കോണ്‍ഗ്രസ്സും മുഴുവന്‍ സമയ പ്രവര്‍ത്തകരെ സൃഷ്ടിക്കുകയോ…?
വിപ്ലവം തൊഴിലാക്കിയവര്‍ എന്ന പഴയ കമ്യൂണിസ്റ്റ് സങ്കല്‍പ്പത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനം ലോകമാകെ വ്യാപകമായത്. വിപ്ലവകാലഘട്ടത്തില്‍ അച്ചടക്കമുള്ള കേഡര്‍ പാര്‍ട്ടി, വിപ്ലവം തൊഴിലാക്കിയ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ദത്തുപുത്രന്മാര്‍ തുടങ്ങിയ ആശയങ്ങള്‍ കടന്നു വന്നത് മനസ്സിലാക്കാം. എന്നാല്‍ ജനാധിപത്യ വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ക്ക് എന്തിനാണ് രാഷ്ട്രീയ പ്രവര്‍ത്തനം തൊഴിലാക്കിയവര്‍ എന്ന ചോദ്യമാണ് പ്രസക്തം.
പാര്‍ട്ടി നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ എന്തു ചെയ്യാനാവുമെന്ന ആലോചനയിലാണ് കോണ്‍ഗ്രസ്സ് അഖിലേന്ത്യാ നേതൃത്വം. ആ അന്വേഷണത്തിലായിരിക്കണം ഇപ്പോഴവര്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് ആര്‍എസ്എസിന്റെ പ്രവര്‍ത്തന ശൈലിയില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകരെ നിയമിക്കുക എന്നത്. എല്ലാ പിസിസികള്‍ക്കും ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയതായാണ് വാര്‍ത്ത. ഈ മാസം അവസാനത്തോടെ പ്രേരക്മാരുടെ പട്ടിക നല്കാനാണത്രെ നിര്‍ദ്ദേശം. ഒരു സംസ്ഥാനത്ത് 4-5 ജില്ലകള്‍ ഉള്‍പ്പെടുന്ന ഓരോ ഡിവിഷനിലും മൂന്ന് പ്രേരക് മാരായിരിക്കും ഉണ്ടാകുക.പാര്‍ട്ടി സിദ്ധാന്തങ്ങള്‍, ആശയങ്ങള്‍, ചരിത്രം എന്നിവയെ കുറിച്ച് മികച്ച ധാരണ ഉള്ളവരെ മാത്രം പ്രേരക് ആക്കും. ഇവര്‍ക്ക് 7 ദിവസത്തെ പരിശീലനം നല്‍കും. പരിശീലനം ലഭിച്ചുകഴിഞ്ഞാല്‍, നിലവിലെ ദേശീയ, സംസ്ഥാന രാഷ്ട്രീയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എല്ലാ ജില്ലാ പാര്‍ട്ടി ഓഫീസുകളിലും പ്രതിമാസ സംവാദ് സംഘടിപ്പിക്കും തുടങ്ങിയതായാണ് പാര്‍ട്ടിയുടെ തീരുമാനങ്ങള്‍.
വാര്‍ത്ത ശരിയാണെങ്കില്‍ ഒരു ജനാധിപത്യ – മതേതര പാര്‍ട്ടിക്ക് യോജിച്ചതാണ് ഈ തീരുമാനം എന്നു പറയാനാവില്ല. കോണ്‍ഗ്രസ്സിന്റെ മതേതര നൂല്യങ്ങളില്‍ നിന്ന് വ്യതിചലിച്ച് മൃദുഹിന്ദുത്വം നടപ്പാക്കുന്ന കോണ്‍ഗ്രസ് ബിജെപിയില്‍ നിന്ന് വ്യത്യസ്തമല്ലെന്നതിന്റെ തെളിവാണ് പ്രവര്‍ത്തന ശൈലി പോലും ആര്‍എസ്എസിന്റേത് പോലെ ആക്കുന്നതെന്ന വിമര്‍ശനം ഇപ്പോള്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്. അതില്‍ കാമ്പുണ്ട് താനും. എന്നാലതിനേക്കാള്‍ ഉപരി ഒരു ജനാധിപത്യസംവിധാനത്തില്‍ ഇത്തരത്തില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ തന്നെ അനിവാര്യമാണോ എന്നാണ് പരിശോധിക്കേണ്ടത്. വിപ്ലവം തൊഴിലാക്കിയവര്‍ എന്ന പഴയ കമ്യൂണിസ്റ്റ് സങ്കല്‍പ്പത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനം ലോകമാകെ വ്യാപകമായത്. വിപ്ലവകാലഘട്ടത്തില്‍ അച്ചടക്കമുള്ള കേഡര്‍ പാര്‍ട്ടി, വിപ്ലവം തൊഴിലാക്കിയ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ദത്തുപുത്രന്മാര്‍ തുടങ്ങിയ ആശയങ്ങള്‍ കടന്നു വന്നത് മനസ്സിലാക്കാം. എന്നാല്‍ ജനാധിപത്യ വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ക്ക് എന്തിനാണ് രാഷ്ട്രീയ പ്രവര്‍ത്തനം തൊഴിലാക്കിയവര്‍ എന്ന ചോദ്യമാണ് പ്രസക്തം. കുറെപേര്‍ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകരായി സമൂഹത്തെ നയിക്കുന്നതല്ലല്ലോ ജനാധിപത്യം. എല്ലാവരും രാഷ്ട്രീയപ്രവര്‍ത്തകരാകുകയാണ് വേണ്ടത്. ജീവിക്കാനുള്ള പണമുണ്ടാക്കേണ്ടത് തൊഴിലെടുത്താണ്. രാഷ്ട്രീയ പ്രവര്‍ത്തന്തതില്‍ നിന്നല്ല.
അധികാരത്തെ പൂര്‍ണ്ണമായും ജനങ്ങളിലെത്തിക്കുക എന്നതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനലക്ഷ്യം. ആ ലക്ഷ്യത്തിന്റെ അടുത്തൊന്നും നാമെത്തിയിട്ടില്ല. എങ്കിലും ജനപ്രതിനിധികളിലേക്ക് ഒരുപരിധി വരെ അധികാരമെത്തിയിട്ടുണ്ട്. അപ്പോഴും അവര്‍ ജനവിരുദ്ധരും അഴിമതിക്കാരുമാകുന്ന സാഹചര്യമുണ്ട്. ജനങ്ങള്‍ക്ക് അവരില്‍ നിയന്ത്രണം ലഭിക്കാത്ത അവസ്ഥയുമുണ്ട്. കോര്‍പ്പറേറ്റുകള്‍ പല രീതിയിലും ജനാധിപത്യസംവിധാനത്തെ കൈപിടിയിലാക്കുന്നു. വര്‍ഗ്ഗീയവികാരങ്ങളും ജനാധിപത്യത്തിന്റെ അന്തസത്ത തകര്‍ക്കാന്‍ ശ്രമിക്കുന്നു. അതെല്ലാം മറികടന്ന് ജനാധിപത്യത്തെ കൂടുതല്‍ സമ്പുഷ്ടമാക്കാനും അധികാരത്തെ അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങളിലെത്തിക്കാനുമുള്ള അന്വേഷണങ്ങളാണ് ലോകമെങ്ങും നടക്കുന്നത്. അതിനിടയിലാണ് രാഷ്ട്രീയപ്രവര്‍ത്തനം തൊഴിലാക്കിയവരെന്ന ജനാധിപത്യവിരുദ്ധസംവിധാനത്തെ കുറിച്ച് ചര്‍ച്ച നടക്കുന്നത്. മുഴുവന്‍ ജനങ്ങളേയും രാഷ്ട്രീയപ്രക്രിയയില്‍ പങ്കാളികളാക്കുന്നതിനുപകരം കുറച്ചുപേര്‍ക്ക് അത് വേതനം നല്‍കുന്ന തൊഴിലാക്കിമാറ്റുന്നത്. ഒരു ഭാഗത്ത് വിപ്ലവത്തിനായിം മറുവശത്ത് മതാധിപത്യത്തിനായുമാണ് ഇത്തരത്തില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകരെ തീറ്റിപോറ്റുന്നത്. ഇപ്പോഴിതാ കോണ്‍ഗ്രസ്സ് എന്ന ബഹുജന പാര്‍ട്ടി പോലും അത്തരത്തില്‍ ചിന്തിക്കുന്നു.
തങ്ങള്‍ സമൂഹത്തെ നയിക്കാന്‍ നിയോഗിക്കപ്പെട്ടവരാണെന്ന ധാരണയില്‍ ഒരു വിഭാഗത്തെ സൃഷ്ടിക്കുന്നത് ജനാധിപത്യവ്യവസ്ഥക്ക് അനുഗുണമല്ല. അതുവഴി ഇവരില്‍ വളരുന്നത് ഫാസിസ്റ്റ് പ്രവണതകളും അഴിമതിയുമാണ്. ഒപ്പം മറ്റുള്ളവരെ അരാഷ്ട്രീയക്കാരാക്കാനുമാണ് അത് സഹായിക്കുക. രാഷ്ട്രീയം തൊഴിലാക്കിയവരുള്ളപ്പോള്‍ തങ്ങള്‍ക്കതിന്റെ ആവശ്യമെന്ത് എന്ന ചോദ്യം സ്വാഭാവികമാണല്ലോ. അതല്ല ജനാധിപത്യത്തിനാവശ്യം. എല്ലാവരും ജനാധിപത്യപ്രക്രിയകളില്‍ സജീവപങ്കാളികളാകുകയാണ്.
കേരളത്തില്‍ ഇതിന്റെ ഭാഗമായി പരസ്പരം കൊന്നൊടുക്കുന്ന ഇരുവിഭാഗങ്ങളാണ് മുഴുവന്‍ സമയ പ്രവര്‍ത്തകരെ വാര്‍ത്തെടുക്കുന്നത്. ഒരു കൂട്ടര്‍ ഹൈന്ദവരാഷ്ട്രത്തിനുവേണ്ടി നിലകൊള്ളുകയും അതിന്റെ പ്രതിനിധികളാണ് തങ്ങളെന്നവകാശപ്പെടുകയും ചെയ്യുമ്പോള്‍ രണ്ടാമത്തെ കൂട്ടര്‍ തൊഴിലാളി വര്‍ഗ്ഗ സര്‍വാധിപത്യത്തിനായി നിലകൊള്ളുകയും അതിന്റെ പ്രതിനിധികളാണ് തങ്ങളെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നു. അതായത് സത്യസന്ധമായി പറഞ്ഞാല്‍ ഇരുകൂട്ടരും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ല. വിശ്വസിക്കുന്നത് സര്‍വ്വാധിപത്യത്തിലാണ്. തല്‍ക്കാലം അതിനു കഴിയാത്തതിനാല്‍ ജനാധിപത്യത്തില്‍ പങ്കെടുക്കുന്നു എന്നു മാത്രം. കഴിയുന്നിടത്ത് പാര്‍ട്ടി ഗ്രാമങ്ങളുണ്ടാക്കുന്നതും സ്വാഭാവികം. അതിനാല്‍ തന്നെയാണ് ഇരു കൂട്ടരും പരസ്പരം കൊന്നൊടുക്കുന്നതും വേണ്ടി വന്നാല്‍ പരസ്പരം പാര്‍ട്ടി മാറുന്നതും. തലേ ദിവസം വരെ ബദ്ധശത്രുക്കളായിരുന്നവര്‍ പാര്‍ട്ടി മാറി വരുമ്പോള്‍ നല്‍കുന്ന സ്വീകരണം നോക്കുക. ഇത്തരം സാഹചര്യത്തില്‍ കുടുംബാധിപത്യത്തിന്റേയും അടിയന്തരാവസ്ഥയുടേയും കരിനിഴലുണ്ടെങ്കിലും തത്വത്തിലെങ്കിലും ജനാധിപത്യം അ്ംഗീകരിച്ച കോണ്‍ഗ്രസ്സും ആ ദിശയില്‍ ചിന്തിക്കുന്നത് ഭീതിദമാണ് എന്നു പറയാതെ കഴിയില്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in