സഭ വികൃത ലൈംഗികതാ- വിശുദ്ധി സങ്കല്പങ്ങള്‍ വലിച്ചെറിയണം

പൗരോഹിത്യം സ്വന്തം പിടി നിലനിര്‍ത്താന്‍ പഴയ കാലത്തെ വികൃതമായ ലൈംഗികതാ നിഷേധം ശക്തിപ്പെടുത്തുന്നു. അടിച്ചമര്‍ത്തപ്പെടുന്ന ഏതു പ്രാഥമിക ചോദനയും നൂറിരട്ടി ശക്തമാകും. സെക്‌സ് ഒരു ഒബ്‌സഷനായി വളര്‍ന്നു വേട്ടയാടുന്നു.ഓരോ കന്യാസ്തീ മഠങ്ങളിലും ലൈംഗിക ബന്ധങ്ങള്‍ നടക്കുന്നു. ബലാത്സംഗങ്ങള്‍ സാധാരണമാകുന്നു. എതിര്‍പ്പുകള്‍ കൊലകളിലെത്തുന്നു. അവിഹിത ബന്ധങ്ങള്‍പുറത്തു വരുമെന്നു വരുമ്പോള്‍ കൊലകള്‍ നടക്കുന്നു. ശവശരീരങ്ങള്‍ കിണറ്റിലും കയറിലും പ്രത്യക്ഷപ്പെടുന്നു. സഭ സകല സ്വാധീനവും സാമ്പത്തികവും മുടക്കിയും സംഘടിത വോട്ട് ബാങ്ക് കാട്ടിയും കൊലയാളികളെ രക്ഷിക്കുന്നു.

ഈയിടെ വന്ന അഭയക്കേസ് വിധിയും ആ കൊലപാതകക്കേസ് അട്ടിമറിക്കാന്‍ പോലീസിലെയും ജൂഡീഷ്യറിയിലെയും ഉന്നതരെയടക്കം സ്വാധീനിച്ച് കത്തോലിക്കാ സഭ നടത്തിയ ശ്രമവും ക്രിസ്തുമതവും അതിന്റെ ലൈംഗികതാ സങ്കല്പവും സമൂഹത്തിലുണ്ടാക്കുന്ന കടുത്ത അപകടങ്ങളിലേക്ക് കേരള സമൂഹത്തിന്റെ ശ്രദ്ധ തിരിച്ചിട്ടുണ്ട്. അതെക്കുറിച്ച് പ്രസക്തമായ ചില കാര്യങ്ങള്‍ ഉന്നയിക്കാനാണിവിടെ ശ്രമം. ഇതിലേറ്റവും പ്രധാനം മറ്റെല്ലാ മതങ്ങളെക്കാളും സ്ത്രീവിരുദ്ധവും മനുഷ്യ വിരുദ്ധവും പ്രകൃതി വിരുദ്ധവുമായ ഒരു കാഴ്ചപ്പാട് ക്രിസ്തുമതത്തിലുണ്ടെന്നുള്ളതാണ്. ബൈബിളിലെ ഉത്പത്തി പുസ്തകത്തിലൂടെ മുന്നാട്ടുവക്കപ്പെടുന്ന പ്രപഞ്ച വീക്ഷണം സുമേറിയന്‍ പാരമ്പര്യത്തിലെ പ്രപഞ്ച വീക്ഷണമാണെന്ന് ഒട്ടുമിക്ക പണ്ഡിതരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഏദന്‍ തോട്ടത്തില്‍ ദൈവം കുടിയിരുത്തിയ ആദവും ഹവ്വയും പിശാചിന്റെ പ്രേരണയില്‍ ദൈവകല്പനക്കു വിരുദ്ധമായി തന്മതിന്മകളുടെ വൃക്ഷത്തിന്റെ കനി തിന്നതിന്റെ പേരില്‍ ദൈവത്താല്‍ ശപിക്കപ്പെടുകയും ഏന്‍ തോട്ടത്തില്‍ നിന്നു പുറത്താക്കപ്പെടുകയും ചെയ്തു. ആ ശാപത്തില്‍ സ്ത്രീക്ക് പ്രത്യേകശിക്ഷയുണ്ടായിരുന്നു: ‘സ്ത്രീയേ നീ വേദനയോടെ പ്രസവിക്കും, നിന്റെ പുത്രനും പാമ്പും എക്കാലത്തും ശത്രുക്കളായിരിക്കും.’ കരഞ്ഞപേക്ഷിച്ച ആദിമാതാപിതാക്കള്‍ക്ക് മുമ്പില്‍കോപം ശമിച്ച ദൈവം രക്ഷയുടെ മാര്‍ഗം തെളിച്ചു. ‘തന്റെ ആദ്യജാതനെ അയച്ച് അവന്റെ ബലിയിലൂടെ ആദ്യ പാപം പൊറുത്ത് നിങ്ങളെ വീണ്ടെടുക്കും’. അവന്റെ വരവിനായി അബ്രഹാമിനെയും അദ്ദേഹത്തിന്റെ സന്തതിപരമ്പരകളെയും തെരഞ്ഞെടുത്ത് പിന്നീടവരെ ശുദ്ധീകരിക്കുന്നതിന്റെ കയാണ് പിന്നീട് നാം ബൈബിള്‍ പഴയ നിയമത്തില്‍ വായിക്കുന്നത്.

