ഊരാളി വരുന്നു, രോഷത്തിന്റെ പാട്ടുമായി…

ഐ ഗോപിനാഥ്‌ ഊരാളി പാടി തിമര്‍ക്കുകയാണ്‌. രോഷമാണ്‌ അവരുടെ പാട്ടുകളുടെ അടിത്തറ. ആരേയും ലയിപ്പിച്ചിരുത്താനോ ആനന്ദസാഗരത്തില്‍ ആറാടിക്കാനോ അല്ല അവര്‍ പാടുന്നത്‌. തങ്ങളെ പ്രകോപിപ്പിച്ച കാഴ്‌ചകള്‍, കേള്‍വികള്‍ അതാണവര്‍ തങ്ങളുടേതായ ശൈലിയില്‍ സമൂഹത്തിനു മുന്നില്‍ വെക്കുന്നത്‌. സമൂഹത്തിന്റെ പ്രകോപനം തന്നെയാണവരുടെ ഉദ്ദേശ്യം. അതിനായി ഗസലുകളേയോ ക്ലാസിക്കല്‍ സംഗീതത്തേയോ ആശ്രയിച്ചിട്ടു കാര്യമില്ലല്ലോ. ചടുലമായ സംഗീതത്തിനും അതിലൂടെ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്കും അകമ്പടിയായെത്തുന്നത്‌ തിയറ്ററാണ്‌. പിന്നെ സമ്പന്നമായ നമ്മുടെ ഫോക്‌ സംസ്‌കാരത്തില്‍ നിന്നുള്ള ഊര്‍ജവും. തെയ്യവും പടയണിയുമൊക്കെ നിലനില്‌ക്കുന്ന ഒരു സമൂഹത്തിനു […]

10ഐ ഗോപിനാഥ്‌

ഊരാളി പാടി തിമര്‍ക്കുകയാണ്‌. രോഷമാണ്‌ അവരുടെ പാട്ടുകളുടെ അടിത്തറ. ആരേയും ലയിപ്പിച്ചിരുത്താനോ ആനന്ദസാഗരത്തില്‍ ആറാടിക്കാനോ അല്ല അവര്‍ പാടുന്നത്‌. തങ്ങളെ പ്രകോപിപ്പിച്ച കാഴ്‌ചകള്‍, കേള്‍വികള്‍ അതാണവര്‍ തങ്ങളുടേതായ ശൈലിയില്‍ സമൂഹത്തിനു മുന്നില്‍ വെക്കുന്നത്‌. സമൂഹത്തിന്റെ പ്രകോപനം തന്നെയാണവരുടെ ഉദ്ദേശ്യം. അതിനായി ഗസലുകളേയോ ക്ലാസിക്കല്‍ സംഗീതത്തേയോ ആശ്രയിച്ചിട്ടു കാര്യമില്ലല്ലോ. ചടുലമായ സംഗീതത്തിനും അതിലൂടെ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്കും അകമ്പടിയായെത്തുന്നത്‌ തിയറ്ററാണ്‌. പിന്നെ സമ്പന്നമായ നമ്മുടെ ഫോക്‌ സംസ്‌കാരത്തില്‍ നിന്നുള്ള ഊര്‍ജവും. തെയ്യവും പടയണിയുമൊക്കെ നിലനില്‌ക്കുന്ന ഒരു സമൂഹത്തിനു അത്തരത്തിലുള്ള ഊര്‍ജ്ജത്തിനു ക്ഷാമമെന്ത്‌?
തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംഗീതകൂട്ടായ്‌മയാണ്‌ ഊരാളി. സ്‌കൂള്‍ ഓഫ്‌ ഡ്രാമയില്‍നിന്നും നാടകത്തില്‍ ബിരുദമെടുക്കുകയും ഏറെകാലം നാടകരംഗത്ത്‌ പ്രവര്‍ത്തിക്കുകയും ലാറ്റിനമേരിക്കയില്‍ വര്‍ഷങ്ങളോളം തിയറ്റര്‍ ആക്ടിവിസ്‌റ്റായി ജീവിക്കുകയും ചെയ്‌ത മാര്‍ട്ടിന്റെ നേതൃത്വത്തിള്ള ഏഴംഗസംഘമാണ്‌ ഊരാളിയുടെ കോര്‍ ടീം. ഷാജി, സജി, അനൂപ്‌, സുധീഷ്‌, ശേഖര്‍, നിഖില്‍ എന്നിവരാണ്‌ ടീമിലെ മറ്റുള്ളവര്‍. ഇവരെല്ലാം നാടകക്കാരാണ്‌, പാട്ടുകാരാണ്‌, കലാകാരന്മാരാണ്‌. അതിനേക്കാളുപരി കാലത്തിന്റെ ശബ്ദത്തിനു കാതോര്‍ക്കുന്നവരാണ്‌. ചൂഷിതര്‍ക്കൊപ്പമെന്ന രാഷ്ട്രീയ നിലപാട്‌ സ്വീകരിച്ചവരാണ്‌.
സത്യത്തില്‍ ഇവരെല്ലാം തിയറ്റര്‍ ആക്ടിവിസ്റ്റുകളായിരുന്നു. ഇപ്പോഴുമതെ. ചുറ്റും കാണുന്ന സംഭവങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ തിയറ്ററിലൂടെ ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കുകയായിരുന്നു ചെയ്‌തിരുന്നത്‌. അന്ന്‌ തിയറ്ററിന്റെ പൂര്‍ണ്ണതക്കായി സംഗീതമുപയോഗിക്കുകയായിരുന്നു. ഇപ്പോഴത്‌ തിരിച്ചായി. തിയറ്ററിനായി എടുക്കുന്ന ഊര്‍ജ്ജം പ്രതീക്ഷിക്കുന്നത്ര പ്രേക്ഷകരില്‍ എത്തിക്കാന്‍ കഴിയുന്നില്ല എന്നു ബോധ്യപ്പെട്ടപ്പോഴാണ്‌ സംഗീതത്തെ മുഖ്യമായെടുക്കാന്‍ തീരുമാനിച്ചത്‌ – തിയറ്ററുമായി സമന്വയിപ്പിച്ച്‌.
തൃശൂര്‍ നഗരത്തിനു കുളിരേകി അവശേഷിക്കുന്ന ഏതാനും വൃക്ഷങ്ങള്‍ക്കുനേരെ കോടാലിയുയര്‍ന്നപ്പോള്‍ ‘മരമെന്തിനു മാളോരെ’ എന്നുറക്കെ ചോദിച്ചായിരുന്നു ഊരാളി രംഗത്തുവന്നത്‌. മരങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി സമരരംഗത്തുവന്നവര്‍ക്കൊപ്പം സംഗീതസാന്ദ്രമായ പ്രതിഷേധവുമായി ഊരാളിയും ഐക്യപ്പെട്ടു. ലോകത്തിന്റെ പല ഭാഗത്തും നടന്ന, നടക്കുന്ന പോരാട്ടത്തിന്റെ ശബ്ദം കേള്‍ക്കുക മാത്രമല്ല, കാണുകയും ചെയ്‌തു പ്രേക്ഷകര്‍. കാരണം ഊരാളിയുടെ സംഗീതത്തില്‍ തിയറ്ററുമുണ്ടല്ലോ. ഇവിടെ ഓരോ കലാകാരനും പ്രത്യക്ഷപ്പെടുന്നത്‌ രോഷത്തിന്റെ വേഷവിധാനങ്ങളും വികാരവിചാരങ്ങളുമായി. ഒപ്പം വൈവിധ്യമാര്‍ന്ന വെളിച്ചങ്ങള്‍ മിന്നിമറഞ്ഞും പുകപടര്‍ത്തിയും അത്‌ വേദിയെ തന്നെ സമരമുഖമാക്കിമാറ്റുന്നു. പലപ്പോഴും ഗായകര്‍ ഇരുട്ടിലും കാണികള്‍ നിറഞ്ഞ വെളിച്ചത്തിലുമാകുന്നു. അതെ, പ്രേക്ഷകരാണല്ലോ അന്തിമ വിധികര്‍ത്താക്കള്‍. ‘വികസനം എന്നത്‌ നമ്മുടെ നാടിന്റെ നാഡിഞരമ്പുകളിലെ മിടിപ്പാണ്‌’ എന്നു തുടങ്ങുന്ന ഇവരുടെ ഗാനം തല തിരിഞ്ഞ വികസന സങ്കല്‌പ്പങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. ഭരണകൂടത്തിന്റെ നിലപാടുകള്‍തന്നെ വിപരീതാര്‍ത്ഥത്തില്‍ ഉപയോഗിച്ചാണ്‌ ഊരാളി പച്ചയായ യാഥാര്‍ത്ഥ്യത്തിലേക്ക്‌ പ്രേക്ഷകരെ നയിക്കുന്നത്‌. മലയാളി കടന്നുപോകുന്ന സന്നിഗ്‌ദ്ധാവസ്ഥകളെ, ഉപഭോക്തൃ മോഹങ്ങളെ, ഭ്രാന്തമായ വികസനത്വരയെ അവര്‍ അലര്‍ച്ചകൊണ്ടും അട്ടഹാസങ്ങള്‍കൊണ്ടും അലോസരപ്പെടുത്തുന്നു.
പ്രശസ്‌തമായ പടയണി എന്ന കീഴാള കലാരൂപത്തില്‍ ജനങ്ങളുടെ പരാതികള്‍ കേള്‍ക്കുകയും അവര്‍ക്കൊപ്പം നില്‌ക്കുകയും ചെയ്യുന്ന കുറവ സമുദായത്തില്‍ പെട്ട, ശരീരത്തില്‍ ദൈവം വന്നിറങ്ങിയവനാണ്‌ ഊരാളി എന്ന സങ്കല്‌പ്പം. കീഴാളന്‌ പലപ്പോഴും ആശ്വാസമായിരുന്നു ഊരാളി. സത്യത്തില്‍ കേരളത്തിലെമ്പാടും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള ഊരാളികളുണ്ടായിരുന്നു. കീഴാളരുടെ ഉത്സവങ്ങളിലൂടെയാണ്‌ അവര്‍ രംഗത്തുവരുക. കീഴാളനായ ഒരാളുടെ ശരീരത്തില്‍ ആവാഹിച്ച്‌ അവര്‍ നീതിക്കായി ശബ്ദമുയര്‍ത്തുന്നു. ഒരു പരിധിവരെയെങ്കിലും ജന്മിത്വത്തിന്‌ പേടിസ്വപ്‌നവും കീഴാളര്‍ക്ക്‌ ആശ്വാസവുമായിരുന്നു ഊരാളികളുടെ ഇത്തരം രൂപങ്ങള്‍. വടക്കന്‍ കേരളത്തിലെ പ്രശസ്‌തമായ തെയ്യത്തിലും ഇത്‌ പ്രകടമാണ്‌. ഏതൊരു ഭരണസംവിധാനത്തിലും ഇത്തരം ഊരാളികള്‍ അനിവാര്യമാണ്‌, ചൂഷിതര്‍ക്ക്‌ ആശ്വാസമായി. ലോകത്തെങ്ങും ഇത്‌ സത്യമാണ്‌.
ഊരാളികളില്ലാതെ ജനാധിപത്യവ്യവസ്ഥക്കും നിലനില്‌ക്കാനാവില്ല എന്നു പറയുന്നു മാര്‍ട്ടിന്‍. പോലീസോ കോടതികളോ മാധ്യമങ്ങളോ ആ കടമ നിറവേറ്റുമെന്ന്‌ കരുതിയവര്‍ക്ക്‌ തെറ്റുപറ്റിയെന്ന്‌ ബോധ്യപ്പെടുന്ന രീതിയിലാണ്‌ കാര്യങ്ങളുടെ പോക്ക്‌. ഇവരൊന്നും ആധുനികകാലത്തെ ചൂഷിതര്‍ക്കൊപ്പം നില്‌ക്കുന്നില്ല. ഊരാളികളാകുന്നില്ല. മേലാളര്‍ക്കൊപ്പമാണവര്‍. അവിടെയാണ്‌ സംഗീതവും തിയറ്ററും ഫോക്‌ലോറുമെല്ലാം ആയുധമാക്കി ഈ ഊരാളികള്‍ രംഗത്തുവരുന്നത്‌. ആധുനിക കാലത്തെ സമസ്യകളും ചൂഷണത്തിന്റെ പുതിയ രൂപങ്ങളുമാണ്‌ ഇവര്‍ അഭിസംബോധന ചെയ്യുന്നത്‌. അതേസമയം ഇവിടെ ഊരാളി ഒന്നും ഏറ്റടുക്കുന്നില്ല. ഓരോരുത്തരോടും ഊരാളികളാന്‍ ആവശ്യപ്പെടുക മാത്രമാണ്‌ ചെയ്യുന്നത്‌. കാരണം ഓരോരുത്തരുടെ ഉള്ളിലും ഊരാളിയുണ്ട്‌. അതിനെ വിളിച്ചുണര്‍ത്തുകയേ വേണ്ടൂ. അതിനുള്ള ശ്രമം മാത്രമാണ്‌ തങ്ങള്‍ നടത്തുന്നതെന്ന്‌ മാര്‍ട്ടിന്‍ പറയുന്നു. ഉണര്‍ന്നു കഴിഞ്ഞാല്‍ അതു നീതിക്കായുള്ള പോരാട്ടമായി മാറും. അങ്ങനെയാണ്‌ കലാകാരനു തങ്ങളുടെ സാമൂഹ്യപ്രതിബദ്ധത നിലനിര്‍ത്താനാകുക എന്നിവര്‍ കരുതുന്നു. അതിനായുള്ള ശ്രമം തുടരുന്നു. ഊരാളി കാണുന്നു. കാണുന്നതു പറയുന്നു. ഊരാളി കേള്‍ക്കുന്നു, കേള്‍ക്കുന്നത്‌ പാടുന്നു.
ഒരു ബസ്സിനെ വേദിയാക്കിയാണ്‌ ഊരാളി രംഗത്തുവന്നത്‌. എവിടേയും പാര്‍ക്ക്‌ ചെയ്‌ത്‌ നാടകം കളിക്കാവുന്ന രീതിയില്‍ സജ്ജീകരിച്ച ബസായിരുന്നു അത്‌. തിയറ്ററിനെ ജനങ്ങളിലേക്ക്‌ ഇറക്കികൊണ്ടുപോകുക എന്ന ലക്ഷ്യമായിരുന്നു അതിനുപുറകില്‍. യഥാര്‍ത്ഥ കല ലളിതമാകണം, ജനങ്ങള്‍ക്കുള്ളില്‍ സംഭവിക്കുന്നതാകണം, അവരുടെ ഭാഷയിലാകണം.
ഊരാളി പ്രേക്ഷകരില്‍ നിന്നകലെയല്ല. അത്‌ പ്രേക്ഷകരിലാണ്‌. തങ്ങളുടെ ഉള്ളിലെ ഊരാളിയെ കണ്ടെത്താന്‍ അത്‌ പ്രേക്ഷകരെ പ്രേരിപ്പിക്കുകയാണ്‌. അവിടെ നടക്കുന്നത്‌ ഇന്റര്‍ ആക്ഷനാണ്‌. പ്രേക്ഷകനും ഊരാളിയും ഒന്നാകുന്ന അവസ്ഥ. അതൊരു ജൈവിക വളര്‍ച്ചയാണ്‌ ഊരാളി ലക്ഷ്യമിടുന്നത്‌ ഈ വളര്‍ച്ചയെ തന്നെ.
തങ്ങളുടെ ഊര്‍ജ്ജം കണ്ടെത്തുന്നത്‌ നമ്മുടെതന്നെ നാടോടി സംസ്‌കൃതിയില്‍ നിന്നാണെന്ന്‌ ഊരാളി പറയുന്നു. എന്നാല്‍ അവ പലപ്പോഴും നാം കണ്ടെത്തുന്നില്ല. ആത്മീയവും പാരമ്പര്യവുമായ കലാരൂപങ്ങളിലാണ്‌ നമുക്കു താല്‍പ്പര്യം. നാടന്‍ കലാ രൂപങ്ങളെ സംരക്ഷിക്കണമെന്ന്‌ നാം ഉറക്കെ പറയും. അതിലെന്തര്‍ത്ഥം? അവ സംരക്ഷിക്കപ്പെടേണ്ടവയല്ല. മുന്‍തലമുറയുടെ അക്കാലത്തോടുള്ള സംവേദനമായിരുന്നു അവ. അവയെ അങ്ങനെ സംരക്ഷിക്കുകയല്ല വേണ്ടത്‌. വര്‍ത്തമാനകാലത്തോട്‌ സര്‍ഗ്ഗാത്മകമായി സംവദിക്കുകയാണ്‌ വേണ്ടത്‌. തീര്‍ച്ചയായും അതില്‍ തുടര്‍ച്ചയുണ്ടാകും. അപ്പോഴും അത്‌ സര്‍ഗ്ഗാത്മകമാകും.
നിര്‍ഭാഗ്യവശാല്‍ ഇവിടെ നടക്കുന്നത്‌ ആഘോഷങ്ങളാണ്‌. എല്ലാം മറന്നുള്ള ആഘോഷങ്ങള്‍. അവിടെ ചിന്തക്കോ സമകാലിക യാഥാര്‍ത്ഥ്യങ്ങള്‍ക്കോ സ്ഥാനമില്ല. അങ്ങനെയാണ്‌ മാവോയിസ്‌റ്റ്‌, ജിഹാദ്‌ തുടങ്ങിയ വാക്കുകളെല്ലാം ഉടലെടുക്കുന്നത്‌.
തീര്‍ച്ചയായും ലാറ്റിനമേരിക്കന്‍ ജീവിതം തങ്ങളുടെ കലാവീക്ഷണത്തെ സമ്പന്നമാക്കിയെന്ന്‌ മാര്‍ട്ടിന്‍ പറയുന്നു. അത്തരമൊരു അന്വേഷണത്തിന്റെ ഭാഗമായിതന്നെയായിരുന്നു അങ്ങോട്ട്‌ പോയത്‌. പ്രധാനമായും ചിലിയിലായിരുന്നു വര്‍ഷങ്ങള്‍ അലഞ്ഞുതിരിഞ്ഞത്‌. ജനകീയപോരാട്ടങ്ങളുടെ വേദികളാണ്‌ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍. ആ പോരാട്ടങ്ങള്‍ക്കൊപ്പമാണ്‌ കലാകാരന്മാരും. അതേസമയം ഇവിടെ കാണുന്നതുപോലെ എല്ലാം തകര്‍ക്കുന്നതോ അക്രമാസക്തമോ അല്ല അവിടത്തെ പ്രതിഷേധങ്ങള്‍. അവിടെ വയലന്‍സ്‌ നടക്കുന്നത്‌ സംസ്‌കാരത്തിലാണ്‌. കലയിലാണ്‌. അവരുടെ ഊര്‍ജ്ജം അവിടത്തെ നാടന്‍ പാരമ്പര്യത്തില്‍ നിന്നുതന്നെയാണ്‌. അവിടേയും ഊരാളികളുടെ രൂപത്തില്‍ കലാകാരന്മാര്‍ എത്തുന്നു.
മാര്‍ച്ച്‌ മാസത്തില്‍ തങ്ങളുടെ ബസുമായി കേരളത്തിലുടനീളം യാത്രചെയ്യാനാണ്‌ ഊരാളിയുടെ പദ്ധതി. ജനങ്ങളിലേക്ക്‌ പാട്ടും തിയറ്ററുമായി ഇറങ്ങിചെല്ലും. അവരില്‍ നിന്ന്‌ പഠിക്കും. അവരോടൊപ്പം ആടും, പാടും. ഓരോരുത്തരിലും ഉറങ്ങികിടക്കുന്ന ഊരാളിയെ ഉണര്‍ത്താന്‍ ശ്രമിക്കും. അതിനുള്ള തയ്യാറെടുപ്പിലാണ്‌ ഈ ഊരാളിക്കൂട്ടം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Arts | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply