ഗാന്ധിയോ സവര്‍ക്കറോ ? ഈ തെരഞ്ഞെടുപ്പായിരിക്കും നമ്മെ നിര്‍വ്വചിക്കുക
ഗാന്ധി വധിക്കപ്പെട്ട് ആറ് ദിവസത്തിന് ശേഷം 1948 ഫെബ്രുവരി 5നാണു സവര്‍ക്കറെ ഒരു ഗൂഢാലോചനാകുറ്റം ചുമത്തി അറസ്റ്റുചെയ്തത്. തുടര്‍ന്ന് 27 ന് ഇപ്പോള്‍ ബിജെപി അഘോഷിക്കുകയും ഏറ്റെടുക്കുകയും ചെയ്യുന്ന അന്നത്തെ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന് ഇങ്ങനെ എഴുതി: ”ബാപ്പുവിന്റെ വധക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പുരോഗതി ഞാന്‍ നിത്യേന പരിശോധിക്കുന്നുണ്ട്. അത് ചെയ്തത് ഹിന്ദു മഹാസഭയിലെ മതഭ്രാന്തന്മാരുടെ വിഭാഗമാണ്. ആ ഗൂഢാലോചനയില്‍ സവര്‍ക്കര്‍ക്ക് നേരിട്ടുതന്നെ പങ്കുണ്ട്.
1906 ഒക്ടോബര്‍ മാസത്തില്‍ ലണ്ടനിലെ ഇന്ത്യാ ഹൗസില്‍ വെച്ച് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി, വിനയക് ദാമോദര്‍ സവര്‍ക്കറെ കണ്ടുമുട്ടിയതായി ചരിത്രത്തില്‍ പറയുന്നു. ആ സമയത്ത് സവര്‍ക്കര്‍ ചെമ്മീന്‍ പാചകം ചെയുകയായിരുന്നു. രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നതിനിടെ സവര്‍ക്കര്‍ ഗാന്ധിയെ ഭക്ഷണത്തിന് ക്ഷണിച്ചു. ഗാന്ധി പക്ഷെ ആ ക്ഷണം നിരസിക്കുകയായിരുന്നു. ഗാന്ധിക്ക് തന്നോടൊപ്പം ഭക്ഷണം കഴിക്കാന്‍ പോലും കഴിയുന്നില്ലെങ്കില്‍, എങ്ങനെ തന്നോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് സവര്‍ക്കര്‍ അന്ന് പ്രതികരിച്ചത്. എന്നാല്‍ ഗാന്ധി സവര്‍ക്കറുടെ ചെമ്മീന്‍ കഴിക്കുകയോ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ ഉള്‍കൊള്ളുകയോ ചെയ്തില്ല. തന്റെ മരണം വരെ അദ്ദേഹം അതിനോട് വിയോജിച്ചു.
നൂറ്റി പതിമൂന്ന് വര്‍ഷത്തിനുശേഷം, ഇപ്പോള്‍ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രികയില്‍ വിചിത്രമായ ഒരു വാഗ്ദാനമുണ്ടായിരുന്നു. ഇതേ സവര്‍ക്കറിന് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത് രത്ന സമ്മാനിക്കുമെന്നാണത്. സംഘപരിവാറിന്റെയും കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെയും പ്രത്യയശാസ്ത്ര അടിത്തറയായ ഹിന്ദുത്വത്തിന്റെ അല്ലെങ്കില്‍ ഹിന്ദു ദേശീയതയുടെ പ്രത്യയശാസ്ത്രമാണ് സവര്‍ക്കര്‍ മുന്നോട്ടുവച്ചത്. സവര്‍ക്കര്‍ക്ക് ഭാരത് രത്ന നല്‍കുന്നതിനെ സ്വാഗതം ചെയ്യുന്നവര്‍ക്ക് ഇത് രസകരമായിരിക്കാം. എന്നാല്‍ മഹാത്മാവിനെ ഇപ്പോഴും രാജ്യത്തിന്റെ പിതാവെന്ന് വിളിക്കുന്ന ഒരു രാജ്യത്ത് ബിജെപിയുടെ നിര്‍ദ്ദേശം അസ്വീകാര്യമാകുന്നത് സ്വാഭാവികം. ഗാന്ധിയെ വധിച്ചതില്‍ സവര്‍ക്കറുടെ പങ്കെന്താണെന്നതുതന്നെയാണ് അതിനു കാരണം.