ദൈവം അയച്ച ആ പുത്രനാണ് യേശുവെന്നും മനുഷ്യരക്ഷക്കായാണദ്ദേഹം മറിയത്തിന്റെ ഉദരത്തില്‍ വിശുദ്ധ ഗര്‍ഭമായി ഉരുവായതെന്നും അദ്ദേഹം കുരിശില്‍ സ്വയം ബലിയര്‍പ്പിച്ചു കൊണ്ട് മനുഷ്യരാശിയെ വീണ്ടെടുത്തുവെന്നുമുള്ളത് ക്രിസ്തുമതത്തിന്റെ ആധാരശിലയായ വിശ്വാസ സത്യമാണ്. ക്രിസ്തുവിനു ശേഷം ക്രിസ്തുമതത്തിനൊരു സംഘടനാ സംവിധാനവും വിശ്വാസപരമായ ഐക്യദാര്‍ഡ്യവും നല്കുന്നത് വിശുദ്ധപൗലോസാണ്.അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ പുതിയ നിയമത്തില്‍ നാം വായിക്കുന്നു. അതിന്‍ പ്രകാരം സ്വത്തെല്ലാം വിറ്റ് ക്രിസ്തുവിനെ പ്രതീക്ഷിച്ച് ഉടനെ വരാന്‍ പോകുന്ന അന്ത്യവിധി നാള്‍ കാത്തിരിക്കുന്നവരാണ് ക്രിസ്തീയ സമൂഹങ്ങള്‍. സ്ത്രീ പിശാചിന്റെ പ്രേരണക്ക് വഴങ്ങി പുരുഷനെ ലൈംഗിക കൃത്യത്തിന് പ്രേരിപ്പിക്കുകയും അതിന് വേദനയോടെ പ്രസവിക്കും എന്ന ശിക്ഷയേറ്റു വാങ്ങുകയും ചെയ്ത പാപി എന്ന് ചിത്രീകരിക്കപ്പെട്ട ക്രിസ്തുമതത്തില്‍ പിന്നീട് സ്ത്രീക്ക് ആത്മാവുണ്ടോ എന്നു വരെയുള്ള ദൈവശാസ്ത്ര തര്‍ക്കങ്ങള്‍ നടന്നിട്ടുണ്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

പിന്നീട് പൗലോസിനെ പിന്തുടര്‍ന്ന് സെന്റ് അഗസ്റ്റിന്‍ ആദി പാപം എന്ന സങ്കല്പത്തെ ക്രിസ്തുമതത്തിന്റെ താത്വികാടിസ്ഥാനം തന്നെയാക്കി. റോമിന്റെ രാജമതമായി മാറിയ ക്രിസ്തുമതം പിന്നെ സൂനഹദോസുകള്‍ നടത്തി ഇപ്പോഴത്തെ നാലു സുവിശേഷങ്ങളൊഴികെ മറ്റെല്ലാ സുവിശേഷങ്ങളെയും നിരോധിച്ചു. വിശ്വാസ സത്യങ്ങളെ ക്രോഡീകരിച്ചു. ലോകം ഏറ്റവും വലിയ മതമൗലികവാദ ഭീകരത അലക്‌സാണ്ട് റിയാ ലൈബ്രറിക്ക് തീവക്കലാണെങ്കില്‍ അതും ശാസ്ത്രജ്ഞയായ ഹൈപ്പേഷ്യയെ ചിത്രവധം ചെയ്തതും ഈജിത്തിലെ റോമന്‍ – ക്രിസ്ത്യന്‍ മതമൗലികവാദികളാണ്.

കിഴക്കന്‍ ക്രിസ്തുമതവും പടിഞ്ഞാറന്‍ ക്രിസ്തുമതവും ‘മറിയം ദൈവമാതാവോ ” എന്ന വിഷയത്തില്‍ തെറ്റിപ്പിരിഞ്ഞിരുന്നു. കാടന്‍ പടിഞ്ഞാറന്‍ റോമാ വിഭാഗം ബൈബിളിനു നിരക്കാത്ത അറിവുകളെ ചുട്ടെരിക്കുക,അതിന്റെ പ്രചാരകരെ കൊന്നൊടുക്കുക എന്ന നിലപാടാണെടുത്തത്.എന്നാല്‍ കിഴക്കന്‍ ക്രിസ്തുമതം അവരുടെ സന്യാസിമഠങ്ങളില്‍ ഗ്രീക്കോ- റോമന്‍ വിജ്ഞാന ഗ്രന്ഥങ്ങള്‍ സൂക്ഷിച്ച് വച്ച് പേര്‍ഷ്യന്‍ – അറബ് മധ്യകാല വൈജ്ഞാനിക വിസ്‌ഫോടനത്തിനായി അവര്‍ക്ക് കൈമാറുകയായിരുന്നു.

വടക്കു നിന്നെത്തിയ വിസിഗോത്ത് – ആസ്ത്രഗോത്ത് ഗോത്ര പോരാളികളുടെ ആക്രമണത്തില്‍ റോം തകര്‍ന്നു വീണപ്പോള്‍ ചക്രവര്‍ത്തിയും കൂട്ടരും കോണ്‍സ്റ്റാന്റിനോപ്പിളിലേക്കോടിപ്പോയി. പക്ഷേ അവര്‍ മാര്‍പ്പാപ്പയെ കൊണ്ടു പോയില്ല. പിന്നെ നാം കാണുന്നത് പേഗന്‍ മതത്തിന്റെ ഒട്ടനവധി സവിശേഷതകള്‍ സ്വാംശീകരിച്ച മതമായി പോപ്പിനു കീഴില്‍ കത്തോലിക്കാ സഭ ഉയര്‍ന്നു വരുന്നതായാണ്.ക്രിസ്തീയ രാജാക്കന്മാര്‍ക്കു മേല്‍ തന്റെ അധികാരം സ്ഥാപിക്കാന്‍ പോപ്പ് തയ്യാറാക്കിയ പദ്ധതിയായിരുന്നു കുരിശുയുദ്ധങ്ങള്‍. മധ്യകാല ക്രിസ്തു മതരാഷ്ട്രങ്ങള്‍ യൂറോപ്പില്‍ കാട്ടിക്കൂട്ടിയ ക്രൂരതകള്‍ക്കും സ്ത്രീവിരുദ്ധതകള്‍ക്കും കണക്കില്ല .കന്യാസ്ത്രീ മഠങ്ങള്‍ അക്കാലത്ത് ഏറ്റവും ലൈംഗികാരാജത്വത്തിന്റെയും ശിശുഹത്യകളുടെയും കേന്ദ്രമായി. ലൈംഗികത പാപവും വേദനയോടു കൂടിയ പ്രസവം അതിനുള്ള ശിക്ഷയുമായി കാണുന്ന ഒരു സമൂഹത്തെ ഇന്നു നമുക്കു ഭാവന ചെയ്യാന്‍ കഴിയില്ല. പ്രാചീന ഗോത്ര വിഭാഗങ്ങള്‍ തൊട്ട് ചരിത്ര കാലത്തടക്കമുള്ള ഏറെക്കുറെ എല്ലാ സമൂഹങ്ങളിലും പ്രസവവും ശിശു ജനനവും ഏറ്റവും സന്തോഷവും പ്രതീക്ഷയും ആഹ്‌ളാദവുമാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതിനു പകരം ലൈംഗികത പാപവും പ്രസവം അതിനുള്ള ശിക്ഷയുമായിക്കാണുന്ന ക്രിസ്തുമതം വിശുദ്ധിക്ക് ഏറ്റവും ഊന്നല്‍ നല്കുന്നു. വിശുദ്ധിയെന്നാല്‍ ലൈംഗികതയുടെയും ലൈംഗിക ചിന്തകളുടെയും ലൈംഗിക ഭാവനകളുടെയും അഭാവമാണ്. അവയെല്ലാം വിശുദ്ധിക്കെതിരായ പാപമാണ്. അതായത് പ്രകൃതിയിലെ ഒരു ഉഭയലൈംഗിക ജീവിവര്‍ഗമായ മനുഷ്യന്റെ സൈര്‍ഗിക ചോദനകള്‍ തെറ്റും പാപവുമാണ്. അവയെ അടിച്ചമര്‍ത്തുന്തോറും അവ പതിന്മടങ്ങ് ശക്തിയില്‍ പൊന്തിവരുന്നു.തെറ്റായ വിചാരത്തോടെ ഒരു സ്ത്രീയെ നോക്കുന്നതു പോലും പാപമാകുമ്പോള്‍ ലൈംഗിക ഭാവനകള്‍ കടന്നു വന്നു തുടങ്ങുന്ന കാലം മുതല്‍ ഒരാണ്‍കുട്ടി പാപിയാകുന്നു. പെണ്‍കുട്ടികളും അങ്ങനെ തന്നെ. അവര്‍ പാപമോചനത്തിനായി കുമ്പസാരിച്ചു തുടങ്ങുന്നതോടെ മാനസികമായി പൗരോഹിത്യത്തിന്റെ അടിമയാകുന്നു. ഒരു പാപബോധത്തിന്റെ തീവ്രത കൂടുന്നതനുസരിച്ച് മാനസികാരോഗ്യത്തകര്‍ച്ച കൂടുന്നു.

ഒരു കുഞ്ഞിന്റെ ആരോഗ്യകരമായ വളര്‍ച്ചക്ക് ഏറ്റവുമാവശ്യം അച്ഛനുമമ്മയും ഏറ്റവും സന്തോഷകരമായ ലൈംഗിക ജീവിതമാസ്വദിച്ച് പരസ്പ്പര സ്‌നേഹത്തിലും ആനന്ദത്തിലും കഴിയലാണെന്ന് നമുക്കെല്ലാമറിയാം. പക്ഷേ,ക്രിസ്തീയ ലൈംഗികത വീക്ഷണത്തില്‍ സന്താനോല്പാദനത്തിനായല്ലാതെ ലൈംഗിക ബന്ധം പാടില്ല. പാപമാണ്.സ്ത്രീ ഗര്‍ഭിണിയായാല്‍ പിന്നെ ലൈംഗിക ചിന്തയേ പാടില്ല! പെണ്‍കുട്ടിക്ക് സൗന്ദര്യം നല്കുന്നത് സാത്താനാണെന്നും, ദൈവ പാതയില്‍ ചരിക്കുന്ന ആണുങ്ങളെ വഴിതെറ്റിക്കാനാണതെന്നും പഠിപ്പിച്ച കത്തോലിക്കാ മതം പരിശുദ്ധാത്മാവിന്റെ വരം ലഭിച്ച സന്യസ്തര്‍ക്ക് പിശാച് ബാധിച്ച പെണ്‍കുട്ടികളെ തിരിച്ചറിയാനാവുമെന്നും പറഞ്ഞു. അങ്ങനെ അച്ചന്മാരും കന്യാസ്ത്രീകളും ചൂണ്ടിക്കാണിക്കുന്ന പെണ്‍കുട്ടികളെ പിടികൂടിയാല്‍ അവരെ എങ്ങനെ ശിക്ഷിക്കണമെന്ന കാര്യവും പ്രാര്‍ത്ഥനയില്‍ പരിശുദ്ധാത്മാവ് അവരെ ധരിപ്പിക്കും. അതിനനുസരിച്ച് കാലു വലിച്ചു കീറല്‍, മുല പറിച്ചെടുക്കല്‍ തുടങ്ങിയ ക്രൂര ശിക്ഷകള്‍ നല്കി കൊല്ലും. ഏറ്റവും ഭീകരമായ പീഡനോപകരണങ്ങള്‍ അന്നു മധ്യകാല ക്രിസ്ത്യന്‍ യൂറോപ്പ്കണ്ടു പിടിച്ചു.അതിനെതിരായ നവോത്ഥാനത്തിന്റെ ആശയങ്ങള്‍ ഫ്രഞ്ചു വിപ്‌ളവത്തില്‍ ഒരു പൊട്ടിത്തെറിയിലെത്തി. കിട്ടിയ സകലപുരോഹിതരെയും കന്യാസ്ത്രീകളെയും ജനം ഗില്ലറ്റിന്‍ ചെയ്തു. ഏറ്റവും ക്രൂരമായ പീഡനങ്ങളേല്ലിച്ചു കൊല്ലലിനെതിരെ നൊടിയിടയില്‍ വേദനയറിക്കാതെ കൊല്ലല്‍ – അതായിരുന്നു ഗില്ലറ്റിന്‍. ഫ്രഞ്ചു വിപ്‌ളവമൊക്കെ നടന്നെങ്കിലും കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിലും യൂറോപ്പില്‍ നിലനിന്ന ലൈംഗിക താപാപബോധം എത്ര ശക്തമായിരുന്നുവെന്ന് ബര്‍ട്രന്‍ന്‍ഡ് റസ്സലിന്റെ സദാചാരകൃതിയില്‍ നാം വായിക്കുന്നു,

കേരളീയ ക്രിസ്ത്യാനികളില്‍ പോര്‍ച്ചുഗീസുകാര്‍ക്കു മുമ്പ് ബ്രഹ്മചര്യമുണ്ടായിരുന്നില്ല. നാട്ടുകാര്‍ അന്ന് മെത്രാനാകുമായിരുന്നില്ല. കത്തനാര്‍ മാത്രമാകും.അവര്‍ വിവാഹം കഴിച്ചിരുന്നു. 1599 ലെ ഉദയംപേരൂര്‍ സുനഹദോസില്‍ അത് വിലക്കി. കത്തനാര്‍മാരില്‍ വലിയ സമ്മര്‍ദ്ദം ചെലുത്തി ഭാര്യമാരെയും കുട്ടികളെയും ഉപേക്ഷിപ്പിച്ചു. യൂറോപ്യന്‍ കത്തോലിക്കാ മതബോധം ഇവിടെയുണ്ടായിരുന്നതിലും മികച്ചതായിരുന്നോ? ഒട്ടുമല്ല.

1599 മുതല്‍ കത്തോലിക്കാ മതം അടിച്ചേല്പിച്ച വികൃത ലൈംഗിക സദാചാരം ബ്രിട്ടീഷ് ആധിപത്യത്തോടെ വിക്ടോറിയന്‍ സദാചാരമായി കേരളീയ സമൂഹത്തില്‍ മൊത്തം ആധിപത്യത്തിലെത്തി.അതിന്ന് ലോകത്തിലെ ഏറ്റവും വികൃതമായ ലൈംഗിക സദാചരവും ലൈംഗിക ദാരിദ്ര്യവുമുള്ള വികൃതസമൂഹമാക്കി കേരളീയ സമൂഹത്തെ മാറ്റിയിരിക്കുന്നു. ്ത്രീകള്‍ക്കൊരു സാമൂഹ്യ ജീവിതം തീര്‍ത്തും നിഷേധിച്ചിരിക്കുന്ന സമൂഹം. ആധുനികമായ അറിവുകളും ചിന്തകളും ശാസ്ത്ര പുരോഗതിയും ലൈംഗികതയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ യൂറോപ്പിലും മറ്റു ക്രിസ്ത്യന്‍ രാജ്യങ്ങളിലും പാടെ മാറ്റി.പൗരോഹിത്യത്തെ പാടെ പുറന്തള്ളി അവര്‍ സ്വന്തം വഴിക്കു പോയി. ‘വിവാഹപൂര്‍വ്വ ലൈംഗികത പാടില്ല, വിവാഹമോചനം പാടില്ല ‘ എന്നു പറയുന്നയാള്‍ ഇന്നവിടെ ഏതോ പോയ കാലത്തിന്റെ ഫോസില്‍ മാത്രമാണ്. അവിടെ സ്വന്തം മകനോ മകളോ 13-14 വയസ്സിനകം ഡേറ്റിങ്ങിനു പോകുന്നില്ലെങ്കില്‍ അവരെ മാതാപിതാക്കള്‍ മാനസിക രോഗവിദഗ്ദനെ കാണിക്കുകയാണ്.

ഇവിടെ പൗരോഹിത്യം സ്വന്തം പിടി നിലനിര്‍ത്താന്‍ പഴയ കാലത്തെ വികൃതമായ ലൈംഗികതാ നിഷേധം ശക്തിപ്പെടുത്തുന്നു. അടിച്ചമര്‍ത്തപ്പെടുന്ന ഏതു പ്രാഥമിക ചോദനയും നൂറിരട്ടി ശക്തമാകും. സെക്‌സ് ഒരു ഒബ്‌സഷനായി വളര്‍ന്നു വേട്ടയാടുന്നു.ഓരോ കന്യാസ്തീ മഠങ്ങളിലും ലൈംഗിക ബന്ധങ്ങള്‍ നടക്കുന്നു. ബലാത്സംഗങ്ങള്‍ സാധാരണമാകുന്നു. എതിര്‍പ്പുകള്‍ കൊലകളിലെത്തുന്നു. അവിഹിത ബന്ധങ്ങള്‍പുറത്തു വരുമെന്നു വരുമ്പോള്‍ കൊലകള്‍ നടക്കുന്നു. ശവശരീരങ്ങള്‍ കിണറ്റിലും കയറിലും പ്രത്യക്ഷപ്പെടുന്നു. സഭ സകല സ്വാധീനവും സാമ്പത്തികവും മുടക്കിയും സംഘടിത വോട്ട് ബാങ്ക് കാട്ടിയും കൊലയാളികളെ രക്ഷിക്കുന്നു. അങ്ങനെയൊന്നും സഭാ സ്ഥാപനങ്ങളില്‍ നടക്കില്ല… അച്ചന്മാരോ കന്യാസ്ത്രീകളോ ലൈംഗികമായി ആരെയും ആക്രമിക്കില്ല.പ്രലോഭിപ്പിക്കില്ല. തെറ്റെല്ലാം ഇരകളായ സ്ത്രീകളുടേതു മാത്രം. ഇന്ത്യന്‍ ഭരണഘടന ബാധകമല്ലാത്ത സ്വയംഭരണ റിപ്പബ്ലിക്കുകളായി എത്ര കാലം ക്രൈസ്തവ സഭാ സ്ഥാപനങ്ങളെ നിലനിര്‍ത്താനാവും? മാര്‍ ആലഞ്ചേരിയുടെ ഭൂമി തട്ടിപ്പില്‍ കേസെടുക്കാനാവശ്യപ്പെട്ട കേരള ഹൈക്കോടതി വിധി നടപ്പാക്കാതെ ഡിവിഷന്‍ ബഞ്ചിലൂടെ തിരിച്ചാക്കുകയും പ്രതിഫലമായി ജഡ്ജിക്ക് വിരമിച്ചയുടനെ ഉയര്‍ന്ന പദവി നല്കുകയും ചെയ്തത് അടുത്തിടെയാണ്. ഫ്രാങ്കോ കേസടക്കം സഭയുടെ ദു:സ്വാധീനത്തിനു തെളിവാണ്. അഭയക്കേസ് വിധി അട്ടിമറിക്കാന്‍ കത്തോലിക്കാ സഭ നടത്തിയ ശ്രമങ്ങള്‍ വിവരണാതീതമാണ് .ഇപ്പോള്‍ സഭ മൊത്തത്തില്‍ പ്രതിക്കൂട്ടിലാണ്.

കത്തോലിക്കാ സഭ കേരളത്തില്‍ നിലനിര്‍ത്തുന്ന കന്യാമoങ്ങള്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ്. പഴയ കാല യൂറോപ്പിലെന്ന പോലെ അത് കൊലകളിലേക്കും അനാഥ ശിശുക്കളിലേക്കും നയിക്കുന്നു. ഇനിയെങ്കിലും ലൈംഗികതയും ബ്രഹ്മചര്യവുമടക്കമുള്ള കേരളകത്തോലിക്കാ സഭയുടെ മധ്യകാല ലൈംഗികതാ വിരുദ്ധ – സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്കെതിരെ വലിയൊരു ജനാധിപത്യവല്‍ക്കരണം നടക്കണം.ഇന്ത്യന്‍ ഭരണഘടന സഭാ സ്ഥാപനങ്ങള്‍ക്കകത്തും കടന്നു ചെല്ലണം. ക്രിസ്ത്യന്‍ യൂറോപ്പ് മതപൗരോഹിത്യത്തെ തിരുത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ അവരെ കൈയ്യൊഴിഞ്ഞ് ലൈംഗികതയെ സംബന്ധിച്ച ജനാധിപത്യപരവും ആരോഗ്യകരവുമായ പാതയിലൂടെ മുന്നോട്ടു പോയി. ഇന്നു ഇറ്റലിയിലെ കര്‍ദിനാള്‍മാരില്‍ ഭൂരിപക്ഷത്തിനും പരസ്യകാമുകിമാരുണ്ട്. അവര്‍ സംഘടിച്ച് തങ്ങളുടെ പ്രിയരെ വിവാഹം കഴിക്കാന്‍ തങ്ങളെ അനുവദിക്കണമെന്നു പറഞ്ഞ് മാര്‍പ്പാപ്പക്ക് നിവേദനം നല്കി. അതെല്ലാം മറച്ചു വച്ച് സകല പഴഞ്ചന്‍ യാഥാസ്ഥിതികത്വവും പാവം വിശ്വാസികള്‍ക്കു മേല്‍ എത്ര കാലം സഭ അടിച്ചേല്ലിക്കും? അവിടെ മാംസഭക്ഷണം സ്ഥിരമായ ദൈനം ദിന ഭക്ഷണമായിരിക്കെ ഇവിടെ വെള്ളിയാഴ്ച ഇറച്ചിയും മീനും കഴിക്കുന്നത് നിത്യ നരകം കിട്ടുന്ന ചാവു ദോഷം യൂറോപ്പിലെന്ന പോലെ വിശ്വാസികള്‍ വിട്ടുപോയി ഒറ്റപ്പെടുന്നതു വരെ 15-ാം നൂറ്റാണ്ടിലെ വികൃത ലൈംഗികതാ- വിശുദ്ധി സങ്കല്പങ്ങള്‍ ഇവിടെ പ്രയോഗിച്ച് മനുഷ്യ ജീവിതത്തെ എങ്ങനെ നരകജീവിതമാക്കാം എന്ന തീരുമാനത്തില്‍ നിന്ന് സഭാനേതൃത്വം പിന്മാറണമെന്ന ഭ്യര്‍ത്ഥിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “സഭ വികൃത ലൈംഗികതാ- വിശുദ്ധി സങ്കല്പങ്ങള്‍ വലിച്ചെറിയണം

  1. മഠങ്ങളിലെ കിണറുകൾ തൂർക്കാനമെന്നും പുതിയ കിണറുകൾ കുഴൽ കിണറുകൾ ആയാൽ മതിയെന്നും ലൂസി സിസ്റ്റർ.

Leave a Reply