പലായനത്തെ പ്രമേയമാക്കി ‘കാറ്റ്, കടല്‍, അതിരുകള്‍’ – റിലീസിംഗ് 31ന്
സെന്‍സര്‍ബോര്‍ഡിന്റെ ഭാഗത്ത് നിന്നുണ്ടായ ഒട്ടേറെ എതിര്‍പ്പുകളെ മറികടന്ന് സിനിമ ജനുവരി 31ന് തീയേറ്ററുകളില്‍ എത്തുകയാണ്.
ഇരുപത്തിയൊന്നാം നൂറ്റാണ്ട് അഭിമുഖീകരിക്കുന്ന ഏറ്റവും സങ്കീര്‍ണ്ണമായ പ്രശ്‌നമായി മാറിയിരിക്കുകയാണ് അഭയാര്‍ത്ഥിയുടെ കുടിയേറ്റവും പലായനവും പൗരത്വപ്രശ്‌നവും. ഇന്ത്യന്‍ തെരുവുകളില്‍ അതിന്റെ അലയൊലികള്‍ ആളിപ്പടരുകയാണ്. ഈ സാഹചര്യത്തിലാണ് സമദ് മങ്കട സംവിധാനം ചെയ്ത ‘കാറ്റ്, കടല്‍, അതിരുകള്‍’ എന്ന സിനിമ പ്രസക്തമാകുന്നത്.
അപരവിദ്വേഷം തന്നെയാണ് അഭയാര്‍ത്ഥി പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണം. ലോകത്തെമ്പാടും ഇത്തരത്തില്‍ അപരവത്കരിക്കപ്പെട്ട ന്യൂനപക്ഷ സമൂഹങ്ങള്‍ അഭയാര്‍ത്ഥികളായി മാറുന്നു. പല നാടുകളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ അഭയം തേടിവരുന്ന ഒരു രാജ്യമാണ് നമ്മുടെ ഇന്ത്യ. ഏറ്റവും അടുത്തായി ഇന്ത്യയിലേക്കുണ്ടായ ഒരു അഭയാര്‍ത്ഥി പ്രവാഹം മ്യാന്‍മാറില്‍നിന്നുള്ള റോഹിങ്ക്യന്‍സിന്റേതായിരുന്നു. മ്യാന്‍മറിലെ ഇസ്ലാം മതവിശ്വാസം പിന്തുടരുന്ന ഒരു ചെറിയ ജനവിഭാഗമാണ് റോഹിങ്ക്യന്‍സ്. മ്യാന്‍മര്‍ ജനസംഖ്യയുടെ നാല് ശതമാനം മാത്രം വരുന്ന ഇവര്‍ ലോകത്തിലെ തന്നെ ഏറ്റവും ചെറിയ വംശീയവിഭാഗമാണ്. മ്യാന്‍മറിലെ ബുദ്ധമത വിശ്വാസികളായ ഭൂരിപക്ഷ ജനസമൂഹം പതിറ്റാണ്ടുകളായി പലതരത്തില്‍ റോഹിങ്ക്യന്‍സിനെ അവിടെ നിന്നും ആട്ടിയോടിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്. 1982ലെ പൗരത്വ നിയമപ്രകാരം മ്യാന്‍മര്‍ സര്‍ക്കാര്‍ റോഹിങ്ക്യന്‍സിനെ ആ രാജ്യത്തെ പൗരന്മാരുടെ പട്ടികയില്‍ നിന്നും ഒഴിവാക്കി. തുടര്‍ന്ന് അവര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ അതിനുശേഷം വല്ലാതെ മൂര്‍ച്ഛിച്ചു. അങ്ങനെയാണ് അവര്‍ അവിടെ നിന്നും പലായനം ചെയ്യാന്‍ തുടങ്ങുന്നത്. പല അതിര്‍ത്തി രാജ്യങ്ങളിലേക്കും അഭയം തേടിപ്പോയ റോഹിങ്ക്യന്‍സ് ഇന്ത്യയിലേക്കും എത്തുകയുണ്ടായി. മാനുഷിക പരിഗണനകളുടെ പേരില്‍ ഇന്ത്യ അവര്‍ക്ക് മുന്നില്‍ വാതിലുകള്‍ അടച്ചില്ല. പക്ഷെ അഭയാര്‍ത്ഥികള്‍ എന്ന നിലയിലുള്ള പൂര്‍ണ്ണമായ പരിഗണനകള്‍ ഇന്ത്യയിലെത്തിയ റോഹിങ്ക്യന്‍സിന് ഇപ്പോഴും കിട്ടിയിട്ടില്ല.
സഹാനുഭൂതിയേയും കരുണയേയും കുറിച്ച് സംസാരിച്ച ബുദ്ധന്റെ അനുയായികളായ സന്ന്യാസിമാരാണ് റോഹിങ്ക്യന്‍സിനെതിരായ കലാപത്തില്‍ മുന്‍പന്തിയിലുണ്ടായത് എന്നതാണ് വിരോധാഭാസം. ബുദ്ധമതവിശ്വാസികള്‍ ന്യൂനപക്ഷമായിരുന്ന സ്ഥലങ്ങളില്‍ ഭൂരിപക്ഷത്തിന്റെ ഭാഗത്ത് നിന്നും വംശീയവിദ്വേഷം നേരിടേണ്ടിവന്നിട്ടുള്ള ചരിത്രം അവര്‍ക്കുമുണ്ട്. ചൈനീസ് ഭരണകൂടത്തിന് തിബറ്റിനോടുള്ള വിദ്വേഷം അവിടെയുള്ള ബുദ്ധമത വിശ്വാസികളുടെ സംസ്‌കാരത്തോടും പാരമ്പര്യത്തോടുമുള്ള വംശീയവിദ്വേഷമായിരുന്നു. ചൈനീസ് പട്ടാളത്തിന്റെ അതിക്രമങ്ങളെത്തുടര്‍ന്ന് തിബറ്റില്‍നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ തിബറ്റന്‍ വംശജരും ഇവിടെ അഭയാര്‍ത്ഥികളായി കഴിയുന്നുണ്ട്. നിലവില്‍ ഇന്ത്യയില്‍, ലോകത്തിന്റെ ഒരു കോണില്‍ നിന്നുള്ള ഈ ബുദ്ധമതവിശ്വാസികള്‍ അഭയാര്‍ത്ഥികളായി കഴിയുമ്പോള്‍ മറ്റൊരു അയല്‍രാജ്യത്ത് നിന്നും ബുദ്ധമതവിശ്വാസികളുടെ വംശീയവിദ്വേഷത്താല്‍ അഭയാര്‍ത്ഥികളായി മാറിയ റോഹിങ്ക്യന്‍സും നമ്മുടെ രാജ്യത്ത് അഭയം അഭ്യര്‍ത്ഥിച്ചു അലയുന്നുണ്ട്.
എന്താണ് വംശീയതയുടെ കാതല്‍? സമാധാനത്തെക്കുറിച്ച് സംസാരിച്ച ബുദ്ധന്റെ പിന്തുടര്‍ച്ചക്കാര്‍ പോലും എന്തുകൊണ്ട് വംശീയവിദ്വേഷികളായി മാറുന്നു? സ്‌നേഹത്തെക്കുറിച്ച് സംസാരിച്ച ഒരു മതവും എന്തുകൊണ്ട് ഇതില്‍നിന്നും മുക്തരല്ല? ഈ ചോദ്യമാണ് സിനിമയുടെ ഉള്ളടക്കം. സെന്‍സര്‍ബോര്‍ഡിന്റെ ഭാഗത്ത് നിന്നുണ്ടായ ഒട്ടേറെ എതിര്‍പ്പുകളെ മറികടന്ന് സിനിമ ജനുവരി 31ന് തീയേറ്ററുകളില്‍ എത്തുകയാണ്.
ജിയോ ക്രിസ്റ്റി എന്ന ഗവേഷക വിദ്യാര്‍ത്ഥിയും ആബിദ ഹസ്സന്‍ എന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു യുവ മാദ്ധ്യമ പ്രവര്‍ത്തകയും നടത്തുന്ന രണ്ട് വ്യത്യസ്തമായ യാത്രകളിലൂടെയാണ് കഥ വികസിക്കുന്നത്. കേരളത്തില്‍ ഇംഗ്ലീഷ് സാഹിത്യം പഠിക്കുന്നതിനായി തന്റെ ക്യാംപസില്‍ എത്തിയ ധാവാ ലാമോ എന്ന തിബറ്റന്‍ അഭയാര്‍ത്ഥി പെണ്‍കുട്ടിയോടുള്ള പ്രണയവും ബുദ്ധനോട് തോന്നിയ അനുഭാവവുമായിരുന്നു ജിയോ ക്രിസ്റ്റിയുടെ യാത്രകള്‍ക്ക് പിന്നില്‍. ആബിദയുടേതാകട്ടെ അവള്‍ക്ക് മുന്നിലെത്തിയ ഖൈറുല്‍ അമീന്‍ എന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥിയുടെ ഉറ്റവരെത്തേടിയുള്ള യാത്രകളായിരുന്നു. ജിയോ ക്രിസ്റ്റിയുടെയും ആബിദയുടെയും യാത്രകള്‍ ഒരു സാഹചര്യത്തില്‍ ഒന്നിക്കുകയും ഒരൊറ്റ ലക്ഷ്യത്തിനായി അവര്‍ നീങ്ങുകയും ചെയ്യുന്നു. ഒപ്പം രണ്ട് അഭയാര്‍ത്ഥി ജീവതങ്ങളും, ധാവോ ലാമോ എന്ന തിബറ്റന്‍ പെണ്‍കുട്ടിയും ഖൈറുല്‍ അമീന്‍ എന്ന ദേശമില്ലാത്ത റോഹിങ്ക്യനും…
കര്‍ണ്ണാടകയിലെ ബൈലക്കൂപ്പ, സിക്കിമിലെ നാഥുല, ഗുരുദേഗ്മാര്‍, ഹിമാചല്‍ പ്രദേശിലെ മക്‌ലിയോഡ്ഗഞ്ച്, മണാലി, ദില്ലി എന്നീ വിവിധ ലൊക്കേഷനുകളിലെ ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ചിത്രീകരണത്തിന് ശേഷണമാണ് ‘കാറ്റ്, കടല്‍, അതിരുകള്‍’ എന്ന ഈ സിനിമ പൂര്‍ത്തിയാക്കപ്പെട്ടിരിക്കുന്നത്. അനു മോഹന്‍, ലിയോണ ലിഷോയ്, കൈലാഷ്, ഡോ. വേണുഗോപാല്‍, ശരണ്‍ തുടങ്ങിയ അഭിനേതാക്കള്‍ക്കൊപ്പം ധാവാ ലാമോ എന്ന തിബറ്റന്‍ അഭയാര്‍ത്ഥിയായി അഭിനയിക്കുന്നത് അതേ പേരിലുള്ള ബൈലക്കുപ്പ അഭയാര്‍ത്ഥി സെറ്റില്‍മെന്റിലെ അന്തേവാസി തന്നെയാണ്. ധാവാ ലാമോയ്‌ക്കൊപ്പം ഒട്ടേറെ തിബറ്റന്‍ അഭയാര്‍ത്ഥികള്‍ ഒന്നിച്ചഭിനയിക്കുന്ന സിനിമ എന്നതും ഇതിന്റെ പ്രത്യേകതയാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in