ഇനി ഹിസ്റ്ററിയല്ല, ഹേര്‍ സ്റ്റോറി

അതെ, കേരളം മാറുകയാണ്. കേരളചരിത്രവും. കേരളചരിത്രം ഇനിമുതല്‍ ഹിസ്റ്ററി (History) എന്നല്ല അറിയപ്പെടുക. ഹേര്‍‌സ്റ്റോറി (Herstory) എന്നായിരിക്കും. ആ ദിശയിലുള്ള വന്‍മാറ്റമാണ് നമ്മുടെ സാമൂഹ്യ രാഷ്ട്രീയ മേഖലകൡ കാണുന്നത്. നിര്‍ഭാഗ്യവശാല്‍ ഈ മാറ്റത്തോട് മുഖം തിരിക്കുന്നത് നമ്മുടെ മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളാണ്. ആരാരുമറിയാതെ അരമനകളില്‍ എരിഞ്ഞുതീര്‍ന്നിരുന്ന കന്യാസ്ത്രീകള്‍ ഇനിയുമതിനു തയ്യാറല്ല എന്നു പ്രഖ്യാപിച്ച് പുറത്തുവന്നതും ഐതിഹാസികമായ പോരാട്ടത്തിലൂടെ ആദ്യഘട്ടവിജയം നേടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ അഭിപ്രായം പറയുന്നതെങ്കിലും ഇതൊരു ഒറ്റപ്പെട്ട വിഷയമല്ല. സമീപകാല കേരളത്തിന്റെ സമരചരിത്രം ഏറെക്കുറെ സ്ത്രീപോരാട്ടങ്ങളുടെ […]

stree

അതെ, കേരളം മാറുകയാണ്. കേരളചരിത്രവും. കേരളചരിത്രം ഇനിമുതല്‍ ഹിസ്റ്ററി (History) എന്നല്ല അറിയപ്പെടുക. ഹേര്‍‌സ്റ്റോറി (Herstory) എന്നായിരിക്കും. ആ ദിശയിലുള്ള വന്‍മാറ്റമാണ് നമ്മുടെ സാമൂഹ്യ രാഷ്ട്രീയ മേഖലകൡ കാണുന്നത്. നിര്‍ഭാഗ്യവശാല്‍ ഈ മാറ്റത്തോട് മുഖം തിരിക്കുന്നത് നമ്മുടെ മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളാണ്.
ആരാരുമറിയാതെ അരമനകളില്‍ എരിഞ്ഞുതീര്‍ന്നിരുന്ന കന്യാസ്ത്രീകള്‍ ഇനിയുമതിനു തയ്യാറല്ല എന്നു പ്രഖ്യാപിച്ച് പുറത്തുവന്നതും ഐതിഹാസികമായ പോരാട്ടത്തിലൂടെ ആദ്യഘട്ടവിജയം നേടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ അഭിപ്രായം പറയുന്നതെങ്കിലും ഇതൊരു ഒറ്റപ്പെട്ട വിഷയമല്ല. സമീപകാല കേരളത്തിന്റെ സമരചരിത്രം ഏറെക്കുറെ സ്ത്രീപോരാട്ടങ്ങളുടെ ചരിത്രമാണെന്നതുകൊണ്ടാണ്. അതിന്റെ തുടര്‍ച്ചയാണ് കന്യാസ്ത്രീകളുടെ പോരാട്ടവും. സഭക്കുള്ളില്‍ നടന്ന ഒരു കുറ്റകൃത്യത്തെ കുറിച്ച് വത്തിക്കാന്‍ വരെ പരാതി അയച്ചിട്ടും ഗുണമില്ലാതെ പോലീസില്‍ പരാതി നല്‍കിയ കന്യാസ്ത്രീയുടെ നീതിക്കായി ആദ്യം രംഗത്തിറങ്ങിയത് അച്ചന്മാരല്ല, കന്യാസ്ത്രീകള്‍ തന്നെയായിരുന്നു എന്നത് ചെറിയ ഒരു കാര്യമല്ല. മത്സ്യത്തൊഴിലാളികളുടെ സമരകാലത്തായിരുന്നു സിസ്റ്റര്‍ ആലിസീന്റെ നേതൃത്വത്തില്‍ ഇതിനു മുമ്പ് കന്യാസ്ത്രീകള്‍ രംഗത്തിറങ്ങിയിട്ടുള്ളത്. ട്രോളിംഗ് നിരോധനമടക്കമുള്ള നടപടികള്‍ നടപ്പായത് അങ്ങനെയായിരുന്നു. വിമോചനസമരത്തിലും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ നീക്കങ്ങളിലും മതമില്ലാത്ത ജീവന്‍ പാഠത്തിനെതിരേയും മറ്റും സഭക്കുവേണ്ടി പല കന്യാസ്ത്രീകള്‍ക്കും തെരുവിലേക്കിറങ്ങേണ്ടി വന്നിട്ടുണ്ട്. അഭയെയപോലുള്ള പല കന്യാസ്ത്രീകളും സംശയകരമായ സാഹചര്യങ്ങളില്‍ ഇല്ലാതായിട്ടും നീതി നടപ്പായില്ല. സിസ്റ്റല്‍ ജസ്മിയെ പോലുള്ള ചിലര്‍ ഒറ്റയാള്‍ പോരാട്ടം നടത്തി പുറത്തുവന്നു. എന്നാലിവിടെയിതാ ചരിത്രം മാറികൊടുത്തിരിക്കുന്നു. ലോകത്തുതന്നെ ഏറ്റവുമധികം പുരുഷാധിപത്യവും പൗരോഹിത്യവും നിലില്‍ക്കുന്ന ഒരു വന്‍സ്ഥാപനത്തിനെതിരെയാണ് വിരലിലെണ്ണാവുന്ന ഏതാനും കന്യാസ്ത്രീകള്‍ രംഗത്തെത്തിയത്. ഏതൊരു ജനകീയസമരത്തിലും പിന്തുണയുമായെത്തുന്ന ഒരു വിഭാഗം ഈ പോരാട്ടത്തോടും സഹകരിച്ചു. അങ്ങനെയാണ് കന്യാസ്ത്രീകളുടെ പോരാട്ടം ഐതിഹാസികമായ ഒന്നായി മാറിയത്. പതിവുപോലെ മുഖ്യധാരാപ്രസ്ഥാനങ്ങളെല്ലാം നീതിക്കായുള്ള ഈ പോരാട്ടത്തെ അവഗണിക്കുകയായിരുന്നു. സര്‍ക്കാരാകട്ടെ തങ്ങള്‍ക്കാവുന്ന വിധം പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിച്ചശേഷമാണ് മുട്ടുകുത്തിയത്.
സംസ്ഥാനത്ത് അടുത്തുനടന്ന മിക്കവാറും സമരങ്ങളുടെയയെല്ലാം നെടുനായകത്വവും ചാലകശക്തിയും സ്ത്രീകളാളാണെന്നു കാണാം. മൂന്നാറിലെ പെമ്പിളൈ ഒരുമൈയുടെ ചരിത്രം രചിച്ച പോരാട്ടം നടന്നിട്ട് അധികകാലമായില്ലല്ലോ. സമ്പത്തോ വിദ്യാഭ്യാസമോ വിഭവങ്ങളോ ഇല്ലാത്ത ദരിദ്രരില്‍ ദരിദ്രരായ തോട്ടം തൊഴിലാളികളുടെ സമരം നയിച്ചതും ഗോമതിയേയും ലിസിയേയുംപോലുള്ള പെണ്‍പോരാളികളായിരുന്നു. സമരത്തില്‍ പങ്കെടുത്തവരില്‍ 90 ശതമാനവും സ്ത്രീകള്‍തന്നെ. ആ പോരാട്ടത്തോടും സര്‍ക്കാരും മുഖ്യധാരാപ്രസ്ഥാനങ്ങളും സ്വീകരിച്ച സമീപനം മറക്കാറായിട്ടില്ലല്ലോ. തോട്ടം തൊഴിലാളികളെ പോലെതന്നെ ജീവിക്കാനായി പടവെട്ടുന്ന ഷോ്പ്പ് ജീവനക്കാരികള്‍ ഇരിക്കാനായി നടത്തിയ പോരാട്ടവും കേരളത്തിലെ സമീപകാലചരിത്രത്തില്‍ വേറിട്ട അധ്യായമാണ്. വന്‍കിട വാണിജ്യസ്ഥാപനങ്ങള്‍ക്കെതിരെയായിരുന്നു ആ സമരമെന്നതിനാല്‍ മിക്കവാറും മാധ്യമങ്ങള്‍ പോലും അതവഗണിക്കുകയായിരുന്നു. പ്രധാന യൂണിയനുകളുടെ നിലപാടും വ്യത്യസ്ഥമായിരുന്നില്ല. എന്നിട്ടും ഇരിക്കാനുള്ള അവകാശം അംഗീകരിച്ച് സര്‍ക്കാരിന് നിയമം പാസാക്കേണ്ടിവന്നു. എന്നാലത് നടപ്പാക്കാനായി ഇനിയും പോരാട്ടത്തിനിറങ്ങേ്ണ്ട അവസ്ഥയിലാണ് തൊഴിലാളികള്‍. അതിനുമുമ്പ് കേരളത്തെയാകെ ഇളക്കിമറിച്ച നഴ്‌സുമാരുടെ ഉശിരന്‍ പോരാട്ടത്തിനും കേരളം സാക്ഷിയായി.
മാലാഖമാരെന്നും വിശേഷിപ്പിച്ച മാന്യമായ വേതനവും മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ട ഈ തൊഴിലാളികള്‍ രംഗത്തുവന്നപ്പോഴും നമ്മുടെ വിപ്ലവകാരികളായ യൂണിയനുകള്‍ മാളത്തിലായിരുന്നു. ഒരു പരിധിവരെ വിജയിച്ച പോരാട്ടങ്ങളുമായി നഴ്‌സുമാര്‍ മുന്നോട്ടുതന്നെയാണ്.
ഈ പോരാട്ടങ്ങളെല്ലാം നടന്നത് സാമ്പത്തികമായും സാമൂഹ്യമായും സമൂഹത്തിന്റെ കീഴ്ത്തട്ടില്‍ നിന്നാണെങ്കില്‍ നടി അക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് ഗ്ലാമര്‍ മേഖലയായ സിനിമാരംഗത്തുണ്ടായ മുന്നേറ്റങ്ങളും സമാനതകള്‍ ഇല്ലാത്തതായിരുന്നു. ഇന്ത്യയില മിക്ക സംസ്ഥാനങ്ങളിലും സിനിമാ രംഗത്തുള്ളവര്‍ സാമൂഹ്യവിഷയങ്ങളിലും രാഷ്ട്രീത്തിലുമെല്ലാം സജീവമായി ഇടെപടുമ്പോള്‍ അതില്‍ നിന്ന് വ്യത്യസ്ഥമാണ് കേരളം. പൊതുവിഷയങ്ങളില്‍ കാര്യമായി ആരും പ്രതികരിക്കാറില്ല. പ്രതികരിച്ചാല്‍ തന്നെ മിക്കവാറും അവ മണ്ടത്തരങ്ങളായിരിക്കും. എന്നാല്‍ ആ ചരിത്രമാണ് തിരശ്ശീലയിലെ ഗ്ലാമര്‍ പെണ്‍താരങ്ങള്‍ തിരുത്തിയത്. സഭയിലെ പുരുഷാധിപത്യത്തിനെതിരെ ഇപ്പോള്‍ കന്യാസ്ത്രീകള്‍ നടത്തിയ പോരാട്ടത്തിനു സമാനമായിരുന്നു സിനിമയിലെ പുരുഷാധിപത്യത്തിനെതിരെ നമ്മുയെ യുവനടിമാര്‍ പോരാടിയത്. ഇപ്പോഴുമാ പോരാട്ടം തുടരുകയാണ്. നടിക്കു നീതി കിട്ടുംവരെ പോരാട്ടം തുടരുമെന്നാണവരുടെ പ്രഖ്യാപനം. കന്യാസ്ത്രീ സമരത്തെ പോലെ സിനിമയിലെ പുരുഷനടന്മാരില്‍ ചെറിയൊരു വിഭാഗമേ അവര്‍ക്കൊപ്പമുള്ളു എന്നതും ശ്രദ്ധേയമാണ്.
അടുത്തകാലത്തായി കേരളം സാക്ഷ്യംവഹിക്കുന്ന, അടിത്തട്ടില്‍ നിന്നുള്ള മറ്റു പോരാട്ടങ്ങളിലും സ്ത്രീകള്‍ തന്നെയാണ് മുന്നണി പോരാളികള്‍. സി കെ ജാനു നയിച്ച ഐതിഹാസികപോരാട്ടങ്ങള്‍ക്കുശേഷം ആദിവാസി സമരമേഖലകളും സലീനാ പ്രാക്കാനം മുഖ്യപങ്കുവഹിച്ച ചങ്ങറ സമരത്തിനുശേഷം ദളിത് സമരമേഖലകളും നയിക്കുന്നത് സ്ത്രീകള്‍ തന്നെയാണ്. ഡി എച്ച് ആര്‍ എം പോലുള്ള പോരാടുന്ന ദളിത് സംഘടനയെ നയിക്കുന്നത് സലീന പ്രാക്കാനമാണ്. ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യത്തിനു വേണ്ടി ഹാദിയയും മുഖ്യധാരാപ്രസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ ഊരുവിലക്കിനെതിരെ ചിത്രലേഖയും സര്‍ഫാസി എന്ന സാമ്പത്തിക കരിനിയമത്തിനെതിരെ പ്രീതാഷാജിയും പരിസ്ഥിതി സംരക്ഷണത്തിനായി ജസീറ നടത്തിയ പോരാട്ടങ്ങളും സമീപകാല ചരിത്രമാണ്. കേരളത്തിലിന്നു സജീവമായ പരിസ്ഥിതി സംരക്ഷണസമരങ്ങൡലും ക്വാറികള്‍ക്കെതിരായ പോരാട്ടങ്ങളിലും വികസനത്തിന്റെ പേരില്‍ നടപ്പാക്കുന്ന അന്യായമായ കുടിയൊഴിപ്പിക്കലുകള്‍ക്കെതിരായ സമരങ്ങളിലും മുഖ്യം സ്ത്രീശക്തി തന്നെ. മത്സ്യമേഖലയിലെ അവസ്ഥയും വ്യത്യസ്ഥമല്ല. രാത്രി പിടിച്ചെടുക്കല്‍, ആര്‍ത്തവസമരം, ഹോസ്റ്റല്‍ സമരം, മി ടൂ, ഏകീകൃത സിവില്‍ കോഡ്, ക്ഷേത്രപ്രവേശനസമരം, ജിഷ – സൗമ്യ കൊലകളുമായി ബന്ധപ്പെട്ട പോരാട്ടങ്ങള്‍, വിനയ, സിസ്റ്റര്‍ ജസ്മി, മാഗ്ലീന്‍, കുസുമം ജോസഫ്, പി ഗീത, രേഖാരാജ്, മായാ പ്രമോദ്, മൃദുലാ ദേവി, ശ്രീജ നെയ്യാറ്റിന്‍കര …… തുടങ്ങിയവരെല്ലാം നയിക്കുന്ന സമരങ്ങള്‍… ഇവയിലെല്ലാമുള്ള ട്രാന്‍സ് ജെന്റര്‍ സാന്നിധ്യവും ശ്രദ്ധേയമാണ്. സദാചാരപോലീസിങ്ങിനെതിരെ നടന്ന ചുംബനസമരത്തിലെ വനിതാസാന്നിധ്യം സദാചാരവാദകളെ ഞെട്ടിച്ച് അധികകാലമായില്ല. അംഗീകൃത വിദ്യാര്‍ത്ഥിസംഘടനകള്‍ക്കപ്പുറം അടുത്തു നടന്ന പല വിദ്യാര്‍ത്ഥി സംഘടനകളിലും ഇതുതന്നെയായിരുന്നു സ്ഥിതി. ഇവയെല്ലാം നല്‍കുന്ന സൂചന മറ്റൊന്നല്ല, വരുംകാല കേരള ചരിത്രം രചിക്കുന്നത് സ്ത്രീകളാണ് എന്നു തന്നെയാണ്. അതാകട്ടെ ഹിസ്റ്ററിയാകില്ല, ഹേര്‍ സ്‌റ്റോറിയായിരിക്കും.
