പുതുവൈപ്പിന്‍ ജനത വീണ്ടും പോരാട്ടത്തിലേക്ക്
തുടര്‍ച്ചായ സമരങ്ങളുടെ ഫലമായി നിര്‍ത്തിവെച്ചിരുന്ന പ്രവര്‍ത്തനമാണ് ഏകക്ഷീയമായി വീണ്ടും തുടങ്ങാനായി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സ്വാഭാവികമായും വരാന്‍ പോകുന്നത് ശക്തമായ ജനകീയപോരാട്ടങ്ങളായിരിക്കും എന്നുറപ്പ്.
ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന പുതുവൈപ്പ് എല്‍.പി.ജി പ്ലാന്റിന്റെ നിര്‍മ്മാണവുമായി മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ നീക്കം. വന്‍ സുരക്ഷാ മുന്‍കരുതലുകളോടെയാണ് നിര്‍മ്മാണം ആരംഭിക്കുന്നത്. വലിയ പോലീസ് സന്നാഹത്തെ രംഗത്തിറക്കിയും സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചുമാണ് നിര്‍മ്മാണം തുടങ്ങാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. എന്നാല്‍ എന്തുവില കൊടുത്തും അതു തടയാനാണ് നാട്ടുകാരുടേയും സമരസമിതിയുടേയും തീരുമാനം.
ഏഷ്യയില്‍ തന്നെ ഏറ്റവും ജനസാന്ദ്രതയില്‍ മത്സ്യ തൊഴിലാളികള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശമാണ് എറണാകുളം ജില്ലയുടെ വടക്കേ അറ്റത്ത് പറവൂരിനു താഴെയുള്ള കടലോര പ്രദേശമായ പുതുവൈപ്പിന്‍. . പതിനൊന്നര കിലോമീറ്റര്‍ ചുറ്റളവ് മാത്രമുള്ള ഇവിടെ പകുതി ഭാഗം വെള്ളമാണ്. അവിടെയാണ് 65000 കുടുംബങ്ങള്‍ താമസിക്കുന്നത്. ഭൂരിഭാഗം ജനങ്ങളും പിന്നോക്ക സാമൂഹ്യ സാഹചര്യങ്ങള്‍ ഉള്ളവര്‍. 1995 കാലഘട്ടത്തില്‍ എറണാകുളം നഗരം തന്നെ കയ്യടക്കിക്കൊണ്ട് കുടിവെള്ള സമരം നടത്തി അവകാശം നേടിയെടുത്തവരാണ് പുതുവൈപ്പിന്‍ ജനത. ആ പ്രക്ഷോഭത്തിലൂടെയാണ് പ്രദേശത്തുള്ളവര്‍ക്ക് ഹെഡ്കോ പദ്ധതിവഴി കുടിവെള്ളമെത്തുന്നത്.കൂടാതെ വൈപ്പിന്‍ എറണാകുളം പാലം സമരം, കര്‍ഷക തൊഴിലാളി സമരം, ചെത്ത് തൊഴിലാളി സമരം, ഫെറി ചാര്‍ജ് വര്‍ദ്ധിപ്പിച്ചപ്പോള്‍ അതിനായി നടത്തിയ സമരം, മദ്യവിരുദ്ധ സമരം, ജപ്തി വിരുദ്ധ സമരം തുടങ്ങി വലിയ സമര പാരമ്പര്യം തന്നെ ഈ ജനതക്കുണ്ട്. അവര്‍ക്കുമേലാണ് എല്‍ എന്‍ ജി പദ്ധതി അടിച്ചേല്‍പിക്കാന്‍ ഭരണകൂടം ശ്രമിക്കുന്നത്.
കടല്‍ തീരത്തു ഭൂമിക്കടിയില്‍ തയ്യാറാക്കുന്ന കൂറ്റന്‍ ടാങ്കുകളിലേക്ക് ജെട്ടിയില്‍ വന്നു നില്‍ക്കുന്ന ഇന്ധന കപ്പലില്‍ നിന്നും പ്രകൃതി വാതകം പൈപ്പ് വഴി ടാങ്കുകളില്‍ ശേഖരിക്കുകയും അവിടെ നിന്ന് സംസ്ഥാനത്തിന്റെ മറ്റു സ്ഥലങ്ങളിലേക്ക് വിതരണം ചെയ്യുകയുമാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പ്രകൃതി വാതക ടെര്‍മിനല്‍ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. പ്രകൃതി വാതകം ഉയര്‍ന്ന മര്‍ദ്ദത്തില്‍ ദ്രവീകരിപ്പിക്കുന്ന പ്രവര്‍ത്തനവും ഇവിടെ നടക്കും. ഈ ദ്രാവകരൂപത്തിലുള്ള പ്രകൃതി വാതകമായിരിക്കും പുറത്തേക്ക് കൊണ്ടുപോകുക.
പദ്ധതിക്കെതിരെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ പിന്തുണയൊന്നും ഇല്ലാതെ പ്രദേശവാസികളാണ് ജനകീയ സമരം നടത്തുന്നത്. . ഏതു നിമിഷവും അപകടം സമ്മാനിക്കാവുന്ന മനുഷ്യ നിര്‍മിത ബോംബായാണ് സമരക്കാര്‍ പദ്ധതിയെ വിശേഷിപ്പിക്കുന്നത്. പദ്ധതി നിലനില്‍ക്കുന്ന സ്ഥലവും ജനങ്ങളുടെ വീടുകളും തമ്മില്‍ കേവലം 30 മീറ്റര്‍ ദൂരം മാത്രമേ പലസ്ഥലത്തും വ്യത്യാസമുള്ളൂ. പദ്ധതിയുടെ ചുറ്റുമതില്‍ നിര്‍മാണം പരിസ്ഥിതി മന്ത്രാലയത്തിന്റെ പോലും അനുമതി വാങ്ങാതെയാണ് നടപ്പാക്കിയത്. തീരദേശ പരിപാലന നിയമത്തിന്റെ കടുത്ത ലംഘനമാണ് ഇവിടെ നടക്കുന്നതെന്ന് ഒറ്റനോട്ടത്തില്‍ തന്നെ കാണാനാകും.
ജനങ്ങള്‍ക്കിടയില്‍ അവബോധം നല്‍കാന്‍ കമ്പനി പുറത്തിറക്കിയ പുസ്തകത്തില്‍ പറയുന്നത് പ്രകൃതി വാതകം ചോര്‍ന്നു പുറത്തേക്ക് വന്നാല്‍ 6 മിനിറ്റ് ദൈര്‍ഘ്യമുള്ള സൈറണ്‍ മുഴങ്ങും. അപ്പോള്‍ കാറ്റിന്റെ ഗതി നോക്കി ഓടണം എന്നാണ്. കാറ്റിന്റെ ഗതി നോക്കാന്‍ പോലും അവര്‍ വഴി പറയുന്നുണ്ട്. തൂവാല പിടിച്ചോ മണ്ണ് തൂവിയിട്ടോ അത് മനസിലാക്കാം എന്നിട്ട് ആ ദിശയില്‍ ഓടണം എന്നാണ്. രാത്രി ആണെങ്കില്‍ ശബ്ദമുണ്ടാക്കി അയല്‍ക്കാരെ വിവരം അറിയിക്കാനും വളര്‍ത്തുമൃഗങ്ങളെ കെട്ടഴിച്ചു വിടു വാനും നിര്‍ദേശങ്ങള്‍ ഉണ്ട്. അപകടം ഉണ്ടാകുമോ ഇല്ലയോ എന്നുള്ള തിനെക്കുറിച്ചു കമ്പനിക്ക് ഉറപ്പില്ല എന്നാണ് ഇതെല്ലാം തെളിയിക്കുന്നത്.
15450 ടണ്‍ ശേഷിയുള്ള കൂറ്റന്‍ ടാങ്കുകളാണ് പുതുവൈപ്പിനില്‍ സ്ഥാപിക്കാന്‍ പോകുന്നത്. 500 ഓളം ടാങ്കറുകളാണ് ദിനംപ്രതി ഇവിടെ നിന്ന് വാതകവുമായി പോകുക. പദ്ധതിക്കെതിരെ സമരം ആരംഭിക്കുന്നത് 2009 ലാണ്. 2010 റിപ്പബ്ലിക് ദിനത്തില്‍ ആയിരങ്ങള്‍ കൈകോര്‍ത്ത മനുഷ്യചങ്ങല തീര്‍ത്തു. ഒരു ഘട്ടത്തില്‍ സ്ഥലം എം.എല്‍.എ എസ് ശര്‍മ്മ സമരത്തില്‍ പങ്കെടുത്തിരുന്നു. 2012 ല്‍ കമ്മീഷന്‍ ചെയ്യും എന്ന് പറഞ്ഞ പദ്ധതിക്ക ഇപ്പോഴും അടിസ്ഥാന സൗകര്യ വികസനം പോലും പൂര്‍ത്തിയാക്കിയിട്ടില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പഠനസംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘവും മുന്‍ ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ വി എസ് വിജയന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന മറ്റൊരു സംഘം നടത്തിയ പഠനവും പദ്ധതി ജനജീവിതത്തെ ബാധിക്കും എന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളതാണ്. മേഖലയിലെ മണ്ണെടുപ്പ്, അവിടെ ഉണ്ടാകാവുന്ന അത്യാഹിതങ്ങള്‍, കടല്‍ ജലം ഒഴുകിപ്പോകാനായി വികസനം കൊടുക്കേണ്ടതായ ഡ്രൈനേജ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചെല്ലാം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൂടാതെ കക്ക ശേഖരിച്ചു ജീവിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം കൊടുക്കണം, മത്സ്യത്തൊഴിലാളി സമൂഹത്തിന്റ പരമ്പരാഗതമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നൊക്കെ നിര്‍ദ്ദേശിക്കുന്നു. മത്സ്യത്തൊഴിലാളികളുടെ കടലിന്മേലുള്ള പാരമ്പരാഗതമായ അവകാശങ്ങള്‍ ഈ പദ്ധതി ഹനിക്കുന്നുണ്ട് എന്നത് തന്നെയാണ് വസ്തുത. വീടുകള്‍ അപകടമേഖലയില്‍ വരുന്നുണ്ട് എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വര്‍ഷക്കാലത്തെ അപകടകരമായ തിരമാലകള്‍, കൊടുങ്കാറ്റ്, സമുദ്ര നിരപ്പുയരുന്നത് തുടങ്ങി സുനാമി വരെയുള്ള അപകടസാധ്യതകള്‍ കണക്കിലെടുത്താവണം റിസ്‌ക് അനാലിസിസ് എന്നതാണ് മറ്റൊരു പ്രധാന നിര്‍ദേശം. പദ്ധതി പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ പ്രദേശത്തുകൂടി വരുന്ന ആയിരക്കണക്കിന് ടാങ്കര്‍ ലോറികള്‍ മുതല്‍ വലിയ വാന്‍ ഗ്യാസ് ടാങ്കുകള്‍ വരെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു.
എന്നാല്‍ ഇതിലൊന്നും തന്നെ പദ്ധതി അപകട സാധ്യത നിലനില്‍ക്കുന്നതാണെന്നോ അപകടസാധ്യത ഉണ്ടെങ്കില്‍ അത് എത്രമാത്രം ജനങ്ങളെ ബാധിക്കുന്നതാണെന്നോ ചര്‍ച്ച ചെയ്യുന്നില്ല എന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ ഈ സമിതിയുടെ നിര്‍ദേശങ്ങള്‍ സമര സമിതി തള്ളി ക്കളഞ്ഞിരുന്നു. ദേശീയ ഹരിത ട്രിബുണല്‍ പദ്ധതിക്ക് അനുമതി നല്‍കിയത് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. അനുമതി നല്‍കിയ ബെഞ്ചിന് വൈദഗ്ദ്യം ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണ് നിയമസാധുത ഇല്ലെന്നുള്ള സുപ്രീം കോടതി വിധി.
പരിസരത്ത് പ്രശ്‌ന ബാധിതരായ ജനങ്ങളാണ് സമരം മുന്നോട്ട്് കൊണ്ടുപോകുന്നത്. പ്രക്ഷോഭത്തിന്റെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്തത് സംസ്ഥാന ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദനായിരുന്നു. അതുകൂടാതെ വി എം സുധീരനെപോലെയുള്ള നേതാക്കളും നിരവധി സാംസ്‌കാരിക നായകരും പരിസ്ഥിതി പ്രവര്‍ത്തകരും സമരസംഘടനകളും സമരത്തോട് ഐക്യപ്പെട്ടിട്ടുണ്ട്. പതിവുപോലെ തീവ്രവാദികളെന്ന ആരോപണമാണ് സമരത്തിനെതിരെ സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. 2017ല്‍ പോലീസ് നടത്തിയ ക്രൂരമായ ലാത്തിചാര്‍ജ്ജില്‍ കുട്ടികളടക്കം 40 പേര്‍ ആശുപത്രിയിലായി. തൊട്ടടുത്ത ദിവസങ്ങളിലും മര്‍ദ്ദനങ്ങള്‍ നടന്നു. 400ഓളം പേരെ കള്ളകേസുകളില്‍ കുടുക്കി. സംഭവത്തില്‍ പ്രതിഷേധിച്ച് പോലീസ് ആസ്ഥാനത്തേക്ക് വമ്പിച്ച ജനകീയ മാര്‍ച്ച് നടന്നു. കമ്മീഷ്ണര്‍ യതീഷ് ചന്ദ്രക്ക് എതിരെ കടുത്ത വിമര്‍ശനവുമായി മനുഷ്യാവകാശ കമ്മീഷന്‍ രംഗത്തെത്തി. യതീഷ് ചന്ദ്രയോടു നേരിട്ട് ഹാജരാകാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് നടന്ന തെളിവെടുപ്പില്‍ മര്‍ദനം അഴിച്ചു വിട്ട യതീഷ് ചന്ദ്രയെ മര്‍ദനമേറ്റ കുട്ടികളില്‍ ഒരാളായ ഏഴുവയസുകാരന്‍ അലന്‍ ചൂണ്ടിക്കാണിച്ചു കൊടുത്ത ചിത്രം വൈറലായിരുന്നു. തുടര്‍ച്ചായ ഈ സമരങ്ങളുടെ ഫലമായി നിര്‍ത്തിവെച്ചിരുന്ന പ്രവര്‍ത്തനമാണ് ഏകക്ഷീയമായി വീണ്ടും തുടങ്ങാനായി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സ്വാഭാവികമായും വരാന്‍ പോകുന്നത് ശക്തമായ ജനകീയപോരാട്ടങ്ങളായിരിക്കും എന്നുറപ്പ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in