എന്തുകൊണ്ട് ബീഫ് ഓണം?
എന്തുകൊണ്ട് ബീഫ് ഓണം? മോദികാലത്ത് ബ്രാഹ്മണ്യത്തിന്റേയും സവര്‍ണ്ണവല്‍ക്കരണത്തിന്റേയും പ്രതീകമായി ബീഫ് നിരോധനം മാറുമ്പോള്‍ മറ്റെന്താണ് പ്രസക്തം? ബ്രാഹ്മണ്യത്തിനെതിരെ ഓണം എന്നു പറയുമ്പോള്‍ നെറ്റിചുളിയേണ്ടതില്ല. മാവേലി സങ്കല്‍പ്പം എന്നും ബ്രാഹ്മണ്യത്തിനു എതിരുതന്നെയായിരുന്നു. മാവേലി നാടുവാണീടും കാലം എന്ന വരികള്‍ പാടുന്ന നാം മിക്കവാറും അതു മുഴുവനാക്കാറില്ലല്ലോ. ആ പ്രശസ്തഗാനത്തിലെ അവസാനവരികള്‍ നോക്കുക. ബ്രാഹ്മണര്‍ക്ക് ഈര്‍ഷ്യ വളര്‍ന്നു വന്നു ഭൂതി കെടുത്തുവാന്‍ അവര്‍ തുനിഞ്ഞു കൗശലമാര്‍ന്നൊരു വാമനനെ വിട്ടു, ചതിച്ചവര്‍ മാബലിയെ ദാനം കൊടുത്ത സുമതി തന്റെ ശീര്‍ഷം ചവിട്ടിയാ […]
എന്തുകൊണ്ട് ബീഫ് ഓണം? മോദികാലത്ത് ബ്രാഹ്മണ്യത്തിന്റേയും സവര്‍ണ്ണവല്‍ക്കരണത്തിന്റേയും പ്രതീകമായി ബീഫ് നിരോധനം മാറുമ്പോള്‍ മറ്റെന്താണ് പ്രസക്തം? ബ്രാഹ്മണ്യത്തിനെതിരെ ഓണം എന്നു പറയുമ്പോള്‍ നെറ്റിചുളിയേണ്ടതില്ല. മാവേലി സങ്കല്‍പ്പം എന്നും ബ്രാഹ്മണ്യത്തിനു എതിരുതന്നെയായിരുന്നു. മാവേലി നാടുവാണീടും കാലം എന്ന വരികള്‍ പാടുന്ന നാം മിക്കവാറും അതു മുഴുവനാക്കാറില്ലല്ലോ. ആ പ്രശസ്തഗാനത്തിലെ അവസാനവരികള്‍ നോക്കുക.
ബ്രാഹ്മണര്‍ക്ക് ഈര്‍ഷ്യ വളര്‍ന്നു വന്നു
ഭൂതി കെടുത്തുവാന്‍ അവര്‍ തുനിഞ്ഞു
കൗശലമാര്‍ന്നൊരു വാമനനെ
വിട്ടു, ചതിച്ചവര്‍ മാബലിയെ
ദാനം കൊടുത്ത സുമതി തന്റെ
ശീര്‍ഷം ചവിട്ടിയാ യാചകന്‍
വര്‍ണ വിഭാഗ വ്യവസ്ഥ വന്നു
മന്നിടം തന്നെ നരകമാക്കി
മര്‍ത്യനെ മര്‍ത്ത്യന്‍ അശുദ്ധമാക്കും
അയിത്ത പിശാചും കടന്നുകൂടി
തന്നില്‍ അശക്തന്റെ മേലെ കേറും
തന്നില്‍ ബലിഷ്ടന്റെ കാലു താങ്ങും
സാധുജനതിന്‍ വിയര്‍പ്പ് ഞെക്കി
നക്കികുടിച്ചു മടിയര്‍ വീര്‍ത്തു
സാധുക്കള്‍ അക്ഷരം ചൊല്ലിയെങ്കില്‍
ഗര്‍വിഷ്ടരീ ദുഷ്ടര്‍ നാവറുത്തു
സ്ത്രീകള്‍ ഇവര്‍ക്ക് കളിപ്പനുള്ള
പാവകളെന്നു വരുത്തി തീര്‍ത്തു
എത്ര നൂറ്റാണ്ടുകള നമ്മളേവം
ബുദ്ധിമുട്ടുന്നു സോദരരെ
നമ്മെ ഉയര്‍തുവാന്‍ നമ്മളെല്ലാം
ഒന്നിച്ചു ഉണരേണം കേള്‍ക നിങ്ങള്‍
ബ്രാഹ്മണഉപഞ്ഞ മതം കെട്ട മതം
സേവിപ്പരെ ചവിട്ടും മതം
നമ്മളെ തമ്മില്‍ അകത്തും മതം
നമ്മള്‍ വെടിയണം നന്മ വരാന്‍
(സഹോദരന്‍ അയ്യപ്പന്റെ പദ്യകൃതികള്‍ സിസി ബുക്‌സ്, 1981
എഡിറ്റര്‍ പ്രൊഫ . എം കെ സാനു.)
എങ്കില്‍ ബ്രാഹ്മണ്യപുനസ്ഥാപന ശ്രമങ്ങള്‍ക്കെതിരെ ഓണത്തെ ബീഫ് ഓണമാക്കുകയല്ലേ വേണ്ടത്?
മാവേലിയെ കുറിച്ചുള്ള കഥകളില്‍ അത്യുക്തിയുണ്ടെന്നതില്‍ സംശയമില്ല. അതൊരു സ്വപ്‌നമാണ്. അതേസമയം ഓണത്തിന് എത്രയോ പാഠഭേദങ്ങള്‍. പാണര്‍, കുറിച്യര്‍ തുടങ്ങിയ പഴം തമിഴ് വംശക്കാരുടെ കലാപ്രകടനങ്ങളിലും പില്ക്കാലത്ത് ഹൈന്ദവസമൂഹത്തിലെ സവര്‍ണ്ണരും അവര്‍ണ്ണരുമായ പല ജാതി സമുദായക്കാരുടെ അനുഷ്ഠാനങ്ങളിലും ആരാധനകളിലും പ്രത്യക്ഷപ്പെട്ട് ആധുനിക ദശയില്‍ കേരളീയരുടെ ദേശീയാഘോഷമായി മാറിയതാണ് ഓണമെന്നതാണ് ഏറ്റവും വിശ്വസനീയം. ഓരോ സമുദായത്തിലും ഓരോ കാലത്തും ഓരോ പ്രദേശത്തും അത് വിഭിന്നമായിരുന്നു. ചരിത്രമെന്നതിനേക്കാല്‍ അതൊരു മിത്താണ്.
പാണന്‍, വണ്ണാന്‍, മണ്ണാന്‍, വേലന്‍, പറയര്‍, പുലയര്‍, കണക്കര്‍, ചെറുമര്‍ തുടങ്ങിയ ദളിത് വിഭാഗങ്ങളാണ് ഓണപ്പാട്ടുകളില്‍ വലിയ പങ്കും പാടി നടന്നിരുന്നത്. ഇവര്‍ക്കൊന്നും ഓണത്തിനു കാര്യമായ അനുഷ്ഠാന ചടങ്ങുകളില്ലായിരുന്നു. എന്നാല്‍ ഇവരുടെ ആഖ്യാനപാരമ്പര്യം വ്യക്തമാക്കുന്നത് ഓണം അവരുടെ ജീവിതത്തെ ഏറെ സ്വാധീനിച്ചിരുന്നു എന്നു തന്നെയാണ്. ഇവരുടെ പാട്ടുകളിലെല്ലാം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മാവേലിയുണ്ട്. കുറിച്യരുടെ മരമായപാട്ടില്‍ അത് മാവോതിയാണ്. പാക്കനാര്‍ പാട്ടിലും ഭദ്രകാളിപ്പാട്ടിലുമെല്ലാം മാവേലി കടന്നു വരുന്നു. 18-10-1821 കാലഘട്ടത്തില്‍ കേരളത്തില്‍ സര്‍വ്വേ നടത്തിയ വാര്‍ഡും കോണറും രേഖപ്പെടുത്തിയത് ഓണക്കാലം ഏറ്റവും നികൃഷ്ടരായി പരിഗണിച്ചിരുന്ന പുലയര്‍ക്കുപോലും വിശ്രമത്തിന്റേയും സന്തോഷത്തിന്റേയും കാലമായിരുന്നു എന്നാണ്. അതവര്‍ക്ക് ജന്മിയുടെ ഔദാര്യമായിരുന്നില്ല, അവകാശമായിരുന്നു. അവ അനുഷ്ഠാനങ്ങള്‍ വളരെ കുറഞ്ഞ വൈവിധ്യങ്ങള്‍ നിറഞ്ഞ ‘ഓണങ്ങള്‍’ ആയിരുന്നു. പിന്നീട് കേരളത്തിന്റെ ഇടതുപക്ഷ മനസ്സ് അതിനെ തങ്ങള്‍ വിഭാവനം ചെയ്ത സമത്വമായും മഹാബലിയെ കമ്യൂണിസ്റ്റായും വ്യാഖ്യാനിച്ചു. കര്‍ഷകയൂണിയനുകളുടെ വ്യാപനകാലത്ത് ഓണത്തിനു കാര്‍ഷിക ഉത്സവമെന്ന വ്യാഖ്യാനവും വന്നു. ഐക്യകേരള പ്രസഥാനത്തോടെ ദേശീയ ഉത്സവമായി പരിഗണിക്കപ്പെട്ടു.. അതിനിടയിലാണ് ഓണത്തിന്റെ സവര്‍ണ്ണ ആഖ്യാനങ്ങള്‍ പ്രാബല്ല്യത്തിലായതും സവര്‍ണ്ണചിഹ്നങ്ങള്‍ പ്രതീകങ്ങളായതും. സെറ്റുമുണ്ട് ശേശീയവേഷവും കാളന്‍ ദേശീയ ഭക്ഷണവുമായി.
കോളനി ആധുനികതയുടെ കേരളത്തിലെ പ്രബലമായ തരംഗങ്ങളിലൊന്നായ ജാതി സമുദായ രൂപീകരണകാലത്ത് ഇഴവര്‍, നായര്‍, ബ്രാഹ്മണര്‍ എന്നിവരെല്ലാം സംഘടിച്ചപ്പോള്‍ ഓണത്തെ കുറിച്ചുള്ള സവര്‍ണ്ണ വ്യാഖ്യാനങ്ങള്‍ കൂടുതല്‍ ശക്തമായി. മലയാളിയുടെ പ്രവാസജീവിതം ശക്തമായതോടെ ഓണമെന്ന വികാരത്തിന് തീവ്രത കൂടി. പ്രവാസികളുടെ സ്വത്വസംഘര്‍ഷത്തെ നേരിടുന്ന രീതിയില്‍ അവര്‍ ഓണത്തെ വ്യാഖ്യാനിച്ചു. ആഘോഷിച്ചു. ആദ്യകാലത്ത് പ്രവാസജീവിതം നയിച്ചത് മുഖ്യമായും സവര്‍ണ്ണവിഭാഗങ്ങള്‍ ആയിരുന്നു. അവര്‍ പുറംനാടുകളില്‍ മലയാളി ക്ലബ്ബുകള്‍ ഉണ്ടാക്കി. സവര്‍ണ്ണ ഇടതുപക്ഷ സംഘടനകളായിരുന്നു അവ. ഈ ക്ലബ്ബുകളില്‍ ഓണഘോഷം സജീവമായി. സവര്‍ണ്ണവിഭാഗങ്ങളും ഇടതുപക്ഷവും അങ്ങനെ ഓണത്തിന്റെ ശക്തരായ വക്താക്കളായി. തുടര്‍ന്ന് ഇ്ന്നു ചാനലുകള്‍ തുറന്നാല്‍ കാണുന്ന ഗഗൃഹാതുരത്വ വാചാടോപങ്ങളും വ്യാപകമായി. അങ്ങനെയൊക്കെയാണ് ഓണം സവര്‍ണ് ഓണമായത്. അതു തിരിച്ചുപിടിക്കുന്നതിന്റെ ആദ്യപടിയാകട്ടെ ബീഫ് ഓണം.
ഇതിനെല്ലാം സമാന്തരമായി സംഭവിച്ച മറ്റൊരു മാറ്റവും വളരെ പ്രസക്തമാണ്. ദേശീയോത്സവമായി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞ ഓണത്തിന്റെ നായകന്
പരിഹാസരൂപങ്ങള്‍ ഉടലെടുത്തതാണത്. രാജ്യം നഷ്ടപ്പെട്ട രാജാക്കന്മാര്‍ കളിപ്പാട്ടമായി തീരാറുണ്ടെന്നത് ശരി. എന്നാല്‍ അതുപോലെയാണോ മാവേലി? മാവേലി ഭരിച്ച കാലത്തെ കുറിച്ചുള്ള സങ്കല്‍പ്പം തന്നെ സമത്വത്തിന്റേതല്ലേ? കള്ളവും ചതിയുമില്ലാത്ത കാലത്തിന്റേതല്ലേ? മാവേലിയെ കോമാളിയാക്കുന്ന നാം സത്യത്തില്‍ ചെയ്യുന്നത് അക്കാലത്തെ തമസ്‌കരിക്കലല്ലേ? അതുകൊണ്ടു കൂടിയല്ലേ ഈ വര്‍ഷം ഇതിനകം ഓണാഘോഷത്തിന് രണ്ടു എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ രക്തസാക്ഷികളായത്?
അടുത്ത കാലം വരെ മാവേലിയുടെ രൂപം ഇതായിരുന്നില്ലല്ലോ. ഏതാനും ദശകങ്ങള്‍ക്കുമുമ്പ് സാമൂഹ്യചലനങ്ങളുടെ കാലത്ത്്, മഹാബലി വെണ്‍താടിയുള്ള, വിരിഞ്ഞ കണ്ണും തൂമന്ദഹാസവുമുളള ദൃഢകായനായ ഒരു രക്ഷാപുരുഷ സങ്കല്പമായിരുന്നു. കേരളത്തില്‍ രൂപംകൊണ്ട ജനാധിപത്യ ഭരണത്തില്‍ മലയാളികള്‍ക്കുള്ള പ്രതീക്ഷയുടെ പ്രതീകമായിരുന്നു പുഞ്ചിരിയും വിരിഞ്ഞ കണ്ണും വെളുത്ത താടിയും ഉള്ള ആ ദൃഢഗാത്രം.
ഓണപ്പുതുവെയില്ത്താടിയും, നല്‍ത്തെളി
വാനത്തിനൊത്ത വിരിഞ്ഞ കണ്ണും
തുമ്പ മലരൊളിത്തൂമന്ദഹാസവും
തമ്പുരാന്‍ മാബലി തന്നെയല്ലോ (കുന്നിമണികള്‍ 1953)
എന്ന് വൈലോപ്പിള്ളി എഴുതിയതങ്ങനെയാണല്ലോ. അടിയാത്തിയുടെ പഴം കുടിലില്‍ എഴുന്നള്ളിയ മാവേലിത്തമ്പുരാനെ കടത്തനാട്ട് മാധവിയമ്മ കണ്ടതോ?
മണികണ്ടു കണ്ടു ഞാന്‍ കമ്രമാമ
ക്കനകകോടീരവും തെച്ചിപ്പൂവും
ഉടയും വെണ്താടിയും കാല്‍ച്ചിലമ്പും
കുടയും കിലുങ്ങുമ പ്പൊന്മണിയും (1947)
കോഴിക്കോടിനു വടക്കുള്ള മലയസമുദായത്തിന്റെ ഓണേശ്വരന്‍ അഥവാ ഓണപ്പൊട്ടന്‍ എന്ന ചെറുതെയ്യമാണ് മാധവിയമ്മയുടെ ഭാവനയിലെ മഹാബലി.
കുറച്ചുകൂടി കാലം മുമ്പ് കപ്പന കണ്ണന്‍ മേനോന്‍ ചെറുകഥയില്‍ മഹാബലിയെ വര്‍ണിക്കുന്നതും ഒരു രക്ഷാപുരുഷനായിട്ടു തന്നെ എന്ന് ഈ വിഷയത്തില്‍ പഠനം നടത്തിയ പി രണ്‍ജിത് ചൂണ്ടികാട്ടുന്നു. വെണ്‍ചാമരപോലുള്ള താടി രോമം അരവരെ നീണ്ടു ചുരുണ്ട് ആ താടിക്കാരന്റെ വാര്‍ധക്യത്തെ വ്യക്തമായി സൂചിപ്പിച്ചു എങ്കിലും അദ്ദേഹത്തിന്റെ ആനക്കൊമ്പുകൊണ്ടു വാര്‍ത്തെടുത്തതു പോലുള്ള കയ്യും കഴുത്തും അദ്ദേഹം ദൃഢഗാത്രനായൊരു മഹാശക്തനാണെന്നു തെളിവുകൊടുപ്പാനായി തയ്യാറുണ്ടായിരുന്നു.
(കഴിഞ്ഞ ആണ്ടിലെ തിരുവോണദിവസം: ഒരു കേരളീയന്നുണ്ടായ അത്യാശ്ചര്യകരമായ ഒരനുഭവം അഥവാ യഥാര്‍ഥ മഹാബലി 1928)
മേല്‍ജാതി, കീഴ്ജാതി, ധനിക ദരിദ്ര വ്യത്യാസങ്ങളില്ലാതെ ജനങ്ങളെ
കാണുന്ന ഈ പിതൃസങ്കല്പം അന്നത്തെ കേരളീയതക്ക് വളരെയേറെ
വിലപ്പെട്ടതായിരുന്നു. മറ്റു പല ദളിത് ആഖ്യാനങ്ങളും അരികുകളിലേക്ക് തള്ളിമാറ്റപ്പെട്ടപ്പോഴും മലബാറിലെ മലയരുടെ ദൃശ്യാഖ്യാനമായ ഓണപ്പൊട്ടനാണ് മഹാബലിസങ്കല്പത്തിന് ശരീരം നല്‍കിയത്.
20-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ തന്നെ വൃദ്ധനെങ്കിലും ദൃഢഗാത്രനായ മഹാബലിക്ക് നേര്‍വിപരീതമായ ഒരു ശരീരഭാഷ കാര്‍ട്ടൂണുകളില്‍ രൂപം കൊണ്ടു തുടങ്ങിയിരുന്നു. പിന്നീടത് കുടവയറും കുറിയ കൈകാലുകളുമുള്ള കോമാളിരൂപമായി മാറി. അതു കേവലം യാദൃശ്ചികമല്ല, കേരളത്തിന്റെ സാമൂഹ്യചലനങ്ങളുടെ പ്രതിഫലനം കൂടിയാണത്. വ്യത്യസ്ഥമായി ചിന്തിക്കാനുള്ള ശ്രമങ്ങള്‍ പിന്നീടും ഉണ്ടായിട്ടുണ്ട്. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയും മറ്റും അതിനായി ശ്രമിച്ചു. എന്നാല്‍ ഓണക്കച്ചവടത്തിന് ഏറ്റവും യോജിച്ചത് ഇപ്പോഴത്തെ കാര്‍ട്ടൂണ്‍ രൂപം തന്നെയാണല്ലോ. പഴയ സ്വപ്നം വീണ്ടും ഓര്‍ക്കാന്‍ പോലുമാകാത്ത തരത്തില്‍ കേരളരാഷ്ട്രീയം മാറിക്കഴിഞ്ഞു. അപ്പോള്‍ ജാതി, മതം, സമ്പത്ത് എന്നിവയുടെ വേര്‍തിരിവുകള്‍ക്ക് അതീതമായി സമത്വത്തിന്റെ ഒരു നേതൃത്വ സങ്കല്പം മലയാളി എങ്ങിനെ സ്വപ്നം കാണും? നമുക്കിന്നു യോജിക്കുക സവര്‍ണ്ണ കോമാളി രൂപം തന്നെ…..
കടപ്പാട് : മലയാളിയുടെ ഭൂതകാലങ്ങള്‍ – ഓണവും സാമൂഹ്യ ഭാവനാ ലോകവും : ഡോ. പി രണ്‍ജിത്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in