ഗാന്ധി വധിക്കപ്പെട്ട് ആറ് ദിവസത്തിന് ശേഷം 1948 ഫെബ്രുവരി 5നാണു സവര്‍ക്കറെ ഒരു ഗൂഢാലോചനാകുറ്റം ചുമത്തി അറസ്റ്റുചെയ്തത്. തുടര്‍ന്ന് 27 ന് ഇപ്പോള്‍ ബിജെപി അഘോഷിക്കുകയും ഏറ്റെടുക്കുകയും ചെയ്യുന്ന അന്നത്തെ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന് ഇങ്ങനെ എഴുതി: ”ബാപ്പുവിന്റെ വധക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പുരോഗതി ഞാന്‍ നിത്യേന പരിശോധിക്കുന്നുണ്ട്. അത് ചെയ്തത് ഹിന്ദു മഹാസഭയിലെ മതഭ്രാന്തന്മാരുടെ വിഭാഗമാണ്. ആ ഗൂഢാലോചനയില്‍ സവര്‍ക്കര്‍ക്ക് നേരിട്ടുതന്നെ പങ്കുണ്ട്. (സര്‍ദാര്‍ പട്ടേല്‍ കറസ്‌പോണ്ടന്‍സ് 1945-50, വാല്യം 6, എഡിറ്റ് ചെയ്തത് ദുര്‍ഗാ ദാസ്).
ഗാന്ധി കൊലപാതകത്തിന്റെ വിചാരണ മെയ് 27 ന് ദില്ലിയിലെ ചെങ്കോട്ടയില്‍ ആരംഭിച്ചു. പ്രധാന പ്രതിയായ നാഥുറാം ഗോഡ്സെക്കും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ നാരായണ്‍ ആപ്തെക്കും ആയുധങ്ങളും വെടിക്കോപ്പുകളും വിതരണം ചെയ്ത ദിഗാംബര്‍ ബാഡ്ജ് മാപ്പുസാക്ഷിയായി മാറി. അദ്ദേഹത്തിന്റെ മൊഴി പ്രകാരം, ഗോഡ്‌സെയും ആപ്‌റ്റെയും 1948 ജനുവരി 17 ന് സവര്‍ക്കര്‍ സദനിലെത്തി സവര്‍ക്കറുടെ അനുഗ്രഹം വാങ്ങിയിരുന്നു. തന്നോട് താഴെ കാത്തിരിക്കാന്‍ പറഞ്ഞ് അവര്‍ ഒന്നാം നിലയിലേക്കു പോകുകയായിരുന്നു. പത്തു മിനിറ്റിനുള്ളില്‍ അവര്‍ സവര്‍ക്കറോടൊപ്പം മടങ്ങിവന്നു, തുടര്‍ന്ന് അദ്ദേഹം ഗോഡ്‌സെയോട് വിജയിച്ച് മടങ്ങിവരു എന്നനുഗ്രഹിച്ചതായും ബാഡ്ജ് മൊഴി കൊടുത്തു. ബാഡ്ജിന്റെ മൊഴി പ്രകാരം ടാക്‌സിയില്‍ വച്ച് ആപ്തെ ‘ഗാന്ധിയുടെ നൂറുവര്‍ഷങ്ങള്‍ കഴിഞ്ഞുവെന്നും അതിനാല്‍ തങ്ങളുടെ കര്‍ത്തവ്യം വിജയിക്കും എന്നതില്‍ സംശമില്ലെന്നും’ സവര്‍ക്കര്‍ പ്രവചിച്ചതായി വ്യക്തമാക്കി. (തുഷാര്‍ എ ഗാന്ധിയുടെ ‘ലെറ്റസ് കില്‍ ഗാന്ധി’യില്‍ നിന്ന്’) അത് ഗാന്ധിയുടെ പ്രാര്‍ത്ഥനാ യോഗത്തിലേക്ക് അവര്‍ ഗ്രനേഡ് എറിയുന്നതിനു മൂന്ന് ദിവസം മുമ്പും ഗാന്ധിയെ കൊല്ലുന്നതിനു 13 ദിവസം മുമ്പുമായിരുന്നു. ഗോഡ്സെയും സവര്‍ക്കറും ബാഡ്ജിന്റെ പ്രസ്താവന നിഷേധിച്ചു. തെളിവുകള്‍ സ്ഥിരീകരിക്കാത്തതിനാല്‍ സവര്‍ക്കറെ വിട്ടയക്കുകയായിരുന്നു.
