തുടര്‍ഭരണത്തിന്റെ വഴികള്‍
കേരളത്തില്‍ അധികാര രാഷട്രീയത്തിന് ശരിയായ വഴി കാണിച്ചിരുന്നത് സിവില്‍ സമൂഹ രാഷ്ട്രീയമായിരുന്നു. അത് ഉയര്‍ത്തിയ രാഷ്ട്രീയ സാഹചര്യമാണ് ഭരണകൂടങ്ങളെ നിര്‍മിക്കുകയും പുറത്താക്കുകയും ചെയ്തിരുന്നത്. ഭരണകൂടത്തിനെതിരായ ശക്തമായ ജനവികാരം ഉയര്‍ത്തിക്കൊണ്ടിവരുന്നതില്‍ കക്ഷിരാഷ്ട്രീയത്തിന്റെ പരിമിതികളില്ലാത്ത സിവില്‍ സമൂഹത്തിന് മുന്‍കാലങ്ങളില്‍ സാധിച്ചിരുന്നു. ഭരണകൂടങ്ങളെ വിലക്കുവാങ്ങാന്‍ ശേഷിയുള്ള കോര്‍പറേറ്റ് മുതലാളിത്തം പോലും അതിന് മുന്നില്‍ പരാജയപ്പെട്ടിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ അഞ്ച് വര്‍ഷം അത്തരം സാമൂഹിക മുന്നേറ്റങ്ങളില്‍ കേരളം ശൂന്യമായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കണ്ടതാണ്. സിവില്‍ രാഷ്ട്രീയത്തിന് നേതൃത്വം കൊടുക്കേണ്ടവരെ തന്ത്രപരമായി കൈപ്പിടിയിലാക്കി അവരെ പലരെയും പ്രചാരക വേഷത്തില്‍ അണിനിരത്തിയുമാണ് പൗര രാഷ്ട്രീയത്തെ ഇല്ലാതാക്കിയത്.
പതിനഞ്ചാം കേരള നിയമസഭ തെരഞ്ഞെടുപ്പ് 2021 ഏപ്രില്‍ ആറിന് നടക്കുകയും മെയ് രണ്ടിന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരികയും ചെയ്തു. കഴിഞ്ഞ അഞ്ചു വര്‍ഷം ഭരിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാര തുടര്‍ച്ച നേടുകയും പിണറായി വിജയന്‍ ചരിത്രം തിരുത്തിയെഴുതി വീണ്ടും മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുകയും ചെയ്തു. ഈ ജനവിധി കേരളത്തിന്റെ ചരിത്രത്തില്‍ പ്രത്യേകത ഉള്ള ഒന്നാണ്. എന്നാല്‍, പലരും പറയുന്നത് പോലെ ആദ്യമായി ഉണ്ടായ ഭരണത്തുടര്‍ച്ചയല്ല. മൂന്നാം കേരള നിയമസഭയുടെ കാലത്ത് ഇ.എം.സിന് ശേഷം 1969 നവംബറില്‍ സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായി ചുമതല ഏല്‍ക്കുകയും 1970 ഒക്ടോബറില്‍ നാലാം കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും വിജയിച്ചു മുഖ്യമന്ത്രിയാവുകയും ചെയ്തിരുന്നു. അതുപോലെ 1981 ഡിസംബറില്‍ ആറാം നിയമസഭയുടെ കാലത്ത് കെ. കരുണാകരന്‍ ചുരുങ്ങിയ നാള്‍ മുഖ്യമന്ത്രിയാവുകയും 1982ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും മുഖ്യമന്ത്രിയാവുകയും ചെയ്തു. എന്നാല്‍, അച്യുതമേനോനും കരുണാകരനും മുഴുവന്‍ ടേം മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ന്നിട്ട് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടവര്‍ അല്ല. അച്യുതമേനോന്‍ ഒമ്പത് മാസവും കരുണാകരന്‍ മൂന്ന് മാസവും ആണ് മുഖ്യമന്ത്രി സ്ഥാനത്ത് അതിന് മുമ്പ് ഉണ്ടായിരുന്നത്.
അഞ്ച് വര്‍ഷം മുഖ്യമന്തി പദവിയില്‍ ഇരുന്നിട്ട് വീണ്ടും തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുഖ്യമന്ത്രിയാവുകയാണ് ഈ തെരഞ്ഞെടുപ്പോടെ പിണറായി വിജയന്‍. കോണ്‍ഗ്രസ്, സി.പി.ഐ, മുസ്ലിംലീഗ്, കേരള കോണ്‍ഗ്രസ്, ആര്‍.എസ്.പി തുടങ്ങിയ കക്ഷികള്‍ ഉള്‍പ്പെട്ട നാലാം കേരള നിയമസഭാ കാലത്ത് അച്യുതമേനോന്റെ നേതൃത്വത്തില്‍ ഏഴു കൊല്ലം തുടര്‍ച്ചയായി ഭരിച്ചു. രാജ്യം അടിയന്തിരാവസ്ഥക്ക് കീഴില്‍ അമര്‍ന്ന പതിനെട്ട് മാസം ആ സര്‍ക്കാരായിരുന്നു കേരളം ഭരിച്ചത്. ഭീകരമായ പൊലീസ് രാജ് ആണ് ആ കാലത്ത് ഉണ്ടായത്. 28 പേര്‍ പൊലീസ് മര്‍ദനത്തില്‍ കൊലചെയ്യപ്പെട്ടു. മര്‍ദനത്തിന് ഇരയായ നാലു പേര്‍ പിന്നീട് ആത്മഹത്യ ചെയ്തു. എന്നിട്ടും 1977 മാര്‍ച്ചില്‍ അടിയന്തിരാവസ്ഥയുടെ അവസാന നാളുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അതേ മുന്നണി 111 സീറ്റിന്റെ വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേറുന്ന അല്‍ഭുത കാഴ്ചയാണ് കേരളം കണ്ടത്. ഇങ്ങനെയൊരു ജനവിധി മുമ്പുണ്ടായത് കൊണ്ട് ഇടതുമുന്നണിയുടെ വിജയ തുടര്‍ച്ച ചരിത്രത്തിലെ രണ്ടാമത്തെത് മാത്രമാണ്. 1982ല്‍ ഇപ്പോഴത്തെ മുന്നണി സംവിധാനം നിലവില്‍ വന്നതിന് ശേഷം മുന്നണികളെ മാറി മാറി വിജയിപ്പിക്കുക എന്ന രീതിയാണ് കഴിഞ്ഞ എട്ടു തെരഞ്ഞെടുപ്പുകളില്‍ കേരളം സ്വീകരിച്ചു പോന്നത്. ആ പതിവ് ആദ്യമായി തെറ്റിച്ച ജനവിധി എന്ന പ്രത്യേകത കൂടി ഇത്തവണത്തെ തെരഞ്ഞെടുപ്പിന് ഉണ്ട്.
നാല് പതിറ്റാണ്ടായി കേരളം തുടര്‍ന്ന് പോന്ന പതിവ് ഇത്തവണ എന്തുകൊണ്ട് മാറി എന്നത് വിശദ പഠനത്തിന് വിധേയമാക്കേണ്ട ഒന്നാണ്. ഇടതുമുന്നണി അവകാശപ്പെടുന്നത് പോലെ സര്‍ക്കാറിന്റെ ഭരണ മികവിന് ജനങ്ങള്‍ നല്‍കിയ അംഗീകാരമെന്ന് ലളിതമായി പറഞ്ഞുപോകുന്നത് വസ്തുതകളെ നിരാകരിക്കലാവും. അതിനുമപ്പുറം പല ഘടകങ്ങളും ഉള്‍ച്ചേര്‍ന്നതാണ് ഇടതുപക്ഷത്തിന്റെ ഭരണത്തുടര്‍ച്ച. അതെന്താണെന്ന് പരിശോധിക്കേണ്ടതുണ്ട്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തെ വിലയിരുത്തുമ്പോള്‍ ഒരു തെരഞ്ഞെടുപ്പില്‍ സര്‍ക്കാറിനെതിരായി ജനവികാരം രൂപപ്പെടുത്താവുന്ന നിരവധി കാര്യങ്ങള്‍ ഉണ്ടായിരുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. അടിയന്തിരാവസ്ഥയേക്കാള്‍ കൂടുതല്‍ പേര്‍ പൊലീസ് മര്‍ദനങ്ങള്‍ക്കിരയായി കൊലചെയ്യപ്പെട്ട ഒരു കാലയളവാണിത്. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേരെ വ്യാജ ഏറ്റുമുട്ടലുണ്ടാക്കി കൊലപ്പെടുത്തിയിരുന്നു. പഴയ കേരളമായിരുന്നെങ്കില്‍ ഇക്കാരണം മാത്രം മതി ഭരണമാറ്റം സംഭവിക്കാന്‍. എന്നാല്‍, ഇതേപോലെ അനവധി ജനവിരുദ്ധതകള്‍ സര്‍ക്കാറില്‍ നിന്നുണ്ടായിട്ടും അതേ ഭരണകൂടത്തിന് ഭരണത്തുടര്‍ച്ചയുണ്ടാകുന്നതിന്റെ കാരണം ജനങ്ങളുടെ നേരനുഭവം അല്ല എന്നത് നിശ്ചയമാണ്.
