അന്നപൂര്‍ണാദേവി ഇവിടെയുണ്ട്
അഷ്ടമൂര്‍ത്തി ഈയിടെ അന്തരിച്ച അന്നപൂര്‍ണ്ണദേവിയെ കുറിച്ച് ഏതാനും വര്‍ഷം മുമ്പ് എഴുതിയത് മുഹമ്മദ് റഫിയെ പിന്‍തള്ളി കിഷോര്‍കുമാര്‍ ഹിന്ദി സിനിമയില്‍ ആധിപത്യമുറപ്പിച്ച കാലത്താണ് ഞാന്‍ ബോംബെയിലെത്തിയത്. നഗരത്തിന്റെ ഒച്ചപ്പാടില്‍ എങ്ങോട്ടു തിരിഞ്ഞാലും കിഷോറിന്റെ ശബ്ദം മാത്രം. മേരാ ജീവന്‍ കോരാ കാഗസ് കോരാ ഹി രെഹ് ഗയാ എന്ന പാട്ടാണ് അക്കാലത്തെ ഹിറ്റ്. ഇപ്പോഴും ആ പാട്ടു കേട്ടാല്‍ എഴുപതുകളുടെ ആ ആദ്യപാതി ഓര്‍മ്മയില്‍ വരും. ആട്ടയുടെ മണവും വേനലിന്റെ ചൂടും ജനപദങ്ങളുടെ ബഹളവും. ജോലിയില്ലാത്ത രാപ്പകലുകള്‍. […]
ഈയിടെ അന്തരിച്ച അന്നപൂര്‍ണ്ണദേവിയെ കുറിച്ച് ഏതാനും വര്‍ഷം മുമ്പ് എഴുതിയത്
മുഹമ്മദ് റഫിയെ പിന്‍തള്ളി കിഷോര്‍കുമാര്‍ ഹിന്ദി സിനിമയില്‍ ആധിപത്യമുറപ്പിച്ച കാലത്താണ് ഞാന്‍ ബോംബെയിലെത്തിയത്. നഗരത്തിന്റെ ഒച്ചപ്പാടില്‍ എങ്ങോട്ടു തിരിഞ്ഞാലും കിഷോറിന്റെ ശബ്ദം മാത്രം. മേരാ ജീവന്‍ കോരാ കാഗസ് കോരാ ഹി രെഹ് ഗയാ എന്ന പാട്ടാണ് അക്കാലത്തെ ഹിറ്റ്. ഇപ്പോഴും ആ പാട്ടു കേട്ടാല്‍ എഴുപതുകളുടെ ആ ആദ്യപാതി ഓര്‍മ്മയില്‍ വരും. ആട്ടയുടെ മണവും വേനലിന്റെ ചൂടും ജനപദങ്ങളുടെ ബഹളവും. ജോലിയില്ലാത്ത രാപ്പകലുകള്‍. പ്രാതലിനും ഊണിനും ഉച്ചയുറക്കത്തിനും കൂട്ട് വിവിധ് ഭാരതി മാത്രം. രാത്രി ഒടുങ്ങുന്നത് റേഡിയോ ശുഭരാത്രി ആശംസിയ്ക്കുമ്പോള്‍. (അക്കാലത്തിറങ്ങിയ അനുഭവ് എന്ന സിനിമയില്‍ ബാസു ഭട്ടാചാര്യ ഇതു നന്നായി ഉപയോഗിച്ചിട്ടുണ്ട്.) ബോംബെ എന്നു വെച്ചാല്‍ ഹിന്ദിസിനിമാപ്പാട്ടാണെന്നു മാത്രം കരുതിപ്പോന്ന കാലം.
പിന്നെപ്പിന്നെയാണ് ബോംബെയില്‍ ശാസ്ത്രീയസംഗീതവുമുണ്ടെന്ന് മനസ്സിലാവുന്നത്. ഗോരെഗാവില്‍ യേശുദാസ് വരുന്നുണ്ടെന്നു കേട്ടു. ആ സംഗീതക്കച്ചേരി കേള്‍ക്കാന്‍ പോയതിന്റെ ആകെയുള്ള നേട്ടം നാട്ടില്‍ എന്റെ അയല്‍ക്കാരനായ മുരളി ബോംബെയിലും എന്റെ അയല്‍ക്കാരനാണെന്നറിഞ്ഞതാണ്. പിന്നെയും സംഗീതവുമായി അകന്നുനില്‍ക്കുക തന്നെയായിരുന്നു. ഒരിയ്ക്കല്‍ കെ വി നാരായണസ്വാമിയുടെ കച്ചേരി കേട്ടതും മറ്റൊരിയ്ക്കല്‍ ഷണ്‍മുഖാനന്ദയില്‍വെച്ചു തന്നെ മെഹ്ദി ഹസ്സന്റെ ഗസല്‍ കേട്ടതും മാത്രം. മെഹ്ദി ഹസ്സന്‍ അന്നു കച്ചേരിയ്ക്കു വന്നത് മൂന്നു മണിക്കൂര്‍ വൈകിയാണ്. ഒമ്പതരയ്ക്കാണ് കച്ചേരി തുടങ്ങിയത്. രാത്രി ഒന്നര മണിയായിട്ടും അദ്ദേഹം കച്ചേരി നിര്‍ത്താന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ സദസ്സ്യര്‍ മുക്കാലും സ്ഥലം വിടുകയും സംഘാടകര്‍ നിസ്സഹകരിയ്ക്കുകയും ചെയ്തപ്പോഴാണ് അദ്ദേഹം മനസ്സില്ലാമനസ്സോടെ കച്ചേരി നിര്‍ത്തിയത്.
ബോബെയില്‍ ജീവിച്ചകാലം മുഴുവന്‍ ഹിന്ദുസ്ഥാനി സംഗീതത്തോട് ഒരു താല്‍പര്യവും തോന്നിയിട്ടില്ല. ശനിയാഴ്ചകളില്‍ റേഡിയോവിലെ സംഗീത് കീ അഖില്‍ഭാരതീയ കാര്യക്രം കേള്‍ക്കുമെങ്കിലും ഹിന്ദുസ്ഥാനിയുടെ ഊഴം വന്നാല്‍ ലോകത്തുള്ളവരെയൊക്കെ ശപിച്ച് റേഡിയോ ഓഫാക്കും. നാട്ടില്‍ മടങ്ങിയെത്തിയതിനു ശേഷമാണ് യാദൃച്ഛികമായി ഹിന്ദുസ്ഥാനി സംഗീതം ശ്രദ്ധിച്ചുകേള്‍ക്കുന്നത്. അതും മ്യൂസിക് ടുഡേയുടെ കുറച്ചു കാസ്സറ്റുകള്‍ വഴി. അങ്ങനെയാണ് കിഷോരി അമോണ്‍കര്‍, പണ്ഡിത് ജസ്രാജ്, ഹരിപ്രസാദ് ചൗരാസ്യ, മല്ലികാര്‍ജുന്‍ മന്‍സൂര്‍, ഭീംസെന്‍ ജോഷി, നിഖില്‍ ബാനര്‍ജി, പദ്മ തള്‍വാള്‍ക്കര്‍, അംജദ് അലിഖാന്‍, ശ്രുതി സദോലിക്കര്‍, ശിവ്കുമാര്‍ ശര്‍മ്മ എന്നിവരെയൊക്കെ കേള്‍ക്കാന്‍ തുടങ്ങിയത്. അതില്‍പ്പിന്നെ അടുത്ത തലമുറയിലെ അജോയ് ചക്രര്‍ത്തി, വീണാ സഹസ്രബുദ്ധെ, റഷീദ് ഖാന്‍ തുടങ്ങിയവരേയും. നഷ്ടപ്പെട്ട ബോംബെ ദിനങ്ങളേക്കുറിച്ചുള്ള സങ്കടത്തിന് ആക്കം കൂട്ടാന്‍ വേണ്ടി മാത്രം. പിന്നീട് ഹിന്ദുസ്ഥാനി ഗായകരില്‍പ്പലരും ബോബെയിലാണ് താമസമെന്നും മനസ്സിലായി.
രാജീവ് കെ. എഴുതിയ ഒരു പുസ്തകം (ഹിന്ദുസ്ഥാനി സംഗീതം – ഒരു പ്രദക്ഷിണം) എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഗായകരേക്കുറിച്ചുള്ള വിലയിരുത്തലുകളും അവരുടെ ജീവിതത്തേക്കുറിച്ചുള്ള പരാമര്‍ശങ്ങളും ഒക്കെ ഉള്‍ക്കൊള്ളിച്ചുള്ള നല്ല പുസ്തകം. ബോംബെയിലെ ചുവന്ന തെരുവില്‍ ഗണികകളെ സംഗീതം പഠിപ്പിച്ചുകൊണ്ട് ഉപജീവനം കഴിച്ച ഉസ്താദ് അമീര്‍ഖാനെക്കുറച്ചുള്ള പരാമര്‍ശം വായിച്ച് ഒരു കഥ വരെയെഴുതി.
ഉസ്താദ് അല്ലാവുദ്ദീന്‍ ഖാനേക്കുറിച്ചും അതില്‍ വിശദമായ പരാമര്‍ശമുണ്ട്. അതില്‍ അദ്ദേഹത്തിന്റ മകള്‍ അന്നപൂര്‍ണയേക്കുറിച്ചുള്ള കഥ പഴയ ഒരു ശൈലിയില്‍പ്പറയുകയാണെങ്കില്‍ ഹൃദയസ്പൃക്കായിട്ടുണ്ട്. ഭര്‍ത്താവായ രവി ശങ്കറിനേക്കാളും പ്രതിഭാശാലിയായി അംഗീകരിയ്ക്കപ്പെട്ട സംഗീതജ്ഞ. അവരുടെ ജീവിതം ഒരു സിനിമയ്ക്കു പറ്റിയ വിഷയമാണല്ലോ എന്നു തോന്നുകയും ചെയ്തു.
ഈയിടെയാണ് അവരേപ്പറ്റി മറ്റൊരു ലേഖനം വായിയ്ക്കാനിടയായത്. പി പി കുഞ്ഞഹമ്മദ് മലയാളം വാരികയില്‍ എഴുതിയിരിയ്ക്കുന്നു. ഭര്‍ത്താവിനു വേണ്ടി ഹിന്ദുമതം സ്വീകരിച്ചത്. ഭര്‍ത്താവിനു വേണ്ടിത്തന്നെ സരസ്വതീദേവിയുടേയും അല്ലാവുദ്ദീന്‍ ഖാന്റേയും ചിത്രങ്ങള്‍ക്കു മുമ്പില്‍ വെച്ച് എന്നെന്നേയ്ക്കുമായി സംഗീതം ഉപേക്ഷിയ്ക്കാന്‍ പ്രതിജ്ഞയെടുത്തത്. എന്നിട്ടും ആ ദാമ്പത്യബന്ധം തകര്‍ന്നത്. രവി ശങ്കറില്‍ തനിയ്ക്കുണ്ടായ മകനെ അദ്ദേഹം തന്നില്‍നിന്നകറ്റിയെടുത്തത്. ഇരുപതു വര്‍ഷം മകനുമായി പിരിഞ്ഞിരുന്നത്. തന്നെ അതിശയിക്കുന്ന മകനെ രവി ശങ്കര്‍ വളരാനനുവദിയ്ക്കാതിരുന്നത്. സംഗീതത്തില്‍ എവിടേയുമെത്താതെ മകന്‍ അകാലചരമമടഞ്ഞത്. ലോകത്തോടു മുഴുവന്‍ അടച്ചുവെച്ച തന്റെ സംഗീതത്തെ ഇന്ദിരാഗാന്ധിയുടെ പ്രേരണ കൊണ്ട് താന്‍ സാധകം ചെയ്യുന്നത് അടുത്ത മുറിയിലിരുന്ന് കേള്‍ക്കാന്‍ പ്രസിദ്ധ ബീറ്റില്‍സ് ഗായകന്‍ ജോര്‍ജ് ഹാരിസണെ അനുവദിച്ചത്. തന്നെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് രവി ശങ്കര്‍ എഴുതിയ ലേഖനത്തിന് മാന്യമായി മറുപടി എഴുതിയത്.
ആരെങ്കിലും അവരുടെ സംഗീതം കേള്‍ക്കണമെന്ന് അപേക്ഷിയ്ക്കാന്‍ ധൈര്യം കാണിച്ചാല്‍ത്തന്നെ തനിയ്ക്കൊന്നുമറിയില്ല എന്നു പറഞ്ഞ് അവര്‍ ഒഴിഞ്ഞുകളയുമത്രേ. എന്നാലും ഇപ്പോഴും രാത്രിയുടെ അന്ത്യയാമങ്ങളില്‍ സുര്‍ ബഹാറില്‍ സാധകം ചെയ്യാറുണ്ടത്രേ. അവര്‍ സാധകം ചെയ്യുമ്പോള്‍ വീടു മുഴുവന്‍ സരസ്വതീസാന്നിദ്ധ്യം പോലെ ഒരു തരം അലൗകികസൗരഭ്യം നിറയുമത്രേ.
മനോഹരമായ ആ ലേഖനത്തില്‍ നിന്നാണ് അന്നപൂര്‍ണാദേവി മലബാര്‍ ഹില്ലിലെ ആകാശ്ഗംഗാ എന്ന കെട്ടിടസമുച്ചയത്തില്‍ ആണ് താമസമെന്നു മനസ്സിലാക്കുന്നത്. സന്ദര്‍ശകരെ ആരെയും സ്വീകരിയ്ക്കുകയില്ലത്രേ. ആരെങ്കിലും അകത്തുകയറിയാല്‍ത്തന്നെ ഇപ്പോഴത്തെ ഭര്‍ത്താവ് റോഷികുമാര്‍ പാണ്ഡിയുടെ മുറി കടന്നു പോവാന്‍ അനുവാദമില്ല. ആറാമത്തെ നിലയിലുള്ള അന്നപൂര്‍ണാദേവിയുടെ ഫ്ളാറ്റില്‍ വല്ലവരും ചെന്നാല്‍ വാതിലിലെ പ്ലാസ്റ്റിക് ഫലകത്തില്‍ ഇങ്ങനെ എഴുതിവെച്ചിട്ടുണ്ടത്രേ: ദയവുചെയ്ത് മുന്നു പ്രാവശ്യം മാത്രം മണി അടിയ്ക്കുക. കതകു തുറന്നില്ലെങ്കില്‍ നിങ്ങളുടെ കാര്‍ഡ് എടുത്ത് അവിടെ വെച്ചിട്ട് പോവുക. സഹായത്തിന് നന്ദി.
മഹാഗായികേ, ഞാനറിഞ്ഞിരുന്ന ബോംബെ നിങ്ങള്‍ കൂടി ഉള്‍പ്പെട്ടതാണെന്ന അറിവ് ആ നഗരത്തെക്കുറിച്ചുള്ള എന്റെയുള്ളിലെ ചിത്രമാകെ മാറ്റിമറിയ്ക്കുന്നു. ഇന്നെനിയ്ക്കത് ഒരു ധന്യനഗരം തന്നെയാവുന്നു. ഒരിയ്ക്കല്‍ക്കൂടി ബോംബെയില്‍ വരണമെന്ന് ഉല്‍ക്കടമായ ആഗ്രഹം ജനിയ്ക്കുന്നു. ആകാശ്ഗംഗയിലെ നിങ്ങളുടെ ഫ്ളാറ്റിലേയ്ക്കു തന്നെ. നഗരത്തിലെ എല്ലാ ബഹളങ്ങളില്‍ നിന്നുമകന്ന് ഏകാന്തജീവിതം നയിക്കുന്ന നിങ്ങളെ നേരിട്ടുകാണാന്‍ കഴിയുമെന്നു വെച്ചിട്ടല്ല. വാതിലിന്മേല്‍ മൂന്നുവട്ടം മുട്ടിനോക്കി വെറുതെ തിരിച്ചുപോരാന്‍ വേണ്ടി മാത്രം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in