കറുത്ത ഫുട്‌ബോളിന്റെ ചരിത്രം

ഫുട്‌ബോളിലേക്ക്‌ നൈസര്‍ഗ്ഗികമായ പാഠങ്ങള്‍ കൊണ്ടുവന്ന ലാറ്റിനമേരിക്കയിലും അതിന്റെ വന്യമായ ചാരുത പ്രദര്‍ശിപ്പിച്ച ആഫ്രിക്കയിലും കളിക്കുവേണ്ടി കറുത്ത വര്‍ഗ്ഗക്കാര്‍ അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളാണ്‌ പത്രപ്രവര്‍ത്തകനായ എം.പി സുരേന്ദ്രന്‍ കറുപ്പും വെളുപ്പും കാല്‍പ്പന്തും എന്ന പുസ്‌തകത്തില്‍ വിശദീകരിക്കുന്നത്‌. അഥവാ ഇത്‌ കറുത്ത ഫുട്‌ബോളിന്റെ ചരിത്രം തന്നെ.   കറുപ്പിനെ വെളുത്തവര്‍ ഇരുട്ടിന്റെ സഹയാത്രികനാക്കുകയായിരുന്നു. രഹസ്യങ്ങളുടേയും ആഭിചാരങ്ങളുടേയും മരണം, പാപം, കുറ്റം, ദുരൂഹത തുടങ്ങിയവയെയും നാം കറുപ്പിനു ചാര്‍ത്തി കൊടുത്തു. എവിടേയും കറുപ്പിനെ വേട്ടയാടി. ഫുട്‌ബോളിലും. കളിക്കാരന്റെ നിറം നോക്കി ചേരിതിരിഞ്ഞ്‌ പരിഹസിക്കുന്ന […]

book cover

ഫുട്‌ബോളിലേക്ക്‌ നൈസര്‍ഗ്ഗികമായ പാഠങ്ങള്‍ കൊണ്ടുവന്ന ലാറ്റിനമേരിക്കയിലും അതിന്റെ വന്യമായ ചാരുത പ്രദര്‍ശിപ്പിച്ച ആഫ്രിക്കയിലും കളിക്കുവേണ്ടി കറുത്ത വര്‍ഗ്ഗക്കാര്‍ അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളാണ്‌ പത്രപ്രവര്‍ത്തകനായ എം.പി സുരേന്ദ്രന്‍ കറുപ്പും വെളുപ്പും കാല്‍പ്പന്തും എന്ന പുസ്‌തകത്തില്‍ വിശദീകരിക്കുന്നത്‌. അഥവാ ഇത്‌ കറുത്ത ഫുട്‌ബോളിന്റെ ചരിത്രം തന്നെ.  
കറുപ്പിനെ വെളുത്തവര്‍ ഇരുട്ടിന്റെ സഹയാത്രികനാക്കുകയായിരുന്നു. രഹസ്യങ്ങളുടേയും ആഭിചാരങ്ങളുടേയും മരണം, പാപം, കുറ്റം, ദുരൂഹത തുടങ്ങിയവയെയും നാം കറുപ്പിനു ചാര്‍ത്തി കൊടുത്തു. എവിടേയും കറുപ്പിനെ വേട്ടയാടി. ഫുട്‌ബോളിലും. കളിക്കാരന്റെ നിറം നോക്കി ചേരിതിരിഞ്ഞ്‌ പരിഹസിക്കുന്ന കാണിക്കൂട്ടങ്ങള്‍ ഇന്നുമുണ്ട്‌. ഇന്ന്‌ കളിക്കാര്‍ കളിക്കളത്തില്‍തന്നെ വര്‍ണ്ണഭേദത്തിനെതിരെ പ്രതിജ്‌ഞയെടുക്കുന്നു. എന്നാല്‍ അതിനായി ഒഴുകിയ രക്‌തമെത്ര? തകര്‍ന്ന ജീവിതങ്ങളെത്ര?
17ാം നൂറ്റാണ്ടിന്റെ അന്തിമഘട്ടത്തിലാണ്‌ ആഫ്രിക്കന്‍ ഭൂമിയില്‍നിന്ന്‌ കണ്ടെടുക്കാവുന്ന പ്രകൃതിവിഭവങ്ങളെ കുറിച്ച്‌ യൂറോപ്പ്‌ ബോധവാനാകുന്നത്‌. തുടര്‍ന്ന്‌ യൂറോപ്പ്‌ എല്ലാ ഭാഗങ്ങളില്‍ കൂടിയും ആഫ്രിക്കയെ പിടികൂടി. പകരം അവര്‍ക്ക്‌ നല്‍കിയ ഏക അനുഗ്രഹം ഫുട്‌ബോള്‍ ആയിരുന്നു. അത്‌ പിന്നീട്‌ ആഫ്രിക്കയുടെ ആനന്ദമായെന്ന്‌ സുരേന്ദ്രന്‍ ചൂണ്ടികാട്ടുന്നു.
കറുത്തവരുടെ ഫുട്‌ബോളില്‍ അതിജീവനത്തിന്റേയും തൃഷ്‌ണകളുടേയും ലോകമുണ്ടെന്ന്‌ ആദ്യം വിശ്വസിച്ചത്‌ ഉറുഗ്വെക്കാരായിരുന്നു. കറുപ്പില്‍ ചുരമാന്തുന്ന കാട്ടുപോത്തിന്റെ കരുത്തുണ്ടെന്ന്‌ അവര്‍ കരുതി. അവരാണ്‌ മറ്റു ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ എതിര്‍പ്പിനെ മറികടന്ന്‌ കറുത്ത കളിക്കാരെ ആദ്യം സ്വീകരിച്ചത്‌. ലോകത്തെമ്പാടുമുള്ള കറുത്ത കളിക്കാര്‍ക്ക്‌ പൊതുകളിസ്‌ഥലം പോലും ഇല്ലാതിരുന്ന കാലത്താണ്‌ ഉറുഗ്വെ കറുത്ത കളിക്കാരെ കൈനീട്ടി സ്വീകരിച്ചത്‌. അവര്‍ക്കു വേണ്ടി ആദ്യം കളിക്കളത്തിലിറങ്ങിയ കറുത്ത വര്‍ണ്മക്കാരായ ഗ്രാഡിനേയും യുവാന്‍ഡെലഗാഡോയേയും ആള്‍ക്കരുങ്ങുകള്‍ എന്നു വിളിച്ച്‌ വെളുത്ത ലോകം ആക്ഷേപിച്ചു. ഗ്രാഡിന്റെ പിന്‍ഗാമിയായിവന്ന അന്‍ഡ്രാഡെക്ക്‌ അധിക്ഷേപം കാരണം പന്തുകളി വിട്ട്‌ സംഗീതത്തിലേക്ക്‌ തിരിയേണ്ടിവന്നു. പിന്നീട്‌ ഉറൂഗ്വെക്ക്‌ വേണ്ടി ലോകകപ്പ്‌ ഉയര്‍ത്തിപിടിച്ച ആദ്യ കറുത്ത കളിക്കാരനായി വരേല വരുന്നു. വരേലയുടെ ആനന്ദാശ്രു ആ പന്തില്‍ വീണപ്പോള്‍ ഉയര്‍ത്തെണീറ്റത്‌ കറുത്തവര്‍ ഒന്നടങ്കമായിരുന്നു എന്ന്‌ സുരേന്ദ്രന്‍ നിരീക്ഷിക്കുന്നു.
ബ്രസീലിയന്‍ ഫുട്‌ബോളില്‍ വര്‍ണവെറിയുടെ ആദ്യ ഇര ഫ്രെയിന്‍ റീഷ്‌ ആയിരുന്നു. കറുത്തവര്‍ക്ക്‌ കളി കാണാന്‍പോലും അവകാശമില്ലാതിരുന്ന കാലം. കളിക്കളത്തില്‍ കറുത്തവനാണെന്ന്‌ തിരിച്ചറിയാതിരിക്കാന്‍ അരിമാവ്‌ കുഴച്ച ദേഹത്ത്‌ അരച്ചു ഇദ്ദേഹം. വെളുത്തവര്‍ കറുത്തവരുടെ ഇഷ്‌ടംപോലെ ഫൗള്‍ ചെയ്‌തു. റീഷ്‌ അതിനു മറുപടി നല്‍കിയത്‌ ഗോളുകളിലൂടെ.. പിന്നീട്‌ അഡ്‌മിര്‍, ജെയര്‍, ഗാരിഞ്ച, സാന്റോസ്‌ തുടങ്ങി പെലെയിലെത്തിയ കറുത്തവന്റെ ചരിത്രം. പെലെ കാല്‍പന്തിലെ കറുപ്പിന്റ പ്രതീകവും കൊടിയടയാളവും. ലോകം ഒന്നടങ്കം അംഗീകരിച്ച ആദ്യകളിക്കാരന്‍ അങ്ങനെ കറുത്തവനായി. അതു വിധിയുടെ കളി. മുഹമ്മദ്‌ അലി, ജെസ്സി ഓവന്‍സ്‌, കാള്‍ ലൂയീസ്‌… കറുത്തവന്റെ ചെറുത്തുനില്‌പ്‌ ഉദ്‌ഘോഷിച്ചും അതിജീവനത്തിന്റെ കയ്‌പേറിയ പാഠങ്ങള്‍ ഓര്‍മ്മിപ്പിച്ചും ഈ ഇതിഹാസ താരങ്ങള്‍. അവര്‍ക്കൊപ്പം പെലെയും.
ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും യൂറോപ്യന്മാര്‍ കൂട്ടത്തോടെ കുടിയേറി. പിന്നീട്‌ കറുത്തവര്‍ ധാരാളം യൂറോപ്പിലുമെത്തി. ഫ്രാന്‍സും ജര്‍മനിയും ഹോളണ്ടും ബല്‍ജിയവുമൊക്കെ കറുത്ത കളിക്കാരെ റിക്രൂട്ട്‌ ചെയ്യാന്‍ തയ്യാറായി. അപ്പോഴും അവരെ പൂര്‍ണ്ണമായി അകറ്റി നിര്‍ത്തിയത്‌ ബ്രിട്ടനായിരുന്നു. എറെ എതിര്‍പ്പുകള്‍ക്കുശേഷം ആര്‍തര്‍ വാര്‍ട്ടനിലൂടെയാണ്‌ കറുത്ത താരങ്ങള്‍ ഇംഗ്ലണ്ട്‌ ടീമിലെത്തിതുടങ്ങിയത്‌. ഒന്നാം ലോകയുദ്ധകാലത്ത്‌ നിരവധി കറുത്ത കളിക്കാരെ ബ്രിട്ടന്‍ യുദ്ധമുന്നണിയിലേക്കയച്ചു. വില്ല്യം ജോണ്‍സ്‌, റിച്ചാര്‍ഡ്‌ മക്‌ഫാഡന്‍, വാള്‍ട്ടര്‍ ടള്‍ തുടങ്ങിയവര്‍ യുദ്ധമുന്നണിയില്‍ കൊല്ലപ്പെട്ടു.
2006ലെ സ്‌പാനിഷ്‌ ലീഗില്‍ റിയല്‍സരഗോസ ബാര്‍സലോണയും കാമറൂണും കളിക്കുമ്പോള്‍ ഉണ്ടായ ഒരു സംഭവം സുരേന്ദ്രന്‍ വിശദീകരിക്കുന്നു. കളി തീരാന്‍ 15 മിനിട്ടുള്ളപ്പോള്‍ കാമറൂണ്‍ സ്‌ട്രൈക്കര്‍ സാമുവല്‍ ഏറ്റുവിനെ വര്‍ണവെറി പൂണ്ട കാണിക്കൂട്ടങ്ങള്‍ അധിക്ഷേപിക്കാന്‍ തുടങ്ങി. സഹികെട്ട ഏറ്റു ഗ്രൗണ്ടില്‍നിന്നു തിരിഞ്ഞുനടന്നു. കാണികള്‍ അക്രമിച്ചത്‌ എന്റെ നിറത്തെയാണ്‌, എന്റെ അഭിമാനത്തെയാണ്‌ എന്നായിരുന്നു പിന്നീട്‌ പത്രസമ്മേളനത്തില്‍ ഏറ്റു പറഞ്ഞത്‌. ഇന്നും ഇരുപത്തൊന്നാം നൂറ്റാണ്ടിലും ലോകകായികരംഗത്ത്‌ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. പിന്നീടും ഏറ്റുവിന്‌ ഇത്തരം അപമാനങ്ങളേറ്റു. കാണികളുടെ മനുഷ്യകുരങ്ങെന്ന അധിക്ഷേപങ്ങള്‍ക്കിടയില്‍ സരഗോസയുടെ വലയിലേക്ക്‌ ഗോളടിച്ച്‌ കുരങ്ങനെപോലെതന്നെ നൃത്തംചയ്‌ത്‌ ഏറ്റു കളിക്കളം വിട്ട കാഴ്‌ച കറുത്ത ലോകം മറക്കില്ല. യൂറോപ്യന്‍ ക്ലബ്ബുകള്‍ ഇത്തരമൊരു സംസ്‌കാരമാണ്‌ വളര്‍ത്തിയെടുത്തത്‌. കളിക്കാരില്‍ ഇത്തരം വികാരം കുറയുമ്പോഴും കാണികളില്‍ കുറയുന്നുണ്ടോ എന്നു സംശയം. എന്തിനു യൂറോപ്പ്‌, മറഡോണപോലും പെലെക്കെതിരെ ഇത്തരം പരാമര്‍ശം നടത്തിയല്ലോ.
ഇന്നു ലോകത്തെ എല്ലാ ടീമുകളും സങ്കരടീമുകളാണ്‌. യൂറോപ്പിലെ എല്ലാ ലീഗ്‌ ടീമുകളിലും കറുത്തവരുണ്ട്‌. 1500 ഓളം ആഫ്രിക്കക്കാര്‍ യൂറോപ്പില്‍ പന്തു കളിച്ചു ജീവിക്കുന്നണ്ട്‌. ആഫ്രിക്കയിലെ അക്രയിലെ തെരുവുകളില്‍ കുട്ടികളോട്‌ പന്തുകളിക്കാന്‍ മാതാപിതക്കള്‍ നിര്‍ബന്ധിക്കുന്നു. എന്തിനാണെന്നോ.. അവരെ കണ്ടെത്തുന്ന ഏതെങ്കിലും ഏജന്റ്‌ അവര്‍ക്ക്‌ മികച്ച കളിക്കുള്ള അവസരം ഉണ്ടാക്കികൊടുക്കും. അതില്‍ നിന്ന്‌ മികച്ചവര്‍ യൂറോപ്യന്‍ ലീഗുകളിലെത്തും. പട്ടിണി കിടക്കാതെ ജീവിക്കാനൊരു മാര്‍ണ്മം. അപൂര്‍വ്വം ദ്രോഗ്‌ബെമാര്‍ ലോകകപ്പാകുമ്പോള്‍ സ്വന്തം നാടിനുവേണ്ടി കളിക്കാനെത്തും… അങ്ങനെ ദ്രോഗ്‌ബെമാര്‍ ഉയര്‍ന്നു വന്ന കറുത്ത ചരിത്രമാണ്‌ തൃശൂര്‍ ഫ്‌ളെയിം ബുക്‌സ്‌ പ്രസിദ്ധീകരിച്ച ഈ പുസ്‌തകത്തിലൂടെ സുരേന്ദ്രന്‍ വരച്ചു കാണിക്കുന്നത്‌.

കറുത്തവരുടെ ഫുട്‌ബോള്‍ ലോകത്തിലൂടെ
കറുപ്പും കരുത്തും കാല്‍പ്പന്തും
എം പി സുരേന്ദ്രന്‍
പ്രസാധനം – ഫ്‌ളെയിം ബുക്‌സ്‌, തൃശൂര്‍
വില – 50.00

ഐ.ഗോപിനാഥ്‌

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Sports | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply