പച്ചയായ ഫാസിസത്തെ മറയില്ലാതെ കാണുന്നു

സിനിമ കണ്ടവര്‍ക്ക് ഒരിടത്തും ഗുജറാത്ത് എന്ന ശബ്ദം കേള്‍ക്കാന്‍ സാധിച്ചിട്ടില്ല, ഒരു നേതാവിന്റെ പേരും പരാമര്‍ശിച്ചിട്ടില്ല, ഒരു പാര്‍ട്ടിയെയും പേരെടുത്തു പറഞ്ഞിട്ടില്ല എന്ന് മനസ്സിലാക്കാന്‍ സാധിക്കും. പക്ഷെ കോഴി കട്ടവന്റെ തലയില്‍ പൂട എന്ന് പറഞ്ഞ പോലെ, ഇതെല്ലാം തങ്ങളുടെ കൊള്ളരുതായ്മകളെയും, നയങ്ങളെയുമാണ് തുറന്നു കാട്ടുന്നത് എന്ന് അവര്‍ സ്വയം തീരുമാനിക്കുകയായിരുന്നു..

പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ എന്ന മലയാളം സിനിമയാകും മലയാളത്തില്‍ ഇറങ്ങിയതില്‍ വച്ച് ഏറ്റവും അധികം വിവാദം ഉണ്ടാക്കിയ സിനിമ. കള്ളക്കഥകള്‍ നിറച്ചുണ്ടാക്കിയ കേരള സ്റ്റോറി എന്ന പ്രോപഗണ്ട സിനിമ പോലും ഇത്രയും കോലാഹലങ്ങള്‍ ഉണ്ടാക്കിയതായി കാണുന്നില്ല. വിവാദങ്ങള്‍ സഹായിക്കാതെ തന്നെ ആദ്യ ദിവസങ്ങളില്‍ തന്നെ കോടി ക്ലബ്ബ്കളില്‍ കയറിയ എമ്പുരാന്‍, പെട്ടെന്നാണ് സംഘപരിവാര്‍ സംഘടനകളുടെ അപ്രീതിക്ക് പാത്രമായത്.

ഗുജറാത്ത് കലാപത്തെ കുറിച്ച് പരാമര്‍ശമുണ്ട്, സിനിമയില്‍ കാണിച്ചിരിക്കുന്ന കലാപം ഗുജറാത്ത് കലാപമാണ്, അതില്‍ പറഞ്ഞിരിക്കുന്ന പ്രതിനായകന്റെ പേര് പണ്ട് കലാപത്തിന്റെയും കൊലപാതകത്തിന്റെയും പേരില്‍ ജയിലില്‍ പോയ സംഘപരിവാര്‍ നേതാവിന്റെയാണ്, ഈ സിനിമയില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്നത് സംഘ്പരിവാറാണ്, തീവ്ര വലതു പക്ഷ പാര്‍ട്ടിയായ ബിജെപിയാണ്, അവരുടെ നേതാക്കളാണ് എന്നൊക്കെ പറഞ്ഞാണ് ഈ എതിര്‍പ്പുകള്‍ വന്നത്.

സിനിമ കണ്ടവര്‍ക്ക് ഒരിടത്തും ഗുജറാത്ത് എന്ന ശബ്ദം കേള്‍ക്കാന്‍ സാധിച്ചിട്ടില്ല, ഒരു നേതാവിന്റെ പേരും പരാമര്‍ശിച്ചിട്ടില്ല, ഒരു പാര്‍ട്ടിയെയും പേരെടുത്തു പറഞ്ഞിട്ടില്ല എന്ന് മനസ്സിലാക്കാന്‍ സാധിക്കും. പക്ഷെ കോഴി കട്ടവന്റെ തലയില്‍ പൂട എന്ന് പറഞ്ഞ പോലെ, ഇതെല്ലാം തങ്ങളുടെ കൊള്ളരുതായ്മകളെയും, നയങ്ങളെയുമാണ് തുറന്നു കാട്ടുന്നത് എന്ന് അവര്‍ സ്വയം തീരുമാനിക്കുകയായിരുന്നു.. സിനിമ ഇറങ്ങി രണ്ടു നാള്‍ കഴിഞ്ഞാണ് ഈ ആക്ഷേപത്തിന് ചൂട് പിടിക്കുന്നത്. സിനിമയിലെ കഥ മാത്രമായി സംഘപരിവാറിലെ പല നേതാക്കളും ഇതിനെ ആദ്യം തള്ളിക്കളഞ്ഞെങ്കിലും, പെട്ടെന്നായിരുന്നു വിവാദം കത്തി പടര്‍ന്നത്. സിനിമ കണ്ടു ഇഷ്ടപ്പെട്ടു എന്ന് മാധ്യമങ്ങളോട് പറഞ്ഞ ചിലരെങ്കിലും അവരുടെ അഭിപ്രായം മാറ്റി പറയാന്‍ തയ്യാറായി. അധികം വൈകാതെ കേരളത്തിലെ ബിജെപി നേതാക്കളും അവരുടെ ‘വിചാരങ്ങള്‍’ ഇതിനൊപ്പം അണിനിരത്തി. ആര്‍എസ്എസ് നേതൃത്വത്തില്‍ നിന്നും ഇതിനായി നിര്‍ദ്ദേശങ്ങള്‍ വന്നു എന്ന് തന്നെയാണ് കരുതേണ്ടത്. അവരുടെ ഔദ്യാഗിക പ്രസിദ്ധീകരണങ്ങളില്‍ തുടര്‍ച്ചയായി ഈ ചിത്രത്തിനെതിരെ ലേഖനങ്ങള്‍ വന്നത് ഇത്തരം ഇടപെടലുകളെ ഉറപ്പിക്കുകയും ചെയ്തു. സാധാരണയില്‍ നിന്നും വ്യത്യസ്തമായി, ആള്‍ക്കൂട്ടങ്ങളില്‍ നിന്നും ഉണ്ടാകാറുള്ള ഇത്തരം എതിര്‍പ്പുകള്‍ സമൂഹ മാധ്യമങ്ങളിലെ ഗ്വോ ഗ്വോ വിളികളില്‍ തീരാതെ, സംഘടനകളുടെ നേതൃത്വങ്ങള്‍ ഏറ്റെടുത്തതോടെ എതിര്‍പ്പുകള്‍ക്ക് ഒരു ഔദ്യോഗിക മാനം കിട്ടി. ആര്‍എസ്എസ് മുഖപത്രം പ്രശ്‌നം ഏറ്റെടുത്തത് ഈ വിവാദത്തിനു ഒരു അഖിലേന്ത്യാ മുഖവും കിട്ടി.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇതില്‍ കാണിക്കുന്ന കലാപ രംഗങ്ങള്‍ ഗുജറാത്ത് കലാപവുമായി സാമ്യതയുണ്ട് എന്ന് ആളുകള്‍ക്ക് തോന്നുമ്പോള്‍, അന്ന് അവിടം ഭരിച്ചിരുന്ന മുഖ്യനെയും ആളുകള്‍ ഓര്‍ക്കും. അത് ഇവര്‍ക്ക് ഒരു വിധത്തിലും സഹിക്കാന്‍ സാധിക്കില്ല. ചരിത്രം തിരുത്തി, പഴയ സംഭവങ്ങളെ വെള്ള പൂശി പൂശി വരുമ്പോള്‍, ജനങ്ങളെ വീണ്ടും സത്യം ഓര്‍മ്മിപ്പിക്കുന്നത് എന്ത് കഷ്ടമാണ്. അതാണ് ഈ എതിര്‍പ്പുകളുടെ മൂല കാരണം. കൂടാതെ രാജ്യത്തെ സകല മാധ്യമങ്ങളെയും, സിനിമക്കാരെയും, എഴുത്തുകാരെയും തങ്ങളുടെ ചൊല്‍പ്പിടിയിലാക്കി എന്ന് കരുതിയിരിക്കുമ്പോഴാണ്, ഈ കൊച്ചു കേരളത്തില്‍ നിന്നും ഇങ്ങനൊരു പാന്‍ ഇന്ത്യ ‘സിനിമ കലാപം’! ഇതൊക്കെ മനസ്സിലാക്കാന്‍ അരിയാഹാരം കഴിക്കുന്ന മലയാളികള്‍ക്ക് പാഴൂര്‍ പടിപ്പുര വരെയൊന്നും പോകേണ്ട കാര്യമില്ല.

സിനിമയെ ചുറ്റിപ്പറ്റി അപ്രതീക്ഷിതമായി ഉണ്ടായ ഈ കോലാഹലങ്ങള്‍ കണ്ടു പൊതു സമൂഹവും ഒന്നമ്പരന്നു എന്ന് തന്നെ പറയേണ്ടി വരും. സിനിമയിലെ ഇത്തരം ഒരു ഉള്ളടക്കത്തെ കുറിച്ച് നേരത്തെ ആര്‍ക്കും ഒരു സൂചനയും കിട്ടിയിരുന്നില്ലല്ലോ. വിവാദങ്ങള്‍ കടുത്തതോടെ പൃഥ്വിയെ രാജ്യദ്രോഹിയും, മോഹനലാലിനെ കേണല്‍ പദവിക്ക് അനുയോജ്യനുമായി ചാപ്പ കുത്തി. ബിജെപിയുടെ മുന്‍നിര നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ എതിര്‍പ്പുമായി വന്നതോടെ മോഹന്‍ലാലിന്റെ ഖേദ പ്രകടനവും വന്നു. വേണ്ട തിരുത്തുകളോടെ ചിത്രത്തില്‍ മാറ്റം വരുത്തും എന്ന് സമൂഹ മാധ്യമത്തിലൂടെ അദ്ദേഹം അറിയിച്ചു. പൃഥ്വി അതിനു പരോക്ഷമായി പിന്തുണയും നല്‍കി.

സിനിമക്ക് തിരുത്തലുകള്‍ വരും എന്നറിഞ്ഞതോടെ സംഘപരിവാര്‍ അണികള്‍ക്ക് ആഘോഷമായി. പിന്നീട് സിനിമക്ക് കിട്ടാന്‍ പോകുന്ന കട്ടുകളുടെ എണ്ണത്തിന്റെ കാര്യത്തിലായി ചര്‍ച്ച. അവസാനം പ്രൊഡ്യൂസര്‍ ആന്റണി പെരുമ്പാവൂര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വന്നു കട്ടുകള്‍ 24 എന്ന് പറഞ്ഞതോടെ അതിനും അറുതി വന്നു. പക്ഷെ ആകെ 2 മിനിറ്റ് മാത്രമാണ് നീക്കം ചെയ്തത് എന്ന് പറഞ്ഞത് അവരെ നിരാശയിലാക്കി.

ഇതിനിടെ ഈ വിവാദം സിനിമയെ തകര്‍ക്കും എന്ന് കരുതിയ വലതു പക്ഷ അണികളെ അമ്പരിപ്പിക്കുന്ന വാര്‍ത്തകളാണ് ബോക്‌സ് ഓഫിസില്‍ നിന്നും വന്നത്. തിരുത്തലുകള്‍ക്ക് മുന്നേ സിനിമ കാണാനുള്ള ആളുകളുടെ തിരക്കില്‍ കളക്ഷന്‍ അഞ്ചു ദിനം കൊണ്ട് 200 കോടി കടന്നു. ഇത് സംഘപരിവാറിന് തിരിച്ചടിയായി. തങ്ങളുടെ കൈയ്യൂക്ക് കേരളത്തില്‍ മാറ്റങ്ങള്‍ വരുത്തും എന്ന അവരുടെ പ്രതീക്ഷക്ക് മങ്ങലേല്‍പ്പിക്കുന്ന കാഴ്ചയാണ് തിയറ്ററുകളില്‍ കണ്ടത്. തിരുത്തലുകള്‍ വരുത്തി പ്രദര്‍ശനം തുടര്‍ന്ന സിനിമക്ക് ടിക്കറ്റ് കിട്ടാനില്ലാത്ത സ്ഥിതിയായി.

ഇതോടെയാണ് വേറെ വഴിയില്ലാതെ ബിജെപി പുതിയ അടവ് പുറത്തെടുത്തത്! സിനിമയില്‍ തിരുത്തല്‍ വരുത്താന്‍ തങ്ങള്‍ പറഞ്ഞില്ല എന്നും, സിനിമാക്കാര്‍ സ്വമേധയാ വരുത്തിയ കട്ടുകളാണ് ഇതൊക്കെ എന്ന് പറഞ്ഞു തലയൂരാനുള്ള തത്രപ്പാടായി പിന്നീട്. മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ മന്ത്രിമാരുള്‍പ്പടെയുള്ള സംഘപരിവാര്‍ നേതാക്കള്‍ സിനിമ തങ്ങള്‍ക്ക് ഒരു പ്രശ്നമേയല്ല എന്ന നിലക്കാണ് സംസാരിച്ചത്. ഈ വിവാദം ഒരു കച്ചവട തന്ത്രമാണ് എന്ന് പറഞ്ഞ സുരേഷ് ഗോപി, ഈ വിവാദം തുടങ്ങി വച്ചതു ആരാണ് എന്ന് മിണ്ടിയില്ല. കേരളത്തിലെ ബിജെപി നേതാക്കള്‍ തങ്ങളുടെ ജാള്യത മറയ്ക്കാനായി ബുദ്ധിമുട്ടുന്ന കാഴ്ചയാണ് സമൂഹം കണ്ടത്. ഈ സിനിമയില്‍ നിന്നും നീക്കം ചെയ്ത, ഗുജറാത്ത് കലാപത്തെ ഓര്‍മ്മിപ്പിക്കുന്ന സീനുകള്‍, സമൂഹ മാധ്യമത്തിലൂടെ സിനിമ കാണാത്തവരിലേക്കും എത്തി എന്നത് അവര്‍ക്ക് ഒരടിയായി. പുതിയ തലമുറ വോട്ടര്‍മാര്‍ സിനിമയ്ക്ക് നല്‍കിയ സ്വീകരണവും, മനസ്സിലാക്കിയ ചരിത്രവും അടുത്ത തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യില്ല എന്നതും ഈ മലക്കം മറിച്ചിലിനു കാരണമായി. അങ്ങനെ ഉത്തരേന്ത്യന്‍ ബുദ്ധിയില്‍ തുടങ്ങിയ കട്ടുകള്‍ ഇവിടെ ചിലവാകില്ല എന്ന് കേരളം വീണ്ടും വിളിച്ചു പറഞ്ഞത് അവര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായി.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ സിനിമ കളിയില്‍ തങ്ങള്‍ അടപടലം തോറ്റു എന്ന് മനസ്സിലാക്കിയ സംഘപരിവാര്‍, ഈ സിനിമയില്‍ പറയുന്നത് പോലെ തങ്ങളുടെ കൂട്ടിലടച്ച തത്തകളെ പുറത്തിറക്കി. ഒരു നാണവുമില്ലാതെ, ആളുകള്‍ മനസ്സിലാക്കിയാലും തങ്ങള്‍ക്ക് ഒരു ചുക്കുമില്ലെന്ന അഹങ്കാരത്തോടെ അവര്‍ ഈഡിയെ ഇറക്കി ഈ സിനിമയുടെ പ്രൊഡ്യൂസര്‍മാരില്‍ ഒരാളായ ഗോകുലം ഗോപാലന്റെ ഓഫീസുകളില്‍ റെയ്ഡ് നടത്തി കൊണ്ടിരിക്കുകയാണ്. കൂടാതെ പൃഥിരാജിനും ആന്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചുകഴിഞ്ഞു. ഇപ്പോള്‍. പച്ചയായ ഫാസിസത്തെ ഒരു മറയുമില്ലാതെ ഇവിടെ നമുക്ക് കാണാന്‍ കഴിയും. തങ്ങളെ തുറന്നെതിര്‍ക്കാന്‍ ധൈര്യം കാണിച്ച സാംസ്‌കാരിക കേരളത്തെ ഒരു പാഠം പഠിപ്പിക്കാന്‍ സംഘപരിവാര്‍ ഏതറ്റവും വരെ പോകും. കാരണം, തുടക്കത്തിലേ കട്ട് ചെയ്തില്ലെങ്കില്‍, അവരുടെ ക്രൂരതകളെ തുറന്നു കാട്ടുന്ന സിനിമകള്‍ ഇവിടെ നിന്നും ഇനിയും പുറത്തിറങ്ങും എന്ന് അവര്‍ക്കറിയാം.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Tags: , , , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply