ജാതിയും വര്‍ഗ്ഗവും : ഒരു പ്രാക്ടീസിംഗ് മാര്‍ക്‌സിസ്റ്റിന്റെ പ്രതികരണം

 സ്വാതന്ത്ര്യസമരകാലത്ത് യൂറോപ്പിലോ അമേരിക്കയിലോ ഉന്നതവിദ്യാഭ്യാസം നേടിയ പല നേതാക്കളേയും സോഷ്യലിസവും കമ്യൂണിസവും പല അളവില്‍ സ്വാധീനിച്ചിട്ടുണ്ട്. നെഹ്‌റു, ലോഹ്യ, ജെ പി, നേതാജി, ടാഗോര്‍ തുടങ്ങിയ പലരും അക്കുട്ടത്തിലുണ്ട്. എന്നാല്‍ അംബേദ്കറെ അവരില്‍ നിന്നു വ്യത്യസ്തനാക്കുന്നത് നമ്മുടെ വര്‍ണ്ണാശ്രമ വ്യവസ്ഥയിലധിഷ്ഠിതമായ സാമൂഹ്യക്രമത്തില്‍ സോഷ്യലിസം എന്തു മാറ്റമാണ് ഉണ്ടാക്കുക എന്നതിനെ സംബന്ധിച്ച തുടര്‍ച്ചയായ അന്വേഷണങ്ങളിലെ സംവാദാത്മകതയാണ് – ജാതിയും വര്‍ഗ്ഗവും : അംബേദ്കറിസ്റ്റ് മാര്‍ക്‌സിസം സാധ്യമാണോ? എന്ന ടി ടി ശ്രീകുമാറിന്റെ ലേഖനത്തോടുള്ള പ്രതികരണം

ജാതിയും വര്‍ഗ്ഗവും : അംബേദ്കറിസ്റ്റ് മാര്‍ക്‌സിസം സാധ്യമാണോ? എന്ന ടി ടി ശ്രീകുമാറിന്റെ ലേഖനം വായിച്ചപ്പോള്‍ അനുഭവപ്പെട്ടത് സ്വന്തം ബോധ്യങ്ങളുടേയും ബോധ്യമില്ലായ്മകളുടേയും കാര്യകാരണ ബന്ധങ്ങളെ കുറിച്ച് മിക്കവാറും ഉദാസീനത പുലര്‍ത്തുന്ന ഒരു വിശകലന രീതിയാണ്. ഒരു വശത്ത് ‘അംബേദ്കറിസ്റ്റ് മാര്‍ക്‌സിസം’ എന്ന ആശയം കൃത്യമായും എന്തിനെയാണ് പ്രതിനിധാനം ചെയ്യുക എന്ന് ഒരു ധാരണയും പങ്കുവെക്കാതിരിക്കുമ്പോഴും മറ്റൊരു തരത്തില്‍ ലേഖനമപ്പാടെ ‘അംബേദ്കറിസ്റ്റ് മാര്‍ക്‌സിസം’ സൈദ്ധാന്തികമായ അര്‍ത്ഥത്തില്‍ എങ്ങനെ വികസിപ്പിക്കാന്‍ കഴിയും എന്നതാണ് ചര്‍ച്ച ചെയ്യുന്നത് എന്ന സന്ദേശം നല്‍കുന്നതായി തോന്നുന്നു.

ഒരു ‘പ്രാക്ടീസിംഗ് മാര്‍ക്‌സിസ്റ്റ്’ എന്ന നിലയില്‍ ഒരാള്‍ ശ്രീകുമാറിന്റെ ലേഖനം വായിക്കുമ്പോള്‍ പെട്ടന്ന് ശ്രദ്ധയില്‍ വരുന്ന ചില കാര്യങ്ങള്‍ ചൂണ്ടികാട്ടട്ടെ. ‘ജാതി നിര്‍മ്മാര്‍ജ്ജനം തൊഴിലാളി വര്‍ഗ്ഗ ഐക്യത്തിന്റെ മുന്‍ ഉപാധിയാണെന്നത് ഒരു ഭവശാസ്ത്ര നിലപാടാണ്. അതിനെ അംഗീകരിച്ചുകൊണ്ടേ അംബേദ്കറിസ്റ്റ് മാര്‍ക്‌സിസം സൈദ്ധാന്തിക അര്‍ത്ഥത്തില്‍ വികസിപ്പിക്കാന്‍ കഴിയൂ’ എന്ന് പ്രസ്താവിച്ചുകൊണ്ടാണ് ലേഖനം അവസാനിക്കുന്നത്. സത്യത്തില്‍ ഇവിടെ ഏതെങ്കിലും തരത്തിലുള്ള സംവാദത്തിന് സാധ്യതയുണ്ടോ? ജാതി നിര്‍മ്മാര്‍ജ്ജനം ആദ്യം നടക്കണമെങ്കില്‍ ഏത് സാമൂഹ്യ ഏജന്‍സിയാണ് അതിന് നേതൃത്വം നല്‍കുക? ഏറ്റവും അടിച്ചമര്‍ത്തപ്പെടുന്ന ജാതീയ വിഭാഗങ്ങള്‍ക്ക് ബ്രാഹ്മണിസത്തിന് എതിായി പ്രയോഗിക്കാന്‍ ഏറെ പ്രയോജനകരമായ ഒരു ആയുധമാണ് അംബേദ്കറിന്റെ ചിന്ത എന്നതില്‍ സംശയമില്ല. പക്ഷെ, ജാതി നിര്‍മ്മൂലനം നടപ്പായാലേ തൊഴിലാളി വര്‍ഗ്ഗ ഐക്യം പോലും യാഥാര്‍ത്ഥ്യമാകൂ എന്ന നിലപാട് വര്‍ഗ്ഗസമരത്തെ അംഗീകരിക്കാനാവില്ല, വര്‍ഗ്ഗങ്ങളെ അംഗീകരിക്കാം എന്ന മാര്‍ക്‌സിസ്റ്റ് വിരുദ്ധ നിലപാടിന്റെ ഉല്‍പ്പന്നമായ ഒരു കൃത്രിമ സിദ്ധാന്തമാണെന്ന് പറയാതെ വയ്യ.

2. ‘ബുദ്ധനോ കാള്‍ മാര്‍ക്‌സോ’ എന്ന ലേഖനത്തില്‍ അംബേദ്കര്‍ വര്‍ഗ്ഗസംഘര്‍ഷത്തിന്റെ യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ വര്‍ഗ്ഗം എന്നതുകൊണ്ട് താന്‍ ഉദ്ദേശിക്കുന്നത് ഒരു സാമ്പത്തിക ഗണത്തെയല്ല എന്ന് ഊന്നിപ്പറയുന്നുവെന്ന് ശ്രീകുമാര്‍ ചൂണ്ടികാട്ടുന്നു. ‘വര്‍ഗ്ഗങ്ങള്‍ എന്ന പരികല്‍പ്പന സ്വീകരിക്കുകയും എന്നാല്‍ വര്‍ഗ്ഗസമരത്തെ ഒരു ചരിത്രപ്രക്രിയ എന്ന നിലയില്‍ സ്വീകരിക്കാതിരിക്കുകയും’ ചെയ്യുമ്പോള്‍ മാര്‍ക്‌സിസവുമായുള്ള സംവാദത്തിന് ഒരു വാതില്‍ അദ്ദേഹം തന്നെ തുറക്കുകയും ചെയ്യുന്നു എന്ന് ലേഖകന്‍ പ്രസ്താവിക്കുന്നു. വര്‍ഗ്ഗസമരം സിന്താദ്ധത്തിലല്ല, പ്രയോഗത്തിലും ഉപേക്ഷിക്കാന്‍ അംബേദ്കര്‍ മാര്‍ക്‌സിസ്റ്റുകളെ ഉപദേശിച്ചുവെങ്കില്‍ അത് അംബേദ്കര്‍ പ്രതിനിധാനം ചെയ്ത ബൂര്‍ഷ്വാ റാഡിക്കല്‍ ജനാധിപത്യഭാവനയുടെ ഫലമാണ്. ഇന്ത്യയെപ്പോലുള്ള ഒരു രജ്യത്ത് സോഷ്യലിസ്റ്റ് വിപ്ലവം നടക്കുന്നതിന് മുമ്പേ ജനകീയ ജനാധിപത്യ വിപ്ലവം നടക്കേണ്ടത് അനിവാര്യമാണെന്ന് മാര്‍ക്‌സിസ്റ്റുകള്‍ കരുതുന്നു. ഫ്യൂഡല്‍ അവശിഷ്ടങ്ങളുടെ സ്വാധീനമാണ് ഇന്ത്യയില്‍ ഇന്നും ശക്തമായി നിലനില്‍ക്കുന്ന ജാതിമേധാവിത്വവും ബ്രാഹ്മണിക്കല്‍ ആധിപത്യവും ഭരണഘടനാപരമായ ജനാധിപത്യ ഭാവനകള്‍ക്കു മേലെയുള്ള മനുവാദത്തിന്റെ ശക്തമായ നിലയും എന്ന് കമ്യൂണിസ്റ്റുകാര്‍ തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെയാണ് ഇന്ത്യയിലെ വിപ്ലവ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ അംബേദ്കറിന്റെ റാഡിക്കല്‍ ജനാധിപത്യത്തേയും ആധുനികതയേയും ഇനിയും പൂര്‍ത്തീകരിക്കാത്ത ജനാധിപത്യവിപ്ലവത്തിന്റെ ഊര്‍ജ്ജ ഉറവിടങ്ങളില്‍ പ്രധാനപ്പെട്ട് ഒന്നായി കരുതുന്നത്. പക്ഷെ അതിന്റെയര്‍ത്ഥം കമ്യൂണിസ്റ്റുകാര്‍ അംബേദ്കറിന്റെ പാത പിന്തുടര്ന്ന് വര്‍ഗ്ഗസമരം സിദ്ധാന്തത്തിലും പ്രയോഗത്തിലും ഉപേക്ഷിക്കുകയും ‘അംബേദ്കറിസ്റ്റ് മാര്‍ക്‌സിസം’ എന്ന പുതിയ ഒരു വ്യാജ സൈദ്ധാന്തിക നിര്‍മ്മിതിയുടെ സ്തുതിപാഠകരാവുകയും ചെയ്യുക എന്നല്ല.

3. caste and class എന്ന ലേഖനത്തില്‍ അംബേദ്കര്‍ വര്‍ണ്ണവ്യവസ്ഥയുടെ തുടര്‍ച്ചയല്ല ജാതിവ്യവസ്ഥ എന്നു സ്ഥാപിക്കുകയും വര്‍ഗ്ഗവല്‍ക്കരണത്തിലൂടെ വര്‍ണ്ണവ്യവസ്ഥ കടന്നുപോയപ്പോളാണ് ജാതിവ്യവസ്ഥ ഉണ്ടായതെന്ന് ചൂണ്ടികാട്ടിയതായും ശ്രീകുമാര്‍ പറയുന്നുണ്ട്. ജാതിയെ വര്‍ഗ്ഗവുമായി ബന്ധിപ്പിക്കുന്ന ഒരു ചരിത്രസമകാല ഭൂമിക അദ്ദേഹം നിര്‍മ്മിക്കുകയാണെന്നും അതിന്റെ സങ്കീര്‍ണ്ണതയെ തമസ്‌കരിക്കുന്ന സമീപനം അംബേദ്കറിനോട് നീതി പുലര്‍ത്തുന്നതാവില്ലെന്നും ലേഖകന്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ബ്രാഹ്മണിസം, മനുവാദം എന്നാലെന്താണെന്നും അവയുടെ ചട്ടക്കൂടുകളുടെ സാകല്യത്തില്‍ ചാതുര്‍വര്‍ണ്ണ്യവും ജാതിയും തമ്മില്‍ എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നത് എന്നും മനസ്സിലാക്കാന്‍ ഒരു വിഷമവും പൊതുവില്‍ അനുഭവപ്പെടുന്നില്ല. വര്‍ണ്ണാശ്രമവ്യവസ്ഥയുടെ തുടര്‍ച്ചയായി ജാതിവ്യവസ്ഥയെ മനസ്സിലാക്കുന്നതിന് അംബേദ്കറിന്റെ ജാതിനിര്‍മ്മൂലനം എന്ന ഒറ്റകൃതിതന്നെ ഏറെ സഹായകരമാണെന്നിരിക്കെ, വര്‍ഗ്ഗവും ജാതിയുമായി ബന്ധപ്പെട്ട് അംബേദ്കര്‍ നടത്തുന്ന സങ്കിര്‍ണ്ണത നിറഞ്ഞ ആഖ്യാനങ്ങള്‍ക്ക് അത്രത്തോളം സമകാലിക പ്രസക്തി ഇന്ന് ഉണ്ടെന്ന് തോന്നുന്നില്ല.

4. വര്‍ഗ്ഗം എന്നത് കേവലം സാമ്പത്തികമായ ഒരു ഗണം ആയിട്ടല്ല മാര്‍ക്‌സിസം മനസ്സിലാക്കുന്നത്. അത് ഉല്‍പ്പാദന വ്യവസ്ഥയുടെ സാകല്യത്തിന്‍ കീഴില്‍ മനുഷ്യരുടെ സാമൂഹ്യാസ്തിത്വം വ്യത്യസ്തമായ രൂപഭാവങ്ങളോടെ നിര്‍ണ്ണയിക്കപ്പെടുന്നതെങ്ങിനെയെന്ന് എല്ലാ സങ്കിര്‍ണ്ണതകളോടെയും തന്നെയാണ് മാര്‍ക്‌സിസം ഉള്‍ക്കൊള്ളുന്നത്.

5. അംബേദ്കറിന്റെ രാഷ്ട്രീയപരിപാടികളില്‍ പലതും മാര്‍ക്‌സിസത്തോട് അനുഭാവം പുലര്‍ത്തുന്നു എങ്കിലും മാര്‍ക്‌സിസത്തിന്റെ പ്രത്യയശാസ്ത്രപരമായ ചട്ടക്കൂടില്‍ ഒരു ‘അംബേദ്കറിസ്റ്റ് മാര്‍ക്‌സിസം’ വളര്‍ത്തി കൊണ്ടുവരണമെന്ന് അംബേദ്കറോ അംബേദ്കറൈറ്റുകളോ അന്നും ഇന്നും കരുതുന്നതായി കാണുന്നില്ല  എന്നു  മാത്രമല്ല, അങ്ങനെയൊന്ന് അഭിലഷണീയമാണെന്ന് അഭിപ്രായവുമില്ല.

6. സ്വാതന്ത്ര്യസമരകാലത്ത് യൂറോപ്പിലോ അമേരിക്കയിലോ ഉന്നതവിദ്യാഭ്യാസം നേടിയ പല നേതാക്കളേയും സോഷ്യലിസവും കമ്യൂണിസവും പല അളവില്‍ സ്വാധീനിച്ചിട്ടുണ്ട്. നെഹ്‌റു, ലോഹ്യ, ജെ പി, നേതാജി, ടാഗോര്‍ തുടങ്ങിയ പലരും അക്കുട്ടത്തിലുണ്ട്. എന്നാല്‍ അംബേദ്കറെ അവരില്‍ നിന്നു വ്യത്യസ്തനാക്കുന്നത് നമ്മുടെ വര്‍ണ്ണാശ്രമ വ്യവസ്ഥയിലധിഷ്ഠിതമായ സാമൂഹ്യക്രമത്തില്‍ സോഷ്യലിസം എന്തു മാറ്റമാണ് ഉണ്ടാക്കുക എന്നതിനെ സംബന്ധിച്ച തുടര്‍ച്ചയായ അന്വേഷണങ്ങളിലെ സംവാദാത്മകതയാണ്. 1936ല്‍ ജാത് – പാത് തോഡക് മണ്ഡലില്‍ മുഖ്യപ്രഭാഷകനായി ക്ഷണിക്കപ്പെട്ട ശേഷം എഴുതികൊടുത്ത പ്രബന്ധം സംഘാടകര്‍ നിരാകരിച്ചതിനെ തുടര്‍ന്ന് ‘ജാതിനിര്‍മ്മൂലനം’ എന്ന പേരില്‍ പുസ്തകമായി ഇറക്കേണ്ടി വന്നപ്പോഴും അംബേദ്കര്‍ ഇന്ത്യയിലെ ഓരോ പുരോഗമനകാംക്ഷികളായ ജാതി ഹിന്ദുവിനോടും ചോദിക്കുന്നത് തീഷ്ണമെങ്കിലും കാലുഷ്യമുക്തമായ ചോദ്യങ്ങളാണ്.