നിരവധി അഴിമതി ഈ സര്‍ക്കാറിന്റെ കാലത്തുണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി ദുരുപയോഗത്തിന്റെ പേരില്‍ ജയിലിലടക്കപ്പെട്ടു. ഇഷ്ടക്കാര്‍ക്കും ബന്ധുക്കള്‍ക്കും സര്‍ക്കാര്‍ പദവികള്‍ വീതംവെച്ചു. സ്പ്രിംഗ്ളര്‍, ബ്രൂവറി, ഡാറ്റാ ചോര്‍ച്ച മുതല്‍ കടല്‍ വില്‍പന വരെയുള്ള സര്‍ക്കാര്‍ പദ്ധതികളിലെ അഴിമതി കേരളം കയ്യോടെ പിടികൂടിയതാണ്. കേരള പൊലീസ് സംഘ്പരിവാറിന്റെ ആജ്ഞാനുവര്‍ത്തികളായ കാലമാണ് കഴിഞ്ഞുപോയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍മാര്‍ സംഘ് പ്രവര്‍ത്തകരെ പോലെ പ്രവര്‍ത്തിക്കുന്നത് കേരളം കണ്ടുനിന്നു. മുസ്ലിം-ദലിത് ജനവിഭാഗങ്ങള്‍ വേട്ടയാടപ്പെട്ടപ്പോഴെല്ലാം അക്രമികളുടെ പക്ഷത്താണ് പൊലീസ് നിലയുറപ്പിച്ചത്. സംഘപരിവാര്‍ ക്രിമിനലുകള്‍ അഴിഞ്ഞാടിയിട്ടും അവര്‍ക്കെതിരെ വിരലനക്കാത്തവര്‍ പൗരത്വ പ്രക്ഷോഭകരെ ജയിലിലടച്ചതും ഇതേ കാലയളവിലാണ്. സ്വന്തം സഖാക്കളെ എന്‍.ഐ.എ പിടികൂടി ദേശദ്രോഹികളായി ജയിലിലടച്ചപ്പോള്‍, അതിന് ന്യായീകരണം ചമക്കുക എന്നതിനപ്പുറം ഒന്നും ഇടതുസര്‍ക്കാറില്‍ നിന്നുണ്ടായിട്ടില്ല. തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്ത് കോര്‍പറേറ്റ് സമ്പദ് വ്യവസ്ഥക്ക് ശക്തിപകരും വിധം മുതലാളിത്ത വികസന നയങ്ങളാണ് സര്‍ക്കാര്‍ പിന്തുടര്‍ന്നിരുന്നത്. വികസനത്തിന്റെ ഇരകളെ ശക്തിയുപയോഗിച്ച് അടിച്ചമര്‍ത്തി കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ നടപ്പാക്കിക്കൊടുത്തു. പരിസ്ഥിതി ദുര്‍ബലമാകുന്നതും കേരളം അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്ന ഘടത്തില്‍ പോലും പരിസ്ഥിതി നാശത്തിന്റെ വികസന വണ്ടികളെ കെട്ടഴിച്ചുവിടുകയാണ് ചെയ്തത്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
സ്ത്രീ സുരക്ഷ എത്രമാത്രം അപകടത്തിലാണെന്ന് പാലത്തായിയും വാളയാറും നമുക്ക് പറഞ്ഞുതന്നു. ഭൂരഹിതര്‍ വീണ്ടും വഞ്ചിക്കപ്പെട്ടു. ഭൂപ്രശ്നത്തെ കേവല ഭവന പ്രശ്നമാക്കി ചുരുക്കി അടിസ്ഥാന ജനവിഭാഗങ്ങളുടെ ഭൂഅവകാശത്തെ അട്ടിമറിച്ചു. അപ്പോഴും ഹാരിസണ്‍ പോലെ കോര്‍പറ്റുകള്‍ കൈവശം വെച്ചിരിക്കുന്ന ഭൂമി അവര്‍ക്കുതന്നെ ഉപോയഗിക്കാന്‍ കഴിയുന്നതില്‍ കോടതിമുറികളില്‍ വലിയ ജാഗ്രതയാണ് സര്‍ക്കാര്‍ കാണിച്ചത്. സംസ്ഥാനത്തെ 70 ശതമാനം ജനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന സാമ്പത്തിക സംവരണമെന്ന സംഘപരിവാര്‍ പദ്ധതി അതിവേഗത്തില്‍ നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. 59 വര്‍ഷം കൊണ്ട് കേരളത്തിനുണ്ടായ വായ്പാ ബാധ്യതയുടെ ഇരട്ടിയിലധികമാണ് സര്‍ക്കാര്‍ കടം വാങ്ങിയത്.
ഇതെല്ലാം ചേര്‍ത്തുവായിച്ചാല്‍ മുന്‍കാലങ്ങളില്‍ ഭരണ മാറ്റത്തിന് കാരണമാകുന്ന ഏകദേശ ഘടകങ്ങള്‍ ഇടതുസര്‍ക്കാറിനും ബാധകമായിരുന്നു എന്നുറപ്പാണ്. സാധാരണ ഗതിയില്‍ ഇത്തരം രാഷ്ട്രീയ പ്രശ്നങ്ങളെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുക എന്ന രീതിയാണ് കേരളം സ്വീകരിച്ചുപോകുന്നത്. ഇതും കടന്ന് സദ്ദാം ഹുസൈന്റെ ഗള്‍ഫ് അധിനിവേശത്തെ വരെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്ത സംസ്ഥാനമാണ് കേരളം. ആഗോളവല്‍കരണവും നവലിബറല്‍ സാമ്പത്തിക വ്യവസ്ഥയും നമ്മുടെ തെരഞ്ഞെടുപ്പ് അന്തരീക്ഷത്തില്‍ മുഴങ്ങിക്കേള്‍ക്കുന്ന കാര്യങ്ങളായിരുന്നു. എന്നാല്‍, അതിജീവനം എന്ന ഒറ്റ വാതിലിലേക്ക് ജനജീവിതം സഞ്ചരിച്ച് തുടങ്ങിയ കോവിഡ് കാലത്ത് നടന്ന തെരഞ്ഞെടുപ്പ് എന്ന നിലയില്‍ ജനങ്ങളുടെ ശ്രദ്ധ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മാത്രം പരിമിതപ്പെട്ടുപോകുക അസാധാരണമായ സ്വാഭാവികതയാണ്.
ജനവിധി നിര്‍മിക്കല്‍
തെരഞ്ഞെടുപ്പുകളില്‍ വോട്ട് വിനിയോഗിക്കേണ്ട ജനങ്ങള്‍ അവരുടെ അനുഭവങ്ങളില്‍ നിന്ന് തീരുമാനങ്ങളെടുക്കുക എന്ന ജനാധിപത്യത്തിന്റെ തുറന്ന സമീപനത്തെ തന്ത്രപരമായ മാനേജ്മെന്റ് വൈഭവത്തിലൂടെ കീഴ്പ്പെടുത്തുക എന്ന ആധുനിക പബ്ലിക് റിലേഷന്‍ സമ്പ്രദായം ലോകത്ത് ഇപ്പോള്‍ വ്യാപകമാണ്. സത്യാനന്തര കാലത്തിന്റെ നിര്‍മിതിയായി അമേരിക്കന്‍ തെരഞ്ഞെടുപ്പുകളില്‍ പതിവായി സ്വീകരിച്ചുപോന്ന ഈ രീതി ശാസ്ത്രം ഇന്ത്യയിലേക്ക് കൊണ്ടുവന്നത് സംഘപരിവാറാണ്. വോട്ടര്‍മാരെ തങ്ങള്‍ക്ക് അനുകൂലമായി ചിന്തിപ്പിക്കുന്നതിന് ആവശ്യമായ സാഹചര്യങ്ങള്‍ കൃത്രിമമായി നിര്‍മിക്കുക എന്നതാണ് ഈ തന്ത്രത്തിന്റെ മര്‍മം. ഇലക്ഷന്‍ മാനേജര്‍മാര്‍ എന്ന പുതിയ ഒരു വിഭാഗം ഇതിനെ തുടര്‍ന്ന് രൂപപ്പെട്ടിട്ടുണ്ട്. കോടികള്‍ നിക്ഷേപിച്ച് അത്തരം ഏജന്‍സികളുടെ സഹായത്തോടെ ജനവിധി നിര്‍മിച്ചെടുക്കുക എന്ന തെരഞ്ഞെടുപ്പ് സംഘാടനം കേരളത്തില്‍ പരിചയപ്പെടുത്തിയത് ഇടതുപക്ഷമാണ്.
2016ലെ തെരഞ്ഞെടുപ്പില്‍ ചെറിയ രൂപത്തില്‍ നടന്ന തെരഞ്ഞെടുപ്പ് സംഘാടനത്തെ വിപുലീകരിച്ചാണ് ഇടതുപക്ഷം ഈ തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതിനായി വളരെ മുന്‍കൂട്ടി തന്നെ സാഹചര്യ നിര്‍മിതി ആരംഭിച്ചിരുന്നു. അന്തര്‍ദേശീയ ഏജന്‍സിയായ കെ.പിഎം.ജിയും ഇനിയും ജനങ്ങളില്‍ നിന്ന് അദൃശ്യമായ മറ്റ് ഏജന്‍സികളുടെയും പിന്തുണയോടെയാണ് ഈ മാനേജ്മെന്റ് സാധ്യമാക്കിയത്. വിപുലമായ സര്‍വേ, ഡാറ്റാ അനലൈസിങ്, ക്ഷേമ പ്രവര്‍ത്തനങ്ങള്‍, സമുദായങ്ങളെ സ്വാധീനിക്കല്‍, ധ്രുവീകരണ അന്തരീക്ഷ നിര്‍മിതി, മുഴു മാനുഷിക ഗുണങ്ങളും ഒത്തുചേര്‍ന്ന അതുല്യനും കാരുണ്യവാനും ശക്തനുമായ നേതാവ് എന്ന അവതരണം, മാധ്യമ മാനേജ്മെന്റ്, സാമൂഹ്യ മാധ്യമങ്ങളെ സ്വാധീനിക്കല്‍, അഭിപ്രായ രൂപീകരണത്തിന് കഴിയുന്നവരെ വരുതിയിലാക്കല്‍, സെലിബ്രിറ്റികളിലൂടെ അപദാന പ്രചാരണം, അന്തര്‍ദേശീയ മാധ്യമങ്ങളുടെ അവാര്‍ഡുകള്‍, കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ശാസ്ത്രീയ വിന്യാസം, സിവില്‍ പൊളിറ്റിക്സിനെ നിര്‍വീര്യമാക്കല്‍, കോര്‍പറേറ്റ് സേവ നടത്തുമ്പോള്‍ തന്നെ സാധാരണക്കാരുടെ പിന്തുണ നഷ്ടമാകാതിരിക്കാനുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍, മുര്‍ത്ത രാഷ്ട്രീയ പ്രശ്നങ്ങളെ ചര്‍ച്ചയില്‍ നിന്ന് പുറത്താക്കി ചെറു ജീവിത കാര്യങ്ങളെ വലുപ്പത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഭരണ ഭാഷ എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്.
ക്ഷേമ പ്രവര്‍ത്തനങ്ങളുടെ സ്വാധീനം
കോവിഡ് സൃഷ്ടിച്ച സാമൂഹിക നിയന്ത്രണങ്ങളുടെ പ്രതിസന്ധികാലം സര്‍ക്കാര്‍ അല്ലാത്ത മറ്റെല്ലാ ഏജന്‍സികളെയും അദൃശ്യമാക്കിക്കളഞ്ഞു. നിയമവിധേയമായി പ്രവര്‍ത്തിക്കാവുന്ന ഏജന്‍സി സര്‍ക്കാര്‍ മാത്രമായി. സര്‍ക്കാര്‍ എന്നാല്‍ ഭരണകക്ഷി എന്നുകൂടി അര്‍ഥമുണ്ട് എന്നത് ജനങ്ങള്‍ക്ക് അറിയാവുന്ന കാര്യമാണ്. ജീവനോപാധികള്‍ തടയപ്പെട്ട് ദൈനംദിന ജീവിതം തന്നെ പ്രതിസന്ധിയിലായ ഘട്ടത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ജനങ്ങളെ എളുപ്പത്തില്‍ സ്വാധീനിക്കുന്ന ഘടകമാണ്. ഈ രംഗത്ത് ഗവണ്‍മെന്റ്നെ പോലെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കാന്‍ മറ്റാര്‍ക്കും സാധ്യമല്ല. കഴിഞ്ഞ ഒരു വര്‍ഷമായി ഭക്ഷ്യക്കിറ്റ് വിതരണം നടന്നുവരുന്നുണ്ട്. പ്രതിമാസം 500 കോടിയിലധികം രൂപ ചെലവ് വരുന്ന ക്ഷേമ പ്രവര്‍ത്തനമാണിത്. ഇതിനോട് ആര്‍ക്കാണ് മത്സരിക്കാന്‍ കഴിയുക?
കാരുണ്യ പ്രവര്‍ത്തനത്തിന് ആരാണ് മുന്നില്‍ എന്ന പരിശോധന നടക്കുന്ന സ്ഥലത്ത് സര്‍ക്കാര്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ മറ്റെല്ലാം നിഷ്പ്രഭമാകും എന്നത് യാഥാര്‍ഥ്യമാണ്. കോവിഡ് പശ്ചാത്തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഉച്ചക്കഞ്ഞിക്ക് പകരമായി 15-25 കിലോ അരിയാണ് നല്‍കിയത്. രണ്ടോ മൂന്നോ കുട്ടികള്‍ പഠിക്കുന്ന കുടുംബങ്ങള്‍ക്ക് 50 കിലോ വരെ അത് ലഭിക്കും. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് ഈ ആനുകൂല്യം വാങ്ങുന്ന നിരാലംബരായ ജനങ്ങള്‍ക്ക് ഭരണകൂടത്തോട് ഇഷ്ടം തോന്നും. ജനവിധിയെ അത് സ്വാധീനിക്കുകയും ചെയ്യും.
40 ലക്ഷം ജനങ്ങള്‍ കേരളത്തില്‍ ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നവരാണ്. ഇടതുസര്‍ക്കാര്‍ ഘട്ടംഘട്ടമായി പെന്‍ഷന്‍ ഉയര്‍ത്തിയിരുന്നു. വ്യക്തികള്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെ ലഭിച്ചിരുന്ന പെന്‍ഷന്‍ സഹകരണ സംഘങ്ങള്‍ വഴി നേരിട്ട് കൈമാറുന്ന പദ്ധതി സര്‍ക്കാര്‍ നേരത്തെ ആരംഭിച്ചിരുന്നു. കേരളത്തിലെ 90 ശതമാനം സഹകരണ സംഘങ്ങളും ഭരിക്കുന്നത് ഇടതുപക്ഷമാണ്. പാര്‍ട്ടിക്കാര്‍ കൂടിയായ പെന്‍ഷന്‍ വിതരണക്കാര്‍ക്ക് ഇതിലൂടെ വോട്ടര്‍മാരെ എളുപ്പം സ്വാധീനിക്കാന്‍ കവിയും. ഭരണത്തുടര്‍ച്ച ലക്ഷ്യംവെച്ച് നേരത്തെ തയ്യാറെടുപ്പുകള്‍ തുടങ്ങിയ ഇടതുമുന്നണിക്ക് വലിയ സഹായം ചെയ്തതാണ് പെന്‍ഷന്‍ വിതരണം.
സമുദായിക മാനേജ്മെന്റ്
കേരളത്തിലെ വ്യത്യസ്ത സമുദായങ്ങള്‍ പല ഘട്ടങ്ങളിലും പ്രത്യേക താല്‍പര്യങ്ങളാല്‍ വിരുദ്ധ ചേരികളില്‍ നിലയുറപ്പിക്കുന്നവരാണ്. അതേസമയം രാഷ്ട്രീയാധികാരത്തെ തങ്ങള്‍ക്ക് അനുകൂലമാക്കിമാറ്റാന്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് മേല്‍ തന്ത്രപരമായ സ്വാധീനം ചെലുത്താറുമുണ്ട്. സാധാരണ ഗതിയില്‍ ഇതിലെ സമവാക്യങ്ങളെ അനുകൂലമാക്കിയാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പ് വിജയം നേടുന്നത്. ഇത്തരം പ്രവണതകളോട് മുഖംതിരിച്ചവരാണ് തങ്ങളെന്ന അവകാശവാദമാണ് ഇടതുപക്ഷം ഉയര്‍ത്തിപ്പോരുന്നത്. എന്നാല്‍, ഇത്തവണത്തെ തെരഞ്ഞെടുപ്പ് സമുദായ സംഘടനകളുടെ താല്‍പര്യങ്ങളെ ഏറ്റവും നന്നായി സ്വാംശീകരിക്കുന്നവര്‍ തങ്ങളാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞു. വൈരുധ്യങ്ങളെ ത്വരിപ്പിച്ച് അതിന്റെറ ഫലമായുണ്ടാകുന്ന ധ്രുവീകരണത്തെ വോട്ടാക്കുന്ന ദീര്‍ഘകാലത്തില്‍ ആപല്‍കരമാകുന്ന രീതിയാണ് ഇത്തവണ ഇടതുപക്ഷം സ്വീകരിച്ചത്. ആ നേട്ടത്തിനായി രൂപപ്പെടുത്തിയ മുസ്ലിം ക്രൈസ്തവ സംഘര്‍ഷത്തിന്റെ അനുരണനങ്ങള്‍ കൈവിട്ടുപോകുന്നത് ഇപ്പോള്‍ കേരളം കാണുന്നുണ്ട്.
അതോടൊപ്പം തന്നെയാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫിലേക്ക് ചേക്കേറുന്നതും. ക്രിസ്ത്യന്‍ സമൂഹത്തില്‍ നേര്‍ക്കുനേര്‍ ബന്ധമുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. മധ്യകേരളത്തില്‍ വലിയ സ്വാധീനം അവര്‍ക്കുണ്ട്. ഇതുവഴി യു.ഡി.എഫിന് അനുകൂലമാകുമായിരുന്ന ജനവിഭാഗത്തെ കൂടെനിര്‍ത്താന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞു. സാമ്പത്തിക സംവരണം നല്‍കി സവര്‍ണ വിഭാഗങ്ങളെ കൂടെ നിര്‍ത്തി. സവര്‍ണ മാനേജ്മെന്റുകള്‍ സംവരണ നിയമന മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ അയ്യായിരത്തോളം അധ്യാപക നിയമനങ്ങള്‍ക്ക് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അംഗീകാരം നല്‍കി. എയ്ഡഡ് നിയമന കാര്യത്തില്‍ വ്യത്യസ്ത നിലപാടുള്ളവരാണെന്ന ഇടതു വാദത്തിനെതിരായിരുന്നു ഇത്. അതിന്റെ ലക്ഷ്യം കൃത്യമായും തെരഞ്ഞെടുപ്പ് തന്നെയായിരുന്നു.
ഈഴവ സമുദായത്തെ സംബന്ധിച്ചിടത്തോളം തങ്ങളില്‍ നിന്ന് വീണ്ടും ഒരു മുഖ്യമന്ത്രി ഉണ്ടാവുക എന്നത് അവരുടെ പിന്തുണ ഇടതുപക്ഷത്തേക്ക് എത്തിക്കുന്നതിന് സഹായകരമായി. ഈഴവ ഭൂരിപക്ഷ മേഖലകളിലെ തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ ഇത് വ്യക്തമാണ്. ചെത്തുകാരന്റെ മകന്‍ എന്ന അപക്വ പ്രതികരണത്തിലൂടെ യു.ഡി.എഫ് ഈഴവ സമുദായ ബോധം ഉത്തേജിപ്പിക്കുന്നതില്‍ കാര്യമായ സംഭാവന നല്‍കുകയും ചെയ്തു. ഓപണ്‍ സര്‍വകലാശാലക്ക് ശ്രീനാരായണഗുരുവിന്റെ പേര് നല്‍കി. എസ.്എന്‍.ഡി.പി നേതാവായ വെള്ളാപ്പള്ളി നടേശനും മകനും ഉണ്ടായ വ്യക്തിപരമായ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നിലപാടെടുത്തു. സംഘ്പരിവാറിന്റെ ഘടകക്ഷിയായ ബിഡിജെസിന്റെ നേതാവും എന്‍.ഡി.എ കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളിയെ ഒരു ചെറു പ്രസ്താവന കൊണ്ടുപോലും അലോസരപ്പെടുത്താതിരിക്കാന്‍ ഇടതുപക്ഷം കാണിച്ച ജാഗ്രത പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ശബരിമല വിവാദത്തെ നവോത്ഥാന സമിതി രൂപീകരിച്ച് കേരളീയ നവോത്ഥാനത്തിന്റെ പിന്തുടര്‍ച്ചക്കാര്‍ എന്ന പ്രതീതി സൃഷ്ടിക്കുകയും ദലിത് നേതാക്കന്മാരെ മുഖ്യ ചുമതലക്കാര്‍ ആക്കുകയും ചെയ്തു. വിക്ടോറിയ ജൂബിലി ഹാളിന് അയ്യന്‍കാളി ഹാള്‍ എന്ന് പുനര്‍ നാമകരണം ചെയ്തത് ദലിത് സമൂഹത്തിന്റെ പിന്തുണ നേടാനുള്ള സര്‍ക്കാര്‍ ശ്രമമായിരുന്നു. അതേസമയം ശബരിമല വിഷയത്തില്‍ നിലപാടുകളില്‍ നിന്ന് പിന്നോട്ടുപോകുകയും ഇടതുപക്ഷത്തോട് പ്രതിഷേധമുണ്ടായ സവര്‍ണ വിഭാഗങ്ങളെ അനുനയിപ്പിക്കുന്നതിന് അഗ്രഹാര പുനര്‍നിര്‍മിതിയും സവര്‍ണ ഭവനങ്ങളിലെ പാര്‍ട്ടി നേതാക്കളുടെ സന്ദര്‍ശനവും മറുഭാഗത്ത് നിശ്ചയിക്കുകയും ചെയ്തു. നവോത്ഥാന പ്രഖ്യാപനങ്ങള്‍ക്കപ്പുറം ഒരാനുകൂല്യവും ദലിത് സമൂഹത്തിന് സര്‍ക്കാര്‍ നല്‍കിയിട്ടില്ല. മുസ്ലിംകള്‍ക്കും ദലിതര്‍ക്കും ദലിത് ക്രിസ്ത്യാനികള്‍ക്കുമാണ് പ്രത്യേകിച്ച് ആനുകൂല്യങ്ങളൊന്നും കിട്ടാതിരുന്നത്; അവര്‍ക്കൊക്കെ ചെലവില്ലാത്ത പ്രഖ്യാപനങ്ങള്‍ മാത്രം.
മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഫാസിസ്റ്റ് വിരുദ്ധ പ്രക്ഷോഭങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്ന നേതാവും കക്ഷിയുമെന്ന എന്ന ഇമേജ് നിര്‍മിച്ചെടുക്കാന്‍ പിണറായി വിജയനും സി.പി.എമ്മിനും കഴിഞ്ഞു. ഫാഷിസത്തിനെതിരെ ഉറച്ച നിലപാട് യഥാസമയം സ്വീകരിക്കുന്നതില്‍ യു.ഡി.എഫ് വരുത്തിയ വീഴ്ച ഇടതുപക്ഷത്തിന് ഗുണകരമായി. മുസ്ലിംകള്‍ ഇരകളായ സംഘ്പരിവാര്‍ ആക്രമണ കേസുകളില്‍ എല്ലാം സംഘ് വിധേയത്വം പ്രകടമാക്കുകയാണ് പൊലീസും സര്‍ക്കാറും ചെയ്തത്. എന്നാല്‍, ഈ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ മുസ്ലിം സമൂഹം വോട്ട് വിനിയോഗിക്കുന്നത് തടയാന്‍ ഫാഷിസ്റ്റ് വിരുദ്ധ ചാമ്പ്യന്‍ ഇമേജ് നിര്‍മിതിയിലൂടെ സാധിക്കുകയും ചെയ്തു.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മറ്റു പിന്നാക്ക വിഭാഗങ്ങളെ ഓരോരുത്തരെയും പ്രത്യേകം പ്രത്യേകമായി പരിഗണിച്ചു. യാക്കോബായ വിഭാഗത്തിനും ഓര്‍ത്തഡോക്‌സ് വിഭാഗത്തിനും ഇടയിലുള്ള തര്‍ക്കത്തില്‍ ഇടപെടുകയും സര്‍ക്കാര്‍ യാക്കോബായ വിഭാഗത്തിന് അനുകൂലമായ തീരുമാനം എടുക്കുകയും ചെയ്തു. എന്നാല്‍, അതിലും തൃപ്തരാകാതെ യാക്കോബായ വിഭാഗം സര്‍ക്കാരിനെതിരെ സമരം ചെയ്തു. അവരെ സമര രംഗത്തേക്കിറക്കിയതുവഴി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ പിന്തുണ നേടിയെടുക്കാനും കഴിഞ്ഞു. ഇങ്ങനെ രണ്ടുകൂട്ടരുടെയും പിന്തുണ നേടിയെടുക്കാവുന്ന ഒരു മാനേജ്‌മെന്റ് വൈദഗ്ധ്യം ഇടതുപക്ഷം പ്രകടിപ്പിച്ചു. നാടാര്‍ ക്രിസ്ത്യന്‍ വിഭാഗത്തിന് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഒ.ബി.സി പദവിയും സംവരണവും പ്രഖ്യാപിച്ച് ഉത്തരവിറക്കി. ഇങ്ങനെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് കേരളത്തിലെ വിവിധ ജാതി-മത വിഭാഗങ്ങളുടെയും ഉപജാതി വിഭാഗങ്ങളുടെയും പിന്തുണ തന്ത്രപരമായി നേടിയെടുക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞു.
മുസ്ലിം ഭീതി
സംഘ്പരിവാര്‍ വോട്ട് ഇടതുപക്ഷത്തിന് അനുകൂലമായി മാറിയെന്നത് വോട്ടുനില പരിശോധിച്ചാല്‍ വ്യക്തമാണ്. ഇതെങ്ങനെ സാധ്യമാക്കിയെന്നത് സംബന്ധിച്ച് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും തീര്‍പ്പിലെത്താവുന്ന ഒരു കാര്യം സംഘ്പരിവാറിന് വോട്ട് ചെയ്യേണ്ട ഒരു വലിയ വിഭാഗത്തെ മുസ്ലിം വിരുദ്ധത ഉല്‍പാദിപ്പിച്ച് തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞു എന്നതാണ്. മുസ്ലിംകള്‍ അധികാരത്തില്‍ മേല്‍ക്കൈ നേടാന്‍ പോകുന്നു എന്ന ആക്ഷേപത്തെ ഉത്തേജിപ്പിച്ചുകൊണ്ട് കുഞ്ഞാലിക്കുട്ടി-ഹസന്‍-അമീര്‍ എന്ന സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ വിഷലിപ്ത പ്രയോഗത്തിലൂടെ മുസ്ലിം ഭീതിക്ക് തീകൊടുക്കുയാണ് ഇടതുപക്ഷം ചെയ്തത്. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ മുസ്ലിം മേധാവിത്വമാണ് വരാന്‍പോകുന്നത് എന്ന സന്ദേശം സംഘ് അനുകൂല വോട്ടര്‍മാര്‍ക്ക് നല്‍കുകയാണ് കോടിയേരി ചെയ്തത്. ഇതിന്റെ തുടര്‍ച്ചയായി ന്യൂനപക്ഷ തീവ്രവാദമാണ് കേരളം നേരിടുന്ന വലിയ ഭീഷണിയെന്ന വിജയരാഘവന്റെ പ്രസ്താവന ഇതിനോട് ചേര്‍ത്തുവായിക്കാം. ബി.ജെ.പിക്ക് വിജയസാധ്യതയില്ലാതിരിക്കെ ഇടതുപക്ഷത്തെ വിജയിപ്പിച്ച് വരാന്‍ പോകുന്ന മുസ്ലിം മേധാവിത്വത്തെ തടയുക എന്ന അടിയന്തര ലക്ഷ്യത്തിലേക്ക് സംഘ് വോട്ടര്‍മാരെ എത്തിക്കുന്നതായിരുന്നു ഈ നീക്കങ്ങളെല്ലാം.
കേരളത്തിലെ ക്രിസ്ത്യന്‍-മുസ്ലിം സമൂഹങ്ങളുടെ ഇടയില്‍ നിലനില്‍ക്കുന്ന ഇഴയടുപ്പം തകര്‍ക്കുക എന്നത് സംഘ്പരിവാറിന്റെ ദീര്‍ഘകാലമായ പദ്ധതിയാണ്. ഇതിനായി നിര്‍മിച്ച നുണപ്രചാരണങ്ങളായിരുന്നു ലൗജിഹാദും ന്യൂനപക്ഷാവകാശങ്ങള്‍ മുസ്ലിംകള്‍ അമിതമായി കവരുന്നു എന്ന ആക്ഷേപവും. കേരള ജനതയുടെ 50 ശതമാനത്തോളം വരുന്ന രണ്ട് പ്രബല ന്യൂനപക്ഷങ്ങളെ തമ്മിലകറ്റുന്നതിന് വേണ്ടി നിര്‍മിച്ച കെട്ടുകഥകള്‍ നിര്‍ബാധം പ്രചരിക്കുന്നത് നിശബ്ദം നോക്കിനില്‍ക്കുകയാണ് ഇടതു സര്‍ക്കാര്‍ ചെയ്തത്. മന്ത്രിസഭാംഗമായ കെ.ടി ജലീലിനെതിരെ വരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും യഥാര്‍ഥ വസ്തുതകള്‍ വിശദീകരിക്കാന്‍ സര്‍ക്കാറോ ഇടതുപക്ഷമോ തയ്യാറായില്ല. ഒരേസമയം ഹിന്ദുബോധമുള്ള വോട്ടര്‍മാരെ സ്വാധീനിക്കുകയും മുസ്ലിംകള്‍ക്കെതിരെ ക്രൈസ്തവ സമുദായത്തില്‍ സംഘ്പരിവാര്‍ ഉല്‍പാദിപ്പിച്ച വിദ്വേഷത്തെ പ്രയോജനപ്പെടുത്തുകയും ചെയ്തു. സംഘ്പരിവാര്‍ അവരുടെ രാഷ്ട്രീയ ലക്ഷ്യത്തിനായി സൃഷ്ടിച്ചെടുത്ത ക്രിസ്ത്യന്‍-മുസ്ലിം വിദ്വേഷത്തിന്റെ താല്‍ക്കാലിക ലാഭം ഇടതുപക്ഷത്തിന് ലഭിച്ചെങ്കിലും കേരളീയ സാമൂഹിക ജീവിതത്തെ അപകടപ്പെടുത്തും വിധം അത് വളര്‍ന്നുവികസിച്ചുകൊണ്ടിരിക്കുയാണ്. ഇടതുപക്ഷം വിചാരിച്ചാല്‍ പോലും പരിഹരിക്കാന്‍ കഴിയാത്ത രീതിയില്‍ അത് വികസിച്ചുകഴിഞ്ഞിട്ടുണ്ട്.
മാധ്യമങ്ങളെ അനുകൂലമാക്കല്‍
ഇടതുപക്ഷത്തിനും പിണറായി വിജയനുമെതിരെ നിലക്കൊള്ളുന്നവരാണ് കേരളത്തിലെ മാധ്യമങ്ങളെന്നാണ് തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും ഇടതുപക്ഷം പ്രചരിപ്പിക്കുന്നത്. എന്നാല്‍, മാധ്യമങ്ങളുടെ പരിലാളന ഇക്കാലത്ത് ഏറ്റവും കൂടുതല്‍ അനുഭവിച്ചത് ഇടതുപക്ഷം തന്നെയാണ്. മാധ്യമ മാനേജ്മെന്റിനായി കോര്‍പറേറ്റ് വൈഭവം തന്നെയാണ് ഇടതുപക്ഷം പുറത്തെടുത്തത്. ഇതിന്റെ സ്വാധീനം എല്ലാ മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളിലും പ്രകടമായിരുന്നു. സര്‍ക്കാറിനെതിരെ രൂപപ്പെട്ടുവന്ന ന്യായമായ പ്രശ്നങ്ങള്‍ പോലും അല്‍പായുസ്സില്‍ ഒടുങ്ങുന്നതാണ് കേരളം കണ്ടത്.
2018 ലെ പ്രളയം വരെ മന്ത്രിസഭായോഗം കഴിഞ്ഞ് പോലും മാധ്യമങ്ങളെ കാണാന്‍ തയ്യാറാവാതിരുന്ന മുഖ്യമന്ത്രി നിരന്തരമായി മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ തുടങ്ങി. മന്ത്രിസഭാ തീരുമാനങ്ങള്‍ വരെ പത്രക്കുറിപ്പായി നല്‍കിയിരുന്നിടത്ത് കോവിഡ് രോഗികളുടെ എണ്ണം പറയുന്ന പ്രതിദിന പത്രസമ്മേളനം മുഖ്യമന്ത്രി ആരംഭിച്ചു. നേരത്തെ എന്തെങ്കിലും ചോദിച്ചാല്‍ ക്ഷുഭിതനാവുകയും കടക്ക് പുറത്തെന്ന് ആക്രോശിക്കുകയും ചെയ്തിരുന്ന മുഖ്യമന്ത്രിയാണ് അസാധാരണ സമീപനത്തോടെ ഒരു മണിക്കൂര്‍ നേരം പത്രസമ്മേളം നടത്തിയത്. നിരന്തരം അദ്ദേഹം മാത്രം സംസാരിക്കുന്നു. ബാക്കിയുള്ളവര്‍ ഒന്നും ചോദിക്കുന്നില്ല. കോവിഡ് വന്നപ്പോള്‍ കുറെ കൂടി അനുകൂലമായി. കാരണം, നേര്‍ക്കുനേരെ മാധ്യമ പ്രവര്‍ത്തകര്‍ മുന്നിലില്ലാതെ ഓണ്‍ലൈന്‍ വഴിയായി പത്രസമ്മേങ്ങള്‍. അതേസമയം എല്ലാ മാധ്യമങ്ങളും മുഖ്യമന്ത്രിയുടെ ഒരുമണിക്കൂര്‍ ലൈവ് പ്രദര്‍ശിപ്പിക്കും. ജനങ്ങളെ സംബന്ധിച്ചിടത്തോളം അതില്‍ പറയുന്ന വിവരങ്ങള്‍ കേള്‍ക്കാന്‍ അവര്‍ നിര്‍ബന്ധിതരാണ്. ജനങ്ങള്‍ അത് കേള്‍ക്കാന്‍ കാത്തിരിക്കും. എന്താണ് ഇന്നത്തെ വിവരങ്ങള്‍, എന്താണ് ഇന്നത്തെ ഇളവുകള്‍ എന്നറിയാന്‍ കാത്തിരിക്കുന്ന ജനങ്ങളുടെ മുന്‍പിലേക്കാണ് മുഖ്യമന്ത്രി എത്തിയത്. ഈ സാധ്യത മറ്റാര്‍ക്കും ഉണ്ടായിരുന്നില്ല. പരുക്കനും കാര്‍ക്കഷ്യക്കാരനുമായി കേരളത്തിന് ദീര്‍ഘകാലം പരിചയമുള്ള ഒരാളെ സൗമ്യനും പരസ്നേഹ തല്‍പരനുമാക്കി മാറ്റാന്‍ ഈ മാധ്യമ സാന്നിധ്യത്തിലൂടെ സാധിച്ചു. നരേന്ദ്രമോദി 2014ലും 2019ലും അധികാരത്തില്‍ വരുവാന്‍ വേണ്ടി സ്വീകരിച്ച പ്രോപഗണ്ട മെക്കാനിസമാണ് ഇടതുപക്ഷം കേരളത്തില്‍ സ്വീകരിച്ചത്. അതിനെയൊന്നും മറികടക്കാന്‍ കഴിയുന്ന ഒരു സന്നാഹവും പ്രതിപക്ഷത്തിന് ഉണ്ടായിരുന്നില്ല.
കിഫ്ബി വികസനം
ജനങ്ങള്‍ക്ക് വേഗം ബോധ്യപ്പെടുന്ന റോഡ്, ആശുപത്രി, സ്‌കൂള്‍ തുടങ്ങിയ മേഖലകളില്‍ വികസനം ഉണ്ടായത് ജനപിന്തുണ വര്‍ധിപ്പിച്ച ഘടകമാണ്. എന്നാല്‍, ഇതെല്ലാം സാധിച്ചെടുത്തത് ഒരു ഇടതുപക്ഷ നയത്തിന്റെ ഭാഗമായിട്ടായിരുന്നില്ല, മറിച്ച് ഇടതുപക്ഷ നയത്തിന് വിപരീതമായി പ്രവര്‍ത്തിച്ചു കൊണ്ടായിരുന്നു. അതിലൊന്നാണ് കിഫ്ബി. വികസന ആവശ്യത്തിനുവേണ്ടി ബജറ്റിന് പുറത്ത് പൂര്‍ണമായി വായ്പയില്‍ അധിഷ്ഠിതമായി കിഫ്ബിയെ ഉപയോഗിക്കുക എന്നതായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ച രീതി.
വലിയ പലിശ ബാധ്യതയുള്ളതാണ് കിഫ്ബി. സംസ്ഥാനത്തിന്റെ കടം മൂന്നു ലക്ഷം കോടി കവിഞ്ഞിട്ടുണ്ട്. ഒന്നരലക്ഷം കോടി രൂപയാണ് അഞ്ച് വര്‍ഷം കൊണ്ട് സര്‍ക്കാര്‍ വായ്പയെടുത്തത്. ഏകദേശം 30,000 കോടി രൂപയോളം പ്രതിവര്‍ഷം പലിശ ഒടുക്കേണ്ടിവരുന്നു. അടിസ്ഥാന സൗകര്യ മേഖല അദാനി പോലുള്ള വന്‍കിട കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് വിട്ടുകൊടുക്കുന്ന രീതിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. കോര്‍പ്പറേറ്റുകളുടെ തീവ്രവികസന ആഗ്രഹങ്ങള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ നിലകൊള്ളുമ്പോള്‍ അത് സൃഷ്ടിക്കുന്ന സാമൂഹിക അസമത്വം വളരെ വലുതായിരിക്കും. ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ തൊഴില്‍ രാഹിത്യം കേരളത്തിലുണ്ടെന്നാണ് തൊഴില്‍ മന്ത്രി ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞത്. ലോകത്ത് മുതലാളിത്ത വികസന രീതി മുന്നോട്ടു വെക്കുന്ന എല്ലാ പ്രദേശങ്ങളിലും ഇത് പ്രകടമാണ്.
കോര്‍പറേറ്റ് പിന്തുണ
സുസ്ഥിര വികസനം കോര്‍പറ്റുകള്‍ക്ക് ലാഭം കുറക്കുന്ന ഒന്നാണ്. അതിനേക്കാള്‍ കുറഞ്ഞ നിക്ഷേപം കൊണ്ട് നിര്‍മിക്കപ്പെടുന്ന സുസ്ഥിര ഗവണ്‍മെന്റുകളിലൂടെ വന്‍ലാഭം ഉണ്ടാക്കാമെന്ന് തിരിച്ചറിഞ്ഞവരാണവര്‍. ജനകീയ പ്രതിഷേധങ്ങളെയും പരിസ്ഥിതി പ്രത്യാഘാതങ്ങളെയും വകവെക്കാതെ മുതലാളിത്ത താല്‍പര്യങ്ങള്‍ കര്‍ക്കശമായി നടപ്പാക്കാനുള്ള മികവ് പിണറായി സര്‍ക്കാറിനുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞത് കോര്‍പറ്റുകളാണ്. ഗെയില്‍ പൈപ്പ്ലൈന്‍, ടോള്‍പാത, എല്‍.എന്‍.ജി തുടങ്ങിയ ജനകീയ സമരമേഖലകളില്‍ ഇത് കേരളം കണ്ടതാണ്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് എന്നത് കോര്‍പറേറ്റുകള്‍ രൂപപ്പെടുത്തിയ വികസന വാചകമാണ്. കഴിഞ്ഞ അഞ്ച് കൊല്ലമായി നാം അത് കേള്‍ക്കുന്നത് ഇടതുപക്ഷത്തില്‍ നിന്നാണ്. തുടര്‍ വിജയത്തിന് ശേഷം കേരളത്തെ അഭിമുഖീകരിച്ച മുഖ്യമന്ത്രി ഈ പ്രക്രിയ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് ആവര്‍ത്തിച്ചത് കോര്‍പറേറ്റുകളോടുള്ള നന്ദി പ്രഖ്യാപനമാണ്.
കോര്‍പറേറ്റ് വാഴ്ചയുടെ ഭാഗമായുണ്ടാകുന്ന സാമൂഹിക അസമത്വം സാമൂഹിക സംഘര്‍ഷത്തിലേക്കും സമൂലമായ വിപ്ലവത്തിലേക്കും വഴി തുറന്നേക്കാം. അങ്ങനെ ഉണ്ടായാല്‍ ഭരണകൂടങ്ങള്‍ക്ക് മുന്നോട്ടുപോകാന്‍ കഴിയില്ല. കോര്‍പറേറ്റുകളുടെ നിക്ഷേപങ്ങള്‍ക്ക് സ്ഥിരത ഉണ്ടാകില്ല, അതുകൊണ്ട് അത്തരം സംഘര്‍ഷങ്ങളിലേക്ക് ജനങ്ങള്‍ പോകാതിരിക്കാന്‍ നാമമാത്രമായ വ്യക്തിഗത ആനുകൂല്യങ്ങള്‍ കൊടുക്കുക എന്നൊരു നിലപാട് മുതലാളിത്തം സ്വീകരിക്കാറുണ്ട്. ലോകബാങ്കും ഐ.എം.എഫും അംഗ രാജ്യങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം അതാണ്. കോവിഡ് കാരണം ജനങ്ങളില്‍ ദാരിദ്ര്യം വര്‍ധിച്ചിട്ടുണ്ട്. തീവ്ര ദാരിദ്ര്യവല്‍കരണത്തിലേക്ക് ലോകം കടന്നിട്ടുണ്ട്. അത് നിലനിന്നാല്‍ ഭരണകൂടങ്ങള്‍ക്കെതിരായ സംഘര്‍ഷമായി അത് വികസിക്കും. അത് ഒഴിവാക്കാന്‍ വ്യക്തിഗത ആനുകൂല്യങ്ങള്‍ നല്‍കണമെന്ന പൊതുനിര്‍ദേശം ഇപ്പോഴുണ്ട്. യഥാര്‍ഥത്തില്‍ ഈ നയമാണ് ഇടതുപക്ഷം കേരളത്തില്‍ നടപ്പാക്കിയത്. ജനങ്ങളെ വ്യക്തിഗത ആനുകൂല്യങ്ങളില്‍ പരിമിതപ്പെടുത്തി കുറഞ്ഞ വിഭവങ്ങളില്‍ സാധാരണക്കാരെ നിലനിര്‍ത്തി വന്‍തോതിലുള്ള തീവ്ര മുതലാളിത്ത സ്വകാര്യവല്‍ക്കരണ നയങ്ങള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുക എന്ന മുതലാളിത്ത വികസന രീതിയാണത്.
തീവ്രദാരിദ്ര്യ നിര്‍മാര്‍ജനം എന്നത് ഐ.എം.എഫ്, ലോകബാങ്ക് എന്നിവയുടെ നിര്‍ദേശമാണ്. ഇതും മുഖ്യമന്ത്രിയില്‍ നിന്ന് നാം കേട്ടു. സാമൂഹിക നീതി, സോഷ്യലിസം, അവസര സമത്വം, വിഭവപങ്കാളിത്തം എന്നീ ഇടതുപക്ഷ മുദ്രാവാക്യങ്ങള്‍ ഇപ്പോള്‍ കേള്‍ക്കാനില്ല. പകരം ജീവിത സൗകര്യങ്ങളില്‍ ഭൂരിപക്ഷത്തെ മിനിമൈസ് ചെയ്യുക എന്ന കോര്‍പറേറ്റ് മുതലാളിത്തത്തിന്റെ അടവുനയമാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. ഇതേ നയം ഒരു യു.ഡി.എഫ് സര്‍ക്കാറാണ് സ്വീകരിക്കുന്നതെങ്കില്‍ സമരവേലിയേറ്റങ്ങളാല്‍ കേരളം പ്രക്ഷുബ്ധമാകും. ആ ഭയം ഇടതുഭരണം തുടരുവോളം കോര്‍പറേറ്റുകള്‍ക്ക് വേണ്ടതില്ല. വികസന ഇടനാഴികളിലൂടെയും അതിവേഗ പാതകളിലൂടെയും തങ്ങളുടെ കൂറ് പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത് കേരളം കാണുന്നുണ്ട്.
സി.പി.എം സംഘടനാ ശേഷി
ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ച് സി.പി.എമ്മിന്റെ സംഘടനാ ശക്തി കേരളത്തില്‍ മറ്റാര്‍ക്കുമില്ല. മുകള്‍തട്ട് മുതല്‍ ബൂത്ത് തലംവരെ ചടുലമായ സംഘടനാ സംവിധാനമാണ് ഇടതുപക്ഷത്തിന് ഉള്ളത്. തെരഞ്ഞെടുപ്പ് സംഘാടനത്തില്‍ സംഘടനാ സംവിധാനത്തിന്റെ പിന്തുണ ഏറെ പ്രധാനമായ ഒരു സംസ്ഥാനമാണ് കേരളം. ഓരോ വോട്ടര്‍മാരെയും പ്രത്യേകമായി തന്നെ അഭിമുഖീകരിക്കാന്‍ കഴിയുന്ന തെരഞ്ഞെടുപ്പ് പദ്ധതിക്കാണ് അന്തിമ വിജയം നേടാന്‍ കഴിയുക. ഈ വൈഭവം ഇടതുപക്ഷത്തിനുണ്ട്. ഇടക്കാലത്ത് സംഭവിച്ച സംഘടനാ തളര്‍ച്ചകള്‍ വന്‍ നിക്ഷേപത്തിലൂടെ മറികടക്കാന്‍ ഭരണകാലം ഇടതുപക്ഷത്തിനെ സഹായിച്ചിട്ടുണ്ട്. അധികാരത്തിലിരിക്കുന്ന പാര്‍ട്ടികളിലേക്ക് ചേര്‍ന്നുനില്‍ക്കുക എന്ന പൊതുമനോഭാവം ഇന്ന് രാജ്യത്ത് വ്യാപകമാണ്. കേരളത്തിലും ഈ മാറ്റമുണ്ടായിട്ടുണ്ട്. ഇടതുപക്ഷത്തിന് ഈ നിലക്ക് ഒരു ആകര്‍ഷണീയത ഉണ്ടായി. ഭരണത്തില്‍ നിന്ന് വര്‍ഷങ്ങളായി അകന്നുനില്‍ക്കുന്ന മറ്റു കക്ഷികള്‍ക്ക് ഈ ആനുകൂല്യം ലഭിച്ചതുമില്ല.
ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ഇടതുപക്ഷം ഏകദേശം അവസാനിച്ചു കഴിഞ്ഞു. തിരിച്ചുവരാന്‍ കഴിയാത്ത അവസ്ഥയിലേക്കാണ് അവര്‍ എത്തിയിരിക്കുന്നത്. ഒരു കാലത്ത് ശക്തിദുര്‍ഗമായിരുന്ന ബംഗാളില്‍ ഒരു സീറ്റ് പോലും ലഭിക്കാതെ ദയനീയമായി പരാജയപ്പെട്ടു. കേരളത്തില്‍ മാത്രമാണ് ഇടതുപക്ഷം അവശേഷിക്കുന്നത്. അതുകൊണ്ട് തന്നെ അവരുടെ മുഴുവന്‍ സന്നാഹങ്ങളും കേരളത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അഭിപ്രായ വ്യത്യാസങ്ങളില്ലാത്ത ഏകശിലാ സംവിധാനമായി സംഘടനയെ മാറ്റിയെടുക്കാന്‍ അടുത്തകാലത്ത് സി.പി.എമ്മിന് കഴിഞ്ഞിട്ടുണ്ട്. മുന്‍കാലങ്ങളില്‍ പാര്‍ട്ടി സ്വീകരിച്ച വലതുപക്ഷ നയങ്ങള്‍ക്കെതിരായ ആഭ്യന്തര പ്രതിഷേധങ്ങളെ പ്രതിനിധീകരിച്ച വി.എസ് അച്യുതാനന്ദന്റെ അഭാവവും സംഘടനാ ശക്തിക്ക് കരുത്ത് വര്‍ധിപ്പിച്ചു. തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാന്‍ ഇടതുപക്ഷത്തിനെ ഇത് സഹായിച്ചിട്ടുണ്ട്.
പ്രതിപക്ഷ പരാജയം
തെരഞ്ഞെടുപ്പ് സംഘാടനത്തില്‍ യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം തികഞ്ഞ പരാജയമാണ് ഉണ്ടായത്. തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതിന് ഏകോപിതമായ ഒരു പ്ലാനും പ്രതിപക്ഷത്തിനുണ്ടായിരുന്നില്ല. ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയാത്ത നേതാക്കന്‍മാര്‍, നേതാക്കള്‍ക്കിടയിലെ ഏകോപനമില്ലായ്മ, ശക്തനായ നേതാവിനെ ഉയര്‍ത്തിക്കാണിക്കാന്‍ കഴിയാത്ത പ്രതിസന്ധി, സംഘ്പരിവാര്‍ രഷ്ട്രീയത്തോട് യഥാസമയം ഉറച്ച നിലപാട് സ്വീകരിക്കാന്‍ കഴിയാത്ത ദുര്‍ബലത, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഉള്‍പിരിവുകളെ കുറിച്ച ധാരണ ഇല്ലായ്മ, സവര്‍ണ മേധാവിത്വത്തിന് മുന്നിലുള്ള മുട്ടിലിഴയല്‍, പരിഷ്‌കരണ നവോത്ഥാന ശ്രമങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കല്‍, സാമൂഹിക അഭിപ്രായത്തെ അനുകൂലമാക്കുന്നതിനുള്ള ദീര്‍ഘ പദ്ധതിയുടെ അഭാവം, ഘടകകക്ഷികളുടെ കൊഴിഞ്ഞുപോക്ക്, സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അനിശ്ചിതത്വം, ഗ്രൂപ്പ് മാനേജര്‍മാരുടെ നിയന്ത്രണം, സംഘടനാ താല്‍പര്യങ്ങള്‍ക്കപ്പുറം വ്യക്തി പദവികള്‍ക്ക് വേണ്ടിയുള്ള കലഹം, ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനും സ്ഥിരമായി നയിക്കാനുമുള്ള സംഘടനാ ശക്തിയുടെ കുറവ്, ഭരണകൂട വീഴ്ചകളെ ജനകീയ സമരമാക്കി വികസിപ്പിക്കുന്നതിലുണ്ടായ പരാജയം, കോവിഡ് കാലത്തെ സാമൂഹ്യ പ്രവര്‍ത്തനത്തെ മനസ്സിലാക്കുന്നതിലുണ്ടായ വീഴ്ച തുടങ്ങി പ്രതിപക്ഷത്തിന്റെ ദൗര്‍ബല്യങ്ങള്‍ ഇടതുപക്ഷത്തിന്റെ വിജയത്തെ അനായാസമാക്കി.
മാധ്യമങ്ങളെയും സാമൂഹ്യ മാധ്യമങ്ങളെയും പ്രയോജനപ്പെടുത്തി പ്രതിപക്ഷത്തെ ചക്രവ്യൂഹത്തില്‍ അകപ്പെടുത്തിയ ഇടത് തന്ത്രത്തെ ഭേദിക്കാന്‍ പോയത് ഇതിന്റെ ആഴം വര്‍ധിപ്പിച്ചു. വ്യാജ ഏറ്റുമുട്ടല്‍കൊല പോലെ ഭരണകൂടത്തെ തന്നെ പുറത്താക്കാന്‍ കഴിയുന്ന ഭരണകൂട ഭീകരതക്കെതിരെ പോലും പ്രതിപക്ഷം ഉണര്‍ന്ന് എഴുന്നേറ്റില്ല. സാമ്പത്തിക സംവരണം, ഭൂമി, സംഘ്പരിവാര്‍ അജണ്ട എന്നീ കാര്യങ്ങളില്‍ പുലര്‍ത്തിയ അനിശ്ചിതത്വം പ്രതിപക്ഷത്തിന് നഷ്ടമുണ്ടാക്കിയ ഘടകങ്ങളാണ്. സാമ്പ്രദായിക രീതിയില്‍ തെരഞ്ഞെടുപ്പ് വിജയം സാധ്യമാകുമെന്ന തെറ്റിദ്ധാരണയും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ പ്രത്യേക സാഹചര്യത്തില്‍ ലഭിച്ച വിജയം ആവര്‍ത്തിക്കുമെന്ന അമിത ആത്മവിശ്വാസവും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ഉദാസീനമാക്കി. കേരളത്തിലെ 60 ശതമാനം ബൂത്തുകളിലും കോണ്‍ഗ്രസിന് ശക്തമായ കമ്മറ്റികളില്ല എന്നാണ് പൊതുവിലയിരുത്തല്‍. അവിടങ്ങളില്‍ നാമമാത്രമായ ഘടനയാണുള്ളത്. 40 ശതമാനം ബൂത്തുകളില്‍ മാത്രമാണ് പ്രവര്‍ത്തനക്ഷമത ഉള്ളത്. ഇങ്ങനെയുള്ള സംഘടന എന്തു തീരുമാനിച്ചാലും അത് ജനങ്ങളില്‍ എത്തിക്കാന്‍ സാധിക്കുകയില്ല.
സിവില്‍ പൊളിറ്റിക്സിനെ ഇല്ലാതാക്കല്‍
കേരളത്തില്‍ അധികാര രാഷട്രീയത്തിന് ശരിയായ വഴി കാണിച്ചിരുന്നത് സിവില്‍ സമൂഹ രാഷ്ട്രീയമായിരുന്നു. അത് ഉയര്‍ത്തിയ രാഷ്ട്രീയ സാഹചര്യമാണ് ഭരണകൂടങ്ങളെ നിര്‍മിക്കുകയും പുറത്താക്കുകയും ചെയ്തിരുന്നത്. ഭരണകൂടത്തിനെതിരായ ശക്തമായ ജനവികാരം ഉയര്‍ത്തിക്കൊണ്ടിവരുന്നതില്‍ കക്ഷിരാഷ്ട്രീയത്തിന്റെ പരിമിതികളില്ലാത്ത സിവില്‍ സമൂഹത്തിന് മുന്‍കാലങ്ങളില്‍ സാധിച്ചിരുന്നു. ഭരണകൂടങ്ങളെ വിലക്കുവാങ്ങാന്‍ ശേഷിയുള്ള കോര്‍പറേറ്റ് മുതലാളിത്തം പോലും അതിന് മുന്നില്‍ പരാജയപ്പെട്ടിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ അഞ്ച് വര്‍ഷം അത്തരം സാമൂഹിക മുന്നേറ്റങ്ങളില്‍ കേരളം ശൂന്യമായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കണ്ടതാണ്. സിവില്‍ രാഷ്ട്രീയത്തിന് നേതൃത്വം കൊടുക്കേണ്ടവരെ തന്ത്രപരമായി കൈപ്പിടിയിലാക്കി അവരെ പലരെയും പ്രചാരക വേഷത്തില്‍ അണിനിരത്തിയുമാണ് പൗര രാഷ്ട്രീയത്തെ ഇല്ലാതാക്കിയത്.
അടിയന്തിരാവസ്ഥയില്‍ പൊലീസ് ഭീകരതയില്‍ കൊലചെയ്യപ്പെട്ടതിനേക്കാള്‍ കൂടുതല്‍ പേരെ കഴിഞ്ഞ അഞ്ച് വര്‍ഷം കേരള പൊലീസ് ഇടിച്ചുകൊന്നു. എട്ട് പേരെ വെടിവെച്ചുകൊന്നു. അടിയന്തിരാവസ്ഥയില്‍ രാജന്റെ തിരോദാനത്തിന്റെ പേരില്‍ ഭരണകൂടങ്ങളെ പിടിച്ചുലച്ച പ്രക്ഷോഭങ്ങള്‍ക്കും സാംസ്‌കാരിക ഇടപെടലുകള്‍ക്കും നേതൃത്വം കൊടുത്ത അതേ കേരളമാണ് ഇപ്പോള്‍ മൗനത്തിലൊളിച്ചത്. ഒറ്റപ്പെട്ട രാഷ്ട്രീയ പ്രതിഷേധങ്ങള്‍ മാത്രമാണ് കേരളത്തിലുണ്ടായത്. ബുദ്ധിജീവികള്‍, എഴുത്തുകാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, കവികള്‍, മാധ്യമ പ്രവര്‍ത്തകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ഫെമിനിസ്റ്റുകള്‍, സിനിമാ പ്രവര്‍ത്തകര്‍ എന്നിവരെല്ലാം ചെറു ഭരണവീഴ്ചകളെ പോലും തുറന്നെതിര്‍ത്തിരുന്നവരാണ്. എന്നാല്‍, അവരെല്ലാം അനവധി ജനവിരുദ്ധ നയങ്ങളുടെ നടത്തിപ്പുകാരായ ഇടതുപക്ഷത്തിന്റെ താരപ്രചാരകരായി മാറുന്നതാണ് കേരളം കണ്ടത്. നിര്‍ഭയമായ ജനാധിപത്യ ഇടങ്ങളെ അനുനയത്തിലൂടെയും ഭീഷണിയിലൂടെയും പ്രലോഭനത്തിലൂടെയും ഇല്ലാതാക്കുന്ന സംഘ്പരിവാറിന്റെ ദേശീയ നയം കേരളത്തില്‍ ഇടതുപക്ഷം നടപ്പാക്കി എന്നുവേണം മനസ്സിലാക്കാന്‍.
ഒരു ജനവിധി കൊണ്ടുമാത്രം ഒരു മുന്നണി ശരിയും മറ്റുള്ളവര്‍ തെറ്റും എന്ന് വിലയിരുത്തുന്നതില്‍ അര്‍ഥമില്ല. തെരഞ്ഞെടുപ്പ് വിജയം കൊണ്ട് സകല നന്മകളുടെയും അവകാശികളാണെന്ന വാഗ്ദാനം എത്രമാത്രം അപകടകരമാണ്. അങ്ങനെയൊരു അത്യന്തത്തിക നിലപാടിലേക്ക് എത്തിയാല്‍ ഇന്ത്യയില്‍ നരേന്ദ്രമോദിയായിരിക്കും ഏറ്റവും വലിയ ശരി. ഗുജറാത്തില്‍ വംശഹത്യക്ക് ശേഷവും ഗുജറാത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാത്തുടര്‍ച്ച നേടുകയും കൂട്ടക്കുരുതിയെ മൂലധനമാക്കി പ്രധാനമന്ത്രി സ്ഥാനം കരസ്ഥമാക്കുകയും ചെയ്ത വ്യക്തിയാണ് നരേന്ദ്ര മോദി. ആദ്യ ടേമിലെ ജനം മടുക്കുന്ന അമിതാധാകരത്തിന് ശേഷം കൂടുതല്‍ സീറ്റ് രണ്ടാം തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് ലഭിച്ചു. ഒരുപക്ഷേ, ഇനി വീണ്ടും ഒരു തെരഞ്ഞെടുപ്പില്‍ അതിനേക്കാള്‍ കൂടുതല്‍ സീറ്റിലേക്ക് എത്താന്‍ അവര്‍ക്ക് കഴിഞ്ഞേക്കും. തെരഞ്ഞെടുപ്പ് എന്ന് പറയുന്നത് പ്രത്യേക സന്ദര്‍ഭത്തില്‍ മുഴുവന്‍ സന്നാഹങ്ങളോടുകൂടി വോട്ടര്‍മാരുടെ മനോഭാവത്തെ അനുകൂലമാക്കുന്ന ആസൂത്രിതമായി ഒരു പ്രോപഗണ്ടയുടെ വിജയമാണ്. ശരി തെറ്റുകളുടെ പരിശോധന സ്ഥലമല്ല, തെരഞ്ഞെടുപ്പ് പദ്ധതിയുടെ മികവാണ് തെരഞ്ഞെടുപ്പ് വിജയത്തിന്റെ അടിസ്ഥാനം.
( വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in