ആവാഹനവും ഉച്ചാടനവും
എസ്. നാരായണന്‍ മഠാധിപതികള്‍ക്കും, മന്ത്രവാദികള്‍ക്കും, മഷിനോട്ടക്കാര്‍ക്കും പരസ്യത്തിലൂടെ ഏറ്റവും കൂടുതല്‍ പ്രോത്സാഹനം കൊടുക്കുന്ന പത്രമാണ് മാതൃഭൂമി. സമൂഹം, ദേശീയദിനപത്രം എന്നു വിളിച്ച് ബഹുമാനിക്കുന്നതുകൊണ്ടും സ്വാതന്ത്ര്യസമരത്തിന്റെ വീരഗാഥകളില്‍ മാതൃഭൂമി പത്രം ഉള്‍പ്പെട്ടുപോയതുകൊണ്ടും, കേരളത്തില്‍ തുടരെ തുടരെയുണ്ടാകുന്ന മന്ത്രവാദക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ താഴെക്കൊടുക്കുന്ന വിധം ഒരു വിശദീകരണക്കുറിപ്പ് അവര്‍ക്ക് വേണ്ടി വായനക്കാര്‍ക്ക് തയ്യാറാക്കാവുന്നതാണ്: ചുട്ടകോഴിയെ പറപ്പിക്കുന്ന മഹാമാന്ത്രികരുള്ള സംസ്ഥാനമാണ് കേരളം. ഏതു രംഗത്തും ഉള്ളതുപോലെ തട്ടിപ്പുകാരും കാപട്യക്കാരും മന്ത്രവാദികളിലും കണ്ടേക്കാം. കള്ളനാണയങ്ങള്‍ ധാരാളം ഉള്ള മേഖലയായിപ്പോയി എന്നതുകൊണ്ട് മന്ത്രവാദത്തേയും ആഭിചാരപ്രവര്‍ത്തനങ്ങളേയും കണ്ണടച്ചെതിര്‍ക്കുന്നത് […]
മഠാധിപതികള്‍ക്കും, മന്ത്രവാദികള്‍ക്കും, മഷിനോട്ടക്കാര്‍ക്കും പരസ്യത്തിലൂടെ ഏറ്റവും കൂടുതല്‍ പ്രോത്സാഹനം കൊടുക്കുന്ന പത്രമാണ് മാതൃഭൂമി. സമൂഹം, ദേശീയദിനപത്രം എന്നു വിളിച്ച് ബഹുമാനിക്കുന്നതുകൊണ്ടും സ്വാതന്ത്ര്യസമരത്തിന്റെ വീരഗാഥകളില്‍ മാതൃഭൂമി പത്രം ഉള്‍പ്പെട്ടുപോയതുകൊണ്ടും, കേരളത്തില്‍ തുടരെ തുടരെയുണ്ടാകുന്ന മന്ത്രവാദക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ താഴെക്കൊടുക്കുന്ന വിധം ഒരു വിശദീകരണക്കുറിപ്പ് അവര്‍ക്ക് വേണ്ടി വായനക്കാര്‍ക്ക് തയ്യാറാക്കാവുന്നതാണ്:
ചുട്ടകോഴിയെ പറപ്പിക്കുന്ന മഹാമാന്ത്രികരുള്ള സംസ്ഥാനമാണ് കേരളം. ഏതു രംഗത്തും ഉള്ളതുപോലെ തട്ടിപ്പുകാരും കാപട്യക്കാരും മന്ത്രവാദികളിലും കണ്ടേക്കാം. കള്ളനാണയങ്ങള്‍ ധാരാളം ഉള്ള മേഖലയായിപ്പോയി എന്നതുകൊണ്ട് മന്ത്രവാദത്തേയും ആഭിചാരപ്രവര്‍ത്തനങ്ങളേയും കണ്ണടച്ചെതിര്‍ക്കുന്നത് യുക്തിസഹമല്ല. മന്ത്രവാദത്തിലൂടെയും ചാത്തന്‍ സേവയിലൂടെയും ശത്രുസംഹാരം പോലുള്ള പ്രശ്‌നപരിഹാരങ്ങളും ധനലാഭം, പുത്രലാഭം, രോഗമുക്തി തുടങ്ങിയ നേട്ടങ്ങളും കൈവരിച്ച് സമ്പല്‍സമൃദ്ധിയോടെ സന്തുഷ്ടജീവിതം നയിക്കുന്ന എത്രയോ മനുഷ്യര്‍ നമുക്കിടയില്‍ തന്നെയുണ്ട്! എല്ലാ മുന്‍വിധികളും മാറ്റിവെച്ച് കണ്ണുതുറന്ന് നോക്കിയാല്‍ ഏതു നിഷ്പക്ഷമതിക്കും നേരിട്ട് ബോദ്ധ്യപ്പെടുന്ന കാര്യങ്ങളാണ് ഇതെല്ലാം. മന്ത്രവാദമോ ജ്യോതിഷമോ ശരിയായി പഠിക്കാതെ കേവലം സാമ്പത്തികലാഭം മാത്രം ലക്ഷ്യമാക്കി ഇറങ്ങിത്തിരിക്കുന്ന അല്പജ്ഞാനികള്‍ ഈ രംഗത്ത് അഴിഞ്ഞാടുന്നത് മന്ത്രവാദത്തിന്റെ മഹത്തായ പാരമ്പര്യത്തേയും ചരിത്രത്തേയും ജനങ്ങള്‍ക്കിടയിലുള്ള അതിന്റെ സ്വീകാര്യതയേയും ഇല്ലാതാക്കാന്‍ മാത്രമേ ഉതകുകയുള്ളു. ഏതാനും പുഴുക്കുത്തുകള്‍ ഏതു രംഗത്തുമെന്നപോലെ മന്ത്രവാദ-ചാത്തന്‍സേവാ-ജ്യോതിഷ-കൂടോത്ര രംഗത്തും ഉണ്ട് എന്നതുകൊണ്ട് ഒരിക്കലും ഇതൊരു ശാസ്ത്രമല്ലാതാകുന്നില്ല എന്നാണ് നമ്മുടെ പത്രത്തിന്റെ സുചിന്തിതമായ അഭിപ്രായം. മുറിവൈദ്യന്മാരായ ഏതാനും തട്ടിപ്പുകാരുടെ കൈയ്യിലകപ്പെട്ട് ‘കേരളീയ മന്ത്രവാദശാസ്ത്രം (യഥാര്‍ത്ഥ)’ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. മന്ത്രവാദികളെന്നും പറഞ്ഞ് ഇറങ്ങിത്തിരിച്ചിരിക്കുന്ന ഈ കാലമാടന്മാരുടെ കൈയിലകപ്പെട്ട് മൂന്ന് മനുഷ്യജീവനുകളാണ് കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ ഇല്ലാതായത്. പൊന്നാനിയിലും കരുനാഗപ്പള്ളിയിലും പത്തനംതിട്ടയിലും നടന്ന ഈ മരണങ്ങള്‍ വളരെ പ്രാധാന്യത്തോടെ മുന്‍പേജില്‍ തന്നെ നമ്മുടെ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ മരണങ്ങളെപറ്റി ചിത്രങ്ങള്‍ സഹിതം ധാരാളം വാര്‍ത്തകള്‍ അകം പേജിലും പുറം പേജിലും നമ്മള്‍ കൊടുത്തിരുന്നു എന്നതുതന്നെ, നമുക്ക് മന്ത്രവാദത്തിന്റെ പേരില്‍ നടക്കുന്ന ഈ കൊടും പാതകങ്ങളില്‍ ഒരു പങ്കുമില്ല എന്നതിന്റെ രേഖപ്പെടുത്തപ്പെട്ട തെളിവുകളാണ്. മാതാ അമൃതാനന്ദമയിയുടെ അന്തപ്പുരരഹസ്യങ്ങള്‍ ഒരു വിദേശ ശിഷ്യ ഈയിടെ വെളിപ്പെടുത്തിയിരുന്നത് നമ്മള്‍ തമസ്‌കരിച്ചത് എല്ലാവര്‍ക്കും അറിവുള്ളതാണ്. മന്ത്രവാദക്കൊലയും വേണമെങ്കില്‍ നമുക്ക് ഒതുക്കാമായിരുന്നു. പക്ഷെ നമ്മളത് ചെയ്തില്ല. ഇതൊക്കെയാണെങ്കിലും ‘യഥാര്‍ത്ഥ കേരളീയ മന്ത്രവാദശാസ്ത്ര’ത്തിനു പിന്നില്‍ അടിയുറച്ചുനില്‍ക്കുന്ന നിലപാട് തുടരുകതന്നെ ചെയ്യും എന്ന് അര്‍ത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കാന്‍ നമ്മള്‍ ഈ അവസരം ഉപയോഗിക്കേണ്ടതാണ്.
ഈയിടെ നടന്ന മന്ത്രവാദമരണങ്ങളില്‍ ആദ്യത്തേത് പൊന്നാനി സ്വദേശിയായ ഫര്‍സാനയുടേതായിരുന്നു. മരിക്കുമ്പോള്‍ ആ കുട്ടി ഗര്‍ഭിണിയായിരുന്നു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും കരുനാഗപ്പള്ളിയില്‍നിന്നും പുതിയ വാര്‍ത്തയെത്തി. കണ്ണങ്കര കുറ്റിയില്‍ ഹസ്സന്‍ കുഞ്ഞിന്റെ മകള്‍ ഹസീന മന്ത്രവാദ ചികിത്സക്കിടയില്‍ കൊല്ലപ്പെട്ടു. ശരീരത്തില്‍ കടന്നുകൂടിയ ജിന്നിനെ മൂക്കിലൂടെ ശക്തിയായി ഉച്ഛ്വസിപ്പിച്ച് കളയാന്‍ വേണ്ടി ഹസീനയെ കമഴ്ത്തി കിടത്തി മുടിയില്‍ പിടിച്ച് മന്ത്രവാദി നട്ടെല്ലിനു ചവിട്ടിയതാണ് മരണ കാരണം. ഒക്‌ടോബര്‍ 11 ന് പത്തനംതിട്ടയിലെ ആതിര എന്ന 19 വയസ്സ് പ്രായമുള്ള കോളേജ് വിദ്യാര്‍ത്ഥിനി മന്ത്രവാദചികിത്സയെതുടര്‍ന്ന് കൊല്ലപ്പെട്ടു. മൃതദേഹത്തിന്റെ രണ്ടു കൈവെള്ളയിലും ഇടത്തേ പുറം കൈപ്പത്തിയിലും പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു. ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ തീപ്പൊരി വീണ നിലയില്‍ ചെറിയ പൊള്ളലുകളുണ്ട്. ആതിരയുടെ വീട്ടില്‍ പൂജയും പ്രാര്‍ത്ഥനയും മറ്റും ഉണ്ടായിരുന്നതായി കുട്ടിയെ ആശുപത്രിയിലേക്കു കൊണ്ടുവന്ന ഓട്ടോ ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്. വീട്ടുവളപ്പില്‍ അരളിപ്പൂക്കളും മറ്റും കൂട്ടിയിട്ടിരുന്നുവത്രെ. ഈ മൂന്നു മരണങ്ങളും നമ്മുടെ പത്രം എത്രയോ കമനീയമായി റിപ്പോര്‍ട്ട് ചെയ്തിരിരുന്നു!
അടിക്കടിയുണ്ടായ ഈ മൂന്നു മരണങ്ങളും ഇപ്പോള്‍ നമ്മുടെ പത്രത്തിന് മാരണമായിരിക്കയാണ്. മോഹിനിയാട്ടം നര്‍ത്തകികള്‍ അണിയുന്ന കുടക്കടുക്കന്‍ കമ്മലുകള്‍ പോലെ നമ്മുടെ പത്രത്തിന്റെ തലക്കെട്ടിന് ഇരുഭാഗത്തും ചാത്തന്‍സേവാ മഠത്തിന്റെ പരസ്യങ്ങള്‍ കൊടുക്കാറുണ്ടല്ലോ. ഇതു ചൂണ്ടിക്കാട്ടി ചില തല്പരകക്ഷികള്‍ നമ്മള്‍ അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നു പ്രചരിപ്പിച്ച് കുപ്രചരണങ്ങള്‍ അഴിച്ചുവിടുകയാണ്. യഥാര്‍ത്ഥ ‘കേരളീയ മന്ത്രവാദശാസ്ത്രം’ പ്രയോഗിക്കുന്ന ശാസ്ത്രീയമന്ത്രവാദത്തേയും ശാസ്ത്രീയ കൂടോത്രത്തേയും മാത്രമേ നമ്മള്‍ പ്രോത്സാഹിപ്പിക്കുന്നുള്ളു. നമ്മള്‍ അതിനു മുതിരുന്നത് ജനങ്ങളുടെ നീറുന്ന ജീവിതപ്രശ്‌നങ്ങള്‍ക്ക് പ്രയോജനകരമാകട്ടെ എന്ന സദുദ്ദേശം കൊണ്ടു മാത്രമാണ്. ധനനഷ്ടം, വിവാഹതടസ്സം, ദാമ്പത്യകലഹം, ശത്രുബാധാദോഷം, ചാത്തന്‍ബാധാ ദോഷം, തൊഴില്‍ തടസ്സം, ദൃഷ്ടിദോഷം, ആഭിചാരദോഷം, പ്രേതദോഷം, ദാമ്പത്യദുരിതം, ക്ഷുദ്രാഭിചാരം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ക്ക് നമ്മുടെ പത്രത്തിലെ പരസ്യം കണ്ട് പരിഹാരത്തിലെത്തിച്ചേര്‍ന്ന എത്രയോ അനുഭവസ്ഥര്‍ ഉണ്ട്. തൊഴില്‍ ഉന്നതി, കുടുംബ അഭിവൃദ്ധി, ഭൂമി ക്രയവിക്രയം, ആകര്‍ഷണീയത, മത്സരങ്ങളിലും ബിസിനസിലും വിജയം, വശ്യം, ഉദ്ദിഷ്ടകാര്യസിദ്ധി, കോടതി വ്യവഹാര ശുഭപരിസമാപ്തി, സന്താനസൗഭാഗ്യം, പ്രമോഷന്‍, പ്രണയസാഫല്യം, വീട് നിര്‍മ്മാണം, രാഷ്ട്രീയ-കലാവിജയം, ഔഷധസേവ ഫലപ്രദമാകല്‍, വിദേശയാത്രാ തടസ്സപരിഹാരം എന്നിങ്ങനെ ജീവിതത്തില്‍ നാനാവിധത്തിലുള്ള അഭിവൃദ്ധികള്‍ സിദ്ധിച്ചവര്‍ ഒട്ടനവധിയുണ്ട് എന്നതിന് തെളിവ് ഇത്തരത്തിലുള്ള പരസ്യങ്ങളുമായി കൂടുതല്‍ മന്ത്രവാദികള്‍ നമ്മളെ സമീപിക്കുന്നു എന്നതുതന്നെയാണ്.
ഇത്തരം പരസ്യങ്ങള്‍ സ്വീകരിക്കുമ്പോള്‍ നമ്മള്‍ കര്‍ശനമായി പരിശോധിക്കുന്ന രണ്ടുമൂന്നു കാര്യങ്ങളുണ്ട്. ഒന്നാമതായി, ശാസ്ത്രീയമായ മന്ത്രവാദ-കൂടോത്ര വിദ്യകള്‍ പ്രയോഗിക്കുന്ന സ്ഥാപനങ്ങളും വ്യക്തികളും ആയിരിക്കണം. രണ്ടാമത്തെ കാര്യം വ്യാജന്മാരുടെ പരസ്യങ്ങള്‍ ഒരു കാരണവശാലും സ്വീകരിക്കില്ല. അതുകൊണ്ട് നമ്മള്‍ കൊടുക്കുന്ന ചാത്തന്‍ സേവാ മഠങ്ങളുടെ പരസ്യങ്ങളില്‍ ‘സാക്ഷാല്‍ ചാത്തന്‍’ എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കുന്നത് സൂക്ഷ്മദൃക്കുകള്‍ക്കും അല്ലാത്ത ദൃക്കുകള്‍ക്കും കാണാം. ദേശീയ സമരപാരമ്പര്യത്തിലൂടെ കടന്നുവന്നതുകൊണ്ടും സ്വാതന്ത്ര്യസമരകാലത്തെ മൂല്യങ്ങള്‍ സിരകളിലൂടെ ഇപ്പോഴും ഒഴുകികൊണ്ടേയിരിക്കുന്നതുകൊണ്ടും മതേതരത്തത്തെ കൈവിടാന്‍ നമുക്ക് നിവൃത്തിയില്ല. അതുകൊണ്ടാണ് എല്ലാ ചാത്തന്‍-കൂടോത്ര പരസ്യങ്ങളിലും ‘ജാതി മതഭേദമന്യേ എല്ലാവര്‍ക്കും അനുഗ്രഹം’ എന്ന് കൊടുക്കണമെന്ന് പ്രത്യേകം നിഷ്‌കര്‍ഷിക്കുന്നത് (ഞായറാഴ്ചകളിലുള്ള നമ്മുടെ മാട്രിമോണിയല്‍ കോളത്തില്‍ ജാതിയും മതവും ഉടുതുണിയഴിച്ച് ഉറഞ്ഞു തുള്ളുകയാണെന്ന് പൊതുവേ ആരോപണമുണ്ട്. സമൂഹം മൊത്തത്തില്‍ അങ്ങിനെയാകുമ്പോള്‍ അവര്‍ക്ക് കുറച്ച് സ്ഥലം പത്രത്തിലും കൊടുക്കേണ്ടിവരും. അത് പ്രായോഗികബുദ്ധിയുടെ കാര്യമാണ്. ചമശൃ ടവൃലല.രീാ എന്ന പേരിലുള്ള വിവാഹ ബ്യൂറോക്കാരുടെ പരസ്യം ഈയിടെ നമ്മള്‍ കൊടുത്തിരുന്നു. പത്തനംതിട്ടയിലെ പെണ്‍കുട്ടി മരിച്ച വാര്‍ത്ത വന്ന ദിവസം തന്നെ ഉള്‍പേജില്‍ ആ പരസ്യം ഉണ്ടായിരുന്നു. ‘ ഠവല അൗവേലിശേര ങമൃേശാീിശമഹ ടശലേ ീള ചമശൃ െയ്യ ചമശൃ െളീൃ ചമശൃ’െ എന്ന വിശേഷണത്തോടെയുള്ള പരസ്യം ഒഴിവാക്കാമായിരുന്നില്ലേ എന്ന് പലരും നമ്മളോട് ചോദിക്കുകയുണ്ടായി. ‘ജനങ്ങള്‍, ജനങ്ങള്‍ക്കുവേണ്ടി, ജനങ്ങളാല്‍’ എന്ന് എബ്രഹാം ലിങ്കണ്‍ പണ്ട് ജനാധിപത്യത്തിന് കൊടുത്ത ശാസ്ത്രീയ നിര്‍വ്വചനംപോലെ തോന്നിയതുകൊണ്ടാണ് അത് കൊടുത്തത്. ശാസ്ത്രീയമായ കാഴ്ചപ്പാട് ഉണ്ടെങ്കില്‍ നമ്മള്‍ എന്തും സ്വീകരിക്കും.)
വ്യാജനോ ഒറിജിനലോ എന്നൊക്കെ അന്വേഷിച്ച ശേഷമേ നമ്മള്‍ പൊതുവെ പരസ്യങ്ങള്‍ സ്വീകരിക്കാറുള്ളു. കാനാടി കുടുംബത്തിലെ ഇളംതലമുറക്കാരനും മുഖ്യ കര്‍മ്മിയും പ്രധാന വെളിച്ചപ്പാടുമായ സുധീര്‍ ഗോപാലന്റെ അന്തിക്കാട് കാനാടി സന്നിധി ശ്രീ കുട്ടിച്ചാത്തന്‍ ക്ഷേത്രം, ഇരിങ്ങാലക്കുട- കൊടുങ്ങല്ലൂര്‍ വഴിയില്‍ കോണത്തുകുന്ന് സ്റ്റോപ്പിനടുത്തുള്ള മായാസന്നിധി വിഷ്ണുമായ ക്ഷേത്രം, പത്മനാഭസ്വാമിയുടെ എട്ടുമന കാരണയില്‍ മഠം, ഡോ. വിഷ്ണുഭാരതീയ സ്വാമിയുടെ പെരിങ്ങോട്ടുകരയിലെ കാനാടി കാവ്, വടക്കേടത്ത് താമരപ്പള്ളി മനയിലെ ബ്രഹ്മശ്രീ വി.ടി. ജാതവേദന്‍ നമ്പൂതിരി, കാനാടി മഠം (തറവാട്) ശ്രീ കാളി ചാത്തന്‍ പുളിയന്‍പള്ളി നമ്പൂതിരി മഠം, മലപ്പുറത്തെ ചാത്തന്‍സ്വാമി ക്ഷേത്രത്തിലെ ശ്രീ പ്രേമന്‍ സ്വാമി, ‘പൂര്‍ണ്ണവിശ്വാസിക്ക് പൂര്‍ണ്ണഫലം’ എന്ന മുദ്രാവാക്യവുമായി കര്‍മ്മങ്ങള്‍ ചെയ്യുന്ന ലോകപ്രശസ്ത മാന്ത്രിക താന്ത്രിക ഉപാസകനായ ബ്രഹ്മശ്രീ ഡോ. പ്രണവം വിഷ്ണു നമ്പൂതിരി, പെട്രോളോ ഡീസലോ ഇലക്ട്രിസിറ്റിയോ വേണ്ടാതെ ധനാകര്‍ഷണ ഭൈരവയന്ത്രം പ്രവര്‍ത്തിപ്പിക്കുന്ന അതിപ്രഗല്ഭനായ ആറ്റുകാല്‍ രാധാകൃഷ്ണന്‍ എന്നിങ്ങനെ ശാസ്ത്രീയമായി കൂടോത്രം കൈകാര്യം ചെയ്യുന്നവരുടെ പരസ്യങ്ങള്‍ നമ്മള്‍ പതിവായി മുന്‍പേജില്‍ കൊടുത്തു വരുന്നു. രാശീചക്രപൂജ നടത്തി യഥാര്‍ത്ഥപ്രശ്‌നം ഗണിച്ചറിഞ്ഞ് പ്രശ്‌നപരിഹാരവും പ്രോസസും നടത്തുന്ന പാലക്കാട്ടെ ശ്രീ ചന്ദ്രാനന്ദസ്വാമി, നേരിട്ടും തപാലിലും സമീപിക്കാവുന്ന മാന്ത്രികവിദഗ്ദ്ധന്‍ മൗലവി ഉസ്മാന്‍ ഹാജി, നേരില്‍ മാത്രം പ്രവചനം നടത്തുന്ന ജ്യോത്സ്യന്‍ എസ്. ജയദേവന്‍, തിരുവനന്തപുരം കരമനയിലുള്ള കോവിലകം വര്‍മ്മ, ജ്യോതിഷ ചക്രവര്‍ത്തി പ്രദീപ് ചന്ദ്രന്‍ തുടങ്ങിയവരുടെ പരസ്യങ്ങള്‍ ഉള്‍പെജുകളിലാണ് കൊടുക്കാറുള്ളത്. ഈ രംഗത്ത് പുതുതലമുറയെ വാര്‍ത്തെടുക്കുന്നതിനു വേണ്ടി ചെങ്ങന്നൂരുള്ള ബ്രഹ്മശ്രീ ടി.ഡി.പി. നമ്പൂതിരി നടത്തുന്ന മന്ത്രവിദ്യാ പീഠത്തിന്റെ പരസ്യം ‘കവടിപ്രശ്‌നം പഠിക്കാം’ എന്ന തലക്കെട്ടില്‍ മുന്‍പേജില്‍ തന്നെ കൊടുക്കാറുണ്ട് എന്നത് എടുത്ത് പറയേണ്ടതുണ്ട്. ഭാവിയെപ്പറ്റിയുള്ള ഈ ശാസ്ത്രം ഭാവിതലമുറയെ കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ലല്ലോ.
പരസ്യം പരസ്യവും വാര്‍ത്ത വാര്‍ത്തയുമായി നിലനിര്‍ത്താന്‍ നമ്മള്‍ പരമാവധി ശ്രമിക്കാറുണ്ട്. ചില നീക്കുപോക്കുകള്‍ ചിലപ്പോഴൊക്കെ ചെയ്തിട്ടുണ്ട്. ചാത്തന്‍ മഠത്തിലെ തിറവെള്ളാട്ട് മഹോത്സവത്തിന് വരയ്ക്കുന്ന ചാത്തന്‍ സ്വാമിയുടെ രൂപക്കളത്തിന്റെ വര്‍ണ്ണചിത്രം ഈയിടെയായി നമ്മള്‍ വാര്‍ത്തയില്‍ ഉള്‍പെടുത്തി അച്ചടിക്കാറുണ്ട്. രൂപക്കളം ഒരു കലാസൃഷ്ടി കൂടിയായതുകൊണ്ട് കലയുടെ പ്രോത്സാഹനം എന്ന നിലയിലാണ് അത് ചെയ്യുന്നത്. ഇതേ ന്യായം അനുസരിച്ചാണ് ചാത്തന്‍ മഠത്തില്‍ നടത്തിവരാറുള്ള സാംസ്‌കാരിക സമ്മേളനം റിപ്പോര്‍ട്ട് ചെയ്യുന്നതും. പെരിങ്ങോട്ടുകര ദേവസ്ഥാനാധിപതി ഉണ്ണിദാമോദരന്റെ കളര്‍ചിത്രവും വാര്‍ത്തയും ഒക്‌ടോബര്‍ 19 ലെ പത്രത്തില്‍ വലിയ പ്രാധാന്യത്തോടെ കൊടുത്തതില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് പറയാനാകില്ല. പെരിങ്ങോട്ടുകരയില്‍ സ്വന്തമായി ചാത്തന്‍മഠം നടത്തുന്ന അദ്ദേഹത്തിന്റെ ഫോട്ടോ സഹിതമുള്ള പരസ്യം നമ്മള്‍ സ്ഥിരമായി കൊടുത്തിരുന്നു എന്നത് ഒരു വസ്തുത തന്നെയാണ്. പരസ്യത്തില്‍നിന്ന് വാര്‍ത്തിയിലേക്ക് അദ്ദേഹത്തെ ഇറക്കിക്കൊണ്ടുവന്നതിന് വ്യക്തമായ കാരണമുണ്ട്. പഴുവില്‍ കാരുണ്യ ചാരിറ്റബില്‍ സൊസൈറ്റിയുടെ ഈ വര്‍ഷത്തെ ‘മാന്‍ ഓഫ് ദി ഇയര്‍’ പുരസ്‌കാരം (കൊല്ലപുരുഷന്‍) അദ്ദേഹത്തിനു ലഭിച്ചതുകൊണ്ടാണ് അത് സംഭവിച്ചത്. കൊടികുത്തിയ മാര്‍ക്‌സിസ്റ്റും പോരാത്തതിന് പ്രൊഫസറും കൂടിയായ കെ.യു. അരുണനാണ് പത്രസമ്മേളനം നടത്തി ഉണ്ണിദാമോദരന്റെ പുരസ്‌കാരവിവരം പ്രഖ്യാപിച്ചത്. മാത്രവുമല്ല അദ്ദേഹമായിരുന്നു പുരസ്‌കാരനിര്‍ണ്ണയ സമിതിയുടെ ചെയര്‍മാന്‍. പുരസ്‌കാരം സമ്മാനിക്കുന്നത് ആരാണെന്നോ? വംശനാശത്തിന്റെ വാതില്‍ക്കലെത്തി നില്‍ക്കുന്നതുകൊണ്ട്, യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ഉല്‍പ്പെടുത്താന്‍ ആലോചിക്കുന്ന സി.പി.ഐ എന്ന രാഷ്ട്രീയ കക്ഷിയുടെ ഇന്ത്യാ മഹാരാജ്യത്തെ ഒരേ ഒരു എം.പി.യായ സി.എന്‍. ജയദേവന്‍. ജില്ലയിലെ പുരോഗമന സാഹിത്യത്തെ കൊമ്പുപിടിച്ചു നടത്തുന്ന അരുണന്‍പ്രൊഫസര്‍ ‘കാരുണ്യ മാന്‍ ഓഫ് ദ ഇയര്‍’ പുരസ്‌കാരത്തിന് ചാത്തന്‍ മഠാധിപതിയെ തെരഞ്ഞെടുക്കുന്നു. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പറഞ്ഞ് വോട്ട് നേടി പാര്‍ലമെന്റിലെത്തിയ ജയദേവന്‍മെമ്പര്‍ അദ്ദേഹത്തിന് പുരസ്‌കാരം സമര്‍പ്പിക്കാനും പൊ ന്നാട പുതപ്പിക്കാനും തയ്യാറായി നില്‍ക്കുന്നു. ഇക്കാര്യത്തില്‍, ഇടതനും വലതനും ഇല്ലാത്ത ഉളുപ്പ് വെറും പ്രിന്റര്‍ക്കും പബ്ലിഷര്‍ക്കും എന്തിനാണ് ഹേ…
പരസ്യം സ്വീകരിക്കുകയും അച്ചടിക്കുകയും ചെയ്യുന്നു എന്ന് കരുതി വായനക്കാര്‍ക്ക് ഇവരില്‍ നിന്ന് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍ നമ്മുടെ പത്രത്തിന് ഉത്തരവാദിത്തമൊന്നും ഉണ്ടായിരിക്കുന്നതല്ല. ‘പരസ്യക്കാരുടെ അവകാശവാദങ്ങള്‍ തെറ്റാണെന്നു കണ്ടാലോ ആര്‍ക്കെങ്കിലും തന്മൂലം വല്ല കഷ്ടനഷ്ടങ്ങള്‍ സംഭവിച്ചാലോ നമ്മുടെ പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡിന്റെ പ്രിന്ററോ പബ്ലിഷറോ എഡിറ്ററോ ഉദ്യോഗസ്ഥരോ മറ്റു ജീവനക്കാരോ കുടുംബക്കാരോ ഉത്തരവാദികള്‍ ആയിരിക്കുന്നതല്ല’ എന്ന ‘മുന്നറിയിപ്പ്’ ഒരു ബോക്‌സിലാക്കി പരസ്യപേജില്‍ കൊടുക്കുന്നുണ്ട്. വ്യക്തമായി കൊടുക്കുന്നുണ്ട് എന്ന് അവകാശപ്പെടുന്നില്ല. കാരണം, അത്രയും ചെറിയ അക്ഷരത്തില്‍ വേറൊന്നും തന്നെ നമ്മള്‍ അച്ചടിക്കാറില്ല.
മന്ത്രവാദ ചികിത്സയുടെ പേരില്‍ ഇത്രയധികം മരണങ്ങള്‍ കേരളത്തില്‍ നടന്ന പശ്ചാത്തലത്തില്‍ ‘കേരള മന്ത്രവാദശാസ്ത്ര(യഥാര്‍ത്ഥ)’ത്തിന് നമ്മള്‍ കാലങ്ങളായി നല്‍കിവരുന്ന പിന്തുണയുടെ പേരില്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് പത്രത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.. ഇത്തരം ഘട്ടത്തില്‍ വികാരമല്ല വിചാരമാണ് മനുഷ്യനെ നയിക്കേണ്ടത്. യഥാര്‍ത്ഥ വസ്തുതകള്‍ അവതരിപ്പിച്ചുകൊണ്ട് നമ്മള്‍ പത്രത്തില്‍ ഒരു മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരുന്നു. പത്തനംതിട്ടയില്‍ ആതിര എന്ന പെണ്‍കുട്ടി ഒക്‌ടോബര്‍ 12 നാണ് മരിച്ചത്. ‘കേരളത്തെ നാണം കെടുത്തുന്ന അന്ധവിശ്വാസക്കൊല’ എന്ന പേരില്‍ ഒക്‌ടോബര്‍ 13 ന് തന്നെ നമ്മള്‍ അതിനെതിരെ ഒരു മുഖപ്രസംഗം കാച്ചി. അതിലെ പ്രസക്തഭാഗങ്ങള്‍ ഇവിടെ എടുത്തെഴുതുകയാണ്.
”അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പടപൊരുതിയാണ് ആധുനിക കേരളം ഇവിടെ കെട്ടിപ്പടുത്തത്. എന്നാല്‍, പിറവിയുടെ ആലസ്യത്തില്‍ നാം ബാക്കിവെച്ച യുദ്ധങ്ങള്‍ ഇന്നിപ്പോള്‍ ജനതക്കുനേരെ തിരിച്ചടിക്കുകയാണ്. വിഖ്യാതമായ കേരളമാതൃക ഒരു വെറും മിഥ്യയാണെന്ന് അനുഭവിപ്പിക്കുന്ന രീതിയില്‍ ഏതു രംഗത്തും ഇന്നൊരു തിരിച്ചുനടത്തം പ്രകടമായിരിക്കുകയാണ്. പൊതു സമൂഹത്തില്‍നിന്ന് സ്വതന്ത്ര ഇന്ത്യയുടെ അന്തസ്സത്ത തന്നെയായ മതേതരത്ത്വവും പുരോഗമന ചിന്താഗതിയുമൊക്കെ പിന്‍വാങ്ങിക്കൊണ്ടിരിക്കുന്ന ഞെട്ടിക്കുന്ന കാഴ്ചയാണ് എവിടെ നോക്കിയാലും കാണാനാകുന്നത്. സമൂഹത്തിന്റെ ആണിക്കല്ലുകളായ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലേക്കുപോലും കടന്നുകയറിക്കൊണ്ടിരിക്കുന്ന പ്രാകൃതവിശ്വാസങ്ങള്‍ പൊതുജീവിതത്തെ അതിവേഗത്തില്‍ ശിഥിലീകരിച്ചുകൊണ്ടിരിക്കുകയാണ്. മന്ത്രവാദത്തിനിടെ കേരളത്തില്‍ ഒരു കോളേജ് വിദ്യാര്‍ത്ഥിനി മരിക്കാനിടയായ സാഹചര്യം ഏതു നിലക്കും ഈ ശിഥിലീകരണത്തിന്റെ വ്യക്തമായ സൂചനകളാണ് കാട്ടിത്തരുന്നത്. പത്തനംതിട്ടയില്‍ നിന്നാണ് അന്ധവിശ്വാസത്തിന്റെ ഏറ്റവും വലിയ ഇരയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേരളത്തെ ഞെട്ടിച്ചത്. കേരളത്തെ നാണം കെടുത്തുന്ന ഒന്നാണ് ഈ അരുംകൊല.
എങ്ങിനെ ഈ പതനത്തിലെത്തി എന്ന ചോദ്യമാണ് ഈ അന്ധവിശ്വാസകൊല കേരളത്തിനു മുന്നില്‍ ഉന്നയിക്കുന്നത്. അന്ധവിശ്വാസങ്ങളെ കൂട്ടുപിടിച്ച് വളരുന്ന ബ്ലാക്മാജിക് പോലെയുള്ള പ്രാകൃതമായ ആഭിചാരപ്രവൃത്തികളും കേരളത്തിലിന്ന് പെരുകിവരികയാണ്. അന്ധവിശ്വാസങ്ങളുടെ കെണിയിലകപ്പെടാതിരിക്കാന്‍ പുതിയ തലമുറയെ പഠിപ്പിച്ചുകൊടുക്കണമെങ്കില്‍ നമ്മുടെ ചിന്താ, വിശ്വാസരംഗത്ത് ഒരു ശുചീകരണയത്‌നം തന്നെ നടക്കേണ്ടതുണ്ട്. പുറം മാത്രം വൃത്തിയാക്കിയതുകൊണ്ടോ വികസിപ്പിച്ചതുകൊണ്ടോ ലോകം നന്നാവില്ലെന്നതിന്റെ തെളിവാണ് അന്ധവിശ്വാസങ്ങള്‍. അകം അന്ധവിശ്വാസ വിമുക്തമായെങ്കില്‍ മാത്രമേ കൊലയിലേക്കും പ്രാകൃത ആചാരങ്ങളിലേക്കും ജനതയെ കൊണ്ടുചെന്നെത്തിക്കുന്ന കൊടും കുരുക്കുകളില്‍ നിന്നും നമുക്ക് വിടുതലുണ്ടാകുകയുള്ളൂ. സ്വാതന്ത്ര്യസമരകാലത്ത് ആര്‍ജിച്ച നവോത്ഥാനമൂല്യങ്ങള്‍ കൈയ്യൊഴിഞ്ഞതിന്റെ ആനുപാതികമായാണ് നമ്മുടെ രാഷ്ട്രീയം മൂല്യരാഹിത്യത്തിലേക്ക് വഴുതി വീണത്. രാഷ്ട്രീയത്തിന്റെ അപചയം നമ്മുടെ സാമൂഹിക ജീവിതത്തില്‍ സൃഷ്ടിച്ച ശൂന്യതയുടെ ഇടവേളകളിലേക്കാണ് മനസ്സിനെ മയക്കുന്ന കറുപ്പായി അന്ധവിശ്വാസങ്ങളും ആഭിചാരകര്‍മ്മങ്ങളും കയറികൂടുന്നത്. ആദ്യം മനസ്സ് നന്നാക്കണം എങ്കിലേ ലോകം നന്നാവൂ എന്ന് പഴയ ഗുരുക്കന്മാര്‍ ഉപദേശിച്ചിരുന്നത് വെറുതെയല്ല. നാരായണഗുരുവും അയ്യങ്കാളിയും ചട്ടമ്പിസ്വാമികളും ബ്രഹ്മാനന്ദശിവയോഗിയും വാഗ്ഭടാനന്ദനും വി.ടി.ഭട്ടതിരിപ്പാടും പണ്ഡിറ്റ് കറുപ്പനുമൊക്കെ വിഭാവനം ചെയ്ത ആധുനികകേരളം അങ്ങനെ മാത്രമേ പുലരൂ.
ഓം ഹ്രീം.
രണ്ട്
മനസാക്ഷിക്കുത്തും നരകഭയവും അനുഭവിക്കുന്ന ചില മോഷ്ടാക്കള്‍ തങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം അമ്പലങ്ങളില്‍ കൊടുക്കുന്ന പതിവുണ്ട്. ചാത്തന്‍ മഠാധിപതികളും ദുര്‍മന്ത്രവാദികളും ഇത്തരത്തിലുള്ള പണം മാധ്യമങ്ങള്‍ക്കാണ് കൊടുക്കുന്നത്. നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ ആ പണം രണ്ട് കൈയും നീട്ടി സ്വീകരിക്കുകയും പരസ്യങ്ങളില്‍ മാത്രമല്ല വാര്‍ത്തകളിലും അവരെ കുടിയിരുത്തുകയും ചെയ്യുന്നു. മാതൃഭൂമി പത്രം ചെയ്യുന്നതുപോലെ അന്ധവിശ്വാസ പ്രചാരണത്തിന് മുന്‍പേജ് സ്ഥിരമായി വിട്ടുകൊടുക്കില്ലെങ്കിലും മറ്റ് പത്ര-ടി.വി മാധ്യമങ്ങളും അതേവഴിയിലൂടെ തന്നെയാണ് സഞ്ചരിക്കുന്നത്. ലെജിസ്ലേറ്റീവും ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന് വിളിക്കപ്പെടുന്ന പത്രമാധ്യമങ്ങളും ചേര്‍ന്നാണല്ലോ നാടിനെ താങ്ങിനിര്‍ത്തിയിരിക്കുന്നത്. പത്രങ്ങള്‍ നാടിനെ മാത്രമല്ല, നാട്ടുകാര്‍ക്കിട്ടും താങ്ങുന്നതാണ് മാതൃഭൂമിയുടെ ഈ മുഖപ്രസംഗത്തിലൂടെ വെളിവാകുന്നത്. നാരായണ ഗുരുവിന്റെയും വി.ടി. ഭട്ടതിരിപ്പാടിന്റെയുമൊക്കെ പേരുകള്‍ മുഖപ്രസംഗത്തില്‍ ഉദ്ധരിക്കുമ്പോള്‍ നിത്യവും കൈകാര്യം ചെയ്യുന്ന ആറ്റുകാല്‍ രാധാകൃഷ്ണന്റെയോ കോവിലകം വര്‍മ്മയുടെയോ പേരുകള്‍ ഇടകലരാതിരുന്നതിന് മാതൃഭൂമി പത്രാധിപര്‍ എത്രയും അടുത്തുള്ള ചാത്തന്‍ സ്വാമി ക്ഷേത്രത്തിലേക്ക് ഒരു കോഴിയെങ്കിലും വഴിപാട് ചെയ്യേണ്ടതാണ്.
എഴുത്തുകാരുടെ മികച്ച രചനകളുടെ ബലത്തില്‍ മാത്രം ഒരുകാലത്ത് മുന്‍നിരയില്‍ നിന്നിരുന്ന കാലാകൗമുദി വാരികയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം ഏത് ദുഷ്ടമൂര്‍ത്തിയുടെ ബാധമൂലമാണെന്നറിയില്ല. ‘മുഹൂര്‍ത്തം’ എന്ന പേരില്‍ അവരുമിറക്കുന്നു ഒരു ജ്യോതിഷ മന്ത്രവാദ മാസിക. 900 രൂപ കൊടുത്ത് മൂന്ന് വര്‍ഷത്തേക്ക് വരിക്കാരാകുന്നവര്‍ക്ക് പ്രസിദ്ധ ക്ഷേത്രങ്ങളില്‍ പൂജിച്ച സര്‍വ്വൈശ്വര്യപ്രദമായ ശ്രീചക്രം, സര്‍വ്വ വിഘ്‌നങ്ങളും അകറ്റുന്ന ഗണപതി ചക്രം, സുദര്‍ശന ചക്രം ഇവയിലെതെങ്കിലും ഒന്ന് ലഭിക്കുമത്രേ. വരിക്കാരാകുന്നതിന് പേര് മാത്രമല്ല ജന്മനക്ഷത്രവും ജനനസമയവും അയച്ചുകൊടുക്കണം. പാരീസില്‍ സ്ഥിരതാമസമാക്കിയ കലാകൗമുദിയുടെ മുതലാളിച്ചെക്കന് വാരികയുടെ നിലവാരത്തിലല്ല ബാങ്ക് ബാലന്‍സിന്റെ നിലവാരത്തിലാണ് താത്പര്യമെന്ന് കേള്‍ക്കുന്നു. എന്തായാലും ‘മുഹൂര്‍ത്ത’ത്തിന്റെ പരസ്യം കൂടി വായിക്കേണ്ട ഗതികേടിലാണ് കലാകൗമുദി വായനക്കാര്‍.
ആഢ്യത്തം കൊണ്ടായിരിക്കാം മലയാള മനോരമ ഇത്തരം കൂടാത്രങ്ങള്‍ പൂമഖത്തോ നടുത്തളത്തിലോ വച്ച് ചെയ്യാറില്ല. ഉള്‍പ്പേജുകളുടെ ഇടനാഴികളില്‍ ശ്രദ്ധയോടെ റാന്തലുമായി ചെല്ലുന്നവര്‍ക്കേ അവരുടെ ആഭിചാരങ്ങളില്‍ പങ്കെടുക്കാനാകൂ. വായന ഉപേക്ഷിച്ച് ടെലിവിഷനിലേക്ക് കടക്കാമെന്നുവച്ചാല്‍ പടപേടിച്ച് പന്തളത്തേക്ക് ചെന്നപ്പോള്‍ പന്തംകൊളുത്തിപ്പട എന്നുപറഞ്ഞതുപോലെയാണ്. മുമ്പ് രേഖപ്പെടുത്തിയ മന്ത്രവാദികള്‍ക്കും ജ്യോതിഷികള്‍ക്കും നിത്യജ്യോതിഷമെന്നോ വാരഫലമെന്നോ ഒക്കെയുള്ള പേരുകളില്‍ അരമണിക്കൂര്‍ മിക്ക ചാനലുകളും അനുവദിച്ചിട്ടുണ്ട്. ചാനലുകളില്‍ വലംപിരി ശംഖിന്റെ മാഹാത്മ്യങ്ങളുമായി നടി ഊര്‍മ്മിള ഉണ്ണി വിലസുകയാണ്. ഇനി നിങ്ങള്‍ക്ക് ദാരിദ്ര്യത്തിലും ദുഃഖത്തിലും ജീവിക്കേണ്ട കാര്യമില്ലെന്നും മഹാതപസ്വികളും വിദ്വാന്‍മാരും മന്ത്രജപം കൊണ്ട് സിദ്ധി ചെയ്ത് പ്രാണപ്രതിഷ്ഠ നടത്തിയിട്ടുള്ള ‘മഹാധനലക്ഷ്മി യന്ത്രം’ അണിഞ്ഞാല്‍ മതിയെന്നും പറഞ്ഞ് ടി.വിയിലൂടെ വില്‍ക്കാനിറങ്ങിയിരിക്കുന്ന അനുഭവസ്ഥരെയും ചാനലുകളില്‍ കാണാം. ടി.വിയിലെ നിത്യജ്യോതിഷത്തെപ്പറ്റി ഗോപീകൃഷ്ണന്റെ ഒരു കാര്‍ട്ടൂണ്‍ വന്നതോര്‍ക്കുന്നു. സ്‌കൂട്ടറും എടുത്ത് ജോലിക്ക് പോകാനിറങ്ങുമ്പോള്‍ അയാളുടെ നക്ഷത്രഫലം ടി.വിയില്‍ പ്രവചിക്കുന്നു. ‘ഇന്ന് ശുഭകാര്യങ്ങള്‍ക്ക് തടസ്സം. സ്‌കൂട്ടറില്‍ പോകുന്നയാളുടെ തലയില്‍ തേങ്ങ വീഴാനുള്ള യോഗം കാണുന്നു.’ അതുകേട്ട് പേടിച്ചരണ്ട ഭാര്യ അയാളെ തടയുന്നു. സ്‌കൂട്ടറില്‍ നിന്നറിങ്ങിയ അയാള്‍ ‘ഇവിടെ വേറെയും ചാനലുകളുണ്ടല്ലോ’ എന്ന് പറഞ്ഞ് ചാനല്‍ മാറ്റുന്നു. അതിലെ പ്രവചനം ഇങ്ങനെ, ‘ഈ നക്ഷത്രകാരന് ഇന്ന് ശുഭദിനം. സ്‌കൂട്ടറില്‍ പോകുമ്പോള്‍ കഞ്ഞിക്ക് ചമ്മന്തിയരക്കാനുള്ള തേങ്ങ വഴിയില്‍ വീണുകിട്ടാനുള്ള യോഗം കാണുന്നു’. സന്തോഷത്തോടെ അയാള്‍ സ്‌കൂട്ടറില്‍ കയറി പോകുന്നു. പ്രസന്നവദനയായ ഭാര്യ അത് നോക്കി നില്‍ക്കുന്നു.
വലംപിരി ശംഖും മഹാധനലക്ഷ്മി യന്ത്രവും വില്‍ക്കുന്നതിന് സ്വന്തം പൂമുഖം ഒഴിഞ്ഞുകൊടുക്കുന്ന റിപ്പോര്‍ട്ടര്‍ ചാനലില്‍ തന്നെ ‘കാണാത്ത കേരളം’ എന്ന പേരില്‍ ഒരു പരിപാടിയുണ്ട്. ഒളിക്യാമറ ഓപ്പറേഷനിലൂടെ വ്യാജസിദ്ധന്മാരെയും അമ്മതായിമാരെയും കുട്ടിച്ചാത്തന്മാരെയും മുതിര്‍ന്ന പിടകളെയുമൊക്കെ തുറന്ന് കാണിക്കുന്നുണ്ട് അതില്‍. വളരെ ധീരരായ റിപ്പോര്‍ട്ടര്‍മാരാണ് കാലങ്ങളായി ആ പരിപാടി വളരെ ഭംഗിയായി ചെയ്തുവരുന്നത്. കൊട്ടിയത്തെ അമ്മതായ മഹാമായ, കാട്ടൂരിലെ വെളിച്ചപ്പാട് സുഭാഷിണി, ശ്രീകൃഷ്ണപുരത്തെ ജിലേബി സാമി, വടകരയിലെ തങ്ങള്‍, കൊടുങ്ങല്ലൂരമ്മ ദേഹത്ത് കയറുമ്പോള്‍ സാരിയുടുത്ത് ഉറഞ്ഞുതുള്ളി സ്ത്രീ ശബ്ദത്തില്‍ കല്പന പറയുന്ന പാലക്കാട്ടുള്ള ചന്ദ്രന്‍ പൂജാരി, കോഴിമുട്ടയിലും തകിടിലും കര്‍മ്മങ്ങള്‍ ചെയ്യുന്ന ഒലവക്കോട്ടെ മുട്ടതങ്ങള്‍, അതീന്ദ്രിയധ്യാനവും മഷിനോട്ടവും പഠിപ്പിക്കുന്ന അനില്‍കുമാര്‍ സ്വാമി തുടങ്ങി ഒരുപാട് പേരുടെ തട്ടിപ്പുകള്‍ അവര്‍ പുറംലോകത്തെ അറിയിച്ചു. കൊട്ടിയത്തെ അമ്മതായ മഹാമായയുടെ ജന്മദിനാഘോഷത്തിന് ഒ. രാജഗോപാലിനെ പോലുള്ളവരും എത്തിയിരുന്നുവത്രേ. ഒരു സാമ്പത്തിക തിരിമറിയില്‍ ഉള്‍പ്പെട്ടതുകൊണ്ട് മാത്രമാണ് അവരുടെ വളര്‍ച്ച നിലച്ചുപോയതെന്ന് ഒളിക്കാമറ വച്ച് അവരുമായി അഭിമുഖം നടത്തിയ റിപ്പോര്‍ട്ടര്‍ ചാനലിലെ സുര്‍ജിത്ത് അയ്യപ്പത്ത് ഒരു എപ്പിസോഡില്‍ വെളിപ്പെടുത്തിയിരുന്നു. എത്രയോ അമൃതാനന്ദമയിമാരെയും സന്തോഷ് മാധവന്മാരെയും മുളയിലേ നുള്ളുന്ന പരിപാടിയാണ് ‘കാണാത്ത കേരളം’. വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇത്തരം ഓപ്പറേഷനുകള്‍ നടന്നിരുന്നുവെങ്കില്‍ ഒരുപക്ഷേ സുധാമണി, സുധാമണിയായിത്തന്നെ നിലനില്‍ക്കുമായിരുന്നു. ചാനല്‍ മുതലാളിക്ക് പക്ഷെ പണപ്പെട്ടി എങ്ങനെ നിറയ്ക്കാമെന്ന് മാത്രമാണ് നോട്ടം. രാത്രി ഒരുമണിക്ക് ‘കാണാത്ത കേരളം’ കഴിഞ്ഞാല്‍ ഒന്ന് ശ്വാസമെടുക്കാന്‍ പോലും നേരം കിട്ടുന്നതിന് മുമ്പ്, കുട്ടിച്ചാത്തന്മാരേക്കാള്‍ ഭീകരന്മാരായ തോമസുകുട്ടി ബ്രദറും മറ്റ് സഹോദരങ്ങളും ചേര്‍ന്ന് ”മിറക്കിള്‍…അത്ഭുതം…. മിറക്കിള്‍…… അത്ഭുതം……” എന്നലറിവിളിച്ച് ഉറഞ്ഞുതുള്ളുന്ന ദൈവസഭക്കാരുടെ സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാം തുടങ്ങുകയായി. ഒരണുപോലും അവശേഷിക്കാതെ കാന്‍സര്‍ രോഗം പ്രാര്‍ത്ഥനയിലൂടെ സുഖപ്പെട്ടത്, പൊട്ടിയെന്ന് കരുതിയ ചെരുപ്പിന്റെ വള്ളി പൊട്ടാതിരുന്നത്, കാറും വീടും സ്വന്തമാക്കാനായത് എന്നിങ്ങനെയുള്ള അത്ഭുതകഥകള്‍ വിളിച്ചുപറയുകയും ‘ഹല്ലേലൂയാ’ വിളികളോടെ വേദിയില്‍ തലങ്ങും വിലങ്ങും ഓടിനടന്ന് കരയുകയും വിറകൊള്ളുകയും അമറുകയും തലയിട്ടടിക്കുകയും ചെയ്യുന്ന കാഴ്ചകളാണ് പിന്നെ. ഒരുദിവസത്തെ എപ്പിസോഡ് തുടങ്ങിയത് ദക്ഷിണാഫ്രിക്കയിലെ ഒരു റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ്. ഒരു ബ്രദര്‍ മറ്റേ ബ്രദറിനോട് പറയുന്നു, ഗാന്ധിജിയെ സായിപ്പ് തീവണ്ടിയില്‍ നിന്നും ചവിട്ടിപ്പുറത്താക്കിയ സ്റ്റേഷനിലാണ് നമ്മള്‍ നില്‍ക്കുന്നതെന്ന്. ‘താങ്കളുടെ ഷൂസിനോ കാലിനോ എന്തെങ്കിലും പറ്റിയോ’ എന്ന് ഗാന്ധി ഓടുന്ന ട്രെയിനിലെ സായിപ്പിനോട് വിളിച്ച് ചോദിച്ചെന്ന് മറ്റേ ബ്രദര്‍ മറുപടി പറയുന്നു. യേശുക്രിസ്തു ഗാന്ധിയില്‍ ആവേശിച്ചതുകൊണ്ടാണ് അങ്ങനെ മറുപടി പറഞ്ഞതെന്ന് രണ്ടാളും കൂടി തീരുമാനിച്ച് ”മിറക്കിള്‍…അത്ഭുതം…യേശുവിന് സ്‌തോത്രം…” എന്ന് കൂവിക്കൊണ്ട് അവിടെ ക്കിടന്ന് സമ്മര്‍സാള്‍ട്ടടിക്കുന്നു. നട്ടപ്പാതിരയ്ക്ക് പെന്തക്കോസ്ത്-ഇവാഞ്ചലിക്കല്‍ ബ്രദര്‍മാര്‍ കാട്ടിക്കൂട്ടന്നത് കണ്ടാല്‍ കുട്ടിച്ചാത്തന്മാരും അമ്മതായമാരുമൊക്കെ തികച്ചും നോര്‍മല്‍ ആണെന്ന് പറയേണ്ടിവരും.
ജീവന്‍ പണയം വച്ച് മന്ത്രവാദികളുടെ വീടുകളിലും ചാത്തന്‍ മഠങ്ങളിലും തെണ്ടി നടന്ന് ഓപ്പറേഷന്‍ നടത്തുന്നതിലും ഭേദം തങ്ങളുടെ ഓഫീസില്‍ പരസ്യത്തിന് പണമടയ്ക്കാന്‍ വരുന്നവരെ, ഓഫീസിലിരുന്ന് തന്നെ കാമറയില്‍ പകര്‍ത്തിയാല്‍പ്പോരേ എന്നൊരാലോചന റിപ്പോര്‍ട്ടര്‍ ചാനലിലെ വാര്‍ത്താ വിഭാഗത്തില്‍ നടക്കുന്നതായറിയുന്നു.
”ഹല്ലേലൂയാ…”
വാല്‍ക്കഷ്ണം
അയിത്തത്തെപ്പറ്റിയുള്ള ഒരു നമ്പൂതിരിഫലിതമുണ്ട്. അത് അന്ധവിശ്വാസത്തിനും ബാധകമാണ്. നാട്ടിലെ അഭ്യസ്തവിദ്യരും പുരോഗമന ചിന്താഗതിക്കാരുമായ കുറച്ച് ചെറുപ്പക്കാര്‍ (അരുണന്‍ പ്രൊഫസറെ പോലെയുള്ളവരല്ല) നമ്പൂതിരിയോട് പറയുന്നു: ”തിരുമേനീ, അയിത്തം എന്നത് ഇല്ലാത്ത ഒന്നാണ്. അത് ഇനി ആചരിക്കരുത്. അയിത്തം എന്നത് ഈശ്വരനും മനുഷ്യനും എതിരെയുള്ള കുറ്റമാണെന്ന് മഹാത്മഗാന്ധി പറഞ്ഞിട്ടുണ്ട്.” ഒന്ന് രണ്ട് മണിക്കൂര്‍ നേരത്തെ യുക്തിസഹമായ സംഭാഷണത്തിന് ശേഷം നമ്പൂതിരി അയിത്തമില്ലെന്ന് സമ്മതിച്ചു. ഒരാളെയെങ്കിലും കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സാധിച്ച ചാരിതാര്‍ത്ഥ്യത്തോടെയിരിക്കുന്ന ചെറുപ്പക്കാര്‍ക്കരികിലേക്ക് നമ്പൂതിരി തിരിച്ചുവന്നു. ”ശുംഭന്മാരെ, നിങ്ങള്‍ പറഞ്ഞതിന് ഒരു യുക്തിയുമില്ല. പോകുന്ന വഴിക്ക് നോം നല്ലവണ്ണമാലോചിച്ചു. പുണ്യാഹം തളിക്കുമ്പോള്‍ അയിത്തം പോകുന്നുണ്ടല്ലോ. അയിത്തം ഇല്ലെങ്കില്‍ പുണ്യാഹം തളിക്കുമ്പോള്‍ എങ്ങനെയാണ് പോകുന്നത്. ഇല്ലാത്ത ഒരു സാധനം എങ്ങനെയാണ് ഹേ, പോവുക?”
ഇത്തരം മറുപടി തന്നെയായിരിക്കും മാതൃഭൂമി പത്രാധിപരേയോ ചാനല്‍ മേധാവിമാരേയോ പുരോഗമന സാഹിത്യ സേവചെയ്യുന്ന അരുണന്‍ പ്രൊഫസറെയോ കമ്മ്യൂണിസ്റ്റാണെന്ന് കളവ് പറഞ്ഞ് പാര്‍ലമെന്റിലെത്തിപ്പറ്റിയ ജയദേവന്‍ മെമ്പറെയോ സമീപിച്ചാലും കിട്ടുക. ചരട് ജപിച്ചുകെട്ടിയാലോ തേങ്ങയുടച്ചാലോ ദോഷവും ബാധയും അകലുന്നുണ്ടല്ലോ എന്നായിരിക്കും അവര്‍ മൊഴിയുക.
കേരളീയം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in