അയിത്തവും ഇടതുപക്ഷവും
അയിത്തവുമായി ബന്ധപ്പെട്ട ഒരു പഠനത്തില്‍ അതേറ്റവും കുറവുള്ള സംസ്ഥാനങ്ങളാണ് ബംഗാളും കേരളവും എന്ന വാര്‍ത്തയെ തങ്ങളുടെ നേട്ടമായാണല്ലോ ഇടതുപക്ഷം പറയുന്നത്. ഇടതുപക്ഷത്തിനും ദേശീയ പ്രസ്ഥാനത്തിനും നവോത്ഥാന പ്രസ്ഥാനത്തിനുമൊക്കെ അതില്‍ പങ്കുണ്ടെന്നത് ശരി. ഈ രണ്ടുസംസ്ഥാനങ്ങളിലും ഇവയെല്ലാം സജീവമായിരുന്നല്ലോ. അതേസമയം ഇക്കാര്യത്തെ ഉയര്‍ത്തികാട്ടി ഇല്ലാത്ത അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല. വൈവിധ്യമാര്‍ന്ന വളര്‍ച്ചയാണ് ഇന്ത്യയിലെ വിവിധ പ്രദേശങ്ങള്‍ക്കുള്ളത്. ഈ വൈവിധ്യങ്ങള്‍ക്കനുസരിച്ചുള്ള വികസനമാണ് നടക്കുന്നത്. അതില്‍ വൈജാതയങ്ങള്‍ ഉണ്ടാകും. അതേസമയം ഇവിടെ പരാമര്‍ശിക്കപ്പെട്ട വിഷയത്തിന്റെ യാഥാത്ഥ്യമെന്താണ്? അയിത്തത്തിന്റെ രൂപം മാറിയിട്ടുണ്ടെന്നല്ലാതെ കേരളത്തില്‍ […]
അയിത്തവുമായി ബന്ധപ്പെട്ട ഒരു പഠനത്തില്‍ അതേറ്റവും കുറവുള്ള സംസ്ഥാനങ്ങളാണ് ബംഗാളും കേരളവും എന്ന വാര്‍ത്തയെ തങ്ങളുടെ നേട്ടമായാണല്ലോ ഇടതുപക്ഷം പറയുന്നത്. ഇടതുപക്ഷത്തിനും ദേശീയ പ്രസ്ഥാനത്തിനും നവോത്ഥാന പ്രസ്ഥാനത്തിനുമൊക്കെ അതില്‍ പങ്കുണ്ടെന്നത് ശരി. ഈ രണ്ടുസംസ്ഥാനങ്ങളിലും ഇവയെല്ലാം സജീവമായിരുന്നല്ലോ.
അതേസമയം ഇക്കാര്യത്തെ ഉയര്‍ത്തികാട്ടി ഇല്ലാത്ത അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല. വൈവിധ്യമാര്‍ന്ന വളര്‍ച്ചയാണ് ഇന്ത്യയിലെ വിവിധ പ്രദേശങ്ങള്‍ക്കുള്ളത്. ഈ വൈവിധ്യങ്ങള്‍ക്കനുസരിച്ചുള്ള വികസനമാണ് നടക്കുന്നത്. അതില്‍ വൈജാതയങ്ങള്‍ ഉണ്ടാകും. അതേസമയം ഇവിടെ പരാമര്‍ശിക്കപ്പെട്ട വിഷയത്തിന്റെ യാഥാത്ഥ്യമെന്താണ്? അയിത്തത്തിന്റെ രൂപം മാറിയിട്ടുണ്ടെന്നല്ലാതെ കേരളത്തില്‍ അയിത്തമില്ല എന്നു പറയാനാകുമോ? ‘പട്ടികജാതിയില്‍ പെട്ട ആരെങ്കിലും നിങ്ങളുടെ അടുക്കളയില്‍ കയറുന്നതോ വീട്ടുപകരണങ്ങള്‍ ഉപയോഗിക്കുന്നതോ നിങ്ങള്‍ സമ്മതിക്കുമോ?’ എന്നചോദ്യത്തിനുള്ള മറുപടിയനുസരിച്ചാണത്രെ ഈ പഠനറിപ്പോര്ട്ട്. ഇതിനു ‘ഇല്ല’എന്ന് ഉത്തരം നല്‍കിയവരില്‍ നിന്നാണ് കേരളത്തില്‍ രണ്ടു ശതമാനം പേര്‍ മാത്രമെ അയിത്തം ആചരിക്കുന്നുള്ളു എന്ന കണക്ക്.
കേരളത്തില്‍ അയിത്തത്തിന്റെ രൂപങ്ങള്‍ എന്തൊക്കെയാണ്? ഉദാഹരണമായി വിവാഹം തന്നെ. ഇപ്പോഴും എത്രത്തോളം അറേഞ്ച്ഡ് മിശ്രവിവാഹം കേരളത്തില്‍ നടക്കുന്നുണ്ട്? വിവാഹത്തിലെ ഈ അയിത്തമല്ലേ ജാതിപരമായ ഉച്ചനീചത്വങ്ങളെ ശാശ്വതമായി നിലനിത്തുന്നത്? തൊഴിലിടങ്ങളിലെ അയിത്തത്തെ കുറിച്ച് എത്രയോ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു? ദേവാലയങ്ങളിലോ? ശാന്തിക്കാരായി പോകട്ടെ, ഇടക്ക കൊട്ടാന്‍ പോലും സവര്‍്ണ്ണരല്ലാത്തവരെ അനുവദിക്കുമോ? തങ്ങള്‍ക്ക് വീടുവാടകക്കുകിട്ടുന്നില്ല എന്ന് എത്രയോ ദളിത് വിഭാഘങ്ങള്‍ പറയുന്നു? തെരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റിലേക്ക് ദളിതരെ മത്സരിപ്പിക്കുമോ? ഇതെല്ലാം അയിത്തമല്ലെങ്കില്‍ മറ്റെന്താണ് അയിത്തം? കണ്ണടച്ചിരുട്ടാക്കിയോ പഴയ കാല നേട്ടങ്ങളില്‍ ഊറ്റം കൊള്ളുകയോ ചെയാതെ വസ്തുതകളെ വസ്തുതകളായി കാണുകയല്ലേ വേണ്ടത്?
അതിനിടയിലാണ് ദലിതുകള്‍ക്ക് ദേശീയ തലത്തില്‍ പുതിയ സംഘടനയുമായി സി.പി.എം രംഗത്ത് വന്നിരിക്കുന്നത്. ‘ദലിത് ശോഷണ്‍ മുക്തി മോര്‍ച്ച’യെന്ന പേരിലാണ് ദലിതുകളെ സംഘടിപ്പിക്കുന്നത്. വര്‍ഗസമരപാതയില്‍ മുന്നോട്ടുപോകുമ്പോള്‍ തന്നെ, ജാതിയുടെ പേരില്‍ കൊടിയ വിവേചനങ്ങള്‍ക്ക് ഇരയാകുന്ന സമൂഹത്തെ പ്രത്യേകമായി സംഘടിപ്പിക്കേണ്ടതുണ്ടെന്ന പുതിയ നയസമീപനത്തിന്റെ ഭാഗമായാണ് പാര്‍ട്ടിക്ക് കീഴില്‍ ദലിത് സംഘടനക്ക് രൂപം നല്‍കുന്നത്. ദലിതുകളെ സംഘടിപ്പിച്ച് പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ 2006ല്‍ സി.പി.എം വിളിച്ച ദേശീയ കണ്‍വെന്‍ഷന്‍ തീരുമാനിച്ചിരുന്നു.
ഇതനുസരിച്ച് കേരളത്തില്‍ പട്ടികജാതി ക്ഷേമ സമിതി, തമിഴ്‌നാട്ടില്‍ ജാതി വിപാടന മുന്നേറ്റം തുടങ്ങിയ ദലിത് കൂട്ടായ്മകള്‍ രൂപവത്കരിച്ചിരുന്നു. ഇങ്ങനെ കേരളം ഉള്‍പ്പെടെ ഒമ്പത് സംസ്ഥാനങ്ങളില്‍ രൂപവത്കരിച്ച ദലിത് കൂട്ടായ്മകളെ കണ്ണിചേര്‍ത്താണ് ദേശീയ ദലിത് സംഘടന രൂപപ്പെടുത്തുന്നത്. ദലിത് ശോഷണ്‍ മുക്തി മോര്‍ച്ചയെ ജാതി രാഷ്ട്രീയമായോ, സത്വരാഷ്ട്രീയമായോ കാണേണ്ടതില്ല. ജനസംഖ്യയില്‍ 25 ശതമാനം വരുന്ന ദലിത് വിഭാഗത്തെ മാറ്റി നിര്‍ത്തിക്കൊണ്ട് സാമൂഹിക മുന്നേറ്റം സാധ്യമല്ലെന്നാണ് കെ രാധാകൃഷ്ണന്‍ പറയുന്നത്. ദലിതുകള്‍ക്കിടയില്‍ നുഴഞ്ഞുകയറ്റം നടത്തുന്ന സംഘ്പരിവാര്‍ വര്‍ഗീയത വളര്‍ത്തുന്ന സാഹചര്യത്തിലാണ് സി.പി.എം ദലിതുകള്‍ക്കിടയിലേക്ക് ഇറങ്ങുന്നതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറയുന്നു.
ശരിയെന്നു തോന്നുന്ന തീരുമാനമാണിത്. എന്നാല്‍ ഇക്കാര്യത്തില്‍ കേരളത്തിലെ അനുഭവം നല്കുന്നത് മോശം അനുഭവമാണെന്ന് പറയാതിരിക്കാനാവില്ല. അദിവാസി ക്ഷേമ സമിതിയും പട്ടിക ജാതി ക്ഷേമ സമിതിയും ഇവിടെ എന്താണ് ചെയ്യുന്നത്? പാര്ട്ടിയിലേക്ക് ആളെ കൂട്ടുകയല്ലാതെ മറ്റെന്ത്? ഇനിയും തങ്ങള്‍ക്ക് രക്ഷകര്‍ ആവശ്യമില്ലെന്ന് പ്രഖ്യാപിച്ച് ആദിവാസികളും ദളിതുകളും ഭൂമിക്കും മറ്റാവശ്യങ്ങള്‍ക്കുമായി ഒരു രാഷ്ട്രീയപാര്‍ട്ടിയുടേയും കൊടിയേന്താതെ രംഗത്തിറങ്ങിയ സമയത്താണല്ലോ ഇതും. ആദിവാസികളുടെ നേതൃത്വത്തില്‍ നടന്ന മുത്തങ്ങ സമരവും ദളിതുകളുടെ പോരാട്ടവീര്യം പ്രകടമാക്കിയ ചങ്ങറ സമരവും സൃഷ്ടിച്ച രാഷ്ട്രീയപരിസരമാണ് രൂപം കൊണ്ട് ദശകങ്ങള്‍ കഴിഞ്ഞിട്ടും വര്‍ഗ്ഗസമരത്തിലൂടെ എല്ലാ വിഷയവും പരിഹരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പാര്‍ട്ടിയില്‍ ഒരു വിചിന്തനം കൊണ്ടുവന്നത്. എന്നാല്‍ അതൊരിക്കലും ആത്മാര്‍ത്ഥമായിരുന്നില്ല എന്ന് വളരെ പെട്ടെന്നുതന്നെ തെളിഞ്ഞു. കാലിനടിയില്‍നിന്ന് ചോര്‍ന്നുപോകുന്ന മണ്ണ് തടഞ്ഞുനിര്‍ത്താനുള്ള ശ്രമം മാത്രമായിരുന്നു ഈ സംഘടനകളുടെ രൂപീകരണം. അല്ലാതെ ദളിത് – ആദിവാസി വിഷയങ്ങളുടെ രാഷ്ട്രീയം തിരിച്ചറിയുകയോ അവയുടെ തനതായ അസ്തിത്വം അംഗീകരിക്കുകയോ ചെയ്തായിരുന്നില്ല ഈ നീക്കം. ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ മുത്തങ്ങ, ചങ്ങറ പോലുള്ള സമരങ്ങള്‍ ഇല്ലാതാക്കാനും പുതിയ സാഹചര്യത്തില്‍ ഈ വിഭാഗങ്ങളെ കൊണ്ട് ചെങ്കൊടി പിടിപ്പിക്കാനുമുള്ള തന്ത്രം മാത്രമായിരുന്നു ഈ സംഘടനാരൂപീകരണങ്ങള്‍. അല്ലെങ്കില്‍ ഇപ്പോള്‍ സെക്രട്ടറിയേറ്റിനുമുന്നില്‍ നടക്കുന്ന നില്‍പ്പുസമരത്തിലും അരിപ്പ സമരത്തിലും മറ്റും എകെഎസും പികെഎസും ഐക്യപ്പെടുമായിരുന്നല്ലോ.
മണ്ഡലിനുശേഷം ഇന്ത്യയില്‍ സജീവമായതും ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തോട് അടുത്തുനില്‍ക്കുന്നതുമായ പിന്നോക്ക ദളിത് രാഷ്ട്രീയം ഇപ്പോഴും പാര്‍ട്ടിക്കന്യമാണ്. അത്തരം മുന്നേറ്റങ്ങള്‍ അവര്‍ക്കിപ്പോഴും സ്വത്വരാഷ്ട്രീയമാണല്ലോ. ഇന്ത്യയുടെ വിശാലമായ ഗ്രാമീണമേഖയിലേക്ക് കടന്നു ചെല്ലാന്‍ സിപിഎമ്മിനു കഴിയാത്തതിന്റെ പ്രധാന കാരണം അതുതന്നെ. ഈ സാഹചര്യത്തില്‍ പുതിയ നീക്കത്തെ പ്രതീക്ഷയോടെ കാണുന്നതെങ്ങിനെ?
സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള മുന്നേറ്റങ്ങളിലൂടെ മാത്രമേ ജാതിചിന്തക്കും അയിത്തത്തിനും മറ്റുമെതിരായ ചലനങ്ങളും സാധ്യമാകൂ. അതായിരുന്നു പോയ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ കേരളത്തിലുണ്ടായത്. എന്നാല്‍ ഇടതുപക്ഷമടക്കമുള്ളവരുടെ പുതിയ നീക്കങ്ങള്‍ അതിനു തുടര്‍ച്ചയുണ്ടാക്കുമെന്ന് കരുതുകവയ്യ. പതിവുപോലെ മുന്‍കാല നേട്ടങ്ങളില്‍് ഊറ്റം കൊണ്ട് കാലം കഴിക്കാം. അത്രതന്നെ.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in