കോവിഡ് പ്രതിരോധം കേരള മോഡലിന്റെ ഡിവിഡന്റ് കൊണ്ട്, എന്നാല്‍…

ദശകങ്ങള്‍ നീണ്ട സാമൂഹ്യ വിലപേശലിലൂടെ കേരളത്തില്‍ ഉരുവംകൊണ്ട വിവിധ ജനവിഭാഗങ്ങളുടെ അര്‍ഹതകളുടേയും പൊതുവായ സാമൂഹ്യ മൂലധനത്തിന്റേയും ജൈവ സമുച്ചയത്തെയാണ് കേരളമോഡല്‍ എന്ന് വിശേഷിപ്പിക്കുന്നത്. അതില്‍നിന്നുമുള്ള ഡിവിഡന്റുകൊണ്ടാണ് ആഗോള ശ്രദ്ധയാകര്‍ഷിച്ച കോവിഡ് പ്രതിരോധം നമ്മള്‍ സാധ്യമാക്കിയത്. കേരള മാതൃകയെന്ന ഈ ജൈവസമുച്ചയത്തെ വിഭവവല്‍ക്കരിച്ചും പരിപോഷിപ്പിച്ചുമല്ലാതെ പ്രളയാനന്തര കേരളത്തെയോ കോവിഡാനന്തര കേരളത്തെയോ കരുപ്പിടിപ്പിക്കാന്‍ നമുക്കാവില്ല. ആസന്ന സന്ദര്‍ഭത്തില്‍ ആ വിഭവവല്‍ക്കരണത്തിന്റെ മുന്നുപാധിയാണ് ജി.എസ്.ടി. യുടെ നിരാകരണം. കോവിഡ് പ്രതിരോധത്തിലെ കേരള മാതൃകയെ അഖിലേന്ത്യാ കാമ്പയിനാക്കാന്‍ സി.പി.എം. പോളിറ്റ് ബ്യൂറോ തീരുമാനിച്ചുവെന്ന് പത്രവാര്‍ത്ത. യെച്ചൂരി, പിണറായി, ഐസക്ക് സഖാക്കളെ, ജി.എസ്.ടി. അറബിക്കടലില്‍ എന്ന് തുടങ്ങൂ.

കൊറോണ വ്യാപനം കുറയ്ക്കുന്നതില്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയ മികവാണ് കേരളം നാളിതുവരെ കാഴ്ചവെച്ചത് എന്ന സാമാന്യധാരണയെ അംഗീകരിച്ചുകൊണ്ട് ആരംഭിക്കാം. ‘കേരള മോഡലി’നോ നിലവിലെ കേരള സര്‍ക്കാരിനോ കൂടുതല്‍ ക്രെഡിറ്റെന്ന തര്‍ക്കത്തില്‍ മാത്രം നമ്മുടെ കോവിഡ് പ്രതിരോധ മികവിനെക്കുറിച്ചുള്ള ചര്‍ച്ച കുരുക്കിയിടുന്നത് മലയാളിയുടെ പോസ്റ്റ് പാന്‍ഡെമിക് ജീവിതത്തിന് ഗുണം ചെയ്യില്ല. വിഖ്യാതമായ ആ മൂന്ന് ‘ങ’ കള്‍ (മൊണാര്‍ക്ക്, മിഷനറി, മാര്‍ക്‌സിസ്റ്റ്) കേരള ചരിത്രത്തിലേക്കെറിഞ്ഞ ‘മഴു’കളാണ് ഇപ്പോള്‍ കൊറോണയില്‍ കൊള്ളുന്നതെന്ന വിശകലനത്തിന് ലഘൂകരണത്തിന്റെ പരിമിതി മാത്രമല്ല ഉള്ളത്. കേരള വികസന മാതൃകയെ ഒരു ഭൂതകാലക്കുളിരായി തളച്ചിടേണ്ടത് ഇന്നത്തെ കേരളത്തിലെ നിക്ഷിപ്ത താല്പര്യക്കാരുടെ ആവശ്യം കൂടിയാണ്. കേരളത്തിന്റെ സവിശേഷ സാമൂഹ്യമുന്നേറ്റ അനുഭവത്തെ ഇന്ന് നിലനില്‍ക്കാനും നാളെ അതിജീവിക്കാനും എങ്ങനെ ഉപയുക്തമാക്കാം എന്ന ആലോചനയാണ് പ്രധാനം.

കോവിഡ് വ്യാപനം കുറയ്ക്കുന്നതില്‍ നമ്മള്‍ മികവു കാണിച്ചതിന്റെ പശ്ചാത്തലത്തെക്കുറിച്ച് സംശയങ്ങളില്ല: നിയോ ലിബറല്‍ സാമ്പത്തിക യുക്തിയുടെ ദശകങ്ങളായുള്ള സമ്മര്‍ദ്ദമുണ്ടായിട്ടും പൗര ക്ഷേമത്തെക്കുറിച്ചുള്ള കേരളീയ ബോധം തകരാതെ നിലനിര്‍ത്തിയ അടിസ്ഥാന ആരോഗ്യ സൗകര്യങ്ങള്‍, ക്ഷേമ പെന്‍ഷനടക്കമുള്ള സാമൂഹ്യ സുരക്ഷാപദ്ധതികള്‍, പൊതുവിതരണ ശൃംഖല, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ കാര്യക്ഷമവും വിഭവാധികാരങ്ങളുള്ളതുമായ പ്രാദേശിക ഭരണ സംവിധാനങ്ങള്‍, ആപത് ഘട്ടങ്ങളില്‍ ദ്രുതഗതിയില്‍ ചലനാത്മകമാവുന്ന സിവില്‍ സമൂഹ വോളണ്ടറിസം. ഈ ഘടകങ്ങള്‍ സൃഷ്ടിച്ച സവിശേഷമായൊരു പ്രതിരോധ സംവിധാനത്തിന്റെ നേട്ടമാണ് നമ്മളനുഭവിക്കുന്നത്, ലോകം ശ്രദ്ധിക്കുന്നത്. എന്നാല്‍ കോവിഡ് പ്രതിരോധത്തില്‍ നമുക്ക് കൂച്ചുവിലങ്ങിടുന്ന പരിമിതികളെക്കുറിച്ച്, കോവിഡ് വ്യാപനം ദ്രുതഗതി ആര്‍ജ്ജിക്കുന്നതിനിടയിലും ജനജീവിതം സാധാരണ നിലയിലേക്കെത്തിച്ചേ തീരൂ എന്ന ഗതികേട് സൃഷ്ടിക്കപ്പെട്ട ഈ അവസ്ഥയില്‍ പ്രത്യേകിച്ചും, കണക്കെടുപ്പ് വേണ്ടേ?

പൊതുജനാരോഗ്യം പ്രാഥമികമായും ഒരു സംസ്ഥാന വിഷയമാണ്. ഓരോ സംസ്ഥാനത്തിനു മുന്നിലും ഈ പാന്‍ഡെമിക് സൃഷ്ടിച്ച വെല്ലുവിളികള്‍ വ്യത്യസ്തമായിരിക്കെ, നമ്മുടെ സവിശേഷതകളേയും മുന്നൊരുക്കങ്ങളേയും സമ്പൂര്‍ണ്ണമായും അവഗണിച്ചുകൊണ്ട്, ഉപഭൂഖണ്ഡ വിസ്തൃതമായ ഒരു രാജ്യത്തിനുമേല്‍ കെട്ടിയേല്‍പ്പിച്ച യൂണിഫോം ലോക്ക്ഡൗണ്‍ നിബന്ധനകള്‍ നടപ്പാക്കാന്‍ നമ്മള്‍ കാണിച്ച അമിതാവേശം വീണ്ടുവിചാരം ചെയ്യപ്പെടേണ്ടേ? മോദിയുടെ സ്‌പെക്ടക്കിള്‍ രാഷ്ട്രീയത്തിനപ്പുറം കൂട്ടായ ആലോചനകള്‍ തെല്ലും പ്രതിഫലിക്കാത്ത സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തെ ഗത്യന്തരമില്ലാതെ അംഗീകരിച്ച് നടപ്പാക്കുന്നതും അതിന്റെ ഏറ്റവും വലിയ ഉത്സാഹക്കമ്മിറ്റിയാവുന്നതും തമ്മിലുള്ള അന്തരമെങ്കിലും കേരള സര്‍ക്കാരിന്റെ നടപടികളില്‍ പ്രതിഫലിക്കേണ്ടിയിരുന്നില്ലേ? അതിന്റെ അഭാവത്തില്‍ സംഭവിച്ച കെടുതികളിലൊന്നു മാത്രം നോക്കൂ: കടുത്ത ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ സുരക്ഷിതത്വത്തിലേക്ക് നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസി സഹോദരങ്ങളെ സ്വീകരിക്കേണ്ടതിന് പകരം രോഗം പെരുകിയ നാടുകളില്‍നിന്നും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെല്ലാം അപ്രത്യക്ഷമായ അവസ്ഥയിലേക്ക് പ്രവാസി മലയാളികളെ സ്വീകരിച്ച്, സാമൂഹ്യവ്യാപനം തടയാന്‍ പെടാപ്പാടുപെടുന്ന സാഹചര്യത്തിലേക്ക് നാമെത്തി.

രണ്ടര മാസത്തോളം നീണ്ട, ജനകോടികളുടെ ജീവിതമാര്‍ഗ്ഗം വഴിമുട്ടിച്ച കേന്ദ്രീകൃത ലോക്ക്ഡൗണ്‍ നിബന്ധനകള്‍ ചോദ്യം ചെയ്യാതെ പാലിച്ച് നാമെന്തു നേടി? കേരളം നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ശോഭയ്ക്ക് യാതൊരു മങ്ങലുമേല്‍പ്പിക്കാതെ പറയാന്‍ കഴിയണം; ‘ഷോക്ക് ആന്റ് ഓ’ തന്റെ സ്വേച്ഛാധികാരത്തിന്റെ മുഖമുദ്രയാക്കിയ മോദിയുടെ നിര്‍ദ്ദേശങ്ങള്‍ അക്ഷരംപ്രതി പിന്‍പറ്റിയതിന്റെ ബാക്കിപത്രമാണ് ദിനേന ഇപ്പോള്‍ കേരളത്തില്‍ പെരുകുന്ന കോവിഡ് കേസുകള്‍. ഒരു ഫെഡറല്‍ സംവിധാനം സാധ്യമാക്കുന്ന പ്രവര്‍ത്തന സ്വാന്ത്ര്യത്തിലല്ല നമ്മുടെ പ്രതിരോധ മികവ് പ്രവര്‍ത്തിച്ചത്. ഒരു മെഗ്‌ളോമേനിയാക്കിന്റെ വിവരക്കേടുകളുടെ ഭാരം സഹിച്ച്, ‘കേന്ദ്രനിര്‍ദ്ദേശം’ ‘കേന്ദ്രനിര്‍ദ്ദേശം’ എന്ന് സ്വന്തം ഏജന്‍സിയെ അടിയറവ് വെച്ച് നമ്മള്‍ കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുകയായിരുന്നു.

ആരോഗ്യ പരിപാലനമേഖലയില്‍ ഫെഡറല്‍ സംവിധാനത്തിനേറ്റ പരിക്കുകള്‍ നമുക്ക് സൃഷ്ടിച്ച തടസ്സങ്ങളേക്കാള്‍ നിര്‍ണ്ണായകമാണ് ധനകാര്യ ഫെഡറലിസത്തിന് ഏറ്റ പരിക്കുകള്‍. കോവിഡ് പ്രതിരോധത്തിലെ കേരളത്തിന്റെ സാമ്പത്തിക ഞെരുക്കങ്ങള്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. ഉത്തരവാദിത്തങ്ങള്‍ സംസ്ഥാനങ്ങള്‍ക്കും വിഭവങ്ങളെല്ലാം കേന്ദ്ര ഗവണ്‍മെന്റിന്റെ കൈയിലും എന്ന് ഈ പ്രശ്‌നത്തെ ചുരുക്കി അവതരിപ്പിക്കുന്ന ഡോ.തോമസ് ഐസക്ക് വിഷയത്തിന്റെ രാഷ്ട്രീയവും ‘കേരളീയത’യും മറച്ചുവെക്കുകയാണ്. എത്രയോ കാലമായുള്ള ‘കേന്ദ്രം തന്നില്ല’ എന്ന ആവലാതി ആവര്‍ത്തിക്കുക മാത്രമാണദ്ദേഹം. ‘മുറിയിലെ ആന’ ധനകാര്യ ഫെഡറലിസമാണ്. കോവിഡ് പ്രതിരോധത്തില്‍ നമുക്ക് തുണയായ കേരള മാതൃകയുടെ ഒരാരൂഢത്തേയും നിലനിര്‍ത്താനുള്ള നികുതി സമാഹരണശേഷി കേരളത്തിനിപ്പോളില്ല. ദോഷൈകദൃക്കുകള്‍ പറയുക ബഡ്ജറ്റ് മേക്കിംഗ് എന്ന രാഷ്ട്രീയ ക്രിയ ഐസക്ക് സാറിന്റെ സ്‌കില്‍സെറ്റിന് വഴങ്ങിയത് ഇപ്പോഴാണെന്നാണ്. അനുവദിക്കപ്പെട്ട ‘ഗ്രാന്റു’കള്‍ കൊണ്ടുള്ള പ്രോജക്ട് പ്രൊപ്പോസല്‍! മാരാരിക്കുളത്തെ തന്റെ അരുമ പദ്ധതികളുടെ അഖിലകേരള എക്‌സ്റ്റെന്‍ഷന്‍ ആയി ഐസക്കിന്റെ നടപ്പു ബഡ്ജറ്റ് വിശേഷിപ്പിക്കപ്പെടുന്നത് അതുകൊണ്ടാണ്.

അടിസ്ഥാന പ്രശ്‌നം കിടക്കുന്നതെവിടെയാണ്? സംസ്ഥാനങ്ങളുടെ നികുതി സമാഹരണമെന്ന പ്രാഥമിക അധികാരം രാജ്യത്ത് ജി.എസ്.ടി നടപ്പിലായതോടുകൂടി പൂര്‍ണ്ണമായും ഇല്ലാതായിരിക്കുന്നു. ജിഎസ്ടി വന്നാല്‍ വില്പന നികുതി ഇനത്തില്‍ പത്തുകാശ് കൂടുതല്‍ കയ്യിലെത്തുമെന്ന ഹ്രസ്വദൃഷ്ടിയില്‍ ആ സംവിധാനത്തെ പിന്തുണച്ചതാണ് ഇപ്പോഴത്തേയും തൊട്ടു മുന്നത്തേയും കേരള സര്‍ക്കാരുകളുടെയും വിശിഷ്യാ പരിണിത പ്രജ്ഞനായ ഡോ.തോമസ് ഐസക്കിന്റേയും ആദിപാപം. നടപ്പാക്കുന്നതിലെ പാളിച്ചകളോ, സാങ്കേതിക പ്രശ്‌നങ്ങളോ, ഓണ്‍ലൈന്‍ പങ്കപ്പാടുകളോ ഒന്നുമല്ല ജി.എസ്.ടി.യുടെ അടിസ്ഥാന പ്രശ്‌നം. ഒരു രാജ്യം ഒരു നികുതി എന്ന ധനകാര്യ കേന്ദ്രീകരണത്തിന്റെ പരകോടിയാണ് ഗുഡ്‌സ് ആന്റ് സര്‍വ്വീസ് ടാക്‌സ്. എതിര്‍ത്തിട്ടു കാര്യമില്ലാത്തതുകൊണ്ടുള്ള വഴങ്ങിക്കൊടുക്കലായി ആവേശപൂര്‍ണ്ണമായ അന്നത്തെ പച്ചക്കൊടി വീശലിനെ ഇപ്പോള്‍ ന്യായീകരിക്കുന്നത് പിന്‍ബുദ്ധിയിലുദിച്ച ക്ഷമാപണമാണ്.

ഈ കോവിഡ്കാലത്ത് യാതൊരു റോളുമില്ലാത്ത വിധം പിന്‍ബഞ്ചിലേക്ക് സ്ഥാനം മാറിയ ഐസക്കിന്റെ ദുരവസ്ഥ, ധനകാര്യമന്ത്രിയുടെ വ്യക്തിത്വത്തിന്റേയോ, അധികാര ഇടനാഴികളിലെ മാറുന്ന ബലാബലത്തിന്റേയോ പ്രവര്‍ത്തനമികവിന്റേയോ പ്രശ്‌നമല്ല. സംസ്ഥാനങ്ങളുടെ ധനകാര്യ മാനേജ്‌മെന്റില്‍ ജി.എസ്.ടി. സൃഷ്ടിച്ച ഘടനാപരമായ പ്രതിസന്ധിയുടെ സൂചകമാണത്. വീതം വെക്കാനുള്ള അഞ്ചപ്പത്തെ ആറാക്കാനുള്ള യാതൊരു അധികാരവും ഐസക്കിനെന്നല്ല രാജ്യത്തെ സംസ്ഥാന ധനകാര്യ മന്ത്രിമാരിലൊരാള്‍ക്കും ഇപ്പോഴില്ല.

ദശകങ്ങള്‍ നീണ്ട സാമൂഹ്യ വിലപേശലിലൂടെ കേരളത്തില്‍ ഉരുവംകൊണ്ട വിവിധ ജനവിഭാഗങ്ങളുടെ അര്‍ഹതകളുടേയും പൊതുവായ സാമൂഹ്യ മൂലധനത്തിന്റേയും ജൈവ സമുച്ചയത്തെയാണ് കേരളമോഡല്‍ എന്ന് വിശേഷിപ്പിക്കുന്നത്. അതില്‍നിന്നുമുള്ള ഡിവിഡന്റുകൊണ്ടാണ് ആഗോള ശ്രദ്ധയാകര്‍ഷിച്ച കോവിഡ് പ്രതിരോധം നമ്മള്‍ സാധ്യമാക്കിയത്. കേരള മാതൃകയെന്ന ഈ ജൈവസമുച്ചയത്തെ വിഭവവല്‍ക്കരിച്ചും പരിപോഷിപ്പിച്ചുമല്ലാതെ പ്രളയാനന്തര കേരളത്തെയോ കോവിഡാനന്തര കേരളത്തെയോ കരുപ്പിടിപ്പിക്കാന്‍ നമുക്കാവില്ല. ആസന്ന സന്ദര്‍ഭത്തില്‍ ആ വിഭവവല്‍ക്കരണത്തിന്റെ മുന്നുപാധിയാണ് ജി.എസ്.ടി. യുടെ നിരാകരണം. കോവിഡ് പ്രതിരോധത്തിലെ കേരള മാതൃകയെ അഖിലേന്ത്യാ കാമ്പയിനാക്കാന്‍ സി.പി.എം. പോളിറ്റ് ബ്യൂറോ തീരുമാനിച്ചുവെന്ന് പത്രവാര്‍ത്ത. യെച്ചൂരി, പിണറായി, ഐസക്ക് സഖാക്കളെ, ജി.എസ്.ടി. അറബിക്കടലില്‍ എന്ന് തുടങ്ങൂ.

(കടപ്പാട് – പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply