എന്തുകൊണ്ട് ക്രിട്ടിക് സിപിഎമ്മിനെ വിമര്‍ശിക്കുന്നു..??
ക്രിട്ടിക്ക് നിരന്തരമായി സിപിഎമ്മിനെ ആക്രമിക്കുന്നു എന്ന പരാതി നിരവധി സുഹൃത്തുക്കള്‍ ഉന്നയിക്കാറുണ്ട്. അടുത്തയിടെ ഈ വിമര്‍ശനം ശക്തമായി. ഒരുപക്ഷെ അത് തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ടാകാം. തീര്‍ച്ചയായും അതിനൊരു മറുപടി നല്‍കേണ്ടതാണല്ലോ. സത്യത്തില്‍ ക്രിട്ടിക്ക് ഏറ്റവുമധികം വിമര്‍ശിക്കുന്നത് സംഘപരിവാറിനേയും അവരുടെ രാഷ്ട്രീയത്തേയുമാണെന്ന് സ്ഥിരം വായനക്കാര്‍ക്കറിയാം. എന്നാല്‍ കേരളീയ പശ്ചാത്തലവുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും സിപിഎമ്മിനെ ശക്തമായി വിമര്‍ശിക്കാറുണ്ടെന്നത് ശരിയാണ്. അത് കൃത്യമായി വസ്തുതകള്‍ ചൂണ്ടികാട്ടിയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ക്രിട്ടിക്കിനെ വിമര്‍ശിക്കുന്ന മിക്കവരും ആ കാര്യങ്ങള്‍ പരിശോധിക്കാന്‍ മിനക്കെടാതെ, അവക്ക് മറുപടി […]
ക്രിട്ടിക്ക് നിരന്തരമായി സിപിഎമ്മിനെ ആക്രമിക്കുന്നു എന്ന പരാതി നിരവധി സുഹൃത്തുക്കള്‍ ഉന്നയിക്കാറുണ്ട്. അടുത്തയിടെ ഈ വിമര്‍ശനം ശക്തമായി. ഒരുപക്ഷെ അത് തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ടാകാം. തീര്‍ച്ചയായും അതിനൊരു മറുപടി നല്‍കേണ്ടതാണല്ലോ. സത്യത്തില്‍ ക്രിട്ടിക്ക് ഏറ്റവുമധികം വിമര്‍ശിക്കുന്നത് സംഘപരിവാറിനേയും അവരുടെ രാഷ്ട്രീയത്തേയുമാണെന്ന് സ്ഥിരം വായനക്കാര്‍ക്കറിയാം. എന്നാല്‍ കേരളീയ പശ്ചാത്തലവുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും സിപിഎമ്മിനെ ശക്തമായി വിമര്‍ശിക്കാറുണ്ടെന്നത് ശരിയാണ്. അത് കൃത്യമായി വസ്തുതകള്‍ ചൂണ്ടികാട്ടിയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ക്രിട്ടിക്കിനെ വിമര്‍ശിക്കുന്ന മിക്കവരും ആ കാര്യങ്ങള്‍ പരിശോധിക്കാന്‍ മിനക്കെടാതെ, അവക്ക് മറുപടി പറയാതെ, സിപിഎമ്മിനോട് അന്ധമായ വിരോധം എന്നു പറയുക മാത്രമാണ് ചെയ്യുന്നത്. പലരും സംഘിയെന്നും യുഡിഎഫ് എന്നും വിളിക്കുന്നു. ജനാധിപത്യസംവിധാനത്തെ മുന്നോട്ടു നയിക്കുന്നത് വിമര്‍ശനങ്ങളാണെന്ന വസ്തുതയാണ് ഇവിടെ വിസ്മരിക്കപ്പെടുന്നത്.
ജനാധിപത്യത്തെ കൂടുതല്‍ പരിപക്വമാക്കുക എന്ന രാഷ്ട്രീയലക്ഷമാണ് പൊതുവില്‍ ക്രിട്ടിക്കിനു പുറകില്‍ പ്രവര്‍ത്തിക്കുന്നവരെ നയിക്കുന്നത്. പിന്നെ സമകാലിക വികസനത്തിന്റെ രക്തസാക്ഷികളായി മാറുന്ന പരിസ്ഥിതി, ദളിതുകളും ആദിവാസികളും മുസ്ലിമുകളും സ്ത്രീകളും ലൈംഗിക ന്യൂനപക്ഷങ്ങളും തുടങ്ങിയ വൈവിധ്യമാര്‍ന്ന സാമൂഹ്യവിഭാഗങ്ങളോടൊപ്പം നില്‍ക്കുക എന്നതും ഞങ്ങളുടെ പ്രഖ്യാപിത നിലപാടാണ്. ഈ നിലപാടില്‍ നിന്ന് സമകാലിക പ്രശ്‌നങ്ങളില്‍ ഇടപെടുമ്പോഴാണ് കേരളത്തില്‍ പലപ്പോഴും സിപിഎമ്മിനെ ശക്തമായി വിമര്‍ശിക്കേണ്ടിവരുന്നത്. അതിനെ കേവലം കക്ഷിരാഷ്ട്രീയപ്രശ്‌നമായി കണ്ടാല്‍ മറിച്ചുതോന്നുമായിരിക്കാം.
വാസ്തവത്തില്‍ ജനാധിപത്യം എന്ന സംവിധാനത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അംഗീകരിക്കുന്നുണ്ടോ..? ബൂര്‍ഷ്വാജനാധിപത്യം എന്നാണല്ലോ അവരതിനെ വിശേഷിപ്പിക്കുന്നതു തന്നെ? സോഷ്യലിസവും കമ്യൂണിസവുമൊക്കെ കെട്ടിപ്പടുക്കുന്നതിനെ കുറിച്ചുള്ള മാര്‍ക്‌സിയന്‍ സിദ്ധാന്തത്തില്‍ തന്നെ ജനാധിപത്യവിരുദ്ധതയില്ലേ? വ്യവസായിക വിപ്ലവത്തിലൂടെ ഉയര്‍ന്നു വന്ന സംഘടിത തൊഴിലാളി വര്‍ഗ്ഗമാണ് സമൂഹത്തെ നയിക്കേണ്ടതെന്നു പ്രഖ്യാപിച്ച മാര്‍ക്‌സ് അവരുടെ രാഷ്ട്രീയപ്രതിനിധികളായി കമ്യൂണിസ്റ്റ് പാര്‍്ട്ടിയെ പ്രതിഷ്ഠിക്കുകയും അതിനാല്‍ തന്നെ കമ്യൂണിസ്റ്റ് പാര്‍്ട്ടിയുടെ ഏകകക്ഷിഭരണത്തിലൂടെ സോഷ്യലിസം സ്ഥാപിക്കാമെന്നും തുടര്‍ന്ന് ഭരണകൂടം കൊഴിഞ്ഞുവീഴുമെന്നുമൊക്കെയാണല്ലോ വാദിച്ചത്. കേന്ദ്രീകൃ സംഘടനാ ചട്ടക്കൂടിലൂടെ എല്ലാ അധികാരവും ഏതാനും വ്യക്തികളില്‍ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. ട്രോട്‌സ്‌കി മുതല്‍ ടി പി വരെ പാര്‍്ട്ടിക്കകത്തുപോലും എത്രയോ രക്തസാക്ഷികള്‍…. ലോകമെങ്ങും സംഭവിച്ചതെന്താണെന്ന് ഇന്ന് നമുക്കറിയാം. സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളിലെല്ലാം ജനാധിപത്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങളാണ് നടന്നത്. ചൈനയിലും മറ്റും വിദ്യാര്‍ത്ഥിസമരങ്ങളെ നേരിട്ടത് ടാങ്കറുകളായിരുന്നു.
ഈ പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിച്ച് ജനാധിപത്യത്തെ വിലയിരുത്താന്‍ നമ്മുടെ കമ്യൂണിസ്റ്റുകാര്‍ ഇനിയും തയ്യാറായിട്ടുണ്ടോ? ഇല്ല. മറിച്ച് അടവുപരമായും തന്ത്രപരമായുമൊക്കെ ജനാധിപത്യപ്രക്രിയയില്‍ പങ്കെടുക്കുന്നു എന്നു മാത്രം. അതിനാല്‍തന്നെ ജനാധിപത്യത്തില്‍ അനിവാര്യമായ പ്രതിപക്ഷബഹുമാനം അവരില്‍ തുലോം കുറവാണ്. തങ്ങള്‍ക്ക് ശക്തിയുള്ളയിടങ്ങളില്‍ അവരുടേത് ഫാസിസ്റ്റ് നയമാകുന്നതില്‍ അത്ഭുതമില്ല. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ തന്നെ ഉദാഹരണം. ക്രിട്ടിക്കിന്റെ പുറകില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അത്തരത്തില്‍ അനുഭവങ്ങള്‍ സിപിഎമ്മില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയത്തെ കുറിച്ച് ഇത്രമാത്രം ചര്‍ച്ചകള്‍ നടക്കുമ്പോഴും പ്രബുദ്ധമെന്ന് ഉദ്‌ഘോഷിക്കുന്ന മഹാരാജാസിലും കേരളവര്‍മ്മയിലും കഴിഞ്ഞ ദിവസങ്ങളില്‍ പോലും എസ് എഫ് ഐ പ്രവര്‍ത്തകര്‍ മറ്റുള്ളവരുടെ സംഘടനാസ്വാതന്ത്ര്യം തടയുകയും മര്‍ദ്ദിക്കുകയും ചെയ്തു. ചുവപ്പുകോട്ടകളില്‍ എന്തു ജനാധിപത്യം..? ജനാധിപത്യത്തോടുള്ള നിലപാടുതന്നെ പ്രശ്‌നം. എങ്ങനെ ഇതിനെ വിമര്‍ശിക്കാതിരിക്കും
ഇന്ത്യനവസ്ഥയാകട്ടെ മാര്‍ക്‌സ് വിഭാവനം ചെയ്തതില്‍ നിന്ന് എത്രയോ വിഭിന്നമാണ്. മാര്‍ക്‌സിനെ അന്ധമായി പിന്തുടര്‍ന്ന കമ്യൂണിസ്റ്റുകാര്‍ ഇവിടത്തെ വൈവിധ്യമാര്‍ന്ന വര്‍ണ്ണ ജാതി വ്യവസ്ഥയെ മനസ്സിലാക്കാന്‍ തീരെ ശ്രമിച്ചിട്ടില്ല. വര്‍ഗ്ഗസമരത്തിലൂടെ പരിഹരിക്കാവുന്ന ഒന്നായി അവര്‍ ജാതിയടക്കമുള്ള പ്രതിഭാസങ്ങളെ കണ്ടു. അതിന്റെ തിക്തഫലമാണ് പാര്‍ട്ടി ഇന്നനുഭവിക്കുന്നത്. മണ്ഡല്‍ കമ്മീഷന്‍ മുതല്‍ ഇന്ത്യയിലുയര്‍ന്നുവന്ന രാഷ്ട്രീയ ധ്രുവീകരണത്തില്‍ കമ്യൂണിസ്റ്റുകാര്‍ക്ക് ഒരു റോളുമില്ലാതെ പോയതുകൊണ്ടാണ്. അംബേദ്കര്‍ മുതല്‍ രോഹിത് വെമുല വരെ ഈ വിമര്‍ശനമുന്നയിച്ചിരുന്നു. അംബേദ്കറെ ഇ എംഎസടക്കമുള്ളവര്‍ ബ്രിട്ടീഷ് ചാരനായും ബൂര്‍ഷ്വാസിയായും കണ്ടു. ചെങ്ങറ സമരത്തെയും മുത്തങ്ങ സമരത്തേയുമെല്ലാം എതിര്‍ക്കാന്‍ സാമൂഹ്യനീതിയില്‍ വിശ്വസിക്കുന്ന ഒരു പ്രസ്ഥാനത്തിനു കഴിയുമോ? എന്നാല്‍ കേരളം അതും കണ്ടു. ഈ പോരാട്ടങ്ങളെ മാത്രമല്ല, തുടക്കത്തില്‍ സൂചിപ്പിച്ച മുഴുവന്‍ വിഷയങ്ങളുമായി ബന്ധപ്പെട്ട സമരങ്ങളെയെല്ലാം പൊതുവില്‍ എതിര്‍ത്ത ചരിത്രമാണ് സിപിഎമ്മിന്റേത്. അതില്‍ പലതും ആശയപരം പോലുമല്ല, സാരീരികമായിപോലും ആയിരുന്നു. അടുത്ത കാലത്ത് സംഘപരിവാര്‍ ശക്തികള്‍ ഇത്തരം പോരാട്ടങ്ങള്‍ക്കെതിരെ രംഗത്തു വരുന്നുണ്ട്. എന്നാല്‍ കാലങ്ങളായി ഈ സമരങ്ങളുടെ എതിര്‍പക്ഷത്ത് നിലയുറപ്പിച്ചിരുന്നത് സിപിഎമ്മുമായി ബന്ധപ്പെട്ട സംഘടനകളാണ്. സൈലന്റ് വാലി, മാവൂര്‍, പ്ലാച്ചിമട, ലാലൂര്‍, കാതിക്കുടം, വിളപ്പില്‍ശാല, അതിരപ്പിള്ളി തുടങ്ങി കേരളത്തിലെ നിരവധി പരിസ്ഥിതി സമരങ്ങളില്‍ സിപിഎം എതിര്‍പക്ഷത്താണ്. മാത്രമല്ല, പലയിടത്തും കായികമായിപോലും ഇത്തരം സമരങ്ങളെ നേരിട്ടു. ഫെമിനിസ്റ്റ് സംഘടനകളെ എത്രയോ മോശമായാണ് പാര്‍ട്ടി ചിത്രീകരിച്ചിട്ടുള്ളത്. ലൈംഗികത്തൊഴിലാളികല്‍ പ്രകടനത്തില്‍ വന്നപ്പോള്‍ ഈ തേവിടിശ്ശികള്‍ക്കൊപ്പം ഞങ്ങള്‍ പ്രകടനത്തില്‍ വരില്ല എന്നു പറഞ്ഞ് ലാലൂര്‍ മലിനീകരണ വിരുദ്ധ സമരത്തില്‍ നിന്ന് സഖാക്കള്‍ ഇറങ്ങിപോയിട്ടുണ്ട്. ചങ്ങറ സമരവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിനുമുന്നില്‍ രാത്രിസമരം നടന്നപ്പോള്‍ പിറ്റേന്നവിടെ ചാണകം തളിച്ച് വൃത്തിയാക്കിയിട്ടുണ്ട്. അടുത്തയിടെ കോഴിക്കോടും ഇവര്‍ സദാചാരപോലീസ് ചമഞ്ഞു. മുത്തങ്ങ സമരക്കാരെ ഇറക്കിവിടാനാവശ്യപ്പെട്ട് സിപിഎം നേതൃത്വത്തില്‍ ബന്ദ് നടത്തിയിട്ടുണ്ട്.. മദനിയെ അറസ്റ്റ് ചെയ്ത് തമിഴ്‌നാടിന് കൈമാറിയത് നായനാര്‍ ഭരിക്കുമ്പോഴായിരുന്നു. ഇപ്പോഴും യു എ പി എയെപോലുള്ള കരിനിയമങ്ങളെ പാര്‍ട്ടി എതിര്‍ക്കുന്നില്ല. ജയരാജനെതിരെ പ്രയോഗിച്ചതു മാത്രമാണ് തെറ്റ്.
ഇത്തരം സംഭവങ്ങള്‍ നേരിട്ട് അറിയാവുന്നവരാണ് മുഖ്യമായും ക്രിട്ടിക്കിനു പുറകിലുള്ളത്. പിന്നെ ഞങ്ങള്‍ക്കെതിര്‍ക്കാതിരിക്കാന്‍ കഴിയുമോ? സമീപകാലത്ത് ഈ നയങ്ങളില്‍ മാറ്റമുണ്ടെന്ന വാദമുണ്ട്. ട്രാന്‍സ്‌ജെന്റേഴ്‌സിനെ അംഗീകരിക്കാന്‍ തയ്യാറായതും വധശിക്ഷക്കെതിരെ നിലപാടെടുത്തതുമൊക്കെ നല്ലതുതന്നെ. യെച്ചൂരി വന്നതിനുശേഷം ജാതി പ്രശ്‌നത്തേയും കൂടുതല്‍ യാഥാര്‍ത്ഥ്യബോധത്തോടെ കാണാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അതെല്ലാം പ്രധാനമായി കേരളത്തിനു പുറത്ത് പാര്‍ട്ടിക്ക് ശക്തി കുറഞ്ഞ മേഖലകളില്‍. ഹൈദരബാദിലേയും ജെ എന്‍ യുവിലേയും എസ് എഫ്‌ഐക്കാര്‍ ലാല്‍സലാമിനൊപ്പം ജയ് ഭീം എന്നും പറയാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അധികാരത്തിന്റെ രുചിയറിഞ്ഞ കേരളത്തിലെ അവസ്ഥ അതല്ല. ഇത്തരമൊരവസ്ഥയില്‍ എങ്ങനെയാണ് സിപിഎമ്മിനെ വിമര്‍ശിക്കാതിരിക്കാന്‍ കഴിയുക..? കോണ്‍ഗ്രസ്സിനെ താരതമ്യം ചെയ്ത് ന്യായീകരിക്കാവുന്നതാണോ ഇത്… ചുരുങ്ങിയ പക്ഷം കോണ്‍ഗ്രസ്സ് പുതുചലനങ്ങളെ ആശയപരമായും ശാരീരീകമായും എതിര്‍ക്കാറില്ല. അതിനുള്ള കരുത്ത് അവര്‍ക്കില്ല താനും. സിപിഎമ്മിന്റെ അവസ്ഥ അതല്ല. വിമര്‍ശനങ്ങളോട് നിഷേധാത്മകമായ സമീപനമാണ് പൊതുവില്‍ അവരുടേത്. സംഘപരിവാര്‍ ഉയര്‍ത്തുന്ന പാസിസത്തിന്റെ മറവില്‍ ന്യായീകരിക്കാവുന്ന ഒന്നല്ല ഈ രാഷ്ട്രീയ ഫാസിസം….. അതിനെ വിമര്‍ശിക്കാതിരിക്കാന്‍ ജനാധിപത്യവാദികള്‍ക്ക് കഴിയില്ല…
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in