രാഷ്ട്രീയപ്രസ്ഥനങ്ങള്‍ 33% സീറ്റില്‍ സ്ത്രീകളെ മത്സരിപ്പിക്കണം

ഈ ആവശ്യമുന്നയിച്ച്, വോട്ടവകാശ സമരത്തിലെ ധീര രക്തസാക്ഷി എമിലി ഡേവിസന്റെ ജന്മദിനമായ ഒക്ടോബര്‍ 11 ന് തുല്യ പ്രാതിനിധ്യ പ്രസ്ഥാനം കൊടുങ്ങല്ലൂരില്‍ ‘സ്ത്രീ അവകാശ പ്രഖ്യാപനം’നടത്തുകയാണ്.

ഏറെ കാത്തിരിപ്പിനു ശേഷം 2023 സെപ്റ്റംബര്‍ 29 ന് ലോകസഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സീറ്റുകള്‍ സംവരണം ചെയ്തു കൊണ്ടുള്ള ബില്‍ നിയമമായിരിക്കുകയാണ്. 1996 ല്‍ ആദ്യ ബില്‍ അവതരിപ്പിച്ച ശേഷം 27 വര്‍ഷമെടുത്തു നിയമനിര്‍മാണസഭകളില്‍ സ്ത്രീകള്‍ക്ക് പരിമിതമായ മൂന്നിലൊന്ന് പ്രാതിനിധ്യമെങ്കിലും ഉറപ്പിച്ചെടുക്കാന്‍. എന്നാല്‍, ഈ നിയമത്തിന്റെ ഗുണഫലം അടുത്തെങ്ങും സ്ത്രീകള്‍ക്ക് ലഭിക്കരുത് എന്ന ഗൂഢലക്ഷ്യത്തോടെ, അതിവിചിത്രമായ വൃവസ്ഥകള്‍ക്കു വിധേയമായാണ് നിയമം നിലവില്‍ വന്നിട്ടുള്ളത്. 2021 ല്‍ നടക്കേണ്ടിയിരുന്ന, എപ്പോഴാണ് നടത്തുക എന്ന് ഇനിയും നിശ്ചയിച്ചിട്ടില്ലാത്ത ജനസംഖ്യാ കണക്കെടുപ്പിനും (Census) തുടര്‍ന്നു നടത്തുന്ന മണ്ഡല പുനര്‍നിര്‍ണയത്തിനും ശേഷമാണ് നിയമം നടപ്പാക്കുക എന്നാണ് വൃവസ്ഥ ചെയ്തിട്ടുള്ളത്. എട്ടോ പത്തോ വര്‍ഷം വേണ്ടി വരും ആ പ്രക്രിയ പൂര്‍ത്തീകരിക്കാന്‍. നിയമപരമായി സ്ത്രീകള്‍ക്ക് അവകാശപ്പെട്ട മൂന്നിലൊന്ന് പ്രാതിനിധ്യം അനാവശ്യവും അന്യായവുമായ ഒരു വ്യവസ്ഥ ഏര്‍പ്പെടുത്തി അടുത്ത ഒരു ദശവര്‍ഷക്കാലത്തേക്ക് നിഷേധിക്കുകയാവും ഇതിന്റെ ഫലം. രാജ്യം കാത്തിരുന്ന വിപ്ലവകരമായ ഒരു രാഷ്ട്രീയ തീരുമാനത്തിന്റെ ക്രെഡിറ്റ് കൈക്കലാക്കുകയും അതുവഴി 2024 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കാന്‍ ശ്രമിക്കുകയും അതേസമയം സ്ത്രീകള്‍ രാഷ്ട്രീയാധികാരത്തില്‍ എത്തുന്നത് സൂത്രത്തില്‍ ഒഴിവാക്കുകയും ചെയ്യുകഎന്ന BJP യുടെ നീചതന്ത്രമാണ് ഈ വിചിത്രമായ നിയമനിര്‍മാണത്തിനു പിന്നില്‍.

പ്രതിപക്ഷ കക്ഷികളെല്ലാം മേല്‍ പറഞ്ഞ വ്യവസ്ഥകളെ എതിര്‍ത്തു കൊണ്ടുതന്നെയാണ് ബില്ലിന് അനുമതി നല്‍കിയത്. സ്ത്രീകള്‍ക്ക് അവകാശപ്പെട്ട 33 ശതമാനം സംവരണം ഉടന്‍ നടപ്പിലാക്കണമെന്ന് അവര്‍ ആവശ്യപ്പെടുകയുണ്ടായി. അത് നിരാകരിച്ചു കൊണ്ടാണ് BJP തങ്ങള്‍ക്കുള്ള വന്‍ ഭൂരിപക്ഷം ഉപയോഗിച്ച് നിയമം ഇന്നത്തെ രൂപത്തില്‍ പാസാക്കിയെടുത്തത്. ഈ അവസ്ഥയില്‍ നിയമം പ്രാബല്യത്തില്‍ വരാന്‍ കാത്തിരിക്കാതെ, ഇനി വരുന്ന പാര്‍ലമെന്റ്-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ 33 ശതമാനം സീറ്റുകളിലെങ്കിലും സ്ത്രീ സ്ഥാനാര്‍ഥികളെ വിജയിപ്പിച്ച് മാതൃക കാണിക്കാനുള്ള രാഷ്ട്രീയപരവും ധാര്‍മികവുമായ ഉത്തരവാദിത്തം പ്രതിപക്ഷ കക്ഷികള്‍ക്കുണ്ട്.

1996 സെപ്തംബറിലാണ് ദേവഗൗഡ സര്‍ക്കാര്‍ 81-ആം ഭരണഘടനാ ഭേദഗതി ബില്ലായി സ്ത്രീ സംവരണ ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചത്.27 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷവും അത് യാഥാര്‍ത്ഥ്യമാകാതിരിക്കുന്നത് അതിനു വേണ്ടിയുള്ള ഇച്ഛാശക്തി ശക്തമല്ലാത്തതുകൊണ്ടാണ്. വോട്ടവകാശവും സ്ഥാനാര്‍ത്ഥിയാകാനുള്ള അവകാശവും ഉള്‍പ്പെടെയുള്ള പൗരാവാകാശങ്ങള്‍ സ്ത്രീകള്‍ സമരങ്ങളിലൂടെ നേടിയെടുത്തതാ ണ്.പുരുഷന് പൗരാവകാശങ്ങള്‍ ജന്‍മനാ ലഭിക്കുന്നതും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ലൈംഗിക വിഭാഗങ്ങള്‍ക്ക് ചോദിച്ചു വാങ്ങേണ്ടതുമാണ് എന്ന അവസ്ഥ തന്നെയാണ് ഇന്നും നിലനില്‍ക്കുന്നത്. മത്സരിക്കാനും നിയമനിര്‍മ്മാണ സഭകളിലും അധികാരത്തിലും എത്താനും നിയമപരമായ ഒരു തടസ്സവുമില്ലെങ്കിലും നിലനില്‍ക്കുന്ന സാമൂഹ്യ രാഷ്ട്രീയ കാരണങ്ങളാല്‍ ഇപ്പോഴും 15% ത്തില്‍ താഴെ സ്ത്രീകള്‍ക്കു മാത്രമാണ് അധികാരസ്ഥാനങ്ങളില്‍ എത്താന്‍ കഴിഞ്ഞിട്ടുള്ളത്. 33% അല്ല തുല്യ പ്രാതിനിധ്യമാണ് സ്ത്രീകള്‍ക്ക് വേണ്ടത് എന്നിരിക്കിലും 33% പോലും യാഥാര്‍ത്ഥ്യമാവാന്‍ 2029 വരെ കാത്തിരിക്കണമെന്ന് പറയുന്നത് നീതി നിഷേധം തുടരലാണ്. ജനാധിപത്യ സമൂഹം രാഷ്ട്രീയ പാര്‍ട്ടികളോട് സംഘടിതമായി ഇനിയെങ്കിലും , അധികാരസ്ഥാനങ്ങളിലെ തുല്യ പ്രാതിനിധ്യത്തിനു വേണ്ടിയുള്ള ആവശ്യം ഉന്നയിക്കേണ്ടിയിരിക്കുന്നു. അതല്ലെങ്കില്‍ കഴിഞ്ഞ തലമുറ പോരാടി നേടിയ അവകാശം വൃഥാവിലാവുകയാണ്.ജനാധിപത്യവാദികളെ മുഴുവന്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സ്ത്രീകളുടെ മുന്‍കയ്യില്‍ തുല്യ പ്രാതിനിധ്യത്തിനു വേണ്ടി ഒരു മുന്നേറ്റം രൂപപ്പെടേണ്ടതുണ്ട്

നിലവില്‍ ലോക സഭയിലെ സ്ത്രീ പ്രാതിനിധ്യം 14.4 ശതമാനവും രാജ്യസഭയില്‍ 12.24 ശതമാനവും സംസ്ഥാന നിയമസഭയില്‍ 7.86 ശതമാനവും മാത്രമാണുള്ളത്. പ്രതിപക്ഷ കക്ഷികള്‍ മുഴുവന്‍ സീറ്റുകളും കൈയാളുന്ന കേരളത്തില്‍ നിന്ന് 2024 ലെ തെരഞ്ഞെടുപ്പില്‍ 20 ല്‍ 7 മണ്ഡലങ്ങളില്‍ നിന്നെങ്കിലും സ്ത്രീകളെ ലോക്‌സഭയിലേക്ക് തെരഞ്ഞെടുത്തയച്ച് നമുക്ക് മാതൃക കാണിക്കാന്‍ കഴിയണം. കേരളത്തിലെ ഇടതു-വലതു മുന്നണികള്‍ അതിനു തയ്യാറാവണമെന്ന് തുല്യ പ്രാതിനിധ്യപ്രസ്ഥാനം ആവശ്യപ്പെടുന്നു.

നിയമനിര്‍മാണ സഭകളിലെ സംവരണം മാത്രമല്ല, ലോകത്തെവിടെയും സ്ത്രീകള്‍ തങ്ങളുടെ അടിസ്ഥാനാവകാശങ്ങള്‍ പോലും നേടിയിട്ടുള്ളത് സുദീര്‍ഘമായ സമരങ്ങള്‍ക്കും വലിയ ത്യാഗങ്ങള്‍ക്കും ശേഷമാണ്. വോട്ടവകാശത്തിനു വേണ്ടി പാശ്ചാത്യ രാജ്യങ്ങളിലെ സ്ത്രീകള്‍ക്ക് പതിറ്റാണ്ടുകള്‍ പോരാടേണ്ടി വന്നു. വോട്ടവകാശ സമരത്തിലെ ധീര രക്തസാക്ഷി എമിലി ഡേവിസന്റെ ഓര്‍മ സ്ത്രീകളുടെ അവകാശ സമരങ്ങള്‍ക്ക് വലിയ ഊര്‍ജം നല്‍കുന്നതാണ്. എമിലി ഡേവിസന്റെ ജന്മദിനമായ ഒക്ടോബര്‍ 11 ന് മേല്‍പറഞ്ഞ ആവശ്യം ഉന്നയിച്ച് തുല്യ പ്രാതിനിധ്യ പ്രസ്ഥാനം കൊടുങ്ങല്ലൂരില്‍ ‘സ്ത്രീ അവകാശ പ്രഖ്യാപനം’നടത്തുകയാണ്. വോട്ടവകാശ സമരത്തെ അധികരിച്ചു നിര്‍മിച്ച Suffragette എന്ന സിനിമയുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും.

സംഘാടകര്‍ക്കുവേണ്ടി

പ്രൊഫ: കുസുമം ജോസഫ്, സ്മിത.പി.കുമാര്‍, രമ.കെ.എം., വിനയ എന്‍.എ, നെജു ഇസ്മയില്‍, സുല്‍ഫത്ത് എം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply