ഉന്നതനായ ഒരു കോര്‍പ്പറേറ്റ് രാഷ്ട്രീയ ഇടനിലക്കാരനായിരുന്നു അമര്‍സിംഗ്
ആധുനിക ഡല്‍ഹിയുടെ രൂപകല്‍പന നിര്‍വ്വഹിച്ചത് പ്രശസ്തനായ ബ്രിട്ടീഷ് വാസ്തുശില്പിയായ സര്‍ എഡ്വിന്‍ ലുട്ട്യന്‍സായിരുന്നു. ലൂട്ട്യന്‍സിന്റെ ഡല്‍ഹി യിലെ അധികാര കേന്ദ്രങ്ങളുടെ ഇടനാഴികകള്‍ എക്കാലത്തും രാഷ്ട്രീയ ഇടനിലക്കാരുടേയും അധികാരദല്ലാളന്മാരുടേയും കാര്യം സാധിപ്പുകാരുടേയും നിത്യസാന്നിധ്യം കൊണ്ട് സജീവമായിരുന്നു. പക്ഷേ അമര്‍സിംഗ് എന്ന ഇടനിലക്കാരന്‍ ഒരേ സമയം ഒരു രാഷ്ട്രീയനേതാവിന്റെ കൂടി വേഷമെടുത്തണിഞ്ഞു കൊണ്ട് അതിനെ കൂടുതല്‍ വിശാലമായ മേച്ചില്‍പ്പു റങ്ങളിലേക്ക് ആനയിക്കുകയും രാഷ്ട്രീയത്തെ കോര്‍പ്പറേറ്റുവല്‍ക്കരണത്തിന്റെ തൊഴുത്തില്‍ കൊണ്ടു പോയി കെട്ടുകയാണ് ഉണ്ടായത്.
തൊണ്ണൂറുകളില്‍ രാജ്യത്ത് നടപ്പിലാക്കിയ പുത്തന്‍ സാമ്പത്തിക നയങ്ങളുടെ ഭാഗമായുള്ള ഉദാരവല്‍ക്കരണത്തിന് ശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രാമുഖ്യം നേടിയ, അധികാരവും പണവും കെട്ടുപിണഞ്ഞ രാഷ്ട്രീയ സൗകര്യങ്ങളുടെ പ്രയോക്താവായിരുന്നു അമര്‍ സിംഗ്. രാഷ്ട്രീയക്കാരന്റെ മുഖമണിഞ്ഞ വെറുമൊരു ഇടനിലക്കാരന്‍. രാഷ്ട്രീയ പക്ഷമില്ലാത്ത സൗഹൃദവലയങ്ങളിലൂടെ ദേശീയ രാഷ്ട്രീയത്തെ കഴിഞ്ഞ പതിനാല് വര്‍ഷങ്ങളോളം സ്വാധീനിച്ച അമര്‍സിംഗ് എന്ന അതികായാനായ രാഷ്ട്രീയ ഇടനിലക്കാരന്റെ അന്ത്യമാണ് ഇക്കഴിഞ്ഞ ദിവസം സംഭവിച്ചത്. ആഗോളവല്‍ക്കരണവും സാമ്പത്തിക ഉദാരവല്‍ക്കരണവും ഇന്ത്യന്‍ രാഷ്ട്രീയത്തിനേല്‍പ്പിച്ച കടുത്ത മൂല്യച്യുതിയുടെ ഉത്തമ ദൃഷ്ട്ടാന്തമായിരുന്നു ആ രാഷ്ട്രീയ ഇടനിലക്കാരന്റെ ജീവിതം.
ആധുനിക ഡല്‍ഹിയുടെ രൂപകല്‍പന നിര്‍വ്വഹിച്ചത് പ്രശസ്തനായ ബ്രിട്ടീഷ് വാസ്തുശില്പിയായ സര്‍ എഡ്വിന്‍ ലുട്ട്യന്‍സായിരുന്നു. ലൂട്ട്യന്‍സിന്റെ ഡല്‍ഹി യിലെ അധികാര കേന്ദ്രങ്ങളുടെ ഇടനാഴികകള്‍ എക്കാലത്തും രാഷ്ട്രീയ ഇടനിലക്കാരുടേയും അധികാരദല്ലാളന്മാരുടേയും കാര്യം സാധിപ്പുകാരുടേയും നിത്യസാന്നിധ്യം കൊണ്ട് സജീവമായിരുന്നു. പക്ഷേ അമര്‍സിംഗ് എന്ന ഇടനിലക്കാരന്‍ ഒരേ സമയം ഒരു രാഷ്ട്രീയനേതാവിന്റെ കൂടി വേഷമെടുത്തണിഞ്ഞു കൊണ്ട് അതിനെ കൂടുതല്‍ വിശാലമായ മേച്ചില്‍പ്പു റങ്ങളിലേക്ക് ആനയിക്കുകയും രാഷ്ട്രീയത്തെ കോര്‍പ്പറേറ്റുവല്‍ക്കരണത്തിന്റെ തൊഴുത്തില്‍ കൊണ്ടു പോയി കെട്ടുകയാണ് ഉണ്ടായത്. അതിന്റെ നാള്‍വഴികളിലേക്ക്.
അമ്പതുകളുടെ മധ്യത്തില്‍ കിഴക്കന്‍ യുപി യിലെ അസംഗഡ് സ്വദേശി, കൊല്‍ക്കൊത്തയിലെ ബരാബസാറില്‍ ഇരുമ്പ് സെയ്ഫ് നിര്‍മ്മിച്ചു വ്യാപാരം ചെയ്യുന്ന ഒരു വ്യാപാരിയുടെ മകനായിട്ടാണ് ജനനം. പ്രശസ്തമായ കല്‍ക്കട്ട സെന്റ് സ്റ്റീഫന്‍സ് കോളേജിലായിരുന്നു വിദ്യാഭ്യാസം. വിദ്യാഭ്യാസകാലത്ത് തന്നെ രാഷ്ട്രീയത്തില്‍ താല്‍പര്യം കാണിച്ചു തുടങ്ങിയ അമര്‍സിംഗ് കൊല്‍ക്കൊത്തയില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായിട്ടായിരുന്നു രാഷ്ട്രീയ പ്രവേശനം.തുടര്‍ന്ന് കോണ്‍ഗ്രസിന്റെ കൊല്‍ക്കത്തയിലെ ബരാബസാര്‍ ജില്ലാ കമ്മിറ്റി സെക്രട്ടറിയായി. പിന്നീട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി മാറിയ കോണ്‍ഗ്രസ് നേതാവ് വീര്‍ ബഹാദൂര്‍ സിംഗുമായുള്ള അടുപ്പം ആരംഭിക്കുന്നത് കൊല്‍ക്കത്ത ജീവിതകാലത്താണ്. വീര്‍ ബഹാദൂര്‍ സിംഗ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായപ്പോള്‍ അമര്‍ സിംഗ് ലഖ്നോ കേന്ദ്രീകരിച്ച് ചെറുകിട ബിസിനസുകള്‍ ആരംഭിച്ചു. ഇക്കാലത്ത് മാധവറാവു സിന്ധ്യ ഉള്‍പ്പെടെയുള്ള നേതാക്കളുമായും സൗഹൃദം തുടങ്ങി. ബി.സി.സി.ഐ തിരഞ്ഞടുപ്പില്‍ ജഗ്മോഹന്‍ ഡാല്‍മിയയെ ഒരു വോട്ടിന് മാധവറാവു സിന്ധ്യ പരാജയപ്പെടുത്തിയൃതിന് പിന്നില്‍ അമര്‍സിംഗിന്റെ കരുനീക്കങ്ങളായി രുന്നു. അമര്‍ സിംഗ് എന്ന പില്‍ക്കാല രാഷ്ട്രീയ ചാണക്യന്റെ പരിശീലനക്കാലമായിരുന്നു ഇക്കാലഘട്ടങ്ങള്‍.എന്നാല്‍ വീര്‍ ബഹാദൂര്‍ സിംഗ് രാഷ്ട്രീയത്തില്‍ മങ്ങിത്തുടങ്ങിയപ്പോള്‍ എതിരാളിയായിരുന്ന മുലായം സിംഗ് യാദവിന്റെ കളരിയിലേക്ക് എത്തിപ്പെടാന്‍ അമര്‍ സിംഗ് ഒട്ടും മടിച്ചില്ല എന്നതാണ് പില്‍ക്കാല വിജയങ്ങളുടെ അടിത്തറയൊരുക്കിയത്.
1996 ല്‍ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതോടു കൂടിയാണ് അമര്‍സിംഗ് എന്ന രാഷ്ട്രീയക്കാരന്റെ രംഗപ്രവേശം ഉണ്ടാകുന്നത്. ദേവഗൗഡയോടുള്ള അടുപ്പവും സമാജ് വാദി പാര്‍ട്ടി അദ്ധ്യക്ഷനും രാജ്യരക്ഷാവകുപ്പ് മന്ത്രിയുമായിരുന്ന മുലായംസിംഗുമായിട്ടുള്ള സവിശേഷബന്ധവും ഇന്ദ്രപ്രസ്ഥത്തില്‍ അധികാരത്തിന്റെ ഇടനാഴികളില്‍ അമര്‍സിംഗിന്റെ സ്വാധീനം അരക്കിട്ടുറപ്പിക്കാന്‍ സഹായകരമായി. ഭരണസിരാകേന്ദ്രമായ ഡല്‍ഹിയിലെ സൗത്ത് ബ്ലോക്കില്‍ അമര്‍സിംഗ് ഒരു പരിചിതമുഖമായി മാറി. മന്ത്രി ആയിരുന്നില്ല അയാള്‍. സര്‍ക്കാരില്‍ ഒരുവിധ അധികാര പദവിയും വഹിച്ചിരുന്നില്ല, പക്ഷേ ഓരോ തവണ ക്യാബിനറ്റ് മീറ്റിങ്ങുകള്‍ കഴിയുമ്പോഴും അധികാരത്തിന്റെ സിരാകേന്ദ്രമായ, ചുവപ്പ് നിറമുള്ള കല്ലുകള്‍ കൊണ്ട് പടുത്തുയര്‍ത്തിട്ടുള്ള സൗത്ത് ബ്ലോക്കിലെ സമുച്ചയത്തില്‍ നിന്നും ഇറങ്ങി വരുന്ന അമര്‍സിംഗിനെ പതിവായി കാണാമായിരുന്നു. ഇതിനിടയില്‍ ഭരണത്തെ പിന്തുണയ്ക്കുന്ന ഘടകകക്ഷികളുടെ ഏകോപനസമിതിയായ ഐക്യമുന്നണിയുടെ സ്റ്റിയറിങ് കമ്മിറ്റി അംഗമായും രാജ്യസഭാംഗമായും അയാള്‍ മാറി. കക്ഷി പരിഗണനകള്‍ക്ക് അതീതമായി ഒരു സുഹൃദ് വലയം അയാള്‍ക്കുണ്ടായിരുന്നു. ലൂട്ട്യന്‍സിന്റെ ഡല്‍ഹി രാഷ്ട്രീയ ഇടനാഴികകളിലെ ഇടനിലക്കാര്‍ക്കും അധികാദല്ലാളന്മാര്‍ ക്കും കാര്യം സാധിപ്പുകാര്‍ക്കുമുള്ള വിഹിതം കാത്തുസൂക്ഷിച്ചിരുന്നു. അവരായിരുന്നു പുതിയതായി തെരഞ്ഞെടുക്കപ്പെട്ട് വരുന്ന അംഗങ്ങള്‍ക്ക് കുഴപ്പങ്ങള്‍ നിറഞ്ഞ അധികാരത്തിന്റെ ഇടനാഴികളിലെ വിലപേശല്‍ തന്ത്രങ്ങളെ കുറിച്ചും മാധ്യമങ്ങളുമായി വിജയകരമായി ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിനെ കുറിച്ചും വേണ്ട ഉപദേശങ്ങള്‍ നല്‍കുന്നതും പരിചയസമ്പന്നരായ നേതാക്കള്‍ക്ക് ഇടപാടുകള്‍ നടത്തുന്നതിന് വേണ്ടി ഇടനിലക്കാരായി നിന്ന് ഒത്താശകള്‍ ചെയ്തു കൊടുക്കുന്നതും. പക്ഷേ അമര്‍സിംഗാകട്ടെ കേവലമൊരു രാഷ്ട്രീയ ഇടനിലക്കാരനെന്ന നിലയില്‍ നിന്നെല്ലാം ഉയര്‍ന്ന് രാഷ്ട്രീയത്തെയും അധികാരത്തെയും കോര്‍പ്പറേറ്റുവല്‍ക്കരിക്കുന്നതിന് വേണ്ടിയുള്ള പടവുകളാണ് വെട്ടിത്തെളിച്ചത്.
രാജ്യസഭാംഗം എന്ന നിലയില്‍ നോര്‍ത്ത് അവന്യൂവില്‍ അനുവദിച്ചു കിട്ടിയ ഫ്‌ലാറ്റ്, രാഷ്ട്രീയത്തില്‍ സംഭവിക്കാന്‍ പോകുന്ന നയവ്യതിയാനത്തിന്റെ പ്രതീകമെന്നന്നവണ്ണം അയാള്‍ പുനരുദ്ധാരിച്ചു. പുനരുദ്ധാരണത്തിനുശേഷം ഒരു പഞ്ചനക്ഷത്രഹോട്ടലിലെ ബിസിനസ് സെന്ററിനെ അനുസ്മരിപ്പിക്കും വി ധത്തില്‍ അത് മാറി. അന്നുവരെ പാര്‍ട്ടി ഓഫീസുകളിലെ പൊടിപിടിച്ച് അന്തരീക്ഷം കണ്ടു ശീലിച്ച മാധ്യമപ്രവര്‍ത്തകര്‍ ഇത് കണ്ട് അന്തം വിട്ടു നിന്നു പോയി. മോഹിപ്പിക്കുന്ന ആ അന്തരീക്ഷത്തില്‍ ഇരുന്നു കൊണ്ടായിരുന്നു ഇന്ത്യന്‍ കോര്‍പ്പറേറ്റ് തലവന്മാരുമായി അയാള്‍ വിലപേശല്‍ നടത്തിയത്. അന്നുവരെ മറവില്‍ നിന്നു കൊണ്ടായിരുന്നു അധികാര ദല്ലാളന്മാരും ഇടനിലക്കാരും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതെങ്കില്‍ അമര്‍സിംഗ് അതിനെ എല്ലാ മറകളും നീക്കി പുറത്തേയ്ക്ക് കൊണ്ടു വന്നു. ‘നിങ്ങള്‍ക്ക് അതിനുള്ള കഴിവുകള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ അത് പരമാവധി പ്രദര്‍ശിപ്പിക്കണം’ ഇതായിരുന്നു ഇക്കാര്യത്തില്‍ അയാളുടെ തത്വം. സൗത്ത് ബ്‌ളോക്കിലും ഡല്‍ഹി അശോക ഹോട്ടലിലും അയാള്‍ ഒരുക്കുന്ന, മുംബൈയില്‍ നിന്നുള്ള കോര്‍പ്പറേറ്റ് തലവന്മാരും സിനിമതാരങ്ങളും പങ്കെടുക്കുന്ന വിരുന്നു സല്‍ക്കാരങ്ങളിലും മാധ്യമ പ്രവര്‍ത്തകരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ അയാള്‍ ശ്രദ്ധിച്ചിരുന്നു. അമിതാബച്ചനുമായുള്ള സൗഹൃദം അയാള്‍ക്ക് മുംബയ് സിനിമ ലോകത്തേക്കുള്ള വഴി തുറന്നു കൊടുത്തുവെങ്കില്‍ ബച്ചന്‍ സാമ്പത്തികമായി വലിയ പ്രതിസന്ധികള്‍ നേരിട്ട കാലങ്ങളില്‍ പണം സൗകര്യപ്പെടുത്തി കൊണ്ട് രക്ഷക്കെത്തിയതും അമര്‍സിം ഗായിരുന്നു. പിന്നീട് അവതാളത്തിലായ അവരുടെ സുഹൃദ് ബന്ധം അനുരഞ്ജനത്തിന്റെ പാതയിലെത്തിയത് അമര്‍സിംഗിന്റെ മരണത്തിന് കുറച്ചു മുന്‍പ് മാത്രമായിരുന്നു.
