മഹാമാരിയുടെ ഒരു ഘട്ടവും വ്യവസ്ഥാനിരപേക്ഷമല്ല

പ്രകൃതിയും മനുഷ്യനുമായുള്ള വൈരുദ്ധ്യാത്മക ബന്ധം തിരിച്ചറിഞ്ഞും നിലനില്‍ക്കുന്ന വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങളുമായി അതിനെ ചേര്‍ത്തു വച്ചും കൊണ്ടാകണം കോവിഡ് എന്ന മഹാമാരിയെ ഡയലക്ടിക്കലായി വായിച്ചെടുക്കാന്‍. കാരണം നാലായിരം വര്‍ഷം മുന്നേ ജന്മം കൊണ്ട ക്ഷയരോഗത്തിന്റെ ബാക്ടീരിയ ഇന്നും നിരവധി മനുഷ്യരില്‍ നിലവിലുണ്ട്. ശരീരത്തിന്റെ പല ഭാഗങ്ങളെ ബാധിക്കുന്നവയായും, ശരീരത്തില്‍ ദീര്‍ഘകാലം നിലനിന്ന് ചിലപ്പോള്‍ മാത്രം അസുഖമുണ്ടാക്കുന്നവയായും, മുന്നേ ഉപയോഗിച്ചിരുന്ന പല മരുന്നുകളേയും അതിജീവിക്കുന്നവയായും ഈ ബാക്ടീരിയയുടെ പല വകഭേദങ്ങള്‍ ഉണ്ടായിക്കഴിഞ്ഞിട്ടുണ്ട്. ഓരോ മനുഷ്യശരീരത്തിന്റെയും രോഗപ്രതിരോധശേഷിയോടിടഞ്ഞ് തോറ്റും ജയിച്ചുമാണ് ഈ പരിണാമം തുടരുന്നത്. അതുകൊണ്ടു തന്നെ ക്ഷയരോഗത്തിനെതിരേ കൂടുതല്‍ മികച്ച വാക്‌സിനു വേണ്ടിയുള്ള ഗവേഷണങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. ഇത്തരത്തില്‍ ഡയലക്ടിക്കലായല്ലാതെ കോവിഡ് മഹാമാരിയെയും നേരിടാനാവില്ല. ആശയപരമായ വ്യക്തതയും പ്രയോഗത്തിനായുള്ള കൃത്യമായ രാഷ്ട്രീയപരിപാടിയും ഈ പ്രക്രിയയിലൂടെയാണ് ഉരുത്തിരിയുക – കൊവിഡും മുതലാളിത്തവുമായുള്ള ബന്ധത്തെ കുറിച്ച് എം എ ബേബി, കെ വേണു, കെ മുരളി എന്നിവരുടെ അഭിപ്രായങ്ങളോട് KFRI യിലെ ശാസ്ത്രജ്ഞന്‍ ഡോ ടി വി സജീവ് പ്രതികരിക്കുന്നു.

ചര്‍ച്ച തുടങ്ങുന്നത് സഖാഖ് എം.എ ബേബിയുടെ ഒരു വീഡിയോ ക്ലിപ്പില്‍ നിന്നാണ്. കോവിഡ് എന്ന മഹാമാരിക്കെതിരെ ലോകമെമ്പാടും പ്രതിരോധ പ്രവര്‍ത്തനങ്ങളും അതിജീവന പ്രവര്‍ത്തനങ്ങളും നടത്തുന്ന സമയത്ത് അദ്ദേഹം പറഞ്ഞ പ്രധാനപ്പെട്ട കാര്യം ഈ കോവിഡ് ബാധ സൃഷ്ടിച്ചത് ആഗോളമുതലാളിത്തമാണ് എന്നും അതുകൊണ്ടു തന്നെ ഈ മഹാമാരിക്കെതിരേയുള്ള സമരങ്ങള്‍ മുതലാളിത്തത്തിനെതിരേയുള്ള സമരങ്ങള്‍ കൂടി ആകണം എന്നുമാണ്.

ഇതിനെതിരെ കെ. വേണു പ്രതികരിക്കുകയുണ്ടായി. അതിനദ്ദേഹം പറഞ്ഞ കാരണം, കൊവിഡ് ഉത്ഭവിച്ചത് ഒരു വെറ്റ് മാര്‍ക്കറ്റില്‍ നിന്നാണ്. അതാത് സമയത്ത് വരുന്നവര്‍ക്ക് ഇറച്ചി മുറിച്ച് കൊടുക്കുന്ന സ്ഥലമാണ് വെറ്റ് മാര്‍ക്കറ്റ്. ഇത്തരത്തിലുളള മാര്‍ക്കറ്റുകള്‍ ലോകത്ത് പലഭാഗങ്ങളിലും പണ്ട് മുതലേ നിലവിലുണ്ട്. അതുകൊണ്ട് ഈ മഹാമാരിക്ക് കാരണം തീവ്ര മുതലാളിത്തമാണ് എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. പക്ഷേ കോവിഡ്-19 ന്റെ വ്യാപനത്തിന് മുതലാളിത്തം കാരണമാണ് എന്ന് കെ. വേണു സമ്മതിക്കുന്നുമുണ്ട്. അതായത് വലിയ തോതില്‍ മറ്റ് സ്ഥലങ്ങളിലേക്കുള്ള യാത്രകളും വിഭവങ്ങള്‍ക്കുവേണ്ടിയുള്ള അന്വേഷണങ്ങളുമൊക്കെ നടത്തുന്ന ചെനീസ് മുതലാളിത്തത്തിന്റെ പങ്കു കൊണ്ടാണ് ഇത് വലിയ തോതില്‍ വ്യാപിച്ചത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ സഖാവ് വേണു പറയുന്നത് ഈ മഹാമാരിയുടെ ഉത്ഭവത്തില്‍ മുതലാളിത്തത്തിന് പങ്കില്ല, പക്ഷേ വ്യാപനത്തില്‍ കൃത്യമായ പങ്കുണ്ട് എന്നാണ്. പക്ഷേ ആ മുതലാളിത്തമാകട്ടെ, സോഷ്യലിസം എന്ന പേരില്‍ നിലനില്‍ക്കുന്ന ചൈനയിലെ മുതലാളിത്തമാണ്.

തുറന്ന ഒരു വിപണിയില്ലാത്തതുകൊണ്ടാണ് സോവിയറ്റ് മോഡല്‍ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങള്‍ തകര്‍ന്നു പോയത്. തുറന്ന വിപണിയെ ആശ്ലേഷിച്ചു എന്നുള്ളതുകൊണ്ടാണ് മാവോക്കുശേഷം ചൈനക്ക് പിടിച്ചു നില്‍ക്കാനായത്. അതുകൊണ്ടുതന്നെ തുറന്ന വിപണിയുമായുള്ള ചങ്ങാത്തം ഇല്ലാതെ നിലനില്‍ക്കാന്‍ പറ്റാത്ത സംവിധാനങ്ങളായി മുതലാളിത്തവും സോഷ്യലിസം മാറിത്തീര്‍ന്നിട്ടുണ്ട്. അതിന്റെ ഫലമായാണ് ഈ വ്യാപനമുണ്ടായത് – എന്നിങ്ങെ വേണു നിലപാട് വിശദീകരിക്കുന്നു. സഖാവ് മുരളിയേലേക്കെത്തുമ്പോള്‍ അദ്ദേഹം വേണുവിന്റെ നിലപാടിനെ തള്ളിക്കളയുകയാണ്്. അദ്ദേഹം പറയുന്നത് മഹാമാരികള്‍ തീര്‍ച്ചയായും വ്യവസ്ഥാനിരപേക്ഷമാണ്, മുതലാളിത്തമായാലും സോഷ്യലിസമായാലും മഹാമാരികളുണ്ടാകാം. പക്ഷേ അദ്ദേഹം ഉന്നയിക്കുന്ന പ്രശ്‌നം, ധാരാവി പോലുള്ള ചേരികള്‍ ഉണ്ടാകുന്നതിനെപ്പറ്റിയാണ്. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള ചേരികള്‍ ഉണ്ടാകുന്നത്?| ഏത് വ്യവസ്ഥിതിക്കകത്തു നിന്നാണ് ചേരികള്‍ ഉണ്ടാകുന്നത്. . ധാരാളം മനുഷ്യരുടെ അധ്വാനശേഷിയെ ചൂഷണം ചെയ്യുകയും അതിനെ മിച്ചമൂല്യമാക്കി മാറ്റുകയും ചെയ്യുന്ന മുതലാളിത്ത സംവിധാനമാണ് അതിന് കാരണമാകുന്നത്. ഇത്രയധികം ആളുകള്‍ തിങ്ങിപാര്‍ക്കേണ്ടി വരുന്നതും മുതലാളിത്ത സംവിധാനങ്ങളുടെ ഭാഗമായാണ്. അതോടൊപ്പം തന്നെ അദ്ദേഹം ഉന്നയിക്കുന്ന പ്രധാനപ്പെട്ട കാര്യം എന്തുകൊണ്ടാണ് ഇത്തരം ചേരികളില്‍ അസുഖത്തേക്കുറിച്ചുള്ള മുന്‍കരുതലുകളില്ലാത്തത് എന്നതാണ്. ഇതെല്ലാം മുതലാളിത്തത്തിന്റെ വീഴ്ചയായിട്ട് അദ്ദേഹം കാണുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ സഖാവ് എം. എ ബേബിയുടെ അഭിപ്രായങ്ങളോട് യോജിക്കുകയും സഖാവ് വേണുവിന്റെ അഭിപ്രായത്തെ തള്ളിക്കളയുകയുമാണ് ,സ.മുരളി ചെയ്യുന്നത്. പ്രധാനപ്പെട്ട കാര്യം ഈ മൂന്നു പേരും പഠിക്കുകയും എഴുതുകയും സംസാരിക്കുകയും ചെയ്യുന്ന മാക്‌സിയന്‍ ഡയലക്റ്റിക്‌സ് എന്ന സങ്കേതത്തെ ഒരിത്തിരി പോലും ആശ്രയിക്കാതെ ഈ വിഷയത്തെ സമീപിച്ചു എന്നതാണ്. അതുകൊണ്ട് സംഭവിച്ച പാളിച്ചകള്‍ ചൂണ്ടിക്കാണിക്കുവാനാണ് ഇവിടെ ശ്രമിക്കുന്നത്

ഡയലെക്ടിക്കലായി ഈ വിഷയത്തെ നമ്മള്‍ സമീപിക്കേണ്ടതുണ്ട്. ഒരു രോഗാണുവും മനുഷ്യശരീരവും തമ്മിലുള്ളത് വൈരുദ്ധ്യാത്മകമായ ബന്ധമാണ്. അതെങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നു വച്ചാല്‍, എം എ ബേബി സൂചിപ്പിച്ച മഹാമാരികള്‍ – കോളറ, പ്ലേഗ്, വസൂരി, ക്ഷയം… – ഇവയെല്ലാം ഉണ്ടായ സമയത്ത് കാരണമായ സൂഷ്മാണുവിനോട് പ്രതിരോധശക്തിയില്ലാതെ ആയിരക്കണക്കിന് പേര്‍ മരിച്ചു പോയിട്ടുണ്ട്. പക്ഷേ അതോടൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ആ മഹാമാരികള്‍ ഉണ്ടായിരുന്ന ഒരിടത്തു പോലും മുഴുവന്‍ പേരും മരിച്ചിട്ടില്ല എന്നതാണ്. വേറൊരു രീതിയില്‍ പറഞ്ഞാല്‍ ഒരു സൂക്ഷ്മാണു മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്ന സമയത്ത് സൂക്ഷ്മാണു അതിജീവിക്കാന്‍ ശ്രമിക്കുകയും ശരീരം പ്രതിരോധിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോള്‍ നിലനില്‍ക്കുന്ന മഹാമാരിയായ കോവിഡിന്റെ കാര്യത്തിലും ധാരാളം പേര്‍ക്ക് അസുഖം ബാധിച്ചിട്ടുണ്ട്. ധാരാളം പേര്‍ മരിച്ചിട്ടുമുണ്ട്. എന്നാല്‍ അതിനേക്കാളേറെ പേര്‍ രക്ഷപെട്ടിട്ടുമുണ്ട്. എന്തുകൊണ്ടാണ് ചിലര്‍ മരിക്കുകയും ചിലര്‍ രക്ഷപ്പെടുകയും ചെയ്യുന്നത്?. ഇതാണ് ഈ രോഗാണുവും, അല്ലെങ്കില്‍ ഏതൊരു രോഗാണുവും, എത്തിപ്പെടുന്ന ശരീരവുമായുള്ള പ്രതിപ്രവര്‍ത്തനത്തിന്റെ വൈരുദ്ധ്യാത്മകത. ഈ വൈരുദ്ധ്യാത്മകതയെ മുന്‍നിര്‍ത്തി വേണം ഈ വിഷയത്തെ സമീപിക്കാന്‍

ഒരു ഉദാഹരണത്തിലൂടെ ഈ വിഷയത്തിലേക്ക് കടക്കാം. കോവിഡ് മഹാമാരി ഉത്ഭവിക്കുന്നത് ചൈനയിലെ വുഹാനിലാണ്. മനുഷ്യനിലേക്ക് വൈറസ് എങ്ങനെ എത്തിപ്പെട്ടു എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ നമുക്ക് ലഭിച്ചിട്ടില്ല. ചൈനയായതുകൊണ്ടു തന്നെ ലഭിച്ച വിവരങ്ങള്‍ നൂറ് ശതമാനം വിശ്വസനീയമാകണമെന്നും ഇല്ല. പക്ഷേ നമ്മുടെ മുറ്റത്ത് 2018 ല്‍ സംഭവിച്ച നിപ്പ വൈറസ് ബാധ നല്ലൊരു ഉദാഹരണമാണ്. എങ്ങനെയാണ് നിപ്പ ഉണ്ടാകുന്നത്? നമുക്കറിയാം, വവ്വാലുകളിലാണ് നിപ്പ വൈറസ് ഉള്ളത്. വവ്വാലുകളില്‍ നിന്നാണ് നിപ്പ വൈറസ് പടരുന്നത്. ഒരുപക്ഷേ കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ നേരത്തെ തന്നെ നിപ്പ വൈറസ് കണ്ടെത്താനും, അസുഖം എന്താണെന്നു മനസ്സിലാക്കാനും കഴിഞ്ഞതിനാല്‍ വളരെ കൃത്യമായ ഇടപെടലുകള്‍ നടത്താന്‍ സാധ്യമായി. നിപ്പ വൈറസിന്റെ പകര്‍ച്ചാ നിരക്ക് കോവിഡിനേക്കാള്‍ വളരെ താഴെ ആയതു കൊണ്ടുതന്നെ നമുക്ക് ആ അസുഖത്തെ പെട്ടന്നു തന്നെ നിയന്ത്രിക്കാനാകുകയും ചെയ്തു. പക്ഷേ എങ്ങനെയാണ് ആ അസുഖം ഉത്ഭവിക്കുന്നത്? വവ്വാലുകളുടെ ശരീരത്തില്‍ പലതരത്തിലുള്ള സൂക്ഷ്മാണുക്കളുണ്ട്. പറക്കുന്ന സസ്തനിയാണത്. മനുഷ്യരെപ്പോലെ തന്നെ ചൂടുള്ള രക്തമുള്ള ജീവി. പറക്കുന്ന സസ്തനി എന്നുള്ളതുകൊണ്ടു തന്നെ അവരുടെ ശരീരത്തില്‍ ധാരാളം ഊര്‍ജ്ജം സംഭരിച്ചു വച്ചിട്ടുണ്ട്. കാരണം നടക്കുകയോ ഓടുകയോ ചെയ്യുന്നതിനേക്കാള്‍ ഊര്‍ജ്ജം പറക്കാന്‍ ആവശ്യമുണ്ട്. അതുകൊണ്ട് സൂക്ഷ്മജീവികള്‍ക്കും ധാരാളം ഊര്‍ജ്ജം ലഭിക്കുന്നുണ്ട്. മാത്രമല്ല വവ്വാലുകള്‍ കൂട്ടമായി ജീവിക്കുന്നതുകൊണ്ട് സൂക്ഷ്മജീവികള്‍ പടരുന്നതിനും കാരണമാകും. എന്നാല്‍ ഇവയ്‌ക്കെതിരേയുളള പ്രതിരോധവും വവ്വാലുകളെ ശരീരത്തിലുണ്ടായിരിക്കും. പക്ഷേ വവ്വാലില്‍ നിന്നും പുറത്തു കടന്ന് അത് മനുഷ്യശരീരത്തിലേക്ക് പ്രവേശിച്ചാല്‍ രോഗത്തിന് കാരണമാകുന്നു.

എങ്ങനെയാണ് അതു സംഭവിക്കുക? കേരളത്തില്‍ സംഭവിച്ചിട്ടുള്ള ഒരു പ്രധാനപ്പെട്ട കാര്യം, ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞിട്ടുള്ള കാര്യം, നമ്മുടെ നാട്ടിലെ വലിയ മരങ്ങള്‍ അതിവേഗത്തില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതാണ്. നല്ല ഉയരമുള്ള, വവ്വാലുകള്‍ ചേക്കേറുന്ന തരത്തിലുള്ള പല മരങ്ങളും വെട്ടിമാറ്റപ്പെട്ടു കഴിഞ്ഞു. റോഡിന്റെ വീതി കൂട്ടുന്നതു മുതല്‍ മണ്ണെടുപ്പ് വരെ പല കാരണങ്ങള്‍ അതിനുണ്ട്. വലിയ മരങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ വവ്വാലുകള്‍ക്ക് ചേക്കേറാന്‍ ചെറിയ മരങ്ങളെ ആശ്രയിക്കേണ്ടി വരും. കാരണം വവ്വാലുകളെ സംബന്ധിച്ച് പറക്കണമെന്നുണ്ടെങ്കില്‍ ഒരു കൊമ്പില്‍ നിന്നും നേരേ മുകളിലേക്ക് പറക്കാനാവില്ല. തൂങ്ങിക്കിടക്കുന്നതു കാരണം അവിടെ നിന്നും ഒന്നു വിട്ട് താഴോട്ട് വീണിട്ടാണ് പറന്നു പൊങ്ങുക. ശരാശരി ഉയരമെങ്കിലുമില്ലാത്ത മരങ്ങളില്‍ അവര്‍ക്ക് ജീവിക്കാനാവില്ല. വലിയ മരങ്ങള്‍ നഷ്ടപ്പെടുന്നതോടെ ചെറിയ മരങ്ങളിലേക്ക് അവ വരും. അങ്ങനെ ചെറുമരങ്ങളിലേക്ക് വരുന്ന സമയത്ത് പല വലിയ മരങ്ങളിലുണ്ടായിരുന്ന വവ്വാലുകളെല്ലാം ഒരിടത്തേക്ക് വന്നുചേരുന്നു. അങ്ങനെ ഒരുമിച്ച് വരുമ്പോള്‍ അവ തമ്മിലുള്ള മത്സരം വലിയ തോതില്‍ വര്‍ദ്ധിക്കുന്നു. അങ്ങനെ മത്സരം കൂടുന്ന സമയത്ത് ഏറ്റവും ശേഷി കുറഞ്ഞ വവ്വാലുകള്‍ക്ക് ഇടം കിട്ടാനും ഭക്ഷണം കിട്ടാനും ബുദ്ധിമുട്ട് വരും. അങ്ങനെ ആ വവ്വാല്‍ ക്ഷീണിതനാകും. അങ്ങനെ വരുമ്പോള്‍ ഏതൊരു ജീവികളിലും സംഭവിക്കുന്നതു പോലെ ആ ശരീരത്തിലുള്ള സൂക്ഷ്മാണുക്കള്‍, വിരകള്‍ എല്ലാം തന്നെ എത്രയും പെട്ടന്ന് പുറത്തു കടക്കാന്‍ ശ്രമിക്കും. ആ സൂക്ഷ്മാണുക്കള്‍ മറ്റൊരു ജീവിയിലേക്ക് കടക്കാനുള്ള സാധ്യത വര്‍ദ്ധിക്കും. പറഞ്ഞു വരുന്നത് കേരളത്തിന്റെ ഭൂപ്രകൃതിയിലുണ്ടായ വലിയ മാറ്റം, വവ്വാലുകളുടെ ആവാസവ്യവസ്ഥയില്‍ നമ്മള്‍ നടത്തിയ വലിയ കൈയ്യടക്കലുകളാണ് വൈറസിന്റെ മനുഷ്യനിലേക്കുള്ള കടന്നുകയറ്റത്തിന്റെ കാരണം എന്നാണ്. ഇത്തരത്തില്‍ അതിന്റെ വേരുകള്‍ തേടി ചെല്ലുമ്പോഴാണ് മുതലാളിത്തം എങ്ങനെയാണ് ഈ അസുഖങ്ങളുടെ ഉത്ഭവത്തിന് കാരണമാകുന്നു എന്നത് നമുക്ക് തിരിച്ചറിയാന്‍ പറ്റുക. പ്രകൃതിയെ മനസ്സിലാക്കാതെ ലാഭം മാത്രം മുന്‍നിര്‍ത്തിയുള്ള മുതലാളിത്ത മാതൃകയിലുള്ള വികസന സങ്കല്‍പങ്ങളും പ്രയോഗവുമാണ് നിപ്പയെന്ന വൈറസിനെ മനുഷ്യനിലേക്കെത്തിച്ചത്.

ഈ സമയത്ത് ഓര്‍ക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം സഖാവ് എം. എ ബേബി പറഞ്ഞതാണ്. അതിതീവ്ര മുതലാളിത്ത കുതിപ്പാണ് ഈ മഹാമാരിയൊക്കെ ഉണ്ടാക്കുന്നതെന്ന് അദ്ദേഹം പറയുമ്പോള്‍, അത് മനസ്സിലാക്കാന്‍ പറ്റുമ്പോള്‍ പോലും പ്രാദേശികമായ മുതലാളിത്ത സംവിധാനങ്ങളെ കുറിച്ച് കൂടി ആലോചിക്കേണ്ട കാര്യമുണ്ട്. കേരളത്തെ സംബന്ധിച്ച് ധാരാളം സമരങ്ങള്‍ നടക്കുന്നുണ്ട്. നെല്പാടങ്ങള്‍ നികത്തുന്നതിനെതി,െര കരിങ്കല്‍ ക്വാറികള്‍ക്കെതിരെ, ചെങ്കല്‍ ഖനനത്തിനെതിരെ എന്നിങ്ങനെ ആവാസവ്യവസ്ഥ നഷ്ടപ്പെട്ടു പോകുന്ന പ്രദേശങ്ങളില്‍ അതു പിടിച്ചു നിര്‍ത്താനുള്ള സമരങ്ങളാണിവ. ഇത്തരത്തിലുള്ള സമരങ്ങളെല്ലാം തന്നെ പ്രാദേശിക മുതലാളിത്തത്തിനും വിഭവ കൊള്ളയ്ക്കും എതിരായ സമരങ്ങളാണ്. ഈ സമരങ്ങളോടൊപ്പം അണിചേരുക എന്നതാണ് ഈ സമയത്ത് മുതലാളിത്തത്തിന് എതിരായ പോരാട്ടം കെട്ടിപ്പെടുക്കുന്നതിന് ആവശ്യമായിട്ട് വരിക. കോവിഡിനെതിരെയുള്ള സമരം മുതലാളിത്തത്തിന് എതിരേയുള്ള സമരമായി മാറണം എങ്കില്‍ ആദ്യമായി ചെയ്യേണ്ടത് കേരളത്തില്‍ അങ്ങോളമിങ്ങോളം നടക്കുന്ന പരിസ്ഥിതി സംരക്ഷണ സമരങ്ങള്‍ ഏറ്റെടുക്കുക എന്നതാകണം. എന്നാല്‍ സംഭവിക്കുന്നത് അതല്ല. കോവിഡ് -19 ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സമയത്തും ക്വാറികള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവാദം കൊടുക്കേണ്ടി വരുന്നത് ഈ പ്രാദേശിക മുതലാളിത്തത്തിന്റെ ശക്തമായ രാഷ്ട്രീയ സ്വാധീനം കൊണ്ടാണ്.

സഖാവ് വേണു പറഞ്ഞതു പോലെ മുതലാളിത്തം മഹാമാരിയുടെ ഉത്ഭവത്തിന് കാരണമാകുന്നില്ല എന്നുള്ള വാദം തെറ്റാണെന്ന് നമുക്ക് മനസ്സിലാകുന്നുണ്ട്. വ്യാപനത്തില്‍ പങ്കുണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നുമുണ്ട്. തീര്‍ച്ചയായിട്ടും ഉണ്ട്. ലോകം മുഴുവന്‍ ഒരേ പോലെയാകുക, ഒരേ തരത്തിലുള്ള ഭക്ഷണം കഴിക്കുക തുടങ്ങി ഒരേ തരത്തിലുള്ള കാര്യങ്ങള്‍ എല്ലായിടത്തും എത്തിക്കാന്‍ ആഗോള മുതലാളിമാര്‍ ശ്രമിക്കുമ്പോള്‍ തകിടം മറിഞ്ഞു പോകുന്ന പ്രാദേശികതയുണ്ട്. അതാണ് തിരിച്ചു പിടിക്കേണ്ടത്. ഓരോ പ്രദേശത്തും ശുദ്ധമായ വെള്ളം ലഭ്യമാകുക, ശുദ്ധമായ വായു ലഭ്യമാകുക, ഓരോ മനുഷ്യന്റെയും രോഗപ്രതിരോധ ശേഷി കുറയ്ക്കാതെ നോക്കുക എന്നതൊക്കെ തകിടം മറിയ്ക്കുന്ന രീതിയിലുള്ള മുതലാളിത്തത്തിന്റെ വലിയ തോതിലുള്ള ആവേശം നമ്മള്‍ കണ്ടു കഴിഞ്ഞിട്ടുണ്ട്. എല്ലാ അടുക്കളയുടേയും രുചി വ്യത്യസ്തമാകുന്ന സമയത്തു തന്നെ മുതലാളിത്തത്തിന്റെ താല്‍പ്പര്യം അത് ഒരേ പോലെ ആക്കി എടുക്കുക എന്നുള്ളതാണ്. അത്തരത്തിലുള്ള ഒരു പ്രക്രിയയും മഹാമാരികളുടെ വ്യാപനത്തിന് കാരണമായി മാറിയിട്ടുണ്ട്. കാരണം ഒരു മനുഷ്യന്റെ രോഗപ്രതിരോധ ശേഷിയെ ഏറ്റവും പ്രാഥമികമായി നിര്‍ണയിക്കുന്നത് അയാള്‍ ജീവിക്കുന്ന സ്ഥലത്തെ കാലാവസ്ഥയും അവിടെ ലഭ്യമാകുന്ന ഭക്ഷണവും അവിടെ ലഭ്യമാകുന്ന മരുന്നുകളും എല്ലാം ചേര്‍ന്നു കൊണ്ടുള്ള സാഹചര്യങ്ങള്‍ സുദൃഢമായി നിര്‍ത്താന്‍ പറ്റുന്നു എന്നുള്ളതാണ്. അതില്‍ നിന്ന് എത്ര അകന്ന് പോകുന്നോ അത്രയും രോഗപ്രതിരോധ ശേഷി കുറയും. മുതലാളിത്തം വേറൊരു തരത്തില്‍ ഇടപെടുന്നത് നമ്മുടെ വായുവിലും വെള്ളത്തിലും ഭക്ഷണത്തിലും എല്ലാം കലരുന്ന അപകടകരമായുള്ള വസ്തുക്കളിലൂടെയാണ്. ഈ കോവിഡ് കാലത്ത് പോലും കൊച്ചിയില്‍ നമ്മള്‍ കണ്ടൊരു കാഴ്ച പെരിയാറിലേക്ക് വ്യാവസായിക മാലിന്യങ്ങള്‍ വലിയ അളവില്‍ ഒഴുക്കുന്നതാണ്. എന്തുകൊണ്ട് മനുഷ്യര്‍ കുടിക്കുന്ന വെള്ളത്തില്‍ വിഷം കലര്‍ത്തുന്ന സംവിധാനം നിലനില്‍ക്കുന്നു എന്നു ചോദിച്ചാല്‍ അത് നേരിട്ട് നിലനില്‍ക്കുന്ന വ്യവസ്ഥിതിയുമായി ബന്ധപ്പെട്ട കാര്യം തന്നെയാണ്. അത്തരത്തില്‍ മലിനീകരിക്കപ്പെട്ട വെള്ളവും മലിനീകരിക്കപ്പെട്ട വായുവും മനുഷ്യന്റെ പ്രതിരോധശേഷി കുറയ്ക്കുന്ന സമയത്ത് സംഭവിക്കുന്നത്, മഹാമാരി വരുമ്പോള്‍ രക്ഷപ്പെടുന്ന ആളുകളുടെ എണ്ണം കുറയുകയും മരിച്ചു പോകുന്ന ആളുകളുടെ എണ്ണം കൂടുകയും ചെയ്യുന്നു എന്നതാണ്. ഈ കാര്യങ്ങള്‍ കൊണ്ടു തന്നെ സഖാവ് മുരളി പറഞ്ഞ, മഹാമാരികള്‍ വ്യവസ്ഥാനിരപേക്ഷമാണ് എന്ന വാദവും തെറ്റാണ് .അതിന്റെ ഡയലെക്ടിക് റീഡിങ് അങ്ങനെയല്ല നമുക്ക് കാണിച്ചു തരുന്നത്. മഹാമാരി തീര്‍ച്ചയായും നിലനില്‍ക്കുന്ന സ്ഥലത്തെ വ്യവസ്ഥിതിയുമായി നേരിട്ട് ബന്ധപ്പെട്ടുള്ളതാണ്. അതിന്റെ ഉത്ഭവവും വ്യാപനവും തീവ്രതയും ഏത് വ്യവസ്ഥിതിയിലാണ് എന്നതനുസരിച്ച് വ്യത്യാസപ്പെടുകയും ചെയ്യും.

അതോടൊപ്പം തന്നെ മറ്റൊന്നു കൂടി. ടി ബിക്കെതിരെ നമ്മള്‍ എടുക്കുന്ന ബി സി ജി വാക്‌സിന്‍, കുട്ടികളില്‍ വരുന്ന ട്യൂബര്‍ കുലോസിസിനെ മാത്രമാണ് പ്രതിരോധിക്കുക. മുതിര്‍ന്നതിനു ശേഷം വരുന്ന ടി ബി, വാക്‌സിനേഷന്‍ എടുത്തവര്‍ക്കും വരും. അതിന് കാരണം ഈ സൂക്ഷ്മാണു പരിണമിക്കുന്നുണ്ട് എന്നുള്ളതാണ്. ഏത് മനുഷ്യശരീരത്തിലാണോ അത് എത്തിപ്പെടുന്നത് ആ ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളുമായുള്ള ഇടപെടലുകള്‍ക്കകത്താണ് അസുഖമായി മാറുന്നോ ഇല്ലയോ എന്നുള്ള കാര്യം തീരുമാനിക്കപ്പെടുക. ടിബി വന്ന് ചികിത്സിച്ചു ഭേദമായവര്‍ക്ക് പോലും പിന്നീടും വരാന്‍ സാധ്യതയുണ്ട്. മറ്റ് വൈറസുകളുടെ സാന്നിധ്യത്തില്‍ ഒരുമിച്ചു ചേര്‍ന്ന് അസുഖങ്ങളുണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഇത്തരത്തില്‍ സൂക്ഷ്മാണുവും മനുഷ്യ ശരീരവും തമ്മിലുള്ള വൈരുദ്ധ്യാത്മക ബന്ധത്തെ തിരിച്ചറിയാതെ ഇത്തരം അസുഖങ്ങളെ കുറിച്ചുള്ള നിലപാടുകളില്‍ എത്തിച്ചേരാന്‍ സാധിക്കില്ല.

സഖാവ് വേണു പറഞ്ഞു വയ്ക്കുന്നത് ഇതിനു മുന്നേ വന്ന മഹാമാരികളുടെ കാലത്ത് സംഭവിച്ചതു പോലെ മുതലാളിത്തം ഒരു വാക്‌സിന്‍ കണ്ടെത്തുകയും അതിലൂടെ ഈ കോവിഡ് മഹാമാരിയെ പിടിച്ചു നിര്‍ത്താന്‍ കഴിയുമെന്നാണ്. ഇതത്ര ലളിതമായ കാര്യമല്ല. ഒരു ഉദാഹരണം നമുക്ക് പരിചിതമായ ക്ഷയം എന്ന അസുഖമാണ്. മനുഷ്യനില്‍ ക്ഷയരോഗം ഏകദേശം നാലായിരം വര്‍ഷങ്ങളായി കണ്ടു വരുന്നതാണ്. അതിന്റെ വാക്‌സിന്‍ കണ്ടുപിടിച്ചത് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന ഭാഗത്താണ്. ആ സമയത്തു തന്നെ നടന്ന രസകരമായ ഒരു പരീക്ഷണമുണ്ട്, എഡ്വേര്‍ഡ് ട്രൂഡി എന്ന ശാസ്ത്രജ്ഞന്‍ ചെയ്ത പരീക്ഷണമാണത്. അദ്ദേഹം ശുദ്ധീകരിച്ച ട്യൂബര്‍ കുലോസിസ് വൈറസിനെ മുയലുകളില്‍ കുത്തി വയ്ക്കുകയും അതിനെ പല ഗ്രൂപ്പുകളായി തിരിക്കുകയും അതില്‍ ഒരു ഗ്രൂപ്പിലുള്ള അഞ്ചു മുയലുകളെ ഇരുട്ടു നിറഞ്ഞ ഒരു കൂട്ടില്‍ വളരെ കുറച്ച് ഭക്ഷണം കൊടുത്തു കൊണ്ട് നിലനിര്‍ത്തുകയായിരുന്നു. കുത്തി വയ്ക്കപ്പെട്ട മറ്റ് മുയലുകളെ ധാരാളം ഭക്ഷണമുള്ള ഒരു ദ്വീപില്‍ അഴിച്ചു വിടുകയും ചെയ്തു്. ഒരു മാസത്തിനുള്ളില്‍ തന്നെ ഇരുട്ടില്‍ കഴിയുന്നവയില്‍ നാലെണ്ണം മരിക്കുകയും ഒരെണ്ണം ഗുരുതരമായ അസുഖത്തിലേക്ക് എത്തിപ്പെടുകയും ചെയ്തു. അതേസമയം പുറത്ത് അഴിച്ചു വിട്ട മുയലുകളില്‍ ഒരെണ്ണം മാത്രമാണ് ആദ്യത്തെ ഒരു മാസത്തില്‍ മരിച്ചത്. ആറ് മാസം കഴിഞ്ഞപ്പോഴും ബാക്കി നാലെണ്ണവും അസുഖത്തിന്റെ യാതൊരു ലക്ഷണവുമില്ലാതെ ജീവിച്ചിരുന്നു. ഈ പരീക്ഷണത്തിന്റെ ഫലം വന്നതിനു ശേഷമാണ് യൂറോപ്പില്‍ ആകമാനം ടി ബി സാനിറ്റോറിയങ്ങള്‍ സ്ഥാപിക്കപ്പെട്ടത്. പഠനത്തിന്റെ ഫലം മനസ്സിലാക്കി തരുന്നത് അസുഖം എന്നത് ഒരു ജീവിയുടെ ശരീരത്തില്‍ സൂക്ഷ്മാണു പ്രവേശിച്ചിട്ടുണ്ടോ ഇല്ലയോ എന്നതിനെ മാത്രമല്ല, അത് ജീവിക്കുന്ന ആവാസവ്യവസ്ഥയുടെ ആരോഗ്യത്തെ കൂടി ആശ്രയിച്ചിരിക്കുന്നു എന്നതാണ്. മേല്‍പറഞ്ഞ വൈരുദ്ധ്യാത്മക ബന്ധം പുറത്തു കൊണ്ടു വന്ന ഒരു പരീക്ഷണമായിരുന്നു അത്.

മഹാമാരികളുടെ ഉത്ഭവത്തിലും വ്യാപനത്തിലും മാത്രമല്ല അതിനോടുള്ള നമ്മുടെ പ്രതികരണത്തിലും മുതലാളിത്തത്തിന്റെ കൃത്യമായ ഇടപെടലുകള്‍ ഉണ്ടാകുന്നതായി കാണാം. ഏറ്റവും നല്ലൊരു ഉദാഹരണം 2014ല്‍ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ പടര്‍ന്ന് പിടിച്ച എബോള എന്ന മഹാമാരിയാണ്. എബോള ഏകദേശം രണ്ടര വര്‍ഷം മുന്നേ തന്നെ പ്രത്യക്ഷപ്പെട്ടിരുന്നു എങ്കിലും 2014 മുതല്‍ 2016 വരെയുള്ള കാലത്താണ് അത് വലിയൊരു അസുഖമായി് മാറിയത്. ഏകദേശം 28,000 ത്തിലധികം പേരെ അസുഖം ബാധിച്ചു. 11325 പേര്‍ മരിച്ചു. അപ്പോഴൊന്നും അതിനെതിരേയുള്ള വാക്‌സിന്‍ തയ്യാറാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നേയില്ല. അതില്‍ മരുന്നു കമ്പനികള്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. കാരണം അത് പാവപ്പെട്ട രാജ്യങ്ങളിലെ അസുഖമായിരുന്നു എന്നതായിരുന്നു. വാക്‌സിനുണ്ടാക്കാന്‍ വലിയ തോതില്‍ പണം മുടക്കിക്കഴിഞ്ഞാല്‍ അത് തിരി്ച്ചുപിടിക്കാന്‍ പറ്റുമോ എന്ന കാര്യത്തില്‍ കമ്പനികള്‍ക്ക് ആശങ്കയുണ്ടായി. മരണനിരക്ക് പതിനായിരം കടന്നതുകൊണ്ടല്ല,് അത് മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കും എന്ന സാഹചര്യം വന്നപ്പോഴാണ് വന്‍കിടകമ്പനികള്‍ വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള ശ്രമം തുടങ്ങിയത്. പക്ഷേ ആ ശ്രമം നീണ്ടു പോവുകയും അവസാനം വാക്‌സിന്‍ കണ്ടെത്തുമ്പോഴേക്കും എബോള വൈറസ് വലിയ പ്രശ്‌നമല്ലാതായി മാറിക്കഴിയുകയും ചെയ്തു. വലിയ നഷ്ടമാണ് വാക്‌സിന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കമ്പനികള്‍ക്കുണ്ടായത്. ഈ നിലയ്ക്കാണ് മുതലാളിത്തം അസുഖങ്ങളെ കാണുന്നത്. അതുകൊണ്ടു തന്നെയാണ് മുതലാളിത്ത വ്യവസ്ഥിതിക്കകത്തു നിന്നു കൊണ്ട് മഹാമാരികളുടെ ഉത്ഭവത്തെയോ വ്യാപനത്തെയോ നിയന്ത്രിക്കാന്‍ കഴിയാത്തതും അതിനോടുള്ള പ്രതികരണം പോലും ശരിയായ രീതിയില്‍ ഏറ്റെടുക്കാന്‍ കഴിയാത്തതും.

നമ്മുടെ സമീപത്തുള്ള മറ്റൊരു അസുഖം കൂടി നോക്കിയാല്‍ ഇതിന്റെ ചിത്രം വളരെ വ്യക്തമാകും. കുരങ്ങ് പനി എന്നു പറയുന്ന അസുഖം കര്‍ണാടകയിലും കേരളത്തിലും മാത്രമാണ് കാണപ്പെടുന്നത്. ലോകത്ത് വേറെ എവിടെയും ഈ അസുഖമില്ല. ഈ വര്‍ഷവും വയനാട് ജില്ലയില്‍ കുരങ്ങ് പനി ബാധിച്ച് മനുഷ്യര്‍ മരിച്ചിട്ടുണ്ട്. ഫോര്‍മാലിന്‍ ഉപയോഗിച്ച് നിര്‍വീര്യമാക്കിയ വൈറസിനെ വാക്‌സിന്‍ എന്ന രീതിയില്‍ ഉപയോഗിക്കുക എന്നതാണ് ഇതിനുള്ള പ്രതിരോധം. അങ്ങനെ ഉപയോഗിക്കുന്ന വാക്‌സിന്‍ പോലും കുറച്ച് ദിവസത്തേക്ക് മാത്രമേ പ്രതിരോധ ശേഷി കൊടുക്കുകയുളളൂ. അതിനാല്‍ തന്നെ വീണ്ടും പലകുറി വാക്‌സിനേഷന്‍ എടുക്കേണ്ടതുണ്ട്. പക്ഷേ അടുത്ത കാലത്ത് നടന്ന ഒരു പഠനം സൂചിപ്പിച്ചത് വാക്‌സിന്റെ കവറേജ് വളരെ കുറവാണ്, വാക്‌സിന്റെ ഫലപ്രാപ്തി കുറവാണ് എന്നാണ്. മാത്രമല്ല എവിടെയാണോ അസുഖം കണ്ടിട്ടുള്ളത്, അതിന്റെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ വാക്‌സിനേഷന്‍ ചെയ്യുക എന്ന നിയമം മൂലം പല സ്ഥലങ്ങളിലും വാക്‌സിന്‍ എത്തിപ്പെടാതെ പോകുന്നുണ്ട്. ഏറ്റവുമടുത്ത ദിവസം ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്തതു പോലെ കോവിഡ് കാരണം സ്‌കൂള്‍ അടച്ചപ്പോള്‍ അവിടത്തെ കുട്ടികള്‍ കാടുകളില്‍ പോകുന്നുണ്ട്. അങ്ങനെ കര്‍ണാടകയിലെ കുട്ടികളില്‍ ധാരാളമായി അസുഖം വ്യാപിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്തുകൊണ്ടാണ് കുരങ്ങു പനിക്കെതിരെ നല്ലൊരു വാക്‌സിന്‍ നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ നടക്കാത്തത്? കാരണം ഈ അസുഖം ലോകത്ത് വേറെ എവിടേയും ഇല്ല, സമ്പന്ന രാജ്യങ്ങളില്‍ ഉണ്ടാകുന്ന അസുഖവുമല്ല എന്നതാണ്. അത് കേരളം, കര്‍ണാടക എന്നീ സംസ്ഥാനങ്ങലിലെ ചെറിയ പ്രദേശങ്ങളില്‍ കാണുന്ന അസുഖമാണ്. അതിനാല്‍ തന്നെ ഇതിന് മരുന്ന് കണ്ടെത്താന്‍ മുതലാളിത്തത്തിന് വലിയ താത്പര്യവുമുണ്ടാകില്ല. അതുകൊണ്ട് മുതലാളിത്ത സംവിധാനത്തിനകത്തു നിന്നു കൊണ്ട് നമുക്ക് മഹാമാരിയുടെ ഉത്ഭവത്തിന്റെയോ വ്യാപനത്തിന്റെയോ പ്രതിരോധത്തെയോ കെട്ടിപ്പടുക്കാനാവില്ല എന്ന് തിരിച്ചറിയേണ്ടതുണ്ട്.

ഈ ചര്‍ച്ചയില്‍ നിന്ന് നമ്മള്‍ എങ്ങനെയാണ് പുറത്ത് കടക്കുക. ഇത്തരത്തിലുള്ള മഹാമാരികളെ പോലെ അത്ര വലിയ പ്രശ്‌നങ്ങളല്ലെങ്കിലും പ്രാദേശികമായി നമുക്ക് കാണാവുന്ന ധാരാളം അസുഖങ്ങള്‍ പടരുന്ന സാഹചര്യമുണ്ട്. ക്യാന്‍സറായാലും മറ്റു അസുഖങ്ങളായാലും, അസുഖം മനുഷ്യജീവിതത്തിന്റെ ഭാഗമാകുന്നു. ധാരാളം ആളുകള്‍ രോഗികളാകുകയും അങ്ങനെയുള്ള ധാരാളം രോഗികള്‍ ഉണ്ടായാല്‍ മാത്രം നിലനില്‍ക്കാന്‍ പറ്റുന്ന തരത്തിലുള്ള വന്‍നിക്ഷേപങ്ങള്‍ ആരോഗ്യമേഖലയില്‍ സ്വകാര്യമേഖല നടത്തുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് നമ്മള്‍ ആരോഗ്യത്തേയും മഹാമാരികള്‍ പോലയുള്ള പ്രശ്‌നങ്ങളേയും രാഷ്ട്രീയത്തെയും ബന്ധിപ്പിക്കുക? മൂന്ന് പ്രധാനപ്പെട്ട ആരോഗ്യങ്ങളാണ് നമ്മള്‍ നിലനിര്‍ത്തേണ്ടത്. ഒന്ന് സാമൂഹികാരോഗ്യമാണ്. സാമൂഹികാരോഗ്യത്തെ സമ്പുഷ്ടമാക്കണമെങ്കില്‍ ഇന്ത്യ പോലുള്ള രാജ്യത്ത് ആദ്യം ജാതിയെ തന്നെ നേരിടേണ്ടി വരും. ജാതിയെ ഇല്ലായ്മ ചെയ്തു കൊണ്ടു മാത്രമേ സാമൂഹികാരോഗ്യം സ്ൃഷ്ടിക്കാനാകൂ. അതുപോലെ തന്നെ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അകലം കഴിയുന്നത്ര കുറച്ചു കൊണ്ട് വരുകയും വേണം. പക്ഷേ അതിന് വിരുദ്ധമായിട്ടുള്ള രീതിയിലാണ് മുതലാളിത്തം പ്രവര്‍ത്തിക്കുക. ജാതികള്‍ തമ്മിലുള്ള അകലം കൂടുന്നു, ഉള്ളവനും ഇല്ലാത്തവനും തമ്മിലുളള അകലം കൂടുന്നു, ആ തരത്തിലുളള ഒരു സംവിധാനത്തിലേക്ക് പൊയ്‌ക്കോണ്ടിരിക്കുന്ന സമൂഹത്തെ തിരിച്ചു പിടിക്കേണ്ടതായിട്ടുണ്ട്. അതിന് ഏറ്റവും ഉപയുക്തമാകുന്നത് മുതലാളിത്തമായിരിക്കില്ല, മറിച്ച് സോഷ്യലിസ്‌ററ് നിലപാടുകള്‍ തന്നെയാകും.

രണ്ടാമത്തെത് പാരിസ്ഥിതിക ആരോഗ്യമാണ്. നമ്മള്‍ ജീവിക്കുന്ന സ്ഥലത്തിന്റെ ആരോഗ്യമെത്രയുണ്ട് എന്നതാണത്. മലിനീകരണം തന്നെ പ്രധാന പ്രശ്‌നം. എന്തുകൊണ്ടാണ് നിറ്റാ ജലാറ്റിന്‍ പോലുള്ള കമ്പനികളും പെരിയാറിന്റെ തീരത്തുള്ള ധാരാളം കമ്പനികളും മനുഷ്യന്‍ കുളിക്കുകയും കുടിക്കുകയും ഭക്ഷണം പാകം ചെയ്യുകയും ചെയ്യുന്ന ജലത്തിലേക്ക് വിഷം ഒഴുക്കുന്നത്? അത് ലാഭത്തിനു വേണ്ടി തന്നെയാണ്. വികസിത രാജ്യങ്ങളില്‍ വളരെ ശക്തമായ പരിസ്ഥിതി നിയമങ്ങള്‍ നിലനില്‍ക്കുന്ന കാരണം ഇത്തരം കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാനാകില്ല. അതിനാല്‍ ഇന്ത്യ പോലുള്ള രാജ്യങ്ങളിലേക്ക് അവ വരികയും നമ്മുടെ പരിസ്ഥിതിയെ നശിപ്പിച്ചു കൊണ്ട് നിലനില്‍ക്കുകയും ചെയ്യുന്നത് മുതലാളിത്ത സംവിധാനത്തില്‍ മാത്രം സാധ്യമാകുന്നതാണ്. സാമൂഹികാരോഗ്യം സംരക്ഷിക്കാന്‍ ് മുതലാളിത്തത്തിന് സാധ്യമാവില്ല എന്നതു പോലെ തന്നെ പരിസ്ഥിതികാരോഗ്യം നിലനിര്‍ത്താനും മുതലാളിത്തത്തിന് കഴിയില്ല. മൂന്നാമത് ശാരീരികാരോഗ്യമാണ്. ശാരീരികാരോഗ്യം മേല്‍പ്പറഞ്ഞവയുമായി നേരിട്ട് ബന്ധപ്പെട്ടതാണ്. നിങ്ങളൊരു പാവപ്പെട്ടവനാണെങ്കിലോ അധകൃതമനുഷ്യനാണെങ്കിലോ ജീവിക്കുന്ന പ്രദേശം മാലിന്യത്താല്‍ നിറഞ്ഞതാണെങ്കിലോ ശാരീരികാരോഗ്യം നിലനിര്‍ത്താന്‍ വളരെ ബുദ്ധിമുട്ടായിത്തീരും. അതുകൊണ്ടു തന്നെ ശാരീരികാരോഗ്യം നിലനിര്‍ത്താനും മുതലാളിത്തത്തിന്റെ കീഴില്‍ സാധ്യമാകില്ല. ഇത്തരത്തിലുള്ള വളരെ ലളിതമായ തിരിച്ചറിവുകള്‍ കോവിഡ് -19 കാലത്ത് ഉണ്ടാകേണ്ടതുണ്ട്.

അതുകൊണ്ടു തന്നെ അവസാനമായി പറയാനാഗ്രഹിക്കുന്നത്, സഖാവ് വേണു പറഞ്ഞതു പോലെ മുതലാളിത്തത്തിന് മഹാമാരിയുടെ ഉത്ഭവത്തിന് പങ്കില്ല എന്നതും സഖാവ് മുരളി പറയുന്നതു പോലെ മഹാമാരികള്‍ വ്യവസ്ഥാനിരപേക്ഷമാണ് എന്നതും തെറ്റാണ് എന്നാണ്. ഈ മഹാമാരി തീര്‍ച്ചയായും മുതലാളിത്തത്തിന്റെ ഉത്പന്നം തന്നെയാണ്. സഖാവ് എം.എ ബേബി പറഞ്ഞതു പോലെ സമരം മുതലാളിത്തത്തിന് എതിരേ തന്നെയാകേണ്ടതുണ്ട്. പക്ഷേ ആഗോളമുതലാളിത്തത്തെ മാത്രം വിമര്‍ശിച്ചാല്‍ പോര. കേരളത്തില്‍ പ്രാദേശികതലത്തിലുള്ള കുത്തക മുതലാളിമാരുടെ രാഷ്ട്രീയത്തിലുള്ള ഇടപെടലുകളെയടക്കം നേരിട്ട്, സാധാരണ മനുഷ്യനെ മുഖവിലയ്‌ക്കെടുത്ത്, കേരളത്തിന്റെ അങ്ങോളമിങ്ങോളം നടക്കുന്ന ജനകീയ പരിസ്ഥിതി സമരങ്ങളെ ഏറ്റെടുക്കണം. ത്തു കൊണ്ടാകണം. സാധാരണ മനുഷ്യന്‍ മറ്റൊരു നിര്‍വ്വാഹമില്ലാത്തതുകൊണ്ടാണ് സമരത്തിലേക്ക് പോകുന്നത് എന്ന് ഭരണകൂടങ്ങള്‍ തിരിച്ചറിയേണ്ടതായിട്ടുണ്ട്.

പ്രകൃതിയും മനുഷ്യനുമായുള്ള വൈരുദ്ധ്യാത്മക ബന്ധം തിരിച്ചറിഞ്ഞും നിലനില്‍ക്കുന്ന വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങളുമായി അതിനെ ചേര്‍ത്തു വച്ചും കൊണ്ടാകണം കോവിഡ് എന്ന മഹാമാരിയെ ഡയലക്ടിക്കലായി വായിച്ചെടുക്കാന്‍. കാരണം നാലായിരം വര്‍ഷം മുന്നേ ജന്മം കൊണ്ട ക്ഷയരോഗത്തിന്റെ ബാക്ടീരിയ ഇന്നും നിരവധി മനുഷ്യരില്‍ നിലവിലുണ്ട്. ശരീരത്തിന്റെ പല ഭാഗങ്ങളെ ബാധിക്കുന്നവയായും, ശരീരത്തില്‍ ദീര്‍ഘകാലം നിലനിന്ന് ചിലപ്പോള്‍ മാത്രം അസുഖമുണ്ടാക്കുന്നവയായും, മുന്നേ ഉപയോഗിച്ചിരുന്ന പല മരുന്നുകളേയും അതിജീവിക്കുന്നവയായും ഈ ബാക്ടീരിയയുടെ പല വകഭേദങ്ങള്‍ ഉണ്ടായിക്കഴിഞ്ഞിട്ടുണ്ട്. ഓരോ മനുഷ്യശരീരത്തിന്റെയും രോഗപ്രതിരോധശേഷിയോടിടഞ്ഞ് തോറ്റും ജയിച്ചുമാണ് ഈ പരിണാമം തുടരുന്നത്. അതുകൊണ്ടു തന്നെ ക്ഷയരോഗത്തിനെതിരേ കൂടുതല്‍ മികച്ച വാക്‌സിനു വേണ്ടിയുള്ള ഗവേഷണങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. ഇത്തരത്തില്‍ ഡയലക്ടിക്കലായല്ലാതെ കോവിഡ് മഹാമാരിയെയും നേരിടാനാവില്ല. ആശയപരമായ വ്യക്തതയും പ്രയോഗത്തിനായുള്ള കൃത്യമായ രാഷ്ട്രീയപരിപാടിയും ഈ പ്രക്രിയയിലൂടെയാണ് ഉരുത്തിരിയുക.

also read

കോവിഡും മുതലാളിത്തവും എം എ ബേബിയും

മഹാമാരികള്‍ വ്യവസ്ഥാബന്ധിതമാണ്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply