രവി ഡി. സി. ക്ക് ഹരിതം പ്രതാപന്‍ തായാട്ടിന്റെ തുറന്ന കത്ത്.
പ്രസാധക – വിപണന മേഖലയില്‍, പൊതുവിദ്യഭ്യാസ വകുപ്പിന്റെ ‘വായനയുടെ വസന്തം’ പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന ചില കാര്യങ്ങളെ കുറിച്ച് ശ്ലീലമല്ലാത്ത എന്ന വിശേഷണത്തില്‍ ഹരിതം ബുക്‌സിലെ പ്രതാപന്‍ തായാട്ട് രവി ഡിസിക്കയച്ച തുറന്ന കത്ത്.
പ്രിയ സുഹൃത്തെ,
പ്രസാധക – വിപണന മേഖലയില്‍, പൊതുവിദ്യഭ്യാസ വകുപ്പിന്റെ ‘വായനയുടെ വസന്തം’ പദ്ധതിയുമായി ബന്ധപ്പെട്ട് ശ്ലീലമല്ലാത്ത ചില കാര്യങ്ങള്‍ നടക്കുന്നു. ഒരു പ്രസാധകന്റെ നടപടികളാണ് ഇത്തരത്തില്‍ ചോദ്യം ചെയ്യപ്പെടുന്നത്.
അധാര്‍മ്മികമായ, നീതിരഹിതമായ, നിയമവിരുദ്ധമായ എന്തിനേറെ തീര്‍ത്തും
അപരിഷ്‌കൃതമായ ഈ നടപടി ഡി. സി. ബുക്‌സിന്റെ ഭാഗത്തുനിന്നാണ് ഉണ്ടായതെന്ന് പ്രസാധക സമൂഹം ചര്‍ച്ച ചെയ്യുന്നു. ‘വായനയുടെ വസന്തം’ എന്ന നമ്മുടെ വാട്ട്‌സ് ആപ് കൂട്ടായ്മയില്‍ ഉയര്‍ന്ന ഈ ആരോപണങ്ങള്‍ക്ക് താങ്കളോ, താങ്കളുടെ പ്രതിനിധികളോ കഴിഞ്ഞ നാലു ദിവസമായി മറുപടി പറഞ്ഞിട്ടില്ല. ഇനിയെങ്കിലും താങ്കള്‍ മൗനം വെടിയണമെന്ന് അഭ്യര്‍ത്ഥിക്കാനാണ് ഈ തുറന്നകത്ത്.
ഇതുവായിക്കുന്ന പൊതുസുഹൃത്തുക്കളുടെ അറിവിലേക്കായി സംഭവത്തിന്റെ
ചെറുവിവരണം…
പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ ലൈബ്രറികള്‍ ശക്തിപ്പെടുത്തുന്നതിനായി കഴിഞ്ഞവര്‍ഷം 8 കോടി രൂപയുടേയും ഈ വര്‍ഷം 5 കോടി രൂപയുടെയും പുസ്തകങ്ങള്‍ വാങ്ങുവാന്‍ തീരുമാനിക്കുന്നു. പ്രശസ്ത സാഹിത്യകാരനായ കെ.വി മോഹന്‍കുമാര്‍ ഡി പി ഐ ആയിരുന്ന കാലവും ഇടതുപക്ഷ സര്‍ക്കാറിന്റെ വായനാബോധവുമാണ് ഈ സാംസ്‌കാരിക മുന്നേറ്റം സാദ്ധ്യമാക്കിയത്. തീര്‍ത്തും അഴിമതിരഹിതമായി, സുതാര്യമായി, തുല്യനീതി ഉറപ്പാക്കി കൊണ്ട്, ആര്‍ക്കും പരാതിയില്ലാത്തവിധമായിരുന്നു കഴിഞ്ഞവര്‍ഷത്തെ പദ്ധതി നടത്തിപ്പ്. പുസ്തകം മുന്‍കൂട്ടി ക്ഷണിച്ച്, വിദഗ്ധസമിതിയെ കൊണ്ട് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യിച്ച്, പ്രസാധകന്റെ പേരില്ലാതെ (എല്ലാ മുന്‍വിധികളും ഒഴിവാക്കാന്‍ വേണ്ടി) പുസ്തകങ്ങള്‍ക്ക് പ്രാധാന്യം നല്കി, ഇതിനായി നിര്‍മ്മിക്കപ്പെട്ട ഒരു വെബ് പോര്‍ട്ടലില്‍ പ്രദര്‍ശിച്ചിച്ച് കൊണ്ട് മുന്നേറിയ ഈ പദ്ധതി കേരളത്തിലെ ചെറുതും വലുതുമായ പ്രസാധകര്‍ക്കും എഴുത്തുകാര്‍ക്കും ഏറെ ഗുണം ചെയ്തു. മുന്‍ നിരക്കാരോടൊപ്പം ഏറെക്കുറെ എല്ലാ തരംഎഴുത്തുകാരും സ്‌കൂള്‍ വായനശാലകളില്‍ അങ്ങിനെ എത്തിച്ചേര്‍ന്നു! ഒരു സര്‍ക്കാര്‍ സംവിധാനത്തില്‍ ഇത്ര സുതാര്യമായി നടന്ന മറ്റൊരു ഏര്‍പ്പാട് കണ്ണും കാതും മുളച്ചതു മുതല്‍ എന്റെ ഓര്‍മ്മയിലില്ല.
രണ്ടാംവര്‍ഷം, അതായത് ഈ വര്‍ഷം കഥ മാറി. കേരളത്തില്‍ അങ്ങോളമിങ്ങോളം ബ്രാഞ്ചുകളുള്ള ഒരു പ്രസാധകന്‍ സ്‌കുള്‍ അധ്യാപകരെ തെറ്റിദ്ധരിപ്പിച്ചും സ്‌കൂളുകളെ സ്വാധീനിച്ചും എന്തിനേറെ പാസ് വേര്‍ഡും യൂസര്‍ഐഡിയും പോലും കൈക്കലാക്കിയും ഈ പദ്ധതിയെ തുരങ്കംവെച്ചു. പല സ്‌കൂളുകളും തിരഞ്ഞെടുത്ത പുസ്തകങ്ങളില്‍ 99 ശതമാനം ഈ പ്രസാധകന്റേതാണ്!( പ്രസാധകന്‍ ഏത് എന്ന് കാണിക്കാത്ത 6000 പുസ്തകങ്ങളുടെ ലിസ്റ്റില്‍ നിന്നാണ് ഈ സ്‌കൂളുകള്‍ തെരഞ്ഞെടുപ്പില്‍ ഇത്ര കൃത്യത കാണിച്ചത്! ഈ അദ്ധ്യാപകരെ അടുത്ത ഒളിംബിക്‌സില്‍ റൈഫിള്‍ ഷൂട്ട് മത്സരത്തിലേക്ക് ഇതിനാല്‍ ശുപാര്‍ശ ചെയ്യട്ടെ.) രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിക്കുന്ന ചില സ്റ്റാഫ് ആണ് പ്രസാധകഗൃഹത്തെ ഇത്തരം എടാകൂടങ്ങളിലേക്ക് എടുത്തെറിയുന്നത് എന്നുപറഞ്ഞു രക്ഷപ്പെടാന്‍ വരട്ടെ. നിരക്ഷരന്റെ യുക്തിയിലും ബുദ്ധിയിലും പോലും ഇത്തരമൊന്ന് തെളിയില്ല; അവന്റെ ധാര്‍മ്മികതയിലും ഇത്തരമൊന്ന് കാണില്ല.
99 ശതമാനം പുസ്തകങ്ങള്‍, ഒരേ പ്രസാധകന്റേത് തിരഞ്ഞെടുത്താല്‍ പിടിക്കപ്പെടും എന്ന് മനസ്സിലാക്കാനുള്ള ബുദ്ധിപോലും ഇല്ലാത്ത അധ്യാപകര്‍, നമുക്കിടയില്‍, 2020 ലും ഉണ്ട് എന്ന് ബോദ്ധ്യപ്പെടുവാന്‍ ഏറെ ബുദ്ധിമുട്ടുണ്ട്? അതുപോലെ മാര്‍ക്കറ്റ് ഷെയറിന്റെ 99 ശതമാനവും ഒറ്റക്ക് കൈക്കലാക്കണമെന്ന അത്യാര്‍ത്തിസ്റ്റുകളും നമുക്കിടയില്‍ ഉണ്ട് എന്നത് ചിന്തിക്കാനുമാവുന്നില്ല. എന്തേ കാരണം എന്നാണോ? ബാര്‍ബേറിയന്‍ കാലത്തല്ല നാം എന്നതു തന്നെ. പരിക്ഷ്‌കൃത ചിന്തകളാണ് നമ്മെ നയിക്കേണ്ടത് എന്നതുതന്നെ. ഇത്തിരി നീതിബോധമെങ്കിലും നമ്മെ നയിക്കാന്‍ തുണയായി ഇല്ലങ്കില്‍ പിന്നെ എന്ത് എഴുത്ത്? എന്ത് പ്രസാധനം? എന്ത് സാഹിത്യം? എന്ത് ലിറ്റററിഫെസ്റ്റ്?
കെ എല്‍ എഫിന്റെ തിരക്കിലാണെന്നറിയാം. എങ്കിലും താങ്കള്‍ ഈ പ്രശ്‌നത്തില്‍ മൗനം വെടിയണം. ഇത്തിരിസമയം ഇതിനായി കണ്ടെത്തണം. നമ്മുടെ സാംസ്‌കാരികരംഗം അസാംസ്‌കാരികം ആകാതെ നോക്കാനുള്ള ചുമതല നമുക്ക് ഒക്കെ ഉണ്ടല്ലോ. ക്രിമിനല്‍ കുറ്റമാണ് പ്രസാധകഗൃഹം ചെയ്തത് എന്ന കാര്യത്തില്‍ താങ്കള്‍ക്കും തര്‍ക്കം കാണില്ല.
ഇത്രയും വലുതും സുതാര്യവുമായ ഈ പരിപാടിയെ തുരങ്കം വെക്കാന്‍ എത്തുന്ന ട്രോജന്‍ കുതിര എത്ര ഉന്നതനായാലും, വലിയവനായാലും ശിക്ഷിക്കപ്പെടണം; ചുരുങ്ങിയപക്ഷം ആ ദേഹത്തെ ജയിക്കാനെങ്കിലും അനുവദിക്കരുത്. എന്റെ ഉള്ളിലെ പോരാട്ടവീര്യം എന്നോട് പറയുന്നു. ഇതാണ്, ഇതു മാത്രമാണ് ഈ തുറന്ന കത്തിന്റെ ലക്ഷ്യം. ഇതുവരെ നമ്മുടെ അടഞ്ഞ ഗ്രൂപ്പുകളിലെ ആരോപണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും നേരെ താങ്കള്‍ കാണിച്ച മൗനം ഈ തുറന്ന കത്തിന്റെ കാരണവും.
സസ്‌നേഹം
– പ്രതാപന്‍ തായാട്ട്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in