കനലെരിയുന്ന ഓര്‍മ്മകളുമായി ഇവര്‍ ഒത്തുചേര്‍ന്നപ്പോള്‍…
അടിയന്തരാവസ്ഥാവിരുദ്ധ പോരാട്ടത്തെ രണ്ടാം സ്വാതന്ത്ര്യസമരമായി അംഗീകരിച്ച് അന്നത്തെ പോരാളികള്‍ക്ക് പെന്‍ഷനടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കുക, അടിയന്തരാവസ്ഥാചരിത്രം പാഠ്യഭാഗമാക്കുക, അടിയന്തരാവസ്ഥകാലത്തെ പീഡനക്യാമ്പുകളില്‍ അവശേഷിക്കുന്ന ശാസ്തമംഗലം ക്യാമ്പ് സര്‍ക്കാര്‍ ഏറ്റെടുത്ത് ചരിത്രസ്മാരകമാക്കുക എന്നീ ആവശ്യങ്ങള്‍ ഏറെകാലമായി അടിയന്തരാവസതാവിരുദ്ധ പോരാളികള്‍ ഉന്നയിക്കുന്നതാണ്.
ഏറെ സാഹിത്യ – സംസ്‌കാരിക – സമ്മേളനങ്ങള്‍ നടക്കുന്ന സാഹിത്യ അക്കാദമി ഹാള്‍ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത് തികച്ചും വ്യത്യസ്തമായൊരു സമ്മേളനത്തിനായിരുന്നു. വാര്‍ദ്ധക്യത്തിലെത്തിയ ഏതാനും പേരായിരുന്നു കനലെരിയുന്ന ഓര്‍മ്മകളുമായി പ്രധാനമായും സമ്മേളനത്തില്‍ പങ്കെടുത്തത്. പിന്നെ തങ്ങളെ വിട്ടുപോയ ജീവിത പങ്കാളികളുടെ ഓര്‍മ്മകളുമായി വാര്‍ദ്ധക്യത്തില്‍ തന്നെയെത്തിയ വൃദ്ധകളായ കുറെ പേര്‍.. പിന്നെ പോരാളികളായിരുന്ന തങ്ങളുടെ മാതാപിതാക്കളുടെ സ്മരണകളുമായി ചെറുപ്പക്കാരായ കുറെ പേര്‍. അവര്‍ക്കെല്ലാം നിര്‍ദ്ദേശങ്ങളുമായി സ്വന്തം ജീവിതം സമൂഹത്തിനു സമര്‍പ്പിച്ച് ഏതാനും മുന്‍നേതാക്കളും.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ട നാളുകളായിരുന്നല്ലോ 1975 ജൂണ്‍ 25 അര്‍ദ്ധരാത്രി ആരംഭിച്ച് 19977 മാര്‍ച്ച് 21 അവസാനിച്ച അടിയന്തരാവസ്ഥാകാലം. ഭരണകൂടം ചോരകൊണ്ട് ഭീകരത രചിച്ച ദിനരാത്രങ്ങള്‍. 99.99 ശതമാനം പേരും സുരക്ഷിതത്വം തേടി മാളങ്ങളിലൊളിച്ച കാലം. എന്നാല്‍ അന്നും ചിലരുണ്ടായിരുന്നു. എല്ലാ കണ്ണുകളും അടഞ്ഞപ്പോള്‍ നാടിന്റെ കണ്ണായവര്‍. എല്ലാ ശബ്ദവും നിലച്ചപ്പോള്‍ നാടിന്റ നാക്കായവര്‍. ഇരുട്ടിനെ കീറിമുറിക്കാന്‍ സ്വയം തീയീയവര്‍. അവരായിരുന്നു നാടിനു ജനാധിപത്യം തിരിച്ചുനല്‍കിയത്. കേരളത്തിലെ അന്നത്തെ ജനസംഖ്യ ഒന്നരകോടിയോളം വന്നിരുന്നു. ഇവരില്‍ പോരാടിയവര്‍ ഏകദേശം 7000ത്തോളം എന്നു ഏകദേശകണക്ക്.
അടിയന്തരാവസ്ഥാവിരുദ്ധ പോരാട്ടത്തെ രണ്ടാം സ്വാതന്ത്ര്യസമരമായി അംഗീകരിച്ച് അന്നത്തെ പോരാളികള്‍ക്ക് പെന്‍ഷനടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കുക, അടിയന്തരാവസ്ഥാചരിത്രം പാഠ്യഭാഗമാക്കുക, അടിയന്തരാവസ്ഥകാലത്തെ പീഡനക്യാമ്പുകളില്‍ അവശേഷിക്കുന്ന ശാസ്തമംഗലം ക്യാമ്പ് സര്‍ക്കാര്‍ ഏറ്റെടുത്ത് ചരിത്രസ്മാരകമാക്കുക എന്നീ ആവശ്യങ്ങള്‍ ഏറെകാലമായി അടിയന്തരാവസതാവിരുദ്ധ പോരാളികള്‍ ഉന്നയിക്കുന്നതാണ്. അന്നത്തെ പോരാളികല്‍ എത്രയോ പേര്‍ സമൂഹത്തിന്റേയോ സര്‍ക്കാരിന്റേയോ യാതൊരു അംഗീകാരവുമില്ലാതെ, പലരും ദുരിതജീവിതവും പേറി മരിച്ചുപോയി. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് വര്‍ഷങ്ങള്‍ പോരാടിയ ടി എന്‍ ജോയ് എന്ന നജ്മല്‍ ബാബുവും മരിച്ചുപോയി. അവശേഷിക്കുന്നത് വളരെ കുറച്ചുപേര്‍. അവരോടും മരിച്ചവരുടെ പിന്‍ഗാമികളോടും ഇനിയെങ്കിലും നാം നീതി പുലര്‍ത്തേണ്ടേ? ഇല്ലെങ്കില്‍ നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിനു എന്തു മൂല്യമാണുള്ളത്? എന്നാല്‍ ഈ ആവശ്യങ്ങളോട് മുഖം തിരിച്ചുനില്‍ക്കുകയാണ് മാറി മാറി ഭരിച്ച സര്‍ക്കാരുകളെല്ലാം ചെയ്തത്. രാജ്യത്ത് 11 സംസ്ഥാനങ്ങളില്‍ ഈ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടുട്ടുണ്ട്.
വര്‍ഷങ്ങള്‍ക്കു മുമ്പ് അടിയന്തരാവസ്ഥയില്‍ ക്രൂരമായി കൊല്ലപ്പെട്ട രാജന്റെ പിതാവ് ഈച്ചരവാര്യര്‍ ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വസതിയില്‍ ചേര്‍ന്ന രാജന്‍ അനുസ്മരണദിനത്തിലാണ് ഇത്തരമൊരു ആശയം ഉയര്‍ന്നുവന്നത്. പിന്നീട് 2010 ജൂലൈ 9ന് ഈ ആവശ്യങ്ങളുന്നയിച്ച് എറണാകുളത്ത് വലിയൊരു സമ്മേളനം നടന്നു. അടിയന്തരാവസ്ഥകാലത്ത് തടവിലാക്കപ്പെട്ട മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാരായിരുന്നു യോഗം ഉദ്ഘാടനം ചെയ്തത്. ഈ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ അടിയന്തരാവസ്ഥയില്‍ ഭീകരമായി പീഡിപ്പിക്കപ്പെട്ട ടി എന്‍ ജോയ് കണ്‍വീനറായി ഒരു സമിതിയെ തെരഞ്ഞെടുത്തു. തുടര്‍ന്ന് സമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ചും ദിവസങ്ങള്‍ നീണ്ട ഉപവാസവും നടന്നു. പരിഗണിക്കാമെന്നു സര്‍ക്കാര്‍ പറഞ്ഞെങ്കിലും ഒന്നും സംഭവിക്കാത്തതിനാല്‍ കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് മാര്‍ച്ച് നടന്നു. പിസി ഉണ്ണിചെക്കനും രവീന്ദ്രനും സെക്രട്ടറിയേറ്റിനുമുന്നില്‍ നിരാഹാരമാരംഭിച്ചു. എന്നാല്‍ അതും ലക്ഷ്യം നേടിയില്ല. പിന്നീടും ജില്ലകളിലും സെക്രട്ടറിയേറ്റിനുമുന്നിലും നിരവധി സമരങ്ങള്‍ നടന്നു. അടിയന്തരാവസ്ഥയില്‍ തടവുശിക്ഷ അനുഭവിച്ച പിണറായി വിജയന്‍ മുഖ്യമന്ത്രിയായിട്ടും വിഷയം പരിഗണിക്കാത്തതിനെ തുടര്‍ന്ന് 2017 അടിയന്തരാവസ്ഥാ ദിനത്തിലും മാര്‍ച്ച് നടത്തി. ഇതെല്ലാം ചെയ്തിട്ടും പ്രശ്‌നം പരിഹരിച്ചില്ല. മുന്‍നക്‌സലൈറ്റുകളുടെ മുന്‍കൈയില്‍ ഈ നക്കങ്ങള്‍ നടക്കുമ്പോള്‍ തന്നെ മുന്‍ജനസംഘം പ്രവര്‍ത്തകരും ഈ ആവശ്യമുന്നയിച്ച് കുറെയേറെ സമരങ്ങള്‍ നടത്തി.
അടിയന്തരാവസ്ഥാകാലത്ത് ഭരണത്തിലിരുന്നവരാതിനാല്‍ യുഡിഎഫിനു ഇത്തരമൊരു ആവശ്യം പരിഗണിക്കാനാവില്ല എന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ എല്‍ഡിഎഫിന് പരിഗണിക്കാമായിരുന്നു. അവരത് പരിഗണിക്കാന്‍ തയ്യാറായതുമാണ്. എന്നാല്‍ അടിയന്തരാവസ്ഥാ തടവുകാരുടെ ലിസ്റ്റെടുത്തപ്പോളാണ് അവരില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ വളരെ കുറവാണെന്ന കാര്യം സിപിഎമ്മിനു ബോധ്യമാത്. അത്തരമൊരു തീരുമാനമെടുത്താല്‍ ഗുണഭോക്താക്കളാകുക പ്രധാനമായും മുന്‍നക്‌സലൈറ്റുകളും ജനസംഘക്കാരും സോഷ്യലിസ്റ്റുകളുമാണെന്ന തിരിച്ചറിവാണ് അവരെ അതില്‍ നിന്ന് പിന്‍വലിപ്പിച്ചത്. അടിയന്തരാവസ്ഥയില്‍ ഭരണത്തിനു നേതൃത്വം കൊടുത്ത സിപിഐക്ക് സ്വാഭാവികമായും അതില്‍ താല്‍പ്പര്യമില്ല.
എന്തായാലും ഇപ്പോള്‍ ചില പ്രഖ്യാപനങ്ങളുമായി സര്‍ക്കാര്‍ രംഗത്തുവന്നിട്ടുണ്ട്. അടിയന്തരാവസ്ഥാകാലത്ത് ഒളിവിലും ജയിയിലും പീഡനം നേരിട്ടവര്‍ക്ക് പെന്‍ഷനും വൈദ്യസഹായവും നല്‍കാന്‍ ഏപ്രിലില്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചു. അതിനായി അര്‍ഹതയുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കാന്‍ കളക്ടര്‍മാരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പെന്‍ഷനും വൈദ്യസഹായവുമല്ല തങ്ങളുടെ പ്രധാന ആവശ്യങ്ങളെന്നും സ്വാതന്ത്ര്യസമരമായി അംഗീകരിക്കലും പാഠ്യഭാഗമാക്കലുമാണെന്നുമാണ് അടിയന്തരാവസ്ഥാ തടവുകാരുടെ ഏകോപന സമിതി പറയുന്നത്. അതിന്റെ ഭാഗം മാത്രമാണ് പെന്‍ഷന്‍. അപ്പോള്‍ പോലും സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത സമിതി വിവിധ ജില്ലകൡ അടിയന്തരാവസ്ഥാ തടവുകാരുടെ യോഗം വിളിച്ച് വിശദാംശങ്ങള്‍ ശേഖരിച്ചു സര്‍ക്കാരിനു നല്‍കുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ അര്‍ഹതപ്പെട്ടവരുടെ യോഗമാണ് ടി എന്‍ ജോയ് വേദി എന്നു പേരിട്ട സാഹിത്യ അക്കാദമിഹാളില്‍ നടന്നത്. മരിച്ചുപോയ തങ്ങളുടെ പിതാവ് എന്തിനുവേണ്ടിയായിരുന്നു തടവും ക്രൂരമായ മര്‍ദ്ദനങ്ങളും ഏറ്റുവാങ്ങിയത് എന്നുപോലുമറിയാത്ത പലരും അക്കൂട്ടത്തിലുണ്ടായിരുന്നു. അതിനാല്‍ തന്നെ അടിയന്തരാവസ്ഥാകാലത്തെ കുറിച്ചും പോരാട്ട ചരിത്രത്തെ കുറിച്ചും സമിതി നേതാക്കള്‍ ഏതാനും വാക്കുകളില്‍ വിശദീകരിച്ചു.
നവ ഫാസിസം ശക്തിപ്രാപിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ അടിയന്തിരാവസ്ഥ വിരുദ്ധ പോരാട്ടത്തിന്റെ ചരിത്രം പുതുതലമുറയെ ഓര്‍മ്മപ്പെടുത്തേണ്ടത് ആവശ്യമാണെന്നും അടിയന്തിരാവസ്ഥയുടെ ചരിത്രം പാഠ്യപദ്ധതിയിലുള്‍പ്പെടുത്താനും അടിയന്തിരാവസ്ഥാ സമര പോരാളികളെ അംഗീകരിച്ച് ആദരിക്കാനും സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത കവി അന്‍വര്‍ അലി പറഞ്ഞു. അടിയന്തിരാവസ്ഥാ വിരുദ്ധ സമരത്തിന്റെ ഭാഗമായി ജയിലില്‍ അടക്കപ്പെട്ടവരും പീഡനങ്ങള്‍ക്കിരയായവരും ഒളിവില്‍ പ്രവര്‍ത്തിച്ചവരും ഉള്‍പ്പെടെ നൂറോളം പേര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. അടിയന്തിരാവസ്ഥയുടെ 44-ാം വാര്‍ഷികത്തോടനുബന്ധിച്ച് ജുണ്‍ 26 ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് ഈ ആവശ്യങ്ങളുന്നയിച്ച് ധര്‍ണ്ണ നടത്താനും യോഗം തീരുമാനിച്ചു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in