അംബേദ്കര്‍ സോഷ്യലിസ്റ്റുകളോടും സോഷ്യലിസ്റ്റു ചിന്താഗതിക്കാര്‍ തിരിച്ചും സംവാദാത്മകതയും പ്രതീക്ഷയും പുലര്‍ത്തിയതിന് എത്രയോ ഉദാഹരണങ്ങളുണ്ട്. 1939ല്‍ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടര്‍ അംബേദ്കറുമായി നടത്തിയ ഒരഭിമുഖത്തില്‍ ഒരു ചോദ്യം വളച്ചുകെട്ടില്ലാതെ ചോദിക്കുന്നുണ്ട്. താങ്കളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം എന്താണ് എന്ന ചോദ്യത്തിന് അദ്ദേഹം പറയുന്ന മറുപടി സോഷ്യലിസ്റ്റ് എന്നാണ്. പിന്നെന്തുകൊണ്ട് താങ്കള്‍ കോണ്‍ഗ്രസ്സിലില്ല എന്നചോദ്യത്തിനാകട്ടെ തനിക്ക കൂട്ടിലിട്ട പക്ഷിയാകാന്‍ ആഗ്രഹമില്ലെന്നും പറയുന്നു. അംബേദ്കര്‍ 1936ല്‍ സ്ഥാപിച്ച ഇന്‍ഡിപെന്റന്റ് ലേബര്‍ പാര്‍ട്ടി 1937ല്‍ അതിന്റെ കൊടിയടയാളമായി ഇന്ത്യയിലെ 11 പ്രവിശ്യകളെ പ്രതിനിധീകരിക്കുന്ന 11 ചുവന്ന നക്ഷത്രങ്ങള്‍ സ്വീകരിച്ചു. (1939വരെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരു സ്വതന്ത്ര കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നില്ല, കോണ്‍ഗ്രസ്സിനകത്ത് സെല്ലുകളായിട്ടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിച്ചിരുന്നത്) 1938ല്‍ നടന്ന ബോംബെയിലെ വലിയ ട്രേഡ് യൂണിയന്‍ സമരങ്ങളില്‍ സിപിഐയും ഐ എല്‍ പിയും കേഡര്‍ ലെവലില്‍ ഐക്യം പുലര്‍ത്തിയിരുന്നു.

7. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ കുറിച്ച് പറയുകയാണെങ്കില്‍ 1925ല്‍ സ്ഥാപിതമായ സിപിഐക്ക് ആദ്യമായി ഒരു പാര്‍ട്ടി പരിപാടിയുണ്ടാവുന്നത് 1946ല്‍ ആയിരുന്നു എന്നു കാണേണ്ടതുണ്ട്. അതുതന്നെ മിക്കവാറും കോണ്‍ഗ്രസ്സിന്റെ പരിപാടികളുടെ ചുവടുപിടിച്ചുള്ള ഒന്നായിരുന്നു. 1929ല്‍ ഭഗത് സിംഗും മറ്റ് വിപ്ലവകാരികളും സ്ഥാപിച്ച ഹിന്ദുസ്ഥാന്‍ ാേസഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ ആര്‍മിക്ക് ഒരുപാര്‍ട്ടി പരിപാടിയുണ്ടായിരുന്നു എന്നു കാണുമ്പോള്‍ അംബേദ്കറിന് ഇന്ത്യയിലെ കമ്യൂണിസ്റ്റ് നേതൃത്വത്തെ കുറിച്ചുണ്ടായിരുന്ന മതിപ്പ് കേട് തികച്ചും ന്യായവും സ്വാഭാവികവുമായിരുന്നു.

8. 1955ലെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു രേഖയെ കുറിച്ച് ആനന്ദ് തെല്‍തുംബ്ദേ തന്റെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അംബേദ്കറെ കുറിച്ചുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആക്ഷേപങ്ങളില്‍ സംവരണത്തിനു വേണ്ടി വാദിക്കല്‍, തൊഴിലാളികളെ ഭിന്നിപ്പിക്കല്‍, ബ്രിട്ടീഷുകാര്‍ക്കുവേണ്ടി ദൗത്യങ്ങള്‍ നിര്‍വ്വഹിക്കല്‍ എന്നിങ്ങനെ പലതും ഉള്‍പ്പെട്ടിരുന്നതായി ചൂണ്ടികാട്ടുന്നു.

9. ഇന്ന് ഇന്ത്യന്‍ ഫാസിസത്തിന് ശക്തി ലഭിക്കുന്നത് പ്രധാനമായും ബ്രാഹ്മണിക്കല്‍ പ്രത്യയശാസ്ത്രത്തില്‍ നിന്നാണെന്ന് കമ്യൂണിസ്റ്റുകാര്‍ തിരിച്ചറിയുമ്പോള്‍ അവര്‍ നേതൃത്വം നല്‍കാന്‍ ആഗ്രഹിക്കുന്ന ജനകീയ ജനാധിപത്യ വിപ്ലവത്തെ മുന്നോട്ടുനയിക്കുന്നതില്‍ അംബേദ്കര്‍ ചിന്തകളുടെ പ്രസക്തിയും പ്രാധാന്യവും അവഗണിക്കാന്‍ തീര്‍ച്ചയായും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കോ പ്രസ്ഥാനങ്ങള്‍ക്കോ കഴിയില്ല.

also read

ജാതിയും വര്‍ഗ്ഗവും : അംബേദ്കറിസ്റ്റ് മാര്‍ക്‌സിസം സാധ്യമാണോ?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply