവയ്ക്ക് ജനതയെ ഒന്നടങ്കം ചലിപ്പിയ്ക്കാനാവാത്തവിധം സംഭവിച്ച നേതൃത്വങ്ങളുടെ അനൈക്യവും ബി.എസ്. പി. പ്രസ്ഥാനത്തിന്റെ മരവിപ്പും കേരളത്തിനു അനുയോജ്യമല്ലാത്ത അതിന്റെ പ്രവര്‍ത്തന രീതികളും വിപുലമായ മുന്നേറ്റങ്ങളില്‍ നിന്നും ദളിതരെ നിശബ്ദരാക്കി. ഈ നിശബ്ദതയെ മുതലെടുക്കുവാന്‍ ഹിന്ദുത്വയ്ക്കു കഴിഞ്ഞു എന്നുള്ളതാണ് കേരളത്തില്‍ സംഭവിച്ച രാഷ്ട്രീയ അധഃപതനം. ഹിന്ദുത്വയ്ക്ക് ദളിതരെയും ആദിവാസികളെയും ഭിന്നിപ്പിക്കുന്നതിനും (ദളിത്ആദിവാസി എന്നത് രണ്ടു സംവര്‍ഗങ്ങളാണ് എന്ന ധാരണ പ്രചരിപ്പിക്കുന്നതില്‍ ഹിന്ദുത്വം വിജയിച്ചു. പട്ടികജാതിവര്‍ക്ഷ വിഭാഗക്കാര്‍ സഹോദരങ്ങളും രക്തബന്ധുക്കളുമാണെന്ന കല്ലറസുകുമാരന്‍ സാര്‍ അടക്കമുള്ളവരുടെ നിരക്ഷണങ്ങളെയാണ് ഹിന്ദുത്വ പ്രതിവിപ്ലവം കൊണ്ട് പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഒ.ബി.സി. സമൂഹങ്ങളെ തമ്മില്‍ വിഭജിക്കുകമാത്രമല്ല ഈഴവരെത്തന്നെയും വിഭജിക്കുകയുണ്ടായി. ദളിതരെയും ക്രൈസ്തവ ദളിതരെയും വിഭജിക്കുകമാത്രമല്ല (അതിനായി ഉപയോഗിച്ചത് രംഗനാഥമിശ്ര കമ്മീഷന്‍ ശുപാര്‍ശകളായിരുന്നു) പുലയരെ തമ്മില്‍ത്തന്നെയും വി’ജിക്കുന്നതിന് ഹിന്ദുത്വയ്ക്കു സാധിച്ചു. ഇടതു, വലതു മുന്നണികളുടെ പ്രവര്‍ത്തനങ്ങളില്‍ കെ.പി. എം. എസ് നേതൃത്വം ഉണ്ടായിരുന്നെങ്കിലും പരസ്പരം വിഭജിക്കുന്നതിന് അവര്‍ക്കു കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഹിന്ദുത്വയാകട്ടെ പുലയരെ പരസ്പരം പിളര്‍ത്തിക്കളയുകയും തെരുവില്‍ തമ്മിലടിപ്പിച്ച് ചോരവീഴ്ത്തിയ്ക്കുകയുമുണ്ടായി. സി.കെ. ജാനുവിനെയും ഗീതാനന്ദനെയും തമ്മില്‍ വിഭജിപ്പിച്ചു എന്നതാണ് ഒടുവിലത്തെ ഉദാഹരണം.
ഓരോ പ്രസ്ഥാനങ്ങളോടും ചേര്‍ന്നുനിന്ന് ഐക്യപ്പെടുകയും (അത് സംവരീണയ സമൂഹങ്ങളോടാകാം, ന്യൂനപക്ഷപ്രസ്ഥാനങ്ങളോടെ, ഭൂരഹിതരുടെ പ്രസ്ഥാനങ്ങളോടോ പിന്നോക്ക വിഭാഗങ്ങളോടോ, ആനന്ദ തീര്‍ത്ഥന്‍ തുടങ്ങിയ നവോത്ഥാന നായകന്‍മാര്‍ക്കു വേണ്ടിയാകാം അവരോടൊക്കെയും ഐക്യപ്പെടുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം) ശബ്ദമുയര്‍ത്തുകയും ചെയ്തു കല്ലറസാറ്. ആദിവാസി ഭൂമിപ്രശ്‌നം നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ ഡോക്ടര്‍ നല്ലതമ്പി തേരയും സഹപ്രവര്‍ത്തകരും നടത്തിയ ശ്രമത്തെ നമുക്ക് മറക്കാനാവില്ല. കെ. കെ. സുരേന്ദ്രനെപ്പോലുള്ള ഉയര്‍ന്ന വ്യക്തിത്വങ്ങള്‍ ഇത് ചൂണ്ടിക്കാണിച്ചിട്ടുള്ള കാര്യമാണ് (ഇന്ന് ദളിതരെയും ആദിവാസികളെയും ഭിന്നിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ ഇത്തരം യാഥാര്‍ത്ഥ്യങ്ങളെയാണ് കുഴിച്ചുമൂടാന്‍ ശ്രമിക്കുന്നത്). ആദിവാസി ഭൂമിപ്രശ്‌നം മുഖ്യമായ ചര്‍ച്ചയിലേയ്ക്ക് കൊണ്ടുവരുന്നതില്‍ കല്ലറസാര്‍ വയനാട്ടില്‍ നിന്നും സെക്രട്ടറിയേറ്റിലേയ്ക്കു നടത്തിയ ജാഥ കേരളത്തില്‍ അതിനുമുമ്പു സംഭവിക്കാത്ത ഒന്നായിരുന്നു. (കല്ലറ സുകുമാരന്‍സാറ് നമ്മെ പഠിപ്പിച്ചതെന്താണെന്നു നമുക്കറിയാം. ചാതുര്‍വണ്യജാതിവ്യവസ്ഥയുടെ ഘട്ടത്തില്‍ അതിനോട് എതിര്‍ത്ത ഒരു വിഭാഗം തദ്ദേശീയര്‍ കൊടും വനത്തിനുള്ളില്‍ അഭയം തേടിയപ്പോള്‍ മറ്റൊരു വിഭാഗം സമതലങ്ങളില്‍ അടിമയാക്കപ്പെടുകയായിരുന്നു. വനത്തിനുള്ളില്‍ അഭയം തേടിയവര്‍ ആദിവാസികളായിട്ട് അറിയപ്പെട്ടപ്പോള്‍ സമതലങ്ങളില്‍ അടിമകളാക്കപ്പെട്ടവര്‍ അയിത്ത ജാതികളെന്നു വിളിക്കപ്പെട്ടു. എന്നാല്‍ ഇത്തരം ധാരണകളെയാണ് ഇന്ന് പലരും തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്).
തൊണ്ണൂറുകളില്‍ കല്ലറസാറിന്റെയും മറ്റും മുന്‍കയ്യില്‍ നടന്ന ബദല്‍ സംസ്‌കാരിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് നമ്മള്‍ ഓര്‍ക്കേണ്ടതായുണ്ട്. തിരുവോണദിവസത്തെ ദുഃഖദിനമായികണ്ടുകൊണ്ട് മഹാബലി എന്ന തങ്ങളുടെ പൂര്‍വ്വപിതാവിന്റെ അരുംകൊലയില്‍ ദുഃഖത്തോടെ പങ്കെടുത്തബഹുജന പ്രവര്‍ത്തകര്‍ അക്കാലത്ത് രൂപം കൊള്ളുകയുണ്ടായി. എന്റെ നാടായ ചെറുതോണിയില്‍ അത്തരം കൂടിച്ചേരല്‍ നടന്നിട്ടുണ്ട്. എന്നാല്‍ ഇരുപത്തഞ്ചുവര്‍ഷം മുമ്പു ദളിത്ബഹുജനങ്ങള്‍ നടത്തിയ ശ്രമത്തെ പരിഹസിക്കുകയൊ അവഗണിക്കുകയൊ ചെയ്തിരുന്ന നമ്മുടെ കപടമതേതര പുരോഗമന വാദികളുടെ യഥാര്‍ത്ഥമായ ഉള്ളിലിരുപ്പ് എന്താണെന്ന് നമ്മളിന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ്. ഫാസിസത്തെ എതിര്‍ക്കുന്നു എന്ന് പറയുന്ന പലരും ബ്രാഹ്മണിക് ഫാസിസത്തെ സംരക്ഷിച്ചുവരികയായിരുന്നു. അടിസ്ഥാന ജനത ഉയര്‍ത്തിയ വരേണ്യവിമര്‍ശനങ്ങളെ തിരസ്‌കരിച്ചവരും എതിര്‍ത്തവരും ഇന്ന് ഫാസിസ്റ്റ് വിരുദ്ധതയുടെ സംരക്ഷകരാവുന്നത് തികച്ചും കാപട്യം നിറഞ്ഞതും താല്‍ക്കാലികവുമായതാണെന്ന് നമുക്കറിവുള്ളതാണല്ലൊ. എന്നാല്‍ ഇരുപത്തഞ്ചു വര്‍ഷത്തിനുശേഷം 2016ലെ ഓണനാളില്‍ നമ്മള്‍ കേള്‍ക്കുകയുണ്ടായി. തിരുവോണം മാവേലിയുടെ മടങ്ങിവരവ് അല്ല മറിച്ച് വാമനന്റെ ജയന്തിയായി ആഘോഷിക്കണം എന്നൊക്കെ ചിലര്‍ പറയുന്നത്. ഇതിലൂടെ നമ്മള്‍ മനസ്സിലാക്കുന്നത് ഇരുപത്തഞ്ചു വര്‍ഷം മുന്നില്‍ സഞ്ചരിക്കുവാന്‍ കല്ലറ സുകുമാരന്‍ പ്രസ്ഥാനത്തിനും ദളിത് പ്രസ്ഥാനത്തിനും കഴിഞ്ഞിരുന്നു എന്നാണ്. എന്നാല്‍ നമ്മുടെ മതേതരപുരോഗമന പ്രസ്ഥാനങ്ങള്‍ എന്നറിയപ്പെടുന്നവര്‍ എത്രമാത്രം പുറകിലാണ് സഞ്ചരിക്കുന്നത് എന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നതേയുള്ളൂ. അപ്പോഴും എല്ലാറ്റിന്റെയും സംരക്ഷകരാകാനുള്ള ഇവരുടെ കപട ശ്രമം ഇവര്‍ കയ്യൊഴിയുന്നില്ല ഇതിലൂടെ ഇവരുടെ അധികാര ത്വരയാണ് ഇപ്പോഴും വിചിത്രമായി തോന്നുന്നത്.
ദളിതരെ സംബന്ധിച്ചിടത്തോളം ഒരു വിപുലമായ ഏകീകരണം എങ്ങനെ സാധ്യമാക്കാം എന്നതിന്റെ ചോദ്യം കല്ലറ സുകുമാരന്‍ സാറും അഭിമുഖീകരിച്ചിരുന്നു എന്നാണ് ഞാന്‍ മനസ്സലാക്കുന്നത്. നാലു ചരിത്ര മുഹൂര്‍ത്തങ്ങളാണ് നമ്മേ സംബന്ധിച്ചിടത്തോളം കടന്നുപോയിട്ടുള്ളത്. അയ്യന്‍കാളിഅപ്പച്ചന്‍പാമ്പാടി കാലഘട്ടത്തിലും നമുക്ക് ഒരു സമുദായമായി പരിവര്‍ത്തനപ്പെടാന്‍ കഴിഞ്ഞില്ല. ഇതിന്റെ പ്രശ്‌നം ഒരു പക്ഷെ ‘സാമുദായീകരണം’ എന്ന നിലയില്‍ കല്ലറസുകുമാരന്‍ സാറും ഈ ലക്ഷ്യങ്ങളെ എങ്ങനെ പ്രാവര്‍ത്തകമാക്കാം എന്നതിനെ സംബന്ധിച്ച ചില പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചിരുന്നു എന്നു തന്നെയാണ്. ഡോ. ബി. ആര്‍. അംബേദ്കറിന്റെ പ്രവര്‍ത്തനത്തിന്റെ അവസാനത്തെ കാലഘട്ടം തന്നെയാണ് ഇവിടെ നമുക്ക് ഉദാഹരണമായി മുമ്പിലുള്ളത്. അദ്ദേഹം ആര്‍.പി. ഐയുടെ പ്രവര്‍ത്തനം തൊഴിലാളികള്‍ക്കിടയില്‍ സജീവമാക്കി നിര്‍ത്തിയ ഘട്ടത്തില്‍തന്നെയാണ് നാഷണല്‍ എസ്. സി. എസ്.ടി ഫെഡറേഷനും നിലനിര്‍ത്തിയതും അതു വിപുലപ്പെടുത്തുവാന്‍ ഇതര നേതൃത്വങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തത്. അതോടൊപ്പം മതപരമായി ബുദ്ധമത്തെ കേന്ദ്രഘടകമാക്കി നിലനിര്‍ത്തുകയും ചെയ്തു ഡോ. ബി. ആര്‍. അംബേദ്കര്‍.
