‘അറ്റ് മൈ ഏജ്, ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മോക്ക്’ : പെണ്ണിടത്തിലെ കാഴ്ചകള്‍
കെ.സി. സെബാസ്റ്റിന്‍ സ്ത്രീകള്‍ക്കുവേണ്ടി സ്ത്രീകള്‍ തന്നെ നിര്‍മ്മിച്ച ഒരു സ്ത്രീപക്ഷ രാഷ്ട്രീയ ചലച്ചിത്രം. പുരുഷ മേധാവിത്വത്തിനെതിരേയും മതത്തിന്റെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരേയും ശക്തവും ധീരവുമായ ആവിഷ്‌കാരമാണ് ഈ ചിത്രം തൊണ്ണൂറുകളില്‍ അള്‍ജീരിയ ഇസ്ലാമിക ഭരണത്തിന്‍ കീഴിലായപ്പോള്‍ സ്ത്രീകള്‍ അനുഭവിക്കേണ്ടിവന്ന പ്രശ്‌നങ്ങളുടെ നേര്‍ക്കാഴ്ചയാണ് ‘അറ്റ് മൈ ഏജ്, ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മോക്ക്’ എന്ന ചലച്ചിത്രം. അന്‍പതു വയസ്സായ ഫാത്തിമ, ഉഴിച്ചിലുകാരിയായ ഒരു പൊതു കുളിയിടത്തിലാണ് ഈ ചിത്രം രൂപം പ്രാപിക്കുന്നത്. സ്ത്രീകള്‍ മാത്രമുള്ള ഇവിടം എല്ലാ തലത്തിലുമുള്ള സ്ത്രീകളുടെ […]
കെ.സി. സെബാസ്റ്റിന്‍
സ്ത്രീകള്‍ക്കുവേണ്ടി സ്ത്രീകള്‍ തന്നെ നിര്‍മ്മിച്ച ഒരു സ്ത്രീപക്ഷ രാഷ്ട്രീയ
ചലച്ചിത്രം. പുരുഷ മേധാവിത്വത്തിനെതിരേയും മതത്തിന്റെ സ്ത്രീവിരുദ്ധ
നിലപാടുകള്‍ക്കെതിരേയും ശക്തവും ധീരവുമായ ആവിഷ്‌കാരമാണ് ഈ ചിത്രം
തൊണ്ണൂറുകളില്‍ അള്‍ജീരിയ ഇസ്ലാമിക ഭരണത്തിന്‍ കീഴിലായപ്പോള്‍ സ്ത്രീകള്‍ അനുഭവിക്കേണ്ടിവന്ന പ്രശ്‌നങ്ങളുടെ നേര്‍ക്കാഴ്ചയാണ് ‘അറ്റ് മൈ ഏജ്, ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മോക്ക്’ എന്ന ചലച്ചിത്രം.
അന്‍പതു വയസ്സായ ഫാത്തിമ, ഉഴിച്ചിലുകാരിയായ ഒരു പൊതു കുളിയിടത്തിലാണ് ഈ ചിത്രം രൂപം പ്രാപിക്കുന്നത്. സ്ത്രീകള്‍ മാത്രമുള്ള ഇവിടം എല്ലാ തലത്തിലുമുള്ള സ്ത്രീകളുടെ പ്രാതിനിധ്യം ഉള്‍ക്കൊള്ളുന്നു. ഇവിടെ കന്യകയും ഗര്‍ഭിണിയും വിവാഹമോചിതയും വിധവയും വയോധികരും കുട്ടികളും മറ്റും ഒത്തുചേരുമ്പോള്‍ പ്രക്ഷുബ്ധമായ പുറംലോകത്തെ അടിച്ചമര്‍ത്തലുകളില്‍നിന്നും ഒരു അഭയകേന്ദ്രമായി ഈ കുളിയിടം പരിണമിക്കുന്നതായി കാണാം.
ഒരിക്കലും ആരോടും പറയാത്ത രഹസ്യങ്ങളും ആണ്‍കോയ്മയുടേയും മതത്തിന്റേയും നീചത്വവും രാഷ്ട്രീയവും ഓര്‍ഗാസവും സംഭോഗവുമെല്ലാം ഇവിടെ ഇവര്‍ തുറന്നു സംസാരിക്കുന്നു. പുറംലോകത്തുനിന്നും കെട്ടിമറയ്ക്കപ്പെട്ട, പുരുഷനു പ്രവേശനം നിഷേധിക്കുന്ന ഈ പൊതു കുളിസ്ഥലം ഇവരുടെ ആഹ്ലാദങ്ങളുടേയും തേങ്ങലുകളുടേയും സംവാദങ്ങളുടേയും സജീവതയില്‍ നിറയുമ്പോള്‍ ഇതൊരു പെണ്ണിടം അല്ലെങ്കില്‍ സ്ത്രീത്വത്തിന്റെ സ്വതന്ത്ര ലോകമാണ് പ്രേക്ഷകനു മുന്‍പില്‍ തുറന്നുവെയ്ക്കുന്നത്.
ഈ ചിത്രത്തിലെ കഥാപാത്രങ്ങളായ ഫാത്തിമ, സാമിയ, നാദിയ, സാഹിയ, മിറിയ, ഐഷ, വാസ്സില, ലൈല ഇവരെല്ലാം തന്നെ നമുക്കു ചുറ്റുമുള്ള പരിസരങ്ങളില്‍ ജീവിക്കുന്നവരുടെ പ്രതിരൂപങ്ങളാണ്. വിവാഹമോചനം ലഭിക്കുമ്പോള്‍ സ്വാതന്ത്ര്യം കിട്ടിയെന്ന് പറഞ്ഞ് സന്തോഷിച്ചു തുള്ളിച്ചാടുന്ന, കല്യാണത്തെ സ്വീകരിക്കാന്‍ കുരവയിടുമ്പോള്‍, വിവാഹസമയത്ത് ആഹ്ലാദം മറച്ചുവെച്ച് ശോകം പ്രകടിപ്പിക്കണമെന്ന് യുവതികളെ ഓര്‍മ്മപ്പെടുത്തുന്ന, ഇരുപത്തൊന്‍പത് വയസ്സ് കഴിഞ്ഞിട്ടും വിവാഹം കഴിക്കാന്‍ കഴിഞ്ഞില്ലെങ്കിലും
തനിക്ക് കൈവിരലുകള്‍ ഉണ്ടെന്ന് ആശ്വസിക്കുന്ന, ഒളിച്ചിരുന്നു സിഗരറ്റ് വലിക്കേണ്ടിവരുന്ന അള്‍ജീരിയന്‍ സ്ത്രീകള്‍ പുരുഷമേധാവിത്വത്തിന്റേയും ഇസ്ലാം മതത്തിന്റേയും അടിച്ചമര്‍ത്തലുകളില്‍ തങ്ങളുടെ സ്വത്വം നിലനിര്‍ത്താന്‍ പരിശ്രമിക്കുന്ന ഈ സ്ത്രീകളുടെ സ്വകാര്യ ലോകത്തെ, സംവിധായക റെയ്ഹാന ഒബര്‍മെയര്‍ സുതാര്യമാക്കുമ്പോള്‍ നൈതിക ബോധമുള്ളവന്റെ ചങ്കുപൊള്ളുന്നു.
രഹസ്യമായി ഗര്‍ഭം ധരിച്ച പതിനാറുകാരിയായ മിറിയത്തെ രോഷാകുലനായ സഹോദരന്‍ മുഹമ്മദ് കൊല്ലാനായി ശ്രമിക്കുമ്പോള്‍, അഭയം തേടിയെത്തുന്നത് ഈ പൊതു കുളിസ്ഥലത്താണ്. ഫാത്തിമ അവളെ ഈ കുളിയിടത്തില്‍ ഒളിപ്പിക്കുന്നു. മിറിയത്തെ അന്വേഷിച്ച് മുഹമ്മദും പ്രാദേശിക ഇസ്ലാം മത പുരോഹിതരും കുളിയിടത്തിലെത്തുകയും കവാടത്തിനു പുറത്തുവെച്ച് മിറിയമാണെന്ന് തെറ്റിദ്ധരിച്ച്, ഫാത്തിമയുടെ പ്രധാന സഹായിയും മുഹമ്മദിനെ മനസ്സുകൊണ്ട് പ്രണയിക്കുകയും ചെയ്യുന്ന സാമിയയെ കുത്തിക്കൊല്ലുകയും ചെയ്യുന്നു. ഇത് ദൈവവിധിയാണെന്ന് ആക്രോശിക്കുന്ന പുരുഷന്മാരും പുരോഹിതരും അടങ്ങുന്ന സംഘത്തിനു മുന്നില്‍വെച്ചുതന്നെ സാമിയയുടെ നെഞ്ചില്‍നിന്നും വലിച്ചൂരിയെടുത്ത കത്തികൊണ്ട് മുഹമ്മദിനെ കുത്തിക്കൊല്ലുന്നു, ഫാത്തിമ. ഇതോടെ ആക്രോശിക്കുന്ന ആണ്‍കോയ്മക്കൂട്ടം ഉള്‍വലിയുന്നു.
ചിത്രത്തിന്റെ ആദ്യരംഗത്തില്‍ തന്നെ ഭര്‍ത്താവിനാല്‍ ബലാത്സംഗം ചെയ്യപ്പെടുകയാണ് ഫാത്തിമ. ഒരു സിഗരറ്റ് പോലും ഒളിച്ചുവലിക്കേണ്ടിവരുന്ന, മതഭീകരരുടെ കാര്‍ബോംബു സ്‌ഫോടനത്തിന് ദൃക്സാക്ഷിയാകുന്ന, കുളിയിടത്തിലെ വ്യത്യസ്തങ്ങളായ നിരവധി സ്ത്രീകളുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന, ഗര്‍ഭിണിയായ മിറിയത്തിന് അഭയം നല്‍കി സ്വന്തം ജീവിതം തന്നെ തല്ലിക്കെടുത്തുന്ന ഇവര്‍ സ്ത്രീത്വത്തിന്റെ പീഡിതവും ധീരവുമായ കരുത്തുറ്റ പ്രതീകമാണ്.
ചിത്രാന്ത്യത്തില്‍ ചക്രവാളത്തിലേക്ക് മിഴിനട്ടുനില്‍ക്കുന്ന കൊച്ചു പെണ്‍കുട്ടിയും മുസ്ലിം സ്ത്രീകളുടെ മുഖവും തലയും മറയ്ക്കുന്ന കറുത്ത തുണിയും പറന്നുയരുകയാണ്. ഈ കറുത്ത ശിരോവസ്ത്രങ്ങള്‍ പെട്ടെന്നുതന്നെ ഗുണിക്കാന്‍ കഴിയാത്തത്ര വേഗത്തില്‍ പെരുകിക്കൊണ്ട് ആകാശം നിറഞ്ഞ് അനന്തയിലേക്കു ലയിക്കുന്ന ഒരു ഭ്രമാത്മക രംഗത്തില്‍ ചിത്രം പൂര്‍ണ്ണമാകുന്നു.
ഇത് സ്ത്രീകള്‍ക്കുവേണ്ടി സ്ത്രീകള്‍തന്നെ നിര്‍മ്മിച്ച ഒരു സ്ത്രീപക്ഷ രാഷ്ട്രീയ ചലച്ചിത്രമാണ്. പുരുഷമേധാവിത്വത്തിനെതിരേയും മതത്തിന്റെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരേയും ശക്തവും ധീരവുമായ ആവിഷ്‌കാരമാണ് ഈ ചിത്രം.
