ആദിവാസി ജനതയുടെ ഹൈന്ദവവല്‍ക്കരണം

കെ.സഹദേവന്‍ പ്രകൃതി നിയമങ്ങളെ ആദരിച്ചും പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്നും ജീവിച്ചുപോരുന്ന ആദിവാസികള്‍ ഒരുകാലത്തും ഒരു പ്രത്യേക മതത്തിലും വിശ്വസിച്ചിരുന്നില്ല. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിന്റെ ഏതു കോണില്‍ ജീവിക്കുന്ന ആദിവാസി-ഗോത്ര സമൂഹങ്ങളായാലും അവരുടെ ആരാധനാമൂര്‍ത്തികള്‍ കല്പിതകഥകളിലെ ദേവന്മാരല്ല, മറിച്ച് പ്രകൃതിയില്‍ തന്നെ കാണുന്ന അവര്‍ക്ക് വെള്ളവും വെളിച്ചവും ആഹാരവും നല്‍കുന്ന വസ്തുക്കളെയോ പ്രാണികളെയോ ഒക്കെ ആയിരുന്നു അവര്‍ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്തിട്ടുള്ളത്. ഇന്ത്യയുടെ വടക്കു-കിഴക്കന്‍ മേഖലകളിലെ ആദിവാസി വിഭാഗങ്ങളുടെ ആരാധനാമൂര്‍ത്തി ‘ദോനിപോളോ’ ആണ്. ദോനിപോളോ എന്നാല്‍ സൂര്യചന്ദ്രന്മാര്‍. കിഴക്കന്‍ ഇന്ത്യയിലെ […]

adiകെ.സഹദേവന്‍

പ്രകൃതി നിയമങ്ങളെ ആദരിച്ചും പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്നും ജീവിച്ചുപോരുന്ന ആദിവാസികള്‍ ഒരുകാലത്തും ഒരു പ്രത്യേക മതത്തിലും വിശ്വസിച്ചിരുന്നില്ല. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിന്റെ ഏതു കോണില്‍ ജീവിക്കുന്ന ആദിവാസി-ഗോത്ര സമൂഹങ്ങളായാലും അവരുടെ ആരാധനാമൂര്‍ത്തികള്‍ കല്പിതകഥകളിലെ ദേവന്മാരല്ല, മറിച്ച് പ്രകൃതിയില്‍ തന്നെ കാണുന്ന അവര്‍ക്ക് വെള്ളവും വെളിച്ചവും ആഹാരവും നല്‍കുന്ന വസ്തുക്കളെയോ പ്രാണികളെയോ ഒക്കെ ആയിരുന്നു അവര്‍ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്തിട്ടുള്ളത്. ഇന്ത്യയുടെ വടക്കു-കിഴക്കന്‍ മേഖലകളിലെ ആദിവാസി വിഭാഗങ്ങളുടെ ആരാധനാമൂര്‍ത്തി ‘ദോനിപോളോ’ ആണ്. ദോനിപോളോ എന്നാല്‍ സൂര്യചന്ദ്രന്മാര്‍. കിഴക്കന്‍ ഇന്ത്യയിലെ ഡോന്‍ഗ്രി കോന്ധ് വിഭാഗത്തില്‍ പെട്ട ജനങ്ങളോട് നിങ്ങളുടെ മതമേതെന്ന് ചോദിച്ചാല്‍ അവര്‍ നല്‍കുന്ന ഉത്തരം ഡോന്‍ഗര്‍’എന്നായിരിക്കും. ഡോന്‍ഗര്‍ എന്നതിന് മല എന്നാണ് അര്‍ത്ഥം. ആന്ധ്രയിലെ കൊണ്ടറെഡ്ഡികളായാലും അരുണാചലിലെ അപാതാനിയ’വിഭാഗങ്ങളായാ ലും തങ്ങളെ പ്രകൃതിയുമായി ബന്ധപ്പെടുത്തിയാണ് അറിയപ്പെടാന്‍ ആഗ്രഹിക്കുന്നത്. സൂര്യചന്ദ്രന്മാരെയും പുഴകളെയും മരങ്ങളെയും മൃഗങ്ങളെയും അവര്‍ ആരാധിക്കുന്നു. പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി വനമേഖലയിലെ ആദിവാസിവാസികള്‍ കന്നിമാരി തേക്കിനെ ആരാധിക്കുന്നതിനെക്കുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയാം. ഈ രീതിയില്‍ തങ്ങളുടെ ജീവിതത്തിനും നിലനില്‍പ്പിനും അടിസ്ഥാനമായി നില്‍ക്കുന്ന ശക്തികളെ ആരാധിച്ചു ജീവിക്കുന്ന ഈ ജനതയെ പല രീതിയില്‍ തങ്ങളുടെ വരുതിയിലേ ക്ക് കൊണ്ടുവരുവാന്‍ മതപുരോഹിതന്മാര്‍ എക്കാലവും ശ്രമിച്ചുപോന്നിട്ടുണ്ട്.
ഇന്ത്യയില്‍ ഇതിന് തുടക്കം കുറിച്ചത് ക്രിസ്ത്രീയപുരോഹിതന്മാരായിരുന്നു. വിദ്യാഭ്യാസം, ആതുരസേവനം തുടങ്ങിയ സേവനപ്രവര്‍ത്തനങ്ങളിലൂടെ ആദിവാസി മേഖലകളില്‍ ചെന്നെത്താന്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ക്ക് എളുപ്പത്തില്‍ സാധിച്ചു. മുഖ്യധാരയ്ക്ക് ആവശ്യമില്ലാതിരുന്ന ഈയൊരു ജനവിഭാഗത്തിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് അവരെ വിദ്യാഭ്യാസം ചെയ്യിക്കാനും തങ്ങളുടെ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കാനും ഒരളവുവരെ ക്രിസ്ത്യന്‍ സമുദായത്തിന് സാധിച്ചു. കൊളോണിയല്‍ ഭരണത്തിനും പാശ്ചാ ത്യ വികസനരീതികള്‍ക്കും അനുരൂപമാകുന്നവിധത്തില്‍ ഒരു ജനതയെ തയ്യാറാക്കി നിര്‍ത്തുക എന്നൊരു ലക്ഷ്യം ആദിവാസികള്‍ക്കിടയിലെ മിഷണറി പ്രവര്‍ത്തനങ്ങള്‍ക്കുണ്ടായിരുന്നുവെന്ന് പലരും നിരീക്ഷിച്ചിട്ടുണ്ട്. ഇന്ത്യയുടെ വടക്കു-കിഴക്കന്‍ മേഖലകളില്‍ ഇക്കാര്യത്തില്‍ വലിയതോതില്‍ വിജയിക്കുവാന്‍ ക്രിസ്തീയ സഭയ്ക്ക് സാധിച്ചിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. സ്വാതന്ത്ര്യപൂര്‍വ്വ കാലഘട്ടത്തില്‍ തന്നെ തങ്ങളുടെ പദ്ധതികള്‍ നടപ്പിലാക്കാന്‍ സഭയ്ക്ക് സാധിച്ചു. പാശ്ചാത്യനാടുകളില്‍ നിന്ന് ലഭിച്ചുപോന്ന വന്‍തോതിലുള്ള സംഭാവനകള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കാന്‍ അവരെ സഹായിച്ചുവെന്ന് പറയാം.
ആദിവാസികളെ മനുഷ്യരായിപ്പോലും പരിഗണിക്കാന്‍ ഹൈന്ദവമതം തയ്യാറായിരുന്നില്ല എന്നത് വസ്തുതയാണ്. സവര്‍ണ്ണ ഹിന്ദുമതത്തിന്റെ ഏതൊരു ഗ്രന്ഥങ്ങള്‍ പരിശോധിച്ചാലും ആദിവാസികളെ രാക്ഷസന്മാരായി ചിത്രീകരിച്ചിരിക്കുന്നതായി കാണാം. ഹിന്ദുമതത്തിന്റെ വര്‍ണ്ണസങ്കല്പങ്ങളില്‍ പോലും പുറത്താണ് ആദിവാസികളുടെ സ്ഥാനം. ഹിന്ദുമതത്തെ അടിസ്ഥാനപ്പെടുത്തി ഹിന്ദുരാഷ്ട്രം പടുത്തുയര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ആര്‍എസ്എസ് സംഘപരിവാര്‍ ശക്തികള്‍ പോലും സ്വാതന്ത്ര്യാനന്തര കാലഘട്ടംവരെ ആദിവാസി ജനതയെക്കുറിച്ച് കാര്യമായി ചിന്തിക്കുകയുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ത്യയുടെ ജനസംഖ്യയിലെ എട്ട് ശതമാനത്തിന് മുകളില്‍ വരുന്ന, ഒരു മതത്തിലും പെടാതെ മാറിനില്‍ക്കുന്ന ആദിവാസി ജനതയെ തങ്ങളുടെ പാളയത്തിലേക്കെത്തിച്ചാല്‍ സങ്കല്പത്തിലെ ഹിന്ദുരാഷ്ട്ര നിര്‍മ്മാണത്തിനുള്ള കൂലിപ്പട്ടാളത്തെ തയ്യാറാക്കി നിര്‍ത്താന്‍ സാധിക്കുമെന്ന തിരിച്ചറിവ് ആദിവാസി മേഖലകളിലേക്ക് തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സംഘപരിവാര്‍ സംഘടനകളെ പ്രേരിപ്പിച്ചു.
ആദിവാസി-ഗോത്ര ജനവിഭാഗങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ആദ്യപടിയായി ഹിന്ദുത്വവാദികള്‍ ചെയ്തത് ആദിവാസികളുടെ അസ്തിത്വത്തെത്തന്നെ ചോദ്യം ചെയ്യുന്ന നടപടിയായിരുന്നു. ആദിവാസികളെ ആദിവാസികള്‍’എന്ന് വിശേഷിപ്പിക്കുന്നത് തങ്ങളുടെ പ്രത്യയശാസ്ത്രത്തിന് നിരക്കുന്നതല്ലെന്ന തിരിച്ചറിവ് ഹൈന്ദവ സവര്‍ണ്ണ സംഘടനകള്‍ക്കുണ്ടായിരുന്നു. ‘വനവാസികള്‍’ എന്ന പ്രയോഗത്തിലൂടെയായിരുന്നു ഈ പ്രത്യയശാസ്ത്ര പ്രതിസന്ധിയെ അവര്‍ മറികടന്നത്. വേദിക് സംസ്‌കാരം ഇന്ത്യയിലേക്ക് കൊണ്ടുവന്ന ആര്യന്മാര്‍ ഇന്ത്യയിലെ ആദിമവാസികളാണെന്ന ആര്‍എസ്എസ് സിദ്ധാന്തത്തെ ആദിവാസികള്‍’എന്ന സ്വത്വം ചോദ്യം ചെയ്യുമെന്ന് അവര്‍ക്ക് നന്നായറിയാമായിരുന്നു. ആദിവാസിമേഖലകളില്‍ പ്രവര്‍ത്തിക്കുന്നതിനായി അരഡസനോളം സംഘടനകള്‍ ആര്‍എസ്എസിന്റെ നേതൃത്വത്തിന് കീഴില്‍ രൂപീകരിക്കുകയുണ്ടായി. 1. വനവാസി കല്യാണ്‍ ആശ്രം, 2. ഏകല്‍ വിദ്യാലയ 3. സേവാ ഭാരതി, 4. വിവേകാനന്ദ കേന്ദ്ര, 5. ഭാരത് കല്യാണ്‍ പ്രതിഷ്ഠാന്‍. 6. ഫ്രണ്ട്‌സ് ഓഫ് ട്രൈബല്‍ സൊസൈറ്റി എന്നിവയാണിവ.
ആദിവാസി ജനതയെ ഹിന്ദുത്വ കുടക്കീഴില്‍ അണിനിരത്തുന്നതിനായി അവര്‍ ആദ്യം ചെയ്തത് ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തനങ്ങള്‍ക്കെതിരായി വെറുപ്പ് നിറഞ്ഞ പ്രചരണം അഴിച്ചുവിടുകയായിരുന്നു. മൂന്ന് തന്ത്രപരമായ ഇടപെടലുകളായിരുന്നു ആദിവാസി മേഖലകളിലെ സംഘപരിവാര്‍ സംഘടനകള്‍ നടത്താന്‍ ഉദ്ദേശിച്ചത്.
1. ഹിന്ദു ദേശീയവാദത്തിന് അടിത്തറപാകും വിധം ആദിവാസി സമൂഹത്തെ സജ്ജരാക്കി നിര്‍ത്തുക
2. ആദിവാസി മേഖലകളിലെ സ്വാധീനം തെരഞ്ഞെടുപ്പുകളില്‍ വോട്ടാക്കി മാറ്റുക
3. വംശീയ വിദ്വേഷങ്ങളും സംഘര്‍ഷങ്ങളും മൂര്‍ച്ഛിപ്പിച്ച് നിര്‍ത്തുക.
ഹിന്ദുത്വത്തിന്റെ കുടക്കീഴിലേക്ക് ആദിവാസികളെ അണിനിരത്തുന്നതിനായി ‘ഘര്‍വാപ്‌സി’ പ്രവര്‍ത്തനങ്ങള്‍ക്ക് ആര്‍എസ്എസ് തുടക്കം കുറിച്ചു. പല മേഖലകളിലും ക്രിസ്തീയ മതത്തില്‍ വിശ്വസിച്ചിരുന്ന ആദിവാസികളെയും മറ്റ് ആദിവാസി വിഭാഗങ്ങളെയും ബലപ്രയോഗത്തിലൂടെയും ഭീഷണിയിലൂടെയും ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തിപ്പിക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു. ആദിവാസികളെ ഹിന്ദുമതത്തിലേക്ക് ചേര്‍ക്കുന്നതിന്റെ ഭാഗമായി ശുദ്ധി’പോലുള്ള ആചാരാനുഷ്ഠാനങ്ങള്‍ വരെ സം ഘടിപ്പിക്കുകയുണ്ടായി. സ്വച്ഛജീവിതം നയിച്ചിരുന്ന ആദിവാസികളുടെ മനസിലേക്ക് മതവൈരത്തിന്റെയും വര്‍ഗ്ഗീയവിദ്വേഷത്തിന്റെ വിത്തുകള്‍ പാകാന്‍ സംഘപരിവാറിന് കഴിഞ്ഞുവെന്നതിന് ചരിത്രം പിന്നീട് സാക്ഷിയാകുന്നുണ്ട്. ആര്‍എസ് എസ് പ്രസിദ്ധീകരണമായ വൈഡനിംഗ് ഹൊറൈസണ്‍ ഇക്കാര്യത്തില്‍ വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. പ്രസിദ്ധീകരണത്തില്‍ പറയുന്നത് ശ്രദ്ധിക്കുക: ‘ഹൈന്ദവസമൂഹത്തിന്റെ അവിഭാജ്യഘടകമായ വനവാസികളെ മതപരിവര്‍ത്തനത്തിലൂടെ ആസൂത്രിതമായി അന്യവല്‍ക്കരിക്കുന്ന നടപടി നമ്മുടെ മുന്നിലുള്ള മറ്റൊരു ഗുരുതരമായ വെല്ലുവിളിയാണ്. വളരെ ദ്രുതഗതിയിലുള്ള പരിഹാര നടപടികള്‍ ഇത് ആവശ്യപ്പെടുന്നുണ്ട്. തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് പ്രസിദ്ധീകരണം തുടരുന്നു: കഴിഞ്ഞ ഏതാനും ദശാബ്ദങ്ങള്‍ കൊണ്ട് തങ്ങള്‍ പ്രവര്‍ത്തിക്കുന്ന മേഖലകളില്‍ മതപരിവര്‍ ത്തനം നിര്‍ത്താന്‍ സാധിച്ചുവെന്ന് മാത്രമല്ല (ആദിവാസികളെ) തിരിച്ച് ഹിന്ദുമതത്തിലേക്ക് അണിചേര്‍ക്കുവാനും ആശ്രമത്തിന് (വനവാസി കല്യാണ്‍ ആശ്രം) സാധിച്ചു’.
ആദിവാസി മേഖലകളില്‍ ഏകാംഗ വിദ്യാലയങ്ങള്‍ സ്ഥാപിക്കുക എന്നതായിരുന്നു സംഘപരിവാറിന്റെ മറ്റൊരു തന്ത്രം. എകല്‍ വിദ്യാലയ’ (ഏകലവ്യ വിദ്യാലയം എന്ന് തെറ്റായി വായിക്കാതിരിക്കുക). എന്ന പേരില്‍ അറിയപ്പെടുന്ന ഈ സംഘടനയുടെ പ്രധാന പ്രവര്‍ത്തനം ആദിവാ സികള്‍ക്കിടയില്‍ ഹിന്ദുമതാചാരങ്ങളെയും ഹിന്ദുദൈവങ്ങളെയും പരിചയപ്പെടുത്തുക എന്നതാണ്. രാമന്‍, കൃഷ്ണന്‍, ഹനുമാന്‍ തുടങ്ങിയ ദൈവങ്ങളെ ആരാധിക്കാനും ജനന – മരണവേളകളില്‍ ഹൈന്ദവാചാരങ്ങള്‍ അനുഷ്ഠിക്കുവാനും ആദിവാസികളെ പഠിപ്പിക്കുക എന്ന പ്രവര്‍ത്തനം അവര്‍ വളരെ ഫലപ്രദമായി നടത്തിപ്പോന്നു. രാമകഥകള്‍’പോലുള്ള പരിപാടികള്‍ ആദിവാസി മേഖലകളില്‍ പ്രചരിപ്പിച്ചതിനെക്കുറിച്ച് മറ്റൊരു ആര്‍എസ്എസ് സംഘടനയായ സേവാ ഭാരതി പരാമര്‍ശിക്കുന്നതിങ്ങനെ: നമ്മുടെ മതത്തെക്കുറിച്ച് ആദിവാസികളുടെ മനസില്‍ വേരുറപ്പിക്കുന്നതിനായി സേവാഭാരതി 23 ആദിവാസി യുവാക്കളെയും 4 യുവതികളെയും അയോദ്ധ്യയിലേക്ക് അയക്കുകയുണ്ടായി. അവിടെ അവര്‍ക്ക് ‘രാമകഥാ പ്രവചനില്‍ പരിശീലനം നല്‍കപ്പെട്ടു. സന്യാസിമാരുടെയും മഹാത്മാക്കളുടെയും പ്രത്യേക നിര്‍ദ്ദേശപ്രകാരം എട്ട് മാസക്കാലം ഈ പരിപാടി നീണ്ടു. ഈ യുവജനങ്ങള്‍ ഗ്രാമങ്ങളില്‍ രാമകഥ പ്രചരിപ്പിക്കുന്ന ജോലിയില്‍ മുഴുകി ജീവിക്കും. ആദിവാസി യുവതീ യുവാക്കളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ വളരെ ആസൂത്രിതമായി നടപ്പിലാക്കാന്‍ സംഘപരിവാറിന് സാധിച്ചിട്ടുണ്ട്. രാമകഥ, ഭഗവത്കഥ, ഹനുമാന്‍ ചാലീസ’തുടങ്ങി നിരവധി പേരുകളില്‍ ഇത്തരത്തിലുള്ള ഹിന്ദുത്വവല്‍ക്കരണ പരിപാടികള്‍ ആദിവാസിമേഖലകളില്‍ സംഘപരിവാര്‍ ശക്തികള്‍ നിരന്തരമായി സംഘടിപ്പിച്ചുപോരുന്നുണ്ട്.
ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും എതിരായി വെറുപ്പുനിറഞ്ഞ പ്രചരണങ്ങള്‍ ആദിവാസിമേഖലകളില്‍ നടത്തുവാന്‍ സംഘപരിവാറിന് യാതൊരു മടിയുമുണ്ടായിരുന്നില്ല. ചരിത്രത്തെപ്പോലും ഇതിനായി വളച്ചൊടിക്കാന്‍ അവര്‍ക്ക് യാതൊരു മടിയുമില്ലെന്നതിന് ഒട്ടനവധി തെളിവുകള്‍ നമ്മുടെ മുന്നിലുണ്ട്. മഹാരാഷ്ട്രയില്‍ ഛത്രപതി ശിവാജി എങ്ങിനെയാണ് മുസ്ലീങ്ങളില്‍ നിന്ന് തങ്ങളെ രക്ഷിച്ചതെന്ന് അര്‍ത്ഥമുള്ള പാട്ടുകള്‍ അവര്‍ ആദിവാസികള്‍ക്കായി രചിച്ചു. ശിവാജിയില്ലായിരുന്നെങ്കില്‍ നമ്മളൊക്കെ സുന്നത്ത് ചെയ്യപ്പെട്ടേനെ’എന്ന് കുട്ടികളെക്കൊണ്ട് അവര്‍ പാടിപ്പിച്ചു. ഛത്രപതി ശിവാജിയുടെ സേനാനായകന്മാരില്‍ പലരും മുസ്ലീങ്ങളായിരുന്നുവെന്ന ചരിത്ര സത്യത്തെ അവര്‍ തല്‍ക്കാലം മൂടിവെച്ചു. അതിനേക്കാളം രസകരമായ സംഗതി, മഹാരാഷ്ട്രയില്‍ നിന്നും സൂറത്ത് കൊള്ളയടിക്കാന്‍ വരുന്ന ശിവാജിക്ക് ആദിവാസിപ്രദേശമായ ഡാംഗ് കടക്കണമെങ്കില്‍ ഭീല്‍ രാജാക്കന്മാര്‍ക്ക് കപ്പം കൊടുക്കേണ്ടി വരാറുണ്ടെന്ന വസ്തുതയും ആദിവാസിരക്ഷകനായി ശിവാജിയെ അവതരിപ്പിക്കുന്ന സംഘപരിവാര്‍ മറന്നുപോയിരുന്നു.
