കറുത്തവളുടെ വെളുത്ത രാത്രികള്‍
പ്രദീപന്‍ പാമ്പാരിക്കുന്ന് ആദിവാസികളെ സങ്കല്പിക്കുമ്പോള്‍ പൊതുവില്‍ മനുഷ്യര്‍ അവരുടെ ദുരിതങ്ങളിലേക്കാണ് കൂപ്പുകുത്തുക. ആദിവാസികളെ മനുഷ്യരാക്കാന്‍ അവര്‍ അസാധാരണമായ അത്യുത്സാഹം കാണിക്കും. ഇരകളായി സങ്കല്പിക്കും. ഒരു നിര്‍വാഹകശേഷിയുമില്ലാതെ കുന്തിച്ചിരിക്കുന്ന അലസതയായി പരിഗണിക്കും. അവര്‍ സിനിമികളില്‍ നായികയോ നായകനോ ആവാന്‍ മാത്രം പൂര്‍ണ്ണ മനുഷ്യരായി വിഭാവന ചെയ്യപ്പെടില്ല. ആശ്രിതത്വത്തിന്റെ ആള്‍രൂപങ്ങളായി അവര്‍ ഭാവനയുടെ ഉള്‍ക്കാടുകളലേക്ക് അകന്നകന്നുപോകുന്നു. ഇത്തരം വാര്‍പ്പു മാതൃകകളെ ആഴത്തില്‍ പ്രശ്‌നഭരിതമാക്കുന്ന സിനിമയാണ് റാസി രചനയും സംവിധാനവും നിര്‍വ്വഹിച്ച വെളുത്ത രാത്രികള്‍. ഒരു ആദിവാസി പെണ്‍കുട്ടിയെ ആസ്പദമാക്കി അതിസങ്കീര്‍ണ്ണമായ […]
ആദിവാസികളെ സങ്കല്പിക്കുമ്പോള്‍ പൊതുവില്‍ മനുഷ്യര്‍ അവരുടെ ദുരിതങ്ങളിലേക്കാണ് കൂപ്പുകുത്തുക. ആദിവാസികളെ മനുഷ്യരാക്കാന്‍ അവര്‍ അസാധാരണമായ അത്യുത്സാഹം കാണിക്കും. ഇരകളായി സങ്കല്പിക്കും. ഒരു നിര്‍വാഹകശേഷിയുമില്ലാതെ കുന്തിച്ചിരിക്കുന്ന അലസതയായി പരിഗണിക്കും. അവര്‍ സിനിമികളില്‍ നായികയോ നായകനോ ആവാന്‍ മാത്രം പൂര്‍ണ്ണ മനുഷ്യരായി വിഭാവന ചെയ്യപ്പെടില്ല. ആശ്രിതത്വത്തിന്റെ ആള്‍രൂപങ്ങളായി അവര്‍ ഭാവനയുടെ ഉള്‍ക്കാടുകളലേക്ക് അകന്നകന്നുപോകുന്നു. ഇത്തരം വാര്‍പ്പു മാതൃകകളെ ആഴത്തില്‍ പ്രശ്‌നഭരിതമാക്കുന്ന സിനിമയാണ് റാസി രചനയും സംവിധാനവും നിര്‍വ്വഹിച്ച വെളുത്ത രാത്രികള്‍.
ഒരു ആദിവാസി പെണ്‍കുട്ടിയെ ആസ്പദമാക്കി അതിസങ്കീര്‍ണ്ണമായ പ്രണയ വ്യവഹാരങ്ങള്‍ക്ക് സധീരം സങ്കല്പിച്ചു എന്നതാണ് ഈ സിനിമയെ പ്രാഥമികമായി പ്രസക്തമാക്കുന്ന ഘടകം ഒരേ സമയം ലെസ്ബയിന്‍ പ്രണയത്തിലും സ്ത്രീ-പുരുഷ പ്രണയത്തിലും പതിച്ചുപോവുന്ന, കോളജ് വിദ്യാഭ്യാസം നേടിയ അട്ടപ്പാടിയിലെ ആദിവാസി പെണ്‍കുട്ടിയാണ് ചെല്ലി.
കേരളത്തിലെ അടഞ്ഞ ലൈംഗികതയ്ക്ക് നേരെ ഗൗരവതരമായ ചോദ്യങ്ങളാണ് ഈ ചിത്രം ഉന്നയിക്കുന്നത്. ഒരു സ്ത്രീയുടെ യഥാര്‍ത്ഥ പങ്കാളി ആരാണ്, പുരുഷനോ? അതോ സ്ത്രീയോ? അങ്ങനെ വൈവിധ്യങ്ങളിലൂടെ സഞ്ചരിക്കാനുള്ള കാമനകള്‍ മനുഷ്യനില്‍ അന്തര്‍ലീനമാണോ? അവന്‍ ഹെട്രോസെക്ഷ്വലായി പരിമിതപ്പെട്ടു പോയതാണോ? ആണില്‍ നിന്ന് പെണ്ണിലേക്കും മറിച്ചു ചാഞ്ചാടുന്ന ചെല്ലി ഫ്രോയിഡിയന്‍ ലിബിഡോയുടെ വിമര്‍ശന സ്ഥാനത്താണ് നില്ക്കുന്നത്. ലൈംഗികതയെ അത് സാമൂഹ്യമായി നിര്‍വചിക്കാന്‍ ശ്രമിക്കുന്നു.
അത്തരം അതിസങ്കീര്‍ണ്ണമായ ജീവിതാവസ്ഥകളിലൂടെ നിര്‍ഭയം കടന്നുപോകാന്‍ തക്കവണ്ണം കര്‍തൃത്വസ്വരൂപം നായികക്ക് നല്‍കാന്‍ സംവിധായകന് കഴിയുന്നു. ഇത് മലയാള സിനിമാ ചരിത്രത്തില്‍ത്തന്നെ പൂര്‍വ്വ മാതൃകകളില്ലാത്തതാണ്. ചെല്ലി, ജ്യോതി, മാനവ് ത്രയത്തില്‍ ചെല്ലിയാണ് സ്വയം നിര്‍ണ്ണയാവസകാശം സിദ്ധിച്ച സ്ത്രീ. അവള്‍ സധീരം എന്നാല്‍ വേദനയോടെ മാനവിനെ ഉപേക്ഷിക്കുകയും ജ്യോതിയെ സ്വീകരിക്കുകയും ചെയ്യുന്നു. മനസ്സിന്റെ നൂല്‍പാലങ്ങളിലൂടെയാണ് ഈ സിനിമ ഉടനീളം സഞ്ചരിക്കുന്നത്. കാട്ടിലെ ഒരു പാലത്തിലാണ് (വേണമെങ്കില്‍ ഫ്രോയിഡിയന്‍ അബോധം എന്ന് വ്യാഖ്യാനിക്കാവുന്നത്) കഥ നടക്കുന്നത്. അതി വിഭ്രാമകമായ പശ്ചാത്തലത്തിലാണവ സങ്കല്പിച്ചിട്ടുള്ളത്. വെള്ളത്തിന്റെ ഉച്ചസ്ഥായിയിലുള്ള ശബ്ദവും ഒഴുക്കും അത് സൃഷ്ടിക്കുന്നു. രാത്രി വൈകിയാണ് ചെല്ലിയും മാനവും സംഗമിക്കുന്നത്. അബോധ കാമനകളിലേക്കാണ് ഈ സിനിമ സഞ്ചരിക്കാന്‍ ശ്രമിക്കുന്നത് എന്ന് ഇവ സൂചിപ്പിക്കുന്നു.
എന്തുകൊണ്ട് ഇതൊരു ആദിവാസി പ്രശ്‌നമായി എന്നാലോചിച്ചാല്‍ മറ്റൊരു സവിശേഷ പ്രശ്‌നത്തില്‍ കാണികള്‍ എത്തിച്ചേരും. മനുഷ്യകുലത്തിന്റെ ആദിമമായ വൈകാരികതയിലാണ് സ്പര്‍ശിക്കാന്‍ ശ്രമിക്കുന്നത് എന്നതിനാലാവണം അങ്ങനെ വന്നത്. മനസ്സിന്റെ പരിണാമ ചരിത്രത്തിലാണ് നാം ഭിന്ന ലൈംഗികതയെ അന്വേഷിക്കേണ്ടത് എന്നര്‍ത്ഥം. ദെല്യൂസ് പറയുന്നതുപോലെ ഒരു ഐഡിയല്‍ മനസ്സില്ലാത്തതിനാല്‍ കേവല മനഃശാസ്ത്രവും സാധ്യമല്ല തന്നെ. ഒരു ആദിവാസി പെണ്‍കുട്ടി മലയാള സിനിമയല്‍ പൗരത്വത്തോടെ പ്രവേശിച്ചിരിക്കുന്നു. അട്ടപ്പാടിയില്‍ മരണം നടക്കുന്നതിനെ അവള്‍ക്ക് വിശകലനം ചെയ്യാനും വിശദീകരിക്കാനും കഴിയുന്നു. മാനവിനോട് നിങ്ങള്‍ മാവോയിസ്റ്റാണോ എന്ന് ചോദിക്കാന്‍ കഴിയുന്നു. മരണത്തിന് കൂട്ടിരിക്കാന്‍ കഴിയിരുന്നു. മാനവിന്റെ ചിത്രങ്ങളെ പുതിയതായി ഡിസൈന്‍ രചെയ്യാന്‍ കഴിയുന്നു. ‘നിരക്ഷരയും ലളിത മനസ്‌കയുമായ സ്റ്റീരയോ ടൈപ്പ് ആദിവാസികളില്‍ നിന്ന് ചെല്ലി അത്ഭുതകരമായി വിമുക്തയാക്കപ്പെട്ടിരിക്കുന്നു. ‘പിഴയ്ക്കാതെ’ അതിജീവിക്കാന്‍ പ്രാപ്തയായിരിക്കുന്നു.
ലൈംഗികതയെ പരിപാവനമായ ഒരു ചാരിത്രപ്രശ്‌നമായ ഈ സിനിമ കാണുന്നില്ല. അവയെ മനസ്സിന്റെ കാടുപോലെ സ്വാഭാവികമായ ഒരു ജൈവപ്രക്രിയായാണത് കാണുന്നത്. ചെല്ലി വിവാഹിതയാവുന്നതും കുട്ടിയുള്ളതും ജ്യോതിയുമായി പ്രണയിക്കുന്നതും മാനവിനെ ഇഷ്ടപ്പെടുന്നതും ഈ പ്രക്രിയയുടെ ഭാഗം മാതമാണ്. ശരീരം/ പ്രണയം എന്ന ദ്വന്ദ്വത്തെ അത് പരിഗണിക്കുന്നില്ല. സ്വന്തം കാമനകളെ മാത്രമാണവ ദീപശിഖയാക്കുന്നത്. അത്തരത്തില്‍ കുമാരാനാശാനിലേക്കാണ് ഈ സിനിമ സഞ്ചരിക്കുന്നത്. ‘ദുരന്തരാഗ പാശം’ അവള്‍ കൈവിട്ടില്ല. സാഹിത്യം കൊണ്ടാണ് ഈ സിനിമ സങ്കല്പിച്ചിരിക്കുന്നത്. അത് ഒരേ സമയം സിനിമയുടെ ശക്തിയും ദൗര്‍ബല്യവുമായിത്തീരുന്നു.
ദസ്തയേവ്‌സ്‌കിയുടേയും ബാധ സിനിമയെ ദുര്‍ബലമാക്കുന്ന സന്ദര്‍ഭങ്ങളുണ്ട്. അത് നിരര്‍ത്ഥകവും അതിവൈകാരികവുമായ സംഭാഷണങ്ങളുടെ രൂപത്തില്‍ സിനിമയുടെ പ്രമേയ ഗൗരവത്തെ ദോഷകരമായി ബാധിക്കുന്നു. പലപ്പോഴും നാടകീയതയിലേക്കു ചായുന്ന ചെല്ലിയുടെയും മാനവിന്റെയും അഭിനയ സന്ദര്‍ഭങ്ങള്‍ മടുപ്പിക്കുന്നു. സാഹിത്യം കൊണ്ട് മുറിവേറ്റ സിനിമ കൂടിയാണിത്. വായനയിലൂടെ പ്രവേശിക്കാന്‍ കഴിയുന്ന സൂക്ഷ്മ സ്ഥലങ്ങളിലേക്ക് ദൃശ്യങ്ങളിലൂടെ ചെല്ലാന്‍ കഴിയില്ല. മറിച്ചും ഈ മാധ്യമ പരിമിതി മനസ്സിലാക്കുന്നതില്‍ സിനിമ പരാജയപ്പെടുന്നുണ്ട്. എന്നാല്‍ അട്ടപ്പാടിയിലെ ആദിവാസി ജീവിതത്തിന്റെ ഭിന്ന വശങ്ങള്‍ സിനിമയില്‍ അതിന്റെ രാഷ്ട്രീയ ഗൗരവത്തോടെ ഇഴ ചേര്‍ത്തിരിക്കുന്നു. ആദിവാസി ഭാഷയും മലയാളവും തമ്മിലുള്ള വൈരുദ്ധ്യം, ജീവിതദുരന്തങ്ങള്‍, രോഗം, മരണം, രാഷ്ട്രീയം, വിദ്യാഭ്യാസം വിവിധ നൃത്തങ്ങള്‍ ഇവയെല്ലാം ഡോക്യുമെന്റ് ചെയ്യപ്പെട്ടിരിക്കുന്നു.
കാട്ടിലേക്ക് ഇരുട്ടില്‍ വെളിച്ചം തുളച്ചു കയറ്റി പാഞ്ഞടുക്കുന്ന ഒരു ജീപ്പിന്റെ വിദൂരവും സമീപസ്ഥവുമായ ദൃശ്യത്തിലാണ് സിനിമ ആരംഭിക്കുന്നത്. ആദിവാസി ജീവിതത്തിലേക്ക് തുളച്ചു കയറുന്ന ഒരു ആധുനികന്റെ നോട്ടക്കോണിലാണ് ഈ സിനിമ ചലിക്കുന്നതെന്നാണ് ഈ തുടക്കം തന്നെ സൂചിപ്പിക്കുന്നത്. എന്നാല്‍ ആ കാഴ്ചയെ അപ്രസ്‌ക്തമാക്കും വിധം ആഖ്യാനം ചെല്ലി പിടിച്ചെടുക്കുന്നു. നാഗരികന്റെ ജീവിതാവബോധത്തേക്കാള്‍ പുതിയതും സങ്കീര്‍ണ്ണവുമായ വന പാതിയിലൂടെയാണ് താന്‍ സ്വയം സഞ്ചരിക്കുന്നതെന്ന് ചെല്ലിയുടെ ആഖ്യാനം കാണിക്കുന്നു. വൈറ്റ് നൈറ്റ്‌സ് എന്ന ദസ്തയേസ്‌കിയുടെ കഥയുടെ സങ്കീര്‍ണ്ണ ഭാവത്തോട് സിനിമ നീതി പുലര്‍ത്തുന്നു. നാഗരികനു മുന്നില്‍ ആദിവാസി സഞ്ചരിക്കുന്നു. അധിനിവേശത്തെ നിഷ്പ്രഭമാക്കുന്ന സ്വത്വാവബോധത്തിലേക്ക് സഞ്ചരിക്കുന്ന ആദിവാസികളുടെ സെല്ലുവോയിഡിലേക്കുള്ള കടന്നിരിക്കലാണ് വെളുത്ത രാത്രികള്‍.
പാഠഭേദം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in