അഭിനേത്രിയും നാടകരചയിതാവും സംവിധായകയുമായ റെയ്ഹാന 2009-ല്‍ അവതരിപ്പിച്ച സ്റ്റേജ് നാടകത്തിന്റെ ചലച്ചിത്ര ഭാഷ്യമാണ് ഈ ചിത്രം. തൊഴിലാളി കുടുംബത്തില്‍ ജനിച്ച റെയ്ഹാന തൊണ്ണൂറുകളിലെ ഭീതിദമായ അള്‍ജീരിയയിലെ കറുത്ത ദിനങ്ങള്‍ ഉച്ചിയിലെത്തിയപ്പോഴാണ് ഫ്രാന്‍സിലേക്ക് പലായനം ചെയ്യുന്നത്. ഈ കാലയളവില്‍ റെയ്ഹാന്റെ നിരവധി സുഹൃത്തുക്കള്‍ മുസ്ലിം മതമൗലികവാദികളാല്‍ കൊല്ലപ്പെടുകയുണ്ടായി. നാടകം ഫ്രാന്‍സില്‍ വന്‍വിജയമായിരുന്നു. ആയിടയ്ക്ക് പ്രശസ്ത ഗ്രീക്ക് ചലച്ചിത്ര സംവിധായകനായ കോസ്റ്റാ ഗാവറാസ് ഈ നാടകം സിനിമയാക്കാമോയെന്നു ചോദിച്ചിരുന്നു. അത് റെയ്ഹാനെ ഏറെ സന്തോഷിപ്പിച്ചു. എന്നാല്‍, സംവിധാനം ചെയ്യണമെന്നു പറഞ്ഞപ്പോള്‍, തികച്ചും തിയേറ്റര്‍ കലാകാരിയായ റെയ്ഹാന അന്നുവരെ ചലച്ചിത്ര സംവിധാനത്തെക്കുറിച്ച് ആലോചിച്ചിരുന്നില്ല. പക്ഷേ, കോസ്റ്റാഗാവറാസാണ് റെയ്ഹാനയ്ക്ക് സംവിധായക ആകാനുള്ള
പ്രചോദനം. സംവിധാനം ഒരു സാഹസമാണെന്ന് മനസ്സിലാക്കിത്തന്നെയാണ് റെയ്ഹാന ഈ ചിത്രം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. അങ്ങനെ മൂന്നു വര്‍ഷം കൊണ്ട് തിരക്കഥ തയ്യാറാക്കി വളരെ പരിമിതമായ സമയംകൊണ്ടാണ് ഗ്രീസില്‍വെച്ച് ‘അറ്റ് മൈ ഏജ്, ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മോക്ക്’എന്ന ധീരവും സ്‌ഫോടനാത്മകവുമായ ചിത്രം സാക്ഷാല്‍ക്കരിച്ചത്.
ഗ്രീസിലെ ഒരു മ്യൂസിയം വാടകയ്‌ക്കെടുത്താണ് കുളിയിടം ഷൂട്ട് ചെയ്തത്. ഒന്നു രണ്ട് രംഗങ്ങള്‍ ഒഴിച്ച് ബാക്കി പൂര്‍ണ്ണമായും കുളിയിടത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. 1995-ല്‍ അള്‍ജീരിയയുടെ തലസ്ഥാനത്തുണ്ടായ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രത്തിന്റെ നിര്‍മ്മിതി.
ഏപ്രിലില്‍ ഈ ചിത്രം പാരീസില്‍ റിലീസ് ചെയ്തതിനുശേഷം ഇപ്പോഴും മുസ്ലിം മതമൗലികവാദികളില്‍നിന്ന് നിരന്തരം വധഭീഷണി നേരിടുകയാണ് റെയ്ഹാന. പലര്‍ക്കും ഈ സിനിമയുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും ദഹിക്കില്ലായിരുന്നു. അതുകൊണ്ട് ഒരിക്കല്‍ പാരീസില്‍വെച്ച് മതതീവ്രവാദികള്‍ റെയ്ഹാനയുടെ ദേഹത്ത് പെട്രോള്‍ ഒഴിക്കുകയും തീവെച്ചു കൊല്ലാന്‍ ശ്രമിക്കുകയുമുണ്ടായി. അന്നു രക്ഷപ്പെട്ടെങ്കിലും ഇപ്പോഴും അവര്‍ തക്കം നോക്കിയിരിക്കുന്നു. പക്ഷേ, ഇതുകൊണ്ടൊന്നും റെയ്ഹാന നിശ്ശബ്ദയായില്ല. റെയ്ഹാന പറയുന്നത്, വെല്ലുവിളിക്കുന്ന മതഭ്രാന്തന്മാര്‍ ‘മരണത്തിലേക്കുള്ള പാസ്പോര്‍ട്ട്’ എന്നാണ്.
റെയ്ഹാന പറയുന്നു: ”ഞാന്‍ ഒരു വ്യക്തിയെന്ന നിലയില്‍ ശിരോവസ്ത്രം (Hijab) ധരിക്കുന്നതിന്, പ്രത്യേകിച്ച് കറുത്തതിന് എതിരാണ്. കറുത്തത് ഒരാളില്‍ ഊട്ടിയുറപ്പിക്കുന്നത് നീ എന്നും അടിച്ചമര്‍ത്തപ്പെട്ടവളും കറുത്ത യാഥാര്‍ത്ഥ്യങ്ങളുടെ തടവിലുമാണെന്നാണ്. പറക്കുന്ന കറുത്ത തുണികള്‍കൊണ്ട് ഞാന്‍ അര്‍ത്ഥമാക്കുന്നത് സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയാണ്. അവ വലിച്ചെറിഞ്ഞ് സ്വയം സ്വാതന്ത്ര്യം ഉറപ്പാക്കുക. തെറ്റായ കാര്യങ്ങള്‍ക്കെതിരെയുള്ള ശബ്ദത്തേയും സംസാരത്തേയും കറുത്ത ശിരോവസ്ത്രം കൊണ്ട് മൂടുമ്പോള്‍, ഇത് വലിച്ചെറിഞ്ഞു മുന്നോട്ടു വരാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കുള്ള ബോധവല്‍ക്കരണമാണ് ഈ ചിത്രം നല്‍കുന്നത്. സ്ത്രീകളുടെ ശാക്തീകരണത്തെ ഭയപ്പെട്ട്, അവരെ ചെറിയ ഇടങ്ങളിലേക്ക് അടക്കിനിര്‍ത്താന്‍ ശ്രമിക്കുന്ന നമ്മള്‍ പിന്നോട്ടു സഞ്ചരിക്കുകയാണ്. സ്ഥിതികള്‍ മാറിയേക്കാമെന്ന് ഞാന്‍ ഉറപ്പിക്കുന്നില്ല. എന്നാലും എന്റെ പോരാട്ടം തുടരും.”
കുറിപ്പ്: ഇരുപത്തിരണ്ടാം ഐ.എഫ്.എഫ്.കെയില്‍ ഏറ്റവും മികച്ച ചിത്രത്തിനുള്ള കാഴ്ചക്കാരുടെ പുരസ്‌കാരം ‘അറ്റ് മൈ ഏജ്, ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മോക്ക്’ എന്ന ചിത്രത്തിനാണ്. പോയ കാലത്തെ പ്രേക്ഷക പുരസ്‌കാരം നേടിയ നിലവാരമില്ലാത്ത ചിത്രങ്ങളെക്കാള്‍ മികച്ചതായി ഇക്കുറി ഈ ചിത്രത്തെ തെരഞ്ഞെടുത്തതിലൂടെ പ്രേക്ഷകരുടെ ആസ്വാദന നിലവാരം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in