ആ മാരിവില്‍ മാഞ്ഞുപോയാലെന്ത്
പാഠഭേദം രാഷ്ട്രീയക്കാരന്‍ മരിച്ചു, രാഷ്ട്രീയം നീണാള്‍ വാഴട്ടെ എന്ന് 2012 ല്‍ അഴിമതി വിരുദ്ധ ജനലോക്പാല്‍ പ്രസ്ഥാനത്തെ അടയാളപ്പെടുത്തിയതു മുതല്‍, ഡല്‍ഹി 2015 ലെ അഭൂത പൂര്‍വ്വമായ തെരഞ്ഞെടുപ്പ് വിജയം വരെ, പാഠഭേദം, ഇന്ന് ആംആദ്മി പാര്‍ട്ടി ഔദ്യോഗിക പക്ഷമെന്നും സ്വരാജ് അഭിയാന്‍ എന്നും ചേരി തിരിഞ്ഞു നില്‍ക്കുന്ന നവ രാഷ്ട്രീയത്തെ പിന്തുടരുന്നു. ഇടതു പക്ഷത്തിന്റെ പ്രത്യയശാസ്ത്ര ആലയില്‍ കുറ്റികെട്ടാന്‍ പറ്റാത്ത എന്തിനോടുമുള്ള മലയാളിയുടെ പുച്ഛഭാവത്തെ എതിരിട്ടുകൊണ്ടായിരുന്നു ഞങ്ങളുടെ ഈ പിന്തുടരല്‍. അത്‌കൊണ്ട് തന്നെ ഒരു പ്രസിദ്ധീകരണത്തിന്റെ […]
രാഷ്ട്രീയക്കാരന്‍ മരിച്ചു, രാഷ്ട്രീയം നീണാള്‍ വാഴട്ടെ എന്ന് 2012 ല്‍ അഴിമതി വിരുദ്ധ ജനലോക്പാല്‍ പ്രസ്ഥാനത്തെ അടയാളപ്പെടുത്തിയതു മുതല്‍, ഡല്‍ഹി 2015 ലെ അഭൂത പൂര്‍വ്വമായ തെരഞ്ഞെടുപ്പ് വിജയം വരെ, പാഠഭേദം, ഇന്ന് ആംആദ്മി പാര്‍ട്ടി ഔദ്യോഗിക പക്ഷമെന്നും സ്വരാജ് അഭിയാന്‍ എന്നും ചേരി തിരിഞ്ഞു നില്‍ക്കുന്ന നവ രാഷ്ട്രീയത്തെ പിന്തുടരുന്നു. ഇടതു പക്ഷത്തിന്റെ പ്രത്യയശാസ്ത്ര ആലയില്‍ കുറ്റികെട്ടാന്‍ പറ്റാത്ത എന്തിനോടുമുള്ള മലയാളിയുടെ പുച്ഛഭാവത്തെ എതിരിട്ടുകൊണ്ടായിരുന്നു ഞങ്ങളുടെ ഈ പിന്തുടരല്‍. അത്‌കൊണ്ട് തന്നെ ഒരു പ്രസിദ്ധീകരണത്തിന്റെ പ്രൊഫഷണല്‍ ഭാവത്തിന് അനിവാര്യമെന്ന് കണക്കാക്കുന്ന സംശയാലുത്വവും നിര്‍മ്മമതയും ഒരളവില്‍ ഞങ്ങള്‍ മാറ്റിവെക്കുക തന്നെ ചെയ്തു.
രണ്ട് സ്‌പെഷ്യല്‍ പതിപ്പുകള്‍, ഒരു സപ്ലിമെന്റ,് 2015 ദല്‍ഹി വിജയത്തെക്കുറിച്ച് ഒരു പോസ്റ്റ് പ്രസ്സ് സീല്‍: തീര്‍ച്ചയായും ആംആദ്മി പാര്‍ട്ടി ഉള്ളിലേക്ക് തകരുന്ന ശബ്ദം കഴിഞ്ഞ രണ്ടാഴ്ചയായി ഞങ്ങളും കേള്‍ക്കുന്നുവെന്ന് വായനക്കാരോട് പറയാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്.
സ്വപ്‌നതുല്യമായ ഒരു തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ഹിന്ദുത്വ രാഷ്ട്രീയത്തിനും വിപണി മൗലികവാദത്തിനും ദല്ലാള്‍ മുതലാളിത്വത്തിനുമെതിരായി ഉയരാവുന്ന ബദലായി ആം ആദ്മി പാര്‍ട്ടി ഇന്‍ഡ്യയുടെ രാഷ്ട്രീയ ഭാവനയെ പ്രലോഭിപ്പിച്ചു തുടങ്ങിയപ്പോഴേക്കും അത് സംഭവിച്ചിരിക്കുന്നു. പ്രായോഗികവാദികളും ആദര്‍ശവാദികളും തമ്മിലെന്ന്, ഹൈക്കമാന്റ് സംസ്‌കാരവും ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും തമ്മിലെന്ന് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്ന പിളര്‍പ്പ്. ആപ് എന്ന പ്രയോഗം നിലനില്‍ക്കുന്നു, ആപ് എന്ന ആദര്‍ശം അസ്തമിച്ചിരിക്കുന്നു എന്ന് വരെ ചരമക്കുറിപ്പ് എഴുതപ്പെട്ടിരിക്കുന്നു. ഈ നിരാശാബോധത്തില്‍ നിന്നും ഞങ്ങള്‍ വിട്ടു നില്‍ക്കുന്നു തികഞ്ഞ ഉത്തരവാദിത്വത്തോടെ.
എന്‍.ജി.ഒ വല്‍ക്കരണത്തിനും ഇടതുപക്ഷ ഭാവനാരാഹിത്യത്തിനുമിടയില്‍ ഭാവി അന്വേഷിച്ചുകൊണ്ടിരുന്ന ഇന്ത്യയിലെ നവ സാമൂഹ്യ പ്രസ്ഥാന രാഷ്ട്രീയത്തെ ജനസഞ്ചയ രാഷ്ട്രീയത്തിന്റെ വിധ്വംസക സാധ്യതകളിലേക്ക് ഉണര്‍ത്തിയത് ജനലോക്പാല്‍ പ്രസ്ഥാനവും ആംആദ്മി പാര്‍ട്ടിയുമാണ്. കുറച്ച് പരുക്കനായിപ്പറഞ്ഞാല്‍ ഫോര്‍ഡ് ഫൗണ്ടേഷന്‍ മുതല്‍ നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍ വരെയുള്ള ഇന്‍ഡ്യന്‍ ആക്ടിവിസ്റ്റ് പരിസരത്തെ അതിന് ഉള്‍ക്കൊള്ളാനായി. ബഹുസ്വരമോ ബാബേല്‍ ഗോപുരമോ എന്ന് തിരിച്ചറിയാനാവത്തപ്പോഴും വൈവിധ്യങ്ങളെ കൈകാര്യം ചെയ്യാനാവുമെന്നത് തെളിയിച്ചു. എന്‍ഡോസള്‍ഫാന്‍ പീഡിതര്‍ക്കും ഭോപ്പാല്‍ ഇരകള്‍ക്കും കൂടംകുളം സമരക്കാര്‍ക്കും രാഷ്ട്രീയ നാവ് കൈവന്നു. സോണിസോറി മുതല്‍ ബാട്‌ലാ ഹൗസ് വ്യാജ ഏറ്റുമുട്ടല്‍ ഇരകള്‍ക്കു വരെ രാഷ്ട്രീയ പ്രാതിനിധ്യം സാധ്യമാവുമെന്ന് വന്നു. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ സീറ്റില്‍ മത്സരിച്ച് രാഷ്ട്രീയ കക്ഷി ബി.ജെ.പി യോ കോണ്‍ഗ്രസ്സോ ആയിരുന്നില്ല, ഒരു വര്‍ഷം മാത്രം പ്രായമെത്തിയ ആംആദ്മി പാര്‍ട്ടിയായിരുന്നു. തീര്‍ച്ചയായും ആപ്പിന്റെ ജന പിന്തുണയുടെ അളവുകോലായിരുന്നില്ല അത്. പക്ഷെ ആപ് പ്രതിനിധാനം ചെയ്യുന്ന പുതു രാഷ്ട്രീയത്തിന്റെ വിധ്വംസക വൈവിധ്യം അതില്‍ തെളിഞ്ഞിരുന്നു.
ആ മാരിവില്‍ മാഞ്ഞു പോവുകയാണോ?
രണ്ടു കാര്യങ്ങളില്‍ സംശയത്തിനിപ്പോഴും ഇടം കുറവാണ്. ഒന്നാമതായി സംവേദനക്ഷമതയുള്ള ഭരണമെന്തെന്ന്, പങ്കാളിത്ത ജനാധിപത്യത്തിന്റെ പ്രായോഗിക സാധ്യതകളെന്തെന്ന് ആംആദ്മി പാര്‍ട്ടിക്ക് ദല്‍ഹിയില്‍ തെളിയിക്കാനാകും. ഇന്‍ഡ്യന്‍ രാഷ്ട്രീയത്തെ അത് ഗുണപരമായി സ്വാധീനിക്കും. ഭരണ നിര്‍വ്വഹണ രംഗത്ത് ദല്‍ഹിയില്‍ നിന്നും ശുഭ സൂചനകളേ വരുന്നുള്ളൂ എന്നത് ശ്രദ്ധിക്കുക.
രണ്ടാമതായി, ആപ് എന്ന പ്രയോഗത്തെക്കാള്‍ വലുതാണ് ആപ് എന്ന ആശയം. 2013 ലെ ഡല്‍ഹി വിജയത്തിന് മുമ്പായിരുന്നു പ്രശസ്ത സാമൂഹ്യ ചിന്തകന്‍ ആശിഷ് നന്ദി ആപ്പിനെക്കുറിച്ച് ഇങ്ങനെ നിരീക്ഷിച്ചത്, സമയത്തിന്റെ തികവില്‍ ഭൗതികരൂപം പൂണ്ട ഒരാശയമാണ് ആപ്. അണികളും നേതാക്കളും കൊണ്ടു ശ്രമിച്ചാലും അതിനെ തകര്‍ക്കാന്‍ പാടാണ്.
മണ്ണില്‍ കാലുറപ്പിച്ചിട്ടുള്ള, ചീവിടുകളുടെ ശബ്ദങ്ങള്‍ക്ക് ചെവികൊടുക്കുന്ന, കരിസ്മയെ ജനകീയാഭിലാഷങ്ങളുടെ കേന്ദ്രീകരണത്തിന് ഉപാധിയാക്കുന്ന അരവിന്ദ് കെജ്‌രിവാളിന്റെ ദല്‍ഹി ഊഴത്തില്‍ പ്രതീക്ഷ ഇനിയും ബാക്കി.
ഇന്‍ഡ്യയിലെ നവസാമൂഹ്യ പ്രസ്ഥാനങ്ങളുടെ വര്‍ണ്ണരാജിയെ സ്വാംശീകരിക്കുന്ന, ജനകീയ സമരങ്ങളുടെ രാഷ്ട്രീയ ഇച്ഛയെ തിരിച്ചറിയുന്ന, വികേന്ദ്രീകരണം ഭക്ഷണമാക്കുന്ന, നേതൃപ്രാഭവത്തെ സംവാദ രാഷ്ട്രീയം കൊണ്ട് പൂരിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന, മൂല്യങ്ങള്‍ക്ക് മണ്ണിലിറങ്ങി നടക്കാന്‍ വേണ്ട വിവേകബുദ്ധി മാത്രമാണ് പ്രായോഗികത എന്നു തിരിച്ചറിയുന്ന നവരാഷ്ട്രീയത്തിന്റെ ഇടവും പ്രതീക്ഷയും ഇനിയും ബാക്കി.
ഇതിനിടയില്‍ ആംആദ്മി പാര്‍ട്ടിയുടെ സംഘടനാ രൂപമെന്ന ആ മാരിവില്‍ മാഞ്ഞുപോയാലെന്ത്?
ദേശീയ പ്രതിപക്ഷം എന്നൊന്നില്ല പ്രതിപക്ഷങ്ങളേയുള്ളൂ എന്നും ആപ്പിന് ഫ്രാഞ്ചൈസികളില്ല, സ്വന്തം സ്വന്തം ആപ്പുകള്‍ ഉയര്‍ത്തിക്കൊണ്ടുവരലേ വഴിയുള്ളൂ എന്നുമുള്ള തിരിച്ചറിവാണോ ആപ്പ് പ്രതിസന്ധിയുടെ പാഠം?
(പാഠഭേദം ഏപ്രില്‍ ലക്കം എഡിറ്റോറിയല്‍)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in