ഇന്ദിരാഗാന്ധി ഭരണഘടനയില്‍ മതേതരത്വവും സോഷ്യലിസവും എഴുതിച്ചേര്‍ത്തത് എന്തിന്?
സജീവന്‍ അന്തിക്കാട് ഇന്ത്യയില്‍ മതാധിഷ്ഠിതമല്ലാത്ത ഒരു ‘വലത് പാര്‍ട്ടി ”ഉണ്ടാകുന്നത് 1959 ലാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഇടതു നയങ്ങളോട് വിയോജിച്ച് സി രാജഗോപാലാചാരി ഉണ്ടാക്കിയ സ്വതന്ത്ര പാര്‍ട്ടി . ഇന്ത്യയില്‍ ആദ്യമായി കമ്പോളാധിഷ്ടിത സമ്പദ് വ്യവസ്ഥക്കു വേണ്ടി വാദിച്ച അവര്‍ വ്യാവസായിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനായി ലൈസന്‍സ് രാജ് പിന്‍വലിക്കാനും ആവശ്യപ്പെട്ടു. ഇന്ത്യയുടെ വികസനത്തിനു തടസ്സം നെഹ്‌റുവിന്റെ ഇടതു നയങ്ങളാണെന്ന ആരോപണവുമായി 1962ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച അവര്‍ മതാധിഷ്ഠിത വലതുപക്ഷത്തെ നേരിയ തോതില്‍ പിന്നിലാക്കി 6. 8% […]
സജീവന്‍ അന്തിക്കാട്
ഇന്ത്യയില്‍ മതാധിഷ്ഠിതമല്ലാത്ത ഒരു ‘വലത് പാര്‍ട്ടി ”ഉണ്ടാകുന്നത് 1959 ലാണ്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഇടതു നയങ്ങളോട് വിയോജിച്ച് സി രാജഗോപാലാചാരി ഉണ്ടാക്കിയ സ്വതന്ത്ര പാര്‍ട്ടി .
ഇന്ത്യയില്‍ ആദ്യമായി കമ്പോളാധിഷ്ടിത സമ്പദ് വ്യവസ്ഥക്കു വേണ്ടി വാദിച്ച അവര്‍ വ്യാവസായിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനായി ലൈസന്‍സ് രാജ് പിന്‍വലിക്കാനും ആവശ്യപ്പെട്ടു.
ഇന്ത്യയുടെ വികസനത്തിനു തടസ്സം നെഹ്‌റുവിന്റെ ഇടതു നയങ്ങളാണെന്ന ആരോപണവുമായി 1962ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച അവര്‍ മതാധിഷ്ഠിത വലതുപക്ഷത്തെ നേരിയ തോതില്‍ പിന്നിലാക്കി 6. 8% വോട്ടും 18 സീറ്റും സമ്പാദിച്ചു.
ജനസംഘത്തിന് 14 സീറ്റും 6.44% വോട്ടും മാത്രമെ കിട്ടിയുള്ളു.
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ആകസ്മിക മരണം സംഭവിച്ച 1964 നു ശേഷം വലതുപക്ഷ ആശയങ്ങളുടെ ഒരു കുതിച്ചു കയറ്റം തന്നെ ഇന്ത്യയിലുണ്ടായി.
തീവ്ര ഇടതു നയങ്ങളുമായി ഭരണകൂടം പിടിച്ചെടുക്കാനുള്ള വിപ്ലവ പദ്ധതി പാര്‍ട്ടിക്കകത്തു രഹസ്യമാക്കി വെച്ചും ബഹുകക്ഷി വോട്ട് രാഷ്ട്രീയം പരസ്യ പദ്ധതിയാക്കിയും മുന്നോട്ടു പോയിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായതും 1964 ല്‍ തന്നെയാണ്.
എങ്കിലും 1967 ലെ തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് തന്നെ വിജയിച്ചു.
നെഹ്‌റുവിയന്‍ കാലഘട്ടത്തിലെ പോലെ തിളക്കം ആ വിജയത്തിനുണ്ടായില്ല എന്ന് മാത്രം.
എന്നാല്‍ ജനാധിപത്യ വിശ്വാസികള്‍ക്ക് ശുഭപ്രതീക്ഷ നല്‍കുന്ന ഒരു സുപ്രധാന ഫലം 1967 ലെ തെരഞ്ഞെടുപ്പിലുണ്ടായി. മതാധിഷ്ഠിത വലതായ ജനസംഘത്തെ പിന്നിലാക്കി രാഷ്ട്രീയാധിഷ്ഠിത വലതായ സ്വതന്ത്ര പാര്‍ട്ടി ഇന്ത്യയുടെ പ്രതിപക്ഷ നേതൃപദവിയിലേക്ക് വന്നു.
സ്വതന്ത്ര പാര്‍ട്ടി 44 സീറ്റു നേടിയപ്പോള്‍ ഭാരതീയ ജനസംഘത്തിന് 35 സീറ്റു മാത്രമെ നേടാനായുള്ളു.
മാത്രമല്ല ബീഹാര്‍, രാജസ്ഥാന്‍ ,ഗുജറാത്ത്, ഒറീസ്സ എന്നീ സംസ്ഥാന നിയമസഭകളില്‍ സ്വതന്ത പാര്‍ട്ടി പ്രധാന പ്രതിപക്ഷമായും മാറുകയുണ്ടായി .
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഇന്ദിരയുടെ നേതൃത്വത്തില്‍ കോണ്‍സ്സ് ഇന്‍ഡിക്കേറ്റായും (ആര്‍) കാമരാജ് -മൊറാര്‍ജി ദേശായ് നേതൃത്വത്തിന്‍ കീഴില്‍ സിന്‍ഡിക്കേറ്റ് കോണ്‍ഗ്രസ്സായും (ഒ) 1969ല്‍ പിളര്‍ന്നപ്പോള്‍ ദേശീയ രാഷ്ടീയത്തില്‍ ഇടതു -വലതു ധ്രുവീകരണം ഒന്നു കൂടെ പ്രത്യക്ഷീഭവിച്ചു.
തന്റെ ഇടതു നിലപാടുകള്‍ ഒന്നു കൂടി കര്‍ക്കശമാക്കിയാണ് ഇന്ദിരാഗാന്ധി ഈ വലതുപക്ഷ വെല്ലുവിളിയെ നേരിട്ടത് .
അവര്‍ ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചു. രാജകുടുംബങ്ങള്‍ക്ക് സ്വാതന്ത്ര്യാനന്തരം നല്‍കികൊണ്ടിരുന്ന പ്രിവിപേഴ്‌സെന്ന കപ്പം നിര്‍ത്തല്‍ ചെയ്യാന്‍ ഭരണഘടനാ ഭേദഗതിക്ക് ശ്രമിച്ചു.
പൊതുമേഖലയെ ശക്തിപ്പെടുത്തി പത്തിന പരിപാടിയുമായുള്ള ഇന്ദിരാഗാന്ധിയുടെ ജൈത്രയാത്ര വിലയിരുത്തി കൊണ്ട് അവരെ ലോകം ലെഫ്റ്റ് വിങ്ങ് രാഷ്ടീയക്കാരിയായി വാഴ്ത്തുന്ന കാലത്താണ് സി.പി.ഐ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സുമായി അടുക്കുന്നത്.
കമ്മ്യൂണിസ്റ്റുകളുടെ ശക്തികേന്ദ്രമായ കേരളത്തില്‍ ആജന്മ ശത്രുക്കളായ സി.പി.എമ്മുമായി 1967ല്‍ സി.പി ഐ ഉണ്ടാക്കിയ കൂട്ടുകക്ഷി ഭരണത്തിനുണ്ടായ അതിദാരുണമായ പതനത്തിന്റെ സമയം കൂടിയായിരുന്നു അത് .
കോണ്‍ഗ്രസ്സുമായി ചേര്‍ന്ന അവര്‍ ഇന്ത്യയിലാദ്യമായി സി.പി.ഐ നേതൃത്വം നല്‍കുന്ന ഒരു മന്ത്രിസഭക്ക് കേരളത്തില്‍ രൂപം കൊടുത്തു.
ഇന്ദിരാഗാന്ധിയെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് വലതുപക്ഷം പുറത്താക്കുന്നതിനും പന്ത്രണ്ടു ദിവസം മുമ്പ് തന്നെ സി അച്ചുതമേനോന്‍ കോണ്‍ഗ്രസ്സ് പിന്തുണയാല്‍ കേരളത്തിലെ മുഖ്യ മന്ത്രിയായി കഴിഞ്ഞിരുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നിന്നും സായുധവിപ്ലവവും ഭരണകൂട അട്ടിമറിയും വ്യവകലനം ചെയ്താല്‍ അതൊരു ഇടതു പാര്‍ട്ടി മാത്രമാകും.
നിവൃത്തികേടുകൊണ്ട് ബഹുകക്ഷി ജനാധിപത്യമംഗീകരിക്കുന്ന സ്ഥിതിയില്‍ നിന്ന് പുറത്തു കടന്നാല്‍ ആ കക്ഷി ഒരു ജനാധിപത്യ പാര്‍ട്ടിയായും മാറും.
ജനാധിപത്യ പ്രക്രിയയില്‍ വിശ്വസിക്കുകയും അധികാരമുള്ളവരെ മാത്രം പിന്തുണക്കുകയും തെരഞ്ഞെടുപ്പ് ഒരു മഹോത്സവവുമായി ആഘോഷിക്കുകയും ചെയ്യുന്ന ജനത ഏതു വിപ്ലവ പാര്‍ട്ടിയിലും ഇടര്‍ച്ച വരുത്താന്‍ തക്ക പ്രാപ്തിയുള്ള രാഷ്ടീയ ശക്തിയാണ്.
ഇത് വേഗത്തില്‍ തിരിച്ചറിഞ്ഞ പാര്‍ട്ടിയായിരുന്നു സി.പി.ഐ.
വിപ്ലവവും വ്യവസ്ഥിതി മാറ്റലുമല്ല ഉള്ള വ്യവസ്ഥയെ മനുഷ്യര്‍ക്കുപകാരപ്പെടുമാറ് മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്ന് അവര്‍ അതിവേഗം മനസ്സിലാക്കി പ്രവര്‍ത്തിച്ചു.
1969 ലെ രാഷ്ട്രീയാവസ്ഥയില്‍ ഇന്ത്യന്‍ ഭരണകൂടം അതുവരെ പുലര്‍ത്തി പോന്നിരുന്ന ഇടത് ആഭിമുഖ്യത്തിനു വന്‍ ഭീഷണിയുയര്‍ത്തി കൊണ്ട് മത-രാഷ്ട്രീയ വലതുപക്ഷം വളര്‍ന്നു വന്ന നിര്‍ണ്ണായക സാഹചര്യത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനു പിന്തുണ കൊടുക്കാന്‍ സി.പി.ഐക്കു കഴിഞ്ഞു.
എന്നാല്‍ സോവിയറ്റ് യൂണിയനെയും കിഴക്കന്‍ യുറോപ്പിനെയുമൊക്കെ മധുര മനോജ്ഞ കമ്മൂണിസ്റ്റ് സ്വര്‍ഗ്ഗങ്ങളായി തെറ്റിദ്ധരിച്ച അന്നത്തെ അക്കാദമിക് ഇടതുകള്‍ക്ക് സി.പി.ഐ യുടെ കോണ്‍ഗ്രസ്സ് ബന്ധത്തെ ശരിയായി മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല വലതു കമ്മ്യൂണിസമെന്ന ചാപ്പയടിച്ച് ആ ശരിയായ നിലപാടിനെ അവര്‍ പരമാവുധി വക്രീകരിക്കുകയും ചെയ്തു.
1975 ല്‍ ഇന്ദിരാഗാന്ധി ഭരണഘടനയെ വെല്ലുവിളിക്കുകയും 1977 വരെ ഏകാധിപതിയായി ഇന്ത്യ വാഴുകയും ചെയ്തപ്പോള്‍ ‘ ഇന്ദിരയുടെ ഇടതു നയങ്ങളേക്കാള്‍ വലുതാണ് പൗര സ്വാതന്ത്ര്യമെന്ന് ‘ ഉയര്‍ന്ന് ചിന്തിക്കാന്‍ സി.പി.ഐക്കു കഴിഞ്ഞില്ല.
ഏകകക്ഷി സര്‍വ്വാധിപത്യമെന്ന കമ്മൂണിസ്റ്റ് ആശയത്തില്‍ നിന്നും ബഹുകക്ഷി ജനാധിപത്യമെന്ന ലിബറല്‍ ആശയത്തിലേക്കു വളരാന്‍ കഴിഞ്ഞ ഒരു കമ്മൂണിസ്റ്റ് പാര്‍ട്ടിക്ക് അടിയന്തിരാവസ്ഥയെ അനുകൂലിക്കാനെങ്ങിനെ കഴിഞ്ഞുവെന്നത് ഒരു രാഷ്ട്രീയ അത്ഭുതം തന്നെയാണ്.
ഒരു പക്ഷെ അത്തരത്തിലുള്ള ഒരു ചിന്ത സി.പിഐ ല്‍ വളര്‍ന്നു പടരാതിരിക്കുന്നതിനായി ഇന്ദിര ഗാന്ധി ആസൂത്രണം ചെയ്ത തന്ത്ര പരമായ നടപടികളില്‍ ആകര്‍ഷിക്കപ്പെട്ടതു കൊണ്ടായിരിക്കുമോ?
ജെയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റുകളും മൊറാര്‍ജിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ വലതു പക്ഷവും ഹിന്ദുത്വ ശക്തികളായ ജനസംഘവും ഒത്തു ചേര്‍ന്ന് ഇന്ത്യന്‍ ഭരണകൂടത്തിന്റെ അടിസ്ഥാന സ്വഭാവമായ മതേതരത്വത്തെയും സോഷ്യലിസത്തെയും അട്ടിമറിക്കുമെന്ന് ഇന്ദിരാഗാന്ധിയോടൊപ്പം അവരും ചിന്തിച്ചു കാണുമോ?
എന്തായാലും അടിയന്തിരാവസ്ഥ നല്‍കുന്ന അധികാരമുപയോഗിച്ച് ഇന്ദിരാഗാന്ധി ഭരണഘടനക്ക് 42 മതൊരു ഭരണഘടന ഭേദഗതി കൊണ്ടുവരികയും അതു പ്രകാരം ‘പരമാധികാര ജനാധിപത്യ റിപ്പബ്ലിക്ക് ‘ മാത്രമായിരുന്ന ഇന്ത്യ ‘പരമാധികാര ജനാധിപത്യ മതേതരത്വ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി’ മാറുകയും ചെയ്തതോടെ സി.പി.ഐക്ക് മറിച്ചു ചിന്തിക്കേണ്ടി വന്നില്ല എന്നതായിരിക്കാം സത്യം .
സി.പി.ഐ യെ കൂടെ നിര്‍ത്തുകയെന്നത് ഇന്ദിരാഗാന്ധിയെ സംബന്ധിച്ചിടത്തോളം പരമപ്രധാനമായിരുന്നു.
ജനാധിപത്യ രാജ്യത്ത് അഭ്യന്തര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച നടപടിയെ ഇന്ദിരാഗാന്ധി ലോകത്തിനു മുന്നില്‍ പ്രതിരോധിച്ചിരുന്നത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ പിന്തുണ കൂടി ഉയര്‍ത്തി കാട്ടിയായിരുന്നു.
ഇന്ദിര ഗാന്ധിയുടെ അടിയന്തരാവസ്ഥ ക്കെതിരെ ആഗോളതലത്തില്‍ തന്നെ പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍ സി.പി.ഐ മുന്നണിയില്‍ നിന്നും പോകുന്നത് ലോകത്തിലെ സോഷ്യലിസ്റ്റ് ബ്ലോക്കിന്റെ അപ്രീതിക്ക് കാരണമാകുമെന്ന തിരിച്ചറിവും ‘സോഷ്യലിസവും ‘ ‘മതേതരത്വവും’ ഭരണഘടനയിലിടം പിടിച്ചതിന്റെ ഒരു കാരണമായി കാണാവുന്നതാണ്.
(തെറ്റായ നിലപാടാണെങ്കിലും 2017 ലെ രാഷ്ടീയ കാലാവസ്ഥയില്‍ നിന്നു കൊണ്ട് ചിന്തിക്കുമ്പോള്‍ സി.പി.ഐയുടെ അടിയന്തിരാവസ്ഥയിലെ കോണ്‍ഗ്രസ്സ് ബന്ധം കൊണ്ട് മതേതര ജനാധിപത്യ മനസ്സുകള്‍ക്ക് താല്‍ക്കാലികമായി ആശ്വസിക്കാറായി എന്നു പറയാം. മൃഗീയ ഭൂരിപക്ഷമുണ്ടായിട്ടും സംഘപരിവാര്‍ ശക്തികള്‍ക്ക്
ഇന്ത്യയെ ഒറ്റയടിക്കു ഹിന്ദു രാഷ്ട്രമാക്കാന്‍ സാധിക്കാത്തത് ഭരണഘടനയിലെ ആമുഖത്തിലെഴുതി വെച്ച ‘മതേതരത്വം’ കൊണ്ടു കൂടിയാണ്.) .
ഫേസ് ബുക്ക് പോസ്റ്റ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in