അവസാനമായി ഈ വിജയം പിണറായിയുടേത്
വട്ടിയൂര്‍കാവിലും കോന്നിയിലും തിളക്കമാര്‍ന്ന, അട്ടിമറി വിജയമാണ് എല്‍ഡിഎഫ് നേടിയത്. വെള്ളക്കെട്ടില്‍ കോണ്‍ഗ്രസ്സ് മുങ്ങിപോകുമെന്ന് കരുതിയിരുന്നെങ്കിലും എറണാകുളത്തെ വിജയം അവര്‍ക്കും മേയര്‍ക്കും ആശ്വാസമായി. അരൂരിലെ ഷാനിമോള്‍ ഉസ്മാന്റെ വിജയമാണ് രാഷ്ട്രീയമായി ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാന വിജയം. മഞ്ചേശ്വരത്ത് ബിജെപിക്ക് കാര്യമായ വെല്ലുവിളിയുയര്‍ത്താനായില്ല.
പാലായടക്കം ആറു നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫും എല്‍ഡിഎഫും മൂന്നു വീതം സീറ്റുകള്‍ നേടി ഒപ്പത്തിനൊപ്പമാണെന്നു പറയാം. അതേസമയം ഈ ആറു സീറ്റുകളില്‍ അരൂരൊഴികെ അഞ്ചെണ്ണവും യുഡിഎഫിന്റേതായിരുന്നു എന്നതിനാല്‍ വിജയം എല്‍ഡിഎഫിന്റേതുതന്നെ. മൂന്നു സീറ്റുകളില്‍ യുഡിഎഫ് സിറ്റിംഗ് എംഎല്‍എമാര്‍ രാജിവെച്ച് ലോകസഭയിലേക്കു മത്സരിച്ചു വിജയിച്ചതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്. അരൂരില്‍ എല്‍ഡിഎഫ് എംഎല്‍എയായിരുന്നു ലോകസഭയിലേക്കു മത്സരിച്ചു വിജയിച്ചത്. പാലായിലും മഞ്ചേശ്വരത്തും യുഡിഎഫ് എംഎല്‍എമാരുടെ മരണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.
വട്ടിയൂര്‍കാവിലും കോന്നിയിലും തിളക്കമാര്‍ന്ന, അട്ടിമറി വിജയമാണ് എല്‍ഡിഎഫ് നേടിയത്. ഇരു മണ്ഡലങ്ങളിലും എന്‍ഡിഎ ശക്തമായി പൊരുതാന്‍ ശ്രമിച്ചെങ്കിലും ഗുണമുണ്ടായില്ല. വട്ടിയൂര്‍ കാവില്‍ കുമ്മനം മത്സരിക്കാത്തതാണ് പ്രശ്‌നമെന്ന് വേണമെങ്കില്‍ വാദിക്കാം. എന്നാല്‍ കോന്നിയില്‍ മത്സരിച്ചത് ശബരിമല സമരനായകനായ സുരേന്ദ്രനായിട്ടും ഗുണമുണ്ടായില്ല. അതും ഓര്‍ത്തഡോക്‌സുകാര്‍ പിന്തുണച്ചിട്ടും. കേരളത്തില്‍ രാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ ബിജെപിയുടെ വളര്‍ച്ച പരമാവധി എത്തിയശേഷം ഇപ്പോള്‍ പുറകോട്ടാണ് എന്നാണിത് വ്യക്തമാക്കുന്നത്. മഞ്ചേശ്വരത്ത് മാത്രമാണ് രണ്ടാം സ്ഥാനത്തെങ്കിലും എത്താനവര്‍ക്കായത്. അമിത് ഷാക്ക് ബാലികേറാമലയായി കേരളം തുടരുന്നു എന്നു സാരം. ഇരുമുന്നണികളുടേയും ഏറെക്കുറെ തുല്ല്യമായ സാന്നിധ്യമാണ് ഇപ്പോഴും കേരളത്തിന്റെ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നതെന്ന് സാരം. അതിനേക്കാള്‍ പ്രധാനമാണ് സാമുദായികസംഘടനകളുടെ, പ്രതേകിച്ച് എന്‍ എസ് എസിന്റെ നിലപാടാണ് ഈ തെരഞ്ഞെടുപ്പിനെ ഏറ്റവും സ്വാധീനിക്കുക എന്ന വാദത്തെ ജനം തള്ളിയെന്നതാണ്. ശബരിമലയില്‍ കേന്ദ്രത്തിന്റേയും സംസ്ഥാനത്തിന്റേയും നിലപാടുകളുടെ പേരില്‍ സമദൂരം എന്നതുപേക്ഷിച്ച് ശരിദൂരത്തിലൂടെ യുഡിഎഫിനെ പിന്തുണച്ച എന്‍ എസ് എസിനെ ജനം തള്ളിയിരിക്കുന്നു. തീര്‍ച്ചയായും കേരളരാഷ്ട്രീയത്തെ സംബന്ധിച്ച് ഗുണകരമാണ്. കെ മുരളീധരനും അടൂര്‍ പ്രകാശും വേണ്ടത്ര പ്രവര്‍ത്തിക്കാത്തതാണ് പരാജയകാരണമെന്ന വാദമൊന്നും എല്‍ഡിഎഫ് വിജയത്തിന്റെ തിളക്കം കുറക്കുന്നില്ല. അടൂര്‍ പ്രകാശ് കാര്യമായി തന്നെ കളിച്ചു എന്നത് യാഥാര്‍ത്ഥ്യമാകുമ്പോഴും. വട്ടിയൂര്‍ കാവില്‍ മേയര്‍ ബ്രോയെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ ത്‌ന്നെ എല്‍ഡിഎഫ് വിജയം മണത്തിരുന്നു. കുമ്മനം തന്നെ മത്സരിച്ചിരുന്നെങ്കിലും ഈ വിജയത്തെ തടയാനാകുമായിരുന്നില്ല. മൂന്നാംസ്ഥാനത്തുനിന്നാണ് ഈ ഉജ്ജ്വല വിജയം.
വെള്ളക്കെട്ടില്‍ കോണ്‍ഗ്രസ്സ് മുങ്ങിപോകുമെന്ന് കരുതിയിരുന്നെങ്കിലും എറണാകുളത്തെ വിജയം അവര്‍ക്കും മേയര്‍ക്കും ആശ്വാസമായി. ഹൈക്കോടതി പോലും രൂക്ഷമായി ഇടപെട്ട വെള്ളക്കെട്ട് പ്രശ്‌നവുമായി ബന്ധപ്പെട്ട് നാളെ മേയറേയും കളക്ടറേയും തിരുവനന്തപുരത്തേക്ക് വിളിച്ച മുഖ്യമന്ത്രിയുടെ വാ്ക്കുകളുടെ മൂര്‍ച്ച ഈ ഫലം കുറക്കും. മേയര്‍ക്ക് ഒരുപക്ഷെ ആയുസ്സ് കൂടിക്കിട്ടും. മെട്രോനഗരം ഇപ്പോഴും കോണ്‍ഗ്രസ്സ് കോട്ടതന്നെ. മഞ്ചേശ്വരവും അങ്ങനെതന്നെ. കഴിഞ്ഞ തവണ സുരേന്ദ്രന്ഡ തോറ്റത് 81 വോട്ടിനായിരുന്നെങ്കില്‍ ഇക്കുറി ബിജെപിക്ക് കാര്യമായ വെല്ലുവിളിയുയര്‍ത്താനായില്ല. സുരേന്ദ്രനായിരുന്നെങ്കില്‍ വിജയിക്കുമെന്നൊക്കെ അവര്‍ക്ക് പറയാം. എന്നാല്‍ വന്‍വിജയമാണ് യുഡിഎഫ് നേടിയിരിക്കുന്നത്. സിപിഎമ്മാകട്ടെ എന്താണ് ചെയ്യേണ്ടതെന്നറിയാതെ അവിടെ ചെയ്തതെല്ലാം വിഡ്ഢിത്തങ്ങളായിരുന്നു.
ഏറ്റവും ടെന്‍ഷനുണ്ടാക്കിയ അരൂരിലെ ഷാനിമോള്‍ ഉസ്മാന്റെ വിജയമാണ് രാഷ്ട്രീയമായി ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാന വിജയം. ലിംഗനീതിയെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുമ്പോഴും അധികാരത്തിലെ സ്ത്രീപ്രാതിനിധ്യത്തില്‍ വളരെ പുറകിലാണ് കേരളം. വിനിതാ എംപിമാരുടേയും എംഎല്‍മാരുടേയും എണ്ണത്തില്‍ നമ്മുടെത് ഒരുകാലത്തും അഭിമാനകരമായ നേട്ടമായിട്ടില്ല. ഇവിടുത്തെ എല്ലാ പ്രധാന പാര്‍ട്ടികളളും വനിതാസംവരണത്തിനായി വാദിക്കുന്നവരും പ്രവര്‍ത്തിയില്‍ അതിനെ തുരങ്കം വെക്കുന്നവരുമാണ്. ഇപ്പോള്‍ നടന്ന ആറു ഉപതെരഞ്ഞെടുപ്പുകളില്‍ സീറ്റു ലഭിച്ച ഏക വനിതാ സ്ഥാനാര്‍ത്ഥിയായിരുന്നു ഷാനിമോള്‍. അവരാകട്ടെ ലോകസഭയിലേക്ക് തോറ്റ ഏക യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്നു. അതിനാല്‍ തന്നെ അവരുടെ വിജയം രാഷ്ട്രീയകേരളത്തിന് അനിവാര്യമായിരുന്നു. ആരിഫിന്റെ 37000 വോട്ട് ഭൂരിപക്ഷത്തെ മറികടന്നാണ് അവര്‍ വിജയിച്ചത്. പ്രതിപക്ഷത്തെ ഏക വനിതാ എം എല്‍ എ കൂടിയാണ് ഇപ്പോള്‍ ഷാനിമോള്‍. അതുകൊണ്ടൊക്കെയാണ് രാഷ്ട്രീയമായി ഏറ്റവും പ്രധാന വിജയമായി ഇതുമാറുന്നത്.
അവസാനമായി ഈ തെരഞ്ഞെടുപ്പു ഫലങ്ങളെ ഒറ്റവാക്കില്‍ പറഞ്ഞാല്‍ പിണരായി വിജയന്റെ വിജയം എന്നു തന്നെ പറയേണ്ടിവരും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും പിന്നീട് നിയമസഭയിലേക്കും നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ അത് അദ്ദേഹത്തിനും എല്‍ഡിഎഫിനും നല്‍കുന്ന കരുത്ത് ചെറുതല്ല താനും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in