കൊല്‍ക്കൊത്തയില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചതും തുടര്‍ന്ന് കോണ്‍ഗ്രസിന്റെ കൊല്‍ക്കത്തയിലെ ബ രാബസാര്‍ ജില്ലാ കമ്മിറ്റി സെക്രട്ടറിയായി വളര്‍ന്നതും പിന്നീട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി മാറിയ കോണ്‍ഗ്രസ് നേതാവ് വീര്‍ ബഹാദൂര്‍ സിംഗുമായു ള്ള അടുപ്പം ആരംഭിക്കുന്നതുമെല്ലാമുള്ള കൊല്‍ക്കത്ത ജീവിതകാലത്തെ കുറിച്ച് പറഞ്ഞുവല്ലോ. വീര്‍ ബഹാദൂര്‍ സിംഗ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാ യപ്പോള്‍ ലഖ്നോ കേന്ദ്രീകരിച്ച് ചെറുകിട ബിസിനസുകള്‍ ആരംഭിച്ച കാലത്താണ് മാധവറാവു സിന്ധ്യ ഉള്‍പ്പെടെയുള്ള നേതാക്കളുമായും സൗഹൃദം സ്ഥാപിക്കുന്നതും ബി.സി.സി.ഐ തിരഞ്ഞടുപ്പില്‍ ജഗ് മോഹന്‍ ഡാല്‍മിയയെ ഒരു വോട്ടിന് പരാജയപ്പെടുത്തുന്നതിന് കരുനീക്കങ്ങളുമായി മാധവറാവു സിന്ധ്യക്ക് പിന്നില്‍ അണിനിരന്നതുമെല്ലാം ആഗോളവ ല്‍ക്കരണവും സാമ്പത്തിക ഉദാരവല്‍ക്കരണവും ഇന്ത്യന്‍ രാഷ്ട്രീയത്തിനേല്‍പ്പിച്ച കടുത്ത മൂല്യച്യുതിയുടെ ഉത്തമ ദൃഷ്ട്ടാന്തമായി അമര്‍സിംഗ് മാറുന്നതിന് മുന്‍പുള്ള കാലം. മാധവറാവു സിന്ധ്യയുടെ കുടും ബത്തോടുള്ള അയാളുടെ അടുപ്പത്തിന്റെ തെളിവിനായി ‘താന്‍ പതിവായി താമസിക്കുന്നത് മാധവറാവു സിന്ധ്യയുടെ ഗ്വാളിയോര്‍ കൊട്ടാരത്തിലാണെ ന്നും, പലപ്പോഴും മഹാറാണിയോടൊത്ത് റെഡ് വൈനും കവിയറും (സ്രാവിന്റെ മുട്ടകള്‍ കൊണ്ട് തയ്യാറാക്കുന്ന ഒരു വിശിഷ്ട ഭോജ്യം) കഴിക്കാറു ണ്ടെന്നും’വീമ്പിളക്കുമായിരുന്നു. അപരിഷ്‌കൃതമായിരുന്നില്ലെങ്കിലും അതില്‍ ഒരു സാമൂഹ്യ അസഹ്യതയുടെ ലാഞ്ചന നിഴലിച്ചിരുന്നു. കിഴക്കന്‍ യുപി യിലെ അസംഗഡില്‍ വേരുകളുള്ള, കൊല്‍ക്കത്ത ബരാബസാറില്‍ ഇരുമ്പ് സെയ്ഫ് നിര്‍മ്മിച്ചു വ്യാപാരം ചെയ്യുന്ന ഒരു വ്യാപാരിയുടെ മകന് മാനം മുട്ടെയായിരുന്നു അഭിലാഷങ്ങള്‍. പ്രശസ്തി, അധികാരം, സമ്പത്ത് എന്നിവയെ കൂട്ടിയിണക്കി കൊണ്ട് നിഷ്‌ക്കരുണം അത് ഏത് വിധേനയെങ്കിലും നേടുക എന്നത് മാത്രമായിരുന്നു അയാളുടെ ലക്ഷ്യം.