എന്നിരുന്നാലും, മഹാത്മാഗാന്ധിയുടെ കൊലപാതകത്തിനു പുറകിലെ ഗൂഢാലോചന അന്വേഷിക്കുന്നതിനായി 1965 ല്‍ രൂപീകരിച്ച ജീവന്‍ ലാല്‍ കപൂര്‍ കമ്മീഷന്‍, 1948 മാര്‍ച്ച് 4 ന് ബോംബെ പോലീസിന് സവര്‍ക്കറുടെ അംഗരക്ഷകനായ അപ്പാ രാംചന്ദ്ര കസാര്‍, സെക്രട്ടറി ഗജാനന്‍ വിഷ്ണു ഡാംലെ എന്നിവര്‍ നല്‍കിയ പ്രസ്താവനകള്‍ കണക്കിലെടുത്തു. അതിവേഗത്തില്‍ ചെങ്കോട്ടയില്‍ നടന്ന വിചാരണയില്‍ കസറിനെയോ ഡാംലെയെയോ വിചാരണ ചെയ്തിരുന്നില്ല. 1969 ല്‍ പുറത്തുവന്ന കമ്മീഷന്‍ റിപ്പോര്‍ട്ടില്‍, കൊലപാതകത്തിന് മുമ്പ് സവര്‍ക്കറും ഗോഡ്സെയും തമ്മില്‍ നിരവധി തവണ ബന്ധപ്പെട്ടിരുന്നതായി ഡാംലെയും കസാറും പറഞ്ഞതായി വ്യക്തമാക്കിയിരുന്നു. ”ജനുവരി പകുതിയോടെ, രാത്രി വൈകി ആപ്റ്റെയും ഗോഡ്സെയും സവര്‍ക്കറെ കാണാന്‍ വന്നിരുന്നു” എന്ന് ഡാംലെ മൊഴി നല്‍കി. ജനുവരി 15 അല്ലെങ്കില്‍ 16ന് രാത്രി 9.30 ന് ഗോഡ്‌സെയും ആപ്റ്റെയും വന്ന് സവര്‍ക്കറുമായി സംസാരിച്ചിരുന്നു എന്നും ജനുവരി 23നോ 24നോ രാവിലെ 10 – 10.30ന് വീണ്ടും എത്തിയിരുന്നു എന്നും കസാര്‍ മൊഴി നല്‍കി.
ജീവന്‍ ലാല്‍ കപൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു, ”മഹാത്മാഗാന്ധിയുടെ കൊലപാതകത്തില്‍ പങ്കാളികളായവര്‍ സവര്‍ക്കര്‍ സദനില്‍ ഇടക്കെങ്കിലും വന്നിരുന്നുവെന്നും സവര്‍ക്കറുമായി ദീര്‍ഘനേരം സംസാരിച്ചിരുന്നുവെന്നും ഇതെല്ലാം വ്യക്തമാക്കുന്നു. ഗാന്ധിക്കുനേരെ ബോംബ് എറിയുന്നതിനുമുമ്പും കൊലപാതകം നടക്കുന്നതിന് മുമ്പും ഇരുവരും സവര്‍ക്കറേ സന്ദര്‍ശിച്ചതത് ശ്രദ്ധേയമാണ്. അവസാന കൂടിക്കാഴ്ച ജനുവരി 20 ന് ഗാന്ധിയെ വധിക്കാന്‍ ശ്രമിച്ചതിന് ശേഷവും ജനുവരി 30 ന് കൊലപാതകത്തിന് മുമ്പുമായിരുന്നിരിക്കണം.’ ”എല്ലാ വസ്തുതകളും ചേര്‍ത്തുവച്ചു പരിശോധിക്കുമ്പോള്‍ സവര്‍ക്കറും സംഘവും കൊലപാതകത്തിനായി നടത്തിയ ഗൂഢാലോചനാ സിദ്ധാന്തമല്ലാതെ മറ്റെല്ലാം അര്‍ത്ഥശൂന്യമാണെന്ന കാണാം.”എന്ന് ജെ എല്‍ കപൂര്‍ കമ്മീഷന്‍ ഉപസംഹരിച്ചു.
[widgets_on_pages id=”wop-youtube-channel-link”]
1969 ല്‍ റിപ്പോര്‍ട്ട് പുറത്തുവരുമ്പോഴേക്കും സവര്‍ക്കര്‍ മരിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞിരുന്നു. ഈ വിശദാംശങ്ങളെല്ലാം ഇന്ന് പബ്ലിക് ഡൊമൈനില്‍ ലഭ്യമാണ്. മഹാത്മാവിനെ വധിക്കാനുള്ള ഗൂഢാലോചനയില്‍ സവര്‍ക്കര്‍ക്ക് പങ്കുണ്ടെന്ന് പട്ടേലും ജെ എല്‍ കപൂര്‍ റിപ്പോര്‍ട്ടും വ്യക്തമാക്കിയിരുന്നു.
സമീപകാലത്ത് ബിജെപി ഒരേസമയം സവര്‍ക്കറിനെയും ഗാന്ധിയെയും ആരാധിക്കാനും അവരെ പരസ്പരം ബന്ധിപ്പിക്കാനും ശ്രമിക്കുന്നു. പക്ഷേ അവര്‍ എല്ലാ കാര്യങ്ങളിലും വ്യത്യസ്ഥരാണെന്നതാണ് യാഥാര്‍ത്ഥ്യം. അവരെ പരസ്പരം ബന്ധിപ്പിക്കുന്നത് സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെതും ഏറ്റവും ക്രൂരമായതുമായ രാഷ്ട്രീയ കൊലപാതകമാണ്. അതില്‍ ഒരാളെ അന്വേഷണ കമ്മീഷന്‍ ഗൂഢാലോചനക്കാരനായി കുറ്റം ചുമത്തിയതും മറ്റൊരാള്‍ കൊല്ലപെട്ടയാളുമാണ്.
ഈ ഭാരത് രത്ന നാടകത്തിലൂടെ സവര്‍ക്കറെ ഉയര്‍ത്തിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍, ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ മഹാത്മാവിന്റെ വധത്തക്കുറിച്ചും ആരാണ്, എത്രത്തോളമാണ് അതില്‍ ഉള്‍പ്പെട്ടതെന്നതിനെക്കുറിച്ചും അശ്രദ്ധരായാല്‍ നമ്മള്‍ ജനങ്ങള്‍ കുറ്റവാളികളായിരിക്കും. രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് ആ അറിവില്ലായ്മയെ ചൂഷണം ചെയ്യാനോ ചരിത്രത്തെ വളച്ചൊടിക്കാനോ സവര്‍ക്കര്‍ ഏറ്റവും ഉയര്‍ന്ന ബഹുമതിക്ക് അര്‍ഹനാണെന്ന് പറഞ്ഞ് നമ്മെ തെറ്റിദ്ധരിപ്പിക്കാനോ കഴിയരുത്. ഈ സവര്‍ക്കര്‍ ഭാരത് രത്ന നല്‍കാന്‍ നമ്മള്‍ ആഗ്രഹിക്കുന്ന ആളാണോ? നമ്മുടെ രാഷ്ട്രനിര്‍മ്മാണത്തിന്റെ അടിസ്ഥാനമായിരിക്കാന്‍ പോകുന്നത് അയാളുടെ ”സംസ്‌കാരമാണോ”?
വളരെ വൈവിധ്യപൂര്‍ണ്ണവും സങ്കീര്‍ണ്ണവുമായ ഇന്ത്യാ രാജ്യത്ത്, തങ്ങളുടെ താല്‍പ്പര്യങ്ങളനുസരിച്ച് തിരഞ്ഞെടുക്കാനും യോജിപ്പുള്ള പ്രത്യയശാസ്ത്രങ്ങളോട് ചേര്‍ന്നു നില്‍ക്കാനും ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ മഹാത്മാഗാന്ധിയോ വിനയക് സവര്‍ക്കറോ എന്ന ചോദ്യത്തില്‍ നിങ്ങള്‍ക്ക് ഒരാളേയോ തെരഞ്ഞെടുക്കാനാകൂ. ആ തെരഞ്ഞെടുപ്പായിരിക്കും നിങ്ങളെ നിര്‍വചിക്കുന്നത്.
(എക്കണോമിക് ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ വിവര്‍ത്തനം)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in