യാഥാര്‍ത്ഥ്യബോധമില്ലാത്ത, കയ്യടിക്കായൊരു ബജറ്റ്

ലൈഫ് പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ഒരു ലക്ഷം വീടുകള്‍ നിര്‍മിച്ച് നല്‍കുമത്രെ. എന്നാല്‍ ഭൂരഹിതരായ ദളിതരുടെ പ്രധാന ആവശ്യം ഭൂമിയാണ്. ഹാരിസണെ പോലുള്ള കുത്തകകള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്കു വിതരണം ചെയ്യുന്നതിനു പകരം ആധുനിക കോളനികള്‍ നിര്‍മ്മിക്കുന്ന പദ്ധതിയാണ് ലൈഫ് എന്ന് വ്യക്തമായിട്ടും അതിനെ വലിയ നേട്ടമായി ഉദ്‌ഘോഷിക്കുന്നതിന്റെ പിന്നിലെ അജണ്ട വ്യക്തമാണ്.

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കും പിന്നാലെ നിയമസഭയിലേക്കും തെരഞ്ഞെടുപ്പു ആസന്നമായ വേളയില്‍ കൈയടി ലഭിക്കാവുന്ന രീതിയിലുള്ള ബഡ്ജറ്റുതന്നെയാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ആ കയ്യടിയൊക്കെ നൈമിഷികമാണ് എന്നതാണ് വസ്തുത. കാരണം പ്രധാനപ്പെട്ട പല പ്രഖ്യാപനങ്ങളും മുന്‍പ്രഖ്യാപനങ്ങളുടെ ആവര്‍ത്തനങ്ങലാണ്. ഒരുപടിപോലും മുന്നോട്ടുപോകാനാവാതെ അവയെല്ലാം വീണ്ടുമാവര്‍ത്തിക്കുകയാണ്. ജലപാതയായാലും കര്‍ഷക പാക്കേജുകളായാലുമൊക്കെ അതുതന്നെയാണവസ്ഥ. മാത്രമല്ല നാലുവര്‍ഷം മുമ്പുഭരിച്ചിരുന്ന യുഡിഎഫ് ഭരണവുമായി താരതമ്യം ചെയ്താണ് ഐസക് എല്ലാം പറയുന്നത്. കക്ഷിരാഷ്ട്രീയത്തിനു പ്രാധാന്യം നല്‍കുന്നവരുടെ വിഷയമല്ലേ അത്? മറ്റുള്ളവര്‍ക്ക് അതിലെന്തു കാര്യം? മാത്രമല്ല, ഓരോ വര്‍ഷം കഴിയുന്തോറും മാറ്റങ്ങള്‍ ഉണ്ടാകാണ്ടതല്ലേ… ഇല്ലെങ്കിലല്ലേ പ്രശ്‌നം?
വയോജനക്കാരുടെ പെന്‍ഷന്‍ നൂറു രൂപ കൂട്ടിയതാണ് ഏറ്റവും വലിയ നേട്ടമായി അവതരിപ്പിക്കുന്നത്. അതായത് 1300 രൂപ. സംസ്ഥാനത്ത് യുജിസി്ക്കാര്‍ക്ക് കിട്ടുന്ന പെന്‍ഷന്‍ ലക്ഷത്തിനടുത്താണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മോശമല്ല. സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രമല്ല, എല്ലാ വൃദ്ധരും നല്ല കാലത്ത് സമൂഹത്തെ സേവിച്ചവരാണ്. ആവശ്യമുള്ള എല്ലാ വൃദ്ധര്‍ക്കും തുല്ല്യപെന്‍ഷന്‍ നല്‍കുന്നതിനെ കുറിച്ച് എന്തേ ഇനിയും ആലോചിക്കാന്‍ നമുക്കാവാത്തത്? 10000ത്തിനടുത്ത തുകയെങ്കിലും. പ്രത്യേകിച്ച് വൃദ്ധരുടെ എണ്ണം അതിവേഗം വര്‍ദ്ധിക്കുന്ന ഒരു പ്രദേശമായി കേരളം മാറിയിരിക്കുന്ന വേളയില്‍?
1000 ഹോട്ടലുകളില്‍ 25 രൂപക്കു ഊണു നല്‍കുമെന്നും ധനമന്ത്രി പറയുന്നു. നല്ലത്.. പല സംസ്ഥാനങ്ങളിലും ഇതിലും കുറഞ്ഞ നിരക്കിനു നേരത്തെ തന്നെ കിട്ടുന്നുണ്ട്. എന്തായാലും ഇതിനെ വിശപ്പുരഹിത കേരളമെന്നു പറയാനാകുമോ? വിശപ്പുരഹിത കേരളത്തിനാവശ്യം കാര്‍ഷിക – വ്യവസായിക – തൊഴില്‍ മേഖലകളിലെ സമഗ്രമായ മാറ്റങ്ങളാണ്. അതില്ല എന്നു മന്ത്രിതന്നെ സമ്മതിക്കുന്നു. പ്രളയത്തിന്റെ പശ്ചാത്തലമുണ്ടെന്നത് ശരിതന്നെ. അപ്പോഴും കാര്‍ഷിക മേഖല തകര്‍ച്ചയിലാണെന്നു മന്ത്രി തന്നെ സമ്മതിക്കുന്നു. തൊഴിലില്ലായ്മ കൂടിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ എല്ലാവര്‍ക്കും വിശപ്പില്ലാതെ ജീവിക്കാനുള്ള വരുമാനം ഉറപ്പു വരുത്തുന്നതിലൂടെയല്ലേ വിശപ്പുരഹിത സംസ്ഥാനം എന്ന ലക്ഷ്യം നേടാനാകൂ. എല്ലാവരും ഹോട്ടലില്‍ പോയി 25 രൂപക്ക് ഭക്ഷണം കഴിക്കുന്നതിലൂടെയാണോ അത് സാധ്യമാകുക? പാവപ്പെട്ടവര്‍ക്ക് ഇപ്പോള്‍ തന്നെ രണ്ടുരൂപക്ക് റേഷനരി കിട്ടുമ്പോള്‍ ഊണിന് 25 രൂപ ചെറിയ തുകയല്ലതാനും…! മാത്രമല്ല എത്രയോ ആരാധനാലയങ്ങളില്‍ സൗജന്യമായിതന്നെ ഭക്ഷണം നല്‍കുന്നു. ഈ വിഷയത്തെ രാഷ്ട്രീയമായല്ല ധനമന്ത്രി സമീപിക്കുന്നതെന്നു വ്യക്തം. പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നല്‍ നല്‍കി 19,130 കോടി രൂപ മാറ്റി വെച്ചിരിക്കുന്നു. എന്നാല്‍ ഈ പണം എവിടെയാണ് ചിലവഴിക്കുക എന്നത് വ്യക്തമല്ല. പ്രാഥമിക വിദ്യാഭ്യാസത്തില്‍ കേരളത്തിന്റെ അവസ്ഥ പണ്ടുമുതലേ ഭേദമാണ്. പ്രശ്‌നം ഉന്നതവിദ്യാഭ്യാസരംഗമാണ്. ്അവിടം ഇപ്പോഴും വളരെ പുറകിലാണ്. നന്നായി പഠിക്കാനാഗ്രഹിക്കുന്നവര്‍ കേരളത്തിനു പുറത്തുപോകേണ്ടേ അവസ്ഥയാണ് ഇപ്പോഴും. അതെ കുറിച്ച് കാര്യമായൊന്നും ബജറ്റില്‍ കാണാനില്ല. ചെറിയൊരു തുകയെ കുറിച്ചു പറയുമ്പോഴും എന്തിനാണത് ചിലവഴിക്കുക എന്നത് വ്യക്തമല്ല. അല്ലെങ്കിലും ശാസ്ത്രസാഹിത്യപരിഷത്തിനെ മാര്‍ഗ്ഗദര്‍ശിയാക്കുന്ന ധനമന്ത്രിയില്‍ നിന്നും വിദ്യാഭ്യാസമന്ത്രിയില്‍ നിന്നും ഉന്നതവിദ്യാഭ്യാസത്തെ കുറിച്ച് ് എന്തു പ്രതീക്ഷിക്കാന്‍?
നാല് മണിക്കൂറുകൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡ് എത്താവുന്ന അതിവേഗ റെയില്‍വേയ്ക്കുള്ള ഭൂമി ഏറ്റെടുക്കല്‍ ഈ വര്‍ഷം തുടങ്ങുമെന്ന് ബജറ്റ് പറയുന്നു. എന്നാല്‍ ഇത്രമാത്രം ജനസാന്ദ്രതയുള്ള, ഭൂമിക്ക് വന്‍വിലയുള്ള, ഭൂമി ഏറ്റെടുക്കുമ്പോള്‍ ഇനിയും കൃത്യമായി നഷ്ടപരിഹാരം കൊടുത്ത ചരിത്രമില്ലാത്ത കേരളത്തില്‍ അതു സാധ്യമാണോ? ഇപ്പോഴത്തെ ട്രാക്കുകളോട് ചേര്‍ന്ന് രണ്ടുവരി പാതകൂടി സ്ഥാപിക്കുന്നതല്ലേ പ്രായോഗികം?
മറ്റൊരു അവകാശവാദം ലൈഫ് പദ്ധതിയെ കുറിച്ചാണ്. പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ഒരു ലക്ഷം വീടുകള്‍ നിര്‍മിച്ച് നല്‍കുമത്രെ. എന്നാല്‍ ഭൂരഹിതരായ ദളിതരുടെ പ്രധാന ആവശ്യം ഭൂമിയാണ്. ഹാരിസണെ പോലുള്ള കുത്തകകള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്കു വിതരണം ചെയ്യുന്നതിനു പകരം ആധുനിക കോളനികള്‍ നിര്‍മ്മിക്കുന്ന പദ്ധതിയാണ് ലൈഫ് എന്ന് വ്യക്തമായിട്ടും അതിനെ വലിയ നേട്ടമായി ഉദ്‌ഘോഷിക്കുന്നതിന്റെ പിന്നിലെ അജണ്ട വ്യക്തമാണ്.
മറ്റൊരു പ്രധാന വിഷയം പ്രവാസികളുടേതാണ്. അവരുടെ ക്ഷേമത്തിന് 90 കോടി രൂപ അനുവദിച്ചതായി പറയുന്നു. എന്നാല്‍ അതിലൊന്നും ഒതുങ്ങുന്നതല്ല കേരളത്തെ ഇങ്ങനെയെങ്കിലും പിടിച്ചുനിര്‍ത്തിയ പ്രവാസികളുടെ പ്രശ്‌നം. കിഫ് ബിയെ കുറിച്ചുള്ള പതിവു വാചകമടികളൊക്കെ കാണാമെങ്കിലും അവര്‍ക്കായി കൃത്യമായ പദ്ധതികെേളാന്നും മുന്നോട്ടുവെക്കാന്‍ ഐസക്കിനായിട്ടില്ല.
എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തില്‍ കര്‍ശന മേല്‍നോട്ടം കൊണ്ടുവരുമെന്ന് പറയുന്ന ഐസക് സര്‍ക്കാര്‍ ശബളം നല്‍കുന്ന ആ മേഖലയില്‍ ഭരണഘടന അനുശാലിക്കുന്ന സംവരണം നടപ്പാക്കുന്നതിനെ കുറിച്ച് മിണ്ടുന്നില്ല. 20000ത്തോളം സംവരണീയര്‍ക്കാണ് ഇതുമൂലം തൊഴില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന യാഥാര്‍ത്ഥ്യത്തിനുനേരെ അദ്ദേഹം കണ്ണടക്കുന്നു.
2 ലക്ഷംവരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഒരു ശതമാനവും 15 ലക്ഷംവരെ വരുന്ന കാറുകള്‍ക്കും മറ്റു സ്വകാര്യ വാഹനങ്ങള്‍ക്കും രണ്ട് ശതനമാനവും നികുതി വര്‍ധനവ് പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്ന ശക്തമായ പ്രഖ്യാപനങ്ങളൊന്നും കാണുന്നില്ല. കെ എസ് ആര്‍ ടി സിയുടെ കെടുകാര്യസ്ഥതക്കുവേണ്ടി ഇനിയും 1000 കോടി നല്‍കുന്നത് മലയാളികളോടുള്ള വെല്ലുവിളിയാണ്. അതുപോലെ പൊതുമരാമത്ത് പ്രവര്‍ത്തികള്‍ക്ക് 1102 കോടി രൂപ വകയിരുത്തുമ്പോള്‍ ആ മേഖലയിലെ വന്‍ അഴിമതികള്‍ക്ക് അറുതി വരുത്താതിരുന്നാല്‍ വെറും വെള്ളത്തില്‍ വരച്ച വരയാകുമെന്ന് ധനമന്ത്രി മറക്കുന്നു. CFL ബള്‍ബുകള്‍ നിരോധിക്കുന്നതും തെരുവ് വിളക്കുകള്‍ പൂര്‍ണ്ണമായും എല്‍ഇഡിയിലേക്കു മാറുമെന്നതും സവാഗതാര്‍ഹമാണ്. ബേക്കല്‍ – കോവളം 579 കിലോമീറ്റര്‍ ജലപാത പൂര്‍ത്തീകരിക്കുമെന്ന പ്രഖ്യാപനമൊക്കെ തമാശയായി കണ്ടാല്‍ മതി. 12,000 പൊതു ശൗചാലയങ്ങള്‍ നിര്‍മിക്കുമെന്ന പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. വലിയ വീടുകളുടെ നികുതി വര്‍ധിപ്പിച്ചതും അതുപോലെ തന്നെ. മാലിന്യ സംസ്‌കരണത്തിന് പഞ്ചായത്തുകള്‍ക്ക് 5 കോടി അനുവദിച്ചിട്ടു കാര്യമില്ല, അതെങ്ങിനെ നടപ്പാക്കാമെന്നതില്‍ എല്ലാവരും ഇരുട്ടില്‍ തപ്പുകയാണ്. ഫലത്തില്‍ ഈ തുക പാഴാകാനാണിട.
തീര്‍ച്ചയായും നടപ്പാക്കപ്പെടുമെങ്കില്‍ ഗുണകരമായ ചില പ്രഖ്യാപനങ്ങളൊക്കെ ബജറ്റിലുണ്ട്. എന്നാല്‍ ആത്യന്തികമായി തെരഞ്#ടെുപ്പിനെ മുന്നില്‍ കണ്ട് ഒറ്റയടിക്കു കയ്യടി നേടാവുന്ന, എന്നാല്‍ കൂടുതല്‍ ചിന്തിച്ചാല്‍ നടപ്പാക്കപ്പെടാത്തതും യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്തതുമായ പദ്ധതികളാണ് ബജറ്റില്‍ കൂടുതലും. അതിനാല്‍ തന്നെ ഇതൊരു മികച്ച ബജറ്റാണെന്നു പറയാന്‍ വയ്യ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply