ഓണത്തിന്റെ സാംസ്‌കാരിക ചരിത്രം
ഐ. ഗോപിനാഥ് മലയാളികളുടെ ദേശീയോത്സവമായി പരിഗണിക്കപ്പെടുന്ന ഓണത്തെ പ്രമേയമാക്കി എത്രയോ പഠനങ്ങളും പുസ്തകങ്ങളും പുറത്തിറങ്ങിയിരിക്കുന്നു. എന്നാല്‍ അവയില്‍ മിക്കവയും ഓണത്തെ സാമൂഹ്യമായും ചരിത്രപരമായും സാംസ്‌കാരികമായും സമഗ്രമായി വിലയിരുത്തിയിട്ടുള്ളതായി പറയാനാകില്ല. പ്രശസ്ത ചരിത്രകാരന്മാരാകട്ടെ തങ്ങളുടെ ഗ്രന്ഥങ്ങളില്‍ ഓണത്തെ പഠനവിഷയമാക്കുമ്പോഴും അതേകുറിച്ച് മാത്രമായി സമഗ്രമായി എഴുതിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ‘മലയാളിയുടെ ഭൂതകാലങ്ങള്‍ – ഓണവും സാമൂഹ്യ ഭാവനാ ലോകവും‘ എന്ന പേരില്‍ ഡോ. പി രണ്‍ജിത് രചിച്ച ഗവേഷണഗ്രന്ഥം പ്രസക്തമാകുന്നത്. പാണര്‍, കുറിച്യര്‍ തുടങ്ങിയ പഴം തമിഴ് വംശക്കാരുടെ കലാപ്രകടനങ്ങളിലും […]
മലയാളികളുടെ ദേശീയോത്സവമായി പരിഗണിക്കപ്പെടുന്ന ഓണത്തെ പ്രമേയമാക്കി എത്രയോ പഠനങ്ങളും പുസ്തകങ്ങളും പുറത്തിറങ്ങിയിരിക്കുന്നു. എന്നാല്‍ അവയില്‍ മിക്കവയും ഓണത്തെ സാമൂഹ്യമായും ചരിത്രപരമായും സാംസ്‌കാരികമായും സമഗ്രമായി വിലയിരുത്തിയിട്ടുള്ളതായി പറയാനാകില്ല. പ്രശസ്ത ചരിത്രകാരന്മാരാകട്ടെ തങ്ങളുടെ ഗ്രന്ഥങ്ങളില്‍ ഓണത്തെ പഠനവിഷയമാക്കുമ്പോഴും അതേകുറിച്ച് മാത്രമായി സമഗ്രമായി എഴുതിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ‘മലയാളിയുടെ ഭൂതകാലങ്ങള്‍ – ഓണവും സാമൂഹ്യ ഭാവനാ ലോകവും‘ എന്ന പേരില്‍ ഡോ. പി രണ്‍ജിത് രചിച്ച ഗവേഷണഗ്രന്ഥം പ്രസക്തമാകുന്നത്.
പാണര്‍, കുറിച്യര്‍ തുടങ്ങിയ പഴം തമിഴ് വംശക്കാരുടെ കലാപ്രകടനങ്ങളിലും പില്ക്കാലത്ത് ഹൈന്ദവസമൂഹത്തിലെ സവര്‍ണ്ണരും അവര്‍ണ്ണരുമായ പല ജാതി സമുദായക്കാരുടെ അനുഷ്ഠാനങ്ങളിലും ആരാധനകളിലും പ്രത്യക്ഷപ്പെട്ട് ആധുനിക ദശയില്‍ കേരളീയരുടെ ദേശീയാഘോഷമായി മാറിയതാണ് ഓണമെന്ന പ്രതിഭാസം. ഓണമെന്ന സങ്കല്പം അതിശക്തമാണ്. അതിന്റെ സത്യം ഓരോ സമുദായത്തിലും ഓരോ കാലത്തും ഓരോ പ്രദേശത്തും വിഭിന്നമായിരുന്നു. ചരിത്രമെന്നതിനേക്കാല്‍ അതിന്നൊരു മിത്താണ്. മലയാളിത്തത്തെ നിര്‍വ്വചിക്കുന്ന പ്രധാന ഘടകം എന്നു വിശ്വസിക്കുന്നു രണ്‍ജിത്.
കൃതിയുടെ ഒന്നാം ഭാഗം രണ്ടുമുതല്‍ ഒമ്പതുവരെ അധ്യായങ്ങള്‍ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യം വരെ ഓണത്തെകുറിച്ച് സമാഹരിക്കപ്പെട്ട ഫോക്‌ലോറിനെ കുറിച്ചാണ്. ദേശീയതയെ അടയാളപ്പെടുത്തുന്ന ഒന്നായി ഫോക്‌ലോര്‍ വിലയിരുത്തപ്പെട്ടിട്ടുണ്ടെങ്കിലും അതില്‍ അര്‍ത്ഥ വൈകാരിക വൈരുദ്ധ്യങ്ങള്‍ ധാരാളമായിരുന്നു. ഓണപ്പാട്ടുകള്‍ നൂറുകണക്കിന്. പൂ തേടലോ പൂക്കളമോ കൈകൊട്ടിക്കളിയോ ഓണക്കളികളോ ഓണത്തല്ലോ ഓണസദ്യയോ കാത്തിരിപ്പോ വേവലാതികളോ സ്വപ്നങ്ങളോ ഒക്കെയാണവയില്‍ വിശദീകരിച്ചിട്ടുള്ളത്. പാണരുടേയും വേലരുടേയും മലയരുടേയും മറ്റും സമാഹരിക്കപ്പെട്ട ഫോക്‌ലോറിന്റെ പുനര്‍വായനയിലൂടെ കോളനി പൂര്‍വ്വ സമൂഹത്തില്‍ അവര്‍ രേഖപ്പെടുത്തുന്ന വ്യത്യസ്ഥത മനസ്സിലാക്കാന്‍ രണ്ടുമുതല്‍ നാലുവരെയുള്ള അധ്യായങ്ങളില്‍ രണ്‍ജിത് ശ്രമിക്കുന്നു. തൃക്കാക്കരയെ അടിസ്ഥാനമാക്കിയുള്ള ഐതിഹ്യങ്ങളും ചരിത്രവും പാട്ടുകളുമാണ് അഞ്ചാമധ്യാത്തിന്റെ അടിസ്ഥാനം. മഹാബലിചരിതത്തിലൂടെ മലയാളികള്‍ നെയ്‌തെടുത്ത ഭാവനാലോകം ആറാം അധ്യായവും ഓണത്തിന്റെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ നരവംശശാസ്ത്രപരമായ പഠനത്തോടെ ഏഴാം അധ്യായവും സാമൂഹ്യ രാഷ്ട്രീയ അര്‍ത്ഥ തലങ്ങള്‍ എട്ടും ഒമ്പതും അധ്യായങ്ങളും ചര്‍ച്ച ചെയ്യുന്നു. പുസ്തകത്തിന്റെ രണ്ടാംഭാഗം കൈകാര്യം ചെയ്യുന്നത് ആധുനികകാലത്തെ ഓണത്തെയാണ്.
പാണന്‍, വണ്ണാന്‍, മണ്ണാന്‍, വേലന്‍, പറയര്‍, പുലയര്‍, കണക്കര്‍, ചെറുമര്‍ തുടങ്ങിയ ദളിത് വിഭാഗങ്ങളാണ് ഓണപ്പാട്ടുകളില്‍ വലിയ പങ്കും പാടി നടന്നിരുന്നത്. ഇവര്‍ക്കൊന്നും ഓണത്തിനു കാര്യമായ അനുഷ്ഠാന ചടങ്ങുകളില്ലായിരുന്നു. എന്നാല്‍ അതിസമ്പന്നമായ ഇവരുടെ ആഖ്യാനപാരമ്പര്യം വ്യക്തമാക്കുന്നത് ഓണം അവരുടെ ജീവിതത്തെ ഏറെ സ്വാധീനിച്ചിരുന്നു എന്നു തന്നെയാണ്. ഇവരുടെ പാട്ടുകളിലെല്ലാം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മാവേലിയുണ്ട്. കുറിച്യരുടെ മരമായപാട്ടില്‍ അത് മാവോതിയാണ്. പാക്കനാര്‍ പാട്ടിലും ഭദ്രകാളിപ്പാട്ടിലുമെല്ലാം മാവേലി കടന്നു വരുന്നു. ഓണം ദളിതരും ആഘോഷിച്ചിരുന്നു. 1810-1821 കാലഘട്ടത്തില്‍ കേരളത്തില്‍ സര്‍വ്വേ നടത്തിയ വാര്‍ഡും കോണറും രേഖപ്പെടുത്തിയത് ഓണക്കാലം ഏറ്റവും നികൃഷ്ടരായി പരിഗണിച്ചിരുന്ന പുലയര്‍ക്കുപോലും വിശ്രമത്തിന്റേയും സന്തോഷത്തിന്റേയും കാലമായിരുന്നു എന്നാണ്. അതവര്‍ക്ക് ജന്മിയുടെ ഔദാര്യമായിരുന്നില്ല, അവകാശമായിരുന്നു.എന്നാലവ അനുഷ്ഠാനങ്ങള്‍ വളരെ കുറഞ്ഞ വൈവിധ്യങ്ങള്‍ നിറഞ്ഞ ‘ഓണങ്ങള്‍‘ ആയിരുന്നു.
കോളനിപൂര്‍വ്വകാലത്തെ ഓണത്തിന്റെ ഏറ്റവം ജനകീയമായ ആഖ്യാനം മഹാബലിചരിതം ഓണപ്പാട്ടായിരുന്നു. പാടിനടന്ന ഈ പാട്ട് പിന്നീട് പതിനായിരകണക്കിനു കോപ്പികള്‍ അച്ചടിച്ച് വിറ്റിട്ടുണ്ട്. എന്നാല്‍ മാവേലി നാടുവാണീടുംകാലം എന്ന പ്രശസ്തമായ വരികള്‍ പിന്നീട് കൂട്ടിചേര്‍ത്തതാകാമെന്ന് രണ്‍ജിത് സംശയിക്കുന്നു. ഉണ്ടെങ്കില്‍ തന്നെ കേരളത്തിന്റെ ഇടതുപക്ഷ മനസ്സ് അതിനെ തങ്ങള്‍ വിഭാവനം ചെയ്ത സമത്വമായും മഹാബലിയെ കമ്യൂണിസ്റ്റായും വ്യാഖ്യനിച്ചത് അര്‍ത്ഥരഹിതമാണ്. എന്നാല്‍ ഈ വ്യാഖ്യാനം മുന്നാട്ടുപോയി. ജാതി മത വര്‍ഗ്ഗീയ താല്പര്യങ്ങള്‍ക്കപ്പുറം ഓണത്തെ കമ്യൂണിസ്റ്റ് സ്വപ്നവുമായി സമന്വയിപ്പിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ എന്നും ശ്രമിച്ചുവന്നു. കര്‍ഷകയൂണിയനുകളുടെ വ്യാപനകാലത്ത് ഓണത്തിനു കാരഷിക ഉത്സവമെന്ന വ്യാഖ്യാനം വന്നു. ഐക്യകേരള പ്രസഥാനത്തോടെ ദേശീയ ഉത്സവമായി പരിഗണിക്കപ്പെടുന്നു. എന്നാല്‍ അതിനിടയില്‍ ഓണത്തിന്റെ സവര്‍ണ്ണ ആഖ്യാനങ്ങള്‍ പ്രാബല്ല്യത്തിലായതും സവര്‍ണ്ണചിഹ്നങ്ങള്‍ പ്രതീകങ്ങളായതും ചരിത്രകാരരെല്ലാം തന്നെ ആ വഴിക്ക് ചിന്തിച്ചതും ദളിത് ആഖ്യാനങ്ങള്‍ അപ്രത്യക്ഷമായതും രണ്‍ജിത് നിരവധി പേജുകളിലൂടെ വിവരിക്കുന്നു.
കോളനി ആധുനികതയുടെ കേരളത്തിലെ പ്രബലമായ തരംഗങ്ങളിലൊന്നായ ജാതി സമുദായ രൂപീകരണം അതിന്റെ ആദ്യപാദത്തില്‍തന്നെ ഉത്സവാഘോഷങ്ങളെ കുറിച്ച് പുതിയ തിരിച്ചറിവുണ്ടാക്കിയതായി രണ്‍ജിത് പറയുന്നു. ഓണം സ്വത്വ പ്രതീകമായി തിരിച്ചറിയാന്‍ തുടങ്ങി. ഇഴവര്‍, നായര്‍, ബ്രാഹ്മണര്‍ എന്നിവരാണ് ആദ്യം സ്വയം തിരിച്ചറിഞ്ഞ് സംഘടിച്ചത്. ഓണത്തെ കുറിച്ചുള്ള സവര്‍ണ്ണ വ്യാഖ്യാനങ്ങള്‍ അതോടെ കൂടുതല്‍ ശക്തമായി. അപ്പോള്‍ തന്നെ സമാന്തരമായി ദളിത് ആഖ്യാനങ്ങളും രൂപം കൊണ്ടു എന്നത് വേറെ കാര്യം. ബ്രാഹമ്ണരെ മാത്രം ഊട്ടുകയും അധ:സ്ഥിതരെ പട്ടിണിക്കിടുകയും ചെയ്തതിനു മഹാബലിക്കു നല്‍കിയ ശിക്ഷയാണ് പാതാളത്തേക്ക് ചവിട്ടി താഴ്ത്തല്‍ എന്ന കഥ പോലും രചിക്കപ്പെട്ടു. ഓണത്തിന് നായര്‍ ആധിപത്യമുണ്ടായപ്പോള്‍ അതിനെ പ്രതിരോധിക്കാനാണ് എസ്.എന്‍.ഡി.പി മൂന്നോണദിവസം ചതയദിനമായി വന്‍തോതില്‍ ആഘോഷിക്കുന്നതെന്നും അഭിപ്രായമുണ്ട്. മലയാളിയുടെ പ്രവാസജീവിതം ശക്തമായതോടെ ഓണമെന്ന വികാരത്തിന് തീവ്രത കൂടി. പ്രവാസികളുടെ സ്വത്വസംഘര്‍ഷത്തെ നേരിടുന്ന രീതിയില്‍ അവര്‍ ഓണത്തെ വ്യാഖ്യാനിച്ചു. ആഘോഷിച്ചു. ആദ്യകാലത്ത് പ്രവാസജീവിതം നയിച്ചത് മുഖ്യമായും സവര്‍ണ്ണവിഭാഗങ്ങള്‍ ആയിരുന്നു. അവര്‍ പുറംനാടുകളില്‍ മലയാളി ക്ലബ്ബുകള്‍ ഉണ്ടാക്കി. സവര്‍ണ്ണ ഇടതുപക്ഷ സംഘടനകളായിരുന്നു അവ. ഈ ക്ലബ്ബുകളില്‍ ഓണഘോഷം സജീവമായി. സവര്‍ണ്ണവിഭാഗങ്ങളും ഇടതുപക്ഷവും അങ്ങനെ ഓണത്തിന്റെ ശക്തരായ വക്താക്കളായി. ഐക്യകേരള രൂപീകരണത്തോടെ ഏറെകുറെ ദേശീയാഘോഷമായി ഓണം മാറി. ഇന്ന് പ്രാബല്ല്യത്തിലുള്ള മഹാബലി രൂപവും പ്രസിദ്ധമായി.
കേരളത്തിലെ പല സാമൂഹ്യവിഭാഗങ്ങളും തങ്ങളുടെ ഭാവനാലോകം പൊതുമലയാളഭാവനയാക്കി മാറ്റാനുള്ള ശ്രമം എന്നും നടത്തിയിരുന്നു. എന്നാല്‍ ഇതരവിഭാഗങ്ങള്‍ അതിനെ പ്രതിരോധിച്ചു കൊണ്ടുമിരുന്നു. ദൃഢമായൊരു സ്വത്വസങ്കല്പം സൃഷ്ടിച്ചെടുത്ത് അതിനിണങ്ങിയ ബിംബകല്പനയോടെ ഓണത്തെ മാറ്റാനുള്ള ശ്രമങ്ങളെ ചെറുത്തുകൊണ്ടിരുന്നത് അതിലന്തര്‍ഭവിച്ച ഫോക്‌ലോറും കളിയുമാണ്. ടിവി പരിപാടികളിലൂടെയും പരസ്യങ്ങളിലൂടെയും വിപണി കയ്യടക്കിയ ഓണത്തെപോലും അത് പ്രതിരോധിക്കുന്നുണ്ട്. നാല്പതുകളിലും അമ്പതുകളിലും അച്ചടി മാധ്യമങ്ങളിലാകെ നിറഞ്ഞുനിന്നിരുന്ന കേരളീയതയുടെ ഓണം തുടര്‍ച്ചയായി മേധാവിത്വം പുലര്‍ത്തുന്നതുകൊണ്ടാകാം, അതിന്റെ വിപരീതാഖ്യാനത്തിലൂടെ, ഹാസ്യ പരിഹാസ്യ ചിത്രത്തിലൂടെ സമകാലിക രാഷ്ട്രീയ പ്രശ്‌നങ്ങളുടെ രൂപത്തില്‍ ഓണവും മാവേലിയും രംഗത്തു വരുന്നതെന്നും രണ്‍ജിത് നിരീക്ഷിക്കുന്നു. ഓണവുമായി ബന്ധപ്പെട്ട മലയാളി സമൂഹത്തില്‍ ആന്തരികമായി നടക്കുന്ന സാംസ്‌കാരിക സമരം തുടരുമെന്നാണ് ഈ പുസ്തകം ചൂണ്ടികാട്ടുന്നത്. എംജിഎസ് നാരായണന്റേതാണ് അവതാരിക.
മലയാളിയുടെ ഭൂതകാലങ്ങള്‍ – ഓണവും സാമൂഹ്യ ഭാവനാ ലോകവും
ഡോ. പി രണ്‍ജിത്
കറന്റ് ബുക്‌സ്, തൃശൂര്‍
വില 150 രൂപ
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in