ആദിവാസി കുംഭമേള
ആദിവാസികളെ ഹിന്ദുത്വവല്‍ക്കരിക്കുന്നതിനായി വിഎച്ച്പിയുടെയും ആര്‍എസ്എസി്‌ന്റേയും പിന്തുണയോടെ നിരവധി സന്യാസിമാര്‍ വനമേഖലകളിക്ക് അയക്കപ്പെട്ടു. സ്വാമി അസീമാനന്ദ, സ്വാമി ലക്ഷ്മണാനന്ദ തുടങ്ങിയവര്‍ ഇക്കാര്യത്തില്‍ വളരെയേറെ മുന്നേറിയവരാണ്. പ്രകൃതി ആരാധന നടത്തിയിരുന്ന ആദിവാസികളെ ഹിന്ദുത്വത്തിലേക്ക് ചേര്‍ക്കാന്‍ ഐതിഹ്യങ്ങളും അമ്പലങ്ങളും നിര്‍മ്മിക്കുക എന്നത് മറ്റൊരു തന്ത്രമായിരുന്നു. ഹിന്ദുത്വ വര്‍ഗ്ഗീയതയുടെ പരീക്ഷണശാലയായ ഗുജറാത്തില്‍ ഇത് ഫലപ്രദമായി നടത്താന്‍ വിഎച്ച്പിക്കും മറ്റ് സംഘപരിവാര്‍ സംഘടനകള്‍ക്കും സാധിച്ചു. ഗുജറാത്തിലെ ആദിവാസി ഭൂരിപക്ഷ ജില്ലയായ ഡാംഗില്‍ 2006 ഫെബ്രുവരിയില്‍ ആദിവാസി കുംഭമേള സംഘടിപ്പിച്ചുകൊണ്ടായിരുന്നു ഇതിന് തുടക്കം കുറിച്ചത്. ശബരീകുംഭ്’എന്നപേരിലായിരുന്നു ഈ കുംഭമേള അറിയപ്പെട്ടിരുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള ആദിവാസികളെ ശബരീകുംഭമേളയില്‍ പങ്കെടുപ്പിച്ചുകൊണ്ട് ഹിന്ദുത്വവല്‍ക്കരണ പദ്ധതി കൂടുതല്‍ വ്യാപകമാക്കാം എന്നായിരുന്നു അസീമാനന്ദയുടെയും വിശ്വഹിന്ദുപരിഷത്തിന്റെയും കണക്കുകൂട്ടല്‍. ഗുജറാത്തിലെ ഭരണസംവിധാനങ്ങളുടെ മുഴുവന്‍ പിന്തുണയും ഈ പരിപാടിക്ക് ഉറപ്പിക്കാന്‍ സാധിച്ചുവെന്നത് പറയേണ്ടതില്ലല്ലോ.
ആദിവാസികളുടെ ഭൂമി കയ്യേറി ആശ്രമം പണിതുകൊണ്ടായിരുന്നു അസീമാനന്ദ തന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. ഭൂമികയ്യേറ്റത്തിനെതിരെ പരാതിപ്പെട്ട ആദിവാസികളെ പോലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണുണ്ടായത്. ആശ്രമനിര്‍മ്മാണത്തിനുശേഷം ശ്രീരാമനുമായി ബന്ധപ്പെട്ട് ഒരു ഐതിഹ്യം മെനഞ്ഞെടുക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നു അടുത്ത നടപടി. രാവണന്‍ അപഹരിച്ച് ലങ്കയില്‍ താമസിപ്പിച്ച സീതയെ അന്വേഷിച്ച് ദക്ഷിണ മേഖലയിലേക്ക് നടന്ന ശ്രീരാമനെ ശബരി എന്ന ആദിവാസിസ്ത്രീ തന്റെ കുടിലിലേക്ക് ക്ഷണിക്കുകയും കാട്ടില്‍ നിന്ന് ബേര്‍ പഴങ്ങള്‍ പറിച്ച് നല്‍കി ശ്രീരാമന്റ് വിശപ്പ് മാറ്റിയെന്നും ശബരിയെ ശ്രീരാമന്‍ അനുഗ്രഹിക്കുകയും അവര്‍ ശബരീമാതാവായി അറിയപ്പെടുകയും ചെയ്തുവെന്നായിരുന്നു മെനഞ്ഞെടുത്ത കഥ. എന്നാല്‍ ശ്രീരാമനുമായി ബന്ധപ്പെട്ട് അത്തരത്തിലുള്ള ഒരു ഐതിഹ്യവും തങ്ങള്‍ കേട്ടിട്ടില്ലെന്ന് ഡാംഗിലെ തലമുതിര്‍ന്ന ആദിവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. ആദിവാസികളില്‍ നിന്ന് നിയമവിരുദ്ധമായി കയ്യേറിയ ഭൂമിയില്‍ ശബരീധാമിന്റെ നിര്‍മ്മാണവും ഉടന്‍തന്നെ ആരംഭിച്ചു. കുംഭമേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് സ്‌നാനം നിര്‍വ്വഹിക്കുന്നതിനായി പമ്പാ സരോവറും നിര്‍മ്മിക്കപ്പെട്ടു. ഗുജറാത്തിലെ ജലസേചനവകുപ്പിനെ ഇതിനുവേണ്ടി പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തി. നദിയുടെ താഴെത്തട്ടില്‍ താമസിക്കുന്നവരുടെ കുടിവെള്ളം മുട്ടിച്ചുകൊണ്ടായിരുന്നു പമ്പാ സരോവറിന്റെ നിര്‍മ്മാണം.
ഡാംഗിലെ കുംഭമേളയ്ക്ക് പിന്നില്‍ മറ്റൊരു ഉദ്ദേശം കൂടിയുണ്ടായിരുന്നു. ആദിവാസിമേഖലകളില്‍ താമസിച്ച് പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ മിഷണറിമാരെ കെട്ടുകെട്ടിക്കുക എന്നതായിരുന്നു അത്. കുംഭമേളയുടെ പ്രചരണ പ്രവര്‍ത്തനങ്ങളിലെ പ്രധാന മുദ്രാവാക്യം ഹിന്ദു ജാഗോ, ക്രിസ്തി ഭാഗോ'(ഹിന്ദു ഉണരുക, ക്രിസ്ത്യാനിയെ ഓടിക്കുക) എന്നതായിരുന്നു. പ്രത്യക്ഷകലാപം ഡാംഗില്‍ നടന്നിട്ടില്ലെന്നുള്ളത് വാസ്തവമാണ്. എന്നാല്‍ ആദിവാസികളുടെ മനസില്‍ വര്‍ഗ്ഗീയതയുടെ വിഷം കലക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ക്ക് സാധിച്ചുവെന്നത് സംശയരഹിതമായ കാര്യമാണ്. ഒരു ദശാബ്ദത്തിന് ശേഷം ഡാംഗ് സന്ദര്‍ശിച്ചപ്പോള്‍ കണ്ടത് മുക്കിന് മു ക്കിന് ചെറുചെറു ഹിന്ദുക്ഷേത്രങ്ങളാണ്. ആചാരാനുഷ്ഠാനങ്ങളില്‍ ഹൈന്ദവരീതികള്‍ പിന്തുടരുന്ന ആദിവാസികളുടെ എണ്ണം ഇന്ന് ഈ മേഖലയില്‍ ചെറുതല്ല. മത്സ്യം, മാംസം, മദ്യം എന്നിവ ആദിവാസി ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായിരുന്നു. ഹൈന്ദവവല്‍ക്കരണത്തിന്റെ ഭാഗമായി ഇത്തരത്തിലുള്ള ആചാരങ്ങള്‍ നീക്കം ചെയ്യപ്പെട്ടു. മദ്യവും മാംസവും കഴിക്കുന്ന ബോര്‍ക്കല്‍ ദേവ് എന്ന ആദിവാസി ദേവന് പകരമായി ദത്ത ഭഗവാന്‍ എന്ന ഹൈന്ദവ ദേവന്‍ പ്രതിഷ്ഠിക്കപ്പെട്ടു. ഈ രീതിയില്‍ ആദിവാസികളുടെ തനതായ എന്തിനെയും മ്ലേച്ഛമായി ചിത്രീകരിച്ച് അവരുടെ മേല്‍ സാംസ്‌കാരിക മേധാവിത്വം പുലര്‍ത്താന്‍ സംഘപരിവാര്‍ എക്കാലവും ശ്രദ്ധിച്ചുപോന്നിരുന്നു. മറ്റ് കുംഭമേളയ്ക്ക് സമാനമായി നാലുവര്‍ഷത്തിലൊരിക്കല്‍ ശബരീകുംഭമേള സംഘടിപ്പിക്കാന്‍ അസീമാനന്ദയും കൂട്ടരും ഉദ്ദേശിച്ചിരുന്നുവെങ്കിലും അക്കാര്യത്തില്‍ വിജയിക്കാന്‍ അവര്‍ക്ക് സാധിച്ചില്ലെന്നത് മറ്റൊരു കാര്യം. ഇതെന്തുകൊണ്ടായിരുന്നുവെന്നത് വഴിയേ മനസിലാകും.
കന്ധമാല്‍ (ഒഡീഷ) വര്‍ഗ്ഗീയ കലാപം
ഒഡീഷയിലെ ആദിവാസികളെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നുവെന്ന് ആരോപിച്ച് ആസ്‌ത്രേലിയന്‍ മിഷണറിയായ ഗ്രഹാം സ്റ്റെയ്‌നിനെയും അദ്ദേഹത്തിന്റെ പത്തും ഏഴും വയസായ രണ്ട് കുട്ടികളെയും പച്ചയ്ക്ക് ചുട്ടുകൊന്ന സംഭവം രാജ്യത്തെ നടുക്കിയ ഒന്നായിരുന്നു. 1999 ജനുവരി 22ന് അര്‍ദ്ധരാത്രി കേവുംജാര്‍ ജില്ലയിലെ മനോഹര്‍പൂര്‍ ഗ്രാമത്തിലായിരുന്നു ഈ ക്രൂരത അരങ്ങേറിയത്. വിഎച്ച്പി പ്രവര്‍ത്തകനായ ധാരാസിംഗും കൂട്ടരുമാണ് ഗ്രഹാം സ്റ്റെയ്‌നിന്റെ കൊലപാതകത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. ഈ സംഭവം നടന്ന് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒഡീഷയിലെ കന്ധമാല്‍ ജില്ലയിലെ ആദിവാസി മേഖലകളിലും വര്‍ഗ്ഗീയജ്വാലകള്‍ പടര്‍ത്താന്‍ സംഘപരിവാറിന് കഴിഞ്ഞു. 2007 നവമ്പര്‍ മാസത്തില്‍ കന്ധമാലിലെ വിവിധ ആദിവാസി ഗ്രാമങ്ങളില്‍ മിഷണറി പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപകമായ ആക്രമണങ്ങള്‍ അഴിച്ചുവിടപ്പെട്ടു. കന്ധമാലിലെ ബലിഗുഡയില്‍ ഹൈന്ദവധര്‍മ്മ പ്രചരവുമായി ബന്ധപ്പെട്ട ആശ്രമം സ്ഥാപിച്ച് പ്രവര്‍ത്തിച്ചുപോന്ന സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകത്തെത്തുടര്‍ന്നായിരുന്നു ഈ കലാപം. ലക്ഷ്മണാനന്ദയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം നക്‌സലൈറ്റുകള്‍ ഏറ്റെടുത്തിട്ടും ആക്രമണം മുഴുവന്‍ ക്രിസ്ത്യന്‍ പാതിരിമാര്‍ക്കും ആദിവാസികള്‍ക്കും നേരെയായിരുന്നുവെന്നത് സംഘപരിവാറിന്റെ ഉദ്ദേശം വെളിപ്പെടുത്തുന്നുണ്ട്. അമ്പതിന് മുകളില്‍ ആളുകള്‍ ഈ കലാപത്തില്‍ കൊല്ലപ്പെടുകയുണ്ടായി. പരിക്കേറ്റവരുടെയും അഭയാര്‍ത്ഥികളാക്കപ്പെട്ടവരുടെയും എണ്ണം നിരവധിയായിരുന്നു. കലാപത്തെപ്പേടിച്ച് നാടുവിട്ടുപോയവരും അഭയാര്‍ത്ഥിക്യാമ്പുകളില്‍ കഴിയേണ്ടി വന്നവരും മാസങ്ങളോളം സ്വന്തം വീടുകളിലേ ക്ക് തിരിച്ചുപോകാന്‍ തയ്യാറായിരുന്നില്ല. അത്രമാത്രം മാനസികമായ പീഡനമായിരുന്നു ഇത് ആദിവാസികളില്‍ സൃഷ്ടിച്ചിരുന്നത്. വര്‍ഗ്ഗീയ കലാപം നടന്നതിന്റെ തൊട്ടടുത്ത നാളുകളില്‍ തന്നെ ഈ മേഖലകള്‍ സന്ദര്‍ശിച്ചവരുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. ഗ്രാമത്തിലെ ആദിവാസികളുമായി സംസാരിച്ചതില്‍ നിന്ന് ഞങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിച്ചത്, കലാപം നടത്തിയവര്‍ എല്ലാം തന്നെ പുറത്ത് നിന്നെത്തിയ സംഘപരിവാര്‍ അംഗങ്ങളായിരുന്നുവെന്നതായിരുന്നു.
ആദിവാസികളെ ഹൈന്ദവസംഘടനകളിലേക്ക് ആകര്‍ഷിക്കുന്നതിനായി പലതരത്തിലുള്ള പരിപാടികളും സംഘപരിവാര്‍ ആസൂത്രണം ചെയ്തുകൊണ്ടിരുന്നു. തൃശൂല്‍ ദീക്ഷ, രാമനവമി, കൃഷ്ണാഷ്ടമി, ഗണേശോത്സവം തുടങ്ങി ഹിന്ദു ഉത്സവങ്ങള്‍ മുഴുവനായും തന്നെ ആദിവാസി മേഖലകളിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ടു. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഝാര്‍ഘണ്ട്, ഒഡീഷ, ബീഹാര്‍, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍. മധ്യപ്രദേശിലെ ഝാബുവാ ജില്ലയില്‍ 2002ല്‍ ഹൈന്ദവ മഹാസമ്മേളനം സംഘടിപ്പിക്കപ്പെട്ടു. 4000ത്തോളം ആര്‍ എസ് എസ് പ്രവര്‍ത്തകരെ ആദിവാസി മേഖലകളില്‍ അവരുടെ വീടുകളില്‍ താമസിച്ച് പ്രവര്‍ത്തിക്കാനായി നിയോഗിച്ചു. മഹാസമ്മേളനത്തിലെ ആദിവാസി പ്രാതിനിധ്യം വളരെ കൂടുതലായിരുന്നു. 2004ല്‍ അലിരാജ്പൂരിലും (മധ്യപ്രദേശ്) ഹിന്ദു മഹാസംഗമം നടന്നു. 40000ത്തോളം ആദിവാസികളായിരുന്നു ഈ സമ്മേളനത്തില്‍ പങ്കെടുത്തത്. രാജസ്ഥാനിലെ ബന്‍സ്‌വാരയില്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ 13ാം വാര്‍ഷികത്തില്‍ കുംഭമേള സംഘടിപ്പിച്ചു. ഈ പരിപാടികളിലൊക്കെ ആദിവാസികളുടെ പങ്കാളിത്തം പരമാവധി ഉറപ്പുവരുത്താന്‍ സംഘാടകര്‍ ശ്രദ്ധിച്ചു.
ഹൈന്ദവവല്‍ക്കരണത്തിനെതിരെ ആദിവാസികള്‍
ആദിവാസികളെ ഹൈന്ദവ കൂടാരത്തില്‍ കെട്ടിയിടാനുള്ള സംഘപരിവാര്‍ നീക്കത്തിന് പിന്നിലെ ചതിക്കുഴികള്‍ തിരിച്ചറിയാന്‍ ആദ്യഘട്ടത്തില്‍ ആദിവാസി സംഘടനകള്‍ സാധിച്ചില്ലെന്നതിന്റെ തെളിവുകളാണ് വനവാസി കല്യാണ്‍ ആശ്രമത്തിന് ഈ മേഖലയില്‍ ലഭിച്ച സ്വീകാര്യത. എന്നാല്‍ തങ്ങളുടെ അസ്തിത്വത്തെപ്പോലും ചോദ്യം ചെയ്തുകൊണ്ട് തങ്ങളുടെ ജീവിതത്തെയും സംസ്‌കാരത്തെയും നിരന്തരമായി ചവിട്ടിമെതിക്കുന്ന സവര്‍ണ്ണ ഫാസിസ്റ്റ് ശക്തികളുടെ നടപടികള്‍ ദൈനംദിന ജീവിതത്തില്‍ അനുഭവിക്കേണ്ടിവന്ന ആദിവാസി സമൂഹത്തിനിടയില്‍ നിന്നുതന്നെ സംഘപരിവാര്‍ അജണ്ടകള്‍ക്കെതിരായ ശക്തമായ ചെറുത്തുനില്‍പ്പുകള്‍ ആരംഭിച്ചുവെന്നത് ആശ്വാസകരമായ സംഗതിയാണ്. ആദിവാസി ഏകതാ പരിഷത്, ആദിവാസി സംസ്‌കൃതി സംരക്ഷണ സമിതി, ഭീല്‍ ടൈഗര്‍ സേന തുടങ്ങിയ നിരവധി ആദിവാസി പ്രസ്ഥാനങ്ങള്‍ ഹിന്ദുവല്‍ക്കരണത്തിന്റെ പേരില്‍ സംഘപരിവാര്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ആദിവാസി അസ്തിത്വത്തെ തിരിച്ചുപിടിക്കുവാനുള്ള തീവ്രശ്രമങ്ങള്‍ നടത്തിവരുന്നതായി ആദിവാസി മേഖലകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സാലേര്‍ വഴികാട്ടുന്നു
മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ സാലേര്‍ ഗ്രാമം സാധാരണ നിലയില്‍ വലിയ തിരക്കോ ബഹളമോ ഇല്ലാത്ത ഒരു തരത്തില്‍ ഉറങ്ങിക്കിടക്കുന്ന ഗ്രാമമാണ്. സത്പുര-സപ്തശൃംഗി മലനിരകളാല്‍ ചുറ്റപ്പെട്ടുനില്‍ക്കുന്ന, ടേബിള്‍ ടോപ്പ് സ്റ്റൈലിലുള്ള മലകള്‍ കാണപ്പെടുന്ന വളരെ അപൂര്‍വ്വം പ്രദേശങ്ങളില്‍ ഒന്ന്. സാലേര്‍ കീല (സാലേര്‍ കോട്ട) എന്ന പേരില്‍ അറിയപ്പെടുന്ന ഇവിടുത്തെ മലനിരകള്‍ മഹാരാഷ്ട്രയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ മലനിരയാണ്. എല്ലാവര്‍ഷവും ദസറ ദിനത്തില്‍ പതിനായിരക്കണക്കിന് ആദിവാസികള്‍ ഈ ഗ്രാമത്തില്‍ ഒത്തുചേര്‍ന്ന് ദസറ ആഘോഷങ്ങള്‍ നടത്താറുണ്ട്. ഭീല്‍, വര്‍ളീസ്, വസാവ, കോത്‌വാള്‍ തുടങ്ങിയ ആദിവാസികളാണ് ഈ മേഖലയിലെ പ്രധാനപ്പെട്ട ആദിവാസി വിഭാഗങ്ങള്‍. ഇവയില്‍ അംഗസംഖ്യയില്‍ ഏറ്റവും കൂടുതലുള്ള ഭീല്‍ വിഭാഗത്തില്‍ പെട്ട ആദിവാസികളാണ്. പൊതുവെ കാര്‍ഷികവൃത്തിയെ അടിസ്ഥാനപ്പെടുത്തി ജീവിക്കുന്ന ഭീല്‍ ആദിവാസികളില്‍ ബഹുഭൂരിപക്ഷവും മറ്റെല്ലായിടങ്ങളിലുമെന്ന പോലെ ഭൂരഹിതരാണ്. കാര്‍ഷിക ജോലികളാണ് ഇവരുടെ പ്രധാനപ്പെട്ട ജീവിതോപാധി. പൊതുവെ വരണ്ട കാലാവസ്ഥയുള്ള ഈ പ്രദേശത്ത് റാഗി, ചോളം, തിന, വരക് തുടങ്ങിയ ഡസന്‍കണക്കിന് ചെറുധാന്യങ്ങള്‍ കൃഷി ചെയ്തുവരുന്നുണ്ട്. വളരെ ശാന്തമായ ജീവിതം നയിച്ചുകൊണ്ടിരിക്കുന്ന ഈ ആദിവാസി ജനത ഇന്ന് തങ്ങളുടെ അസ്തിത്വം വീണ്ടെടുക്കാനുള്ള സമരത്തിലാണ്. ഒരു ഭാഗത്ത്, വികസനത്തിന് വേണ്ടി തങ്ങളുടെ ഭൂമി തട്ടിയെടുക്കാന്‍ വരുന്ന വികസനവാദികളില്‍ നിന്ന് തങ്ങളുടെ ഭൂമിയും ജീവിനോപാധികളും സംരക്ഷിക്കുവാനുള്ള ശ്രമങ്ങള്‍ നടത്തവെ മറുഭാഗത്ത് തങ്ങളുടെ സാംസ്‌കാരികാസ്തിത്വത്തെ തന്നെ അവമതിച്ചുകൊണ്ട് ജീവിതത്തിന്റെ സമസ്തമേഖലകളിലേക്കും അതിക്രമിച്ചു കടന്നുകയറിക്കൊണ്ടിരിക്കുന്ന ഹൈന്ദവ ഫാസിസ്റ്റുകള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പുകളും അവര്‍ക്ക് നടത്തേണ്ടതായി വരുന്നുണ്ട്. എക്കാലവും തങ്ങളെ ചൂഷണം ചെയ്തുകൊണ്ടിരുന്നവര്‍, തങ്ങളെ അകറ്റിനിര്‍ത്തിയവര്‍ പുതിയ രീതിയില്‍ തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുകയറുന്നത് തിരിച്ചറിയാന്‍ ആദിവാസികള്‍ക്ക് കഴിയുന്നുണ്ടെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് സാലേറില്‍ കണ്ട സാംസ്‌കാരിക പ്രതിരോധം.
2015 ഒക്‌ടോബര്‍ 22 ന് സാലേറില്‍ നടന്ന ആദിവാസി മേള ഒരുവേള ഹിന്ദുത്വവല്‍ക്കരണത്തിനെതിരായ ആദിവാസികളുടെ ചെറുത്തു നില്‍പ്പിന്റെ ഏറ്റവും തിളക്കമുള്ള അധ്യായമായി വരുംകാലത്ത് എഴുതിച്ചേര്‍ക്കപ്പെട്ടേക്കാം. ആദിവാസി മേഖലകളില്‍ ഹിന്ദു ആരാധാനാലയങ്ങള്‍ സ്ഥാപിച്ചുകൊണ്ടും, വനവാസി കല്യാണ്‍, ഗിരിജന്‍ സംഘ്, വനബന്ധു യോജന തുടങ്ങിയ നിരവധി പരിപാടികളിലൂടെ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ആദിവാസി മേഖലകളില്‍ നുഴഞ്ഞുകയറാന്‍ സംഘപരിവാറിന് സാധിച്ചിട്ടുണ്ട്. സാമൂഹ്യസേവനത്തിന്റെ പേരില്‍ ആദിവാസികളെ ക്രിസ്തീയവല്‍ക്കരിക്കാന്‍ മിഷനറിമാര്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി സംഘപരിവാര്‍ ശക്തികള്‍ ആദിവാസി മേഖലകളിലേക്ക് നുഴഞ്ഞുകയറാനും ആദിവാസികള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവുകള്‍ സൃഷ്ടിക്കുവാനും ശ്രമിച്ചതിന്റെ നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ജനനം മുതല്‍ മരണം വരെയുള്ള ജീവിതചര്യകളില്‍ തങ്ങളുടേതായ ആചാരാനുഷ്ഠാനങ്ങള്‍ നിലിനിര്‍ത്തിയിരുന്ന ഈ മേഖലയിലെ ആദിവാസികളെക്കൊണ്ട് ഹൈന്ദവാചാരങ്ങള്‍ സ്വീകരിക്കാന്‍ സംഘപരിവാര്‍ നിര്‍ബ്ബന്ധിക്കുകയായിരുന്നു.