തുടക്കത്തില്‍ സൂചിപ്പിച്ച, മുഖ്യധാരാരാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഇക്കാര്യത്തിലെ നിലപാടും പരിശോധനാവിഷയമാക്കേണ്ടതാണ്. മേല്‍ സൂചിപ്പിച്ച ഈ പോരാട്ടങ്ങലില്‍ മിക്കവയോടും നമ്മുടെ കക്ഷിരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സ്വീകരിച്ചത് നിഷേധാത്മക നിലപാടാണ്. അതിപ്പോഴും തുടരുന്നു. അതിനേക്കാള്‍ ഗൗരവപരമായ പ്രശ്‌നം ഈ പ്രസ്ഥാനങ്ങളിലെ സ്ത്രീകളുടെ അവസ്ഥയാണ്. അതേറെക്കുറെ സഭയിലേയും സിനിമാമേഖലയിലേയും മറ്റും അവസ്ഥക്ക് സമാനമാണ്. പ്രസ്തുതമേഖലകളിലെ സംഭവങ്ങള്‍ക്കു സമാനമാണല്ലോ അടുത്തയിടെ എം എല്‍ എക്ക് നേരെയുണ്ടായ ലൈംഗികാരോപണം. എന്നാല്‍ നടിമാരും കന്യാസ്ത്രീകളും കാണിച്ച ആര്‍ജ്ജവം പോലും പാര്‍ട്ടി വനിതകള്‍ കാണിക്കാത്തത് അത്ഭുതകരമല്ല. നമ്മുടെ പ്രസ്ഥാനങ്ങളിലെ പുരുഷാധിപത്യത്തിന്റെ രൂക്ഷതയാണ് വെളിവാക്കുന്നത്. മമതയേയോ ജയലളിതയേയോ മായാവതിയേയോ സുഷമാ സ്വരാജിനേയോ വൃന്ദാ കാരാട്ടിനേയോ പോലെയുള്ളവര്‍ പോകട്ടെ, രണ്ടാംനിര നേതൃത്വമായി പോലും സ്ത്രീകള്‍ ഉയര്‍ന്നു വരുന്നതിനെ ഇവരാരെങ്കിലും അംഗീകരിക്കുമോ? കോണ്‍ഗ്രസ്സിലെ അവസാനത്തെ നേതൃത്വപ്രഖ്യാപനം തന്നെ ഉദാഹരണം. ഗൗരിയമ്മക്കുശേഷം ആ നിരയിലൊരു നേതാവ് ഇടതുപക്ഷത്തുമില്ല. വനിതാസംവരണത്തെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുമ്പോഴും പാര്‍ട്ടിക്കുള്ളില്‍ അതു നടപ്പാക്കാന്‍ ഇവരാരെങ്കിലും തയ്യാറുണ്ടോ? ഇവരുടെ യുവജന, വിദ്യാര്‍ത്ഥി സംഘടനകളുടേയും അവസ്ഥ വ്യത്യസ്ഥമല്ല. പേരിന് എല്ലാവര്‍ക്കും മഹിളാസംഘടനകളുണ്ട്. അവയുടെ പ്രധാന കടമ പാര്‍ട്ടി പരിപാടികളില്‍ അലങ്കാരമായിരിക്കുക എന്നതാണ്. വൈവിധ്യമാര്‍ന്ന മേഖലളില്‍ സ്ത്രീകള്‍ പുതിയ സമര കേരള ചരിത്രമെഴുതുമ്പോള്‍ അതില്‍ പങ്കാളികളല്ലാതിരിക്കുകയും കഴിയുമെങ്കില്‍ അതിനെ തുരങ്കം വെക്കുകയും ചെയ്യുന്ന സമീപനമാണ് നമ്മുടെ മുഖ്യധാരാ രാഷ്ടരീയ പ്രസ്ഥാനങ്ങള്‍ സ്വീകരിക്കുന്നതെന്ന് എന്നു സാരം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply