ഒരു ചോദ്യത്തിനും യുക്തിസഹമായ മറുപടി സംഘികള്‍ക്കില്ല
വി എസ് അച്യുതാനന്ദന്‍ രാജ്യത്ത് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണം വന്ന നാള്‍ മുതല്‍ ജനാധിപത്യവാദികള്‍ ആശങ്കകള്‍ പങ്കുവച്ചിരുന്നു. ആര്‍എസ്.എസിന്റെയം സംഘപരിവാറിന്റെയും തീട്ടൂരങ്ങള്‍ക്കനുസരിച്ച് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മോദിയുടെ ഭരണം രാജ്യത്തെ സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ ആപത്തുണ്ടാക്കുമെന്ന ആശങ്കയാണ് തുടക്കം മുതല്‍ ഉണ്ടായിരുന്നത്. മോദിയുടെയും സഹമന്ത്രിമാരുടെയും വാക്കുകളിലും ചെയ്തികളിലും നിന്ന്, ഈ ആശങ്ക കാണെക്കാണെ ശക്തിപ്പെടുകയും ചെയ്തുകൊണ്ടിരുന്നു. അടുത്തയിടെയായി അത് അതിന്റെ പാരമ്യത്തിലെത്തുന്നതാണ് നാം കണ്ടത്. രാജ്യത്ത് സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ടയ്‌ക്കെതിരെ ശബ്ദിക്കുന്ന ആരെയും നിഷ്‌കരുണം കൊല്ലുകയെന്നത് ഒരു […]
വി എസ് അച്യുതാനന്ദന്‍
രാജ്യത്ത് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണം വന്ന നാള്‍ മുതല്‍ ജനാധിപത്യവാദികള്‍ ആശങ്കകള്‍ പങ്കുവച്ചിരുന്നു. ആര്‍എസ്.എസിന്റെയം സംഘപരിവാറിന്റെയും തീട്ടൂരങ്ങള്‍ക്കനുസരിച്ച് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മോദിയുടെ ഭരണം രാജ്യത്തെ സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ ആപത്തുണ്ടാക്കുമെന്ന ആശങ്കയാണ് തുടക്കം മുതല്‍ ഉണ്ടായിരുന്നത്. മോദിയുടെയും സഹമന്ത്രിമാരുടെയും വാക്കുകളിലും ചെയ്തികളിലും നിന്ന്, ഈ ആശങ്ക കാണെക്കാണെ ശക്തിപ്പെടുകയും ചെയ്തുകൊണ്ടിരുന്നു. അടുത്തയിടെയായി അത് അതിന്റെ പാരമ്യത്തിലെത്തുന്നതാണ് നാം കണ്ടത്.
രാജ്യത്ത് സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ടയ്‌ക്കെതിരെ ശബ്ദിക്കുന്ന ആരെയും നിഷ്‌കരുണം കൊല്ലുകയെന്നത് ഒരു പദ്ധതിയായി തന്നെ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. പന്‍സാരെയും കല്‍ബുര്‍ഗിയുമൊക്കെ നമ്മുടെ ഓര്‍മകളിലെ തീരാവേദനയും കനലുമായി മാറിയത് അങ്ങനെയാണ്. സമാനമായ ദുരവസ്ഥയുടെ ഭീഷണിയാണ് ഇപ്പോള്‍ വിശ്രുത ചലചിത്രകാരന്‍ ഗിരീഷ് കര്‍ണാടിന് നേരിട്ടുകൊണ്ടിരിക്കുന്നത്. ഗായകന്‍ ഗുലാം അലിക്ക് ഇവിടെ കാലുകുത്താനുള്ള അവസരം പോലും നിഷേധിച്ചിരിക്കുകയാണ്. നാം എന്തു പറയണമെന്നും എന്തു പ്രവര്‍ത്തിക്കണമെന്നും എന്തു ധരിക്കണമെന്നും എന്തു കഴിക്കണമെന്നുമെല്ലാം സംഘപരിവാര്‍ തീരുമാനിക്കും എന്നാണ് പറയുന്നത്. അതനുസരിക്കാത്തവര്‍ക്ക് രാജ്യം വിട്ടുപോകണമെന്ന ധാര്‍ഷ്ട്യമാണ് ഇക്കൂട്ടര്‍ പുലര്‍ത്തുന്നത്.
ഈ പശ്ചാത്തലത്തിലാണ് ബീഫ് കഴിച്ചുവെന്നാരോപിച്ച് ദാദ്രിയില്‍ അഖ്‌ലക്ക് എന്ന മുസ്ലിം മധ്യവയസ്‌കനെ തല്ലിക്കൊന്നത്. ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ചുവെന്നതിന്റെ പേരില്‍ (അതും ആരോപണം മാത്രമാണെന്നോര്‍ക്കണം) ഒരു മനുഷ്യന് സ്വന്തം ജീവന്‍ നഷ്ടപ്പെടുന്നത് ഒരുപക്ഷേ, ഇതാദ്യമായിട്ടായിരിക്കും. പിന്നീടാണ് ഡല്‍ഹിയിലെ കേരളാ ഹൗസില്‍ ബീഫ് വിളമ്പിയതിന്റെ പേരിലുണ്ടായ പൊലീസ് റെയ്ഡ്. എന്തിനേറെ പറയുന്നു, ഈ സാക്ഷരസുന്ദര കേരളത്തില്‍പോലും ബീഫിന്റെ പേരില്‍ ഉണ്ടായ കോലാഹലങ്ങള്‍ ഞാന്‍ പ്രത്യേകം പറയേണ്ടതില്ലല്ലോ? എന്നുപറഞ്ഞാല്‍, ബീഫ് കേവലം നമ്മുടെ ഒരു ഭക്ഷണ പദാര്‍ത്ഥം എന്നതില്‍നിന്ന് ഒരു രാഷ്ട്രീയപ്രശ്‌നവും നൈതിക പ്രശ്‌നവും ഒക്കെയായി മാറിയിരിക്കുന്നു എന്നാണര്‍ത്ഥം. ഈ സാഹചര്യത്തിലാണ് ഇന്നിവിടെ ചെയ്യപ്പെടുന്ന ‘ബീഫിന്റെ രാഷ്ട്രീയം’ എന്ന ഗ്രന്ഥം സവിശേഷമാകുന്നത്.
പശു മാതാവാണെന്ന് പറയുന്നവരോട്, പശുവിന്റെ ഇണയായ കാള പിതാവാണെന്നു പറയുമോയെന്ന് ഈ തെരഞ്ഞെടുപ്പുകാലത്ത് പല യോഗങ്ങളിലും ഞാന്‍ ചോദിച്ചിരുന്നു. ‘മാതാവായ’ പശുവിനെ മൂക്കില്‍ കയറിട്ട് കെട്ടിവലിക്കുന്നത് ശരിയാണോ എന്നും ഞാന്‍ ചോദിച്ചു. എന്നാല്‍, ഇക്കൂട്ടരാരും മറുപടി പറഞ്ഞതായി ഞാന്‍ കേട്ടില്ല. ഇത്തരം വാദത്തിലെ യുക്തിരാഹിത്യവും അര്‍ത്ഥമില്ലായ്മയുമാണ് ഞാന്‍ ആ ചോദ്യത്തിലൂടെ ഉയര്‍ത്തിക്കാട്ടിയത്. അതിനെ യുക്തിസഹമായി നേരിടാന്‍ ഇതേവരെ ഒരു സംഘികളും മുന്നോട്ടുവന്നിട്ടില്ല. ശാസ്ത്രവും സാങ്കേതികവിദ്യയുമൊക്കെ അത്ഭുതകരമായി വികസിച്ച ഈ കാലത്തും പഴകിദ്രവിച്ച അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊണ്ടുനടക്കുന്ന ജീര്‍ണ്ണിച്ച സാംസ്‌കാരിക യുക്തിയെയാണ് ഞാന്‍ ചോദ്യം ചെയ്തത്.
ഗോവധ നിരോധനത്തിനുവേണ്ടി വാദിക്കുന്നവരില്‍ സംഘികള്‍ മാത്രമല്ല, ചില കോണ്‍ഗ്രസ് പ്രമാണിമാരും ഉണ്ടെന്നാണ് കേള്‍ക്കുന്നത്. ഇത്തരക്കാരോട് ഞാന്‍ ഒന്നു ചോദിച്ചോട്ടെ. ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്ന വാദ്യോപകരണമായ ഉടുക്ക് നിരോധിക്കാന്‍ ഇവര്‍ ആവശ്യപ്പെടുമോ എന്ന് കഥാകൃത്ത് എന്‍.എസ്. മാധവന്‍ ചോദിച്ച ചോദ്യം ഞാന്‍ ആവര്‍ത്തിക്കുകയാണ്. കാരണം, പശുവിന്റെ കുടല്‍ ഉപയോഗിച്ചാണല്ലോ ഈ ചര്‍മവാദ്യം ഉണ്ടാക്കുന്നത്? ഇനി, യമരാജന്‍ വരുന്നത് പോത്തിന്റെ പുറത്തായതുകൊണ്ട് പോത്തിറച്ചിയും കഴിച്ചുകൂടായെന്നു പറഞ്ഞെന്നുവരും. അതുപോലെ, മത്സ്യം വിഷ്ണുവിന്റെ അവതാരമായതുകൊണ്ട് അതും കഴിക്കാന്‍ പാടില്ലെന്നു പറഞ്ഞാല്‍ എന്തു ചെയ്യും? ‘ശാന്തം പാപം’ എന്നല്ലാതെ എന്തു പറയാന്‍?
ഈ വിധത്തിലെല്ലാം അത്യന്തം ആശങ്കാകുലവും ആസുരവുമായ നാളുകളാണ് നമുക്കു മുന്നിലുള്ളത്. ഈയൊരു പരിപ്രേക്ഷ്യത്തിലാണ് ‘ബീഫിന്റെ രാഷ്ട്രീയം’ എന്ന പുസ്തകത്തിന് പ്രസക്തിയേറുന്നത്.
ഭക്ഷണമെന്ന നിലയിലും ജീവല്‍പ്രശ്‌നം എന്ന നിലയിലും സാമ്പത്തിക-സാമൂഹ്യ പ്രശ്‌നം എന്ന നിലയിലും പശുവിന്റെയും ബീഫിന്റെയും ചരിത്രവും വര്‍ത്തമാനവും സൂക്ഷ്മമായി വിലയിരുത്തുന്ന മുപ്പത്തിയൊന്നു ലേഖനങ്ങളുടെ സമാഹാരമാണ് ഈ കൃതി. ഒപ്പം കല്‍ബുര്‍ഗി അടക്കമുള്ള ധൈഷണിക വ്യക്തിത്വങ്ങളുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍, ഫാസിസത്തിന്റെ രീതിശാസ്ത്രം എങ്ങനെയൊക്കെ നമ്മുടെ ഇടങ്ങളിലേക്ക് കയറിക്കൂടുന്നു എന്നും, അതിനെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത എന്ത് എന്നും വിശകലനം ചെയ്യുന്ന ആറ് അനുബന്ധ കുറിപ്പുകളും ഈ പുസ്തകത്തിലുണ്ട്.
ഇതിലെ ഓരോ ലേഖനവും വിശദമായി വിശകലനം ചെയ്യാന്‍ ഞാന്‍ മുതിരുന്നില്ല. പക്ഷേ, ഓരോ ലേഖനവും ഏറെ ഗൗരവസ്വഭാവമുള്ളതാണ്. ഇതിലെ ലേഖന കര്‍ത്താക്കളെല്ലാവരും തന്നെ അവരുടെ ചിന്തകള്‍ കൊണ്ടും എഴുത്തുകൊണ്ടും പ്രഭാഷണങ്ങള്‍കൊണ്ടും മലയാളിയുടെ സാമൂഹ്യ-സാംസ്‌കാരക ബോധ്യങ്ങളെ ഉണര്‍ത്തിക്കൊണ്ടിരിക്കുന്നവരാണ്. അതുകൊണ്ടു തന്നെ ഈ വിഷയത്തില്‍ അവരുടെ നിരീക്ഷണങ്ങളും നിഗമനങ്ങളും വായനക്കാര്‍ ഏറെ താല്‍പര്യത്തോടെ സ്വീകരിക്കും എന്ന് എനിക്കുറപ്പാണ്. കലഘട്ടത്തിന്റെ ഏറ്റവും സജീവമായ ഒരു രാഷ്ട്രീയ – സാംസ്‌കാരിക പ്രശ്‌നത്തില്‍ സമര്‍ത്ഥമായ ഇടപെടല്‍ നടത്താന്‍ ജാഗ്രത കാട്ടിയ ഹോണ്‍ബില്‍ ബുക്‌സിന്റെ പ്രവര്‍ത്തകരേയും ഇതിലെ ലേഖനകര്‍ത്താക്കളെയും ഞാന്‍ അഭിനന്ദിക്കുന്നു. ആസുരമായ ഈ കാലത്ത് ഇത്തരം ജാഗ്രതാപൂര്‍ണ്ണമായ ഇടപെടലുകളാണ് നമുക്ക് പ്രതീക്ഷയുടെ നേരിയ വെളിച്ചമെങ്കിലും നല്‍കുന്നതെന്നും എനിക്ക് അഭിപ്രായമുണ്ട്.
കൂടുതല്‍ ചര്‍ച്ചകളും സംവാദങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ട്, ഏറെ സന്തോഷത്തോടെ ‘ബീഫിന്റെ രാഷ്ട്രീയം’ ഞാന്‍ വായനക്കാര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നു.
ഹോണ്‍ബില്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ബീഫിന്റെ രാഷ്ട്രീയം എന്ന പുസ്തകം പ്രകാശനം ചെയ്ത് നടത്തിയ പ്രസംഗം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in