ഇതേ പ്രശ്‌നം തന്നെയായിരുന്നു ബി.എസ്. പിയില്‍ അംഗമാകുമ്പോള്‍ ഐ. ഡി.എഫ് അനുഭവിച്ച പ്രശ്‌നം. ഒരു സാമുദായിക പ്രസ്ഥാനമെന്ന നിലയില്‍ ഐ. ഡി. എഫിനെ നിലനിര്‍ത്താനും ബഹുജന രാഷ്ട്രീയത്തിന്റെ ഭാഗമായി ഐക്യപ്പെടാനുമുള്ള ശ്രമം ഒരു പക്ഷെ ആ നിലയ്ക്ക് ചര്‍ച്ചചെയ്യപ്പെട്ടില്ല. കെ. കെ. കൊച്ചിന്റെയും കെ.എം. സലിം കുമാറിന്റെയും മുന്‍കയ്യില്‍ ‘ദളിത് സാമുദായികരണം’ എന്ന ആശയത്തിന്റെ തുടക്കകാലം ആയിരുന്നു അത്. അതുകൊണ്ടുതന്നെയും ഇതര സമുദായങ്ങളോട് ബി.എസ്. പി. പുലര്‍ത്തിയ സാമുദായിക സൗഹാര്‍ദ്ദമല്ല ദളിതരോട് പുലര്‍ത്തി വന്നിരുന്നത്. ദളിതര്‍ക്ക് ദേശീയമായിത്തന്നെ രണ്ടു പ്രക്രിയകള്‍ അനിവാര്യമായിരുന്നു. ഒന്നാമത്തേത് സാമുദായികരണം ആകുന്നു. ഉപജാതികളെനിര്‍ജ്ജീവപ്പെടുത്തിക്കൊണ്ടുള്ള ഐക്യത്തിന് അത് കൂടുതല്‍ ചലനം സൃഷ്ടിക്കുമായിരുന്നു. രണ്ടാമത്തേതാകട്ടെ അവരുടെ രാഷ്ട്രീയാധികാരത്തിന്റെ പ്രാധാന്യവുമായി ബന്ധപ്പെട്ടതാണ്. ബി.എസ്. പി. ദളിതരുടെ രാഷ്ട്രീയാധികാരത്തെക്കുറിച്ചു സംസാരിച്ചപ്പോഴും സാമുദായീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നില്ല. പിന്നോക്കവിഭാഗങ്ങളും മുസ്ലിം ന്യൂനപക്ഷങ്ങളും ഇതരവിഭാഗങ്ങളെപ്പോലെ സാമുദായികമായി ഏകീകരിക്കപ്പെട്ട കേരളത്തിലും സമാനദേശങ്ങളിലും ദളിതര്‍ക്ക് ബി.എസ്. പിയുടെ ഭാഗമാകുന്നതില്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നു. ദളിതരുടെ സാമുദായീകരണം ദേശീയതലത്തില്‍ ഇന്നും ബി. എസ്. പി. ഒരു ചോദ്യമായി ഉയര്‍ത്തിക്കൊണ്ടുവന്നിട്ടില്ല. കേരളത്തില്‍ ഐ.ഡി. എഫും ബി. എസ്. പിയും തമ്മിലുള്ള അഭിപ്രായഭിന്നതയ്ക്കു കാരണമായതും ഇത്തരത്തില്‍ ദളിത് സാമുദായികതയോടുള്ള അവ്യക്തതയുമായി ബന്ധപ്പെട്ടതായിരുന്നു. മാത്രവുമല്ല കെ. പി. എം. എസ്. കെ. സി. എസ്. പി. ആര്‍. ഡി. എന്ന് ഹരിജന്‍ സമാജം, ആദിവാസി പ്രസ്ഥാനങ്ങള്‍, കൈസ്ത്രവ ദളിത് പ്രസ്ഥാനങ്ങള്‍ എന്നിവയുമായും രക്തബന്ധം നിര്‍മ്മിക്കുന്നതില്‍ ബി. എസ്. പി. ആശയപരമായി അവ്യക്തത പുലര്‍ത്തി. അത് ഇന്നും തുടരുന്നു. അതുകൊണ്ടുതന്നെയും സാമുദായികത എന്ന പക്രിയ സംജാതമാകാതിരിക്കുകയും ഇതിന്റെ സ്ഥാനം ഉപജാതികള്‍ കയ്യടക്കുകയും ചെയ്തു. ഈ ഉപജാതികളാകട്ടെ ദളിതരെ ഒരു ഏകീകൃത സമുദായമാകുന്നതില്‍ നിന്നും അകല്‍ച്ച പാലിക്കുകയും ചെയ്തു വന്നു. സ്ഥാപനവല്കരണത്തിലേയ്ക്കും മതപരമായ ഏകീകരണത്തിലേയ്ക്കും നയിക്കുവാന്‍ സാധ്യമാകാതിരിക്കുകയും ചെയ്ത ദളിതരെ ഐക്യപ്പെടുത്തുവാന്‍ ദേശീയമായി മാത്രമല്ല പ്രാദേശികമായും കഴിയാതെ വരികയും ചെയ്തുവന്നു.
ഒരേ സമയത്ത് സമുദായവും അതേസമയം സ്വതന്ത്രരാഷ്ട്രീയ അസ്തിത്വവും പുലര്‍ത്തുന്ന സമൂഹങ്ങളാണ് കേരളത്തിലും ഇന്ത്യയിലും ഉള്ളത്. ഒരു പക്ഷെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പലപ്പോഴും സമുദായത്തെ കാണുന്നില്ല എന്നു പറയാറുണ്ട്. എന്നാല്‍ ഈ വാദം തെറ്റായിരുന്നു എന്നു വ്യക്തമാക്കുന്ന നിരവധി സന്ദര്‍’ങ്ങള്‍ നമുക്കു മുന്നിലുണ്ട്. ഇടുക്കി ജില്ലയിലെ പാര്‍ലമെന്റ് അംഗം തന്നെയായ നമ്മുടെ എം. പി.യെ നോക്കുക. കസ്തൂരിരംഗന്‍ വിഷയവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഒരു കര്‍ഷക സമിതിയില്‍ നിന്നാണ് ഇടതുപക്ഷ സ്വതന്ത്രനായ ഇടുക്കി എം. പി. ഉണ്ടാകുന്നത്. എന്നാല്‍ സ്വതന്ത്രനായ ഒരു രാഷ്ട്രീയവ്യക്തിത്വം മാത്രമല്ല, മറിച്ച് ക്രൈസ്തവ പുരോഹിതരുടെയും സമുദായത്തിന്റെയും പിന്തുണകൂടി അദ്ദേഹത്തിനു ലഭിക്കുന്നു എന്ന കാര്യം കാണാതിരുന്നുകൂടാ. (പരിസ്ഥിതി സംരക്ഷണം ഏറ്റെടുക്കേണ്ട പുരോഗമനവാദികളാണ് പരിസ്ഥിതി വിരുദ്ധമായ ഈ കര്‍ഷകസമിതിക്ക് ഒപ്പം നില്‍ക്കുന്നത് എന്ന ഒരു വിചിത്ര സ്വഭാവവും ഇതിലുണ്ട്. ഇക്കാര്യത്തില്‍ ശാസ്ത്രസാഹിത്യ പരിഷത്തിനുപോലും നിശബ്ദമാകേണ്ടി വരികയും ചെയ്തു). ഇന്ത്യയുടെയും കേരളത്തിന്റെയും ഈ രാഷ്ട്രീയ സവിശേഷതയെ മൂടിവയ്ക്കുകയാണ് പത്രമാധ്യമങ്ങള്‍ ചെയ്തുവന്നിരുന്നത്. എന്നാല്‍ ബി.എസ്. പിയടക്കം ദളിത്പിന്നോക്ക പ്രസ്ഥാനങ്ങളുടെ വികാസത്തില്‍ അതൃപ്തരായ വരേണ്യമാധ്യമം നിര്‍മ്മിച്ച പ്രയോഗമായിരുന്നു ‘ജാതിരാഷ്ട്രീയം’ എന്നത്. ഇന്ത്യന്‍ വരേണ്യത സംരക്ഷിക്കപ്പെടുന്നത് ഇത്തരത്തില്‍ അടിത്തട്ടിനുമേല്‍ തെറ്റായ പ്രചരണങ്ങള്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടുമാണ്. അംബേദ്കറിനെ ദളിതരുടെ മാത്രം നേതാവാക്കുന്നതിനു പിന്നിലും ഇത്തരം വരേണ്യ താല്പര്യങ്ങളാണുള്ളത്. ഒരേ സമയം ദൃശ്യപരമായും അദൃശ്യപരമായും പ്രബല സമുദായങ്ങളുടെ ചിട്ടപ്പെടല്‍ നവോത്ഥാനാന്തരം കേരളത്തില്‍ സംഭവിച്ചു. അതിനെ അവഗണിച്ചുകൊണ്ട് ഒരു സമൂഹത്തിനും മുന്നോട്ടുപോകുവാന്‍ സാധ്യമല്ല. തൊണ്ണൂറ്റിയഞ്ചില്‍ മായാവതിയുടെ ആദ്യഗവണ്‍മെന്റ് ഉത്തര്‍പ്രദേശില്‍ അധികാരത്തില്‍ എത്തിയപ്പോഴും അന്ന് യു.പി.യില്‍ നടന്ന പെരിയാര്‍ മേളയില്‍ (ഇ. വി. രാമസ്വാമിപെരിയോര്‍ മേള) പങ്കെടുത്ത ഞങ്ങള്‍ക്കു കാണാന്‍ സാധിച്ചിരുന്നത് ബുദ്ധമതത്തില്‍പ്പെട്ടവര്‍ക്കും മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കും ആരാധന നടത്തുവാന്‍ ആ ഗവണ്‍മെന്റ് സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു എന്ന കാഴ്ചയാണ്. മതേതരമായ കേരളത്തില്‍ ഇന്നും ചിന്തിക്കാനാവാത്ത കാഴ്ചയായിരുന്നു അത്. അപ്പോള്‍ ബഹുജന്‍ ആശയത്തിന് ഇന്നും മങ്ങലേറ്റിട്ടില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
കല്ലറസുകുമാരന്‍ സാറിന്റെ മുന്‍കയ്യിലെ പ്രവര്‍ത്തനങ്ങളില്‍ ദളിത് സമുദായത്തിന്റെ ശക്തമായ അടിത്തറ നിര്‍മ്മിതമായിരുന്നു എന്നത് വ്യക്തമായും നമുക്ക് നിരീക്ഷിക്കാന്‍ കഴിയും. മതപരിവര്‍ത്തിതരായ ദളിതരും അല്ലാത്തവരും തമ്മില്‍ സാമുദായിക ഭിന്നതയുണ്ടായിരുന്നില്ല. പി.ആര്‍. ഡി.എസ് സമ്മേളനങ്ങളില്‍ നിത്യക്ഷണിതാവായിരുന്നു കല്ലറ സാറ്. പി.ആര്‍. ഡി. എസിന്റെ സാമുദായിക ചിന്തകളില്‍ കല്ലറ സാറിന്റെ ദര്‍ശനങ്ങള്‍ കൂടിയും ഉള്‍ക്കൊള്ളപ്പെട്ടിരുന്നു. സാംസ്‌കാരിക സമ്മേളനങ്ങളും ദളിതെഴുത്തും നിര്‍മ്മിച്ചെടുക്കുന്നതിനും അദ്ദേഹം മുന്‍കയ്യെടുത്തു. ഒരു സമുദായ നിര്‍മ്മിതിയുടെ ആന്തരിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങളിലേയ്ക്കുള്ള വലിയ ചലനങ്ങളായിരുന്നു അക്കാലത്ത് സംജാതമായിക്കൊണ്ടിരുന്നത്. അത് സാമ്പത്തികവും സാമൂഹ്യവും ആത്മീയവും ഒക്കെയായി പരസ്പരം കൊടുക്കല്‍ വാങ്ങല്‍ നടത്തുന്നതു കാണാം.
നമ്മള്‍ ഒരു ക്രൈസ്തവ പള്ളിയില്‍ ചെന്നാല്‍ അവിടെ ക്രിസ്തുവിനെയും വിശുദ്ധരെയും കാണാന്‍ കഴിയും. ഹിന്ദു ക്ഷേത്രത്തില്‍ ചെന്നാല്‍ നിരവധി ദൈവങ്ങളുടെ സമുച്ഛയം കാണുവാന്‍ കഴിയും. ദളിത് സമുദായത്തിനും ഇത്തരത്തില്‍ പൂര്‍വ്വ പിതാക്കന്മാരുടെയും ഗുരുക്കന്മാരുടെയും ഒരു സമാഹരണം ആവശ്യമാണ്. അത്തരം ചര്‍ച്ചകളിലൂടെ മാത്രമേ നമുക്ക് ഹിന്ദുത്വസവര്‍ണതയുടെ കടന്നാക്രമണങ്ങളെയും ആഗോളവത്കരണ സാമ്പത്തിക നയങ്ങളെയും പ്രതിരോധിയ്ക്കാന്‍ സാധിക്കുകയുള്ളൂ. മണ്ഡല്‍ കമ്മീഷന്റെയും ബാബറി മസ്ജിദിന്റെയും കാലഘട്ടത്തില്‍ ഉയര്‍ന്നുവന്ന ദളിത്പിന്നോക്കന്യൂനപക്ഷ ഐക്യത്തെക്കുറിച്ച് നമുക്കറിയാം. അവയ്ക്ക് എന്തു സംഭവിച്ചു എന്നു പരിശോധിയ്ക്കാന്‍ നാം ബാധ്യസ്ഥരാണ്. സമകാലിക ഇന്ത്യ കൂടുതല്‍ ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഇന്ന് വരേണ്യസമ്പന്നതയ്ക്കു മാത്രമാണ് സാമ്പത്തികമായ തുടര്‍ച്ച ലഭ്യമാകുന്നുള്ളൂ, പശുവിറച്ചിയുടെയും പശുത്തോലിന്റെയും പേരില്‍ കൊലചെയ്യപ്പെടാവുന്നവരായി ദളിതരും മുസ്ലിങ്ങളും ഭയത്തില്‍ ജീവിക്കേണ്ടുന്ന ഇന്ത്യ—യാണ് സംജാതമായിരിക്കുന്നത്. ഉനയിലെ ദളിത് പീഡനത്തില്‍ നമ്മള്‍ കണ്ടത് അതാണല്ലൊ. മഹാരാഷ്ട്രയിലെ ദേശസ്‌നേഹത്തിന്റെയും ദേശക്കൂറിന്റെയും ചോദ്യങ്ങള്‍ മുന്നില്‍വച്ചുകൊണ്ടാണ് ദളിതരുടെയും പിന്നോക്കരുടെയും ഐക്യത്തില്‍ നിന്നും മുസ്ലിങ്ങളെ പുറന്തള്ളുന്നതിനുള്ള ശ്രമങ്ങളില്‍ വരേണ്യത വിജയിച്ചുകൊണ്ടിരുന്നു. ഒരു ഘട്ടത്തില്‍ ഗുജറാത്തില്‍ മുസ്ലിങ്ങളെ അക്രമിക്കുന്നതിന് ഗോത്രങ്ങളെയും ദളിതരെയും ഉപോയഗിക്കുകയായിരുന്നു. തുടര്‍ന്ന് പിന്നോക്കരെയും ദളിതരെയും തമ്മില്‍ അകറ്റുകയായിരുന്നു ഖൈര്‍ലാഞ്ചിയില്‍ കണ്ടതും പിന്നോക്കരെ മുന്നില്‍ നിര്‍ത്തി ദളിതരെ വധിക്കുന്നതായിരുന്നു. പിന്നോക്കവിഭാഗങ്ങള്‍ക്ക് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിക്കിട്ടുവാന്‍ ദളിതര്‍ ഐക്യപ്പെട്ടത് മറവിയില്‍ നിറുത്താന്‍ വരേണ്യര്‍ക്കു സാധിച്ചു. ദളിതരുടെയും പിന്നോക്കരുടെയും ചരിത്രപരമായ ഐക്യത്തെയും മറവിയില്‍ നിര്‍ത്തുന്നതില്‍ അവര്‍ വിജയിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നിന്നും ആട്ടിയിറക്കാനുള്ള പ്രധാനകാരണമായിത്തീര്‍ന്നിരിക്കുന്നത് അംബേദ്കറുടെ പേരില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനമുണ്ടാക്കുന്നതാണ് എന്ന വിരോധാഭാസം കാണാതിരുന്നുകൂട. രോഹിത് വിമുലമാര്‍ ഇനിയും ഉണ്ടാകാന്‍ പാടില്ല.
നവോത്ഥാനത്തെയും ജനാധിപത്യത്തെയും പിന്നോട്ടുവലിക്കുന്ന ഇന്ത്യയാണ് ഇന്ന് നമുക്ക് മുന്നിലുള്ളത്. ഈ പതനാവസ്ഥയില്‍ നിന്നും മുന്നോട്ടുപോകേണ്ടത് നമ്മുടെ ബാധ്യതയാണ്. ‘പതനോത്ഥാനം’ എന്ന ആശയമാണ് നമ്മള്‍ മുന്നില്‍ നിര്‍ത്തേണ്ടത്. വൈവിധ്യമുള്ള ഒരു സമുദായമാണ് ദളിതരുതേട്. ബഹുസ്വരമായതും കലര്‍പ്പുള്ളതുമാണ് അത്. ദളിത് സ്ത്രീകള്‍ക്കിടയില്‍ നിന്നും ചിന്തകരുടെയും എഴുത്തുകാരുടെയും പുതിയൊരു നിര ഉയര്‍ന്നു വന്നിരിക്കുന്നതും ഏറെ ആശാവാഹമായ കാര്യമാണ്. സാമുദായീകരണത്തിലൂടെയും സര്‍ഗാത്മകജീവിതത്തിലൂടെയും രാഷ്ട്രീയാധികാരത്തിലേയ്ക്കും പ്രവേശിയ്ക്കാന്‍ കഴിയുന്ന ലക്ഷ്യത്തിലൂടെ മാത്രമേ നമുക്ക് ഇന്നത്തെ ഇന്ത്യനവസ്ഥയില്‍ നിന്നും മറികടക്കാന്‍ സാധിക്കൂ. കല്ലറ സുകുമാരന്‍സാറിന്റെ ശ്രമങ്ങള്‍ അതിനു മാതൃകയായിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വിശദമായ പഠനങ്ങളും പ്രായോഗികതയും തുടര്‍ച്ചയും കണ്ടെത്തേണ്ടതായുണ്ട്. അതിലേയ്ക്കായുള്ള പുതിയ ശ്രമങ്ങള്‍ ഉണ്ടാക്കുവാന്‍ നമുക്ക് കഴിയുമാറാകട്ടെ എന്നു പ്രത്യാശിക്കുന്നു.
ജയ് ഭീം

2016 ഒക്‌ടോബര്‍ 12 ന് പീരുമേട്ടില്‍ വച്ചു നടന്ന കല്ലറ സുകുമാരന്റെ 20ാം അനുസ്മരണ സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Dalit | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply