എന്റെ കൊങ്ങപാടം – കോളനികളില്‍ വിദ്യാഭ്യാസം പോരാട്ടം തന്നെയാണ്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

ഓണ്‍ലൈന്‍ വിദ്യാഭ്യാസം കൈയെത്താന്‍ കഴിയാത്ത ആദിവാസി – ദളിത് കോളനികളെ കുറിച്ചാണല്ലോ കുറച്ചുദിവസമായി പ്രധാന ചര്‍ച്ച. ഈ വിഷയത്തെ ടിവിയോ മൊബൈല്‍ ഫോണോ റെയ്‌ഞ്ചോ ഇല്ലാത്തതിന്റെ വിഷയമാക്കി ലഘൂകരിക്കാനും അവ നല്‍കി പരിഹരിക്കാനുമാണ് സര്‍ക്കാരും രാഷ്ട്രീ പ്രസ്ഥാനങ്ങളും സന്നദ്ധ സംഘടനകളുമെല്ലാം ശ്രമിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ വിഷയം അതല്ലല്ലോ. മുപ്പതിനായിരത്തോളം കോളനികളില്‍ ഒതുക്കിയിരിക്കുന്ന ലക്ഷകണക്കിനു ദളിത് വിഭാഗങ്ങള്‍ക്കും സ്വന്തം മണ്ണി്ല്‍ നിന്നുപോലും പിഴുതെറിയപ്പെടുന്ന ആദിവാസി വിഭാഗങ്ങള്‍ക്കും ഇന്നും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിക്കുന്നു എന്നതാണ് കേന്ദ്രപ്രശ്‌നം. മണ്ണിലും വിഭവങ്ങളിലും തുടങ്ങി ആധുനിക ജീവിതത്തിന്റെ എല്ലാ മേഖലകളിലുമുള്ള അവകാശമാണ് അവര്‍ക്ക് നിഷേധിക്കപ്പെടുന്നത്. തീര്‍ച്ചയായും അതിലെ പ്രധാനപ്പെട്ട് ഒന്ന് വിദ്യാഭ്യാസം തന്നെ.

വികസനത്തിന്റെ പല സൂചികകളും ചൂണ്ടികാട്ടി കേരളം ഇന്ത്യയില്‍ നമ്പര്‍ വണ്‍ എന്നൊക്കെ വാദിക്കുന്നവര്‍ എന്നും മറച്ചുവെക്കുന്ന ജീവിതങ്ങളാണ് ദളിത്, ആദിവാസി വിഭാഗങ്ങളുടേത്. സംസ്ഥാനത്ത് എവിടെപോയാലും പൊതുസമൂഹം ഓരങ്ങളിലേക്ക് മാറ്റിനിര്‍ത്തിയിരിക്കുന്ന കോളനികള്‍ കാണാം. അവിടത്തെ ജീവിതങ്ങള്‍ നേരിടുന്ന വിഷയങ്ങളോ കുട്ടികളുടെ വിദ്യാഭ്യാസമോ ഒന്നും അപ്പുറത്തെ മുഖ്യധാരാസമൂഹത്തെ ആശങ്കപ്പെടുത്താറില്ല. അവിടത്തെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ എന്നും അന്വേഷിക്കാറില്ല. അത്തരം ചര്‍ച്ചകള്‍ ഉയര്‍ന്നു വരാന്‍ ദേവികയുടെ ബലി തന്നെ വേണ്ടിവന്നു.

ഇത്തരമൊരു സാഹചര്യത്തിലാണ് പാലക്കാട് ജില്ലയില്‍ പ്രശസ്തമായ എന്‍ എസ് എസ് എഞ്ചിനിയറിംഗ് കോളേജിനു തൊട്ടടുത്തെ കോങ്ങപാടം എന്ന പ്രദേശത്തെ ഒരു ദളിത് കോളനിയില്‍ 2013 മുതല്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പ്രസക്തമാകുന്നത്. 35 ദളിത് കുടുംബങ്ങളാണ് ഈ കോളനിയിലുള്ളത്. 70 വര്‍ഷത്തെ ചരിത്രത്തില്‍ നാലോ അഞ്ചോ പേരാണ് ഈ കോളനിയില്‍ നിന്ന് എസ് എസ് എല്‍ സി പാസായിട്ടുണ്ടായിരുന്നത്. ഒരു കുട്ടി മാത്രമായിരുന്നു ബിരുദം നേടിയിരുന്നത്. മഹാഭൂരിപക്ഷവും എസ് എസ് എല്‍ സി പോലും പാസ്സാകാത്ത സാഹചര്യത്തില്‍ കോളനിജീവിതം ഒരു മാറ്റവുമില്ലാതെ തുടരുകയായിരുന്നു. നേരത്തെ സൂചിപ്പിച്ചപോലെ ഒരു നൂറ്റാണ്ടിലേറെയായി ഒരേ ജീവിതാവസ്ഥയില്‍ ജീവിക്കുന്ന ഇവരുടെ ലോകം മറ്റാര്‍ക്കും ആകുലതയായിരുന്നില്ല.

ഇത്തരമൊരു സാഹചര്യത്തിലായിരുന്നു എഞ്ചിനിയറിംഗ് കോളേജില്‍ നിന്നു പഠനം കഴിഞ്ഞിറങ്ങിയ സജിത് കുമാര്‍ എന്ന ചെറുപ്പക്കാരന്റെ നേതൃത്വത്തില്‍ 2013ല്‍ ‘എന്റെ കൊങ്ങപാടം’ എന്ന പേരില്‍ സമഗ്രമായൊരു വിദ്യാഭ്യാസപദ്ധതി ആരംഭിച്ചത്. ആധുനികകാലത്ത് വിദ്യാഭ്യാസത്തിന്റെ അനിവാര്യത കോളനി നിവാസികളെ ബോധ്യപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് എട്ടാം ക്ലാസ്സ് മുതല്‍ തന്നെ കുട്ടികള്‍ക്ക് പ്രത്യക ക്ലാസുകള്‍ കൊടുക്കാനുള്ള സംവിധാനമൊരുക്കി. കോളനിക്കകത്തെ അംഗന്‍വാടിയില്‍ തന്നെ അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയായിരുന്നു. കോളനി ഒന്നടങ്കം ഈ പദ്ധതിയില്‍ പങ്കാളികളാകുകയായിരുന്നു. തങ്ങളുടെ കുട്ടികള്‍ കേവലം വിദ്യാഭ്യാസം നേടുകയല്ല, കോളനി ജീവിതത്തെ മാറ്റിമറിക്കാനുള്ള രാഷ്ട്രീയപ്രക്രിയയില്‍ ഏര്‍പ്പെടുകയാണെന്ന ബോധ്യത്തോടെയായിരുന്നു എല്ലാവരും ഒന്നടങ്കം ഈ പോരാട്ടത്തില്‍ പങ്കാളികളായത്. എഞ്ചിനിയറിംഗ് കോളേജേ അധ്യാപകനായിരുന്ന ഡോക്ടര്‍ സുരേഷ് നായരും പദ്ധതിയില്‍ സജീവപങ്കാളിയായി.

തീര്‍ച്ചയായും ആ പോരാട്ടം ഫലം കണ്ടു. 2018 എത്തുമ്പോള്‍ നാല്പതിലധികം കുട്ടികള്‍ പ്ലസ് ടു കഴിഞ്ഞ് ഉന്നതവിദ്യാഭ്യാസത്തിനായി പോവുകയും അതില്‍ നിന്നു തന്നെ രണ്ട് പെണ്‍കുട്ടികള്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ അഡ്മിഷന്‍ നേടുകയും ചെയ്തു. തികച്ചും മാതൃകാപരമായ ഒരു ജീവിതപോരാട്ടത്തിനാണ് കോളനി സാക്ഷ്യം വഹിച്ചത്. പക്ഷെ അതോടൊപ്പം ഈ പരീക്ഷണത്തെ തകര്‍ക്കാനുള്ള നീക്കങ്ങളും ചില കേന്ദ്രങ്ങളില്‍ നിന്നു ശക്തമായിരുന്നു. ഈ ലോകം തങ്ങളുടേതു കൂടിയാണെന്ന് അതിന്റെ യഥാര്‍ത്ഥ അവകാശികള്‍ തിരിച്ചറിയുന്നതിനെ ഭയപ്പെടുന്നവര്‍. അവരുടെ ചെയ്തികള്‍ ഫലം കാണുകയായിരുന്നു. അംഗന്‍വാടി നിഷേധിക്കല്‍ മുതല്‍ അവര്‍ നടത്തിയ ഗൂഢതന്ത്രങ്ങള്‍ മൂലം 2018ല്‍ എന്റെ കൊങ്ങാപാടം പദ്ധതി നിശ്ചലമാകുകയായിരുന്നു. 2019 നവംബര്‍ മുതല്‍ പദ്ധതി പുനരാരംഭിക്കാന്‍ ശ്രമിച്ചെങ്കിലും ആ ശ്രമവും അട്ടിമറിക്കപ്പെടുകയായിരുന്നു. കോങ്ങപാടത്തെ ചില അമ്മമാരെ കൊണ്ട് തന്നെ ഞങ്ങളുടെ കുട്ടികള്‍ക്കു വിദ്യാഭ്യാസം വേണ്ട എന്ന് പറയിപ്പിക്കുവാന്‍ അവര്‍ക്ക് സാധിച്ചു.

എന്നാലിപ്പോള്‍ കാലം മാറുകയാണ്. പുതിയ സാഹചര്യത്തില്‍ കോളനിയിലെ എല്ലാ കുട്ടികള്‍ക്കും ഓണ്‍ ലൈന്‍ വദ്യാഭ്യാസവും ഉന്നതവിദ്യാഭ്യാസവും സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കോളനി നിവാസികള്‍ ഒന്നടങ്കം രംഗത്തിറങ്ങുകയാണ്. സജിത് കുമാര്‍ വീണ്ടും സജീവമായി രംഗത്തുണ്ട്. നേരത്തെ പദ്ധതിക്ക് നേതൃത്വം നല്‍കിയവര്‍ മാത്രമല്ല, അന്ന് അതിലൂടെ ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ പെണ്‍കുട്ടികളും പദ്ധതി വിജയിപ്പിക്കാനായി രംഗത്തിറങ്ങിയിരിക്കുകയാണ്.സുമ കോട്ടൂരാണ് കോഡിനേറ്റര്‍. സിനി, ആതിര, വിസ്മയ, വര്‍ഷ, പ്രിന്‍സി, നേഹ എന്നിവരൊക്കെ സജീവമായി രംഗത്തുണ്ട്. മുന്‍തലമുറകള്‍ക്ക് കിട്ടാതിരുന്നത്, എന്നാല്‍ തങ്ങള്‍ക്കു കിട്ടിയത്, അടുത്ത തലമുറക്ക് നല്‍കാനാണ് അവരുടെ ശ്രമം. തുടക്കത്തില്‍ പറഞ്ഞപോലെ കേവല വിദ്യാഭ്യാസം മാത്രമല്ല, കോളനി ജീവിതത്തെ തന്നെ മാറ്റിമറക്കലാണ് അവരുടെ ലക്ഷ്യം. കോങ്ങപാടത്തെ ചരിത്രം ഭാവിയില്‍ വിലയിരുത്താന്‍ പോകുന്നത് ‘എന്റെ കോങ്ങപാട’ത്തിന് മുന്‍പും ശേഷവും എന്നാണ്.

അതേസമയം ഈ വിദ്യാഭ്യാസമുന്നേറ്റത്തെ കൊങ്ങപാടത്ത് ഒതുക്കാതെ സംസ്ഥാനത്തെ മറ്റു കോളനികളിലേക്കും വ്യാപിപ്പിക്കാനാണ് സുജിത്തടക്കമുള്ളവര്‍ ശ്രമിക്കുന്നത്. അതിനായി ഭരണാധികാരികളുടെ സഹകരണത്തിനായി അവര്‍ സമീപിച്ചുകഴിഞ്ഞു. കൊങ്ങപ്പാടം മോഡല്‍ സംസ്ഥാനത്തുടനീളം വിജയിക്കണം. എങ്കില്ലതു മാറ്റി മറക്കാന്‍ പോകുന്നത് കോളനികളെ മാത്രമാകില്ല, കേരളത്തെ ഒന്നടങ്കമായിരിക്കും എന്നതില്‍ സംശയം വേണ്ട.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

One thought on “എന്റെ കൊങ്ങപാടം – കോളനികളില്‍ വിദ്യാഭ്യാസം പോരാട്ടം തന്നെയാണ്

  1. Out of curiosity, could you please elaborate how this project was implemented

Responses to Deepak Raj S

Click here to cancel reply.