റെയില്‍വേ സ്റ്റേഷനെയും ഹിന്ദുത്വവല്‍ക്കരിക്കുന്നു
മറ്റേതൊരു രാജഭരണം എന്നപോലെ, എല്ലാ ഭരണ വൈകൃതങ്ങളുടെയും, അടിച്ചമര്‍ത്തലുകളുടെയും, ചൂഷണങ്ങളുടെയും നിഷ്ഠൂര നികുതി നിര്‍ണയങ്ങളുടേയും കേന്ദ്രമായിരുന്നു കൊച്ചി രാജവംശവും. ജനാധിപത്യ രാഷ്ട്രീയത്തില്‍നിന്ന് ഭരണകൂട സാരഥ്യത്തില്‍ പ്രത്യക്ഷ വര്‍ഗീയ രാഷ്ട്രീയത്തിലേക്ക്, ജനകീയാധികാരത്തില്‍ നിന്ന് അധികാര നിരാസത്തിലേക്ക് ജനങ്ങളെ കൊണ്ടുപോവുക എന്നുള്ളതാണ് ഈ നീക്കത്തിന്റെ ദുരൂഹമായ ലക്ഷ്യമെന്ന് വായിക്കേണ്ടി വരുന്നു..
സൗത്ത് റെയില്‍വേ സ്റ്റേഷന്റെ പുനരുദ്ധാരണത്തിന് ശേഷം കൊച്ചി രാജാവ് രാജര്‍ഷി രാമവര്‍മ്മയുടെ പേര് നല്‍കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് ഇടതുപക്ഷം ഭരിക്കുന്ന കൊച്ചി കോര്‍പ്പറേഷന്‍ ശുപാര്‍ശ നല്‍കുകയാണ്..
തൃപ്പുണിത്തുറ ക്ഷേത്രത്തിലെ നെറ്റിപ്പട്ടങ്ങള്‍ വിറ്റ് തീവണ്ടിപ്പാതക്ക് പണം സ്വരൂപിച്ച രാജാവ്, ബ്രിട്ടീഷുകാരോട് ആശയ പോരാട്ടം നടത്തി സ്ഥാനത്യാഗം ചെയ്ത രാജ്യസ്‌നേഹി രാജാവ്, ശൂന്യമായ കൈകളോടെ അധികാരമൊഴിഞ്ഞ ധീര രാജാവ്, നിസ്വരുടെ വിമോചന പോരാട്ടങ്ങളോട് ഐക്യപ്പെട്ട രാജാവ് തുടങ്ങി നിരവധി നുണകളും മിത്തുകളും ചരിത്രമായി അവതരിപ്പിച്ചത് ചരിത്ര രേഖകളുടെ തന്നെ അടിസ്ഥാനത്തില്‍ പൊളിഞ്ഞു വീണത് നാം കണ്ടതാണ്.
സവര്‍ണ്ണ ഹിന്ദുത്വ രാജ വാഴ്ചയുടെ ഓര്‍മ്മകളെ കയ്യെത്തിപ്പിടിക്കുന്ന പരസ്യ ആഹ്വാനങ്ങള്‍ സിപിഎം നേതൃത്വത്തിലുള്ള ഇടതുപക്ഷത്തില്‍ നിന്ന് ഉണ്ടാകുന്നതില്‍ അത്ഭുതമേതുമില്ല. സവര്‍ണ്ണ ഫ്യൂഡല്‍ ബോധത്തിന്റെ വിളംബരവും ജനാധിപത്യത്തിന്റെയും നീതിന്യായ വ്യവസ്ഥയുടെയും ആത്മാവ് കെടുത്തുന്നതുമായ കര്‍മ്മക്രമങ്ങള്‍ ആ പാര്‍ട്ടിയുടെ ആചാര്യന്മാരുടെ കാലത്ത് തന്നെ ആശയപരമായി അതില്‍ നിലീനമായിരിക്കുന്നതാണ്
കൊച്ചി രാജ്യത്തെ നിധി കുംഭം വൈകുണ്ഡത്തില്‍ നിന്ന് പൊട്ടി വീണതല്ല, രാജവാഴ്ചാ കാലത്തെ ജനങ്ങള്‍ക്കവകാശപ്പെട്ട അവരുടെ അധ്വാനത്തിന്റെ ശേഷിപ്പുകളാണ്. എന്നാല്‍ സ്വേച്ഛാധിപത്യ നാടുവാഴിത്ത സവര്‍ണ്ണ മൂല്യങ്ങളെ ജനാധിപത്യത്തില്‍ ഒളിച്ചു കടത്തി കേരളത്തില്‍ സംഘപരിവാറിന് ബദലാകാന്‍ ശ്രമിക്കുകയാണ് സിപിഎം നേതൃത്വം.
ഇടതുപക്ഷം നിരുത്തരവാദപരമായ പ്രസ്താവനകള്‍ വാരിവിതറുമ്പോള്‍ ജനാധിപത്യ കേരളത്തിലാണ് ചവിട്ടി നില്‍ക്കുന്നതെന്ന് പോലും അവര്‍ ഭയക്കാതായിരിക്കുന്നു. എന്തെന്നാല്‍ കൈരളി ടിവി പ്രവര്‍ത്തിച്ചില്ലെങ്കിലും ജനം ടിവി വെച്ച് അഡ്ജസ്റ്റ് ചെയ്യാം, അല്ലെങ്കില്‍ ജനം ടിവി പ്രവര്‍ത്തിച്ചില്ലെങ്കിലും ദേശാഭിമാനിയും കൈരളിയും വെച്ച് അഡ്ജസ്റ്റ് ചെയ്യാം എന്ന നില കേരളത്തില്‍ സംജാതമായിരിക്കുന്നു.
കേരളം 1950 ജനുവരി 26ന് പരമാധികാര റിപ്പബ്ലിക്കായ ഇന്ത്യന്‍ യൂണിയനിലെ ഒരു സംസ്ഥാനമായെന്നത് കൊച്ചിയുടെ ഇടതുപക്ഷ കോര്‍പ്പറേഷന്റെയും, പാര്‍ട്ടിയുടെയും ജാതി കോയ്മയുടെ അധികാരബോധത്തിലേക്ക് കടന്നുചെന്നിട്ടില്ല. രാജാധിപത്യത്തിന്റെ കൊടിയ മര്‍ദ്ദനത്തിരയായതിന്റെ പാടുകള്‍ ശരീരത്തില്‍പേറി നടക്കുന്നവര്‍ ഇന്നും ജീവിച്ചിരിപ്പുണ്ട് എന്ന് അവര്‍ക്കറിയില്ല. അഥവാ സവര്‍ണ്ണ ആധിപത്യ മൂല്യങ്ങളോട് അടിമത്തം സ്ഥാപിച്ചെടുക്കാന്‍ വളഞ്ഞ വഴി സ്വീകരിക്കുകയാണ് അവര്‍.
രാജ്യത്തെ പൊതുസ്വത്തും, അതിന്റെ അടയാളങ്ങളും ജനങ്ങള്‍ ഐതിഹാസികമായ പോരാട്ടത്തിലൂടെ പുറത്താക്കിയ രാജകുടുംബത്തിന് കൂടി അവകാശപ്പെട്ടതാണ് എന്നു പറയുന്ന സിപിഎം ഭരിക്കുന്ന കൊച്ചി കോര്‍പ്പറേഷന്‍, അധികാരം ദൈവദത്തമാണ് എന്ന ‘തൃപ്പടിത്താനം’ തന്ത്രം പുനരാവിഷ്‌കരിക്കാനാണ് ശ്രമിക്കുന്നത്. ഈ അപരിഷ്‌കൃതവും അറപ്പുളവാക്കുന്നതുമായ ‘തിരുനാള്‍’ ബോധം കേരള ജനതയ്ക്ക് മേല്‍ കെട്ടിവയ്‌ക്കേണ്ടത് സിപിഎം എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ രാഷ്ട്രീയ നിലനില്‍പ്പായി മാറിയിരിക്കുന്നു.
1947 ആഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രമായി, 1950 ജനുവരി 26ന് എല്ലാ നാട്ടുരാജ്യങ്ങളും ലയിച്ച് സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കായി, 1956 നവംബര്‍ ഒന്നോടെ, മൂന്നായി കിടന്ന കേരളം ഐക്യകേരളമാവുകയും ചെയ്തു. 1969ല്‍ പ്രിവിപേഴ്സ് നിര്‍ത്തലാക്കുകയും ചിത്തിരതിരുനാളിന്റെ കുടുംബമുള്‍പ്പടെ അതിനെതിരെ നല്‍കിയ ഹര്‍ജികള്‍ 1993ല്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് തള്ളുകയും ചെയ്തു.
മറ്റേതൊരു രാജഭരണം എന്നപോലെ, എല്ലാ ഭരണ വൈകൃതങ്ങളുടെയും, അടിച്ചമര്‍ത്തലുകളുടെയും, ചൂഷണങ്ങളുടെയും നിഷ്ഠൂര നികുതി നിര്‍ണയങ്ങളുടേയും കേന്ദ്രമായിരുന്നു കൊച്ചി രാജവംശവും. ജനാധിപത്യ രാഷ്ട്രീയത്തില്‍നിന്ന് ഭരണകൂട സാരഥ്യത്തില്‍ പ്രത്യക്ഷ വര്‍ഗീയ രാഷ്ട്രീയത്തിലേക്ക്, ജനകീയാധികാരത്തില്‍ നിന്ന് അധികാര നിരാസത്തിലേക്ക് ജനങ്ങളെ കൊണ്ടുപോവുക എന്നുള്ളതാണ് ഈ നീക്കത്തിന്റെ ദുരൂഹമായ ലക്ഷ്യമെന്ന് വായിക്കേണ്ടി വരുന്നു..
ബ്രിട്ടന്റെ കോളനിവല്‍ക്കരണത്തില്‍ നിന്ന് മാത്രമല്ല, നാടുവാഴിത്ത, ജന്മിത്ത രാജ വാഴ്ചാ വ്യവസ്ഥയില്‍ നിന്നു കൂടിയായിരുന്നു ഇന്ത്യ സ്വാതന്ത്ര്യം നേടിയതെന്ന് ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന അമ്പലവാസി കമ്മ്യൂണിസ്റ്റുകള്‍ക്ക് ഇതുവരെ മനസ്സിലായിട്ടില്ല. രാജ്യത്തെ നാടുവാഴി, ഫ്യൂഡല്‍ ആവാസത്തിലേക്ക് മടക്കിക്കൊണ്ടു പോകാനും, വര്‍ണ വ്യവസ്ഥ പുന:സ്ഥാപിക്കാനുമാണ് രാജകുടുംബത്തെ പ്രസാദിപ്പിച്ചു കൊണ്ടുള്ള പുതിയ വംശീയ സ്പിരിച്വല്‍ വ്യവസായം സംഘപരിവാര്‍ നടപ്പാക്കി വരുന്നത്. അതിനുവേണ്ട ആശയപിന്തുണ ഉറപ്പുവരുത്തുകയാണ് സിപിഎം ചെയ്തുകൊണ്ടിരിക്കുന്നത്.
ഹിന്ദുത്വശക്തികളെ ചേര്‍ത്തു നിര്‍ത്തുന്ന ബി.ജെ.പിയും അവരുടെ നേതൃത്വവും, ഹിന്ദുത്വ ദേശീയതക്ക് കീഴ്പെട്ടുകൊണ്ടിരിക്കുന്ന നിയമ വ്യവസ്ഥയും ബ്രാഹ്മണമത വൈദിക കോയ്മയെ പ്രയോഗവല്‍ക്കരിക്കാന്‍ ഭരണവ്യവസ്ഥയുടെ എല്ലാ ഘടകങ്ങളെയും ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോള്‍ അതിനെ ശക്തമായി പ്രതിരോധിക്കുന്ന കേരളത്തിലെ രാഷ്ട്രീയ -സാംസ്‌കാരിക അവബോധത്തെ നേരിടാന്‍ സംഘപരിവാര്‍ ഇപ്പോള്‍ പ്രതീക്ഷയര്‍പ്പിക്കുന്ന ഏക ഘടകം കേരളത്തിലെ സിപിഎം ആണ് എന്ന് കൃത്യവും വ്യക്തവുമാവുകയാണ്.
കേരളത്തെ വര്‍ഗ്ഗീയ ഫാഷിസ്റ്റ് ഭീകര പ്രവര്‍ത്തനത്തിന്റെ കൊലക്കളമാക്കി മാറ്റുന്നതിനുവേണ്ടിയുള്ള ധനകാര്യ സമ്പുഷ്ടമായ ഗൂഢാലോചനകളെ ഒഴിച്ചു നിര്‍ത്തിക്കൊണ്ട് ഈ വിഷയത്തെ നോക്കിക്കാണാന്‍ കഴിയില്ല. രാജ്യത്തെ ഫാഷിസ്റ്റ് ഭീകരതയുടെ യന്ത്രസമുച്ചയമാക്കി ജനങ്ങളില്‍ മതവര്‍ഗീയതയുടെയും വംശീയതയുടെയും ചിത്തവിഭ്രാന്തി സൃഷ്ടിച്ച് ഹിന്ദു വൈദിക ഫാഷിസവും ധനമൂലധനാധിനിവേശവും ദളിത് ന്യൂനപക്ഷ പീഢനങ്ങളും നടപ്പാക്കാന്‍ ഭരണകൂടത്തിന്റെ എല്ലാ സംവിധാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ അതിനെ ഒളിഞ്ഞും തെളിഞ്ഞും ആശ്ലേഷിക്കുകയാണ് സിപിഎം ചെയ്തുവരുന്നത്.
കേരളത്തില്‍ അധികാരസിംഹാസനത്തിനു വേണ്ടി അങ്കം വെട്ടുന്ന, കോര്‍പറേറ്റുകളുടെ കുചേലന്മാരായ ഇടതുപക്ഷം കൊച്ചി രാജകുടുംബത്തിന്റെ ഫ്യൂഡല്‍ പടിവാതില്‍ക്കല്‍ യാചകരായി ഓച്ഛാനിച്ചു നില്‍ക്കുന്നതില്‍ അഭിമാന പുളകിതരാവുകയാണ്.. ജാതി മേല്‍ക്കോയ്മയും ഫ്യൂഡല്‍ നിയമങ്ങളും രൂഢമൂലമായി സ്വാധീനിച്ചിരുന്ന ഒരു ജനത സ്വാതന്ത്ര്യത്തിന്റേയും ആധുനിക ജനാധിപത്യത്തിന്റേയും വിഹായസ്സിലേക്ക് ഉയരുകയായിരുന്നുവെന്ന് ഇവര്‍ മറന്നുപോകുന്നു. മതേതര, ജനാധിപത്യ സങ്കല്‍പങ്ങളോട് മമതയില്ലാത്ത കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഫാഷിസ്റ്റ് – ഫ്യൂഡല്‍ – ചക്രവര്‍ത്തി സംയുക്തങ്ങളോട് സന്ധിചെയ്ത് കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ കീഴ്മേല്‍ മറിക്കുകയാണ്.
സ്വന്തം പ്രജകളുടെ അവയവങ്ങള്‍ക്ക് പോലും നികുതി വാങ്ങിയിരുന്ന, അവര്‍ണ്ണ സമുദായാംഗങ്ങളുടെ തലയും മുലയും വളരുന്നതനുസരിച്ച് തങ്ങളുടെ ഖജനാവും വളരുമെന്ന് കരുതിയിരുന്ന ധര്‍മ്മരാജാക്കന്മാരുടെ ഓര്‍മ്മകള്‍ കാത്തുസൂക്ഷിക്കാനാണ് സവര്‍ക്കര്‍ രാഷ്ട്രീയത്തിന്റെ കാര്യദര്‍ശികളായി മാറിയ കമ്മ്യൂണിസ്റ്റ് പ്രച്ഛന്നങ്ങള്‍ ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് ഇടതുപക്ഷ പാര്‍ട്ടിയിലെ സമ്പന്ന വര്‍ഗ്ഗ – സവര്‍ണ്ണ വര്‍ഗ്ഗ ശരീരം തുറന്നു നോക്കിയാല്‍ അതിനുള്ളില്‍ സവര്‍ക്കറിന്റെ വീരസ്വരൂപം ഉണ്ടാകും എന്നുള്ളത് ഒരു രാഷ്ട്രീയ യാഥാര്‍ഥ്യമാണ്.
പോരാട്ടത്തിന്റെ തീച്ചൂളയില്‍ നിന്ന് ജ്വലിച്ചുയര്‍ന്ന രാഷ്ട്രീയ കേരളത്തിന് ഒട്ടും അപ്രതീക്ഷിതമല്ലാത്ത ഈ ദുര്‍ഘട പാതയും മറികടക്കാനാകുമെന്ന് തീര്‍ച്ചയാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in