90കളുടെ പകുതിക്ക് ശേഷമാണ് രാജ്യത്ത് ആഗോളവല്‍ക്കരണവും സാമ്പത്തിക ഉദാരവല്‍ക്കരണവും അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ പിടിമുറുക്കി തുടങ്ങുന്നതും ഇന്ത്യന്‍ രാഷ്ട്രീയത്തെ അതിന്റെ സദാചാര മൂല്യങ്ങളുടെ എല്ലാ സീമകളെയും ഉല്ലംഘിച്ചു കൊണ്ട് കടുത്ത മൂല്യച്യുതിയുടെ ഒരു കാലഘട്ടത്തിലേക്ക് ആനയിക്കുന്നതും അതിന്റെ ഉത്തമ ദൃഷ്ട്ടാന്തമായി അമര്‍സിംഗ് മാറുന്നതും. കോര്‍പ്പറേറ്റ് മേഖലയുടെയും ബോളിവുഡിന്റെയും സമൃദ്ധിയും പ്രലോഭനങ്ങളും അമര്‍സിംഗിനെ സമാജ് വാദി പാര്‍ട്ടിയിലേക്ക് വഴി തിരിച്ചു വിട്ടു. അന്നുവരെ ഖാദി ധരിച്ചു, ലോഹ്യയുടെ രാഷ്ട്രീയ ദര്‍ശനങ്ങള്‍ പിന്തുടര്‍ന്ന്, ലളിത ജീവിതം, ഉയര്‍ന്ന ചിന്ത, മിതവ്യയം തുടങ്ങിയ ഗാന്ധിയന്‍ ചിന്തകളുമായി നടന്ന, ഒരു പുരുഷായുസ്സ് മുഴുവന്‍ സോഷ്യലിസ്റ്റ് ആദര്‍ശങ്ങള്‍ക്കും വേണ്ടി സമര്‍പ്പിക്കപ്പെട്ട സമാജ് വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ പലരേയും അമര്‍സിംഗിന്റെ പാര്‍ട്ടി നേതൃത്വത്തിലേക്കുള്ള ആരോഹണവും ദ്രുതഗതിലുള്ള വളര്‍ച്ചയും നീരസമുളവാക്കുകയും അതിന് തടയിടാന്‍ ശ്രമിക്കുകയും ചെയ്തു. പക്ഷെ പാര്‍ട്ടി ഫണ്ടിലേക്ക് എത്തിക്കൊണ്ടിരുന്ന പണത്തിലും ഭോഗസുഖങ്ങളിലും ആകൃഷ്ടനും ആസക്തനുമായി മാസ്മരിക്കപ്പെട്ടു പോയ മുലായം സിംഗ് സമാജ്വാദി പാര്‍ട്ടിയുടെ മുഖമായി പൊതുമധ്യത്തില്‍ തുടരുവാന്‍ അമര്‍സിംഗിനെ അനുവദിച്ചു. അതോടെ മുലായം സിംഗിന്റെ ഏറ്റവും വിശ്വസ്തനെന്ന മുദ്രയില്‍ രാജ്യത്തെ വന്‍കിട വ്യവസായികളോടും കോര്‍പ്പറേറ്റുകളോടും നിരന്തരം ഇടപെട്ടും തോളുരുമ്മിയും അതിസാമര്‍ത്ഥ്യത്തോടെ തന്റെ ദ്വിമുഖഭാഗം അഭിനയിച്ചു തുടങ്ങി. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയെന്ന നിലയില്‍ മുലായം സിംഗ് ലണ്ടന്‍ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തെ അനുഗമിച്ചത് അമര്‍സിംഗായിരുന്നു. മുലായത്തിന്റെ താമസത്തിനായി അനുവദിച്ച സ്യൂട്ട് മുറിയില്‍ അദ്ദേഹ ത്തോടൊപ്പം മുറി പങ്കിടുന്നതില്‍ വരെ ആ ബന്ധം വളര്‍ന്നതായിട്ടാണ് അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിരുന്ന ഔദ്യോഗിക വക്താക്കളില്‍ നിന്നും മനസ്സിലാക്കുവാന്‍ സാധിച്ചത്. സമാജ്വാദി പാര്‍ട്ടിക്കുള്ളിലും സര്‍ക്കാരിലും അത് നല്‍കുന്ന സന്ദേശം വ്യക്തവും ദൃഢവുമായിരുന്നു. സവിശേഷമായ പ്രവര്‍ത്തനശൈലിയായിരുന്നു അമര്‍സിംഗ് പിന്തുടര്‍ന്നത്.ആദ്യമായി സമാജ് വാദി പാര്‍ട്ടിയുടെ സോഷ്യലിസ്റ്റ് ആദര്‍ശത്തില്‍ അധിഷ്ഠിതമായ അടിത്തറയും സ്വഭാവവും പൂര്‍ണമായും തകര്‍ത്തു കളഞ്ഞു എന്ന് മാത്രമല്ല പാര്‍ട്ടി അധ്യക്ഷന്‍ മുലായത്തിന്റെ കുടുംബാംഗങ്ങളെ പരസ്പരം എതിര്‍ പാളയത്തിലാക്കി, പ്രധാന രാഷ്ട്രീയ പ്രതിയോഗികളായ ബി ജെ പി യോട് പോലും ഗൂഢാലോചന നടത്തി കൊണ്ട് പാര്‍ട്ടിയുടെ നിയന്ത്രണം പൂര്‍ണ്ണമായും അയാള്‍ കൈയ്യടക്കി. മുലായം സിംഗിന്റെ മകന്‍ അഖിലേഷ് യാ ദവിനും അര്‍ദ്ധസഹോദരന്‍ പ്രതീക്കും തമ്മില്‍ കടുത്ത ശത്രുത വളര്‍ത്തുന്നതിന് കഠിന ശ്രമം തന്നെ അമര്‍സിംഗ് നടത്തി. ഒടുവില്‍ 2017 ല്‍ തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍ അഖിലേഷ് യാദവിനേയും അമ്മാവന്‍ ശിവപാല്‍ യാദവിനേയും തമ്മില്‍ തെറ്റിച്ചു പാര്‍ട്ടിയില്‍ ഭിന്നിപ്പ് സൃഷ്ടിക്കുന്നതിലെത്തിച്ചു. ആ ഭിന്നിപ്പാണ് ശിവപാല്‍ യാദവിന്റെ നേതൃത്വത്തില്‍ പ്രഗതിശീല്‍ സമാജ്വാദി പാര്‍ട്ടി രൂപീകരണത്തില്‍ പര്യവസാനിച്ചത്. അമര്‍സിംഗിന്റെ ഈ രാഷ്ട്രീയ കുതന്ത്രങ്ങളുടെയും കോര്‍പ്പറേറ്റ് സംസ്‌കാരത്തിന്റേയും ഫലമായി ആദര്‍ശശുദ്ധിയുള്ള സാമ്യവാദ രാഷ്ട്രീയത്തോട് പ്രതിബദ്ധതയുള്ള എത്രയോ അധികം യഥാര്‍ത്ഥ സോഷ്യലിസ്റ്റ് നേതാക്കളാണ് മനം മടുത്ത് യു പിയിലും മറ്റ് പല സംസ്ഥാനങ്ങളില്‍ നിന്നും പാര്‍ട്ടി വിട്ടു പോകുന്നതിനോ സജീവ രാഷ്ട്രീയത്തോട് തന്നെ വിട പറഞ്ഞു നിഷ്‌ക്രിയരാറാകുന്നതിനൊ നിര്‍ബന്ധിതരായിട്ടുള്ളത്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ ഈ കാലഘട്ട ങ്ങളിലൊക്കെ മുലായം സിംഗ് തനിക്ക് മുന്‍പില്‍ മലര്‍ക്കെ തുറക്കപ്പെട്ട പുതിയ മാസ്മരിക ലോകത്തിന്റെ വര്‍ണ്ണപ്രപഞ്ചത്തിന്റെ തിളക്കത്തില്‍ മയ ങ്ങി അതിന്റെ ഭോഗസുഖങ്ങള്‍ക്ക് കീഴടങ്ങി കഴിയുകയായിരുന്നു. 2008 ല്‍ മുലായം സിംഗ് യാദവ് അ േഹത്തിന്റെ ഔദ്യോഗിക വസതിയില്‍ സംഘടിപ്പിച്ച ഒരു ഇഫ്താര്‍ പാര്‍ട്ടിക്കിടയില്‍, മുറ്റത്തെ പുല്‍ത്തകിടിയില്‍ ഒരു മരത്തിന് കീഴില്‍ രാഷ്ട്രീയ ജനതാദള്‍ അധ്യക്ഷന്‍ ലാലു പ്രസാദ് യാദവുമായി വളരെ ഗൗരവതരമായ ഏതോ വിഷയം സംസാരിച്ചു കൊണ്ടുനില്‍ക്കുകയായിരുന്നു. പെട്ടന്ന് മൂന്നാമനായി അമര്‍ സിംഗ് അതിന്റെ ഇടയില്‍ കയറിക്കൂടി. ലല്ലുവിന്റെ വിശ്വസ്തനായ സഹായി, അദ്ദേഹം ഒരു ലോക്‌സഭാംഗം കൂടിയായിരുന്നു, ബഹുമാനപൂര്‍വ്വം അകലം പാലിച്ചു മാറി നില്‍ക്കുകയായിരുന്നു. പ്രധാനപ്പെട്ട രാഷ്ട്രീയ ചര്‍ച്ചകള്‍ ഇടനിലക്കാരുടെ സഹായമില്ലാതെ തുല്യരായുള്ളവര്‍ തമ്മില്‍ നേരിട്ടു നടത്തുന്ന സ്വഭാവക്കാരനായിരുന്നു ലല്ലു പ്രസാദ് യാദവ്. പെട്ടന്ന് ആ ചര്‍ച്ചക്ക് അവിടെ തിരശ്ശീല വീണു.
ഐക്യമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിനു മുന്‍പ് തന്നെ രാഷ്ട്രീയമായ ആഭ്യന്തര പരിസ്ഥിതികള്‍ അമര്‍സിംഗിന് അനുയോജ്യമായിരുന്നു എന്ന് വേണമെങ്കില്‍ പറയാം. പി വി നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്ത് മാധവറാവു സിന്ധ്യയുമായിട്ടുള്ള അടുപ്പം ചൂഷണം ചെയ്തു കൊണ്ടായിരുന്നു അത്. ഐക്യമുന്നണി ഭരണം അവസാനിച്ചതിനു ശേഷം പിന്നീട് അധികാരത്തിലെത്തിയ ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യഗവണ്‍മെന്റിലും അമര്‍സിംഗ് തന്റെ ചാണക്യതന്ത്രത്തിന്റെ വേരുകള്‍ ആഴ്ന്നിറക്കി. ഇത്തവണ അതിന് അയാള്‍ ഉപയോഗിച്ചത് പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയുടെ വളര്‍ത്ത് പുത്രിയു ടെ ഭര്‍ത്താവ് രഞ്ജന്‍ ഭട്ടാചാര്യയെയായിരുന്നു.മന്ത്രിസഭയിലെ ഒരു മുതിര്‍ന്ന അംഗത്തിന്റെ ഒത്താശയോടെയായിരുന്നു അധികാരത്തിന്മേലുള്ള ഈ കൈകടത്തല്‍ എന്നതാണ് അതിന്റെ സവിശേഷത.
ഒന്നാം യൂ പി എ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ അമര്‍സിംഗിന്റെ രാഷ്ട്രീയ കുതന്ത്രങ്ങള്‍ക്കും ഇടനില ഇടപാടുകള്‍ക്കും പൊടുന്നനെ ഒരു അറുതി വന്നു. അതിനുള്ള നീക്കങ്ങള്‍ക്ക് തുടക്കം കുറിച്ചത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ഭാഗത്തു നിന്ന് തന്നെയായിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിനു ശേഷം മുന്നണി രൂപീകരണത്തിനായി സിപിഎം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തുമൊത്ത് അവരുടെ വസതിയിലെത്തിയ അമര്‍സിംഗിനോട് ക്ഷണിക്കപ്പെടാതെ വന്ന അതിഥിയെന്ന നിലയില്‍ ഒരു പരിഗണനയും നല്‍കാതെ അപ്രിയം വ്യക്തമാക്കി കൊണ്ട് അവര്‍ പെരുമാറി. കുറച്ചു നാളുകള്‍ക്ക് ശേഷം ഡല്‍ഹിയിലെ അതിപ്രശസ്തമായ ഒരു സംസ്‌കൃത വിദ്യാലയം അമര്‍സിംഗിന്റെ ഇരട്ടകളായ പെണ്‍മക്കള്‍ക്ക് നല്‍കിയ പ്രവേശനാനുമതി നിഷേധിച്ച വേളയില്‍ അമര്‍സിംഗ് തന്നെയാണ് തനിക്ക് നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ക്ഷുഭിതനായ അമര്‍സിംഗ് അതിന് പ്രതികാരം ചെയ്യുവാന്‍ പ്രതിജ്ഞയെടുത്തെങ്കിലും ഒന്നും നടന്നില്ല. സിവില്‍ സര്‍വ്വീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചത് പ്രകാരം’ഡല്‍ഹി അതിക്രൂരയായൊരു നഗരമാണ്. ‘സഹതാപം ഉണര്‍ത്തുന്നതിന് പകരം, ഈ സംഭവം ഒരു യാഥാര്‍ഥ്യത്തിന് അടിവരയിടുകയായിരുന്നു:
അമര്‍സിംഗിന്റെ സ്വാധീനം നഷ്ട്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു’.യൂ പി എ സര്‍ക്കാരിന്റെ നാളുകളില്‍ ശത്രുതാപരമായ ഒരു അന്തരീക്ഷത്തിലാണ് താന്‍ അകപ്പെട്ടിരിക്കുന്നതെന്ന തോന്നല്‍ അമര്‍സിംഗിന് സ്വയം ഉണ്ടായി തുടങ്ങി. ഉത്തര്‍പ്രദേശില്‍ മുലായംസിംഗിന്റെ കുടുംബം ഭരണകാര്യങ്ങളില്‍ കൂടുതലായി നേരിട്ടിടപെട്ട് തുടങ്ങിയതോട് കൂടി അമര്‍സിംഗിന്റെ ചിറകുകള്‍ അരിഞ്ഞുവീഴ്ത്തപ്പെട്ടു. മുഖ്യമന്ത്രിയുടെ ഇളയ സഹോദരന്‍ ശിവപാല്‍ സിംഗ് യാദവ് ഭരണത്തിന്റെ സമസ്ത മേഖലകളിലും തന്റെ പിടിമുറുക്കി തുടങ്ങി. ഇതിനോടകം കനൗജില്‍ നിന്നുള്ള ലോകസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞ മുഖ്യമന്ത്രിയുടെ മകന്‍ അഖിലേഷ് യാദവ് കൂടുതല്‍ വലിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതിന് വേണ്ട പരിശീലനം നേടുകയായിരുന്നു.
മുലായത്തിന്റെ ബന്ധുവും ഇപ്പോള്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ െ്രപാഫ്. റാം ഗോപാല്‍ സിംഗ് യാദവും തന്റേതായ സ്വാധീന വലയം വിപുലപ്പെടുത്തി കൊണ്ടിരുന്നു. അഖിലേഷ് യാദവും ശിവപാല്‍ യാദവും അമര്‍സിംഗിനോടുള്ള താങ്കളുടെ അമര്‍ഷവും അനിഷ്ടവും മറച്ചുവെച്ചില്ല എന്ന് മാത്രമല്ല പാര്‍ട്ടി വൃത്തങ്ങളില്‍ വളരെ പരസ്യമായി അത് പ്രകടിപ്പിക്കുകയും ചെയ്തു. സൂത്രക്കാരനായ അമര്‍സിംഗ് വളരെ തന്ത്രപൂര്‍വ്വം അമ്മാവനും അനന്തിരവനും തമ്മിലുള്ള ബന്ധം പൊട്ടിച്ചെറിഞ്ഞു എന്ന് മാത്രമല്ല ദേശീയരാഷ്ട്രീയത്തിലേക്ക് പോകുന്ന മുലായത്തിന്റെ അഭാവത്തില്‍ ഒഴിവ് വരുന്ന മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ശിവപാല്‍ സിംഗിന്റെ ആഗ്രഹം തകര്‍ക്കുകയും ചെയ്തു.ഒരു കാലത്ത് തന്റെ ഏറ്റവും കടുത്ത വിശ്വസ്തനായിരുന്ന അനുയായി അമര്‍സിംഗ് ഉത്തര്‍പ്രദേശ് ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ അധ്യക്ഷനായി ചുരുക്കപ്പെടുന്നത് മുലായം സിംഗ് യാദവിന് നിസ്സഹായതയോടെ നോക്കി നില്‍ക്കേണ്ടി വന്നു. ഒരു കാലത്ത് വ്യവസായ ഭീമന്മാരായ അനില്‍ അംബാനി സുബ്രതോ റോയ്, കുമാര്‍ മംഗളം ബിര്‍ള ആദി ഗോദ്റെജ് എന്നിവര്‍ അംഗങ്ങളായും അമിതാഭ് ബച്ചന്‍ ബ്രാന്‍ഡ് അം ബാസഡറായും വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന സര്‍ക്കാര്‍ ഏജന്‍സിയായിരുന്നു ഉത്തര്‍പ്രദേശ് ഡെവ ലപ്‌മെന്റ് കൗണ്‍സില്‍. പാര്‍ട്ടിയുടെ പരമോന്നത വേദിയായ പാര്‍ലമെന്ററി ബോര്‍ഡ് അംഗമായി തുടരുമ്പോഴും പാര്‍ട്ടിയുടെ ദൈനംദിന കാര്യങ്ങളിലോ, തന്റെ ഇഷ്ടക്കാരായ ഉദ്യോഗസ്ഥരെ പ്രധാന പദവികളില്‍ നിയോഗിക്കുന്നതിനോ ഉള്ള യാതൊരു വിധത്തിലുള്ള അധികാരവും അമര്‍സിംഗിന് ഇല്ലായിരുന്നു.
2005 ന്റെ പകുതിയോട് കൂടി, അമര്‍സിംഗ് എന്ന അതികായനായ കോര്‍പ്പറേറ്റ് ഇടനിലക്കാരന്റെ രാഷ്ട്രീയ സ്വാധീനത്തിന് കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ട് എന്ന ധ്വനി ഡല്‍ഹിയില്‍ പരന്നു തുടങ്ങി. ആ സമയത്ത് ഔട്‌ലുക്ക് മാസികയുടെ പ്രതിനിധി അമര്‍സിംഗുമായി ഒരു അഭിമുഖത്തിന് ഏര്‍പ്പാടാക്കി. സാധാരണ നിലയില്‍ തന്റെ വസതിയില്‍ വെച്ചാണ് അമര്‍സിംഗ് അഭിമുഖങ്ങള്‍ അനുവദിക്കുക. പക്ഷെ ഇത്തവണ അതില്‍ നിന്നും വ്യത്യസ്തമായി ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്റെ ലോബിയായിരുന്നു അമര്‍സിംഗ് അഭിമുഖത്തിന്റെ വേദിയായി തെരഞ്ഞെടുത്തത്. വരയന്‍ കുര്‍ത്ത ധരിച്ചു ലോബിയിലേക്ക് പ്രവേശിച്ച അമര്‍സിംഗിനെ ഒപ്പമുണ്ടായിരുന്ന അധി കാരത്തിന്റെ ഭാവവാഹാദികളായ തോക്കേന്തിയ സുരക്ഷാഭടന്മാരായ കരിമ്പൂച്ചകളും അനുഗമിച്ചു. അമര്‍സിംഗ് വന്ന് ഇരുന്ന് ഉടനെ തന്നെ സ്യൂട്ട് ധരിച്ച രണ്ടു ചെറുപ്പക്കാര്‍ വന്നു കാല്‍ തൊട്ടു വന്ദിച്ചു. അമര്‍സിങ് എത്തുന്നതിന് പതിനഞ്ചുനിമിഷം മുമ്പ് അവിടെ എത്തുമ്പോള്‍ മുതല്‍ ആരെയോ പ്രതീക്ഷിച്ചുകൊണ്ട് എന്ന പോലെ അവിടെ നിലയുറപ്പിച്ചിരുന്ന ആ രണ്ട് ചെറുപ്പക്കാരെ അവര്‍ തിരിച്ചറിഞ്ഞു.
ആ അഭിമുഖത്തെ കുറിച്ച് അവര്‍ വിവരിക്കുന്നത് ഇപ്രകാരമാണ്. ‘തന്റെ സ്വാധീനശക്തിക്ക് ഇനിയും കോട്ടമൊന്നും സംഭവിച്ചിട്ടില്ല എന്ന് അയാള്‍ക്ക് എന്നെ വിശ്വസിപ്പിക്കണമെന്നുള്ളത് പോലെ തോന്നി. പക്ഷെ അയാളുടെ വ്യക്തിമുദ്രകളായിരുന്ന ആത്മപ്രശംസയുടേയും പൊങ്ങച്ചത്തിന്റെയും അ ഭിനന്ദങ്ങളുടെയും അഭാവം ഞാന്‍ ശ്രദ്ധിച്ചു. ഇനി മേലാല്‍ താന്‍ വിരുന്ന് സല്‍ക്കാരങ്ങള്‍ സംഘടിപ്പിക്കുകയോ, അവകളില്‍ പങ്കെടുക്കുകയോ ചെയ്യുകയില്ലെന്നും വീട്ടില്‍ വെച്ചുള്ള മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചകള്‍ അവസാനിപ്പിച്ചതായും പറഞ്ഞു. അത് താങ്കള്‍ക്ക് സമാജവാദി പാര്‍ട്ടിയിലെ രണ്ടാമന്‍ എന്ന സ്ഥാനം നഷ്ടപ്പെട്ടത് കൊണ്ടാണോ, ഞാന്‍ അമര്‍സിംഗിനോട് ചോദിച്ചു. അത് കോണ്‍ഗ്രസ്സിന്റെ വെറും ദുഷ്പ്രചരണങ്ങള്‍ മാത്രം. സമാജ് വാദി പാര്‍ട്ടിയില്‍ രണ്ടാമന്‍ മൂന്നാമന്‍ നാലാമന്‍ അഞ്ചാമന്‍ എന്നിങ്ങനെ ഇല്ല. എല്ലാവര്‍ക്കും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുവാനും അവരവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുവാനുമുള്ള അവസരങ്ങള്‍ ലഭ്യമാണ്. മുലായം സിംഗ് യാദവ് ഒരു വലിയ കുടയാണ്. മറ്റുള്ളവരെല്ലാം ആ കുടക്കീഴില്‍ അണിനിരന്നിരിക്കുന്നവരും. എങ്കില്‍ എന്തു കൊണ്ട് അഖിലേഷ് യാദവും ശിവപാല്‍ യാദവും നിങ്ങളെ ഇഷ്ടപ്പെടുന്നില്ല, അനിഷ്ടം കാണിക്കുന്നു, ഞാന്‍ ചോദിച്ചു. അതു സത്യമല്ല, അ വാസ്തവമാണ്, അമര്‍സിംഗ് തുടര്‍ന്നു, അഖിലേഷ് എന്നെ കാണുമ്പോഴൊക്കെ എന്റെ കാല്‍ തൊട്ടു വന്ദിക്കാറുണ്ട്, ശിവപാല്‍ സിംഗ് യാദവില്‍ നിന്നും വലിയ അളവില്‍ എനിക്ക് ബഹുമാനം ലഭിക്കുന്നുമുണ്ട്.
ഇന്ദ്രപ്രസ്ഥത്തിലെ അധികാരത്തിന്റെ ഇടനാഴികളില്‍ അമര്‍സിംഗിന്റെ സ്വാധീനത്തിന്റെ അവരോഹണവും ഭരണത്തിലെക്കുള്ള യുപിഎയുടെ ആരോ ഹണവും ഏറെക്കുറെ ഒരേ കാലത്ത് സംഭവിച്ചവയായിരുന്നു. യൂ പി സംസ്ഥാന രാഷ്ട്രീയത്തിലും കുറച്ചു കൂടി വേഗത്തിലും ക്രമാനുഗതവുമായി മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരുന്നു. 2002 ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി കൂടുതല്‍ സീറ്റുകളില്‍ വിജയിച്ചു ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറിയെങ്കിലും ഭരണത്തിലേറാനുള്ള ഭൂരിപക്ഷം നേടാനായില്ല.ആ അവസരത്തില്‍ ശിവപാല്‍ സിംഗ് യാദവാണ് മുന്നിട്ടിറങ്ങി നിയമസഭാംഗങ്ങളുടെ പിന്തുണ സമാഹരിക്കാനും പാര്‍ട്ടിയെ ഭരണത്തില്‍ എത്തിക്കുവാനും വേണ്ടിയുള്ള സുപ്രധാന പങ്ക് വഹിച്ചത്. കേവലം പണം മാത്രം കൊണ്ട് നേടുവാന്‍ കഴിയുന്ന ഒന്നായിരുന്നില്ല അത്. ഇതോട് കൂടി ശിവപാല്‍ സിംഗ് യാദവ് അധികാര കേന്ദ്രത്തിലെ കേന്ദ്ര ബിന്ദുവായി മാറി. ഭരണപരമായ സുപ്രധാന തീരുമാനങ്ങളിലും നിയമനങ്ങളിലും സ്ഥലംമാറ്റങ്ങളിലും ശിവപാല്‍ സിംഗ് യാദവിന്റെ തീരുമാനങ്ങള്‍ അവസാന വാക്കായി. ആ ദിവസങ്ങളില്‍ ആകെ അസ്വസ്ഥനായിരുന്നു അമര്‍സിംഗ്. ഇക്കാ ര്യത്തെക്കുറിച്ച് മുലയും സിംഗുമായി ഞാന്‍ സംസാരിച്ചോ എന്ന് അമര്‍സിംഗ് എന്നോട് ചോദിച്ചു. പല പ്രാവശ്യം ശ്രമിച്ചു നോക്കിയെങ്കിലും ലഖ്നൗവിലായിരുന്നതിനാല്‍ അദ്ദേഹത്തെ ബന്ധപ്പെടാന്‍ സാധിച്ചില്ല, ഞാന്‍ മറുപടി പറഞ്ഞു. എന്നാല്‍ ഞാന്‍ അദ്ദേ ഹത്തോട് താങ്കളെ വിളിക്കാന്‍ പറയാം. വളരെ കൃത്യമായി, പറഞ്ഞതു പോലെ തന്നെ രാത്രി 11 മണി ക്ക് മുലായംസിംഗിന്റെ നമ്പര്‍ എന്റെ ഫോണില്‍ തെളിഞ്ഞു. അക്ഷമനെങ്കിലും കുലുങ്ങി ചിരിച്ചു കൊണ്ട് അദ്ദേഹം എന്നോട് ചോദിച്ചു ‘നിങ്ങള്‍ എന്തിനാണ് അമര്‍സിംഗിനെ വിടാതെ പിന്തുടര്‍ന്ന് കൊണ്ട് അദ്ദേഹത്തെപ്പറ്റി എഴുതുന്നത്. യുപിഎ ഭരണം സ്വ പ്നങ്ങളും പ്രതീക്ഷകളും നിറഞ്ഞ അമര്‍സിംഗിന്റെ ലോകത്തെയാകെ തകിടം മറിച്ചു.അത് മുലായം സിംഗിനെ ദുര്‍ബ്ബലനാക്കി. കേന്ദ്രഭരണത്തിന്റെ സൃഷ്ട്ടാവായും സംഹാരകനായും മാറി ഇന്ദ്രപ്രസ്ഥത്തിലിരുന്ന് കൊണ്ട് അതിനെ നിയന്ത്രിക്കാനുള്ള മോഹത്തിന്റെ സ്ഥാനത്ത് ശത്രുപക്ഷത്ത് നില്‍ക്കുന്ന ഒരു കേന്ദ്ര സര്‍ക്കാരിനെ നേരിടേണ്ട അവസ്ഥയാണ് സംജാതമായത്. ആ ഒരവസ്ഥയില്‍ അമര്‍സിംഗുമായുള്ള ബന്ധം ഒരുതരത്തിലും സഹായിച്ചതുമില്ല. പാര്‍ട്ടിയിലെ മറ്റ് നേതാക്കളുടെ പ്രാധാന്യവും പങ്കാളിത്തവും വര്‍ധിപ്പിച്ചു നല്‍കിയ മുലായംസിംഗ് യാദവിന് കഴിഞ്ഞ ഒരു ദശകമായി വ്യക്തി സ്വകാര്യ ജീവിത ത്തെ വലിയതോതില്‍ സ്വാധീനിച്ചിരുന്ന അമര്‍സിംഗിനെ ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ കൂടി സാധിക്കുമായിരുന്നില്ല. വ്യക്തമായ ശബ്ദത്തില്‍ ഫോണിന്റെ മറുതലയ്ക്കല്‍ നിന്നും തുടര്‍ന്നു കേട്ടു. അമര്‍സിങ് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത് രാഷ്ട്രീയം നോക്കിയായിരുന്നില്ല അദ്ദേഹം എനിക്ക് ഇളയ സഹോദരനെ പോലെയാണ്, താജ് മഹോത്സവത്തിന് അദ്ദേഹം ക്ലിന്റനെ കൊണ്ടു വന്നു. എങ്കില്‍ എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ അദ്ദേഹത്തോട് അനിഷ്ടം കാണിക്കുന്നു, ഇഷ്ടപ്പെടുന്നില്ല, ഞാന്‍ ചോദിച്ചു. അത് സത്യമല്ല, അദ്ദേഹം മറുപടി പറഞ്ഞു. താങ്കളുടെ പിന്‍ഗാമിയെ കുറിച്ചു ള്ള പദ്ധതികള്‍ എന്തൊക്കെ ഞാന്‍ ചോദിച്ചു, അത് ആലോചിക്കാന്‍ വേണ്ടിയുള്ള പ്രായമായോ എനിക്ക്, 64 കാരനായ മുഖ്യമന്ത്രി തുടര്‍ന്നു, ചെറുപ്പക്കാരനായ ഏതൊരു യുവാവിനെ അപേക്ഷിച്ചും തനിക്ക് ഇപ്പോഴും വളരെ വേഗത്തില്‍ ഓടാന്‍ കഴിയും, കുലുങ്ങി ചിരിച്ചു കൊണ്ട് മുലായം പറഞ്ഞു.
പിന്നീട് എപ്പോഴെങ്കിലും, ക്ഷണനേരത്തേക്കാണെങ്കില്‍ കൂടി അമര്‍സിംഗിന്റെ ജീവിതത്തില്‍ ഭാഗ്യജാതകം ഉദിച്ചത് 2007 ല്‍ ആണവക്കരാര്‍ സംബന്ധിച്ച് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കുന്ന വേളയിലായിരുന്നു. യൂ പി എ ക്ക് വേണ്ടി സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണ അഭ്യര്‍ത്ഥിച്ചു കൊണ്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അമര്‍സിംഗിനെ സമീച്ചു. പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവായ എം കെ നാരായണന്‍ മുലായംസിംഗ് യാദവിനേയും അമര്‍ സിംഗിനെയും ഏതോ രഹസ്യസങ്കേതത്തില്‍ വെച്ചു കാണുകയും, അമേരിക്കയുമായി ഒപ്പ് വെച്ച ആണവക്കരാര്‍ വിഷയത്തില്‍ ഭരണപക്ഷം പാര്‍ലമെന്റില്‍ വോട്ട് നേടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെടുത്തി. മുഖസ്തുതിയിലും പ്രലോഭനങ്ങളിലും മയങ്ങിയ സമാജ്‌വാദി പാര്‍ട്ടിയുടെ നേതാക്കള്‍ അത് വരെ പിന്തുടര്‍ന്നു വന്ന നിലപാടില്‍ നിന്നും വ്യതിചലിച്ചു കൊണ്ട് ആണവക്കരാര്‍ വിഷയത്തില്‍ യുപിഐ ക്ക് അനുകൂലമായി വോട്ട് ചെയ്തു. ആ വര്‍ഷം നടന്ന യുപിഎയുടെ നാലാം വാര്‍ഷീകാഘോഷ ചടങ്ങിലേക്ക് അമര്‍സിംഗ് ക്ഷണിക്കപ്പെട്ടു.അധ്യക്ഷ വേദിയില്‍ പ്രധാനമന്ത്രിയുടെ തൊട്ടടുത്തായി അമര്‍സിംഗിനായി ഒരു ഇരിപ്പിടവും ഒരുക്കി യിരുന്നു. പക്ഷേ അമര്‍സിങ് എത്തിയപ്പോഴേക്കും ആ കസേരയില്‍ മറ്റൊരാള്‍ ഇരിപ്പുറപ്പിച്ചിരുന്നു – മുന്‍ മന്ത്രി കരണ്‍സിംഗ്. പക്ഷേ സദസ്സില്‍ ഇരുന്ന അ മര്‍സിംഗിന്റെ അടുത്തേയ്ക്ക് വേദിയില്‍ നിന്ന് ഇറങ്ങി വന്നു അദ്ദേഹത്തെ സ്വാഗതം ചെയ്തു കൊണ്ട് മന്‍മോഹന്‍ സിംഗ് ആ കുറവ് പരിഹരിച്ചു. അമര്‍ സിംഗിന്റെ തൃപ്തിക്ക് ഇത് ധാരാളമായിരുന്നു. 2018 ജൂലൈയില്‍ എല്ലാവരുടെ മനസ്സിലും സംഭ്രമം ഉളവാക്കിയ ഒരു സംഭവം ഉണ്ടായി. ലക്‌നോവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത ഒരു പരിപാടിയായിരുന്നു അത്. ഒരു പക്ഷേ അമര്‍ സിങ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ പരക്കുവാന്‍ തുടങ്ങി. തൊട്ടു തലേവര്‍ഷം അമര്‍സിംഗിനെ സമാജ്വാദി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന 60,000 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുടെ ഉദ്ഘാടനചടങ്ങായിരുന്നു വേദി. രാജ്യത്തിന്റെ വികസന പദ്ധതികളില്‍ വ്യവസായികളുടെ പങ്കാളിത്തം താന്‍ ഭയക്കുന്നില്ലെന്നും, അണിയറയ്ക്കുള്ളിലിരുന്ന് എല്ലാം ചെയ്യുകയും, എന്നാല്‍ നേരിട്ട് കണ്ടാല്‍ പോലും പരസ്യമായി സംസാരിക്കാത്തവര്‍ക്ക് മാത്രമേ അത്തരം ഭയങ്ങള്‍ ഉണ്ടാവുകയുള്ളു, അമര്‍സിംഗിനെ പോലെയുള്ളവര്‍ക്ക് ഇക്കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാനാകും, വേദിയിലിരുന്ന അമര്‍സിംഗിനെ നോക്കി പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രത്യേക പരാമര്‍ശം അമര്‍സിംഗിനെ തൃപ്തിപ്പെടുത്തിയതായി അവിടെ സന്നിഹിതരായിരുന്നവര്‍ പറഞ്ഞു.
ആഗസ്റ്റ് ഒന്നിന്, ഗുരുതരമായ പല ആരോഗ്യപ്രശ്‌നങ്ങളുടെ ഫലമായി അറുപത്തിനാലാമത്തെ വയസ്സില്‍ സിംഗപ്പൂരില്‍ വച്ച് ഈ ലോകത്തോട് യാത്ര പറയുമ്പോള്‍ അമര്‍സിംഗ് രാജ്യസഭയിലെ സ്വതന്ത്ര അംഗമായിരുന്നു. സമാജ് വാദി പാര്‍ട്ടിയുടെ പിന്തുണയോടു കൂടിയാണ് അമര്‍സിംഗിന് വിജയിക്കാനാ യത്. മുലായംസിംഗിന്റെ മനസ്സില്‍ നിന്നും അമര്‍ സിംഗിന് എപ്പോഴും വളരെ മൃദുലമായ ഒരു പെരുമാറ്റം ലഭിച്ചു കൊണ്ടിരുന്നു. മൂര്‍ച്ചയേറിയ ഒരു നാവിന്റെ ഉടമയായ, സമ്പന്നരുടെയും പ്രശസ്തരുടെയും രഹസ്യങ്ങള്‍ വിളിച്ചു പറയുന്നതില്‍ നിര്‍ഭയനായ അമര്‍സിംഗിന്റെ അന്ത്യത്തോടെ കോര്‍പ്പറേറ്റ് സംസ്‌കാരത്തെയും രാഷ്ട്രീയനേതൃത്വത്തേയും ഇഴപിരിക്കാനാവാത്ത വണ്ണം ഒന്നായി ഇഴുകി ചേര്‍ത്ത ഉന്നതനായ ഒരു കോര്‍പ്പറേറ്റ് രാഷ്ട്രീയ ഇടനിലക്കാരന്റെ കാലഘട്ടത്തിനാണ് തിരശ്ശീല വീഴുന്നത്. ആഗോളവല്‍ക്കരണവും സാമ്പത്തിക ഉദാരവല്‍ക്കരണവും ഇന്ത്യന്‍ രാഷ്ട്രീയത്തിനേല്‍പ്പിച്ച കടുത്ത മൂല്യച്യുതിയുടെ ഒരു ഉത്തമ ദൃഷ്ട്ടാന്തമാണ് കാലയവനികയ്ക്കുള്ളിലേക്ക് മറയുന്നത്.
(സമാജ്വാദി ജനതാപാര്‍ട്ടി കേരള സംസ്ഥാന കമ്മിറ്റി പ്രസിഡന്റാണ് പ്രദീപ് ഗോപാലകൃഷ്ണന്‍)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in