ഇറ്റ് ഫോക് : നാടകാവതരണചരിത്രത്തിലേക്ക് പുതിയ അവബോധം
ഇ.പി. കാര്‍ത്തികേയന്‍ തൃശൂര്‍: തെരുവിന്റെ സാധ്യതകളും അഭിനേതാക്കളുടെ സര്‍ഗാവിഷ്‌കാരവും ഉയര്‍ത്തുന്ന ചോദ്യങ്ങളുമായാണ് രാജ്യാന്തര നാടകോത്സവത്തിന്റെ, ഇറ്റ്‌ഫോക്കിന്റെ ഒമ്പതാമത് എഡിഷനു തിരശീല താഴ്ന്നത്. ഒമ്പതു ദിനരാത്രങ്ങള്‍ സാംസ്‌കാരിക നഗരിക്ക് സമ്മാനിച്ചത് കാഴ്ചയുടെ പുതിയ ലോകമായിരുന്നു. ചിരപരിചിതമായ ശീലങ്ങളെ അതിലംഘിക്കുന്ന അവതരണങ്ങളെക്കൊണ്ട് സമ്പന്നമായ നാടകോത്സവത്തില്‍ പരീക്ഷണങ്ങളുടെ കെട്ടുകാഴ്ചകളും അനുഭവവേദ്യമായി. കഴിഞ്ഞ വര്‍ഷങ്ങളിലെ നാടകോത്സവങ്ങളില്‍നിന്ന് വ്യത്യസ്തമായി തെരുവുകളും പൊതു ഇടങ്ങളും അരങ്ങായി മാറിയതാണ് ഒമ്പതാമത് ഇറ്റ്‌ഫോക്കിന്റെ പ്രധാന സവിശേഷത. കലാപ്രോമികള്‍ക്കും ആസ്വാദകര്‍ക്കും കലാപ്രവര്‍ത്തകര്‍ക്കും പഠിക്കാനും ഉള്‍ക്കൊള്ളാനുമുള്ള ഒട്ടേറെ പാഠങ്ങളും ഈ നാടകോത്സവം […]
തൃശൂര്‍: തെരുവിന്റെ സാധ്യതകളും അഭിനേതാക്കളുടെ സര്‍ഗാവിഷ്‌കാരവും ഉയര്‍ത്തുന്ന ചോദ്യങ്ങളുമായാണ് രാജ്യാന്തര നാടകോത്സവത്തിന്റെ, ഇറ്റ്‌ഫോക്കിന്റെ ഒമ്പതാമത് എഡിഷനു തിരശീല താഴ്ന്നത്. ഒമ്പതു ദിനരാത്രങ്ങള്‍ സാംസ്‌കാരിക നഗരിക്ക് സമ്മാനിച്ചത് കാഴ്ചയുടെ പുതിയ ലോകമായിരുന്നു. ചിരപരിചിതമായ ശീലങ്ങളെ അതിലംഘിക്കുന്ന അവതരണങ്ങളെക്കൊണ്ട് സമ്പന്നമായ നാടകോത്സവത്തില്‍ പരീക്ഷണങ്ങളുടെ കെട്ടുകാഴ്ചകളും അനുഭവവേദ്യമായി. കഴിഞ്ഞ വര്‍ഷങ്ങളിലെ നാടകോത്സവങ്ങളില്‍നിന്ന് വ്യത്യസ്തമായി തെരുവുകളും പൊതു ഇടങ്ങളും അരങ്ങായി മാറിയതാണ് ഒമ്പതാമത് ഇറ്റ്‌ഫോക്കിന്റെ പ്രധാന സവിശേഷത. കലാപ്രോമികള്‍ക്കും ആസ്വാദകര്‍ക്കും കലാപ്രവര്‍ത്തകര്‍ക്കും പഠിക്കാനും ഉള്‍ക്കൊള്ളാനുമുള്ള ഒട്ടേറെ പാഠങ്ങളും ഈ നാടകോത്സവം നല്‍കി. നമുക്ക് പരിചിതമല്ലാത്ത നാടകത്തിന്റെ രൂപങ്ങളും ഭാവങ്ങളുമാണ് പല വേദികളിലായി അരങ്ങേറിയത്. തെരുവ് അവതരണം മുഖ്യപ്രമേയമായതിനാല്‍ നാടകങ്ങളുടെ രാഷ്ട്രീയമാനവും വ്യത്യസ്തമായി. തെരുവുനാടകമെന്നാല്‍ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളെ കൈകാര്യം ചെയ്യുന്ന പുറംവാതില്‍ അവതരണങ്ങളാണ്. തെരുവുനാടകങ്ങള്‍ ഉദ്ഭവിക്കുന്നതുതന്നെ സാമൂഹിക രാഷ്ട്രീയ ഇടപെടലെന്ന നിലയിലാണ്. തൃശൂരിലും അത് വ്യത്യസ്തമായിരുന്നില്ല. രാജ്യാന്തര തലത്തില്‍ സ്ത്രീകളും കുട്ടികളും വംശങ്ങളും നേരിടുന്ന വിഹ്വലതകളും പ്രതിസന്ധികളും വിഷയമായതായിരുന്നു മിക്കവാറും എല്ലാ അവതരണങ്ങളും. പ്രൊസീനിയം തിയേറ്ററിന്റെ താലതിരുകള്‍ ഭേദിച്ച് നാടകം തെരുവിലേക്കു മാത്രമല്ല, ആകാശത്തേക്കും ജലത്തിലേക്കും ഗാരേജിലേക്കും വരെയെത്തി. പുതിയ പരീക്ഷണങ്ങളുടെ ഭാഗമായ ചില അവതരണങ്ങള്‍ പ്രേക്ഷകരുടെ മനംമടുപ്പിച്ചുവെന്ന പരാതിയും ഇതിനിടെ ഉയര്‍ന്നു.
ഇന്ത്യയുടെ രാഷ്ട്രീയസാമൂഹിക വിഷയങ്ങളെ ചര്‍ച്ചയാക്കിയതായിരുന്നു മലയാളമടക്കമുള്ള ഇന്ത്യന്‍ നാടകങ്ങള്‍. സ്വാതന്ത്ര്യാനന്തര ഇന്ത്യ, ജാതി, ഭൂമി, സ്ത്രീവിവേചനം എല്ലാം ചേര്‍ന്ന് വ്യവസ്ഥയോടുള്ള വിയോജിപ്പുകല്‍ പ്രകടിപ്പിച്ച നായകങ്ങള്‍ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. സ്ത്രീകള്‍ക്കെതിരായ ലൈംഗികവും ഇതരവുമായ വിവേചനത്തിന്റെ കഥ പറയുന്ന ഹിന്ദിയിലെ ദോഹ്രി സിന്ദഗി, മലയാളത്തിലെ കാളീനാടകം, ദലിത് വിഷയങ്ങളെ ആവിഷ്‌കരിച്ച രോഹിത് വെമുല എന്ന തെരുവവതരണവും മറാഠിയിലെ തല്‍വയും, ചരിത്രത്തിലേക്കൊരേട്, തിയ്യൂര്‍ രേഖകള്‍, ബാല്‍ക്കണി, ഡ്രാമാ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മിസ്റ്റി മൗണ്ടന്‍സ് ഓഫ് മഹാഭാരത എന്നിവയാണ് കാണികള്‍ക്ക് പൊതുവേ സ്വീകാര്യമായത്. ഉദ്ഘാടനത്തോടനുബന്ധിച്ച് അരങ്ങേറിയ ശങ്കര്‍ വെങ്കിടേശ്വരന്‍ സംവിധാനം ചെയ്ത പ്രത്യേകാവതരണം, ഭരതവാക്യം, സദൃശവാക്യങ്ങള്‍ എന്നിവയായിരുന്നു മലയാളത്തിന്റെ മറ്റവതരണങ്ങള്‍. ദീപന്‍ ശിവരാമന്റെ കാലിഗരി പഴയ ഖസാക്കിന്റെ ഇതിഹാസത്തിന്റെ ശൈലിയെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നുവെന്നാണ് പ്രേക്ഷകമതം. ദോഹ്രി സിന്ദഗിയെക്കൂടാതെ തല്‍വ, മേ ഹൂം യൂസുഫ് ഓര്‍ യേ ഹൈ മേരാ ഭായി, ഫാള്‍ ഓഫ് എ കിങ്, ലാ പോ ലാ, അ്ന്ധായുഗ്, മായാ കോമാളികളിന്‍ ജാലകണ്ണാടി തുടങ്ങിയവയായിരുന്നു മറ്റു ഇന്ത്യന്‍ അവതരണങ്ങള്‍.
മനുഷ്യന്റെ സങ്കടങ്ങളും വേവലാതികളും ദേശ ഭാഷാ വ്യത്യാസമില്ലാതെ ഒന്നാണെന്നു ബോധ്യപ്പെടുത്തുന്നതായിരുന്നു വിദേശനാടകങ്ങള്‍. അവയില്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയത് ചിലിയില്‍ നിന്നുള്ള സാരി റോസ, ജര്‍മ്മന്‍-ഇസ്രായേല്‍ സംരംഭമായ ലോസ്റ്റ് വീല്‍സ് ഓപ് ടൈം, അറൈവ്ഡ്, ഇറ്റലിയില്‍നിന്നുള്ള ഡ്രീംസ് ഓഫ് ഡ്രീംസ് എന്നിവയാണ്. സൈബീരിയായുടെ പ്രീഡം, ബള്‍ഗേറിയായുടെ ദി സ്റ്റേറ്റ്, സംയുക്താവതരണമായ നോട്ട് ഔര്‍ ബിസിനസ്, ഇറാന്റെ സാറ എന്നിവ തികഞ്ഞ സാമൂഹിക രാഷ്ട്രീയപ്രമേയങ്ങളായിരുന്നു. ആക്ടിങ് ബഗ്, ഔട്ട്, ക്ലൗണ്‍സ് ഹൗസസ്, പൂള്‍ പ്ലേ, ബാഴ്‌സലോണയുമായി ചേര്‍ന്നുള്ള ശില്പശാല പ്രൊഡക്്ഷന്‍ മഗ്രാര്‍, പാരാസോമ്‌നിയ എന്ന ഏകാംഗനാടകം തുടങ്ങിയവ വ്യത്യസ്താനുഭവമാണ് ആസ്വാദകര്‍ക്ക് നല്‍കിയത്. അതേസമയം വിദേശനാടകങ്ങളുടെ പരീക്ഷണാത്മകത പലരെയും മനംമടുപ്പിക്കുന്നതായിരുന്നുവെന്ന അഭിപ്രായവും ഉയര്‍ന്നു. എന്നാല്‍ സമാപനദിവസത്തെ നാടകം ഇറ്റലിയുടെ പെന്റസീലിയ വ്യത്യസ്തമായിരുന്നുവെന്നും അഭിപ്രായമുയര്‍ന്നു.
ദേശഭേദങ്ങളുടെ നിറച്ചാര്‍ത്തുകള്‍ അരങ്ങിലുണര്‍ന്നപ്പോള്‍ കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി ആയിരങ്ങള്‍ സാംസ്‌കാരികനഗരിയലൊഴുകിയെത്തിയതാണ് മറ്റൊരു സവിശേഷത. പുതിയ ഭാഷയും ഭാവവും രൂപപ്പെടുത്തുന്ന തെരുവിന്റെ സാധ്യകളിലേക്ക് കാണികളെ കൂട്ടിക്കൊണ്ടു പോയ ഒമ്പത് ദിനരാത്രങ്ങളിലായി 32 ലേറെ നാടകങ്ങളുടെ അറുപതിലേറെ അവതരണങ്ങളുണ്ടായി. 15 വിദേശ നാടകങ്ങള്‍, എട്ട് ദേശീയ നാടകങ്ങള്‍, ഏഴ് മലയാളനാടകങ്ങള്‍. പുറമേ, ചര്‍ച്ചകള്‍, ആര്‍ടിസ്റ്റുകളുമായുള്ള മുഖാമുഖം, ശില്പശാല, പ്രദര്‍ശനം തുടങ്ങിയവയും നാടകോത്സവത്തെ സമ്പന്നമാക്കി. സെര്‍ബിയ, ഫ്രാന്‍സ്, ലിത്വാനിയ, ബള്‍ഗേറിയ, ചിലി, ഇറ്റലി, അമേരിക്ക, ഇറാന്‍, ഡെന്മാര്‍ക്ക്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നാടകങ്ങളാണ് ഇത്തവണ വിദേശത്തെ പ്രതിനിധീകരിച്ചത്. ആധുനികനാടകാവതരണങ്ങള്‍ക്കൊപ്പം പാവനാടകം, കോമാളി നാടകം, കുട്ടികളുടെ നാടകം എന്നിവയും വേറിട്ട അനുഭവമായി. മലയാളമടക്കമുള്ള ഇന്ത്യന്‍ ഭാഷാനാടകങ്ങളും കൂടിച്ചേര്‍ന്നതോടെ നാടകോത്സവം പൂരത്തിനു മുന്നോടിയായുള്ള പൂരമായി.
കാണികളുടെ പങ്കാളിത്തത്തെ സംബന്ധിച്ച വിരുദ്ധാഭിപ്രായങ്ങളാണ് പ്രകടിപ്പിക്കപ്പെട്ടത്. വേദികള്‍ അടുത്തടുത്തല്ലാത്തതും ചില നാടകങ്ങള്‍ ഒര േസമയം അവതരിപ്പിച്ചതും ചില നാടകങ്ങള്‍ക്ക് പുനരവതരണമില്ലാതിരുന്നതും വിമര്‍ശനത്തിനു കാരണമായിട്ടുണ്ട്. നാടകങ്ങളുടെ തെരഞ്ഞെടുപ്പില്‍പ്പോലും അപാകതയുണ്ടെന്ന വിമര്‍ശനത്തെയും ശരിയായ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളുന്നുവെന്നാണ് സംഗീതനാടക അക്കാദമി ഭാരവാഹികള്‍ പറയുന്നത്. കുറ്റങ്ങളും കുറവുകളും ഉണ്ടായിട്ടുണ്ടാകാം, അടുത്തവര്‍ഷം അതെല്ലാം പരിഹരിക്കാനാവുമെന്ന പ്രതീക്ഷയും അവര്‍ക്കുണ്ട്. ഇറ്റ്‌ഫോക്കിനെ അടുത്ത ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം യാഥാര്‍ഥ്യമായാല്‍ അടുത്തവര്‍ഷത്തെ രാജ്യാന്തര നാടകോത്സവം കൂടുതല്‍ മെച്ചപ്പെടുത്താനാവും. മാത്രമല്ല, രാജ്യാന്തര ശ്രദ്ധ നേടുന്ന തലത്തിലേക്ക് നാടകോത്സവത്തെ ഉയര്‍ത്താനാവുമെന്ന പ്രതീക്ഷയും അക്കാദമിക്കുണ്ട്. ഏതായാലും കേരളത്തിന്റെ നാടകാവതരണചരിത്രത്തിലേക്ക് ഒരു പുതിയ അവബോധം നല്‍കിയാണ് ഒമ്പതാമത് ഇറ്റ്‌ഫോക്കിനു തിരശീല വീണത്. അക്കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in