വനവാസികളല്ല, ഞങ്ങള്‍ ആദിവാസികള്‍
ആദിവാസികളെ വനബന്ധു, വനവാസി, ഗിരിജന്‍’എന്നീ വാക്കുകള്‍ കൊണ്ട് അഭിസംബോധന ചെയ്തുകൊണ്ട് അവരുടെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന പ്രവണതയെ വെല്ലുവിളിച്ചുകൊണ്ട് ഞങ്ങള്‍ ആദിവാസികള്‍, ‘ആദിവാസികള്‍ എന്നത് തെറിയല്ല; സ്വാഭിമാനത്തിന്റെ പ്രതീകമാണ്’ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് സാലേര്‍ മേള ആരംഭിച്ചത്. ഈ ഭൂമിയിലെ ആദിമവാസികളെ വനവാസി എന്ന വിളിക്കുന്നത് ആദിവാസികളുടെ ആദിമസംസ്‌കാരത്തിനെതിരെയുള്ള കടന്നുകയറ്റമായി ആദിവാസി ലോക് ജാഗൃതിമേളയില്‍ പങ്കെടുത്തവര്‍ വിശ്വസിക്കുന്നു. ഇന്ത്യയിലെ സവര്‍ണ്ണമേധാവിത്വം ജാതിയില്‍ നിന്നുപോലും അകറ്റിനിര്‍ത്തി മനുഷ്യര്‍ പോലുമായി പരിഗണിക്കാത്ത ആദിവാസിവിഭാഗങ്ങളെ വനവാസികള്‍ എന്ന് അഭിസംബോധന ചെയ്ത് അവരിലേക്ക് കടന്നുകയറാനുള്ള സംഘപരിവാര്‍ ശക്തികളുടെ ഇടപെടലിന് അവരുടെ സവര്‍ണ്ണപ്രത്യയശാസ്ത്രത്തിന്റെ പിന്തുണയുണ്ട്. ദ്രാവിഡസംസ്‌കാരത്തിനെതിരെയുള്ള ആര്യന്മാരുടെ കടന്നാക്രമണമെന്ന ചരിത്രയാഥാര്‍ത്ഥ്യത്തെ നിഷേധിക്കുക എന്ന പദ്ധതിയാണ് ഈ ഭൂപ്രദേശത്തിലെ ആദിമവാസികളായ ഗോത്രവിഭാഗങ്ങളെ വനവാസികള്‍’എന്ന് ബോധപൂര്‍വ്വം വിശേഷിക്കുന്നതിലൂടെ അവര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ഇന്ത്യയിലെ ഹൈന്ദവസംസ്‌കാരത്തില്‍ നിന്നും തികച്ചും അകന്നുമാറി ജീവിക്കുന്ന, തനത് സംസ്‌കാരവും ആചാരമര്യാദകളും സൂക്ഷിക്കുന്ന ആദിവാസികളെ തങ്ങളുടെ പാളയങ്ങളിലേക്ക് തെളിക്കേണ്ടത് ഹിന്ദുത്വശക്തികളുടെ ആവശ്യമായിരുന്നു. ഈയൊരു ശ്രമത്തിനുള്ള ഏറ്റവും ശക്തമായ ചെറുത്തുനില്‍പ്പാണ് സാലേര്‍ ഗ്രാമത്തില്‍ ആദിവാസി ഏകതാ പരിഷത് എന്ന സ്വതന്ത്ര ആദിവാസി രാഷ്ട്രീയ സംഘടന നടത്തിയത്.
രാമപൂജയല്ല, രാവണപൂജ
സാലേര്‍ ഗ്രാമത്തെ സംരക്ഷിച്ചുനിര്‍ത്തുന്ന വന്‍കോട്ടകള്‍ പോലെയാണ് അവിടുത്തെ മലനിരകള്‍. സാലേര്‍ കീല എന്ന പേരിലാണ് ഇവിടുത്തെ മലകള്‍ അറിയപ്പെടുന്നത്. സാലേറിലെ ഏറ്റവും ഉയരം കൂടിയ മലയുടെ താഴ്‌വാരങ്ങളില്‍ വര്‍ഷങ്ങളായി ആദിവാസികള്‍ പൂജനടത്താറുണ്ട്. ദസറ ദിനത്തില്‍ നടത്തപ്പെടുന്ന ഈ പൂജയെ രാമവനവമിയുമായി ബന്ധപ്പെടുത്തിയിട്ട് അധികകാലമൊന്നും ആയിട്ടില്ല. ദസറദിനത്തില്‍ കഴി ഞ്ഞ വര്‍ഷം വരെ രാവണനെ തീയിലിച്ച് ചുട്ടുകൊല്ലുന്ന ആഘോഷങ്ങളായിരുന്നു നടത്തപ്പെടാറ്. ഈയൊരു പതിവിനെയാണ് ഇത്തവണത്തെ ആദിവാസി ലോക് ജാഗൃതി മേളയിലൂടെ ആദിവാസികള്‍ വെല്ലുവിളിച്ചിരിക്കുന്നത്. ദാനവന്‍, രാക്ഷസന്‍, അസുരന്‍ തുടങ്ങിയ പ്രയോഗങ്ങളിലൂടെ ഈ ഭൂമിയുടെ അധിപരായ ആദിവാസികളെയാണ് ഇവിടുത്തേക്ക് കുടിയേറിയെത്തിയ ആര്യന്മാര്‍ നികൃഷ്ടരായി പരിഗണിക്കുന്നതെന്ന തിരിച്ചറിവാണ് അസുര രാജാവായ രാവണന്‍ തങ്ങളിലൊരാളാണെന്നും തങ്ങള്‍ തങ്ങളുടെ പ്രതിനിധിയെത്തന്നെയാണ് വര്‍ഷാവര്‍ഷം ചുട്ടെരിക്കുന്നതെന്നുമുള്ള ബോദ്ധ്യത്തിലേക്ക് അവര്‍ എത്തിപ്പെട്ടത്. ലക്ഷ്മണനോട് പ്രേമാര്‍ഭ്യര്‍ത്ഥന നടത്തിയതിന്റെ പേരില്‍ ശൂര്‍പ്പണഖയുടെ മൂക്കും മുലയും വെട്ടിമാറ്റാന്‍ ആവശ്യപ്പെട്ട, പാതിവ്രത്യത്തില്‍ സംശയിച്ച് സീതാദേവിയെ കാട്ടിലേക്കയച്ച രാമന്‍ മര്യാദാപുരുഷോത്തമനും അശോകവനിയില്‍ സുരക്ഷിതമായി സീതയെ പാര്‍പ്പിച്ച്, ഒരു നോക്കുകൊണ്ടുപോലും അവരിലെ സ്ത്രീത്വത്തെ അവഹേളിക്കാത്ത രാവണന്‍ ക്രൂരനുമാകുന്നതെങ്ങിനെയെന്ന് ആദിവാസി മേളയില്‍ എത്തിയവര്‍ ചോദിക്കുന്നു. വാല്മീകിയും തുളസീദാസും തൊട്ട് പാണ്ഡുറാം ശാസ്ത്രിവരെയുള്ളവര്‍ എഴുതിവെച്ച രാമായണം മുഴുവന്‍ വായിച്ചാലും രാവണന്‍ നടത്തിയ ക്രൂരതകളെന്തെന്ന് കണ്ടെത്താന്‍ കഴിയില്ല. അതേസമയം ബാലിയെ സ്വന്തം അനുജനെക്കൊണ്ട് കൊല്ലിച്ച, ശംഭൂകന്‍ എന്ന അസുരമുനിയെ തപസ്സിലേര്‍പ്പെട്ടിരിക്കെ കൊലചെയ്ത രാമനെ വാഴ്ത്തുന്നതെന്തിനെന്ന് തനിക്ക് ഇതുവരെ മനസിലാക്കാന്‍ സാധിച്ചിട്ടില്ലെന്ന് ആദിവാസി ഏകതാ പരിഷത് നേതാവ് ഭൂപേന്ദ്ര ചൗധരി പറയുന്നു. സമാധാനത്തിലും ശാന്തിയിലും ജീവിച്ചുപോന്ന ഇവിടുത്തെ ആദിമവാസികളെ ക്രൂരന്മാരും ദാനവന്മാരുമായി ചിത്രീകരിച്ച് ഇവിടുത്തേക്ക് കുടിയേറിയെത്തിയ ആര്യന്മാരുടെ സംസ്‌കാരത്തെ മഹത്തരമായി വ്യാഖ്യാനിക്കാനുള്ള ശ്രമമാണ് രാമായണത്തില്‍ കാണാന്‍ കഴിയുക. സ്ത്രീത്വത്തെ ഇത്രമാത്രം അപമാനിക്കുന്ന മറ്റൊരു ഗ്രന്ഥവും തനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും ഭൂപേന്ദ്ര പറഞ്ഞു.
പ്രകൃതിനിയമങ്ങളെ ആദരിച്ച്, പ്രകൃതിയോടിണങ്ങി, ആവശ്യങ്ങളും ആര്‍ഭാടങ്ങളും കുറച്ച് സന്തുഷ്ടമായി ജീവിക്കുന്ന ആദിവാസിസമൂഹത്തിലേക്ക് വെറുപ്പിന്റെ രാഷ്ട്രീയവുമായി കടന്നുവരുന്ന സംഘപരിവാര്‍ ശക്തികളെ പ്രതിരോധിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. സാലേറില്‍ നടന്നിരിക്കുന്ന ചരിത്രപരമായ പ്രഖ്യാപനമാണ്. സാലേര്‍ ഗ്രാമം നല്‍കിയ വെളിച്ചം വരുംനാളുകളില്‍ മറ്റ് ആദിവാസിഗ്രാമങ്ങളിലേക്കും പടരുമെന്ന് നമുക്ക് പ്രത്യാശിക്കാം.
സംഘപരിവാറിന്റെ മൂലധന അജണ്ട
ആദിവാസി മേഖലകളിലേക്കുള്ള സംഘപരിവാര്‍ കടന്നുകയറ്റങ്ങള്‍ക്ക് പിന്നില്‍ വളരെ വ്യക്തമായ മൂലധന താല്‍പ്പര്യം കൂടിയുണ്ടെന്നുള്ളത് തര്‍ക്കമറ്റ സംഗതിയാണ്. മതത്തെ മൂലധനതാല്‍പ്പര്യങ്ങള്‍ക്കനുസൃതമായി എങ്ങിനെ ഉപയോഗപ്പെടുത്താം എന്ന് നാള്‍ക്കുനാള്‍ തെളിയിച്ചുകൊണ്ടിരിക്കുന്ന മോദി സര്‍ക്കാര്‍ ഇനിയും ആദിവാസി മേഖലകളെ ലക്ഷ്യമിട്ട് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കും എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയുടെ പ്രകൃതിസമ്പത്ത് ഏറ്റവും കൂടുതല്‍ കേന്ദ്രീകരിച്ചിരിക്കുന്ന ആദിവാസിമേഖലകളില്‍ സ്വാധീനമുറപ്പിക്കുക വഴി തങ്ങളുടെ വികസനപരിപാടികള്‍ തടസ്സമില്ലാതെ തുടരാം എന്ന് മോദിക്കും കൂട്ടര്‍ക്കും നന്നായറിയാം. കന്ധമാലിലും ഡാംഗിലും ഒക്കെ നടന്ന വര്‍ഗ്ഗീയകലാപത്തിന് പിന്നില്‍ ഇത്തരം താല്‍പര്യങ്ങള്‍ വളരെ പ്രകടമായിരുന്നു. കോന്ധ് ആദിവാസിജനത താമസിക്കുന്ന കന്ധമാല്‍ ജില്ലയിലും സമീപപ്രദേശങ്ങളിലും വേദാന്ത അടക്കമുള്ള നിരവധി ഖനനകമ്പനികള്‍ക്ക് പതിനായിരക്കണക്കിന് കോടി രൂപയുടെ ധാതുക്കള്‍ ഖനനം ചെയ്യാനുള്ള അനുമതിക്കെതിരെ ആദിവാസികള്‍ ശക്തമായ ചെറുത്തുനില്‍പ്പുകള്‍ ഉയര്‍ത്തിയപ്പോള്‍ ആദിവാസികളെ ഭിന്നിപ്പിക്കുന്നതിനായിരുന്നു കന്ധമാല്‍ കലാപം സംഘടിപ്പിക്കപ്പെട്ടത്. വേദാന്തയുടെ സ്വപ്നപദ്ധതി വിജയിപ്പിക്കാന്‍ ബിജെപിക്ക് സാധിച്ചില്ലെന്നത് ആദിവാസിമേഖലകളിലെ തിരിച്ചറിവിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. ഇത്തരത്തില്‍ ധാതുനിക്ഷേപങ്ങള്‍ നിറഞ്ഞ ആദിവാസി മേഖലകള്‍ കലാപത്തിന്റെയും അസ്വസ്ഥതകളുടെയും കേന്ദ്രങ്ങളാക്കി നിലനിര്‍ത്തിക്കൊണ്ട് സൈന്യത്തിന്റെ പിന്തുണയോടെ തങ്ങളുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ സംരക്ഷിക്കാം എന്ന് മോദി സര്‍ക്കാര്‍ കണക്കു കൂട്ടുന്നു. വികസന പ്രവര്‍ത്തനങ്ങളുടെ ഇരകളായി മാറ്റപ്പെട്ടുകൊണ്ടിരിക്കുന്ന ആദിവാസിജനത തങ്ങളുടെ നിലനില്‍പിനായി പ്രക്ഷോഭരംഗത്തിറങ്ങിക്കൊണ്ടിരിക്കുന്ന കാഴ്ചകളാണ് കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയ്ക്ക് ഇന്ത്യയിലെങ്ങും കണ്ടുകൊണ്ടിരിക്കുന്നത്. ആദിവാസികളുടെ ഈ ചെറുത്തുനില്‍പ്പുകളെ തണുപ്പിച്ചു നിര്‍ത്തുക എന്ന ലക്ഷ്യമാണ് വനവാസി കല്യാണ്‍ ആശ്രമം അടക്കമുള്ള ആദിവാസി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘപരിവാര്‍ സംഘടനകള്‍ക്ക് നിര്‍വ്വഹിക്കുവാനുള്ളത് എന്ന വസ്തുത നാം മറന്നുപോകരുത്.

ഹോണ്‍ബില്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ബീഫിന്റെ രാഷ്ട്രീയം എന്ന പുസ്തകത്തില്‍നിന്ന്

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “ആദിവാസി ജനതയുടെ ഹൈന്ദവവല്‍ക്കരണം

  1. Avatar for Critic Editor

    എന്റെ മൂന്നാം ക്ലാസ്സുവരെയുള്ള ആദിവാസി സുഹൃത്തുക്കളുടെ ദൈവങ്ങൾ മരപൊത്തിൽ നിന്ന് ഇടക്കിടെ പുറത്തു വന്നു നൃത്തം വെക്കുന്ന കറുത്ത നിറമുള്ള എട്ടുകാലികളെ പോലെ തോന്നിക്കുന്ന എട്ടു നീണ്ട കാലുകളുള്ള ചെറു ജീവികളായിരുന്നു. അവയെ കാണുമ്പോൾ കുടിലുകളിലെ ആദിവാസികൾ തുടി കൊട്ടി പാട്ടുപാടുകയും , ആണുങ്ങളും പെണ്ണുങ്ങളും ഒന്നിച്ചു നൃത്തം വെക്കുകയും ചെയുമായിരുന്നു.

Leave a Reply