എഴുത്ത് – ആധുനികതക്ക് മുമ്പും പിമ്പും

കെ സച്ചിദാനന്ദന്‍ വിറകുവെട്ടുകാരനെ കുറിച്ചൊരു കഥയുണ്ട്. അയാള്‍ പറയുന്നത് തന്റെ കൈയിലുള്ള കോടാലി പൂര്‍വ്വീകര്‍ നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നതാണെന്നാണ്. കോടാലിയുടെ അലക് തേയില്ലേ എന്നു ചോദിച്ചാല്‍ അയാള്‍ പറയും, ഉവ്വ്, അത് പല തവണ മാറിയിട്ടുണ്ട്. പിടിയോ? അതും മാറിയിട്ടുണ്ട്. പക്ഷെ കോടാലി മാറിയിട്ടില്ല. ഇതാണ് സത്യത്തില്‍ പാരമ്പര്യവും നവീകരണവും തമ്മിലുള്ള ബന്ധം. പാരമ്പര്യം എന്നു വിശേഷിപ്പിക്കപ്പെടുന്നത് ഭൂതമായ ഒന്നിനെയല്ല. നിരന്തരം വളരുന്ന, സജീവമായ, തുടര്‍ച്ചയായി നവീകരിക്കപ്പെടുന്ന ഒന്നാണ്. അത് നവീകരണങ്ങളുടെ അനസ്യൂതിയാണ്. ഒരു കാലത്തെ നവീനത തന്നെയാണ് […]

sss കെ സച്ചിദാനന്ദന്‍

വിറകുവെട്ടുകാരനെ കുറിച്ചൊരു കഥയുണ്ട്. അയാള്‍ പറയുന്നത് തന്റെ കൈയിലുള്ള കോടാലി പൂര്‍വ്വീകര്‍ നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നതാണെന്നാണ്. കോടാലിയുടെ അലക് തേയില്ലേ എന്നു ചോദിച്ചാല്‍ അയാള്‍ പറയും, ഉവ്വ്, അത് പല തവണ മാറിയിട്ടുണ്ട്. പിടിയോ? അതും മാറിയിട്ടുണ്ട്. പക്ഷെ കോടാലി മാറിയിട്ടില്ല.
ഇതാണ് സത്യത്തില്‍ പാരമ്പര്യവും നവീകരണവും തമ്മിലുള്ള ബന്ധം. പാരമ്പര്യം എന്നു വിശേഷിപ്പിക്കപ്പെടുന്നത് ഭൂതമായ ഒന്നിനെയല്ല. നിരന്തരം വളരുന്ന, സജീവമായ, തുടര്‍ച്ചയായി നവീകരിക്കപ്പെടുന്ന ഒന്നാണ്. അത് നവീകരണങ്ങളുടെ അനസ്യൂതിയാണ്. ഒരു കാലത്തെ നവീനത തന്നെയാണ് പിന്നീട് പാരമ്പര്യമായി മാറുന്നത്.
എഴുത്തച്ഛന്റെ ഭാഷതന്നെയാണല്ലോ നാമിന്നും ഉപയോഗിക്കുന്നത്. എന്നാല്‍ അതിനു മാറ്റമില്ലേ? ഉണ്ട്. ആശാനും വൈലോപ്പിള്ളിയും ചങ്ങമ്പുഴയുമൊക്കെ ഉപയോഗിക്കുമ്പോള്‍ അതില്‍ മാറ്റമുണ്ടാകുന്നു. വ്യത്യസ്ഥമാകുന്നു. അതിനെ മുന്നോട്ടുപോക്കെന്നോ വളര്‍ച്ചയെന്നോ അല്ല, മാറ്റം എന്നാണ് പറയേണ്ടത്.
സാഹിത്യത്തില്‍ പ്രസ്ഥാനമെന്നൊക്കെ നാം പറയാറുണ്ട്. ഭക്തിപ്രസ്ഥാനം, ആധുനികതാ പ്രസ്ഥാനം എന്നൊക്കെ. ഇവയൊക്കെ പിന്നീടാണ് ഇത്തരം നാമധേയങ്ങളാല്‍ വിശേഷിക്കപ്പെടാറ്. ഏറെ കാലത്തിനുശേഷം തിരിഞ്ഞു നോക്കുമ്പോള്‍ കാണുന്ന വിച്ഛേദനവും സമാനതയുമാണ് അത്തരത്തില്‍ വിശേഷിക്കപ്പെടാന്‍ കാരണം. എഴുതുമ്പോള്‍ ആരും കരുതിയിരുന്നില്ല തങ്ങള്‍ ഏതെങ്കിലും പ്രസ്ഥാന്തതിന്റെ ഭാഗമാണെന്ന്. പൊതുവില്‍ പറഞ്ഞാല്‍ രാജാക്കന്മാര്‍ക്കുപകരം ജനങ്ങള്‍ക്കുവേണ്ടി, സ്വന്തം ഭാഷയില്‍, പൗരോഹിത്യത്തിനെതിരെ എഴുതിയവരെയാണല്ലോ പില്‍കാലത്ത് ഭക്തിപ്രസ്ഥാനമെന്നു നാം വിശേഷിപ്പിച്ചത്. അതുപോലെ ആധുനികതയും ചെറിയൊരു സാഹിത്യ വിച്ഛേദനമാണ്. കാല്‍പ്പനികതക്കെതിരായ വലിയൊരു വിപ്ലവമാണ് അതെന്നൊന്നും പറയുന്നതില്‍ അര്‍ത്ഥമില്ല. തിരിഞ്ഞുനോക്കുമ്പോള്‍ അങ്ങനെ തോന്നുമായിരിക്കാം. ഇന്ത്യയിലെ മിക്ക ഭാഷകളിലും ഇത്തരമൊരു വ്യതിയാനം വന്നിരുന്നു. മറാഠിയില്‍ മായടേക്കര്‍, കന്നഡയില്‍ ഗോപാലകൃഷ്ണ അഡിഗ, ബംഗാളില്‍ ജീവനാനന്ദ ദാസ്, ഹിന്ദിയില്‍ മുക്തിബോധ്, മലയാളത്തില്‍ വൈലോപ്പിള്ളി, ഇടശ്ശേരി എന്നിങ്ങനെ ആ പട്ടിക നീളുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുശേഷമുണ്ടായ മൂല്യപരമായ അപചയത്തോടുള്ള പ്രതികരണങ്ങളായിരുന്നു പൊതുവിലിവ. അധികാരകേന്ദ്രീകരണം, കൃഷിയുടേയും ഗ്രാമങ്ങളുടേയും നാശം, തൊഴിലില്ലായ്മ, നഗരങ്ങളിലേക്കുള്ള പലായനം, ദാരിദ്ര്യം ഇവയെല്ലാം ചേര്‍ന്ന ആധുനിക അനുഭവമായിരുന്നു അവയുടെ പശ്ചാത്തലം. സത്യത്തില്‍ ആധുനികസാഹിത്യം ഈ ആധുനികതക്കെതിരായ പ്രതിരോധമായിരുന്നു. ഒ വി വിജയനിലും കക്കാടിലും അയ്യപ്പപണിക്കരിലുമൊക്കെ ഈ പ്രതിരോധം കാണാം. അനന്തമൂര്‍ത്തിയുടെ സംസ്‌കാര, ഭീഷണമായ ഈ സംഘര്‍ഷത്തിന്റെ ആവിഷ്‌കാരമാണ്.
പലരീതികളിലാണ് ഈ ആവിഷ്‌കാരങ്ങള്‍ രംഗത്തുവന്നത്. നവീനമായ, ഞെട്ടിപ്പിക്കുന്ന ബിംബങ്ങളും ഭാഷയില്‍ പുതിയ ചേരുവകളും നാം കണ്ടു. ഈ പുതിയ ശൈലിയാണ് പിന്നീട് ആധുനികതയായി വിശേഷിക്കപ്പെട്ടത്. അത് കാല്‍പ്പനികതയുടെ അന്ത്യമെന്നൊന്നും പറയാനാകില്ല. മറിച്ച് അതുവരെ ശക്തമായിരുന്ന ടാഗോര്‍ സിന്‍ഡ്രത്തിനെതിരായ ഘടകങ്ങള്‍ അവയില്‍ കാണാം. സത്യത്തില്‍ ഓരോ ഭാഷയിലും ടാഗോറുമാര്‍ ഉണ്ടായിരുന്നു. അതിനാല്‍ പിതൃഹത്യകള്‍ അനിവാര്യമായിരുന്നു. ബംഗാളില്‍ സുനില്‍ ഗംഗോപാധ്യായ അതുചെയ്തു. ഇവിടെ അയ്യപ്പ പണിക്കര്‍ വള്ളത്തോളിനെ തിരുത്തിയപോലെ. ജി ശങ്കരകുറുപ്പിനെ പലരും നിഷേധിച്ചപോലെ. പൊതുവില്‍ പറഞ്ഞാല്‍ രവീന്ദ്രാതുരതക്കെതിരായ പൊതുസമീപനം എല്ലാ ഭാഗത്തുമുള്ള കൃതികളിലും കാണാമായിരുന്നു. അന്നത് അനിവാര്യമായിരുന്നു. ഭാഷയിലും ഘടനയിലുമെല്ലാം മാറ്റങ്ങളുണ്ടായി. മനുഷ്യത്വത്തിന്റെ നഷ്ടത്തിനെതിരായ ചെറുത്തുനില്‍പ്പുകളുണ്ടായി. അതൊന്നും ആരുടേയും കല്‍പ്പനയനുസരിച്ച് ഉണ്ടായതല്ല. പുരോഗമന സാഹിത്യക്കാര്‍ എന്നു വിശേഷിക്കപ്പെടുന്നവര്‍ ഇവയെ അപചയത്തിന്റെ സാഹിത്യം എന്നുവിളിച്ച് ആക്ഷേപിക്കുകയായിരുന്നു.
തുടര്‍ന്ന് ആധുനികതയും ചോദ്യം ചെയപ്പെട്ടു. അതും സ്വാഭാവികം. അതിലും കാണാം വൈവിധ്യമാര്‍ന്ന ശാഖകള്‍. ആധുനികരുടെ ശൈലിയോട് കടപ്പെട്ടുതന്നെ സമത്വസുന്ദരമായ ലോകത്തെ സ്വപ്‌നം കണ്ടവര്‍. അത്തരത്തില്‍ ചിന്തിക്കുന്നവരോട് ഐക്യപ്പെട്ടവര്‍. കെജിഎസും ആറ്റൂരും പോലുള്ളവര്‍. അവരോടൊപ്പം പാരമ്പര്യത്തില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട കടമ്മനിട്ടയും കക്കാടും പോലെയുള്ളവര്‍. മറ്റൊന്ന് ചെറുത്തുനില്പ്പിനായി പ്രാദേശികതയിലേക്ക് മടങ്ങിയവര്‍, കേന്ദ്രീകരണത്തിനെതിരെ ഫെഡറലിസത്തെ പിന്തുണക്കുന്നവര്‍. അതുപോലെ സാഹിത്യത്തിലേക്ക് കരുത്തോടെ കടന്നു വന്ന സ്ത്രീകള്‍, ദളിതര്‍, ആദിവാസികള്‍….  പാര്‍ശ്വവല്കൃതര്‍ തങ്ങളുടെ ഭാഷയെ തിരിച്ചുപിടിക്കാനാരംഭിച്ചു. സാമൂഹ്യശാസ്ത്രപരമായി മാത്രമല്ല, സൗന്ദര്യശാസ്ത്രപരമായും. ജോസഫിന്റെ കവിതകള്‍ മികച്ച ഉദാഹരണം. ആധുനികതയുടെ കേന്ദ്രത്തിലുണ്ടായിരുന്ന വ്യക്തി ചോദ്യം ചെയ്യപ്പെട്ടു.  വൈവിധ്യമാര്‍ന്ന ധാരകളിലൂടെയാണ് ഇന്ന് സാഹിത്യം മുന്നോട്ടുപോകുന്നത്. ഒപ്പം സാങ്കേതികവിദ്യ നല്കിയ സൗകര്യങ്ങളും ഈ മാറ്റത്തിനു കുതിപ്പേകി. അത്തരത്തിലൂടെയുള്ള കാലത്താണ് നാം ജീവിക്കുന്നതെന്ന് പൊതുവില്‍ പറയാം.

സാഹിത്യ അക്കാദമിയില്‍ നടന്ന പ്രഭാഷണത്തില്‍ നിന്ന്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply